23/04/2026

വേനൽമഴ : ഭാഗം 03

രചന – ഭദ്ര ശ്രീ

“എടോ താനിങ്ങനെ കരയാതെ…. ആരെങ്കിലും തന്റെ ഈ കരച്ചിലും ബഹളവും കണ്ടാ കരുതും ഞാൻ തന്നെ തട്ടിക്കൊണ്ടു പോവാണെന്ന്…..” അപ്പഴാണ് അനാമികക്ക് തന്റെ അരികിൽ ഒരു ആളുണ്ടെന്ന ബോധം തന്നെ വന്നത്, അച്ഛനെ പിരിഞ്ഞുപോകുവാണെന്നുള്ള ചിന്ത അവളുടെ സമനിലയെ തന്നെ താറുമാറാക്കിയിരുന്നു. അവൾ വിൻഡോയിൽ നിന്നും തല ഉള്ളിലേക്കാക്കി നിരഞ്ജനെ നോക്കി ഒരു ചിരി വരുത്തി. “തന്റെ കണ്ണുനീരിനെന്താടോ ഒരു കരിഞ്ഞ കളറ്…?” നിരഞ്ജൻ പറഞ്ഞത് കേട്ട് അനാമിക കണ്ണുനീർ അമർത്തിതുടച്ചു, കൈയിലേക്ക് നോക്കി. ശരിയാണ്, കണ്മഷി പടർന്നിരിക്കുന്നു. അവൾ ഏന്തിവലിഞ്ഞു കാറിലെ കണ്ണാടിയിൽ നോക്കിയപ്പോൾ മുഖം മൊത്തം കൺമഷിയും കണ്ണുനീരും ആയി ഒരു ചേലായേക്കുന്നു. അവൾ ചിരിക്കണോ കരയണോ എന്നറിയാതെ നിരഞ്ജനെ നോക്കി, സത്യത്തിൽ അവനെ നേരെ അവൾ ഒന്ന് നോക്കുന്നതും കാണുന്നതും അപ്പോഴായിരുന്നു.

അവൻ ചിരിച്ചു കൊണ്ടൊരു കർചീഫ് അവൾക്ക് നേരെ നീട്ടി, അല്പം ജാള്യതയോടെ അവളത് വാങ്ങി മുഖം തുടച്ചു. “അല്ല ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ….ഏത് കൊച്ചുകുഞ്ഞിനും അറിയാം കല്യാണം കഴിഞ്ഞാൽ പെണ്ണിനെ ഭർത്താവിന്റെ വീട്ടിലെക്കെ കൊണ്ട്പോവുള്ളൂ എന്ന്… പിന്നെ നിങ്ങൾ പെൺകുട്ടികൾ എന്തിനാ ഈ കരഞ്ഞുബഹളം വയ്ക്കുന്നെ…. പോരാത്തതിന് കല്യാണം കഴിഞ്ഞു അന്ന് തന്നെ വീട്ടുകാരും ബന്ധുക്കളും പെണ്ണിനെ കാണാൻ പയ്യന്റെ വീട്ടിലേക്ക് വരുകേം ചെയ്യും, ഞങ്ങൾ ആണുങ്ങൾ നിങ്ങളെ കൊല്ലാനൊന്നുമല്ലെടോ കൊണ്ട്പോകുന്നെ…..ഞങ്ങൾക്ക് വേണ്ടി കരയാൻ ഇവിടെ ആരും ഇല്ലേ…” “അത് നിരഞ്ജാ, അതൊരു നാട്ടുനടപ്പായിരുന്നു. ഇപ്പൊ ഫാഷൻ ആയി മാറീട്ടുണ്ട്. ടിക്ക്ടോക്കിലിടാൻ കരയുന്ന വീഡിയോ പ്രൊഫെഷണൽ വീഡിയോഗ്രാഫി വച്ചു ഷൂട്ട് ചെയ്യുന്ന കാലവാ ഇത്…..” നിരഞ്ജന്റെ ചോദ്യത്തിന് കാറിന്റെ ഡ്രൈവർ ആണ് മറുപടി കൊടുത്തത്, അവർ രണ്ടുപേരും ചിരിക്കാൻ തുടങ്ങിയപ്പോൾ അനുവിന്റെ മുഖം വാടിയിരുന്നു, അത് കണ്ടിട്ടാവണം ഡ്രൈവർ പയ്യൻ കണ്ണാടിയിൽ നോക്കി അവളോട് പറഞ്ഞു.

“പെങ്ങളെ… ഞങ്ങളൊരു തമാശ പറഞ്ഞതാ ട്ടോ… കാര്യായിട്ടെടുക്കല്ലേ…..” അവൾ വെറുതെയെങ്കിലും ഒന്ന് ചിരിച്ചു.കൊണ്ട് പുറത്തേക്ക് നോക്കിയിരുന്നു. കാർ ഒരു വീടിന്റെ ഗേറ്റ് കടന്നപ്പൊഴാണ് അവൾ സ്വബോധത്തിലേക്ക് തിരിച്ചു വന്നത്. കാർ നിർത്തിയപ്പോൾ അവൾ നിരഞ്ജനെ നോക്കി, അവൻ കണ്ണ്കൊണ്ട് അവളോട് ഇറങ്ങാൻ ആംഗ്യം കാട്ടി. ഡോർ തുറക്കാൻ കൈനീട്ടിയപ്പോഴേക്കും പുറത്തുനിന്ന് ഒരു പയ്യൻ തുറന്നിരുന്നു. “ഏട്ടത്തിയമ്മ ഇറങ്ങ്….” “എന്റെ അനിയനാ… ” പന്തം കണ്ട പെരുച്ചാഴിയെ പോലെ അന്തംവിട്ട് നോക്കി നിൽക്കുന്ന അവൾക്ക് നിരഞ്ജൻ അവനെ പരിചയപ്പെടുത്തി, ഇതിനോടകം നിരഞ്ജന്റെ അമ്മയും അനുജത്തിയും നിലവിളക്കും ആരതിയുമായി എത്തിയിരുന്നു. ഇരുവരെയും ആരതിയുഴിഞ്ഞ് തിലകം ചാർത്തി അമ്മ, നിലവിളക്ക് അനുവിന്റെ കൈയിൽ കൊടുത്ത് അവളെ ഉള്ളിലേക്ക് ക്ഷണിച്ചു. വാതിൽപടിമേൽ വച്ചിരുന്ന നിറനാഴിനെല്ല് കാലുകൊണ്ട് തട്ടിമറിച്ച് അനാമിക ഗൃഹപ്രവേശനം ചെയ്തു.

തന്റെ ഇനിയുള്ള ജീവിതം ഇനി ഈ വീട്ടിലാണ്…., പൂജാമുറിയിലേക്ക് നടക്കുമ്പോൾ അനുവിന്റെ മനസ്സിൽ പലതും മിന്നിമാഞ്ഞു കടന്നുപോയി. പുതുപെണ്ണിനെ കാണാൻ അയൽവക്കക്കാരും ബന്ധുക്കളും നിരന്തരം വന്നുകൊണ്ടേയിരുന്നു. എല്ലാവരെയും അനു പുഞ്ചിരിയോടെ വരവേറ്റു…. “നല്ല തങ്കം പോലത്തെ കൊച്ച്…..” പലരും രഹസ്യമായും പരസ്യമായും അനുവിനെ പറ്റി പറഞ്ഞു, നിരഞ്ജന്റെ അനിയത്തി നിരുപമ അനുവിന്റെ കൂടെതന്നെയുണ്ടായിരുന്നത് അവൾക്കൊരനുഗ്രഹമായി തോന്നി, നിരുപമയാണ് അനുവിനെ ഡ്രസ്സ്‌ മാറാനും മറ്റും മുറിയിലേക്ക് കൊണ്ട്പോയതും. എല്ലാവർക്കും അനാമികയെപറ്റി നല്ല അഭിപ്രായമായിരുന്നു, ഒരാൾക്കൊഴിച്ച്… നിരഞ്ജന്റെ അകന്ന ബന്ധത്തിൽപെട്ട ഒരു അമ്മായിക്ക് അനുവിനെ തീരെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല, അതവർ എല്ലാർക്കും മുന്നിലും വെട്ടിതുറന്നു പറഞ്ഞുകൊണ്ടിരുന്നത് അനുവിനെ ചെറുതായെങ്കിലും വിഷമിപ്പിക്കുന്നുണ്ടായിരുന്നു. “ഏട്ടത്തി വിഷമിക്കണ്ട… ഏട്ടൻ ത്രയംബക ചേച്ചിയെ കല്യാണം കഴിക്കാത്തത് കൊണ്ടാ അമ്മായിക്ക് ചേച്ചിയോട് ഇത്ര പോര്….” നിരുപമ അനുവിനോട്‌ പറഞ്ഞു.

“ആരാ ത്രയംബക…..? “അമ്മായീടെ മോളാ, അമ്മായിക്ക് വല്യ ഇഷ്ടാരുന്നു ഏട്ടൻ ചേച്ചിയെ കല്യാണം കഴിക്കുന്നത്…. പക്ഷെ ഏട്ടന് തീരെ ഇഷ്ടല്ലാരുന്നു…..” അപ്പോഴാണ് നിരഞ്ജന്റെ അമ്മ മുറിയിലേക്ക് വന്നത്, “നീരൂ……നീ അവിടെ എന്തോ എടുക്കുവാ….” “ഞാൻ ഏട്ടത്തിയോട് വർത്താനം പറയാരുന്നു.. ന്താ അമ്മേ….” “നിന്നേ ദേ അച്ഛമ്മ വിളിക്കുന്നുണ്ട്…. താഴേക്ക് ചെല്ല്….” നിരുപമ പോയതും അനുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു. “ഒന്നും തോന്നല്ലേ മോളെ… അമ്മായി അങ്ങനെയാ, എന്റെ ഏട്ടന്റെ ഭാര്യ ആയതോണ്ട് ഒന്നും പറയാനും പാകംല്ല്യ… മോൾക്ക് വിഷമായോ…?” “ഏയ്‌ ഇല്ലമ്മേ….. നിക്ക് പ്രശ്നം ഒന്നും ഇല്ല….” “എങ്കി മോള് ഡ്രെസ് മാറ്റി താഴേക്ക് വന്നോളൂട്ടോ….. അവിടെ ആള്ക്കാര് വന്നുതുടങ്ങി, അമ്മ അങ്ങോട്ട് ചെല്ലട്ടെ….” അമ്മ പോയതും അനു വാതിൽ അടച്ചു ബെഡിൽ വന്നിരുന്നു. നിരഞ്ജന്റെ മുറിയാണ് അതെന്നവൾക്ക് മനസിലായി, അവൾ വെറുതെ ബെഡിൽ മലർന്നുകിടന്നു. കണ്ണടച്ചങ്ങനെ കിടക്കുമ്പോഴും ഉള്ളിൽ അവളെ വേദനയോടെ കാർന്നു തിന്നുന്ന ഓർമ്മകൾ അവളെ അലറികരയാൻ പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.

കണ്ണിൽ നിന്നും ഇരുവശത്തുകൂടിയും കണ്ണുനീർ ഒലിച്ചിറങ്ങി, പെട്ടെന്ന് നിരഞ്ജൻ വാതിൽ തള്ളിതുറന്ന് ഉള്ളിലേക്ക് വന്നു, അവൻ വരുമെന്ന് അനു പ്രതീക്ഷിച്ചിരുന്നില്ല. പെട്ടെന്ന് അവനെ മുറിയിൽ കണ്ടപ്പോൾ അവൾ ചാടിപിടഞ്ഞെഴുന്നേറ്റു. “കിടന്നോ കിടന്നോ, ഞാൻ വെറുതെ വന്നതാ…. ആഹാ താൻ ഇത് വരെ കരഞ്ഞു തീർന്നില്ലേ…..?” “അത്…. ഞാൻ വെറുതെ…..” “ആഹ് ഓക്കേ ഓക്കേ, കരഞ്ഞു വെറുതെ അസുഖം ഒന്നും വരുത്തി വയ്ക്കണ്ട, തന്റെ അച്ഛൻ വിളിച്ചിരുന്നു. 4 മണി ആകുമ്പോൾ അവരെത്തും… താൻ ഒന്ന് ഫ്രഷ്അപ്പ്‌ ആയിക്കോളൂ…” “ഹ്മ്മ്…..” നിരഞ്ജൻ മേശവലിപ്പ് തുറന്ന് എന്തോ എടുത്തു പുറത്തേക്കിറങ്ങാൻ തുടങ്ങുകയായിരുന്നു, അപ്പോഴാണ് അനു അവനെ പുറകീന്ന് വിളിച്ചത്… “അതേ….” അവൻ തിരിഞ്ഞു അവളെ നോക്കിയപ്പോൾ അനു മുഖം കുനിച്ചുകളഞ്ഞു.

“ഞാൻ ഈ ഒർണമെന്റ്സ് ഒക്കെ ഊരി വച്ചോട്ടെ….” അത് കേട്ടപ്പോൾ നിരഞ്ജന് ശരിക്കും ചിരിയാണ് വന്നത്, അവൻ അതേ ചിരിയോടെയാണ് അവൾക്ക് മറുപടി കൊടുത്തതും. “എടൊ തനിക്ക് ബുദ്ധിമുട്ട് ഉള്ള ഒന്നും താൻ ഉപയോഗിക്കണ്ട…. ഊരി വയ്ക്കണമെങ്കിൽ വച്ചോളൂ, ആരാ വേണ്ടാന്നു പറഞ്ഞത്…. ആഹ് പിന്നെ…..” അവൻ അലമാര തുറന്നു ഒരു പാക്കറ്റ് അവൾക്കെടുത്തു കൊടുത്തു കൊണ്ട് പറഞ്ഞു. “സാരി ഉടുക്കാൻ ബുദ്ധിമുട്ടാണെൽ ഇതിട്ടോളൂ… സൈസ് കറക്റ്റ് ആകുവാണേൽ മതി ട്ടോ. ഇന്നലെ നൈറ്റ്‌ പോയെടുത്തതാ, അതും നീരുന്റെ അളവിന്… കറക്റ്റ് ആവാൻ ചാൻസ് ഇല്ല.. എങ്കിലും ട്രൈ ചെയ്തു നോക്ക്…… താൻ ഫ്രഷ്അപ്പ്‌ ആയി വാ, ഞങ്ങൾ താഴെയുണ്ടാവും…..” അവൾക്കൊന്നും പറയാനുള്ള അവസരം പോലും അവൻ കൊടുത്തില്ല. നിരഞ്ജൻ തന്നെ വാതിൽ അടച്ചു താഴേക്ക് പോയി. അനു ബാത്‌റൂമിലേക്ക് കയറി. വീണ്ടും വീണ്ടും അർജുന്റെ ഓർമകളെ അവളുടെ മനസ്സിൽ കുത്തിമുറിവേൽപ്പിച്ചു കൊണ്ടിരുന്നു, മറക്കാൻ ശ്രമിക്കും തോറും മനസ്സിലവൻ കൂടുതൽ കൂടുതൽ ആഴത്തിൽ സ്ഥാനം പിടിച്ചു കൊണ്ടിരിക്കുന്നുവെന്നത് നടുക്കത്തോടെയവൾ തിരിച്ചറിഞ്ഞു. കുളി കഴിഞ്ഞ് അവൾ നിരഞ്ജൻ തന്ന പാക്കറ്റ് നോക്കി, ചുവപ്പും ഗോൾഡൻ കളറും കലർന്നൊരു സൽവാർ.

അവൻ പറഞ്ഞതുകൊണ്ട് മാത്രം അവളത് ഇട്ടുനോക്കി, സൈസ് കറക്റ്റ് ആയിരുന്നു. അവൾക്ക് അത്ഭുതം തോന്നി, താനും അച്ഛനും നേരിട്ട് പോയി എടുത്തിട്ട് പോലും ഇത്ര കറക്റ്റ് സൈസിൽ ഡ്രസ്സ്‌ കിട്ടിയിട്ടില്ല. അതേ പാക്കറ്റിൽ തന്നെ അതിന് ചേർന്നൊരു ഇയറിങ്ങും ചെയിനും ഉണ്ടായിരുന്നു. അനു ജുംക മാറ്റി ആ ഇയറിങ് ധരിച്ചു, അമ്മയുടെ ഒരു മാലയും താലിയും കൊലുസും ഒഴികെ എല്ലാ ആഭരണങ്ങളും ഊരി മേശവലിപ്പിനുള്ളിൽ വച്ചു. മുടി കുളിപ്പിന്നലെടുത്തു പിന്നിലേക്കിട്ട് മുടിത്തുമ്പ് കൊണ്ട് തന്നെ കെട്ടിവച്ചു. കണ്ണാടിക്ക് മുന്നിൽ നിക്കുമ്പോൾ രണ്ടുമൂന്നു ദിവസം കൊണ്ട് തനിക്ക് സംഭവിച്ച മാറ്റങ്ങൾ തന്റെ പ്രതിബിംബത്തിൽ തെളിഞ്ഞുകണ്ടു അവൾ…. മുറിക്ക് പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് നിരഞ്ജൻ റൂമിൽ മറന്നുവച്ചു പോയ ഫോൺ റിങ് ചെയ്തത്, പെട്ടെന്നുണ്ടായ ശബ്ദം ആയതിനാൽ ഒന്ന് ഭയന്നുപോയി അവൾ. സ്‌ക്രീനിൽ അലീന എന്ന പേര് തെളിഞ്ഞു കണ്ടു അനു കാൾ കട്ട്‌ ആവുന്ന വരെ നോക്കിനിന്നു.

പിന്നെയും പിന്നെയും കാൾ വന്നപ്പോൾ മടിച്ചുമടിച്ചാണെങ്കിലും കാൾ അറ്റൻഡ് ചെയ്തു. “ഹലോ സാർ… ആ കോളേജ് സ്റ്റുഡന്റിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ എന്തോ അൺയൂഷ്വൽ ആയുള്ള പോലെ റിപ്പോർട്ട്‌ ഉണ്ട് സാർ….” കാൾ അറ്റൻഡ് ചെയ്ത ഉടൻ മറുതലക്കൽ നിന്ന് കേട്ട സൗണ്ട് ഇതാണ്. അതുകൂടി കേട്ടതോടെ അനുവിന് ഒരു ഹലോ പറയാൻ പോലും പറ്റാതായി. “ഹലോ സാർ…. കേൾക്കുന്നുണ്ടോ….” “ഹലോ…..” “സോറി… ഇതാരാണ്…. നിരഞ്ജൻ സാർ….. സാറിന്റെ വൈഫ് ആണോ….” “ഹ്മ്മ്മ്….” അനു മറുപടി ഒരു മൂളലിലൊതുക്കി. “സോറി എനിക്ക് കല്യാണത്തിന് വരാൻ പറ്റിയില്ല, അമൃത എന്നല്ലേ പേര്….” “അനാമിക….” “ഓഹ് അനാമിക, സാർ വരുമ്പോൾ ഒന്ന് വിളിക്കാൻ പറയാമോ അർജെന്റ് ആണ്….” “ഹ്മ്മ് ഞാൻ പറയാം….” കാൾ കട്ട്‌ ചെയ്ത് താഴേക്ക് പോരുമ്പോൾ അനു ആദ്യം തിരഞ്ഞതും നിരഞ്ജനെ തന്നെയാണ്. പക്ഷെ നിരഞ്ജനെ അവിടെയെങ്ങും കാണാനുണ്ടായിരുന്നില്ല. നിരുപമയാണ് അനുവിനോട് പറഞ്ഞത് നിരഞ്ജൻ ഏതോ ഒരു ഫ്രണ്ട്നെ കാണാൻ പോയിരിക്കുന്നു എന്ന്. വെയിൽ മങ്ങി തുടങ്ങിയപ്പോഴേക്കും വീട്ടിൽ നിന്ന് അനുവിന്റെ അച്ഛനും അമ്മായിമാരുമൊക്കെ എത്തിയിരുന്നു, അപ്പോഴേക്കും നിരഞ്ജനും വന്നു. അച്ഛനെ കണ്ടതും അനു ഓടിപോയി കെട്ടിപ്പിടിച്ചു.

കരയരുത് എന്ന ദൃഢനിശ്ചയം മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് മാത്രം അവളുടെ കണ്ണുനിറഞ്ഞില്ല. പക്ഷെ കിട്ടുന്ന അവസരങ്ങൾ ഒക്കെയും പരമാവധി മുതലെടുക്കാൻ നിരഞ്ജന്റെ അമ്മായി മറന്നില്ല. “ഓ ലോകത്തില്ലാത്തൊരു അച്ഛനും മോളും വന്നേക്കുന്നു, ഇവിടെ ആർക്കും കാണണ്ട ഈ പ്രകടനം ഒന്നും….” അവരുടെ പുച്ഛം നിറഞ്ഞ സംസാരം കേട്ട് അനു ദയനീയമായി നിരഞ്ജന്റെ മുഖത്തേക്ക് നോക്കി. അവൻ പോട്ടെയെന്ന രീതിയിൽ കണ്ണുകൾചിമ്മി കാട്ടി. അച്ഛനെയും അമ്മായിമാരെയും ഒക്കെ കണ്ടപ്പോൾ നിമിഷനേരത്തെക്കെങ്കിലും അവളുടെ ഉള്ളിൽ നീറിപുകഞ്ഞ സങ്കടങ്ങളെ അവൾ മറന്നു, ഒപ്പം അത്രയും നേരം തേടി നടന്ന നിരഞ്ജനെയും അവനോട് പറയാനുള്ള കാര്യവും മറന്നു. അനുവിന്റെ ഡ്രെസ്സുകളും പാവകളും ഒക്കെയായി രണ്ട് വലിയ പെട്ടികൾ കിരണും കൈലാസും ചുമന്നു മുറിയിൽ കൊണ്ട് വച്ചു, നടുനിവർത്തിക്കൊണ്ട് കൈലാസ് അനുവിനോട് ചോദിച്ചു. “അളിയന്റെ മുറി നല്ല വൃത്തിയും വെടിപ്പും ഒക്കെ ഉണ്ടല്ലോടീ…. കുപ്പി വല്ലതും ഉണ്ടോ…. നീ വല്ലതും കണ്ടാരുന്നോ അമ്മാളുവേ…..” മുറി കറങ്ങിനോക്കിക്കൊണ്ടുള്ള അവന്റെ വർത്താനം കേട്ട് അനുവും കിരണും മൂക്കത്ത് വിരൽ വച്ചു.

നീയെപ്പോഴാടാ തെണ്ടി വെള്ളമടി തുടങ്ങിയെ എന്നുള്ള രീതിയിൽ അവർ നോക്കി ദഹിപ്പിക്കുന്നത് കണ്ടത്കൊണ്ടാവണം കൈലാസ് കളം മാറ്റി ചവിട്ടി. “അല്ല അത്… പിന്നെ ആഹ്…. അളിയന് വല്ല ദുശീലവും ഉണ്ടേൽ നമുക്ക് വല്ല ഡീഅഡിക്ഷൻ സെന്ററിലും ആക്കാൻ വേണ്ടിയായിരുന്നു….” അവന്റെ ഉരുളലും പല്ലിളിയും കൂടി കണ്ടപ്പോൾ കിരൺ പറഞ്ഞു. “ഉണ്ണിയെ കണ്ടാ അറിഞ്ഞൂടെ ഊരിലെ പഞ്ഞം…. കേട്ടോടാ നല്ലവനായ ഉണ്ണിചേട്ടാ… അല്ലേടി അമ്മാളു… നിന്റെ കൂടെ എപ്പോഴും നിക്കുന്ന ഒരു കൊച്ചില്ലേ…. ആ പച്ച പാവാടയും ചോന്ന ഉടുപ്പും ഒക്കെ ഇട്ട്….. അതാരാടീ….” “അത് ആൾടെ അനിയത്തിയാ…. ന്തേയ്‌….” “ഏയ്‌ ഒന്നൂല്ല… ഞാൻ ചുമ്മാ….” കിരൺ നഖം കടിക്കുന്നത് കണ്ട് കൈലാസ് ഇടക്ക് കയറി പറഞ്ഞു, “എടീ നിനക്ക് മനസിലായില്ലേ…. ചില കോഴികളുടെ കണ്ണുകൾ അങ്ങനെ പലയിടത്തോട്ടും പോവും…. ആ അങ്കവാലൊന്നും കണ്ടു നീ അതിൽ വീഴരുത് ട്ടാ….” അതോടെ ആയപ്പോൾ അവിടൊരു കൂട്ടചിരി മുഴങ്ങി. എട്ടരയോടെ അവർ തിരികെ പോകാനിറങ്ങി, അനുവിന് അച്ഛന്റെ ഒപ്പം പോകണം എന്നുണ്ടായിരുന്നുവെങ്കിലും താൻ ഇപ്പോൾ ഒരു മുതിർന്ന കുട്ടിയായി എന്ന ചിന്ത അവളെ അതിൽ നിന്നും വ്യതിചലിപ്പിച്ചു.

പക്ഷെ അവർ വന്ന വണ്ടി അകന്നുപോകുന്തോറും എത്ര നിയന്ത്രിച്ചിട്ടും അവൾക്ക് കരച്ചിൽ അടക്കാനായില്ല. “ഓഹ്… അപ്പന്റെ ഒപ്പം നിക്കാനാണെൽ എന്തിനാ എന്റെ കൊച്ചിന്റെ പെടലിയിൽ വന്നു കേറിയത്… വീട്ടീ തന്നെ അങ്ങ് നിന്നാ പോരാരുന്നോ… മനുഷ്യനെ മെനക്കെടുത്താനായിട്ട്….” എരിതീയിൽ എണ്ണ ഒഴിക്കാൻ എന്ന പോലെ അമ്മായി ഓരോന്ന് പറഞ്ഞു അനുവിനെ കുത്തിനോവിച്ചു കൊണ്ടേയിരുന്നു. “അല്ല അമ്മായിക്കെന്താ ഇത്ര മെനക്കേട്…. എന്റെ ഭാര്യ അമ്മായിടെ തലയിൽ ആണോ നിൽക്കുന്നെ….” അമ്മായിക്കുള്ള നിരഞ്ജന്റെ മറുപടി ഒരു മറുചോദ്യമായിരുന്നു. “അതല്ലെടാ മോനെ… ഇതിന്റെ മൂത്തത് കല്യാണത്തിന്റെ തലക്കുംതലേന്ന് ആരാന്റെ കൂടെ ഇറങ്ങിപോയി… അതിന്റെ ഇളയതല്ലേ ഇതും… അത് പോലെ എന്തേലും കാണിക്കില്ല എന്നാരുകണ്ടു……” അമ്മായിയുടെ വാക്കുകൾ അനുവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു, തിരിഞ്ഞു റൂമിലേക്ക് നടക്കാനൊരുങ്ങിയ അവളെ കൈയാൽ തടഞ്ഞുകൊണ്ട് നിരഞ്ജൻ അമ്മായിയോട് പറഞ്ഞു.

“ഇവള് ഞാൻ താലി കെട്ടിക്കൊണ്ട് വന്ന എന്റെ ഭാര്യയാ… ഇവിടുത്തെ മരുമകള്, ദേ ഈ പിള്ളേരുടെ ഏട്ടത്തി… എങ്ങാനും ഇവള് വല്ലതും കാണിച്ചാലും അത് ഞങ്ങളങ്ങു സഹിച്ചു, അമ്മായി വിഷമിക്കണ്ട ട്ടോ….. അല്ലേ അമ്മേ….” നിരഞ്ജൻ അമ്മയെ നോക്കി, അമ്മ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയ്‌. പിന്നാലെ അനുവും നിരുപമയും… നിരഞ്ജന്റെ മറുപടിയുടെ ചൂട് കാരണമാവും അമ്മായി പിന്നെയൊന്നും പറയാൻ മുതിർന്നില്ല. വിളമ്പാൻ നിന്ന അനുവിനെ അമ്മ നിർബന്ധിച്ച് നിരഞ്ജന്റെ ഒപ്പം പിടിച്ചിരുത്തിയതൊന്നും അമ്മായിക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല. കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അനു അലീനയുടെ കാൾന്റെ കാര്യം ഓർത്തത്, മടിച്ചു മടിച്ച് നിരഞ്ജനോട് അത് പറഞ്ഞതും അവൻ ചാടിയെണീറ്റതും ഒരുമിച്ചായിരുന്നു. “ഓഹ് ഡാമിറ്റ്… താൻ എന്താടോ ഇത് നേരത്തെ പറയാതിരുന്നത്…. ” എഴുന്നേറ്റു കൈകഴുകുന്ന അവനെ നോക്കി അനുവും എഴുന്നേൽക്കാൻ ഭാവിച്ചപ്പോൾ നിരഞ്ജൻ പറഞ്ഞു.

“ഏയ്‌ താൻ ഇരുന്ന് കഴിക്ക്…. ഞാൻ മുകളിൽ ഉണ്ടാവും…..” സ്റ്റെയർ കയറി പോകുന്ന അവനെയും നോക്കി നിൽക്കവേയാണ് അനുവിനോട് നീരവ് പറഞ്ഞത്. “ഏട്ടത്തി ഇരുന്ന് കഴിക്ക്…. ഇതൊക്ക ഇവിടെ സ്ഥിരം കാഴ്ചയാണ്….” ” ഓ ഒരു പാര്യ വന്നേക്കുന്നു… ഹും….” അമ്മായി മുറുമുറുത്തു. “ന്താ അമ്മായി.. ഹോസ്പിറ്റലിൽ പോണോ…. ഇന്നിപ്പോ ഈ നേരത്ത് ഓടിപിടിച്ചു പോയിട്ടും കാര്യം ഇല്ലല്ലോ, അസൂയക്കും കുശുമ്പിനും ഏത് ഹോസ്പിറ്റലിലാ മരുന്നുള്ളെ…..” നിരുപമയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു, പിന്നെ അനു കഴിച്ചെഴുന്നേൽക്കുന്നത് വരെ അമ്മായി തലയുയർത്തി നോക്കിയിട്ടില്ല. 💜💜💜💜💜💜💜💜💜💜💜 അനാമിക മുറിയിലേക്ക് വരുമ്പോൾ നിരഞ്ജൻ മുറിയിൽ കൂടി അങ്ങോട്ടുമിങ്ങോട്ടും തേരാപാരാ നടപ്പായിരുന്നു. അവളെ കണ്ടതും അവൻ നടപ്പ് മതിയാക്കി അവളെ നോക്കി ചിരിച്ചു, “എന്താടോ കൈയിൽ…. പാലായിരിക്കും ല്ലേ…” അനു പുഞ്ചിരിയോടെ തലയാട്ടി.

“അതവിടെ തന്നെ വച്ചേക്ക്, ഞാൻ പാല് കുടിക്കാറില്ല. താൻ കുടിക്കാറുണ്ടോ…” “മ്മ്ഹൂം….” അനുവും ഇല്ലെന്ന അർഥത്തിൽ തലയാട്ടി. “അതേ…. താങ്ക്സ്….” “എന്തിനാ താങ്ക്സ്….” “താഴെ…അമ്മായി… പിന്നെ ഈ ഡ്രെസ്സിനും….” “ഹാ അതാണോ വരവുവച്ചിരിക്കുന്നു, പിന്നെ അതേയ്… നോക്കൂ…. എന്നൊന്നും വിളിച്ചു ബുദ്ധിമുട്ടണ്ട, നിരഞ്ജൻ അതാണെന്റെ പേര്. അത് വിളിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അച്ചുന്ന് വിളിച്ചോളൂ….” “അത്…. വയസിൽ മൂത്തവരെ എങ്ങനാ പേര് വിളിക്കുന്നെ…..” “ബഹുമാനം ഒക്കെ വിളിയിൽ വേണോ… മനസിലുണ്ടായാ മതി. താൻ വാതിലടച്ചു വന്നു കിടക്കാൻ നോക്ക്, ലൈറ്റ് അണക്കാൻ മറക്കണ്ട ട്ടോ….” നിരഞ്ജൻ വാതിലിന്റെയും ലൈറ്റിന്റെയും കാര്യം പറഞ്ഞതും അനുവിന്റെ മനസ്സിലൂടെ ഒരു മിന്നൽപ്പിണർ കടന്നുപോയി…….. 💘തുടരും 💘