25/05/2026

പ്രണയിനി : ഭാഗം 01

രചന – ഗംഗ ശലഭം

പ്രണയിനി 🔹🔹🔹🔹

“കൃഷ്ണാ…. പണിയൊക്കെ കഴിഞ്ഞോ മോളെ?” രാജലക്ഷ്മി വിളിച്ചു ചോദിച്ചതും വീടിന്റെ പിന്നാമ്പുറത്തു നിന്നും സാരിതലപ്പിൽ കൈ തുടച്ചു കൊണ്ട് കൃഷ്ണ അടുക്കളപ്പുറത്തേക്ക് വന്നു. “ഏതാണ്ടൊക്കെ കഴിഞ്ഞു ലക്ഷ്മിയമ്മേ… തുണി ആയേൽ വിരിച്ചിട്ടു. ഇനി ഈ പാത്രങ്ങളൂടെ കഴുകാനേ ഉള്ളൂ…” അവൾ സിങ്കിൽ കിടക്കുന്ന പാത്രങ്ങൾ ചൂണ്ടി ചിരിയോടെ പറഞ്ഞു. “എന്നാപ്പിന്നെ നീ പോയി കൊച്ചിനെ വിളിച്ചോണ്ട് വാ…. ഇത് ഞാൻ കഴുകിക്കോളാം. കുറച്ചല്ലേ ഉള്ളൂ?” രാജലക്ഷ്മി സിങ്കിന് അടുത്തേക്ക് നടക്കാൻ തുടങ്ങിയതും കൃഷ്ണ വേഗത്തിൽ നടന്നു വന്ന് അവരെ തടഞ്ഞു. “അത് വേണ്ട…… സാർ കണ്ടാലെന്നെ വഴക്ക് പറയും. ഞാൻ ചെയ്തോളാം.” അവളൊരല്പം ഭയത്തോടെ പറഞ്ഞു. “പിന്നേ… അവനല്ലേ നിനക്ക് ശമ്പളം തരണത്? നീ ഒന്ന് പോയേ കൊച്ചേ… പോയി ഉണ്ണിക്കുട്ടിയെ വിളിച്ചു കൊണ്ട് വാ… അത് വന്നാലേ ഈ വീട്ടിൽ ഇത്തിരി ആളും അനക്കോം ഉണ്ടാവൂ….” രാജലക്ഷ്മി കൃഷ്ണ പറഞ്ഞതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല. “വേണ്ട… വേണ്ട ലക്ഷ്മിയമ്മേ…” കൃഷ്ണ പെട്ടെന്ന് ചെന്ന് അവരെ കയ്യിൽ പിടിച്ചു തടഞ്ഞു.

കഴിഞ്ഞ തവണ ഇത് പോലെ എന്തോ അവര് ചെയ്തതും, അത് കണ്ട് വന്ന സൂരജ് തന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞതും കൃഷ്ണയ്ക്ക് ഓർമ്മ വന്നു. അന്ന് തനിക്ക് ചെറിയ പനിക്കോളുണ്ടായിരുന്നു. ആഹാരം ഉണ്ടാക്കാനൊക്കെ രാജലക്ഷ്മി സഹായിച്ചിരുന്നു. എന്നാലും ഉണ്ടാക്കിക്കഴിഞ്ഞപ്പഴേ വല്ലാതെ തളർന്ന് പോയി. അപ്പോഴാണ് തനിക്ക് പനിയാണ് എന്നുള്ള കാര്യം അവരും അറിയുന്നത്. വയ്യാഞ്ഞിട്ടും ജോലി ചെയ്തതിന് സ്നേഹത്തോടെ ശകാരിച്ചു ആള്. ലക്ഷ്മിയമ്മ നിർബന്ധിച്ചപ്പോഴാണ് അടുത്തുള്ള ക്ലിനിക്കിലേക്ക് പോകാൻ തയാറായത്. പാത്രങ്ങൾ ഒക്കെ വന്നിട്ട് കഴുകാം എന്ന് കരുതി. താൻ ഇല്ലാത്ത നേരത്ത് ലക്ഷ്മിയമ്മ പാത്രം കഴുകുമെന്നോ, അതും കണ്ട് കൊണ്ട് സൂരജ് വരുമെന്നോ സ്വപ്നത്തിൽ പോലും കരുതിയില്ല. ക്ലിനികിൽ നിന്നും തിരികെ വീട്ടിൽ വന്ന് കയറിയപ്പോഴേ സൂരജ് സാർ തുടങ്ങി. ശമ്പളം തന്ന് ജോലിക്ക് നിർത്തിയേക്കുന്നത് വീട്ടുകാരെക്കൊണ്ട് ജോലി ചെയ്യിക്കാൻ അല്ലാത്രേ…. വയ്യാഞ്ഞിട്ട് മരുന്ന് വാങ്ങാൻ പോയതാണെന്നും, പാത്രം വന്നിട്ട് കഴുകാം എന്ന് കരുതിയതാണെന്നും ഒക്കെ പറഞ്ഞു നോക്കി.

അവിടെ ഒരു കുലുക്കോം ഇല്ല. ആളൊരു ചൂടാനാണ്. ചാടിക്കടിക്കുന്ന പ്രകൃതം. അവസാനം ലക്ഷ്മിയമ്മ സാറിനോട്‌ ദേഷ്യപ്പെട്ടപ്പോഴാണ് സാർ എന്നെ വഴക്ക് പറയുന്നത് നിർത്തിയത്. അതിന് ശേഷം ലക്ഷ്മിയമ്മ ഒരു പാത്രം എടുത്താൽ പോലും പേടിയാണ്. പോകാൻ വേറെ ഇടമൊന്നും ഇല്ല. ഇവിടെ നിൽക്കാൻ കഴിയുന്നത് തന്നെ ലക്ഷ്മിയമ്മയുടെ കാരുണ്യമാണ്. സൂരജ് സാറിന് ഞാൻ ഇവിടെ രാത്രിയിലും തങ്ങുന്നത് ഒട്ടും ഇഷ്ടമല്ല. പിന്നെ എന്നോടുള്ള ഇഷ്ടക്കേട് എന്റെ മോളോട് കാണിക്കാറില്ല എന്നതാണ് ഏക ആശ്വാസം. എന്ന് മാത്രമല്ല മോളെ ആളിന് വല്യ കാര്യവുമാണ്. “നീ ഇത് എന്തോർത്തു നിൽക്കുവാണ് കുഞ്ഞേ….? ” രാജലക്ഷ്മി ചോദിച്ചപ്പോഴാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നത്. “സ്കൂൾ ബസ് വരും കൃഷ്ണേ…. നേരമായീന്ന്….” രാജലക്ഷ്‌മി ഓർമിപ്പിച്ചപ്പോ കൃഷ്ണ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. മൂന്നര ആകാറാകുന്നു. അഞ്ചു മിനുട്ട് വേണം കവല വരെ നടക്കാൻ. ഇപ്പൊ പോയാലേ ബസ് എത്തുമ്പോ അവിടെ നിൽക്കാൻ പറ്റൂ…. “എന്നാ ഞാൻ മോളെ വിളിച്ചിട്ട് വന്നിട്ട് കഴുകാം. അമ്മ കഴുകിയേക്കല്ലേ….” രാജലക്ഷ്മിയോടായി അപേക്ഷ പോലെ പറഞ്ഞിട്ട് അവൾ പുറത്തേക്ക് നടന്നു.

“ഈ പെണ്ണ്….! ഇങ്ങനെ ഒരു പാവമായിപ്പോയല്ലോ? ഇങ്ങനെ പാവമായാൽ ഇക്കാലത്ത് ജീവിക്കാൻ പറ്റില്ലെന്റെ കുഞ്ഞേ…. അല്ല…. ഞാൻ ഇത് ആരോടാ പറയേണ്ടത്….?” രാജലക്ഷ്മി, ധൃതിയിൽ പുറത്തേക്ക് പോകുന്ന കൃഷ്ണയെ നോക്കി നെടുവീർപ്പിട്ടു. പോകുന്ന വഴി ഇടുപ്പിൽ കുത്തിയിരുന്ന സാരിയുടെ പല്ലു കൃഷ്ണ അഴിച്ചിട്ടു. ചുരുങ്ങിക്കിടന്ന സാരി കൈ കൊണ്ട് പിടിച്ചു നേരെയാക്കിയിട്ടു. സാരിയുടെ പല്ലു കൊണ്ട് തന്നെ മുഖത്തെയും കഴുത്തിലെയും വിയർപ്പൊപ്പി. മുഖത്തേക്ക് വീണ് കിടന്ന മുടി കൈ കൊണ്ട് വെറുതെ ഒതുക്കി വച്ചു. മുറ്റത്തു നിന്നും കുറച്ചു മാറി നിൽക്കുന്ന മൂവാണ്ടൻ മാവിന് കീഴെ കിടന്ന സ്ലിപ്പർ എടുക്കാൻ ചെന്നതും നിലത്തു നിറയെ ചെറിയ മാങ്ങകൾ കൊഴിഞ്ഞു വീണ് കിടക്കുന്നത് കണ്ടു. അവളതിൽ ഒന്നെടുത്തു നോക്കി. കണ്ണിമാങ്ങ പരുവം ആയിട്ടുണ്ട്. ലക്ഷ്മിയമ്മയോട് പറഞ്ഞു കുമാരേട്ടനെക്കൊണ്ട് കുറച്ച് പൊട്ടിക്കണം. കണ്ണിമാങ്ങ അച്ചാർ ഇവിടെ എല്ലാവർക്കും വലിയ ഇഷ്ടമാണ്. പ്രത്യേകിച്ച് സൂരജിന്…. ഓരോന്നോർത്തു കൊണ്ട് സ്ലിപ്പറും എടുത്തിട്ട് അവൾ സാമാന്യം വലിപ്പമുള്ള ഗേറ്റ് തുറന്ന് പുറത്തേക്കിറങ്ങി നടന്നു.

മൂന്നര ആകാറായെങ്കിലും വെയിലിനു നല്ല ചൂടുണ്ടെന്ന് അവൾക്ക് തോന്നി. എങ്കിലും നടത്ത പതിയെ ആക്കിയില്ല. മൂന്നരക്ക് സ്കൂൾ ബസ് വരും മുന്നേ കവലയിൽ എത്തണം…. വേഗത്തിൽ നടക്കുമ്പോഴും അവളുടെ ചിന്ത രാജലക്ഷ്മി പാത്രങ്ങൾ കഴുകുമോ എന്ന് തന്നെയായിരുന്നു…. സൂരജ് എങ്ങാനും ഷോപ്പിൽ നിന്നും നേരത്തെ വന്ന് അത് കണ്ടാൽ പിന്നെ അത് മതി….. അത് കൊണ്ട് കൂടിയാവണം അവളറിയാതെ അവളുടെ കാലിന് വേഗം കൂടിയത്. കവലയിൽ എത്തിയതും ബസ് വന്നതും ഒന്നിച്ചായിരുന്നു… ബസ്സിൽ നിന്നിറങ്ങിയതേ സ്കൂൾ യൂണിഫോം ധരിച്ച ഒരു നാല് വയസ്സുകാരി കുറുമ്പി ഓടി വന്നവളുടെ കാലിൽ ചുറ്റിപ്പിടിച്ചു. കുനിഞ്ഞു കുഞ്ഞിന്റെ നെറ്റിയിൽ ഉമ്മ കൊടുത്തിട്ട് കൃഷ്ണ അവളുടെ ചുമലിൽ കിടന്ന സ്കൂൾ ബാഗ് ഊരി വാങ്ങി തന്റെ തോളിലേക്കിട്ടു. ശേഷം അവളുടെ കൈ പിടിച്ചു റോഡിനു ഓരം ചേർന്ന് മുന്നോട്ട് നടന്നു. അമ്മയുടെ കൈയ്യിൽ തൂങ്ങി നടക്കുന്നേരം ഉണ്ണിമോൾ വാ തോരാതെ വർത്തമാനം പറയുന്നുണ്ടായിരുന്നു.

അമ്മയേക്കണ്ടാൽ പിന്നെ സ്കൂളിലെ വിശേഷങ്ങളൊക്കെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്താലേ അവൾക്ക് സമാധാനമാകൂ…. അതങ്ങനെ കേട്ട് നടക്കാനാണ് കൃഷ്ണയ്ക്കും ഇഷ്ടം. കുഞ്ഞിന്റെ കുറുമ്പ് നിറഞ്ഞ വർത്തമാനം കേട്ട് നടക്കുമ്പോൾ കൃഷ്ണ മറ്റെല്ലാം മറക്കും. രാജലക്ഷ്‌മി പറയാറുള്ളത് പോലെ അവളൊരു മാലാഖക്കുട്ടി തന്നെയാണ്. പാൽപ്പുഞ്ചിരിയുമായി ആരെയും മയക്കുന്ന കുസൃതിക്കുട്ടി. അമ്മേടെ കുറുമ്പി….! കൃഷ്ണ അവൾ പറയുന്നതൊക്കെ മൂളിക്കേട്ട്, ഇടക്ക് എന്തെങ്കിലും ഒക്കെ ചോദിച്ച്, അവളുടെ ഒപ്പം ചിരിച്ച് പതിയെ മുന്നോട്ട് നടന്നു. അന്നേരം പെട്ടന്ന് വീട്ടിൽ എത്തണം എന്ന ചിന്ത അവളുടെ മനസ്സിൽ വന്നതേയില്ല. അമ്മേടെ കൈവിരൽ തുമ്പിൽ മുറുകെ പിടിച്ച്, വാ നിറയെ കൊഞ്ചിയുള്ള വാർത്തമാനവുമായി തുള്ളിക്കളിച്ചു വരുന്ന ആ കുറുമ്പിയെതന്നെ ശ്രദ്ധിച്ചു കൊണ്ട് കുറച്ചു മാറി ഒരാൾ ഇരിക്കുന്നത് അവരിരുവരും കണ്ടിരുന്നില്ല.

“ഉണ്ണിമോളേ…..” അല്പം ദൂരെ നിന്നും ഒരു വിളി കേട്ട് ഉണ്ണിമോള് നിന്നു. കൂടെ കൃഷ്ണയും ….. “ആരാ അമ്മേ എന്നെ വിളിച്ചേ?” ഉണ്ണിമോള് ചുറ്റും നോക്കികൊണ്ട് ചോദിച്ചു. കൃഷ്ണയും അത് തന്നെയായിരുന്നു നോക്കിയത്. കുറച്ചു മാറി പീടിക തിണ്ണയിൽ നിന്നും എഴുന്നേറ്റ്, കാവി മുണ്ടിൽ പറ്റിയിരുന്ന പൊടി തട്ടിക്കളയുന്ന അരവിന്ദനെ കണ്ടതും കൃഷ്ണയുടെ മുഖമിരുണ്ടു. *************