15/04/2026

എനിക്ക് മുറിയിലേക്ക് വരാൻ വയ്യ അച്ഛാ… അവളുടെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എനിക്ക് സഹിക്കില്ല

ആശുപത്രിയുടെ മരവിപ്പിക്കുന്ന നിശബ്ദതയിലേക്ക് അർജുൻ നടന്നിറങ്ങിയത് ഒരു ജീവനറ്റ ശരീരത്തെപ്പോലെയായിരുന്നു. ഡോക്ടറുടെ മുറിയിൽ നിന്ന് കേട്ട ആ വാക്കുകൾ അവന്റെ കാതുകളിൽ ഇരമ്പിക്കൊണ്ടിരുന്നു. പുറത്ത് കാത്തുനിന്ന അച്ഛനെയും ജ്യേഷ്ഠൻ മാധവനെയും കണ്ടതും അർജുന്റെ നിയന്ത്രണം വിട്ടു. അവൻ അച്ഛന്റെ തോളിലേക്ക് ചായ്ഞ്ഞു പൊട്ടിക്കരഞ്ഞു.
​”എന്താടാ… എന്താ ഡോക്ടർ പറഞ്ഞത്?” അച്ഛന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.
​”അച്ഛാ… നമ്മൾ പേടിച്ചത് തന്നെ. റിസൾട്ട് പോസിറ്റീവ് ആണ്. ഞാനിനി എങ്ങനെയാ മീരയുടെ മുഖത്ത് നോക്കുക? അവളെങ്ങനെ ഇത് താങ്ങും? ഈശ്വരാ… പാവം അവളെ എന്തിനാ ഇങ്ങനെ പരീക്ഷിക്കുന്നത്?”
​അച്ഛൻ അവന്റെ കൈകൾ ചേർത്തുപിടിച്ചു. “കരയല്ലേ മോനേ, നമ്മൾ തളർന്നാൽ പിന്നെ അവൾക്ക് ആരുണ്ട്? വിധി ഇതാണെങ്കിൽ നമുക്ക് പോരാടാം. നീ ധൈര്യം കൈവിടരുത്. പ്രാർത്ഥിക്ക്, ആരും കൈവിടില്ല നമ്മളെ.”
​”എനിക്ക് മുറിയിലേക്ക് വരാൻ വയ്യ അച്ഛാ… അവളുടെ ആ നിഷ്കളങ്കമായ ചിരി കാണുമ്പോൾ എനിക്ക് സഹിക്കില്ല.” അർജുൻ വിതുമ്പിക്കൊണ്ട് ആശുപത്രി മുറ്റത്തെ ചെറിയ പ്രാർത്ഥനാ മുറിയിലേക്ക് നടന്നു. അവിടെ ആ കുരിശിന് മുന്നിൽ മുട്ടുകുത്തി നിന്ന് അവൻ വാവിട്ട് കരഞ്ഞു. ഉള്ളിലെ സങ്കടമെല്ലാം ആ കണ്ണീരിലൂടെ ഒഴുക്കി കളയാൻ ശ്രമിച്ചു.
​അതേസമയം, അച്ഛനും മാധവനും മീരയുടെ മുറിയിലേക്ക് ചെന്നു. കട്ടിലിൽ തളർന്നു കിടക്കുകയായിരുന്ന മീര അവരെ കണ്ടതും എഴുന്നേൽക്കാൻ ശ്രമിച്ചു.

​”അച്ഛാ… ഏട്ടൻ എവിടെ? ഡോക്ടറെ കണ്ടോ? എന്താ പറഞ്ഞത്?” അവളുടെ ചോദ്യങ്ങളിൽ ഭയമുണ്ടായിരുന്നു.
​അച്ഛൻ അവളുടെ അരികിൽ ഇരുന്ന് നെറ്റിയിൽ തലോടി. “അവൻ മരുന്ന് വാങ്ങാൻ പോയതാ മോളെ. പേടിക്കാനൊന്നുമില്ല, ചെറിയൊരു ഇൻഫെക്ഷൻ്റെ കാര്യമാ ഡോക്ടർ പറഞ്ഞത്. നീ സമാധാനമായിരിക്ക്.”
​മുറിയിൽ മീരയുടെ ചേച്ചി ശ്വേതയും അർജുന്റെ അനിയത്തി അഞ്ജലിയും ഉണ്ടായിരുന്നു. മീരയുടെ അമ്മ മരിച്ചിട്ട് വർഷങ്ങളായി. മദ്യപാനത്തിൽ ജീവിതം ഹോമിച്ച അവളുടെ അച്ഛന് മകളുടെ ഈ അവസ്ഥയിൽ ഒരു തരിപോലും സങ്കടമുണ്ടായിരുന്നില്ല.
​ശ്വേത പതുക്കെ അച്ഛനെ പുറത്തേക്ക് വിളിച്ചു. “സത്യം പറ അച്ഛാ, എന്താ ഡോക്ടർ പറഞ്ഞത്? നിങ്ങളെന്തോ എന്നിൽ നിന്ന് മറയ്ക്കുന്നുണ്ടല്ലോ?”
​മാധവൻ പതുക്കെ പറഞ്ഞു, “റിസൾട്ട് പോസിറ്റീവ് ആണ് ശ്വേത. അർജുൻ ആകെ തകർന്നിരിക്കുകയാണ്.”

​അപ്പോഴേക്കും അർജുൻ മുറിയിലേക്ക് കടന്നുവന്നു. അവന്റെ ചുവന്ന കണ്ണുകൾ കണ്ടപ്പോൾ തന്നെ മീരയ്ക്ക് എല്ലാം മനസ്സിലായി. നഴ്സ് വന്ന് ഇൻജക്ഷൻ നൽകി പോയതും അർജുൻ അവളുടെ കട്ടിലിൽ വന്നിരുന്നു.
​”ഏട്ടാ…” മീര അവന്റെ കൈകൾ മുറുക്കി പിടിച്ചു. “റിസൾട്ട് പോസിറ്റീവ് ആണല്ലേ? സാരമില്ല ഏട്ടാ, എനിക്ക് വിഷമമൊന്നുമില്ല. ഞാനിത് പ്രതീക്ഷിച്ചതാ.” അവൾ കഷ്ടപ്പെട്ട് ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
​അർജുൻ അവളുടെ കൈകളിൽ ചുംബിച്ചു. “ഒന്നും സംഭവിക്കില്ലെടാ. ഈ ഏട്ടൻ ജീവനോടെ ഉള്ളിടത്തോളം നിനക്കൊന്നും വരില്ല. ലോകത്തിൻ്റെ ഏത് അറ്റത്ത് കൊണ്ടുപോയിട്ടാണെങ്കിലും നിന്നെ ഞാൻ ചികിൽസിച്ച് മാറ്റും.”
​ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം ശ്വേത അച്ഛനോട് ചോദിച്ചു: “അച്ഛാ, മീരയെ കുറച്ചു ദിവസം എന്റെ അടുത്തേക്ക് കൊണ്ടുപോയ്ക്കോട്ടെ? എനിക്ക് അവളെ നോക്കണമെന്നുണ്ട്.”

​അച്ഛൻ സ്നേഹത്തോടെ ശ്വേതയെ വിലക്കി. “മോളെ, നീ ജോലിക്ക് പോകുന്നതല്ലേ? പകൽ മുഴുവൻ അവൾ അവിടെ ഒറ്റയ്ക്കായിപ്പോകില്ലേ? മീര ഇനി ഞങ്ങളുടെ വീട്ടിലേക്കാണ് വരുന്നത്. അവൾ എന്റെ മകളല്ലേ? ചികിൽസയും കാര്യങ്ങളുമൊക്കെ ഞങ്ങൾ നോക്കിക്കോളാം. അസുഖമൊക്കെ മാറി മിടുക്കിയായിട്ട് അവൾ നിന്റെ അടുത്തേക്ക് വരും.”
​സ്വന്തം അച്ഛൻ പോലും കൈവിട്ട നേരത്ത് തനിക്ക് താങ്ങായി നിൽക്കുന്ന ഈ മനുഷ്യരോട് ശ്വേതയ്ക്ക് നന്ദി പറയാൻ വാക്കുകളില്ലായിരുന്നു. “അമ്മയില്ലാത്ത കുറവ് അവൾ അവിടെ അറിയില്ലെന്ന് എനിക്കറിയാം അച്ഛാ. എനിക്ക് ലീവ് കിട്ടിയിരുന്നെങ്കിൽ ഞാൻ നോക്കിയേനെ.”

​വീട്ടിലെത്തിയ മീരയെ പൊന്നുപോലെയാണ് അവർ നോക്കിയത്. ക്യാൻസറിൻ്റെ കഠിനമായ ചികിൽസകൾ ആരംഭിച്ചു. കീമോ കഴിഞ്ഞു തളർന്നു വരുമ്പോൾ അവൾക്ക് താങ്ങായി നിൽക്കുന്നത് അർജുനായിരുന്നു. ശർദ്ദിച്ച് അവശയാകുമ്പോൾ അറപ്പില്ലാതെ അത് വൃത്തിയാക്കുന്നത് അർജുന്റെ അമ്മയാണ്. ആ മുറിവുകൾ കഴുകുന്നതും അവളെ കുളിപ്പിക്കുന്നതും ആ അമ്മയുടെ സ്നേഹമായിരുന്നു.
​ശസ്ത്രക്രിയയുടെ സമയത്ത് ആശുപത്രി വരാന്തയിൽ ഒരു പോള കണ്ണടയ്ക്കാതെ കാവലിരുന്ന അർജുനും അനിയത്തി അഞ്ജലിയും അവളുടെ കരുത്തായി. ചികിൽസയ്ക്കുള്ള പണത്തിനായി അച്ഛൻ തന്റെ ഭൂമി വിൽക്കാൻ തയ്യാറായപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു. മാധവനും ഭാര്യയും തങ്ങളുടെ സമ്പാദ്യമെല്ലാം അർജുനെ ഏൽപ്പിച്ചു. സ്വന്തം കുഞ്ഞുങ്ങളെപ്പോലും അർജുന്റെ വീട്ടിൽ കൊണ്ടുവന്നു നിർത്തി, മീരയുടെ സങ്കടങ്ങൾ മാറ്റാൻ അവർ ശ്രമിച്ചു.
​ഓരോ തവണ ആശുപത്രിയിൽ പോകുമ്പോഴും അച്ഛനും അമ്മയും പ്രാർത്ഥിച്ച് അവളെ യാത്രയാക്കും. “ഒന്നും പേടിക്കണ്ട മോളെ, നീ സുഖമായി വരും” എന്ന ആ വാക്കുകളായിരുന്നു മീരയുടെ ഏറ്റവും വലിയ ബലം. കൊറോണക്കാലത്ത് എല്ലാവരും പുറത്തിറങ്ങാൻ പേടിച്ചപ്പോൾ അച്ഛൻ അവളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവായി.
​അസുഖം ഭേദമായി തുടങ്ങിയപ്പോൾ മീര ജോലിക്ക് പോകാൻ തീരുമാനിച്ചു. രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റ് അവൾക്ക് വേണ്ട രണ്ട് കൂട്ടം കറികളും ചോറും പൊതിഞ്ഞു കെട്ടുന്നത് അർജുന്റെ അമ്മയാണ്. ഓഫീസിലിരുന്ന് ആ ചോറുപൊതി തുറക്കുമ്പോൾ മീരയുടെ കണ്ണുകൾ പലപ്പോഴും നിറയും. താൻ എന്ത് പുണ്യം ചെയ്തിട്ടാണ് ഇങ്ങനെ ഒരു അച്ഛനെയും അമ്മയെയും ഭർത്താവിനെയും കിട്ടിയതെന്ന് അവൾ ഓരോ നിമിഷവും ഓർക്കും.

​സ്ഥിരമായ ജോലിയില്ലാത്ത അർജുൻ, മീരയുടെ മരുന്നിനും മറ്റ് ആവശ്യങ്ങൾക്കുമായി എന്ത് കഠിനമായ പണിക്കും പോകാൻ തുടങ്ങി. വാർക്കപ്പണിക്കും കൂലിപ്പണിക്കും പോയി തളർന്നു വരുന്ന രാത്രികളിൽ പോലും, അവൾക്ക് ഒരു അസ്വസ്ഥത വന്നാൽ അവൻ ഉറക്കമില്ലാതെ കൂട്ടിരിക്കും. സ്വന്തം അമ്മ ഉണ്ടായിരുന്നെങ്കിൽ ഇതിലും നന്നായി എന്നെ നോക്കുമെന്ന് മീരയ്ക്ക് ഒരിക്കൽ പോലും തോന്നിയിട്ടില്ല.
​തന്റെ ചുറ്റുമുള്ള പുരുഷന്മാരെയും ഈ കുടുംബത്തെയും നോക്കി അവൾ ആലോചിച്ചു…

എങ്ങനെയാണ് പുരുഷന്മാരെ മാത്രം കുറ്റം പറഞ്ഞ് കഥകളെഴുതാൻ കഴിയുക? ഭർത്താവിന്റെ വീട്ടുകാരെ പഴി പറയുന്നവർ തന്റെ അമ്മയെയും അച്ഛനെയും കാണണം. ഒരു ചെറിയ ശതമാനം ആളുകൾ മോശക്കാരാകാം, പക്ഷേ സ്നേഹം കൊണ്ട് ഒരായുസ്സ് മുഴുവൻ പൊതിയുന്ന ഇത്തരം മനുഷ്യരും നമുക്കിടയിലുണ്ട്. ആ തിരിച്ചറിവിൽ മീരയുടെ മനസ്സ് നിറഞ്ഞു.