രചന – ജ്വാലാമുഖി
ഓർമ്മകൾ എന്റെ തലയ്ക്കു മേലെ വട്ടമിട്ടു…
“എനിക്ക് എതിർപ്പൊന്നും ഇല്ല കുട്ടാ… കിച്ചൻ എനിക്ക് സ്വന്തം മോൻ തന്നെ ആടോ.. ”
“എങ്കിൽ ജാതകം നോക്കി നല്ലൊരു മുഹൂർത്തം കണ്ടു പിടിച്ചു ഇതങ്ങു നടത്താം.. അല്ലെ.. ”
“ഉം… അതിനു മുന്ന് ആരൊക്കെയാ അങ്ങോട്ടും ഇങ്ങോട്ടും വരാൻ ഉള്ളെ എന്ന് വച്ചാൽ അതങ്ങു ആകാം… ”
“ആയിക്കോട്ടെ… ”
അകത്തേ മുറിയിൽ നിന്ന് ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു…
“ചിമ്മു ഞാൻ ഇറങ്ങട്ടെ… ഇനി നമുക്ക് ഇടയ്ക്കു കാണാം ട്ടോ… ”
അത് പറഞ്ഞു കിച്ചേട്ടൻ എന്നേ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു തിരിഞ്ഞു നടന്നു…
****
രണ്ടു ദിവസം കഴിഞ്ഞു ഞാൻ പൂമുഖത്തു ഇരിക്കുമ്പോൾ കിച്ചേട്ടൻ അങ്ങോട്ട് കയറി വന്നു..
അമ്മു ആണേൽ ക്ലാസ്സിൽ പോയി… അച്ഛൻ മില്ലിലും പോയി… ഞാനും മുത്തശ്ശിയും മാത്രം ഇല്ലത്തു ഉണ്ടായിരുന്നുള്ളു..
“എന്താ കുട്ടി… ഇപ്പൊ ചിമ്മു നെ കാണാതെ പറ്റണില്ലേ നിനക്ക്.. ”
“ഏയ് ഞാൻ ഇതുവരെ പോയപ്പോൾ കേറിയതാ മുത്തശ്ശി… ”
“ഇവിടെ എവിടെ വന്നതാ… ”
“അത്… ”
കിച്ചേട്ടന്റെ പരുങ്ങൽ കണ്ടപ്പോൾ തന്നെ മുത്തശ്ശിക്ക് കാര്യം പിടികിട്ടി…
“ചിമ്മു അവന് എന്തോ പറയാൻ ഉണ്ടെന്നു തോന്നുന്നു.. മോളു ചെല്ല്… ”
“കുടിക്കാൻ എന്തേലും എടുക്കട്ടേ… ”
“വേണ്ട.. താൻ വാ നമുക്ക് ഒന്ന് നടക്കാം.. എനിക്ക് അല്പം സംസാരിക്കാൻ ഉണ്ട്.. ”
ഞാൻ കിച്ചേട്ടനെ കൂട്ടി താഴത്തെ പറമ്പിലേക്ക് നടന്നു… പറമ്പിനോട് ചേർന്നു നീണ്ടു കിടക്കുന്ന വയലിലേക്ക് നോക്കി കലുങ്കിൽ ഇരുന്നു ഞങ്ങൾ..
“എന്താ പറയാൻ ഉണ്ടെന്നു പറഞ്ഞത്… ”
“അത്… എന്താ പറയാ… തന്നെ ഒന്ന് കാണണം എന്ന് തോന്നി… ഒന്ന് കാണാതെ വീർപ്പുമുട്ടുന്ന പോലെ തോന്നി… ”
നാണം കൊണ്ടു പൂത്തു നിന്ന എനിക്ക് മറുപടി ഒന്നും വരുന്നില്ലായിരുന്നു..
“തന്നോടുള്ള ഇഷ്ടം ഉള്ളിൽ കൊണ്ടു നടക്കാൻ തുടങ്ങിട്ടു വർഷം ആറു കഴിഞ്ഞു… ”
ഞാൻ ആ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.. കാന്തം പോലെ എന്തോ എന്നെ വലിച്ചടുപ്പിക്കുന്ന പോലെ തോന്നി എനിക്ക്…
“അന്ന് തനിക്ക് ഓർമ ഉണ്ടോ… തന്റെ ഇല്ലത്തെ കുളത്തിൽ മുങ്ങാം കുഴി ഇട്ടു തന്റെ പാദസരം പൊട്ടിച്ചു ഞാൻ ഓടിയത്… ”
ഞാൻ ഒരു ഞെട്ടലോടെ അതോർത്തു…
അന്ന് കുളപ്പടവിൽ താൻ മുങ്ങി നിവർന്നതും.. ആരോ കാലിൽ പിടിച്ചു വലിച്ചു… കാലിലെ പാദസരം കിടന്ന ഭാഗം ചുവന്നു തുടുത്തു… പെട്ടന്ന് ആ പാദസരം കയ്യിൽ ഇട്ടു കറക്കി കൊണ്ടു കിച്ചേട്ടൻ ഓടുമ്പോൾ കൊല്ലാൻ ഉള്ള കലി ഉണ്ടായിരുന്നു എനിക്ക്…
കിച്ചേട്ടൻ പോക്കറ്റിൽ നിന്നും ഒരു ചെപ്പു എടുത്തു എനിക്ക് തന്നു …
“ഇത് എന്താ എന്നറിയോ എന്റെ ചിമ്മുനു.. ”
“ഇല്ല… ”
“ഇത് എന്റെ പെണ്ണിന്റെ കണങ്കാലിൽ ഇടാനുള്ള സ്വർണ്ണ കൊലുസ്…പഴയ കൊലുസ് എന്റെ കയ്യിൽ അതുപോലെ തന്നെ ഉണ്ട്.. ”
“ഈശ്വര.. എനിക്കൊന്നും വേണ്ട.. അതൊക്കെ വേളി കഴിഞ്ഞു വാങ്ങി തന്നാൽ മതി.. ഇപ്പൊ അച്ഛൻ അറിഞ്ഞാൽ എന്നെ കൊല്ലും.. ”
“ആരും കാണില്ല… താൻ ആ കാലു ഇങ്ങ് പൊക്കിക്കേ… ”
കിച്ചേട്ടൻ എന്റെ കാലെടുത്തു മടിയിൽ വച്ചു ആ പാദസരം എടുത്തു എന്റെ കാലിൽ അണിയിച്ചു… പല്ലു കൊണ്ടു അത് കടിച്ചു മുറുക്കുമ്പോൾ ആ ശ്വാസം എന്റെ കാലിൽ തട്ടുന്നുണ്ടായിരുന്നു…
ഞാൻ വേഗം കാല് വലിച്ചു…
“കിച്ചേട്ടാ… ”
“എന്താടോ… ”
“ഒക്കേം സ്വപ്നം പോലെ തോന്നുവാ… ”
കിച്ചേട്ടൻ എന്റെ കവിളിൽ ഒരു നുള്ളു തന്നു..
“ഹോ.. വേദനീച്ചിട്ടു വയ്യ… ”
“ഇപ്പൊ സ്വപ്നം അല്ല എന്ന് മനസിലായില്ലേ… ”
“ഓ… ”
എന്റെ കൃഷ്ണ ഈ സ്നേഹം എന്നും ഇങ്ങനെ ഉണ്ടാകണേ .. മനമുരുകി ഞാൻ പ്രാർത്ഥിച്ചു…
അന്ന് വൈകുന്നേരം അമ്മു ക്ലാസിൽ നിന്ന് വരുമ്പോളേക്കും പാദസരം ഊരി വക്കാം എന്ന് കരുതി ഇരുന്നപ്പോലേക്കും അമ്മു വന്നു..
ഞാൻ പാവാട നല്ലോണം ഇറക്കി ഉടുത്തു.. അകത്തേക്ക് പോയി അമ്മു നുള്ള ചായ എടുത്തു ടേബിലിൽ വച്ചു…
അപ്പോളേക്കും അമ്മു കുളിച്ചു വന്നു…
“തല നല്ലോണം തോർത്തു അമ്മു… ”
“ഒന്ന് പോടീ ചേച്ചി ഞാൻ കുഞ്ഞാവ ഒന്നും അല്ല.. ”
“എനിക്ക് നീ വാവ തന്ന… ”
“ആഹാ… ഇന്നെന്താ ചേച്ചി നിനക്ക് ഇത്ര സ്നേഹം… ”
“ഹോ.. നിന്നെ ഒന്നും സ്നേഹിക്കാൻ കൊള്ളില്ല.. ”
ഞാൻ അവൾക്കു ഒരു ഇടി കൊടുത്തു അകത്തേക്ക് നടന്നു..
“നിന്റെ കാലിൽ എന്താ… ”
പെട്ടന്ന് സ്വിച്ച് ഇട്ടപോലെ ഞാൻ നിന്നു…
എന്ത് മറുപടി പറയും കൃഷ്ണ…
“അത് കിച്ചേട്ടൻ വാങ്ങി തന്നതാ… ”
“കിച്ചേട്ടൻ ഇവിടെ വന്നിരുന്നോ… ”
“ഉവ്വ്… ”
“എന്തിന്… ”
“ഇതിലെ പോയപ്പോൾ ഇവിടെ കേറിയതാ… ”
“പിന്നെ ഇരുപത് കിലോമീറ്റർ അവിടന്ന് ഇങ്ങോട്ട് വന്നു കാണാൻ കിച്ചേട്ടന് ഇവിടെ ആരും ഇല്ല… ”
ഞാൻ ഒന്നും മിണ്ടാതെ താഴേക്കു നോക്കി നിന്നു..
“നിന്നോടാ ചിമ്മു ചോദിക്കണേ… ”
“കിച്ചേട്ടൻ എന്നെ കാണാൻ വന്നതാ… അതിനു നിനക്കെന്താ … എന്നെ വേളി കഴിക്കാൻ പോണ ആളാ കിച്ചു… ”
“വേളി കഴിഞ്ഞിട്ട് പോരെ എല്ലാം… ഇപ്പോളെ ആൾക്കാരെ കൊണ്ടു പറയിക്കനോ… ”
മറുപടി ഒന്നും എനിക്ക് കിട്ടിയില്ല…
എല്ലാം കേട്ടുകൊണ്ടു അച്ഛൻ കയറി വന്നു…
ഉണ്ടായതെല്ലാം അവൾ അച്ഛനോട് പറഞ്ഞു…
“മോളെ… ചീത്ത പേര് ഉണ്ടാക്കരുത്… കിച്ചു നല്ല കുട്ടി തന്ന… എന്നാലും വേളി കഴിയണ വരെ എന്റെ കുട്ടി ശ്രദ്ധിക്കണം… നിന്നെ താഴെയും ഒരു പെണ്ണാ… ”
“ഉം.. എന്തായാലും പാദസരം എനിക്ക് തന്നേക്ക്.. നീ ഇവിടെ വീട്ടിൽ ഇരിക്കുവല്ലേ.. അത് ഞാൻ ഇട്ടോളാം.. ”
“അയ്യടി… ഇതു തരുല്ല…. ”
“രണ്ടും കൂടെ തല്ലിടാതെ പോയി നിങ്ങടെ പണി നോക്ക് മക്കളെ .. ”
പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോൾ എന്റെ പാദസരം ഒരെണ്ണം കാണാനില്ല…
മുറി മൊത്തം അരിച്ചു പെറുക്കി നോക്കിയിട്ടും കണ്ടില്ല…
സങ്കടം കൊണ്ടു ഞാൻ വീർപ്പു മുട്ടി . ….
*****
ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു… കാത്തിരുന്ന നാളെത്തി…
എന്റെയും കിച്ചേട്ടന്റെയും കല്യാണം…
രാവിലെ കുളിച്ചു അമ്പലത്തിൽ പോയി തൊഴുതു… തിരിച്ചു വന്നു ഒരുങ്ങി…
കണ്ണെഴുതാൻ ഐ ലൈനർ നോക്കി നടന്നു കാണാതെ… അമ്മുന്റെ മുറിയിൽ നിന്നും എടുക്കാൻ പോകുമ്പോൾ… അവളുടെ ടേബിൾ ന്റെ ഷെൽഫിൽ തപ്പുമ്പോൾ ആണ് എന്തോ കയ്യിൽ തടഞ്ഞതു…
ഈശ്വര… എന്റെ പാദസരം… ഇവൾ എന്തിനാ ഇതു…
എന്ത് പറയണം എന്നറിയാതെ കരഞ്ഞു കൊണ്ടു ഞാൻ അത് അവിടെ തന്നെ വച്ചു കൊണ്ടു കരഞ്ഞു മുറി വിട്ടിറങ്ങി…
തിരിച്ചു എന്റെ മുറിയിലേക്ക് നടക്കുമ്പോൾ തെക്കിനിയിൽ കോണിയോട് ചേർന്നു നിന്നു കരയുന്ന അമ്മുവിനെ കണ്ടില്ലെന്നു നടിച്ചു ഞാൻ നടന്നു…
ഒന്നും മനസിലായില്ല എനിക്ക്… ചേച്ചിയെ പിരിയുന്ന വിഷമം ആണോ… അതോ… എന്റെ പൊട്ട ബുദ്ധിയിലെ സംശയമോ…
ഒന്നും മനസിലാകാതെ പിടക്കുന്ന നെഞ്ചോടെ എല്ലാവർക്കും മുന്നിൽ മണവാട്ടി ആയി ഞാൻ ഒരുങ്ങി നിന്നു……
തുടരും…..

by