പുലർച്ചെ അഞ്ചരയ്ക്ക് അലാറം അടിക്കുന്നതിന് മുൻപേ മീരയുടെ കൈകൾ അടുക്കളയിലെ സ്വിച്ച് ബോർഡിൽ എത്തിയിരുന്നു. ജനൽ വിടവിലൂടെ അരിച്ചെത്തുന്ന നിലാവിനേക്കാൾ മങ്ങിയ വെളിച്ചത്തിൽ അവൾ പാത്രങ്ങൾക്കിടയിൽ തന്റെ ദിവസം തിരഞ്ഞു. വാസുദേവൻ നായർക്ക് ആറരയാകുമ്പോൾ ചായയും പലഹാരവും വേണം. പറമ്പിലെ പണി കഴിഞ്ഞ് വരുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹത്തിന് വയ്യ.
അതിനിടയിലാണ് കിടപ്പിലായ അമ്മയുടെ മരുന്നും വൃത്തിയാക്കലും. ഇടയ്ക്ക് മക്കളുടെ ഓൺലൈൻ ക്ലാസ്സിന്റെ ബഹളം വേറെ. “അമ്മേ.. ഫോൺ ഹാങ്ങായി”, “അമ്മേ ടീച്ചർ വിളിക്കുന്നു” എന്നൊക്കെയുള്ള ആർപ്പുവിളികൾക്കിടയിൽ വേണം ഹരിക്ക് ഓഫീസിൽ പോകാനുള്ള വസ്ത്രങ്ങൾ ഒരുക്കാൻ. സമയം ഏഴര കഴിഞ്ഞിരിക്കുന്നു. മീരയുടെ ഉള്ളിൽ ഒരു പിടച്ചിൽ തുടങ്ങി. തേങ്ങ ചിരകി അരച്ചാലേ ചട്നി റെഡിയാവൂ. മാവേലി മന്റത്തുനിന്ന് അച്ഛന്റെ വിളി വരാൻ ഇനി മിനിറ്റുകൾ മാത്രം.
ധൃതിയിൽ തേങ്ങ ചിരകിക്കൊണ്ടിരുന്ന മീരയുടെ തോളിലേക്ക് പെട്ടെന്നാണ് രണ്ട് കൈകൾ വന്നു വീണത്. പിന്നിൽ നിന്ന് ഹരി അവളെ ചേർത്തുപിടിച്ചു. കാതിനരികിൽ പതുക്കെ പറഞ്ഞു:
“ഹാപ്പി ബർത്ത്ഡേ, മീരേ…”
അവൾ ഒന്ന് കുതറി. “ഒന്ന് മാറി നിൽക്കുന്നുണ്ടോ മനുഷ്യ പ്രായശ്ചിത്തം ചെയ്യാൻ വന്നതാ! സമയം എത്രയായെന്ന് നോക്കിയേ? അച്ഛൻ ഇപ്പോൾ വരും. എന്നിട്ടുവേണം എനിക്ക് ആ കൊച്ചുങ്ങളെ നോക്കാൻ.”
ഹരി വിട്ടില്ല. “എടീ, ഇന്ന് നിന്റെ ജന്മദിനമല്ലേ? കഴിഞ്ഞ തവണ ഞാൻ ഇത് മറന്നതിന് നീ മൂന്ന് ദിവസം മിണ്ടാതിരുന്നത് ഓർമ്മയുണ്ടോ? അതുകൊണ്ട് ഇത്തവണ ഞാൻ നേരത്തെ എഴുന്നേറ്റതാ.”
മീരയുടെ മുഖത്തെ ഗൗരവം അല്പം കുറഞ്ഞു. “സത്യം പറഞ്ഞാൽ ഞാനിന്ന് എന്റെ ബർത്ത്ഡേ ആണെന്ന് തന്നെ മറന്നു പോയി. വെറും വിഷ് മാത്രമേ ഉള്ളോ? എവിടെ എനിക്കുള്ള സമ്മാനം?”
ഹരി ചിരിച്ചു. “സമ്മാനം റെഡിയാണ്. നീ ആ ചിരവ ഇങ്ങു തന്നേ, ബാക്കി ഞാൻ ചെയ്തോളാം.” അവൾ അത്ഭുതത്തോടെ നോക്കി നിൽക്കെ ഹരി ചിരവയിൽ ഇരുന്നു. “നീ പോയി അമ്മയെ നോക്ക്. എന്നിട്ട് മക്കളേയും കൂട്ടി ഒന്ന് ഒരുങ്ങ്. നമുക്ക് പുറത്തു പോകണം.”
”ഈ കൊറോണ സമയത്ത് എങ്ങോട്ട് പോകാനാ? ഷോപ്പിംഗിന് വരാൻ എനിക്ക് വയ്യ.” മീര പറഞ്ഞു.
”അതൊക്കെ ഞാൻ തീരുമാനിച്ചോളാം. നീ പോയി റെഡിയാകാൻ നോക്ക്.” ഹരി ഗൗരവം നടിച്ചു.
അപ്പോഴാണ് വാസുദേവൻ നായർ അകത്തേക്ക് വന്നത്. “മോളെ, അവൻ പറയുന്നത് കേൾക്ക്. ഇന്നത്തെ അടുക്കള പണി ഞങ്ങൾ ഏറ്റു. ചമ്മന്തി അരയ്ക്കാനൊന്നും എനിക്ക് അറിയില്ലെങ്കിലും കടുക് വറുക്കാനൊക്കെ ഞാൻ പഠിച്ചിട്ടുണ്ട്. നീ പോയി മക്കളെയും കൊണ്ട് റെഡിയാവാൻ നോക്ക്.”
മീരയ്ക്ക് വിശ്വസിക്കാനായില്ല. എപ്പോഴും ഗൗരവക്കാരനായ അച്ഛനും തിരക്കുള്ള ഭർത്താവും കൂടി തന്നെ അടുക്കളയിൽ നിന്ന് ‘പുറത്താക്കുന്നു’. അവൾ വേഗം അമ്മയുടെ മുറിയിലേക്ക് നടന്നു. തളർന്നു കിടക്കുന്ന അമ്മയുടെ പണികളെല്ലാം അവൾ നിശബ്ദമായി ചെയ്തു തീർത്തു. സ്നേഹത്തോടെ മുഖം തുടച്ച്, പൗഡർ ഇട്ട്, വൃത്തിയുള്ള വസ്ത്രം ധരിപ്പിച്ചു. അമ്മയുടെ കണ്ണുകളിൽ ഒരു നന്ദി പ്രകടനം അവൾ വായിച്ചെടുത്തു. ഇഡ്ഡലിയും ചമ്മന്തിയും അമ്മയ്ക്ക് ചെറിയ കഷണങ്ങളായി മുറിച്ച് നൽകിയ ശേഷം അവൾ കുളിക്കാൻ കയറി.
ഇറങ്ങി വന്നപ്പോൾ തീൻമേശയിൽ എല്ലാം നിരന്നിരിക്കുന്നു. അച്ഛൻ ചായ പകർന്നു നൽകുന്നു. എല്ലാം സ്വപ്നം പോലെ. കഴിച്ചു കഴിഞ്ഞ് പാത്രം കഴുകാൻ തുനിഞ്ഞ അവളെ ഹരി തടഞ്ഞു. “ഇന്ന് നിനക്ക് അവധിയാണ്. വേഗം പോയി ഡ്രസ്സ് ചെയ്യ്.”
കാറിന്റെ ഡിക്കിയിലേക്ക് പറമ്പിലെ വിളവുകൾ അച്ഛൻ എടുത്തു വെക്കുന്നത് കണ്ടപ്പോഴാണ് മീരയ്ക്ക് കാര്യം ഏകദേശം പിടികിട്ടിയത്. സ്വന്തം വീട്ടിലേക്കുള്ള യാത്രയാണ്!
അമ്മ കിടപ്പിലായ ശേഷം ആകെ ഒരു തവണയേ മീര സ്വന്തം വീട്ടിൽ പോയിട്ടുള്ളൂ. അന്ന് വന്നത് നാത്തൂനായിരുന്നു. വീട്ടിലെ കാര്യങ്ങൾ നോക്കാത്തതിന് കുറ്റപ്പെടുത്തലുകളും ഉപദേശങ്ങളുമായിരുന്നു ആ സന്ദർശനത്തിന്റെ ബാക്കിപത്രം. അതോടെ മനസ്സ് മടുത്തിരുന്നു. സ്വന്തം അച്ഛനെയും അമ്മയെയും കണ്ടിട്ട് ആറുമാസം കഴിഞ്ഞു. പലപ്പോഴും ഹരിയോട് ചോദിക്കണം എന്ന് കരുതും, പക്ഷെ ഇവിടുത്തെ അവസ്ഥയോർക്കുമ്പോൾ വേണ്ടെന്ന് വെക്കും.
വണ്ടി മെയിൻ റോഡിൽ നിന്ന് തിരിഞ്ഞപ്പോൾ മീരയുടെ കണ്ണുകൾ നിറഞ്ഞു. “ഹരിച്ചേട്ടാ.. നമ്മൾ സത്യമായിട്ടും വീട്ടിലേക്കാണോ? എനിക്ക് എത്ര ആഗ്രഹമുണ്ടായിരുന്നു എന്നറിയാമോ?”
ഹരി അവളുടെ കയ്യിൽ പതുക്കെ അമർത്തി. “നീ പറഞ്ഞില്ലെങ്കിലും നിന്റെ കണ്ണ് പറയുന്നുണ്ടായിരുന്നു മീരേ. കഴിഞ്ഞ ദിവസം അച്ഛനാണ് പറഞ്ഞത്, നിനക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനം നിന്റെ അച്ഛനെയും അമ്മയെയും കാണുന്നതാണെന്ന്.”
”പക്ഷെ അമ്മയെ ആര് നോക്കും? രണ്ട് ദിവസം ഞാൻ അവിടെ നിന്നാൽ ഇവിടുത്തെ കാര്യം?” അവൾ ആശങ്കപ്പെട്ടു.
”അതിനും വഴി അച്ഛൻ കണ്ടെത്തിയിട്ടുണ്ട്. അത് സർപ്രൈസാണ്.” ഹരി കണ്ണിറുക്കി.
വീടിന്റെ മുറ്റത്ത് കാർ നിന്നപ്പോൾ തന്നെ മീരയുടെ അച്ഛനും അമ്മയും ഉമ്മറത്തേക്ക് ഓടിയെത്തി. പേരക്കുട്ടികളെ കണ്ടപ്പോൾ ആ വൃദ്ധദമ്പതികളുടെ മുഖത്തുണ്ടായ ആ പ്രകാശം മീരയുടെ മനസ്സിനെ കുളിർപ്പിച്ചു. ആറു മാസത്തെ കാത്തിരിപ്പിന് വിരാമമായി. അന്ന് മീര ശരിക്കും തന്റെ ജന്മദിനം ആഘോഷിച്ചു.
രാവിലെ നേരത്തെ എഴുന്നേൽക്കണ്ട, അടുക്കളയിൽ ഓടണ്ട. സ്വന്തം അമ്മ തരുന്ന ചൂട് കാപ്പി കുടിച്ച് പപ്പയുടെ കഥകൾ കേട്ടിരിക്കാം. ശനിയും ഞായറും ആയതുകൊണ്ട് കുട്ടികൾക്കും ഓൺലൈൻ ക്ലാസ്സിന്റെ ടെൻഷനില്ല. ഇടയ്ക്ക് വീട്ടിലെ അമ്മയുടെ കാര്യം ഓർത്ത് നെഞ്ചിലൊരു ഭാരം വരുമെങ്കിലും ഹരിയും അച്ഛനും ഉണ്ടല്ലോ എന്ന സമാധാനത്തിൽ അവൾ ആ രണ്ട് ദിവസങ്ങൾ തന്റെ പഴയ കൗമാരത്തിലേക്ക് മടങ്ങിപ്പോയി.
തിങ്കളാഴ്ച വൈകുന്നേരം മടങ്ങാൻ നേരം എല്ലാവരുടെയും കണ്ണ് നിറഞ്ഞിരുന്നു. “ഇടയ്ക്കൊക്കെ വരണേ മക്കളെ..” എന്ന് പപ്പ പറയുമ്പോൾ ഹരി വാക്ക് കൊടുത്തു, “ഇനി മാസത്തിലൊരിക്കൽ ഞങ്ങൾ വരും പപ്പാ.”
തിരികെ വീട്ടിലെത്തിയ മീര അന്തംവിട്ടു പോയി. വീട് പഴയതിനേക്കാൾ വൃത്തിയായി കിടക്കുന്നു. അടുക്കളയിലെ പാത്രങ്ങൾ എല്ലാം അടുക്കി വെച്ചിരിക്കുന്നു. അമ്മ കിടക്കുന്ന മുറിയിൽ നല്ല സുഗന്ധം.
”ഇതെന്താ അത്ഭുതമോ? അച്ഛനും മോനും കൂടി ഇത്രയും ചെയ്തോ?” മീര കളിയാക്കി ചോദിച്ചു.
”ഞങ്ങളല്ല മീരേ. നിന്റെ നാത്തൂനെ ഞങ്ങൾ ഇങ്ങോട്ട് വരുത്തിച്ചു. അവൾ അവിടെ പണിയൊന്നുമില്ലാതെ ഇരിക്കുകയാണെന്ന് അറിഞ്ഞപ്പോൾ അച്ഛൻ അവളെ വിളിച്ച് സ്നേഹത്തോടെ ഒന്ന് ഉപദേശിച്ചു. ഒരു പെണ്ണ് മറ്റൊരു പെണ്ണിന്റെ കഷ്ടപ്പാട് മനസ്സിലാക്കണമല്ലോ. അവൾ ഇവിടെ വന്ന് നിനക്ക് വേണ്ടി എല്ലാം ചെയ്തു.” ഹരി വിശദീകരിച്ചു.
മീര അച്ഛന്റെ മുഖത്തേക്ക് നോക്കി. ആ മുഖത്ത് ഒരു ഗൂഢമായ ചിരിയുണ്ടായിരുന്നു.
”അപ്പോൾ എന്നെ വീട്ടിൽ അയച്ചത് പണി എടുപ്പിക്കാതെ എന്നെ സുഖിപ്പിക്കാൻ മാത്രമല്ല, നാത്തൂനെ പണി പഠിപ്പിക്കാൻ കൂടിയായിരുന്നല്ലേ?” മീര ചിരിച്ചുകൊണ്ട് ചോദിച്ചു.
”അച്ഛാ.. കണ്ടോ? ഈ പെണ്ണുങ്ങൾ ഇങ്ങനെയാ. എന്ത് നല്ലത് ചെയ്താലും അതിലൊരു പഴുത് അവർ കണ്ടുപിടിക്കും!” ഹരി അച്ഛനെ നോക്കി കണ്ണ് ചിമ്മിക്കൊണ്ട് പറഞ്ഞു.
ആ വീടിന്റെ അകത്തളങ്ങളിൽ ആ ചിരി പടർന്നു. മീരയ്ക്ക് തന്റെ ജന്മദിന സമ്മാനം പൂർണ്ണമായതുപോലെ തോന്നി. സ്നേഹം എന്നത് വാക്കുകളിലല്ല, കരുതലിലാണെന്ന് അവൾ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു.

by