രചന – ഗംഗ ശലഭം
രാജലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു കണ്ടിട്ടുള്ളത് സൂരജിന്റെ പഴയ കാലത്തെക്കുറിച്ചു പറയുമ്പോൾ മാത്രമാണെന്ന് അവളോർത്തു. ആറു വർഷങ്ങൾക്ക് മുൻപ് ഉണ്ടായ ഒരു ആക്സിഡന്റിൽ ഭാര്യയെയും മകളെയും നഷ്ടപ്പെടുന്നത് വരെ അയാൾക്ക് ദുശീലങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഭാര്യയും കുഞ്ഞും മരണപ്പെട്ടതോടെ അയാൾ ബിസിനസ്സിൽ ഒന്നും ശ്രദ്ധിക്കാതെയായി. വിഷമം മറക്കാൻ മദ്യത്തെ ആശ്രയിച്ചു. മദ്യം പൂർണമായും അയാളെ അടിമയാക്കി. പിന്നീട് രാജലക്ഷ്മിയും അവരുടെ സഹോദരനും ഏറെ പണിപ്പെട്ടാണ് സൂരജിനെ ആ ദുശീലത്തിൽ നിന്നും പുറത്ത് കൊണ്ട് വന്നത്. അതും കുറച്ചു നാൾ സൂരജ് ഡി-അടിക്ഷൻ സെന്ററിൽ ഒക്കെ ആയിരുന്നു. ഇതൊക്കെ കൃഷ്ണയ്ക്ക് രാജലക്ഷ്മി പറഞ്ഞുള്ള അറിവാണ്.
കണ്ണ് തുടച്ചു കൊണ്ട് രാജലക്ഷ്മി അടുക്കളയിൽ നിന്നും പുറത്തേക്ക് പോകുന്നതും നോക്കി കൃഷ്ണയും വിഷമത്തോടെ നിന്നു.
“വിശക്കുന്നമ്മാ….”
ഉണ്ണിമോള് പറഞ്ഞപ്പോ കൃഷ്ണ കുഞ്ഞിന്റെ കൈ പിടിച്ചു മുറിയിലേക്ക് നടന്നു.
“മോള് ഹാളിൽ പോയിരുന്ന് അമ്മൂമ്മയോടൊപ്പം കളിച്ചോ… അമ്മ വേഗം ചായേം പഴം പൊരിയും ഉണ്ടാക്കിത്തരാം.”
മേല് കഴുകിച്ച് പഴയ ഒരു ഫ്രോക്ക് എടുത്തിട്ട് കൊടുത്ത് കൊണ്ട് കൃഷ്ണ കുഞ്ഞിനോടായി പറഞ്ഞു.
അവൾ തലയാട്ടിക്കൊണ്ട് പുറത്തേക്കോടി.
യൂണിഫോം, കഴുകാനുള്ള വസ്ത്രങ്ങൾ ഇടുന്ന ബക്കറ്റിലേക്കിട്ട ശേഷം മുറിക്ക് പുറത്തേക്കിറങ്ങിയ കൃഷ്ണ കണ്ടത്, ഹാളിൽ ടി വി കണ്ട് കൊണ്ടിരുന്ന സൂരജിന്റെ മടിയിലായി ഇരിക്കുന്ന ഉണ്ണിമോളെയാണ്. സൂരജ് അവളോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. അവളും അവന്റെ ചോദ്യത്തിന് താല്പര്യത്തോടെ മറുപടി പറയുന്നുണ്ട്.
കൃഷ്ണ കുറച്ചു സമയം അവരെത്തന്നെ നോക്കി നിന്നു. അവൾക്ക് സൂരജിനോട് പാവം തോന്നി. പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന ഭാര്യയെയും മകളെയും ഒരുമിച്ച് നഷ്ടപ്പെട്ട ഒരാളുടെ വേദന അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നു. തനിക്ക് മുന്നോട്ട് ജീവിക്കാനുള്ള പ്രതീക്ഷയായി ഉണ്ണിമോൾ എങ്കിലും ഉണ്ട്. ഇദ്ദേഹത്തിനോ?
പരുക്കനായൊരു മനുഷ്യൻ….
അയാൾ സ്നേഹത്തോടെ ഇടപഴകി കണ്ടിട്ടുള്ളത് രാജലക്ഷ്മിയോടും ഉണ്ണിമോളോടും മാത്രമാണ്. പുറം പണിക്കായി വരുന്ന കരുണേട്ടനോട് പോലും ഇതേ വരെ ഒന്ന് ചിരിച്ചു കണ്ടിട്ടില്ല.
ഗൗരവമാണ് സ്ഥായിയായ ഭാവം.
എന്നാൽ അതിനുമപ്പുറം, അയാൾ ദേഷ്യത്തിന്റെയും ഗൗരവത്തിന്റെയും ആവരണത്തിന് പിന്നിൽ മറച്ചു പിടിക്കുന്ന കുറേ ലോല ഭാവങ്ങൾ ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് കൃഷ്ണയ്ക്ക്. മുന്നിൽ കാണുന്ന കാഴ്ച ആ തോന്നൽ ഉറപ്പിക്കുന്നതായിരുന്നു.
ഒരുപക്ഷെ അയാൾ ഉണ്ണിമോളിൽ തന്റെ മരിച്ചു പോയ മകളെ കാണുന്നുണ്ടാകുമോ…?
ആ ചിന്ത കൃഷ്ണയുടെ ഉള്ളിൽ വല്ലാത്ത ഒരു അസ്വസ്ഥത നിറച്ചു. ഓടിച്ചെന്ന് കുഞ്ഞിനെ വാരിയെടുത്ത് ‘ ഇവൾ എന്റെയാ ഇവളെ ഞാൻ ആർക്കും തരില്ല… വേറെ ആരും ഇവളെ സ്നേഹിക്കണ്ട’ എന്ന് പറയാൻ തോന്നി അവൾക്ക്….
ഉണ്ണിമോളെ കൂടി അടുക്കളയിൽ ഒപ്പം കൂട്ടാം എന്ന് തോന്നിയതുമാണ്. പക്ഷേ ഉണ്ണി മോളോട് സൂരജ് ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും, അത് കേട്ട് കുഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്നതും ഒക്കെ കണ്ടപ്പോൾ അവൾ ആ തോന്നലിനെ ഉള്ളിൽ തന്നെ അടക്കി പതിയെ അടുക്കളയിലേക്ക് തിരിഞ്ഞു നടന്നു.
കുറച്ചു മാറി കൃഷ്ണയെ തന്നെ നോക്കി നിൽക്കുകയായിരുന്നു രാജലക്ഷ്മി. അവൾ സൂരജിനെയും ഉണ്ണിമോളെയും നോക്കി നിൽക്കുന്നത് അവരും കണ്ടിരുന്നു. അവരുടെ ചുണ്ടിൽ സംതൃപ്തിയുടെ ചിരി വിരിഞ്ഞു.
‘നിന്നെ അടുത്തറിഞ്ഞപ്പോൾ എന്റെ മനസ്സിൽ തോന്നിയ ഒരു മോഹമുണ്ട് കൃഷ്ണേ…. എന്റെ മോന് ഒരു കൂട്ടാവാൻ നിനക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം. സ്വാർത്ഥത ആയിരിക്കാം… എങ്കിലും എന്റെ സൂരജിന്റെ കാര്യത്തിൽ ഞാൻ സ്വാർത്ഥയായൊരു അമ്മ തന്നെയാണ്.’
അവർ കൃഷ്ണ പോകുന്നതു നോക്കി മനസ്സിൽ പറഞ്ഞു.
***********
കൃഷ്ണയും മോളും പോയിക്കഴിഞ്ഞ ശേഷം അരവിന്ദൻ പീടികത്തിണ്ണയിലേക്ക് തന്നെ വന്നിരുന്നു. നിരാശയോടെ അവൻ കൃഷ്ണയും കുഞ്ഞും പോയ വഴിയിലേക്ക് നോക്കിയിരിക്കുമ്പോഴാണ് തൊട്ടടുത്ത് നിന്നും ഒരു വിളി കേട്ടത്.
“ഓയ്….”
അരവിന്ദൻ തലചരിച്ചു നോക്കി.
തൊട്ടടുത്ത് കല്യാണി നിൽക്കുന്നത് കണ്ടതും അവളെ ശ്രദ്ധിക്കാത്തത് പോലെ തല തിരിച്ച് വഴിയിലേക്ക് തന്നെ നോക്കിയിരുന്നു.
“ഇന്ന് രാമൻ മാമ പീടിക തുറന്നില്ലേ അരവിന്ദേട്ടാ?”
കല്യാണിയുടെ ചോദ്യം കേട്ടതും അവൻ ഇഷ്ടക്കേടോടെ അവളുടെ മുഖത്തേക്ക് നോക്കി.
“നിനക്ക് കണ്ണില്ലേ?”
“ഉണ്ടല്ലോ….”
ദേഷ്യത്തോടെയുള്ള അവന്റെ ചോദ്യത്തിന് അവൾ കൂസലില്ലാതെ മറുപടി പറഞ്ഞു.
“എന്നാപ്പിന്നെ പീടിക തുറന്നിട്ടുണ്ടോ ഇല്ലയോ എന്ന് കണ്ടുകൂടെ?”
“കാണാല്ലോ… പീടിക അടച്ചിരിക്കുവാ….”
“പിന്നെ എന്തിനാണാവോ എന്നോട് ചോദിച്ചത്?”
അരവിന്ദന്റെ സ്വരത്തിലെ ഇഷ്ടക്കേട് മനസ്സിലായതും കല്യാണി വാപൊത്തി ചിരിയടക്കി.
” അരവിന്ദേട്ടൻ ഇവിടെ ഇരിക്കുന്നത് കണ്ടപ്പോ ഇനി മാമ എങ്ങാനും പീടിക തുറക്കാൻ വന്നാലോ എന്ന് കരുതി. അതാ ചോദിച്ചത്…. രവി മാമ വരുവോ അരവിന്ദേട്ടാ?”
അവൾ നിഷ്കളങ്കയായി.
“ആ…. എനിക്കറിഞ്ഞൂടാ…”
അരവിന്ദൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു.
“അരവിന്ദേട്ടൻ എന്തിനാ പിന്നെ ഇവിടെ ഇരിക്കുന്നേ…?”
“എനിക്കിഷ്ടം ഉണ്ടായിട്ട്…”
എടുത്തടിച്ചത് പോലെയുള്ള അവന്റെ മറുപടി കേട്ട് അവളൊന്ന് പകച്ചെങ്കിലും അതവൾ പുറമെ കാണിച്ചില്ല.
“എന്നാ പിന്നെ ഞാനും ഇവിടെ ഇരിക്കാം…”
അവൾ പെട്ടെന്ന് അവന് അരികിലേക്ക് കയറിയിരുന്നു. അരവിന്ദൻ ചാടി എഴുന്നേറ്റു കൊണ്ട് ദേഷ്യത്തിൽ അവളെ നോക്കി.
“നീ എന്തിനാ ഇവിടെ ഇരിക്കുന്നെ?”
“എനിക്കും ഇഷ്ടമുണ്ടായിട്ട്….!”
അവരവിന്ദൻ ദേഷ്യത്തിൽ പല്ല് കടിച്ചു.
“നീ വീട്ടിൽ പോയേ കല്യാണി… രവിയേട്ടൻ ഇന്ന് പീടിക തുറക്കില്ല.”
ഉടുത്തിരുന്ന കാവി മുണ്ട് മടക്കി കുത്തി അരവിന്ദൻ തിരിഞ്ഞു നടക്കാൻ ഒരുങ്ങി.
“വൈകിട്ട് ഞാൻ വന്നോട്ടെ വീട്ടിലേക്ക്? എനിക്ക് കുറെ സംശയമുണ്ട്….”
കല്യാണി പുറകിൽ നിന്ന് വിളിച്ചു ചോദിച്ചു.
“വേണ്ട…!”
അവൻ തിരിഞ്ഞു നോക്കാതെ ദേഷ്യത്തോടെ തന്നെ പറഞ്ഞു.
“അടുത്തയാഴ്ച എനിക്ക് എക്സാം സ്റ്റാർട്ട് ചെയ്യും അരവിന്ദേട്ടാ……”
അരവിന്ദൻ പെട്ടെന്ന് നിന്നു.
പഠിക്കാൻ മിടുക്കിയാണ് കല്യാണി. ഇപ്പോൾ ബിഎസ്സി കെമിസ്ട്രി രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
താനും കെമിസ്ട്രി മെയിൻ ആയിരുന്നു. പീജിയും എം ഫില്ലും കഴിഞ്ഞു നിൽക്കുമ്പോഴാണ് സെക്രട്ടറിയറ്റ് അസിസ്റ്റന്റ് ആയിട്ട് ജോലി കിട്ടുന്നത്. അതുവരെ തൊട്ടടുത്ത ട്യൂഷൻ സെന്ററിൽ ട്യൂഷൻ എടുക്കാൻ പോയിക്കൊണ്ടിരുന്നു. പ്ലസ് ടൂ വരെ കല്യാണിയും അവിടുത്തെ സ്റ്റുഡന്റ് ആയിരുന്നു. അതിനുശേഷവും അവൾക്ക് എന്ത് സംശയം ഉണ്ടെങ്കിലും തന്റെ അടുത്താണ് ആദ്യം വരാറ്. സന്തോഷത്തോടെ സംശയങ്ങളൊക്കെ തീർത്തു കൊടുക്കാറുമുണ്ടായിരുന്നു….. കല്യാണിക്ക് തന്നോട് മറ്റൊരു രീതിയിൽ ഒരിഷ്ടമുണ്ട് എന്ന് മനസ്സിലാക്കുന്നത് വരെ…! അത് കഴിഞ്ഞ് കഴിയുന്നതും അവളെ അകറ്റിനിർത്താനേ ശ്രമിച്ചിട്ടുള്ളൂ.
“വന്നോട്ടെ അരവിന്ദേട്ടാ? പ്ലീസ്….”
കല്യാണി പിന്നെയും ചോദിച്ചു.
“ഞാൻ നിന്റെ വീട്ടിലോട്ടു വരാം. ആറ് മണിക്ക്.”
അത്രയും പറഞ്ഞ് അവളെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ അരവിന്ദൻ വേഗത്തിൽ മുന്നോട്ടു നടന്നു. അരവിന്ദൻ പോയ വഴിയിലേക്കും കൃഷ്ണ പോയ വഴിയിലേക്കും മാറി മാറി നോക്കി നിൽക്കുന്നേരം കല്യാണിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…..
************
ഇഷ്ടമാകുന്നുണ്ടോ?
എന്നാൽ ഒരു വരി എനിക്കായി കുടിക്കണേ… തെറ്റുകൾ കണ്ടാൽ അതും പറയാട്ടോ…
പിന്നെ ലെങ്ത് കൂട്ടണം എന്ന് പലരും പറഞ്ഞു കണ്ടു.
ഒരു കുഞ്ഞ് മോനുണ്ട് എനിക്ക്. അതിന്റെ കൂടെ ഒന്ന് രണ്ട് എക്സാംസ് ന് വേണ്ടി prepare ചെയ്യുന്നുമുണ്ട്. പിന്നെ വീട്ടിലെ പണികളും… അതിനൊക്കെ ഇടയിൽ കിട്ടുന്ന ഇത്തിരി സമയത്താണ് എഴുത്ത്. പണ്ട് എന്നോ ഉപേക്ഷിച്ചതാണ് എഴുതാനുള്ള ആഗ്രഹം. സ്കൂളിലും, കോളേജിലുമൊക്കെ മകസീനിൽ എഴുതിയുള്ള ശീലമേ ഉള്ളൂ…. ഇപ്പൊ എന്തോ എഴുതാൻ പിന്നെയും കുഞ്ഞു മോഹം. അതാണ് ഇങ്ങനെ ഒരു സാഹസം.
പിന്നെ, ലെങ്ത് കൂട്ടിയാൽ ഡെയിലി ഇടാൻ പറ്റില്ല. ഇത്രേം ലെങ്ത് ഓക്കേ ആണേൽ ഡെയിലി ഇടാം. ഇല്ലേൽ കുറച്ചു കൂടി ലെങ്ത്ൽ ഒന്നിടവിട്ട ദിവസങ്ങളിൽ… ഏതാണ് വേണ്ടതെന്ന് നിങ്ങൾ വായനക്കാർ തന്നെ പറയൂ… അത് പോലെ ചെയ്യാം.
ലൈക് ചെയ്തും റിവ്യൂ ഇട്ടും സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും നന്ദി 🥰

by