11/05/2026

ശ്രീദേവി : ഭാഗം 04

രചന – രോഹിണി ആമി

രാത്രിയിൽ ശ്രീയെ കഴിക്കാൻ പിടിച്ചിരുത്തിയതിനു ശേഷം മാത്രമാണ് എല്ലാവരും ഇരുന്നത്…. കൂടെ അച്ഛമ്മ യെയും കൊണ്ടിരുത്തി ഉണ്ണി…… അച്ചുവിന് അവൾ പറഞ്ഞിട്ട് എന്തോ സ്പെഷ്യൽ അമ്മയുണ്ടാക്കി വായിൽ വച്ചൂട്ടിക്കുന്നുണ്ട്……. ഉണ്ണിക്കും അച്ഛമ്മക്കും ഭക്ഷണം വിളമ്പി കൊടുത്തിട്ട് അവർക്കു നടുവിൽ ശ്രീയും വന്നിരുന്നു……

അപ്പുവിന്റെ കണ്ണുകൾ രണ്ടും ശ്രീയുടെ മേലെയാണ്…… ശ്രീ അവനെ ശ്രദ്ധിക്കാതെ മഹിയെ സ്നേഹിക്കുന്നതിൽ നല്ല കുശുമ്പുണ്ട്……. വിഷമവും…… അതിനാണ് മാറി നടക്കുന്നത്……. ഉണ്ണിക്കതു മനസിലായി …… ശ്രീ കൂടുതൽ സമയവും അച്ഛമ്മ ക്കൊപ്പമാണ്….. കിടപ്പും ഇരിപ്പും എല്ലാം……. ആരെയും ശ്രദ്ധിക്കുന്നില്ല….. ഇടയ്ക്കിടെ വന്നു ഉണ്ണിയവിടെയെന്നു നോക്കിപ്പോകുന്നത് കാണാം…… ശ്രീയെ ശല്യം ചെയ്യാൻ ഉണ്ണിയും പോയില്ല……

അതിരാവിലെ തന്നെ എല്ലാവരും എഴുന്നേറ്റു……. ഒരു പുതിയ സെറ്റും മുണ്ടും ശ്രീയുടെ കയ്യിൽ പിടിപ്പിച്ചു അമ്മ……. ഒരുക്കങ്ങൾ ഒന്നുമില്ലാതെ താലിമാല മാത്രം ഇട്ടു ഇറങ്ങിയ ശ്രീയെ നാത്തൂന്മാർ കയ്യോടെ പിടിച്ചു……… മുടിയിൽ നിറയെ മുല്ലപ്പൂ വെച്ചു…… സിന്ദൂരരേഖ നീളത്തിൽ ചുവപ്പിച്ചു…… ചുവന്ന പൊട്ടും കുത്തി…….. എല്ലാവരുടെയും ഇഷ്ടങ്ങൾക്കനുസരിച്ചു ശ്രീ സ്നേഹത്തോടെ നിന്നു കൊടുത്തു……. ഒന്നു കണ്ണാടി പോലും നോക്കാതെ നേരെ അച്ഛമ്മയുടെ അനുഗ്രഹം വാങ്ങാൻ പോയി……..

പരദേവതയെ പൂജിക്കുന്ന മുറിയിൽ നിന്നും വിളക്കെടുത്തു…… ക്ഷേത്രത്തിലേക്ക് പോകാനിറങ്ങി……… ബാക്കിയുള്ള പെണ്ണുങ്ങൾ താലം പിടിച്ചു ശ്രീക്കു ചുറ്റുമുണ്ട്….. അതിനു നടുവിൽ ഒരു ദേവിയെപ്പോലെ ശ്രീയും……. ശ്രീയുടെ കണ്ണുകൾ ആരെയോ തിരയുന്നുണ്ട്…… അതു ഉണ്ണിയിൽ വന്നവസാനിച്ചു……. ഒന്നു ചിരിച്ചു കാണിച്ചു ഉണ്ണി……. അച്ചു മാത്രം താലമെടുക്കാൻ നിന്നില്ല….. ഏതു നേരത്താ മനം പുരട്ടുകയെന്നു പറയാൻ പറ്റില്ല…..

ഈ വീട്ടിലെ ദേവിയെയാണ് ഒരു വിലയും കൊടുക്കാതെ നമ്മുടെ ആ നാലു ചുവരുകൾക്കിടയിൽ ഇട്ടു കഷ്ടപ്പെടുത്തിയത്……… ഉണ്ണി തനിക്കരികിൽ നിൽക്കുന്ന മക്കളോടായി പറഞ്ഞു……..

എന്തു ഭംഗിയാ അച്ഛാ ഒരുങ്ങിയിറങ്ങിയപ്പോൾ അമ്മയെ കാണാൻ…… അതിന്റെ കുറച്ചു പോലും ഭംഗി എനിക്കു കിട്ടിയിട്ടില്ല…….. അച്ചു പരിഭവം പറഞ്ഞു ………

സത്യം……. മഹി പിൻതാങ്ങി…… പിന്നെയൊരലർച്ചയും…….

ഉണ്ണി നോക്കിയപ്പോൾ ഒരു കാൽ പൊക്കിപ്പിടിച്ചു തിരുമ്മുന്നുണ്ട്……. അച്ചു ചവിട്ടിയതാണെന്നു മനസ്സിലായി……

അപ്പുവിനെ പ്രസവിച്ചതിനു ശേഷം അവൾ സ്വന്തം ആരോഗ്യം ശ്രദ്ധിച്ചിട്ടില്ല…… അവൾക്കതിന് സമയം കിട്ടിയിട്ടില്ല…… അതാണ് സത്യം……. അത്രക്കും വാശിയായിരുന്നു അപ്പുവിന്……. അവളെ ഒന്നുറങ്ങാൻ പോലും വിട്ടിട്ടില്ല…… എന്നാലും ഒരു പരാതിയോ പരിഭവമോ ഇന്നേ വരെ പറഞ്ഞു കേട്ടിട്ടില്ല….. ഈ പ്രായത്തിലും അവളുടെയീ ഭംഗി മായാതെ നിൽക്കുന്നത് ഉള്ളിലുള്ള നന്മ ഒന്നുകൊണ്ടു മാത്രമാണ്…… നമ്മൾ മാത്രമതു കാണാതെ പോയി……. മാറ്റം വന്നത് നമുക്കു മാത്രം….. അവൾ അന്നും ഇന്നും ഒരുപോലെ….. ഉണ്ണി ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്തു പറഞ്ഞു…..

അപ്പു കണ്ണു തുടക്കുന്നതു കണ്ട് മഹി അവനെ ചേർത്തു പിടിച്ചു……. ഉള്ളിലെ വിതുമ്പൽ അപ്പുവിന്റെ ചുണ്ടിൽ തെളിഞ്ഞു കാണാൻ പറ്റി മഹിക്ക്…….

ദേവിയുടെ വിളക്കിൽ നിന്നും ക്ഷേത്രത്തിലേക്ക് തിരി പകർന്നു…. അത് ചുറ്റിനും തെളിയിച്ചു എല്ലാവരും കൂടി…….. ഉത്സവത്തിന് കൊടിയേറി…….. എല്ലാവരും മനസ്സുനിറഞ്ഞ് പ്രാർത്ഥിച്ചു തിരിച്ചു വീട്ടിലേക്ക് നടന്നു…….. ദേവിയുടെ കയ്യിൽ തൂങ്ങി അച്ചുവും.. അപ്പുവിന്റെ കൂടെ മഹിയും നടന്നു…… ഉണ്ണി അളിയൻമാരുടെ നടക്കും……..

വീട്ടിലെത്തിയതും ശ്രീ വലിയ പൊട്ടൊക്കെ മായിച്ചു മുടിയിൽ നിന്നും മുല്ലപ്പൂമാല എടുക്കാനൊരുങ്ങവേ ഉണ്ണി വന്നു തടഞ്ഞു…..

അതവിടെ ഇരിക്കട്ടെ…… എന്തിനാ എടുത്തു മാറ്റുന്നത്……..

എനിക്കെന്തോ ശീലമില്ലാഞ്ഞിട്ടാണെന്നു തോന്നുന്നു….. തലയിൽ വലിയ ഒരു ഭാരം വച്ചിരിക്കും പോലെ…..

അതുംപറഞ്ഞു ശ്രീ പൂവ് മുഴുവൻ കയ്യിലെടുത്തു……. കുരുങ്ങിയ മുടി പതിയെ മാറ്റിയെടുത്തു…… ഉണ്ണി ഒന്നും പറയാതെ ഇറങ്ങി പോകുന്നതു ശ്രീ കണ്ടു…..

മുടി മുഴുവനും എടുത്തു വട്ടത്തിൽ കെട്ടിവെച്ചു……. കുറച്ചു പൂവെടുത്തു അതിനു ചുറ്റും വെച്ചു…… എന്നിട്ട് ഉണ്ണിയെ തിരക്കി നടന്നു…….

ഏട്ടന്റെ കൂടെ നിന്നു വർത്തമാനം പറയുന്ന ഉണ്ണിയുടെ മുന്നിൽ കൂടി രണ്ടുവട്ടം നടന്നു….. എന്താ ഉണ്ണിയേട്ടൻ നോക്കാത്തത്…..

എന്താടീ നിനക്കൊരു കള്ളത്തരം…… ഏട്ടൻ ചോദിച്ചു…….

ഒന്നുമില്ലെന്ന് ചുമൽ ഉയർത്തി കാണിച്ചു അകത്തേക്ക് നടന്നു……. ഒന്നു തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ണിയേട്ടൻ തന്നെ നോക്കി നിൽക്കുന്നത് കണ്ടു……. പതിയെ കൈ കൊണ്ടു മുടിയിൽ വച്ച പൂവിനെ തലോടി……

അയ്യോ……. ദേവമ്മ എന്നെ ചവിട്ടിയേ….. ദേവീ താഴേക്കു നോക്കിയപ്പോൾ വീട്ടിലുള്ള ഒരു ചെറുത് ഒറ്റക്കാലിൽ നിൽപ്പുണ്ട്……. കൂടുതൽ കാറി ആൾക്കാരെ അറിയിക്കും മുൻപ് അവളെ എടുത്തു സോപ്പിട്ടു……..

അമ്മക്കിതെന്തു പറ്റി……. എവിടെ നോക്കിയാ നടക്കുന്നത്…… കുറച്ചു നേരമായല്ലോ….. അങ്ങോട്ടും ഇങ്ങോട്ടും…… അച്ചുവാണ്…….. കൂടുതൽ പറയുന്നതിന് മുൻപ് അവൾക്കു മനം പുരട്ടി…..

ആവൂ….. നന്നായി…….. ഇല്ലെങ്കിൽ നാണം കെടുത്തിയേനെ പെണ്ണ്……. താനെന്താ ചെറിയ പെണ്ണിനെപ്പോലെ……. മുതിർന്ന രണ്ടു കുട്ടികളുടെ അമ്മയാണെന്ന വിചാരം ഇല്ലാതെ….. ഉടനെ അമ്മമ്മയും……

ഇന്നലെ ഉണ്ണിയേട്ടൻ തന്റെ കൈയ്യിൽ പിടിച്ചപ്പോൾ മുതലുള്ള മാറ്റമാണ്….. ആ കണ്ണുകളിൽ നിറഞ്ഞിരുന്ന സ്നേഹം അതിപ്പോളും മനസ്സിലുണ്ട്……. അങ്ങനെയൊരു നോട്ടം വര്ഷങ്ങളായി നഷ്ടപ്പെട്ടിട്ട്…… തനിക്കൊരു കുറവും വരുത്തിയിട്ടില്ല…… പക്ഷേ ഞങ്ങൾക്കിടയിൽ എന്തോ ഒന്ന് നഷ്ടപ്പെട്ടിട്ട് നാളുകളായി….. നഷ്ടപ്പെട്ടത് എന്താണോ അതിന്നലെ തിരിച്ചു കിട്ടിയതുപോലെ…… ശ്രീയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…..

ഇനിയാരുടെയും കാലിൽ ചവിട്ടരുത്….. ഞാൻ കാണാൻ വേണ്ടി നീ വച്ചത് ഞാൻ കണ്ടുകഴിഞ്ഞു…… ഒന്നുകൂടി സുന്ദരിയായിട്ടുണ്ട് എന്റെ ദേവി…….

പിറകിൽ നിന്നും വന്ന ശബ്ദത്തിൽ നിന്നും ആളെ മനസിലായി……… തിരിഞ്ഞു നോക്കാൻ ശ്രീക്കു മടി തോന്നി……

രണ്ടു കൈകൾ പിന്നിലൂടെ വയറിൽ ചുറ്റുന്നതറിഞ്ഞു ശ്രീ……

വിട്…… അയ്യേ… നാണമില്ലേ…..

ഞാനെന്തിനാ നാണിക്കുന്നത്……. എന്റമ്മയെയാ ഞാൻ കെട്ടിപ്പിടിച്ചത്……

ഈശ്വരാ…… അച്ചു…… ഈ പെണ്ണു കാരണം ഞാനിതു രണ്ടാം തവണയാണ് നാണം കെടുന്നത്….. ഭാഗ്യം… കൂടുതലൊന്നും ചോദിച്ചില്ല അവൾ……. ഒരു ശർക്കര തുണ്ട് വായിലിട്ടു കൊടുത്തു…… കിട്ടിയതുംകൊണ്ട് തൃപ്തയായി അവൾ പോയി……

എല്ലാവരും കൂടിയിരുന്നു സൊറ പറയുമ്പോളും ഉണ്ണിയുടെ കണ്ണുകൾ തന്റെ മുഖത്താണെന്ന് ശ്രീ അറിഞ്ഞു…….. ശ്രീ കാണാതെ രണ്ടു കണ്ണുകൾ കൂടി അവളെ നോക്കിയിരിപ്പുണ്ടായിരുന്നു…… അപ്പുവിന്റെ….. അമ്മയുടെ സന്തോഷം മുഴുവനും കാണുകയായിരുന്നു അവൻ ……

നാലു ദിവസം പോയതറിഞ്ഞില്ല….. മഹിയുടെ വീട്ടുകാർ രണ്ടാം ഉത്സവം കഴിഞ്ഞപ്പോഴേ പോയിരുന്നു…… മഹി മാത്രമാണ് പിന്നീട് നിന്നത്……. ഉത്സവം കൊടിയിറങ്ങി…… തിരക്കെല്ലാം ഒഴിഞ്ഞു…… തിരിച്ചു പോകാനുള്ളതെല്ലാം ബാഗിലാക്കുമ്പോൾ ഇങ്ങോട്ടു പോന്ന ഉത്സാഹം ഉണ്ടായിരുന്നില്ല ശ്രീക്കു ……..

ഈ വീടിന്റെ ദേവി പോകുവാണോ…… ഇനിയെന്നാ അച്ഛമ്മയെ കാണാൻ…….. ശ്രീയുടെ കയ്യിൽ പിടിച്ചു ചോദിച്ചു….. അതിനുള്ള മറുപടി കൊടുത്തത് ഉണ്ണിയാണ്……

അച്ഛമ്മക്ക് എപ്പോ കാണണമെന്നു പറഞ്ഞാൽ മതി….. ദേവിയെ കൊണ്ടുവരില്ലേ ഞാൻ…….

അച്ഛമ്മയുടെ കയ്യിലെ പിടുത്തം വിടുവിക്കാൻ ശ്രീക്കു തോന്നിയില്ല…… യാത്ര പറയുമ്പോൾ നാത്തൂന്മാർ മൂന്നു പേരും ശ്രീയെ ചേർത്തു പിടിച്ചു…… ഇനിയും വിശേഷങ്ങൾ പറഞ്ഞു തീരാൻ ഉള്ളതു പോലെ……

കണ്ടുപഠിക്ക് അച്ചുവേ….. ദേവമ്മ നാത്തൂന്മാരെ സ്നേഹിക്കുന്നത് കണ്ടോ…… ഇവരെയൊക്കെ കണ്ടാൽ പറയുവോ നാത്തൂന്മാർ ആണെന്ന്…… നിനക്കുമില്ലേ രണ്ടെണ്ണം…… അവരെ നീയിതുപോലെ എന്നെങ്കിലും ഒന്നു ചേർത്തു പിടിച്ചിട്ടുണ്ടോ…. പോട്ടെ….. കൂടെയിരുന്ന് ഒന്നു സംസാരിച്ചിട്ടുണ്ടോ…….. മഹി അച്ചുവിനോട് ചോദിച്ചു……

എനിക്കിതൊക്കെ പുതിയ അനുഭവങ്ങളാണ് മഹിയേട്ടാ….. അമ്മയെ ഞാൻ അറിയാൻ തുടങ്ങിയതല്ലേ ഉള്ളൂ….. അമ്മയെന്ന അറിവ് വളരുന്നതിനനുസരിച്ചു എന്റെയുള്ളിലെ സ്നേഹവും വളരും…….. നോക്കിക്കോ….. ഒരിക്കൽ ഞാനും ആവും അമ്മയെ പോലെ….. അച്ചു ശ്രീയെ നോക്കി പറഞ്ഞു……

ഏട്ടന്മാരുടെയും മക്കളുടെയും അമ്മയുടെയും സ്നേഹം ഏറ്റുവാങ്ങുമ്പോൾ ശ്രീ കരഞ്ഞു പോയിരുന്നു…….. കുറച്ചു ദിവസം കൂടെ നിന്നപ്പോൾ പിരിയാൻ ഒരു മടി…… എല്ലാ മനസ്സുകൾക്കും…..

എങ്ങോട്ടെങ്കിലും ഇറങ്ങുമ്പോൾ കരയാൻ പാടില്ലെന്ന് അറിയില്ലേ ദേവീ……. അച്ഛൻ പറഞ്ഞു……

ഉണ്ണിയേട്ടൻ അച്ഛന്റെ കൈകളിൽ പിടിച്ചു പറഞ്ഞു….
ഞാനിവിടെ സ്ഥലം വാങ്ങി ഒരു വീടു വക്കാൻ ആലോചിക്കുന്നുണ്ട് അച്ഛാ……. ഉടനെ ഉണ്ടാവും……. പിന്നെയാർക്കും പിരിഞ്ഞു താമസിക്കേണ്ടി വരില്ല……..

അതൊരു പുതിയ അറിവായിരുന്നു ശ്രീക്കു…….

എന്തിനാ മോനേ ഇത്രയും വലിയൊരു വീടുള്ളപ്പോൾ ഇനി വേറെ………..

വേണ്ട അച്ഛാ…. ബന്ധങ്ങൾക്ക് ഒരുറപ്പു വേണമെങ്കിൽ കുറച്ചു അകലം ആവശ്യമാണ്…. ദേവിയുടെ നാട്ടിൽ ദേവിക്കു സ്വന്തമായി ഒരു വീട്……അതെന്റെ ഒരാഗ്രഹമാണ്……

എല്ലാവരും ശ്രീയുടെ മുഖത്തേക്ക് നോക്കി….. ശ്രീ കാറിനടുത്തേക്ക് നടക്കുമ്പോൾ അച്ചു അരികിൽ വന്നു ചോദിച്ചു……

ഞാൻ രണ്ടാം കുടിയിലെയാണോ….. എനിക്കു മാത്രം ഒന്നുമില്ലേ……..

നിന്നെ കൈ പിടിച്ചു കൊടുത്തത് നല്ലൊരാണിന്റെ കൈകളിലാണ്…… മഹിക്ക് ഇതിന്റെയൊന്നും ആവശ്യമുണ്ടെന്നു തോന്നുന്നില്ല…… ഒരു ഭാര്യക്കും വേണ്ടത് വീടോ സ്വത്തോ ഒന്നുമല്ല……. അതു നിനക്ക് പോകെപ്പോകെ മനസ്സിലാവും…….. പിന്നെ നിന്റെ അച്ഛൻ പറഞ്ഞതു പോലെ ഇവിടൊരു വീട് ഉയരുന്നുണ്ടെങ്കിൽ അതെന്റെ മഹിയുടെ കുഞ്ഞിനുള്ളതാവും……

അതു കേട്ടു വന്ന മഹി ശ്രീയോട് പറഞ്ഞു…. ഞങ്ങൾക്കൊന്നും വേണ്ട ദേവമ്മേ….. ഇതുപോലൊരു കുടുംബം സ്വന്തമായി തന്നതിന് എങ്ങനെയാ നന്ദി പറയുകാന്നറിയില്ല…. ഇവിടം വിട്ടു പോകാൻ തോന്നുന്നില്ല സത്യത്തിൽ……

അതിനെന്താ മഹി…. നിനക് അച്ചു ഇല്ലെങ്കിൽ കൂടി എപ്പോൾ വേണമെങ്കിലും ഇവിടെ വരാം…… ഇത് നിന്റെയും കൂടി തറവാട് ആണ്……

മഹി അമ്മാവന്മാരെ കെട്ടിപിടിച്ചു യാത്ര പറഞ്ഞു…. അച്ഛമ്മയെ കെട്ടിപ്പിടിച്ചു ഉമ്മ കൊടുത്തു…..

എല്ലാവരും വണ്ടിയിൽ കയറി…… മഹിയാണ് ഡ്രൈവിംഗ് സീറ്റിൽ…. അച്ചുവിനെ മുൻപിൽ ഇരുത്തി……. ഉണ്ണിയുടെ കൂടെ പിറകിൽ കയറിയ ശ്രീ അപ്പുവിനെ കാണാഞ്ഞു തിരിഞ്ഞു നോക്കി…….. അവൻ അച്ഛമ്മയെ കെട്ടിപ്പിടിച്ചു ഇരിക്കുകയാണ്……. എന്തോ ഒന്ന് അപ്പുവിന്റെ കയ്യിൽ കൊടുത്തു….. പോക്കറ്റ് മണി ആണ്…..

എനിക്കും മാഹിയേട്ടനും കിട്ടി അമ്മേ….. ദേ നോക്ക്……. ചുരുട്ടിയ അഞ്ഞൂറിന്റെ രണ്ടു നോട്ട് അച്ചു എടുത്തു കാണിച്ചു …….

മുത്തശ്ശിയുടെ മണമാ ഇതിന്….. അല്ലേ മഹിയേട്ടാ…… നോട്ട് മണത്തുകൊണ്ട് അച്ചു പറഞ്ഞു…….

ഉണ്ണിക്കും അപ്പുവിനും നടുവിലാണ് ശ്രീ ഇരുന്നത്……. കുറച്ചു സമയം കഴിഞ്ഞതും അപ്പുവിന്റെ തല ശ്രീയുടെ തോളിലേക്ക് ചാഞ്ഞു……. ഉറങ്ങുവാണു……ശ്രീ അവനെപ്പിടിച്ചു മടിയിലേക്ക് കിടത്തി…… മുടിയിൽ കയ്യോടിച്ചു……

അച്ചു ശ്രീയോട് വാതോരാതെ എന്തൊക്കെയോ പറയുകയാണ്…… ഇടയ്ക്കിടെ വഴിയോരത്തു കാണുന്നത് വാങ്ങിക്കഴിക്കുന്നുമുണ്ട്……. കഴിക്കുന്നത് അതുപോലെ തിരിച്ചു കളയുന്നുമുണ്ട്…….. അച്ചു ഉള്ളതിനാൽ വളരെ പതിയെ ആണ് മഹി വണ്ടിയോടിച്ചത്……

വലതു കയ്യിൽ ഒരു കൈ വന്നു ചേരുന്നത് ശ്രീ അറിഞ്ഞു…….. ഉണ്ണിയേട്ടനാണ്…… അപ്പു ഉറക്കമാണെന്നുള്ള ധൈര്യം….. ശ്രീ ആവും വിധം കൈ വിടുവിക്കാൻ നോക്കി…. ശക്തിയിൽ വിരലുകൾ കോർത്തു പിടിച്ചിരിക്കുവാണ്…… അച്ചുവും മഹിയും ഉള്ളതിനാൽ ഒന്നും പറയാനും പറ്റുന്നില്ല…. ചേർന്ന വിരലുകൾ അടർത്തി മാറ്റാൻ ശ്രീ പിന്നെ ശ്രമിച്ചില്ല……….

തുടരും……