18/04/2026

നിലാവിന്റെ തോഴൻ : ഭാഗം 49 & 50

രചന – ജിഫ്ന നിസാർ

“ഇക്കോ…”

കുളിച്ചു കഴിഞ്ഞു തല തുവർത്തി മുറിയിലേക്ക് വരുന്ന ഫൈസിയെ നോക്കി ഫറ അൽപ്പം ഈണത്തിൽ തന്നെ വിളിച്ചു.

അവന്റെ ഒരേയൊരു അനിയത്തിയാണ് ഫറ നസ്രീൻ.

ഡിഗ്രി ലാസ്റ്റ് ഇയർ വിദ്യാർത്ഥിനിയാണ്.

“ന്താടി…”ഗൗരവം ഒട്ടും കുറക്കാതെയാണ് ഫൈസി വിളി കേട്ടതും.

“ആഹ്… എന്തൊരു സാധനാണ് പടച്ചോനെ ഇത്. അനക്കൊന്നു മയത്തീ വിളി കേട്ടൂടെടോ ചെങ്ങായ് ”

ഫറ അവനെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ എക്കാലത്തെയും പരാതിയാണ്.. ആകെയുള്ള ഒരേയൊരു ഇക്കാക്ക അവളോട് നല്ല പോലെ സംസാരിക്കുന്നില്ല.. അവളെ പരിഗണിക്കുന്നില്ല.. പെങ്ങളുടെ സ്വകാര്യ അഹങ്കാരമാണ് ആങ്ങളമാർ എന്നാ പൊതു തത്വം പൊക്കി പിടിച്ചു നടക്കാൻ അവൾക്കൊപ്പം നിൽക്കുന്നില്ല എന്നൊക്കെ.

ക്രിസ്റ്റിയാണ് അവളുടെ മെയിൻ പരാതി പെട്ടി.

“നിന്ന് കൊ lണിയാണ്ട് ഇയ്യ് കാര്യം പറ ഫറ?”

കയ്യിലുള്ള തോർത്ത്‌ മുറിയിലെ ഹാങ്കറിൽ വിരിച്ചിട്ട് ഫൈസി പറഞ്ഞു.

“ഓഓഓ. ഇനിക്കന്നോട് ഒന്നും പറയാനില്ല. അല്ലേൽ തന്നെ പറഞ്ഞിട്ട് എന്തിനാ. മൂങ്ങ പോലെയുള്ള അന്റെ മൂളൽ കേൾക്കാനോ. ഇനിക് വേറെ പണി ഇല്ലാഞ്ഞിട്ടാ?”
അവൾ അവനെ നോക്കി പുച്ഛത്തോടെ ചിരിച്ചു.

“എങ്കിൽ പോയിട്ടാ പണി ചെയ്യടി. വെറുതെ നിന്ന് ഇന്നേ ചൊറിയാണ്ട് ”

ഫൈസി അതേ പുച്ഛത്തോടെ അവളെയും നോക്കി.
“അതേയ്…”
ഷർട്ടിന്റെ ബട്ടൺ ഇടുന്നതിനിടെ വീണ്ടും ഫറയുടെ വിളിയെത്തി.

“മ്മ്..”
തിരിഞ്ഞു നോക്കാതെ അവനൊന്ന് മൂളി.

“ഈ കീ ചെയ്ൻ ഇനിക് തരുഓ.. ഇനിക്കിത് നല്ലോണം ഇഷ്ടയെടാ ഇക്കോ.. പ്ലീസ് ”

പിന്നിലേക്ക് മടക്കി പിടിച്ച കൈകൾ അവന് നേരെ നീട്ടി കൊണ്ടവൾ വീണ്ടും കൊഞ്ചി.

അവളുടെ കൈകളിൽ മീരയുടെ ഗിഫ്റ്റ്..

ഒരു കുതിപ്പിന് ഫൈസി അത് കയ്യിലാക്കി.

“വെറുതെയല്ല അണക്കിന്റെ റൂമിലൊരു ചുറ്റി കളി. കള്ളത്തി ”

അവൻ അവളെ നോക്കി കണ്ണുരുട്ടി.

“കള്ളിയോ. ഇജ്ജ് ഇന്റെ ഇക്കയല്ലേ. അന്റെ മുറി ന്ന് പറയുമ്പോ അത് ഇന്റേം കൂടിയല്ലേ. ഇജ്ജ് ഇന്റെ മുത്തല്ലേ.. അതെനിക്ക് താടാ ഇക്കോ.. ഇനിക്കതു അത്രേം ഇഷ്ടയോണ്ടല്ലേ ഡാ.. പ്ലീസ് ”

ഫറ വീണ്ടും അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് കൊഞ്ചി.

“പൊന്നു മോളെ.. ഇജ്ജ് ഇന്റെ ജീവൻ വേണെങ്കിൽ ചോദിക്ക്. തരാം ഞാൻ. പക്ഷേ.. ഇത് മാത്രം.. ഇത് മാത്രം ഞാൻ തരൂല. ഇജ്ജിനി എന്തൊക്കെ പറഞ്ഞാലും ഞാൻ തരൂല ”

ആ കീ ചെയ്ൻ മുകളിലേക്ക് ഉയർത്തി അതിലേക്ക് നോക്കി ഫൈസി ചിരിയോടെ പറഞ്ഞു.

“അതെന്താണ്. ഇതിൽ ഇത്രേ പ്രതേകത.. അതെനിക്ക് താടാ ഇക്കോ. ഇന്റെ സ്കൂട്ടിന്റെ കീയിൽ കൊരുത്തിട്ടാ പൊളിക്കും ”
വീണ്ടും ഫറ അവനെ തോണ്ടി.

“അന്റെ ആ ലൊടുക്ക് സ്കൂട്ടിക്ക് ഞാൻ വേണമെങ്കിൽ ഒരു സ്വർണകീ ചെയ്ൻ തന്നെ ഉണ്ടാക്കി തരാം. പക്ഷേ ഇത് മാത്രം ചോദിക്കണ്ട ”
കട്ടായം പോലെ പറഞ്ഞിട്ട് അവനത് ഷർട്ടിന്റെ പോക്കറ്റിൽ ഇട്ടു.

“സത്യം പറഞ്ഞോടാ ഇക്കോ.. ഇതണക്ക് ആരോ തന്നതല്ലേ..?”

ഫറ നടുവിൽ കൈ കുത്തി നിന്നിട്ട് അവനെ കൂർപ്പിച്ചു നോക്കി.

“ആണെങ്കിൽ..”

വെള്ള മുണ്ടെടുത്തു ഉടുക്കുന്നതിനിടെ ഫൈസി അവളെ നോക്കാതെ ചോദിച്ചു.

“ഞാനിപ്പോ ഉമ്മാനോട് പോയി പറഞ്ഞു കൊടുക്കും ”
ഭീക്ഷണി പോലെ ഫറ അവന് നേരെ വിരൽ ചൂണ്ടി.

“എങ്കിൽ സമയം കളയണ്ട് പെട്ടന്ന് ആയിക്കോട്ടെ. ഇനിക്കത്രേം ജോലി കുറഞ്ഞു കിട്ടുമല്ലോ?”
അവനും ചിരിയോടെയാണ് പറഞ്ഞത്.
അവന്റെയ ഭാവം… ഫറക്ക് അത്ഭുതമാണ് തോന്നിയത്.

ഒറ്റ വാക്കിലോ ഒരു മൂളലിലോ വലിയ ചോദ്യങ്ങളെ പോലും വെട്ടി ചുരുക്കുന്നവൻ ഇന്നൊരുപാട് സംസാരിക്കുന്നു.

പെരുമഴക്കാലത്തെ വെയിൽ പോലെയുള്ള അവന്റെ ചിരി.. അതാ ചുണ്ടുകളിൽ ഒട്ടിച്ചു ചേർത്തത് പോലെ തിളങ്ങുന്നു.

വല്ലാത്തൊരു മാറ്റം…!

“ആരാ ആള്.. ഇന്നോട് പറ ഇക്കോ ”

വീണ്ടും ഫറ അവനരുകിലേക്ക് പറ്റി കൂടി.

“ഏതാള് ?”
അവനൊന്നും മനസ്സിലാവാത്ത പോലെ അവളെ നോക്കി.

“അനക്ക് സ്വന്തം ഹൃദയം പറിച്ചെടുത്തിട്ട് കീ ചെയിനിൽ കൊരുത്തിട്ട് തന്നൊരു ആളില്ലേ.. അതാരാ ന്ന്?”

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകി ഒതുക്കുകയായിരുന്ന ഫൈസി ഒരു നിമിഷം സ്റ്റക്ക് ആയി പോയി.

“സ്വന്തം ഹൃദയം പറിച്ചെടുത്തു കീ ചെയ്യിനിൽ കൊരുത്തിട്ട് തന്ന ആ ഒരാൾ അവന്റെ കണ്മുന്നിൽ തെളിഞ്ഞു.

ആണോ…?

ഇതവളുടെ ഹൃദയമാണോ?
തന്നെ പോലെ.. തുറന്നു പറയാത്തൊരു ഇഷ്ടത്തിന്റെ ഭാരവും പേറിയാണോ അവളുടെയും യാത്ര.

ആ കണ്ണുകളിൽ പ്രണയത്തിന്റെ കാണാ കടലോളിപ്പിച്ചു പിടിച്ചിട്ടുണ്ടോ അവളും?

“അപ്പൊ ഇയ്യ് തരൂല ല്ലേ?”
ഫറ വീണ്ടും ചോദിക്കുന്നു.. അവനവളെ തുറിച്ചു നോക്കി.
“അന്നോട് ഞാനിത്ര നേരം വായിട്ടലച്ചത് പിന്നെ എന്ത് തേങ്ങയാണ്?”
ഫൈസി കലിപ്പിട്ടു.
അല്ലെങ്കിൽ അവളിറങ്ങി പോവില്ലെന്ന് അവനറിയാം.

“ഓഓഓ.. തൊടങ്ങി.. ഓന്റെയാ ഒടുക്കത്തെ ചാടി കടിക്കല് ”
അവൾ മുഖം വീർപ്പിച്ചു.

“പോടീ…”
അവൻ വീണ്ടും കണ്ണുരുട്ടി.

“ഞാൻ പോണ്.. പക്ഷേ ഞാൻ കണ്ടു പിടിക്കും.. ഇയ്യ് നോക്കിക്കോ ”
വെല്ലുവിളി പോലെ അത് പറഞ്ഞിട്ട് പോണവളെ അവനൊരു നിമിഷം നോക്കി.

പിന്നെ ചിരിയോടെ വാതിൽ അടച്ചിട്ട് അവനതിൽ ചാരി നിന്നു.
പോക്കറ്റിൽ നിന്നും അതീവ സ്നേഹത്തോടെ അവനാ കീചെയ്ൻ കയ്യിലെടുത്തു.

നീ നിന്റെ ഹൃദയം എന്നെ ഏൽപ്പിച്ചതാണോ..?

തുറന്നു പറയാതെ നീ സൂക്ഷിച്ച നിന്റെ ഇഷ്ടം എന്നെ അറിയിച്ചതാണോ?

ആണേലും അല്ലേലും ഇനിയീ ഹൃദയമെന്റെയാണ്. ഈ ഫൈസൽ മുഹമ്മദിന്റെ സ്വന്തം.

പതിയെ… വളരെ പതിയെ അവൻ അത് നോക്കി മന്ത്രിച്ചു..
❣️❣️❣️

താഴെക്കിറങ്ങി ചെന്ന ക്രിസ്റ്റിയെ ആദ്യം കണ്ടത് റോയ്സാണ്.

ഇരുന്നിടത്ത് നിന്നും അറിയാതെ പൊങ്ങിയ അവനെ സൂസൻ അവിടെ തന്നെ വലിച്ചിരുത്തി.

അപ്പോഴും മുഖമുയർത്തി നോക്കാത്ത ദിൽനയുടെ നേരെയാണ് ക്രിസ്റ്റിയുടെ കണ്ണുകൾ.

അവൾക് നേരെ ചെന്നവൻ ആ നെറ്റിയിൽ കൈ ചേർത്ത് വെച്ചതും ഞെട്ടി കൊണ്ടവൾ പിറകിലേക്ക് നീങ്ങി.
ആ വിറയൽ ക്രിസ്റ്റി സ്വന്തം കൈവെള്ളയിൽ അനുഭവിച്ചറിഞ്ഞു.

അവന്റെ രൂക്ഷമായ നോട്ടം റോയ്സിന് നേരെ ചെന്നു പതിഞ്ഞു.

സൂസൻ മുറുകെ പിടിച്ചിട്ടുള്ള ധൈര്യം പോരാഞ്ഞത് കൊണ്ട് അവൻ അപ്പോഴും ക്രിസ്റ്റിയെ നോക്കുന്നില്ല.

ആ കണ്ണുകൾ വർക്കിക്ക് നേരെയാണ്.
അവിടെയാണ് അവന്റെ പ്രതീക്ഷ മുഴുവനും.

“ഇവളുടെ പനി ശെരിക്കും മാറാതെ എന്തിനാ ഡിസ്ചാർജ് ചെയ്തു പോന്നത്?”
യാതൊരു മുഖവുരയുമില്ലാതെ ക്രിസ്റ്റി ചോദിച്ചു.

ആരോടെന്നൊന്നുമില്ല.. ആർക്കും ഉത്തരം പറയാം എന്നൊരു ഭവമാണ് അവന്റെ മുഖം നിറയെ.

ഡെയ്സിയുടെ രൂക്ഷമായ നോട്ടം വർക്കിയിൽ ചെന്നു പതിഞ്ഞു.അവർക്ക് ഹോസ്പിറ്റലിൽ നടന്നത് ഓർമയിൽ തികട്ടി വന്നു.

രാവിലെ സൂസൻ വിളിച്ചിട്ടാണ് അയാൾ ഹോസ്പിറ്റലിലേക്ക് വന്നത്.

മകന് പറ്റിയ ഒരു കുസൃതി പോലെ… ദിൽന വിളിച്ചിട്ടാണ് അവൻ പോയത് എന്നുള്ള മുൻ‌കൂർ ജാമ്യത്തോടെ സൂസൻ തന്നെയാണ് വർക്കിയോട് കാര്യം പറഞ്ഞത്.

പാതി ജീവനോടെ കിടക്കുന്ന ദിൽനയുടെ നേരെ വീണ്ടും അയാളുടെ ആക്രമണം തടയാനെത്തിയ ഡെയ്സിക്ക് നേരെ കേട്ടാലറക്കുന്ന തെറികളോടെ മകളുടെ വഴി പിഴച്ച നടത്തത്തെ കുറിച്ചയാൾ അലറി പൊളിച്ചു.

മരവിച്ചത് പോലെ കിടക്കുന്ന ദിൽനയുടെ നേരെയാണ് പഴികൾ മുഴുവനും.
റോയ്സ് അവൾ വിളിച്ചപ്പോൾ കൂടെ പോയി.. അവളായിട്ട് അവന്റെ ചാരിത്ര്യം നശിപ്പിച്ചു എന്നൊക്കെയുള്ള ഭാവത്തിലാണ് വർക്കിക്ക് മുന്നിലിരിക്കുന്നത്.

ഡെയ്സിക്ക് നേരെയും ദിൽനക്ക് നേരെയും വർക്കിയുടെ രോഷം ആളി കത്തിക്കാനാണ് സൂസൻ ശ്രമിച്ചത് മുഴുവനും.

തോമസ് മകനെ ചേർത്ത് പിടിച്ചു കൊണ്ട് നിന്നതല്ലാതെ.. ഒന്നും പറഞ്ഞതുമില്ല.

“കഴിഞ്ഞത് കഴിഞ്ഞു വർക്കിച്ച. ഇനി അതിനെ കുറിച്ച് പറഞ്ഞിട്ട് എന്നതാ കാര്യം.? ദിലു എനിക്കെന്റെ സ്വന്തം മോള് തന്നെ അല്ല്യോ? അങ്ങനെ ആണ് ഞാനവളെ കണ്ടിട്ടുള്ളത്.എനിക്കവളോടുള്ള വാത്സല്യം എല്ലാവർക്കും അറിയാവുന്നതല്ലേ? അങ്ങനെയുള്ളപ്പോ അവൾക്കൊരു തട്ട് കേട് വരുമ്പോൾ എനിക്ക് നോക്കി നിൽക്കാനൊക്കുവോ? കാര്യം അവളായിട്ട് തുടങ്ങി വെച്ചതാണെലും.. എന്റെ മോനുമില്ലേ അവൾക്കൊപ്പം. അത് കൊണ്ട് ഞാനായിട്ട് ഈ തെറ്റാങ് തിരുത്തുവാ.”

സൂസൻ നയത്തിൽ വർക്കിയുടെ അരികിൽ ചെന്നിട് പറഞ്ഞു.

“ഇനി അങ്ങോട്ട്‌ അവര് രണ്ടാളും ഒന്നിച്ചങ് ജീവിക്കട്ടെ. ഇഷ്ടമുണ്ടായിട്ടാണല്ലോ അവളെന്റെ ചെക്കനെ ഒപ്പം വിളിച്ചത്. അവനവളോടും ഇഷ്ടമുണ്ടാവും. അതാവും അവൻ കൂടെ പോയതും. എങ്കിൽ പിന്നെ.. ഇനി അങ്ങോട്ട്‌ ആ ഇഷ്ടം പങ്ക് വെച്ചിട്ട് അവരങ് ജീവിക്കട്ടെ. എനിക്ക് എന്റെ സഹോദരന്റെ അഭിമാനമാണ് വലുത്. അതിന് വേണ്ടി സൂസൻ എന്തും ചെയ്യും ”

സൂസൻ വർക്കിയുടെ നേരെ വിശ്വാസത്തിന്റെ അവസാനത്തെ ആണിയും അടിച്ചു കയറ്റി.

അപ്പോഴെല്ലാം വർക്കി കൊല്ലാനുള്ള ദേഷ്യത്തോടെ ദിൽനയെ നോക്കി.

ശേഷം ഡെയ്സിയെയും.

കേട്ട വാർത്തയുടെ ഷോക്ക് കൊണ്ട് ഡെയ്സി അടിമുടി ഉലഞ്ഞു പോയിരുന്നു.

മകൾ പിഴച്ചു പോയെന്ന് കേൾക്കുന്ന ഒരമ്മയുടെ അവസ്ഥ… അത് ഹൃദയഭേദകമാണ്.
കാരണം… മകളെക്കാൾ വിരൽ നീളുന്നത് അവളുടെ അമ്മയുടെ നേരെയാവും.

അവളെക്കൾ പഴി കേൾക്കേണ്ടതും അവളെ പ്രസവിച്ചു എന്നൊരൊറ്റ കുറ്റത്തിന് അമ്മ തന്നെയാകും.

വിറയലൊടുങ്ങാതെ.. ഡെയ്സി മകളെ നോക്കി.

അവളപ്പോഴും കണ്ണ് തുറക്കാൻ കൂടി ആവതില്ലാത്തത് പോലെ തളർന്നു കിടപ്പാണ്.

വിറയലോടെ ഡെയ്സി കട്ടിലിൽ പിടി മുറുക്കി.

“അങ്കിൾ എന്നോട് ക്ഷമിക്കണം. പറ്റി പോയതാ. ദിൽന ധൈര്യം തന്നപ്പോ ഞാൻ…”
വർക്കിക്ക് മുന്നിൽ വന്നു നിന്നിട്ട് റോയ്സ് മുഖം കുനിച്ചു.

“ചെയ്തു പോയ തെറ്റിന് പകരമായി ഞാനവളെ സ്വീകരിച്ചോളാം . അല്ലാതെ.. അല്ലാതെ ഞാനിപ്പോ എന്താ ചെയ്യുക. പറ്റി പോയി ”
റോയ്സ് വീണ്ടും മുഖം കുനിച്ചപ്പോൾ ആശ്വാസിപ്പിക്കുന്നത് പോലെ.. വർക്കി അവന്റെ തോളിൽ തട്ടി.

ശേഷം വേറൊരു ഹോസ്പിറ്റലിൽ കൊണ്ട് പോകുകയാണെന്ന് പറഞ്ഞു കൊണ്ടയാൾ നിർബന്ധിച്ചു ഡിസ്ചാർജ് എഴുതി വാങ്ങിച്ചു.

അവൾക്കൊട്ടും വായ്യെ‌ന്ന് പറഞ്ഞ ഡെയ്സിയെ അവർക്ക് മുന്നിലിട്ട് അടിച്ചു കൊണ്ടയാൾ ദേഷ്യം തീർത്തു.

അവശയായ ദിൽനയെ ഡെയ്സി താങ്ങി കാറിൽ എത്തിച്ചു.

വീട്ടിൽ എത്തിയ ഉടനെ തന്നെ റിഷിനെ വിളിച്ചിട്ട് വർക്കി തന്നെ മകൾ കാരണം ഒരു ചെറുക്കന്റെ ജീവിതം പോയെന്ന് പറഞ്ഞിട്ട് .. അവളെ അവൻ സ്വീകരിക്കാം എന്ന് പറഞ്ഞതിന്റെ നന്ദി കാണിച്ചു.

പക്ഷേ അന്നാദ്യമായി ആൾക്കൂട്ടത്തിൽ നിന്നും ഡെയ്സി അയാൾക്ക് നേരെ.. മകൾക്ക് വേണ്ടി ശബ്ദമുയർത്തി.

അതാണയാളെ വിളറി പിടിപ്പിച്ചതും.

“ഇവിടെന്താ ആർക്കും ചെവി കേൾക്കില്ലേ?”
ഇപ്രാവശ്യം അവന്റെ സ്വരം അൽപ്പം കൂടി ഉയർത്തി.

“ഇതൊക്കെ ചോദിക്കാൻ നീ ആരാടാ?”
സൂസൻ ഒരാക്കി ചിരിയോടെ എഴുന്നേറ്റു വന്നിട്ട് അവന് മുന്നിൽ നിന്നു.

“എന്നെ കാണുന്നത് മുതൽ നിങ്ങൾ ഇതേ ചോദ്യം ചോദിക്കുന്നുണ്ട്. അപ്പോഴെല്ലാം ഞാൻ മറുപടിയും തരുന്നുണ്ട്. എന്നിട്ടും നിങ്ങൾക്കത് പിടികിട്ടിയില്ലയെങ്കിൽ മന്ദബുദ്ധിയാണെന്ന് ഇനിയെങ്കിലും സ്വയം മനസ്സിലാക്കി കൂടെ?”

ക്രിസ്റ്റി സൂസന്റെ നേരെ നോക്കി പറഞ്ഞു.

“എന്റെ പെങ്ങളോട് കാണിക്കുന്ന ഉശിര് നീ പോയി നിന്റെ തള്ളയോട് കാണിക്കെടാ.. സ്വന്തം മകളെ കൂടി വഴി പിഴപ്പിച്ചു നിൽക്കുവാ.. നാശം ”

വർക്കി ക്രിസ്റ്റിക്ക് നേരെ ചാടി.
“എന്റെ അറിവിൽ.. നിങ്ങളുടെ മകളെ വഴി പിഴപ്പിച്ചത്.. ദേ അവനാണ് ”
ക്രിസ്റ്റിയുടെ വിരൽ റോയ്‌സിന് നേരെ നീണ്ടു.

“ആണെങ്കിൽ നന്നായി പോയി.. ആണുങ്ങളെ വഴി പിഴപ്പിക്കാൻ നടക്കുന്നൊരു തള്ളയും മോളും ”
സൂസൻ പറഞ്ഞു തീർക്കും മുന്നേ ക്രിസ്റ്റി റോയ്‌സിനെ വലിച്ചു പൊക്കി മുഖം നോക്കി അടിച്ചിരുന്നു.

“നിനക്കുള്ളത് നല്ല വെടിപ്പായി ഞാൻ എടുത്തു വെച്ചിട്ടുണ്ട്. ഇത് വെറും സാമ്പിൾ..സമയം പോലെ കിട്ടും. കിട്ടിയിരിക്കും ”

അവന്റെ കവിളിൽ മാറി മാറി അടിച്ചിട്ട് ആ കോളറിൽ പിടിച്ചുലച്ചു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.

“ഇത് നിന്റെ തള്ളക്കുള്ള മറുപടിയാണ്.. മരുന്നാണ് ”

ക്രിസ്റ്റി ഓർമ്മിപ്പിച്ചു.

അവൻ റോയ്‌സിനെ ഒരു സൈഡിലേക്ക് തള്ളി.

“മകളെ പിഴപ്പിച്ചു വിട്ടവൻ കണ്മുന്നിൽ ഉണ്ടായിട്ടും.. അങ്ങനെ ചെയ്തെന്ന് അവൻ തന്നെ സമ്മതിച്ചു തന്നിട്ടും എന്നതാ അവനുള്ള ശിക്ഷ?”

വർക്കിയുടെ നേരെ സൂക്ഷിച്ചു നോക്കി കൊണ്ട് ക്രിസ്റ്റി ചോദിച്ചു.

“ഇതെന്റെ കുടുംബം. അവിടേക്ക് നിന്നെ ആരാടാ ക്ഷണിച്ചത്..?”
എപ്പോഴത്തെയും പോലെ വർക്കി പരിഹാസത്തോടെ ക്രിസ്റ്റിയെ നോക്കി.

അവനൊരു നിമിഷം ഒന്നും മിണ്ടിയില്ല.

പിന്നെയൊരു കുതിപ്പിന് റിഷിനെ വലിച്ചു മുന്നിലേക്കിട്ട് യാതൊരു ദാക്ഷണ്യവുമില്ലാതെ അവനെ തലങ്ങും വിലങ്ങും അടിക്കാൻ തുടങ്ങി.

എന്തിനാണ് അവനെ തല്ലുന്നതെന്നു അവർക്കാർക്കും മനസിലായില്ല.

അടി ഒന്ന് പോലും വിടാതെ കൊള്ളുന്ന റിഷിന് പോലും മനസിലായില്ല അവനാ വാങ്ങിച്ചു കൂട്ടുന്നത് എന്തിനാണെന്ന്.

“അവൾ നിന്റെ ആരാടാ?”

ചുണ്ട് പൊട്ടിയ ചോര ഒഴുകി പടർന്ന റിഷിന്റെ മുഖം വലിച്ചാടുപ്പിച്ചു കൊണ്ട് മുളർച്ച പോലെ ക്രിസ്റ്റി ചോദിച്ചു.

“പറയെടാ.ദിൽന നിന്റെ ആരാ ? ”

മിണ്ടാതെ നിൽക്കുന്ന റിഷിനൊപ്പം അവിടെ ഉണ്ടായിരുന്നവരെല്ലാം ഞെട്ടി പോയിരുന്നു അവന്റെയാ ശബ്ദം കേട്ടപ്പോൾ.

കുന്നേൽ ബംഗ്ലാവിന്റെ ചുവരിൽ തട്ടി അതങ്ങനെ പ്രതിധ്വനിച്ചു.

തുടരും..

‘എന്റെ.. എന്റെ അനിയത്തി ”
കിതപ്പോടെയാണ് റിഷിനാ ഉത്തരം പറഞ്ഞത്.

“എന്തോ.. കേട്ടില്ല. ഒന്നൂടെ പറഞ്ഞേ..നീ”
അവനെ കളിയാക്കി കൊണ്ട് ക്രിസ്റ്റി അവനരികിലേക്ക് ചെവി വട്ടം പിടിച്ചു കൊണ്ട് വീണ്ടും ചോദിച്ചു.

അനിയത്തി.. “ആ പരിഹാസം മനസ്സിലായിട്ടും വീണ്ടും അടി കിട്ടുമോ എന്നാ ഭയമുള്ളത് കൊണ്ട് റിഷിൻ വീണ്ടും പറഞ്ഞു.

“അനിയത്തി. നാണം ഉണ്ടോടോ നിനക്കത് പറയാൻ?”
ക്രിസ്റ്റി അവനെ പിടിച്ചുലച്ചു കൊണ്ട് പിന്നിലേക്ക് തള്ളി.

പിന്നിലെ കസേരയിൽ ചെന്നലച്ചു കൊണ്ട് റിഷിൻ അവനെ നോക്കി.

“അല്ലേൽ തന്നെ നിന്നോടാണോ ഇത് വല്ലതും പറയേണ്ടത്? ദിൽന സ്വന്തം മകളായിട്ട് കൂടി ഒരു അറവു മാടിനോട് കാണിക്കുന്ന ദയപോലും അവളോട് കാണിക്കാത്ത ഒരു തന്തയുടെ സൽ പുത്രനല്ലേ നീ? ഇത്രേം ബുദ്ധി പ്രതീക്ഷിച്ചാ മതി നിനക്ക് ”

ക്രിസ്റ്റി അവനെ നോക്കി ചുണ്ട് കോട്ടി.

“നീ പറഞ്ഞു പറഞ്ഞു എങ്ങോട്ടാടാ കേറി പോകുന്നത്. വല്ല്യ ഷോ കാണിക്കണം എന്നില്ല. ഇത് നിന്റെ കുടുംബകാര്യമല്ലെന്ന് വർക്കിച്ചൻ പറഞ്ഞില്ലേ?”

സൂസൻ അവനെ പരിഹസിച്ചു.

“ആഹ്.. അതോർമ്മിച്ചത് കൊണ്ട് തന്നാ നിങ്ങളുടെ ഈ @#%@&മോൻ ഇവിടിങ്ങനെ രണ്ട് കാലിൽ എഴുന്നേറ്റു നിൽക്കുന്നതും നിങ്ങളെന്റെ മുന്നിൽ ഞെളിഞ്ഞു നിന്നിങ്ങനെ കുരക്കുന്നതും ”
ക്രിസ്റ്റി പറയുന്നത് കേട്ടതും സൂസന്റെ മുഖത്തുള്ള ചിരി ഇളിയായ് മാറിയിരുന്നു.

“ദേ ആ ഇരിക്കുന്നവള്… ചോദ്യം ചെയ്യാപെടാനില്ലാത്ത വിധം ക്രിസ്റ്റിയുടെ പെങ്ങളായിരുന്നുവെങ്കിൽ.. അത്രേം തകർന്ന് കൊണ്ടവൾ ഇരിക്കേണ്ടി വരില്ലായിരുന്നു.അടിച്ചു നിങ്ങടെ മോന്റെ … എല്ലും പല്ലും പൊടിച്ചേനെ ഞാൻ ”

ദിൽനയെ ചൂണ്ടി ക്രിസ്റ്റി പറയുമ്പോൾ ആ അവസ്ഥയിലായിട്ട് കൂടി വിതുമ്പി കരഞ്ഞു പോയിരുന്നു അവൾ.

“തെറ്റ് ചെയ്തിരിക്കാം. പക്ഷേ രണ്ട് പേര് ചെയ്തു പോയ തെറ്റിൽ ഒരാളെ മാത്രം ശിക്ഷ കൊടുത്തും മറ്റൊരാൾക്ക് ഹീറോ പരിവേഷം കൊടുക്കുന്നതും കുടുംബത്തിൽ പിറന്നവർ ചെയ്യാറില്ല. സ്വന്തം കുടുംബം കുടുംബം ന്ന് മിനിറ്റിനു മിനിറ്റിനു വിളിച്ചു പറഞ്ഞത് കൊണ്ടായില്ല. അത് പ്രവർത്തിയിലാണ് വേണ്ടത്.”
ക്രിസ്റ്റിയുടെ കടുപ്പമേറിയ സ്വരം.

അതിലെല്ലാം അവൻ തന്നെ പരിഹാസിക്കുന്നതറിഞ്ഞ വർക്കിയുടെ പല്ലുകൾ ഞെരിഞ്ഞു.

അവന് മുന്നിൽ ഒരു പുൽകൊടിയോളം ചെറുതായി പോയെന്ന ഓർമ അയാൾക്ക് വീണ്ടും വീണ്ടും ദിൽനയോടുള്ള കലിപ്പായി മാറുകയായിരുന്നു.

“മതിയെടാ നിന്ന് പറഞ്ഞത്. നിനക്കിപ്പോ സന്തോഷമായില്ലേ.?പക്ഷേ അതികക്കാലം ആ സന്തോഷമുണ്ടാവും എന്ന് കരുതരുത് നീ.എല്ലാം.. എല്ലാം നശിപ്പിക്കും ഞാൻ ”
അയാളപ്പോഴും അവനെ വെല്ലുവിളിക്കുന്ന തിരക്കിലാണ്.

ക്രിസ്റ്റി പുച്ഛത്തോടെ അയാളെ ഒന്ന് നോക്കി.

“അത് തന്നെയാണ് എനിക്കും പറയാനുള്ളത്. ഇപ്പൊ പെങ്ങളോടുള്ള ഈ സ്നേഹമുണ്ടല്ലോ.. അതിന്റെ അർഥം അറിയുമ്പോ ഈ സന്തോഷം കാണില്ല. കരുതിയിരുന്നോ ”

സൂസനെയും റോയ്സിനെയും നോക്കിയൊന്ന് ചിരിച്ചിട്ട് ക്രിസ്റ്റി വർക്കിയോട് പറഞ്ഞു.

“അതെന്റെ കാര്യം. അതിലാരും നിന്റെ അഭിപ്രായം ചോദിച്ചിട്ടില്ല. തീരുമാനമെടുക്കാൻ ഞാനും എന്റെ മോനും തന്നെ ധാരാളം ”
വീണ്ടും വർക്കിയത് തന്നെ ആവർത്തിച്ചു പറഞ്ഞതും പിന്നെയൊന്നും പറയാതെ ക്രിസ്റ്റി തിരിഞ്ഞു നടന്നു.

സ്റ്റയർ കയറും മുന്നേ ഡെയ്സിക്ക് മുന്നിലായ് അവൻ വീണ്ടും നിന്നു.

“ചുമ്മാ കരഞ്ഞത് കൊണ്ടോ… ഭയന്ന് വിറച്ചത് കൊണ്ടോ സ്വന്തം കാര്യങ്ങളൊന്നും തന്നെ മര്യാദക്ക് നടക്കില്ലെന്നു ഇത്രേം കാലത്തെ ജീവിതം കൊണ്ട് പഠിച്ചു കാണുമെന്നു കരുതുന്നു. സ്വന്തം മകളാണ് അപ്പുറമുള്ളത്. അവളുടെ ജീവിതവും ജീവനുമാണ് ഇവിടെ വില പേശി കച്ചവടം ചെയ്യുന്നത്.”

ക്രിസ്റ്റി ഒന്ന് നിർത്തി.

ഡെയ്സി ശ്വാസം പിടിച്ചു കൊണ്ട് അവനെ നോക്കി.
അവനപ്പോഴും അവരെ നോക്കിയില്ല.

“ഒരമ്മക്ക് മക്കളുടെ മനസ്സറിയാൻ കഴിഞ്ഞില്ലെങ്കിൽ.. ആ മനസ്സിലെ വേദനയറിയാൻ കഴിഞ്ഞില്ലങ്കിൽ പിന്നെയാ വാക്കിനു പോലും ഒരു അർഥമില്ല..ഉണ്ടാവില്ല.”

അവന്റെ വാക്കുകൾ ഡെയ്സിയെ പൊള്ളിച്ചു കൊണ്ടാണ് കടന്ന് പോയത്.

“ദിൽനയുടെ അമ്മയാവുക എന്നതാണിപ്പോ ചെയ്യേണ്ടത്. അവൾക്കിപ്പോ ഏറ്റവും അത്യാവശ്യം ഒരമ്മയെയാണ്. ഭർത്താവിനെയല്ല.അവൾക്കൊപ്പം നിൽക്കുക. ബാക്കിയെല്ലാം.. എല്ലാം താനേ ശെരിയാവും.. ഇല്ലെങ്കിൽ….”

അത് പറഞ്ഞു, റോയ്‌സിനെ വീണ്ടും രൂക്ഷമായൊന്ന് നോക്കി കൊണ്ടവൻ മുകളിലേക്ക് കയറി പോയിട്ടും അവന്റെ വാക്കുകൾ അവിടം വീണ്ടും വീണ്ടും മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു.

❣️❣️❣️

ശ്മശാന മൂകതയിൽ ആ ദിവസം കടന്നു പോയി.
ഒട്ടും ഉറക്കിമില്ലാത്തൊരു രാത്രി മുഴുവനും.. ക്രിസ്റ്റി ഓർത്തത് ദിൽനയെ കുറിച്ച് തന്നെയാണ്.

വർക്കിയും റിഷിനും കൂടി അവളെ റോയ്സിന്റെ തലയിലെടുത്തു വെക്കുമെന്ന് അവനേറെകുറേ ഉറപ്പിച്ചതാണ്.

അതിനിനി അവരായിട്ടൊരു മാറ്റവും വരുത്തുകയില്ല.

“ഇതെന്റെ കുടുംബം.. ദാർഷ്ട്യം കലർന്നൊരു,’കടക്ക് പുറത്ത് ‘എന്നൊരു ആജ്ഞയെ തനിക്കും നേരിടാനുണ്ടാവും..

എല്ലാം കൂടി ഓർത്തിട്ട് അവനൊരു സമാധാനവുമില്ലായിരുന്നു.

പതിവിലേറെ നേരത്തെ തന്നെ അവനെഴുന്നേറ്റ്… മുറിക്ക് പുറത്തെക്കിറങ്ങി.

പോകും വഴി ദിൽനയുടെ മുറിയുടെ നേരെ വെറുതെയൊന്ന് നോക്കി.

ചേർത്തടച്ച വാതിലിനപ്പുറം അവളുടെ കരച്ചിൽ കേൾക്കുന്നത് പോലൊരു അസ്വസ്ഥത അവനെ പൊതിഞ്ഞു.

അടുക്കളയിൽ കയറി ചായയുണ്ടാക്കി കുടിച്ചിട്ടും അന്ന് ഡെയ്സി എഴുന്നേറ്റു വരുന്നത് കണ്ടില്ല.

നാലോ അഞ്ചോ പ്രാവശ്യം ഇതിനോടകം തന്നെ അവൻ ഹാളിലേക്ക് പോയി നോക്കിയിരുന്നു.

ഏറെ മനപ്രയാസത്തോടെയാണ് അന്ന് ജോലിക്കിറങ്ങിയത്.

എല്ലാത്തിലും ഒരു മടുപ്പ് കയ്യടക്കി പിടിച്ചത് പോലെ.

കുന്ന് കയറി മുകളിൽ എത്തിയത് മുതൽ… വളരെ പെട്ടന്ന് തന്നെ ഹൃദയം കീഴടക്കി കൊണ്ടൊരു ചിരിയോടെ ഫാത്തിമ ഉള്ളിലേക്കോടിയെത്തി.

അവളന്നും വരുമെന്ന് ഉള്ളിലാരോയിരുന്നു കൊതിപ്പിച്ചിട്ടും അന്നവളെ അവിടെങ്ങും കണ്ടില്ല..
അതവന്റെ ഹൃദയഭാരം കൂട്ടി…മനസിലെ അസ്വസ്ത്ഥത ഏറി.

കനം തൂങ്ങിയ മനസ്സോടെ തന്നെ അന്നത്തെ ജോലി തീർത്തു കൊണ്ടവൻ വീട്ടിലെത്തി…

കുളിച്ചു മാറ്റി അതേ മ്ലാനതയോടെ കഴിക്കാൻ വന്നിരുന്നവനോട് മറിയാമ്മച്ചിയാണ് തലേന്ന് അവൻ കയറി പോയതിന് ശേഷമുള്ള കാര്യങ്ങൾ മുഴുവനും പറഞ്ഞു കൊടുത്തത്.

റോയ്സും ദിൽനയും തമ്മിലുള്ള എൻഗേജ്‌മെന്റ് എത്രയും പെട്ടന്ന് നടത്താനാണ് വർക്കിയുടെ തീരുമാനം എന്നറിഞ്ഞതും അവനുള്ളം വീണ്ടും മുറിഞ്ഞു.

ദിൽനയുടെ ദയനീയ രൂപം കണ്ണിൽ തെളിഞ്ഞു.

“അവനുണ്ടല്ലോ… ആ വർക്കി.അവനൊരു മനുഷ്യനല്ല കുഞ്ഞേ..”

ആശ്വാസിപ്പിക്കാൻപറ്റിയ വാക്കുകൾ…കയ്യിലൊന്നും തന്നെ ഇല്ലാഞ്ഞിട്ടാവും മറിയാമ്മച്ചി അവനോടങ്ങനെ പറഞ്ഞതും..

❣️❣️❣️

“ക്രിസ്റ്റി ഫിലിപ്പ്.. കുന്നേൽ ബംഗാളിൽ ഒരു വേലകാരനെ പോലെയുള്ള യുവരാജാവ്. അവന്റെ അപ്പൻ ഫിലിപ്പ് മരിച്ചതിനു ശേഷം അമ്മ വേറെ വിവാഹം കഴിച്ചു. ഇട്ട് മൂടാനുള്ള സ്വത്തുണ്ട്.മിടുക്കനായ വർക്കി കുന്നേൽ ബംഗാവ് അടക്കമാണ് വിലക്കെടുത്തത്. അവനിപ്പോഴും എന്നെങ്കിലും അപ്പന്റെ സ്വത്തുക്കൾ തിരിച്ചു കിട്ടുമെന്ന് ദിവാസ്വപ്നവും കണ്ടിട്ട് കടിച്ചു തൂങ്ങി കിടക്കുന്നു..”

മുന്നിൽ വന്നു നിന്ന് പറയുന്നവനെ നോക്കി ഷാഹിദ് കൈ വിരൽ ഉയർത്തി കാണിച്ചു.

മനോഹരമായൊരു ചിരിയോടെ ഷാഹിദ് എഴുന്നേറ്റു..

“ഇവിടെയുള്ള അറക്കൽ രാജകുമാരി ഇറങ്ങി പോകുന്നത് ഈ കുന്നേൽ ബംഗ്ലാവിലെ യുവരാജാവിനെ കാണാനാണ്..”

അത് പറഞ്ഞു കൊണ്ടവൻ വീണ്ടും ചിരിച്ചു.

“ആരും.. ആർക്കും അറിയാത്തൊരു പ്രണയകഥ ആദ്യം കേൾക്കുന്നതും അറിയുന്നതും ഈ ഷാഹിദ്…”സ്വന്തം നെഞ്ചിൽ കുത്തി കൊണ്ടവൻ പറഞ്ഞു.

“ഗുഡ്.. വെരി ഗുഡ്… അവരങ്ങനെ എല്ലാവരേം പറ്റിച്ചു എന്നൊരു അഹങ്കാരത്തോടെ പ്രണയിക്കട്ടെ. സന്തോഷിക്കട്ടെ.ഒടുവിൽ തമ്മിൽ ചേരാതെ വയ്യെന്ന് തോന്നുന്ന ആ നിമിഷം… ആ നിമിഷമാണ് ഇനിയെന്റെ ലക്ഷ്യം.. അവിടെയാണ് എന്റെ എൻഡ്രി..ഷാഹിദ് അറക്കലിന്റെ മാസ് എൻട്രി..”

അതും പറഞ്ഞു കൊണ്ടവൻ ഉറക്കെ പൊട്ടിച്ചിരിച്ചു..

“ഈ ഷാഹിദിനെ പറ്റിക്കാൻ തോന്നിയ നിമിഷത്തെ ശപിച്ചു കൊണ്ടവർ ജീവിക്കണം. എനിക്കത് കാണുകയും വേണം..തൊട്ടാൽ അവനേറ്റവും നോവുന്ന പ്രിയപ്പെട്ടവരുടെ ലിസ്റ്റ്… എനിക്കെത്രയും പെട്ടന്ന് തന്നെ കിട്ടിയിരിക്കണം ”

ഉത്തരവ് പോലെ അത് പറയുന്നവന്റെ കണ്ണുകൾ വന്യമായി തിളങ്ങി..

❣️❣️

“പ്ലീസ് ചേട്ടാ.. പപ്പയോടൊന്ന് പറയുവോ.. എനിക്ക്… എനിക്കവനെ കാണുന്നത് തന്നെ പേടിയാണ് ”

കാൽ കീഴിൽ കൈ കൂപ്പിയിരിക്കുന്ന ദിൽനയുടെ നേരെ റിഷിൻ തുറിച്ചു നോക്കി.
രണ്ടു ദിവസം കൊണ്ടവൾ ഒരുപാട് മാറിപോയെന്ന് തോന്നി… അവനാ നിമിഷം.

രൂപത്തിലും സ്വഭാവത്തിലും.

“എനിക്കെന്നും വയ്യ. ഇമ്മാതിരി വള്ളികെട്ട് നീ തന്നെയല്ലേ തോളിൽ എടുത്തിട്ടത്?പേടിയായിട്ടാണോ ടീ നീ അവനേം വിളിച്ചോണ്ട്… എന്നെ കൊണ്ടൊന്നും പറയിപ്പിക്കരുത് നീ ”
അവളുടെ കയ്യിൽ പിടിച്ചു വലിച്ചു എഴുന്നേൽപ്പിച്ചു കൊണ്ടവൻ അവളെ നോക്കി പല്ല് കടിച്ചു.

നന്നായി വേദനിച്ചെങ്കിലും അതിനേക്കാൾ വേദന ഉള്ളിലുള്ളത് കൊണ്ടാവാം ദിൽന അവനോടൊന്നും അതിനെ കുറിച്ച് പറഞ്ഞില്ല.
മേല് നൊന്താൽ ചീറ്റപുലിയെ പോലെ നോവിച്ചയാളുടെ നേരെ പാഞ്ഞു കയറുന്നവളായിരുന്നു അവളും..

കരഞ്ഞു കുഴിഞ്ഞു പോയ അവളുടെ നിർജീവമായ കണ്ണുകളിൽ നിറഞ്ഞു നിന്നതത്രയും യാചനയായിരുന്നു.

സ്വന്തം ചേട്ടനെന്ന് അഹങ്കാരത്തോടെ പറഞ്ഞവന്റെ മുഖത്ത് കാണുന്നത് വെറുപ്പാണ്. ദേഷ്യമാണ്.അതാണവളെ കൂടുതൽ നോവിച്ചതും.

ദിലുവെന്നു വിളിച്ചു നിഴൽ പോലെ ഉണ്ടായിരുന്നവൻ ശെരിക്കും താങ്ങും തണലുമാവേണ്ട ഒരു സിറ്റുവേഷൻ ജീവിതത്തിൽ വന്നപ്പോൾ… അലിവിന്റെ ഒരു നോട്ടം കൂടി തനിക് നേരെ നീളുന്നില്ല എന്നതവളുടെ ഭയത്തെ അധികരിപ്പിച്ചു.

പപ്പാ റോയ്‌സിന് വാക്ക് കൊടുത്തത് മുതൽ തീയിൽ അകപ്പെട്ടത് പോലെ ഓരോ നിമിഷവും പൊള്ളി അടർന്നു കൊണ്ടാണ് തള്ളി നീക്കുന്നത്.

റോയ്സിന്റെ നേരെ നോക്കാൻ കൂടി അവൾക്ക് ഭയമാണ്..

അവനൊപ്പമാണ് ഒരു ജീവിതം മുഴുവനും ജീവിച്ചു തീർക്കണമെന്ന എഗ്രിമെന്റിൽ അവളെ കുരുക്കിയിടാൻ പോകുന്നത്.

ആ ഓർമ തന്നെ ശ്വാസം മുട്ടിക്കുന്നുണ്ട്.
പപ്പയോട് നേരിട്ട് പറയാൻ വയ്യ.

അത് വരെയും പപ്പാ എന്നോർക്കുമ്പോൾ ഒരു അഭിമാനമായിരുന്നു. അഹങ്കാരമായിരുന്നു.

എത്ര പെട്ടന്നാണ് അത് ഭയമായി മാറിയത്.

ഒടുവിൽ കൈ വിടില്ലെന്നുറപ്പിച്ചു കൊണ്ടാണ് ദിൽന റിഷിക്ക് മുന്നിൽ എത്തിയത്.

അവൻ പക്ഷേ അവളെയൊന്ന് നോക്കാൻ കൂടി തയ്യാറായില്ല.

സങ്കടവും ഭയവും അവളെ വീണ്ടും തളർത്തി.

“അവനായത് കൊണ്ട് നിന്നെ ഏറ്റെടുക്കാൻ മനസ്സ് കാണിക്കുന്നു. തെറ്റ് നിന്റെ അടുത്താണെന്നറിഞ്ഞിട്ട് കൂടി. എന്നിട്ടവള് നിന്ന് പറയുവാ.. ഇത് പറഞ്ഞ് കൊണ്ട് മേലാൽ നീ ഇങ്ങോട്ട് വരണമെന്നില്ല. എനിക്ക് നിന്നെ കാണണമെന്നുമില്ല.ഞാനും പപ്പയുടെ കൂടെയാണ് ”

“നീ അനിയത്തി ആണെന്ന് എനിക്കോർമ്മയില്ലാഞ്ഞിട്ടല്ല. എന്നേം പപ്പയേം ഇങ്ങനൊരു സാഹസം കാണിക്കുമ്പോൾ നീ എന്തെ ഓർക്കാഞ്ഞത്. അപ്പൊ പിന്നെ ഇത്രേം സഹകരണം ഞങ്ങളിൽ നിന്ന് നീയും പ്രതീക്ഷിച്ചാ മതി ”

അറുത്തു മുറിച്ചത് പോലെ റിഷിൻ അത് കൂടി പറഞ്ഞതോടെ അവസാനപ്രതീക്ഷിയും അസ്തമിച്ചത് പോലെ ദിൽന ഒരു നിമിഷം അനങ്ങാതെ നിന്നു പോയി.

ശേഷം കണ്ണീർ പുരണ്ട കവിളുകൾ അമർത്തി തുടച്ചു കൊണ്ടവൾ റിഷിന്റെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.

കടുപ്പിച്ചു പിടിച്ച ആ മുഖം… എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചത് പോലെ വലിഞ്ഞു മുറുകി നിന്നിരുന്നു.
നിർജീവമായ കണ്ണുകളിൽ വല്ലാത്തൊരു ഭാവം തിളയ്ക്കുന്നുണ്ടായിരുന്നു..

തുടരും…