18/04/2026

ശിവഭദ്ര : ഭാഗം 04

രചന – ജ്വാലാമുഖി

ല്ലാം ബാഗിൽ വച്ചു എന്ന് ഒന്നുടെ ഉറപ്പ് വരുത്തിക്കൊണ്ടാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.. ഇനി അടുത്തെങ്ങും ഒരു വരവില്ല.. എന്തായാലും അമ്മ തന്നെ കാണാൻ വരാതിരിക്കില്ല… “ബസ് ഇപ്പൊ വരും… അമ്മ പൊയ്ക്കോളൂ… നേരം ഇരുട്ടി തുടങ്ങി.. ” “ഏയ്‌ അത് വേണ്ട.. നീ പോയിട്ടേ ഞാൻ ഇവിടന്നു പോകുള്ളൂ… ” പറഞ്ഞു തീരുന്നതിനു മുന്നേ ബസ് വന്നു… ബസിൽ കയറി ഇരുപ്പുറപ്പിക്കുമ്പോളും അമ്മ അവിടെ തന്നെ നില്പുണ്ടായിരുന്നു… നേരം ഇരുട്ടി തുടങ്ങിയതുകൊണ്ട് സൈഡ് സീറ്റ് വെറുതെ ആയി… ഒന്നും കാണാനില്ല… ഡ്രൈവർ പാട്ടു അല്പം കൂടെ ഉച്ചത്തിൽ വച്ചു… തൊണ്ണൂറുകളിലെ നല്ല പാട്ടുകൾ… കണ്ണടച്ചു കിടന്നു ഞാൻ.. കണ്മുന്നിൽ … ആ മുഖം… ശിവ.. എന്തിന് അവൻ തന്നെ ചതിച്ചു…ഓർക്കും തോറും കണ്ണിൽ നിന്നും ചുടു ചോര ആണ് ഒഴുകുന്നത്… എല്ലാം വിധി… അല്ലാതെന്ത്…!! ***** ഇന്ന് ജോലിക്ക് ജോയിൻ ചെയ്യുന്ന ദിവസം ആണ്… ഇറങ്ങാൻ നേരം വല്യച്ഛന്റെ കാൽ തൊട്ടു അനുഗ്രഹം വാങ്ങി..

“നന്നായി വരും മോളെ… പോയിട്ട് വരൂ.. ” വല്യച്ഛന്റെ വീട്ടിൽ നിന്നും അഞ്ചു മിനിറ്റ് നടക്കാൻ ഉള്ള ദൂരം ഉള്ളു ഓഫിസിലേക്ക്.. വല്യച്ഛന്റെ പേരക്കുട്ടി ആധിക്കുട്ടനെ എന്റെ കൂടെ കൂട്ടിനു വിട്ടിരുന്നു. ” ഇതാട്ടോ ചേച്ചി ജെ കെ ട്രേഡേഴ്സ്… ചേച്ചി അവിടെ റിസപ്ഷൻ ൽ പറഞ്ഞാൽ മതി ന്യൂ ജോയിനി ആണെന്ന്.. ” “മോൻ വീട്ടിലേക്ക് പൊക്കൊളു.. ചേച്ചി ഔട്ടോ പിടിച്ചു തരണോ.. ” “ഏയ്‌ വേണ്ട.. ഞാൻ നടന്നു വന്നോളാം.. ” റിസപ്ഷൻ ൽ പോയി സംസാരിച്ചപ്പോൾ എം ഡി യെ കാണണം എന്ന് പറഞ്ഞു… നേരെ മൂന്നാം നിലയിലേക്ക് പോണം.. അതും ലിഫ്റ്റിൽ എന്റെ കൃഷ്ണ… ആരോ ലിഫ്റ്റിലേക്ക് കയറാൻ പോകുന്നത് കണ്ടതും ഞാനും പിന്നാലെ ചാടി കയറി.. “എനിക്ക് മൂന്നിലേക്കാണ് പോണ്ടേ.. എന്നെ ഒന്നു അവിടെ ആക്കോ ..? ” എന്റെ സംസാരം കേട്ടിട്ട് ആകണം ആയാൾ എന്നെ ഒന്നു തറപ്പിച്ചു നോക്കി… “ന്യൂ ജോയിനി ആണോ.. ” “അതെ.. ” “ഇവിടെ ആണോ വർക്ക്‌ ചെയ്യണേ അതെ.. ”

“ഈ എം ഡി ആളെങ്ങനാ.. ചൂടൻ ആണോ… ” “ആണോന്നോ.. ഭയങ്കര കലിപ്പാണ്… ചാടി വീഴും.. ഒന്ന് സൂക്ഷിച്ചോ.. ” “ഉം… തല്ലിയാലും കൊള്ളണം..അതാ അവസ്ഥ.. ” ഞാൻ പതുക്കെ ആണത് പറഞ്ഞത്.. “താൻ എന്താ പറഞ്ഞെ…? ” “ഏയ്‌ ഒന്നുല്ല… ” “എന്താ തന്റെ പേര്..? ” “ശ്രീഭദ്ര.. ” “ഞാൻ ജോൺ സാമുവൽ… അപ്പൊ ഓക്കേ പിന്നെ കാണാം… ” അയാൾ ഇറങ്ങി നടന്നു പോയി… അയാളെ എവിടെയോ കണ്ടു മറന്ന ഒരു ഓർമ… മൂന്നാം നിലയിലെ വിസിറ്റിംഗ് റൂമിന് മുന്നിൽ ഒരു ലേഡി ഇരിപ്പുണ്ടായിരുന്നു.. “ശ്രീഭദ്ര അല്ലെ.. വെയിറ്റ് ചെയ്യുട്ടോ… ” അടുത്ത് കണ്ട സെറ്റിയിൽ കുറച്ചു നേരം ഇരുന്നതും അകത്തേക്കു ചെല്ലാൻ ആ ലേഡി വിളിച്ചു പറഞ്ഞു.. പേടിച്ചു പേടിച്ചാണ് അകത്തേക്കു നടന്നത്… “മേ ഐ.. ” “കം മിസ്സ്‌ ശ്രീഭദ്ര.. ” ഈശ്വര ഇയാൾ ആയിരുന്നല്ലോ ആ ലിഫ്റ്റിൽ ഉണ്ടായിരുന്നത്.. ഞെട്ടൽ മുഖത്തു കാണിക്കാതെ ഞാൻ അകത്തേക്കു കടന്നു… “പ്ലീസ് ബി സീറ്റഡ്.. ” “താങ്ക് യൂ സർ.. ” “രവീന്ദ്രൻ മാഷിന്റെ അനിയന്റെ മകൾ ആണല്ലേ.. ”

“അതെ സർ.. ” “എന്നെ പഠിപ്പിച്ചിട്ടുണ്ട് സർ.. ” എന്തോ എന്റെ ശ്വാസം നേരെ വീണ പോലെ തോന്നി.. ഇങ്ങോട്ട് പോരുമ്പോൾ നൂറുകൂട്ടം ടെൻഷൻ ആയിരുന്നല്ലോ.. “താൻ തല്ക്കാലം അക്കൗണ്ട് സെക്ഷൻ നോക്കു.. എക്സ്പീരിയൻസ് ഇല്ലാലോ.. ട്രെയിനി ആയി നില്ക്കു… ത്രീ മന്ത്സ് ഞാൻ ഒന്നു നോക്കട്ടെ.. ” “താങ്ക് യൂ സർ.. ” “ഓക്കേ തെൻ ഗെറ്റ് സ്റ്റാർട്ടഡ് ടുഡേ.. ആൾ ദി ബെസ്റ്റ്… ” നന്ദി പറഞ്ഞു ഇറങ്ങുമ്പോൾ മനസിൽ വല്ലാത്ത ഒരു സമാധാനം തോന്നി എനിക്ക്.. **** “അവിടെ എങ്ങനെ ഉണ്ട് നിനക്ക്… ” “കുഴപ്പം ഒന്നുമില്ല അമ്മേ… വല്യച്ചനെ വല്ല്യ കാര്യം ആണ് എം ഡി ക്ക് അതോണ്ട് ഫസ്റ്റ്ഡേ വല്ല്യ സീൻ ഉണ്ടായിരുന്നില്ല.. ” “നല്ലോണം ശ്രദ്ധിച്ചൊക്കെ ചെയ്‌തോളൂ.. ” “ഉം.. അവിടെ എന്തുണ്ട്… ” “പ്രത്യേകിച്ച് ഒന്നും ഇല്ല.. ഇന്ന് മുതൽ അമ്പലത്തിൽ വിളക്ക് തുടക്കാനും മാല കെട്ടാനും ഒക്കെ ഒരു പെണ്ണിനെ വച്ചു… ” “ഉം… തിരുമേനി.. ” “നീ പോയ വിഷമത്തിൽ ആണ്.. നീ ഒന്ന് വിളിച്ചെക്ക്.. ഇല്ലത്തെ നമ്പർ ഇല്ലേ നിന്റെ കയ്യിൽ.. ”

“ഉണ്ട്… ഞാൻ വിളിച്ചോളാം.. ” ഫോൺ ധൃതിയിൽ വച് തിരുമേനിയെ വിളിക്കുമ്പോൾ ഈ തിടുക്കം എന്തിനാ എന്ന് ഞാൻ സ്വയം ചോദിച്ചു.. “തിരുമേനി… ഭദ്ര ആണ്.. ” “ആ ദേവിക്കുട്ടി… ജോലി ഒക്കെ എങ്ങനെ ഉണ്ട് കുട്ട്യേ.. ” “കുഴപ്പമില്ല തിരുമേനി… പിന്നെ എന്റെ അമ്മ അവിടെ ഒറ്റക്കാണ് ഒരു കണ്ണു വേണം.. അല്ലേലും രണ്ടു കണ്ണും അങ്ങോട്ടാണ് എന്നെനിക്ക് അറിയാം എന്നാലും… ” “മിണ്ടാണ്ടിരിക്ക… ആ പിന്നെ ശിവ വന്നിട്ടുണ്ട്.. എന്നോട് ചോദിച്ചു മോളെ പറ്റി… ” “തിരുമേനി എന്ത് പറഞ്ഞു… ” “മോൾ ജോലി ആയി പോയി എന്ന്… ” “എങ്ങോട്ടാണെന്ന് പറഞ്ഞോ.. ” “ചോദിച്ചു.. ഞാൻ അറിയില്ല എന്ന് പറഞ്ഞു.. ” “എങ്ങോട്ടേലും പോട്ടെ… ഇനിയും എനിക്ക് പഴയ പോലെ കാണാൻ കഴിയില്ല.. ” “അവൻ ഇത്തവണ വന്നപ്പോൾ ആ കുട്ടിയും കൂടെ ഉണ്ടായിരുന്നു… ” “എയ്ഞ്ചൽ..?? ” “ആ ആ കുട്ടി തന്നെ… കാണാൻ നല്ല കുട്ടിയാ …പക്ഷെ മോൾടെ അത്രേം ഭംഗി ഒന്നും ഇല്ല… ” ” ഉം എന്തേലും ആകട്ടെ.. ”

“മോൾക്ക്‌ വിഷമം തോന്നില്ലേൽ ഞാൻ ഒരു കാര്യം പറയട്ടെ… ” “ഇനി എന്ത് വിഷമം.. തിരുമേനി പറഞ്ഞോളൂ… ” “അടുത്ത മാസം അവരുടെ വിവാഹം ആണ്.. ശിവേടേം ആ കുട്ടീടേം.. ” “ഞാൻ അറിഞ്ഞു തിരുമേനി.. നന്നായി ജീവിക്കട്ടെ… ” “മോൾക്കെങ്ങനെ ഇത് പറയാൻ കഴിഞ്ഞു.. ” “മനസ്സ് ഇപ്പൊ എല്ലാം സഹിക്കാൻ പാകപ്പെട്ടു.. ” “മോൾക്കും വേണ്ടേ ഒരു ജീവിതം.. ” “എന്തിന്… ഇനി ഒരാളെയും വിശ്വസിക്കാൻ എനിക്ക് കഴിയില്ല… മതിയായി… ” “എല്ലാവരും ഒരുപോലെ ആകുമോ.. ” “നല്ലവരും കാണും.. പക്ഷെ ഇനിയും ചതിക്കപ്പെടാൻ വയ്യ… ” “തെറ്റ് അവന്റെ ഭാഗത്തു തന്നാ എന്നവൻ നൂറാവർത്തി എന്നോട് പറഞ്ഞു… പക്ഷെ ക്ഷമിക്കാൻ ഉള്ള ക്ഷമ ഭദ്ര കാണിക്കുന്നില്ല എന്നതാ അവന്റെ പരാതി… ” “ഒരു പെണ്ണിനും ഇതൊന്നും പൊറുക്കാൻ കഴിയില്ല തിരുമേനി.. ചതിക്കല്ലായിരുന്നോ എന്നെ… ” “വിവാഹം മോളെ വിളിക്കും…” “ഞാൻ വരും തിരുമേനി… വന്നിരിക്കും… തോറ്റു കൊടുക്കില്ല ഭദ്ര… ” “വാശി അരുത് കുട്ടി… ഇപ്പോളും മോളൊന്ന് മൂളിയാൽ അവൻ… ” “മതി തിരുമേനി.. ഇനി പറയണ്ട.. ഞാൻ ഫോൺ വക്കാ… പിന്നെ വിളിക്കാം… ” ഫോൺ വച്ചതും.. ഒരു അഗ്നിപർവതം പോലൊന്ന് എന്റെ ഉള്ളിൽ പുകഞ്ഞെറിഞ്ഞു… അതെന്ന് പൊട്ടിത്തെറിക്കും എന്ന് ഞാൻ ഭയക്കുന്നു…

* ഒരാഴ്ച കൊണ്ടു തന്നെ ഓഫിസ് വർക്ക്‌ എല്ലാം ഞാൻ പഠിച്ചിരുന്നു… എല്ലാവരെയും പരിചയപ്പെട്ടു.. സത്യത്തിൽ ഈ ഒളിച്ചോട്ടം എനിക്ക് മനസിന് ഒരു സുഖം തരുന്നുണ്ട്… “ഭദ്രേ എം ഡി വിളിക്കുന്നു… ” എന്താണാവോ എന്ന് ഭയന്നാണ് ചാടി എണീറ്റു സർ ന്റെ ക്യാബിനിലേക്ക് നടന്നത്.. “ഹായ് ഭദ്ര… എങ്ങനുണ്ട് ജോലി ഒക്കെ.. ” “കുഴപ്പമില്ല സർ… ” “ശോഭന്റി എന്ത് പറയുന്നു.. ” “ആര്…??? ” “തന്റെ അമ്മ… ” “അമ്മേ എങ്ങനെ അറിയാം.. ” “അമ്മോട് മുല്ലക്കൽ സ്കൂളിൽ പഠിച്ച ജൂലിയെ അറിയുമോ എന്നൊന്നു ചോദിച്ചോളൂ… ” “ഉം.. ചോദിക്കാം… പിന്നെ ആരാ ജൂലി..? ” “എന്റെ മമ്മ ആണ്.. ” “ആഹാ… ” “പിന്നെ നാളെ ഞാൻ നാട്ടിൽ പോകുവാണ്…അമ്മക്ക് തന്നു വിടാൻ എന്തേലും ഉണ്ടെങ്കിൽ ഞാൻ കൊണ്ട് കൊടുക്കാം ” “ഏയ്‌ വന്നിട്ട് ഒരാഴ്ച അല്ലെ ആയുള്ളൂ.. എന്ത് തന്നുവിടാൻ… ”

“ഓക്കേ.. പിന്നെ ഒപ്പിടാൻ ഉള്ളതെല്ലാം എടുത്തു വച്ചേക്കു… ഞാൻ ടു ഡേയ്‌സ് കഴിഞ്ഞേ വരുള്ളൂ.. ” “ഓക്കേ സർ.. ” “എന്റെ അനിയത്തീടെ എൻഗേജ്മെന്റ് ആടോ.. ഇച്ചിരി സീൻ ആണ്… അവൾ അല്പം വാശിക്കാരിയാ .. പോകാതെ പറ്റില്ല… വലിയൊരു കഥയാണ്… എല്ലാം വന്നിട്ട് പറയാട്ടോ.. ” തിരിച്ചു ക്യാബിനിൽ വന്നു ഇരിക്കുമ്പോൾ ജോൺ നെ എവിടെയോ മുൻപ് കണ്ടൊരു ഓർമ എനിക്ക് വന്നു… ശരിയാണ്…അമ്മയുടെ ഫ്രണ്ട് ആണ് സർ ന്റെ അമ്മ എങ്കിൽ ഞാൻ കണ്ടിട്ടുണ്ടാകും… തുടരും….