08/05/2026

താലി ബന്ധനം : ഭാഗം 43

രചന – സെലുനിസു

ഹരിയേട്ടാ…. പിണക്കാ… എന്നും ചോദിച്ച് കൊണ്ടവൾ അവന്റെ പുറത്തേക്ക് തല വെച്ചു….

എനിക്കാരോടും പിണക്കൊന്നും ഇല്ലാ… എന്തിനാ എണീറ്റ് പൊന്നേ.. ഉറങ്ങിക്കൂടായിരുന്നോ….എന്നവൻ. ചുണ്ടിലെ പുഞ്ചിരി ഒളിപ്പിച്ചു  ഗൗരവത്തോടെ പറഞ്ഞു കൊണ്ട് അവളിൽ നിന്ന് വിട്ട് നിന്നു…

ഓ… ജാഡ… എന്നാ ഞാൻ പോവാ…എന്നും പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അവളുടെ കൈ വലിച്ചു കൊണ്ടവനവളെ ചുമരിനോട് ചേർത്ത് നിർത്തി….

ആർക്കാടി ജാഡ…

ഹരിയേട്ടന്…

ദേ…. ഒന്ന് തന്നാലുണ്ടല്ലോ…..

ഞാൻ വാങ്ങിക്കും…

എന്ത് തന്നാലും വാങ്ങിക്കോ.എന്നവൻ ഒരു കള്ള ചിരിയോടെ ചോദിച്ചതും അവൾ നെറ്റി ചുളിച്ചവനെ നോക്കി…

ഹരിമോൻ എന്താ ഉദ്ദേശിക്കുന്നത്….

പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ല..വേണേൽ കാണിച്ചു തരാം എന്നും പറഞ്ഞവൻ അവന്റെ മുഖം അവളിലേക്ക് അടുപ്പിച്ചതും അവൾ കൈ വെച്ചവനെ തടഞ്ഞു…

എനിക്കറിയായിരുന്നു ഇതാവും ഉദ്ദേശം എന്ന്.. അതോണ്ടാ വിളിച്ചപ്പൊ വരാഞ്ഞേ….

അഹ്‌ണോ…. എന്നിട്ട് ഇപ്പൊ എന്തേ വന്നു എന്നവൻ ചോദിച്ചതും അവളൊരു ചിരിയോടെ തല താഴ്ത്തി പിടിച്ചു….

പറ…. അറിഞ്ഞു കൊണ്ട് വന്നത് എന്തിനാണെന്ന്…ഉറങ്ങിക്കൂടായിരുന്നോ

അത്..എന്റെ പ്രാണൻ ഇങ്ങനെ വേദനിച്ചു ഉറക്കവുമില്ലാതെ നിലാവും കൊണ്ടിവിടെ വന്നിരിക്കുമ്പോ എനിക്ക് മനസ്സമാധാനത്തോടെ ഉറങ്ങാൻ പറ്റുവോ….എന്നവളവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞതും കണ്ണിമ വെട്ടാതവനവളെ നോക്കി നിന്നു….

ലച്ചൂ…

മ്മ്…. ഞാനൊന്ന് ഉമ്മ വെച്ചോട്ടെ….

ഓ… ചോദിക്കുന്നത് കേട്ടാ തോന്നും അവളുടെ സമ്മതം ഇല്ലാതെ നീ അവളെ തൊടാറു പോലുമില്ലെന്ന്..എന്നൊരു അശരീരി കേട്ടതും ഹരി ഒന്ന് ഞെട്ടി കൊണ്ട് ലച്ചുവിൽ നിന്ന് വിട്ട് നിന്നു….

നിന്നെ ഇപ്പൊ ആരാടാ അനി തെണ്ടി ഇങ്ങോട്ട് ക്ഷണിച്ചത്….

നീ പമ്മി പമ്മി മുറിയിൽ നിന്ന് ഇറങ്ങുന്നത് കണ്ടപ്പോഴേ തോന്നി ഇവിടെ വന്നു ഉമ്മ വാങ്ങാനാവുമെന്ന്.

ഓ…. കറക്റ്റ് ടൈമിൽ എത്തിക്കോളും കീടാണു….

കീടാണു നിന്റെ അമ്മായി അപ്പൻ…

ആ… അങ്ങേരും നീയൊക്കെ ഒരുപോലെയാ…. നീയൊന്ന് പോയേ….

അങ്ങനെയിപ്പൊ പോണില്ല… ഡാ ഡി..ഇങ്ങ് കയറി വായോ…

ഡാഡിയോ… അതാര്..

ഡാഡിയല്ല.പൊട്ടാ… ഡാ ആൻഡ് ഡീ…ദേ നോക്ക് എന്നും പറഞ്ഞവൻ കണ്ണ് കൊണ്ട് കാണിച്ച ഭാഗത്തേക്ക് നോക്കിയതും നിഷയും കിരണും ഇളിച്ചോണ്ട് വരുന്നത് കണ്ട് ഹരി തലയിൽ കൈ വെച്ചതും ലച്ചു പൊട്ടി ചിരിച്ചു… അത് കണ്ടവൻ പല്ലിറുമ്പി അവളെ നോക്കിയതും പെട്ടന്നവൾ ചിരി നിർത്തി കൊണ്ട് താഴേക്ക് നോക്കി നിന്നു…

നിങ്ങക്കൊന്നും ഉറക്കോം ഇല്ലേ….

ഞങ്ങടെ ഉറ്റവൻ ഇവിടെ ഉമ്മക്ക് വേണ്ടി കേഴുമ്പോ ഞങ്ങൾക്ക് ഉറക്ക് വരുവോടാ ഹരി കുട്ടാ…. എന്നും പറഞ്ഞു കൊണ്ട് കിരൺ അവന്റെ താടിയിൽ പിടിച്ചതും ഹരി അവന്റെ കയ്യിനൊരു തട്ട് കൊടുത്തു….

മതിയെടാ വാരിയത്…. നിങ്ങൾക്ക് സമാധാനമായില്ലേ ഇപ്പൊ…ഞാൻ പോവാ… ഡീ… പോയി ഉറങ്ങിക്കോ… എന്ന് ലച്ചുവിനോട് പറഞ്ഞവൻ പോവാൻ ഒരുങ്ങിയതും അനി അവന്റെ കയ്യിൽ പിടിച്ചു…

പോവല്ലെടാ.. കുറച്ചു നേരം നമുക്കെല്ലാവർക്കും ഇവിടിരിക്കാം.എന്നവൻ പറഞ്ഞതും ഹരി ഒരു ചിരിയോടെ തലയാട്ടി കാണിച്ചു കൊണ്ട് കിരണിനടുത്തേക്ക് ചെന്നിരുന്നു….. കളിയും ചിരിയും തമാശയുമായി അവരവിടിരുന്ന് നേരം വെളുപ്പിച്ചു…..

ഹരിയേട്ടാ….

എന്താടി…

ഞാനിന്ന് കോളേജിൽ പോണില്ല…

അതെന്താടി….

എനിക്ക് വയ്യ…. ഉറക്കം വരുന്നു..

അച്ചോടാ….. വാവക്ക് ഉറക്കം വരുന്നുണ്ടോ…

മ്മ്…

മര്യാദക്ക് പോയി റെഡിയാവെടി. ടൈം പോയി എന്നും പറഞ്ഞവൻ അലറിയതും അവൾ മുഖവും വീർപ്പിച്ചോണ്ട് മുറിയിലേക്ക് കയറി ഡോർ വലിച്ചടച്ചു….

ഭക്ഷണം കഴിപ്പും കഴിഞ്ഞു ആന്റിയോട് യാത്ര പറഞ്ഞവർ മുറ്റത്തേക്കിറങ്ങി…

ഡാ… ഹരി നിങ്ങൾ കയറിക്കോ..വീട്ടിലിറക്കാം…

വേണ്ടെടാ… നിങ്ങൾ പൊക്കോ… ലേറ്റ് ആക്കണ്ടാ. ഞാൻ മനുവിനെ വിളിച്ചിട്ടുണ്ട്. അവനിപ്പൊ എത്തും…

ഓക്കേ… എന്നാ ശരിയെടാ… ഞങ്ങൾ വിട്ടു…എന്നും പറഞ്ഞവർ കാറിലേക്ക് കയറി….

മനുവിന്റെ വണ്ടിയിൽ ലച്ചുവിനെ കോളേജിലിറക്കി. ഹരി നേരെ വീട്ടിലേക്കും പോയി……

ഡീ… ലച്ചു…. ഇന്നലെ ആന്റീടെ വീട്ടിലെ വിശേഷം പറ….

ക്ലാസ്സ്‌ ടൈമിലോ…

നീ അയാളെ മോന്തേലേക്ക് നോക്കി ഇരിക്കാതെ ചുറ്റും ഒന്ന് നോക്കിക്കേ….നീ അല്ലാതെ ആരേലും അയാളെ ക്ലാസ്സ്‌ ശ്രദ്ധിക്കുന്നുണ്ടോന്ന്….

ആരും ശ്രദ്ധിച്ചില്ലേലും എനിക്ക് ശ്രദ്ധിക്കണം. ഞാൻ പഠിക്കാനാ ഇങ്ങോട്ട് വന്നേ…

ഏഹ്… അഹ്‌ണോ…ഞാൻ കരുതി കളിക്കാനാന്ന്… മര്യാദക്ക് പറയെടി എന്നിട്ട് പഠിച്ചാ മതി നീ എന്നും പറഞ്ഞു കൊണ്ട് മിനി ലച്ചുവിന്റെ കയ്യിൽ നിന്ന് പേന വാങ്ങിയതും ലച്ചു മിനിയുടെ കയ്യിൽ നിന്നത് വാങ്ങാൻ നോക്കി…

ദേ… മിനി കളിക്കാതെ താ… എനിക്ക് എഴുതണം…

തരില്ല… നീ കൊണ്ട് പോയി കേസ് കൊടുക്ക്….

എന്റെ കൃഷ്ണാ… ഏത് നേരത്താണോ നിന്റെ കൂടെ ഇന്ന് ലാസ്റ്റ് ബെഞ്ചിൽ ഇരിക്കാൻ തോന്നിയത്….

ഏയ്‌… ലാസ്റ്റ് ബെഞ്ചിലെ ഫസ്റ്റ് ഇരിക്കുന്ന ആ രണ്ട് പുള്ളികളൊന്നു  എണീറ്റേ…. എന്ന് സാർ പറഞ്ഞതും ലച്ചു മിനിയെ ഒന്ന് തുറിച്ചു നോക്കി എഴുന്നേറ്റു നിന്നു….

എന്താ നിങ്ങടെ വിചാരം. ഇത് ക്ലാസ്സ്‌ ആണ്.സംസാരമൊക്കെ പുറത്ത് … ഗെറ്റ് ഔട്ട്‌…

ഔ… രക്ഷപ്പെട്ടു… പെട്ടന്ന് വാടി. നമുക്ക് ക്യാന്റീനിൽ പോയി വല്ലതും കഴിക്കാം.. എനിക്ക് വിശക്കുന്നു.എന്നും പറഞ്ഞു കൊണ്ട് മിനി ലച്ചുവിന്റെ കൈ പിടിച്ചു ക്ലാസ്സിൽ നിന്നിറങ്ങി….

സമാധാനമായില്ലേ നിനക്ക്…

ആയി… എന്തൊരു ബോർ ക്ലാസ്സ്‌… ബാ…. നമുക്ക് ലൈമും പെപ്പ്സും കഴിക്കാം…

എനിക്കെങ്ങും വേണ്ടാ… നീ പോയി കഴിച്ചോ… ഞാൻ ഇവിടെ നിക്കുവാ…ഇവിടെ നിന്നാലും ക്ലാസ്സ്‌ കേൾക്കാം….

ഓ…നീയൊരു പഠിപ്പി…നിനക്ക് വേണ്ടെങ്കി വേണ്ടാ… ഞാൻ പോയിട്ട് വരാം… എന്നും പറഞ്ഞു കൊണ്ട് മിനി അവിടെ നിന്ന് പോയതും ലച്ചു ഒന്നൂടെ ക്ലാസ്സിനരികിലേക്ക് ചേർന്ന് നിന്ന് സാർ പറയുന്നത് കേൾക്കുമ്പോഴാണ് ഒരു കുട്ടി വന്നു ദാസ് സാർ സ്റ്റാഫ്‌ റൂമിലേക്കു വിളിക്കുന്നുണ്ടെന്ന് പറഞ്ഞത്…

മിനിയെ കുറച്ച് നേരം കാത്തിരുന്നെങ്കിലും അവൾ വരാത്തത് കണ്ട് തനിയെ പോവാൻ തീരുമാനിച്ചവൾ സ്റ്റാഫ്‌ റൂം ലക്ഷ്യം വെച്ച് നീങ്ങി….

പകുതി എത്തിയതും വിശ്വയും കൂട്ടരും വരുന്നത് കണ്ടവൾ ഒന്ന് പകച്ചു കൊണ്ട് തന്റെ ഇരുവശത്തേക്കും നോക്കി…

എന്റെ കൃഷ്ണാ… അടുത്തെങ്ങും ആരും ഇല്ലല്ലോ… എന്ന് സ്വയം പറഞ്ഞവൾ എന്ത് ചെയ്യണമെന്നറിയാതെ അവിടെ നിന്ന് വിയർത്തു…..

ആഹാ… ആരാ ഇത്..എന്റെ പെണ്ണിന്ന് തനിച്ചാണല്ലോ…ഡാ… നിങ്ങൾ വിട്ടോ… ഞാൻ വന്നോളാം എന്ന് വിശ്വ പറഞ്ഞതും അവന്റെ ഫ്രണ്ട്‌സ് അവനെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു….

അത് കണ്ട് ലച്ചു പെട്ടന്ന് അവിടെ നിന്ന് പോവാൻ നിന്നതും അവൻ കൈ വെച്ച് തടഞ്ഞു…

മാറി നിക്ക് എനിക്ക് പോണം…

അഹ്… അങ്ങനങ്ങു പോയാലോ… അപൂർവമായിട്ടല്ലേ എന്റെ പെണ്ണിനെ എനിക്കിങ്ങനെ കാണാൻ കിട്ടൂ… ഏട്ടൻ ശരിക്കൊന്നു കാണട്ടെന്നേ….

വിശ്വേട്ടാ പ്ലീസ്… എന്തിനാ എന്നെ ഇങ്ങനെ ശല്യപ്പെടുത്തുന്നേ….

ഏഹ്… എന്താ വിളിച്ചേ… വിശ്വേട്ടൻന്നോ… ശോ എനിക്ക് വയ്യാ.. അതെനിക്കങ്ങു ഇഷ്ട്ടപ്പെട്ടു….. പിന്നെ ശല്ല്യം ചെയ്യുന്നത് അത് നിന്നോടുള്ള ഇഷ്ട്ടം കൊണ്ടല്ലേ…..

എനിക്കാ ഇഷ്ട്ടം വേണ്ടെങ്കിലോ…

എന്താ ലച്ചു…നിനക്ക് എന്നെ വേണ്ടായിരിക്കും. പക്ഷേ എനിക്ക് നിന്നെ വേണം….എന്റെ താലിക്ക് അവകാശിയായിട്ട്…. നേടിയെടുക്കും ഞാൻ….

അത് നിങ്ങടെ വെറുമൊരു മോഹം മാത്രമായിരിക്കും… ലക്ഷ്മി ഹരിക്കുള്ളതാ…അതിന് ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല എന്ന് ലച്ചു പറഞ്ഞതും വിശ്വ പൊട്ടിച്ചിരിച്ചു…

എന്റെ മോഹങ്ങളൊന്നും വെറുതെ ആവാറില്ല ലച്ചൂ…. ആഗ്രഹിച്ചത് നേടിയെടുത്തേ ഈ വിശ്വക്ക് ശീലമുള്ളൂ… അതോണ്ട് ഒന്ന് കരുതിയിരുന്നോ… ഏത് നിമിഷവും നിന്റെ വീട്ടിൽ ഞാനെത്തും നിന്നെ എന്റെതാക്കാൻ… എനിക്ക് കാണണം ഞാൻ നിന്നെ സ്വന്തമാക്കുന്നത് കണ്ടവൻ ചങ്കു പൊട്ടി കരയുന്നത്…

എന്റെ സമ്മതമില്ലാതെ എന്നെ സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയുമോ….

ഇതിനുള്ള ഉത്തരം നിന്റെ പക്കൽ തന്നെ ഇല്ലേ ലച്ചൂ…. നിന്റെ വീട്ടിൽ നിന്റെ വാക്കിന് ആരെങ്കിലും വില നൽകാറുണ്ടോ എന്നവൻ ചോദിച്ചതും അവളൊന്നും ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി……

നിന്റെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി… ഇതൊക്കെ എനിക്ക് എങ്ങെനെ അറിയാമെന്നല്ലേ….കെട്ടാൻ പോവുന്ന പെണ്ണിനേയും വീട്ടുകാരെയും കുറിച്ചു അന്വേഷിക്കുക എന്ന ഒരു ചടങ്ങില്ലേ…. അതങ്ങ് കഴിഞ്ഞു.. എങ്ങനുണ്ട് നിന്റെ വിശ്വേട്ടൻ പൊളിയല്ലേ…..എന്നവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചതും അവൾ പുച്ഛിച്ചു മുഖം തിരിച്ചു..

നീ ഇങ്ങു വന്നേ നമുക്ക് അവിടിരുന്നു നമ്മുടെ ഭാവി കാര്യങ്ങളൊക്കെയൊന്ന് ചർച്ച ചെയ്യാം…..എന്നും പറഞ്ഞു കൊണ്ടവൻ അവളുടെ കൈകളിൽ പിടിച്ചതും അവളത് തട്ടിയെറിഞ്ഞു…..

തൊട്ട് പോവരുതെന്നെ….നിങ്ങളെ പോലുള്ളവർ തൊട്ട് കഴിഞ്ഞാൽ ഏഴു പ്രാവിശ്യമെങ്കിലും കുളിക്കണം…..അറിഞ്ഞിടത്തോളം അത്രക്ക് തെമ്മാടിയാണ് നിങ്ങൾ എന്നവൾ പറഞ്ഞു തീർന്നതും  ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ ചുവന്നു….അവളുടെ കവിളിൽ കുത്തി പിടിച്ചവൻ ചുമരിനോട് ചേർത്ത് നിർത്തി…..

പന്ന മോളെ…. നിനക്കെന്നെ ശരിക്ക് അറിയില്ല… താഴ്ന്നു നിക്കുന്നുണ്ടെന്ന് കരുതി തലയിൽ കയറി നെരങ്ങിയലുണ്ടല്ലോ വെച്ചേക്കില്ല ഞാൻ…ഈ വിശ്വ ജീവിച്ചിരിക്കുന്നിടത്തോളം നീ അവന്റേതാവില്ല….. അതിനുള്ള പണികൾ തൊടങ്ങി കഴിഞ്ഞു ഞാൻ എന്നും പറഞ്ഞവൻ അവളെ വിട്ട് കൊണ്ട് അവിടെ നിന്ന് നടന്നകന്നതും കവിളിൽ കൈ വെച്ചവൾ ഒരു പേടിയോടെ അവൻ പോവുന്നതും നോക്കി നിന്നു…..

ലച്ചൂ…. നിനക്ക് എന്ത് പറ്റിയെടി. കോളേജ് കഴിഞ്ഞ് വന്നപ്പൊ തൊട്ട് തുടങ്ങിയതാണല്ലോ നിന്റെ മൗന വൃതം….എന്താടി കാര്യം….ആ വിശ്വ എന്തേലും പ്രശ്നമുണ്ടാക്കിയോ…

ഏയ്…… ഒന്നൂല്ല ഹരിയേട്ടാ…. എന്തോ ഒരു സുഖം തോന്നുന്നില്ല….ഒരു ക്ഷീണം…. പോലെ….

ഇന്നലെ ഉറങ്ങിയില്ലല്ലോ അതിന്റെയാവും ….ഒന്ന് ഉറങ്ങി എണീക്കുമ്പോഴേക്കും മാറിക്കോളും… കിടന്നോ എന്നും പറഞ്ഞവൻ അവളുടെ കവിളിലൊന്ന് തട്ടി കൊണ്ട് മുറിയിൽ നിന്നിറങ്ങിയതും അവളുടെ കൺകോണിലൂടെ കണ്ണു നീർ ഒലിച്ചിറങ്ങി….

പിറ്റേന്ന് കോളേജ് അവധി ആയിരുന്നതിനാൽ പ്രാതലിനുള്ളത് തയ്യാറാക്കിയവൾ കുളിച്ചു അമ്പലത്തിലേക്കിറങ്ങി…..

എന്റെ ദേവി….. മനസ്സ് വല്ലാതെ വേദനിക്കുന്നു… എന്റെ പ്രണയത്തേ എനിക്ക് തരില്ലേ നീ…ഹരിയേട്ടൻ ഇല്ലാതൊരു ജീവിതം എനിക്ക് ആലോചിക്കാൻ പോലും വയ്യാ…കൈ വിടല്ലേ…നീ മാത്രമാണ് അഭയം…എന്നും പറഞ്ഞവൾ കണ്ണ് തുറന്ന് ദേവിയെ പ്രാർത്ഥിച്ചു കൊണ്ട് പ്രസാദവും വാങ്ങി പുറത്തേക്കിറങ്ങി….

തിടുക്കത്തിൽ വീട്ടിലേക്ക് നടന്നു കൊണ്ടിരിക്കുന്ന അവൾക്ക് മുന്നിലേക്ക് ഒരു കാർ വന്നു നിന്നു…ആരെന്ന മട്ടിൽ അവളൊന്ന് നെറ്റി ചുളിച്ചു കാറിനകത്തേക്ക് നോക്കിയതും ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി വരുന്നവനെ കണ്ടവളൊന്നു ഞെട്ടി….

വിശ്വജിത്ത്…. ഇയാളെന്താ ഇവിടെ….എന്ന് മനസ്സിൽ പറഞ്ഞവൾ കാറിനെ മറി കടന്നു പോവാൻ നോക്കിയതും ഫ്രണ്ട് സീറ്റിൽ നിന്നൊരാൾ ഇറങ്ങി അവളുടെ അടുത്തേക്ക് വന്നു… അവരെ കണ്ടതും അവളുടെ കണ്ണൊന്നു മിഴിഞ്ഞു വന്നു…

ശരീരം മുഴുവൻ കാണുന്ന തരത്തിൽ നേരിയ ഒരു സാരിയും. ആവിശ്യത്തിലധികം സ്വർണാഭരണങ്ങളും അണിഞ്ഞു മുഖത്ത് ചായവും പൂശിയ ഒരു സ്ത്രീ…

അമ്മേ… ഇതാണ് ഞാൻ പറഞ്ഞ ആള്. ലക്ഷ്മി പ്രിയ എന്ന് വിശ്വജിത്ത് പറഞ്ഞതും അവൾ അവനെയൊന്ന് മുഖം ചുള്ക്കി നോക്കി….

ഇതാണോടാ.. നീ ഭംഗിയുള്ള കൊച്ചാണെന്ന് പറഞ്ഞത്… ഇതൊരുമാതിരി പഴഞ്ചൻ… ഇവളെ നീ കെട്ടിയാൽ ഞാൻ എങ്ങനെ പുറത്തിറങ്ങും….മരുമകളാണെന്ന് പറഞ്ഞു നാലാൾക്ക് മുന്നിൽ കാണിക്കാൻ കൊള്ളുവോ ഇവളെ…….എന്നും പറഞ്ഞവർ ലച്ചുവിനെ ഒന്ന് അടിമുടി നോക്കി….

അതോർത്തു അമ്മ ടെൻഷൻ ആവണ്ടാ…കല്ല്യാണം കഴിഞ്ഞാ ഇവളെ നമ്മുടെ ഇഷ്ടത്തിനങ്ങു മാറ്റാന്നേ……..എന്നും പറഞ്ഞവൻ ലച്ചുവിനൊന്ന് സൈറ്റ് അടിച്ചു കാണിച്ചതും അവൾ പുച്ഛിച്ചു മുഖം തിരിച്ച് കൊണ്ട് അവിടെ നിന്നും വേഗത്തിൽ നടന്നകന്നു…

അഹങ്കാരി… വിശ്വ ഈ ബന്ധം നമുക്ക് വേണ്ടാ… ശരിയാവില്ല…

അങ്ങനെ പറയല്ലേ അമ്മേ…ഞാൻ വല്ലാതങ്ങു മോഹിച്ചു പോയി…എനിക്ക് വേണം അവളെ…. അമ്മ ആഗ്രഹിക്കുന്ന പോലെ അവളെ ഞാൻ മാറ്റിയെടുത്തോളാം. എതിര് പറയല്ലേ …തന്നെയുമല്ല ഈ കല്ല്യാണത്തോടെ അമ്മക്ക് കിട്ടാൻ പോവുന്നത്  മരുമകളെ മാത്രമല്ല…ഒരു വേലക്കാരിയെ കൂടെയാ… നമ്മൾ പറയുന്നതിനപ്പുറം ചലിക്ക പോലുമില്ലവൾ…

മ്മ്…. ശരി… അവളുടെ അച്ഛന്റെ ഡീറ്റെയിൽസ് ഉടൻ കിട്ടണമെനിക്ക്. വണ്ടി എടുക്ക്… എന്നും പറഞ്ഞവർ കാറിലേക്ക് കയറിയതും വിശ്വ ഒന്ന് ചിരിച്ചു കൊണ്ട് വണ്ടി മുന്നോട്ട് എടുത്തു……..

തുടരും…