20/04/2026

“ഇന്നെങ്കിലും ആ ചിത്രം എനിക്ക് വരച്ചു തരോ…” കുറുമ്പോടെ.. ചെറു വാശിയോടെ അവൾ ചോദിച്ചു.

രചന – സീത ശ്രേയ

“ഇന്നെങ്കിലും ആ ചിത്രം എനിക്ക് വരച്ചു തരോ…” കുറുമ്പോടെ.. ചെറു വാശിയോടെ അവൾ ചോദിച്ചു.
“പെണ്ണേ നീ ഇന്നും എന്നോട് ഒടക്കാൻ ആണോ….” അവന്റെ മറുചോദ്യം അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു.
” ഇല്ല ഇനി ഞാനിത് ചോദിച്ചു വരില്ല…. എന്നെ പറ്റിക്കാണ്… വേണമെങ്കിൽ ഇതെടുത്തു കഴിക്കാൻ പറേണം അമ്മേ… ഞാൻ ഇയാളോട് ഇനി മിണ്ടാൻ തീരുമാനിച്ചിട്ടില്ല… ”

അപ്പോഴും അവന്റെ ചുണ്ടിലെ പുഞ്ചിരിക്കും അവളെ നോക്കുന്ന കണ്ണുകൾക്കും മാറ്റമൊന്നുമില്ല…അമ്മയും കൂടെ ചിരിക്കാൻ തുടങ്ങിപ്പോ അവൾ വീണ്ടും അവന്റെ നേരെ കൈ നീട്ടി “ഇത് വാങ്ങു… എനിക്ക് പോണം വേറേം ഒരുപാട് പേരുണ്ട് ഇവിടെ… “.പുഞ്ചിരി ഒട്ടും മങ്ങാതെ അവൻ അതുവാങ്ങി കഴിച്ചു. ഒരിക്കൽ കൂടെ ആ മുഖത്തു നോക്കി വീണ്ടും മുഖം വീർപ്പിച്ചു അവൾ ആ മുറിവിട്ടിറങ്ങി..

” നീയെന്തിനാ മോനെ അവളെ ഇങ്ങനെ ദേഷ്യം പിടിപ്പിക്കണേ അതങ്ങ് വരച്ചു കൊടുത്തൂട….?? അമ്മയാണ്….. അവൻ ഒന്നും പറഞ്ഞില്ല..പതിയെ ആ ബെഡിൽ നിന്നും ഇറങ്ങി ജനലോരം ചേർന്ന് നിന്നു.

ചീറി പായുന്ന കുറെ വണ്ടികൾ… വഴിക്കപ്പുറം ഒരു വലിയ ഗ്രൗണ്ട് ആണ്… ആളനക്കമില്ലാതെ… വിജനമായ ഒരു മൈതാനം. അവൻ നോക്കി നിൽക്കേ അവിടെ ഒരുകൂട്ടം കുട്ടികൾ വന്നു നിറഞ്ഞു… ഒരുവന്റെ കയ്യിൽ കറുപ്പും വെളുപ്പും നിറമുള്ള പന്ത്,കാൽപന്ത് ആണ്, വഴിയേ നടക്കുന്നവർ വെറുതെ നോക്കുന്നുണ്ട്.. കുട്ടികൾ കളിക്കുകയാണ് ,കൈമാറിയും, തല കൊണ്ട് ഉയരത്തിൽ പറത്തിയും, മെയ്‌വഴക്കത്തോടെ ഓരോരുത്തരായി ആ പന്തിനെ ഗോൾ പോസ്റ്റിൽ എത്തിക്കാൻ ശ്രെമിക്കുന്നു… പരാജയപ്പെടുമ്പോ നിരാശയോടെ തലവെട്ടിച്ചു അടുത്ത് ക്ഷണം വീണ്ടും ബോളിലേക്കു കുതിക്കുന്ന ആ പയ്യൻമാരിൽ ഒരാൾ പെട്ടെന്ന് വീണു പോയി… വിഷ്ണു ഒന്ന് ഞെട്ടി…. ആ കൊച്ചു പയ്യന് അവന്റ മുഖം ആണ്…….. അവന്റെ കണ്ണ് നിറയുന്നുണ്ട്..

“എന്താ മോനെ വീണ്ടും വേദന തുടങ്ങിയോ??” അമ്മയാണ്,വാക്കുകളിൽ ആദി ഉണ്ട്.കാൾ ബെല്ലിൽ വിരൽ അമർത്തുമ്പോഴേക്കും ആ കണ്ണിൽ കണ്ണീർ കുമിഞ്ഞു കൂടുന്നുണ്ട്.

രാവിലെ എല്ലാ റൂമിലും പോയി മരുന്നുകൾ എല്ലാം കൊടുത്തു എന്നൊരിക്കൽ കൂടെ ഉറപ്പിക്കുമ്പോൾ ആണ് വെപ്രാളപ്പെട്ടു അങ്ങോട്ട് ഓടി വരുന്ന ലീന സിസ്റ്ററെ കണ്ടത്… ഹെഡ് നഴ്സ് ആണ്.. “എന്നാ പറ്റിയെ ലീനമ്മേ എന്തെ ഓടണേ….??” ഇരുന്നിടത്തുന്നു എണീറ്റുകൊണ്ട് ആണ് ചോദിച്ചത്… “വിഷ്ണുന് വീണ്ടും പെയിൻ കൂടുന്നു…. ശർദിക്കുന്നുണ്ട് നീ ഡോക്ടറെ വിളിച്ചേ നിഹാ…..”
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നുന്നത് അവൾ അറിഞ്ഞു.. വേഗം ഒൻകോളജി ഹെഡ് അനിരുദ്ധനെ വിളിക്കുമ്പോ കൈ വിറക്കുന്നുണ്ട്,

ഡോക്ടർ വന്നു .ബ്ലീഡിങ് ഉണ്ട്.. സെഡേറ്റീവ് കുത്തി വയ്ക്കുമ്പോഴും നിറഞ്ഞ കണ്ണീരിലും ഒരു പുഞ്ചിരി അവിശേഷിച്ചു….
“ICU വിലേക് മാറ്റാം “. ഡോക്ടർ പറയുമ്പോൾ എപ്പോഴോ ഉണ്ടായിരുന്ന പ്രതീക്ഷക്കും മങ്ങൽ വീഴുന്നത് അവൾ അറിഞ്ഞു

ബഹളങ്ങൾ ഒഴിഞ്ഞു.. നെടുവീർപ്പോടെ ലീന സിസ്റ്റർ പറഞ്ഞു;” വയസ്സായി പോകുന്നോരുടെ കാര്യം പിന്നേം സഹിക്കാം ഇതിപ്പോ ആ അമ്മച്ചിടെ കണ്ണീര് കണ്ടാൽ സഹിക്കാൻ പറ്റുകേല…. എന്തോരം സ്നേഹം ഒള്ള പയ്യനാ… ഇവിടെ വരുന്നോരിൽ ഒന്നോ രണ്ടോ ഉണ്ടാവു ആ കൊച്ചനെ പോലെ. അല്ലേൽ രോഗത്തോട് ഉള്ളതുടെ നമ്മടെ അടുത്തല്ലേ ഇറക്കാ”. “നീയെന്നാടി കൊച്ചേ മിണ്ടാത്തെ “…തോളിൽ ഒരു തട്ട് കിട്ടിപ്പോ ആണ് പെട്ടെന്ന് തനിക് എന്താ പറ്റിയെന്നു തോന്നിത്.

മൂന്ന്‌ മാസം മുന്നേ ആണ് ആദ്യമായി കാണുന്നത്.തുടക്കക്കാരി ആയത്കൊണ്ട് ഓടി പാഞ്ഞു വന്നാണ് 8ന് മുന്നേ ഫ്ലോറിൽ എത്തുക. സ്വന്തമായി ഒരു വണ്ടി ഒക്കെ സ്വപ്നമാണ്.അന്ന് മഴയും ഉണ്ടായിരുന്നു ഓടിപിടിച്ചു വന്നു യൂണിഫോം മാറി വന്നപ്പോ സീനിയർ ബ്രദർ ഒക്കെ കണ്ണുരുട്ടുന്നത് കണ്ടില്ലന്നു വച്ചു… പേഷ്യന്റ്സ് ന്റെ വിവരങ്ങൾ പറയുമ്പോൾ കേട്ടു ; “ഒരു പയ്യൻ, 25വയസ്സേ ഒള്ളു, ഇന്നലെ വന്നത്രെ..ബോൺ മാരോ ക്യാൻസർ ആണ് അറിഞ്ഞില്ലാരുന്നു…”

എന്തോ ഇവിടെ എന്നും ഇതുപോലെ ഉള്ളവർ ആണ് ;പ്രതീക്ഷകൾ ഇല്ലാത്തവർ, ജീവിതത്തെ കൊതിപിടിച്ചു നോക്കുന്നവർ…. ഇതുവരെ ജീവിച്ചു തുടങ്ങാത്ത കുഞ്ഞുങ്ങൾ… എല്ലാ സങ്കടങ്ങളും നിസ്സാരവത്കരിക്കാൻ ഇവിടെ വന്നാൽ മതീന്ന് പലരും പറയും…പക്ഷെ വേദനയിൽ കരയുന്നവർക്കു മുന്നിൽ ഒന്നും ചെയ്യാനില്ലാത്ത ഒരു നിസ്സഹായാവസ്ഥ വല്ലാതെ കൊല്ലുന്നതാണ്.ചിലപ്പോൾ ഒക്കെ തോന്നും വേറെ ഏതെങ്കിലും ഡിപ്പാർട്മെന്റ്ലേക്ക് മാറിയാലോന്ന്, പിന്നെ തോന്നും നമ്മുടെ ഒരു സാന്ത്വനത്തിന്, ഒരു പുഞ്ചിരിക്ക് ഏറ്റോം ശക്തി തോന്നുന്നുത് ഇവിടെയാണെന്ന്‌.

ആദ്യം കാണുമ്പോൾ വല്യ മിണ്ടാട്ടം ഒന്നും ഉണ്ടായില്ല ചോദിക്കുന്നതിനു മാത്രം ഒരു മൂളലോ ഒക്കെ മാത്രം… കണ്ണ് നീരു വറ്റാതെ ഒരമ്മയും…
മരുന്ന് നീട്ടുമ്പോൾ പോലും മുഖത്ത് നോക്കിയില്ല. “എന്താ മാഷേ ഇങ്ങനെ ചടഞ്ഞു കൂടി ഇരിക്കണേ?? ഒന്നുഷാറായിക്കെ ” ചിരിച്ചുകൊണ്ടാണ് പറഞ്ഞത്… എന്റെ മുഖത്തേക്ക് ഒന്നുകൂടെ നോക്കി വീണ്ടും തലകുനിച്ചിരുന്നത് കണ്ടപ്പോൾ എന്തുകൊണ്ടോ തോൽവി സമ്മതിക്കാൻ മടിതോന്നി. “മാഷെന്താ മിണ്ടൂലന്നാ…..??”. ഇപ്പൊ അമ്മയും എന്നെ നോക്കുന്നുണ്ട് ഞാൻ ആ കയ്യിൽ പിടിച്ചു പറഞ്ഞു ; “എന്റെ അമ്മേ അസുഖം മാറാനല്ലേ ഇങ്ങ് വന്നേ…. ചികിത്സയും നടക്കുന്നുണ്ട് പിന്നെ എന്തിനാ ഈ സങ്കടം മനസ്സ് സമാധാനയാലേ ശരീരവും പറഞ്ഞാൽ കേക്കൂ”

അപ്പൊ ആ മുഖതും എനിക്കായി ഒരു ചിരി കണ്ടു പിന്നീട് ചെന്നപ്പോഴും അവസ്ഥക്ക് മാറ്റം ഒന്നൂല്ല ഇത്തവണ കയ്യിൽ ഒരു പുസ്തകം കൂടെ ഉണ്ടെന്നു മാത്രം ഞാൻ വേഗം ചെന്ന് ആ പുസ്തകം വാങ്ങി നോക്കി “ദി fault in ഔർ സ്റ്റാർസ് ബൈ ജോൺ ഗ്രീൻ ” ഞാൻ വായിച്ചിട്ടുള്ള പുസ്തകം ആണ്..
കൊറേ സമയം പിന്നെ ആ പുസ്തകത്തെ കുറിച് കലപില പറഞ്ഞു ആദ്യം ശ്രെദ്ധിച്ചില്ലെങ്കിലും പതിയെ നോക്കുന്നത് കണ്ടു എന്തുകൊണ്ടോ എനിക്കും ആവേശം ആയിരുന്നു….. കയ്യിൽ ഇരുന്ന ഒരു പുസ്തകത്തിൽ നിന്നും മറ്റൊന്നിലേക്… വന്നു വന്നു ബാലരമ വരെ ആയി കൊറച്ചു നേരം ആയി എന്നു തോന്നി ഞാൻ നിർത്തിയപ്പോ അമ്മ അത്ഭുതത്തോടെ വിഷ്ണുവിന്റെ മുഖത്തേക്ക് നോക്കുന്നുണ്ടായിരുന്നു.. ഞാൻ തല തിരിച്ചു നോക്കുമ്പോ എന്നെ തന്നെ നോക്കി ഇരിക്കുന്നു. ഒരു ചെറിയ പരിഹാസം ഉണ്ടായിരുന്നു ആ ചിരിയിൽ… എന്താ എന്നു തിരിച്ചും ചോദിച്ചപ്പോ ഒന്നും മിണ്ടാതെ ബെഡിലേക് ചാഞ്ഞു. എന്തോ ചെറിയ ദേഷ്യം വരുന്നുണ്ടായിരുന്നു തിരിഞ്ഞു വാതിൽ വരെ എത്തുമ്പോൾ കേക്കാം ; “ഇവിടെ എന്തെമ്മേ നഴ്സുമ്മാർക് പണി ഒന്നും ഇല്ലേ” ന്ന്‌. അപ്പൊ ഒന്നും പറഞ്ഞില്ല…മുറി വിട്ടു പൊന്നു..

ശെരിയാണ് നേരം കുറച്ചായി. അങ്ങനെ അധികം ഒരു മുറിയിൽ ഇരിക്കാറില്ല . തിരികെ വരുമ്പോ കണ്ടു ലീനമ്മ ചെറഞ്ഞു നോക്കുന്നുണ്ട്. നന്നായി ഒന്ന് ചിരിച്ചു കാണിച്ചു. പാവം ആണ്. വഴക്കൊന്നും പറയില്ല. ആ നോട്ടത്തിന് തന്നെ ഒരാജ്ഞാ ശക്തി ഉണ്ടെന്നു തോന്നും.

പിറ്റേദിവസം വീട്ടിൽ നിന്ന് ഇറങ്ങാൻ നേരം ഒരു പുസ്തകം കൂടെ കയ്യിൽ ഉണ്ടായിരുന്നു. എന്തോ ആ മനുഷ്യനോട് മിണ്ടാൻ ഒരു കാരണം അന്വേഷിക്കാൻ തടങ്ങുന്നു മനസ്സ്.

പതിവ് പണികൾ എല്ലാം ചെയ്തു വീണ്ടും ആ മുറിയിലേക്ക്. ഇന്നെന്തോ വാതിൽ തുറന്നപ്പോഴേ അമ്മ ചിരിയോടെ നോക്കുന്നുണ്ട്. ഞാനും മറുപടി ആയി ഒരു ചിരി കൊടുത്തു. ആളെ നോക്കുമ്പോ ഇന്നും അതെ പുസ്തകം തന്നെ ആണ് കയ്യിൽ. ” ഇത്‌ ഇത്‌വരെ വായിച്ചില്ലേ മാഷേ…??എന്റെ കയ്യിൽ ഒക്കെ ഒരു പുസ്തകം കിട്ടണം ഒറ്റയിരുപ്പിന് വായിച്ചു തീരും ” അടുത്തേക് ചെല്ലുമ്പോ ആണ് കാണുന്നത് ബെഡിൽ തന്നെ ഒരു ചെറിയ ക്യാൻവാസ് അതിൽ ഒരു പെൺകുട്ടി ഉണ്ട്. അവളുടെ കണ്ണുകളിലേക്ക് നോക്കി എന്നപോലെ കുറച്ചു കൂടെ വലിയ ഒരാൺകുട്ടിയുടെ മുഖവും….

ഓടി പോയി അത് കയ്യിൽ എടുക്കുമ്പോ ആ മുഖത്തു ദേഷ്യം ആണോ എന്നൊന്നും നോക്കിയില്ല അത്ഭുതം ആയിരുന്നു ആ പുസ്തകത്തിലെ കഥാപാത്രങ്ങളോട് നല്ല സാമ്യം തോന്നുന്നു. ” ഇത്‌ ഇവർ അല്ലേ?? ” ആളുടെ കയ്യിൽ ഇരുന്ന പുസ്തകം കയ്യിൽ എടുത്തു ചോദിച്ചു. ” അങ്ങനെ തോന്നാൻ എന്താണ്…? ” ഒരു ചോദ്യം ആണ് മറുപടി. ” അല്ലേ… ആണെന്ന് തോന്നി…. ” . ” അതെങ്ങനെ അറിയും”? വീണ്ടും ചോദ്യം… ” അത്… അതൊരു ഊഹം ആണ്…..ചിത്രകലയും വശമുണ്ടല്ലേ… ” .വീണ്ടും ഒരു ചിരി ആണ് ഉത്തരം….എന്തോ പരിഭവം തോന്നി..

വീട്ടിൽ ആരൊക്കെയാ…. എന്താ പഠിച്ചേ വേറെ എന്തൊക്കെ അറിയാം അങ്ങനെ കൊറേ ചോദ്യങ്ങൾ മാറി മാറി ചോദിച്ചു…. വെറുതെ നോക്കി ഇരിക്കുന്നുണ്ട് ഇടക്ക് കണ്ണുകൾ എന്റെ കയ്യിലെ പുസ്തത്തിൽ വന്നു നിക്കൽക്കുന്നുണ്ട്. ” എനിക്ക് ഉത്തരം തന്നാൽ ഇത് തരാം….. ” അപ്പോൾ വീണ്ടും ചിരിച്ചു. ഇത്തവണ കുറച്ചുകൂടെ ഉച്ചത്തിൽ.. ” എന്നെയെന്തിനാ ഇങ്ങനെ കളിയാക്കണേ ഞാൻ പോകുന്നു….” തിരിച്ചു നടന്നു വാതിൽ വരെ ചെന്ന് വീണ്ടും തിരിച്ചു വന്നു. ആ കണ്ണുകളിൽ ഞാൻ ഉണ്ട്… കയ്യിൽ ഇരുന്ന പുസ്തകം കൊടുത്തു പറഞ്ഞു ; ” ഇതും വായിച്ചോ നല്ലതാണ്..എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. ” അതും പറഞ്ഞു തിരികെ നടന്നപ്പോൾ എന്നിലും ഉണ്ടായിരുന്നു ഒരു ചിരി.

വീണ്ടും ദിവസങ്ങൾ പോയി..അന്ന് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. അന്നാണ് ആദ്യം ആയി കരയുന്നത് കേട്ടത്. ബെൽ കേട്ട് ഓടി ചെല്ലുമ്പോൾ തലയിൽ മുറുകെ പിടിച് കണ്ണടച്ചു ഇരിക്കുന്നതാണ് കണ്ടത്. വല്ലാതെ വെപ്രാളം തോന്നി. വേദനസംഹരികൾ പ്രവർത്തിക്കുന്നില്ലേ എന്നു തോന്നി.

വന്നതിനേക്കാൾ ഒരുപാട് ക്ഷീണിച്ചിരുന്നു കണ്തടങ്ങളിൽ ഇരുട്ട് വീണിട്ടുണ്ട്. ഒന്നും ചെയ്യാനില്ലാതെ നേര്യതിന്റെ അറ്റം കടിച്ചു പിടിച്ചു നിൽക്കുന്ന അമ്മയുടെ കണ്ണുനീരും പൊള്ളിക്കുന്നുണ്ട്. ഡോക്ടർ വിളിച്ചു പറഞ്ഞത് അനുസരിച്ചു മയങ്ങാൻ ഉള്ള മരുന്ന് ആണ് കൊടുത്തത്. എന്തോ വല്ലാതെ വിഷമം തോന്നുന്നു. ഇതിന് മുൻപും വേദനിക്കുന്ന രോഗികളെ കാണാറുണ്ട് , അവരുടെ വേദന വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്, എന്നാൽ ഇതുവരെ ഇത്രയേറെ തളർച്ച തോന്നിയിട്ടില്ല ഓരോ മണിക്കൂർ ഇടവിട്ട് മുറി തുറന്നു നോക്കും. ഷീണിച്ചു വല്ലാതെ ഉള്ള ആ കിടപ്പു കാണുമ്പോ ആശ്വാസം തോന്നുന്നില്ല, നോവ് മാത്രം…

രാവിലെ നല്ല ക്ഷീണം തോന്നി. മടങ്ങുന്നതിനു മുൻപ് വീണ്ടും ആ മുറിവാതിൽ തുറന്നു നോക്ക. എഴുന്നേറ്റിട്ടുണ്ട്.എന്നെ കണ്ടു എന്ന് തോന്നി. പതിയെ അരികിൽ ചെന്നു. “പേടിപ്പിച്ചല്ലോ ഇന്നലെ” പറയുമ്പോൾ എന്റെ ഉള്ളിലും നെഞ്ചിടിപ്പേറുന്നത് അറിയുന്നുണ്ടായിരുന്നു.

“ശെരിക്കും മടുപ്പ് തോന്നുന്നു ഇതെന്നാ ഒന്ന് തീരുക..?”. ” എന്ത്..? ” ഞാൻ ചോദിച്ചു; “എനിക്കിങ്ങനെ പറ്റുന്നില്ലെടോ, അമ്മേ കണ്ടോ താൻ… ഞാൻ നോക്കണ്ട ആളാ ഇപ്പൊ ഞാൻ കാരണം പാതി ആയി….” “സഹായിക്കാൻ പറ്റിലെങ്കിലും ഈ ജീവൻ അങ്ങ് തീർന്നു കിട്ടിയിരുന്നേൽ ഇനിം ഉപദ്രവിക്കേണ്ടി വരില്ലാരുന്നു ല്ലെടോ…..?? .കേൾക്കുന്നതൊന്നും ദഹിക്കുന്നില്ല.. എവിടെയൊക്കെയോ പൊള്ളുന്നു. ആ അമ്മ ഓടി വന്നു ആളോട് കരഞ്ഞു ചോദിക്കുന്നുണ്ട്;
” നീയിതെന്നാ പറയാ വിച്ചു….. എനിക്ക് പറ്റാത്തത് നിന്റെ ഈ വർത്താനം ആണ്…”. ഞാൻ അമ്മേ ചേർന്ന് നിന്നു. അവർക്ക് ആ സമയം ചായാൻ ഒരു തോൾ ആണ് ആവശ്യമെന്നു തോന്നി…
“ഇവന് ആറുവയസ്സേ ഒള്ളു അച്ഛൻ… മാധവട്ടൻ പോകുമ്പോ… അന്ന് തൊട്ട് എനിക്ക് വിച്ചും ഇവന് ഞാനുമേ ഒള്ളു ഇപ്പൊ ഇവനും പോണോന്ന്.. പിന്നെ എനിക്കാരാ?? എത്ര ദീസം കൊണ്ട് ഞാൻ പ്രാർത്ഥിക്കന്നറിയോ എന്നെ അങ്ങട് വിളിച്ചോളൂ ന്റെ കുട്ട്യേ വിളിക്കല്ലെന്നു എന്നിട്ടും ഇവനീ പറേണെ നീ കേട്ടില്ലേ…””

ആ അമ്മേടെ കണ്ണുനീർ നീറ്റുന്നത് എന്നെ ആണ് എന്ന് പറയാൻ തോന്നി…ഇനിയും ഒരു പ്രതീക്ഷ കൊടുക്കാൻ പോലും ശക്തി ഇല്ലാതെ ആയിരിക്കുന്നു. ഞാൻ തിരികെ നടന്നു….

പതിയെ… വളരെ പതിയെ ആണ് എന്നോട് സംസാരിച്ചു തുടങ്ങിയത്… ഒരുപാട് ആഗ്രഹങ്ങൾ ഒക്കെ ഉള്ളത് പറഞ്ഞു കേൾപ്പിച്ചു തുടങ്ങി. ഇടക്കെപ്പോഴോ ആ കണ്ണുകളിൽ നോക്കാൻ മടി തോന്നുന്നതറിഞ്ഞു. മിണ്ടാൻ കാരണങ്ങൾ തേടിയിരുന്ന ഞാൻ വാക്കുകൾക്ക് പരതുന്നത് പതിവായി.. അതിനും കൂടെ അയാൾ സംസാരിച്ചു തുടങ്ങി.

കൂടെ ഉള്ളവർ ഉപദേശിക്കാൻ ആരംഭിച്ചു. പലരും സംശയം പറഞ്ഞു തുടങ്ങി നിന്റെ നല്ലതിനല്ല കുട്ടി വെറുതെ ദുഖിക്കേണ്ട… അതൊന്നും അംഗീകരിക്കാവുന്നല്ലായിരുന്നു. കൊതിആയിരുന്നു..കൊറേ മിണ്ടാൻ കൊറേ കാണാൻ വേറെ ഒന്നുമല്ല ആരെയുമല്ല….കണ്ട് കണ്ട് ഉള്ളിൽ നിറക്കണം എന്ന് തോന്നൽ ആയിരുന്നു. അവൻ അറിയുന്നതിനോട് പേടി ആയിരുന്നു….

അവൻ പറയും;

“ഒരാളുടെയും സ്നേഹത്തിന് പാത്രമാവരുത് അത് അതെ അളവിൽ തിരികെ കൊടുക്കാൻ ആയില്ലെങ്കിലോ അത് കടം കിടക്കും…. അതെന്നെ ബാധ്യതകളില്ലാതെ പോകുന്നതിൽ നിന്നും പിന്തിരിപ്പിക്കും എന്നെ നോവിക്കും.. ”

എങ്കിലും എനിക്ക് തോന്നാറുണ്ട് എന്നെ ഇഷ്ടം ആണെന്ന് , വേറെ ആരെയും കാണാൻ കൂട്ടാക്കാത്തപ്പോൾ പോലും എന്നെ ചോദിക്കാറുണ്ടെന്നു കേക്കുമ്പോൾ , ഞാൻ കൊടുത്ത പുസ്തകം തലയിണയുടെ താഴെനിന്നു മാറ്റാൻ അനുവദിക്കാത്തപ്പോൾ , ഒക്കെ വല്ലാത്ത പ്രണയം തോന്നും… ഡ്യൂട്ടി ടൈം കഴിഞ്ഞാലും പോകാതെ അവിടെ തന്നെ ഇരിക്കണം, ഇഷ്ട്മെന്നു പറഞ്ഞതൊക്കെയും കൊടുക്കണം , ചെയ്യാൻ ആഗ്രഹം ഉള്ളതൊക്കെയും അവനുവേണ്ടി ചെയ്യണം.

അങ്ങനെ വാങ്ങി കൊടുത്തതാണ് ഒരു നിറക്കൂട്ട്. അവൻ വായിച്ച, ഞാൻ വായിച്ച കഥാകളിലെ കഥാപാത്രങ്ങളെ നിറങ്ങൾ ചാലിച്ച അവന്റെ ക്യാൻവാസിലേക്ക് പടർത്തുമ്പോ ഞാൻ കൊതിയോടെ ചോദിക്കും;
” ഇനിയെന്നാണ് എന്നെ നീ ഈ ക്യാൻവാസിൽ വരക്കുക…?? ” അപ്പോൾ അവൻ പറയും; ” ഞാൻ വായിച്ചു തീർത്ത പുസ്തകങ്ങൾക്കുള്ളിലെ ആളുകളെ മാത്രമേ വരക്കൂ നിന്നെ വായിച്ചു തീർക്കാൻ പറ്റിയില്ലല്ലോ ” എന്ന്… അത് കേട്ട് വെറുതെ ശുണ്ഠി പിടിക്കും പിണങ്ങും വെറുതെ….. വെറുതെ……

“വിഷ്ണുവിന് കാണണം എന്ന്….” സിസ്റ്റർ വന്നു പറയുമ്പോ അമ്മയെ ആണ് നോക്കിയത്. പോയി വരാൻ കണ്ണ് കാണിച്ചപ്പോൾ കാലുകൾക്ക് വേഗത നഷ്ടമാവുന്നതറിഞ്ഞു. ഭിത്തിയിൽ താങ്ങിയും ഒക്കെ കിടക്കയുടെ അരികിൽ എത്തുമ്പോ എന്നെ നോക്കിയ ആ നിറഞ്ഞ കണ്ണുകൾ എന്നെ തളർത്തുന്നത് ഞാൻ അറിഞ്ഞു.

“ഞാൻ കടക്കാരൻ ആയിപ്പോയെടോ തന്നോട്…”. ” നീയെന്നോട് ഓരോ തവണ ചോദിക്കുമ്പോഴും അടുത്ത തവണത്തേക്ക് മാറ്റി മാറ്റി വെച്ച പൂർത്തിയാക്കാനാവാത്ത ഒരു ചിത്രം ഞാൻ കിടന്ന തലയിണയുടെ അടിയിൽ സൂക്ഷിച്ചുവച്ചിട്ടുണ്ട് അതൊന്ന് പൂർത്തിയാക്കാനുള്ള അവസരം പോലും ദൈവം എനിക്ക് തന്നില്ലല്ലോ…..”

എന്റെ വിരലുകളിൽ കോർത്ത ആ വിരലുകൾ ബലമില്ലാതെ ഊർന്നുവീണു…ആ കാഴ്ച കണ്ടു നിൽക്കാനാവാതെ, അവന്റെ ജീവനറ്റ ശരീരം കാണാനാവാതെ ഞാൻ ഇറങ്ങി ഓടുകയായിരുന്നു അപ്പോൾ ആ മുറിയിൽ അവൻ കിടന്നാ കട്ടിലിൽ നിന്നും കാറ്റേറ്റ് എന്നപോലെ പാതി തീർന്ന അവളുടെ ചിത്രം താഴേക്ക് ഊർന്നു വീണു…..