## **ചിറകുകൾ**
“പെണ്ണ് കാണാൻ വന്നിട്ട് ഇത്രയും നേരമായിട്ടും താൻ എന്നെ ഒന്ന് നോക്കുന്നുപോലും ഇല്ലല്ലോ?” ബാൽക്കണിയിലെ ഗ്രില്ലിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്ന **അക്ഷരയോട്** **ആദിത്യൻ** ചോദിച്ചു. അവൾ മറുപടിയൊന്നും നൽകിയില്ല.
“അതോ, നാണം കൊണ്ടാണോ? നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടവർ അല്ലേ?” ആദിത്യൻ ചിരിയോടെ അടുത്തു ചെന്നു. അക്ഷര സാവധാനം അവന് നേരെ തിരിഞ്ഞു.
“എന്റെ മുഖം കണ്ടിട്ട് എനിക്ക് നാണമുള്ളതായി ചേട്ടന് തോന്നുന്നുണ്ടോ?”
നെറ്റിയിലെ കുങ്കുമപ്പൊട്ടിന് താഴെ തിളങ്ങുന്ന ആ കണ്ണുകളിലെ ദൃഢത ആദിത്യൻ പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അവൻ ഒരു നിമിഷം പതറിപ്പോയി.
“എന്താ… മറുപടിയില്ലേ? ചോദ്യം കേട്ടപ്പോൾ ചേട്ടന് നാണമായോ?” അക്ഷര വിട്ടുകൊടുക്കാൻ ഭാവമില്ലായിരുന്നു.
“ദൈവമേ, ഇതാണോ വീട്ടുകാർ പറഞ്ഞ ആ പാവം കുട്ടി? ആണുങ്ങളോട് ഒരു പെൺകുട്ടി ഇങ്ങനെയൊക്കെയാണോ സംസാരിക്കുക?” ആദിത്യൻ സ്വയം ചോദിച്ചു.
“പുരുഷന്മാരോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കാം എന്ന് കരുതി നിൽക്കുവായിരിക്കും അല്ലേ?” അക്ഷര അവനെ കളിയാക്കി.
“താൻ ഇത് എങ്ങനെ അറിഞ്ഞു?”
“എന്റെ പൊന്നു ചേട്ടാ, നിങ്ങളെ എനിക്ക് പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. അല്ലെങ്കിൽ ഈ കാലത്ത് സ്വന്തം ഇഷ്ടം നോക്കാതെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതി മാത്രം ഒരാളെ വിവാഹം കഴിക്കാൻ ആരെങ്കിലും വരുമോ?”
“അതിനെന്താ, അമ്മയ്ക്ക് ഇഷ്ടപ്പെട്ടാൽ എനിക്കും ഇഷ്ടപ്പെടില്ലേ?” ആദിത്യൻ ചോദിച്ചു.
“വിവാഹം കഴിക്കുന്നത് ചേട്ടനാണോ അതോ അമ്മയാണോ?” അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഒന്ന് ചിരിച്ചു.
“നിന്റെ അച്ഛൻ പറഞ്ഞിരുന്നു നിനക്ക് കുറച്ച് വായടി കൂടുതലാണെന്ന്. മോശമില്ലല്ലോ,” ആദിത്യൻ പറഞ്ഞു. അത് കേട്ടതും അക്ഷരയുടെ മുഖം ചുവന്നു.
“മനുഷ്യാ, എനിക്കും നിങ്ങൾക്കും ഓരോ ഇഷ്ടങ്ങളില്ലേ? അതൊക്കെ തമ്മിൽ പൊരുത്തപ്പെടുമോ എന്ന് നോക്കണ്ടേ? ഈ ജാതകവും ഗ്രഹനിലയും നോക്കിയാൽ മാത്രം മതിയോ?”
“അതൊക്കെ അമ്മ നോക്കിയിട്ടുണ്ടല്ലോ.”
“ശരി, ഒരു ഉദാഹരണം പറയാം. എനിക്ക് പാചകം അറിയില്ല. നമ്മുടെ ജാതകത്തിലെ രാഹുവും കേതുവും വന്ന് നമുക്ക് ഭക്ഷണം ഉണ്ടാക്കി തരുമോ?”
ആദിത്യൻ ഒന്ന് പതറി. “അതല്ല… ഞാൻ ഉദ്ദേശിച്ചത്…”
“വീട്ടുകാർ പറഞ്ഞതല്ലാതെ എന്നെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് നിങ്ങൾ സമ്മതം മൂളിയത്?” അവൾ വീണ്ടും ചോദിച്ചു.
“നമുക്ക് അഡ്ജസ്റ്റ് ചെയ്ത് പോകാമെന്നേ…”
“വിവാഹമാണോ അതോ വല്ല കച്ചവടവുമാണോ ചേട്ടന്റെ മനസ്സിൽ?” അക്ഷരയുടെ ചോദ്യം കടുപ്പമേറിയതായിരുന്നു.
“ശരി, എങ്കിൽ നിന്റെ ഇഷ്ടങ്ങൾ ചോദിക്കൂ, ഞാൻ ഉത്തരം പറയാം,” ആദിത്യൻ സുല്ലിട്ടു.
അവൾ ഒന്ന് ദീർഘശ്വാസം എടുത്തു. “വിവാഹം കഴിഞ്ഞാൽ ബെഡ്റൂമിൽ നമ്മുടെ കാര്യങ്ങളിൽ പരസ്പര ധാരണ വേണം എന്ന് ചേട്ടന് തോന്നുന്നുണ്ടോ? അതോ അവിടെയും പാരമ്പര്യം മതിയോ?”
ആദിത്യൻ ഞെട്ടിപ്പോയി. “ഇതൊക്കെ എന്തിനാ ഇപ്പോൾ ചോദിക്കുന്നത്?”
“ഇതൊക്കെ പ്രധാനപ്പെട്ട കാര്യങ്ങളല്ലേ? ജീവിതകാലം മുഴുവൻ കൂടെ കഴിയേണ്ട ഒരാളോട് ഇത്തരം കാര്യങ്ങൾ സംസാരിക്കുന്നതിൽ എന്താണ് തെറ്റ്?”
ആദിത്യൻ മൗനം പാലിച്ചു. “സത്യം പറഞ്ഞാൽ, എനിക്ക് ഇത്തരം കാര്യങ്ങളിൽ വലിയ അറിവോ അനുഭവങ്ങളോ ഇല്ല,” അവൻ പതുക്കെ പറഞ്ഞു.
“ചേട്ടൻ ഇതുവരെ ആരെയും പ്രണയിച്ചിട്ടില്ലേ?” അക്ഷരയുടെ ചോദ്യം അവനെ പരിഭ്രമിപ്പിച്ചു.
“തോന്നിയിട്ടുണ്ട്… പക്ഷേ പറയാൻ പേടിയായിരുന്നു.”
“ഈശ്വരാ, ഇതെന്തൊരു മനുഷ്യൻ!” അക്ഷര മനസ്സിൽ കരുതി.
ആദിത്യൻ വിയർക്കാൻ തുടങ്ങിയിരുന്നു. “അക്ഷര, എനിക്കുവേണ്ടി ഒരു ഉപകാരം ചെയ്യുമോ? എന്നെ ഇഷ്ടപ്പെട്ടില്ല എന്ന് വീട്ടുകാരോട് പറയുമോ?”
അക്ഷരയുടെ മനസ്സലിഞ്ഞു. തന്റെ വീട്ടുകാരോടുള്ള ദേഷ്യം മുഴുവൻ ഈ പാവം മനുഷ്യനോടാണ് താൻ തീർത്തത് എന്ന് അവൾക്ക് തോന്നി.
“ഐ ആം സോറി… ഞാൻ കുറച്ച് കൂടിപ്പോയി. ചേട്ടനെ വിഷമിപ്പിക്കാൻ കരുതിയതല്ല. എന്റെ ചിന്തകൾ കുറച്ച് വ്യത്യസ്തമാണ്. കഞ്ഞി മുതൽ കിടക്ക വരെ എല്ലാ കാര്യങ്ങളിലും പങ്കാളികൾ തമ്മിൽ ഒരു ധാരണ വേണം എന്നാണ് എന്റെ ആഗ്രഹം,” അവൾ പറഞ്ഞു.
ആദിത്യൻ സാവധാനം ചിരിച്ചു. “താൻ ചോദിച്ച കാര്യങ്ങൾ എന്നെ ചിന്തിപ്പിച്ചു. സത്യത്തിൽ നമ്മൾ ആണുങ്ങൾ പലപ്പോഴും പുറമെ കാണിക്കുന്ന ഗൗരവം ഉള്ളിൽ ഉണ്ടാവില്ല.”
പിന്നീട് അക്ഷര തന്റെ പഴയ പ്രണയത്തെക്കുറിച്ച് അവനോട് തുറന്നു പറഞ്ഞു. “എന്നെ എല്ലാം അറിയാവുന്ന ഒരാളായിരുന്നു അവൻ. പക്ഷേ പൊസസീവ്നെസ്സ് കാരണം ആ ബന്ധം തകർന്നു. എന്നെ അറിയുന്നവർക്ക് പോലും മനസ്സിലാക്കാൻ പറ്റില്ലെങ്കിൽ പിന്നെ അന്യനായ ഒരാൾക്ക് എങ്ങനെ പറ്റും എന്നായിരുന്നു എന്റെ പേടി.”
ആദിത്യൻ അവളെ അത്ഭുതത്തോടെ നോക്കി. “എല്ലാവരും ഒരുപോലെയല്ല അക്ഷര. താൻ പറയുന്നതുപോലെ പരസ്പര ധാരണയുള്ള ഒരു ജീവിതം എനിക്കും ഇഷ്ടമാണ്.”
പിന്നീട് അവർ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. ഒടുവിൽ ആദിത്യൻ ചോദിച്ചു, “അക്ഷര ‘ആൽബട്രോസ്’ പക്ഷിയെക്കുറിച്ച് കേട്ടിട്ടുണ്ടോ?”
“ഉണ്ട്.”
“അവ ജീവിതത്തിൽ ഒരു ഇണയെ മാത്രമേ സ്വീകരിക്കൂ. ആയിരക്കണക്കിന് മൈലുകൾ താണ്ടി അവ പറക്കുമ്പോൾ ഇണയെ എവിടെയെങ്കിലും വെച്ച് നഷ്ടപ്പെട്ടാൽ പോലും, അവ ആ ഇണയ്ക്കായി ജീവിതകാലം മുഴുവൻ കാത്തിരിക്കും.
എന്റെ പ്രണയവും ഇപ്പോൾ ഒരു ആൽബട്രോസിനെപ്പോലെ നിനക്കായി കാത്തിരിക്കുകയാണ്. നിനക്ക് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാം. നിന്റെ ചിറകുകൾ നിന്റെ കയ്യിലാണ്. പക്ഷേ ഞാൻ ആ കൊമ്പിൽ നിനക്കായി കാത്തുനിൽക്കും.”
അക്ഷര ഒന്നും മിണ്ടാതെ അവനെ നോക്കി നിന്നു. നടന്നകലാൻ തുടങ്ങിയ ആദിത്യൻ തിരിഞ്ഞു നോക്കി പറഞ്ഞു, “പിന്നെ… എനിക്ക് എക്സ്പീരിയൻസ് ഇല്ലെന്നേയുള്ളൂ. പരീക്ഷണങ്ങൾ എനിക്കും ഇഷ്ടമാണ്. നിന്റെ കൂടെ എല്ലാം പഠിക്കാൻ ഞാൻ റെഡിയാണ്.”
അക്ഷരയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. “പോ അവിടുന്ന്!”
ആദിത്യൻ ചിരിച്ചുകൊണ്ട് താഴേക്ക് പോകുമ്പോൾ അക്ഷര അമ്മയോട് വിളിച്ചു പറഞ്ഞു, “അമ്മേ, കല്യാണം കഴിക്കുകയാണെങ്കിൽ ഞാൻ ഇദ്ദേഹത്തെ തന്നെ കെട്ടും!”
അക്ഷരയുടെ മനസ്സിൽ പ്രണയത്തിന്റെ പുതിയൊരു ആകാശം തെളിയുകയായിരുന്നു.
**ശുഭം**

by