18/04/2026

വേനൽമഴ : അവസാന ഭാഗം

രചന – ഭദ്ര ശ്രീ

കത്തേക്ക് കയറിയ ആ പെൺകുട്ടി സോഫയുടെ മേൽ അമർന്നിരുന്നു, ഗ്ലാസ് തലയിൽ നിന്ന് ഊരി മേശമേൽ വച്ചു, ബാഗ് സോഫയുടെ അരികിലേക്ക് നീക്കി വച്ചു. നീരവും നിരുപമയും അനുവും മുഖത്തോട് മുഖം നോക്കി നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. വീടിനുചുറ്റും കണ്ണോടിച്ചു നോക്കുന്ന അവരെ നോക്കി മൂവരും കണ്ണുമിഴിച്ചു. “ആരാ ന്ന് പറഞ്ഞില്ല…. ” അനു വീണ്ടും ചോദ്യം ആവർത്തിച്ചു. “ഓഹ് സോറി, ആം അഭിരാമി, അഭി എന്ന് വിളിക്കും …. എവിടെ അച്ചുവേട്ടൻ…. കണ്ടില്ലല്ലോ, സാധാരണ ഇവിടെ ഉണ്ടാവേണ്ട ആളാണ്…..” അതും പറഞ്ഞ് മേശമേൽ നിരഞ്ജന് വേണ്ടി അനു മൂടിവച്ചിരുന്ന കോഫി അവൾ കൈയിലെടുത്ത് ചുണ്ടോടടുപ്പിച്ചു. അഭിരാമിയുടെ ഭാഗത്തുനിന്ന് അങ്ങനൊരു നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല, അനുവിന് ആകെയൊരു വല്ലായ്മ തോന്നി. പരമാവധി അത് പ്രകടിപ്പിക്കാതിരിക്കാൻ അവൾ ശ്രമിച്ചെങ്കിലും നടന്നില്ല. അഭിരാമി ചെയ്തത് അനുവിന് ഇഷ്ടമായില്ല എന്ന് അനുവിന്റെ മുഖം തന്നെ വിളിച്ചോതുന്നുണ്ടായിരുന്നു. “വൗ… ഫെന്റാസ്റ്റിക്…. ഗ്രേറ്റ്‌ കോഫി യാർ….” അനുവിന്റെ നേരെ കപ്പ്‌ ഉയർത്തികാട്ടി അഭിരാമി പറഞ്ഞു,

നിരഞ്ജന്റെ കപ്പിൽ അതും താൻ നിരഞ്ജന് വേണ്ടി ആഗ്രഹിച്ച് ഉണ്ടാക്കിയ കോഫി എടുത്തു കുടിച്ച അഭിരാമിയോട് വല്ലാത്തൊരു നീരസം തോന്നി അനുവിന്. അപ്പോഴേക്കും നിരഞ്ജൻ മുകളിൽ നിന്ന് ഇറങ്ങി വന്നിരുന്നു. വന്ന ഉടനെ തന്നെ നിരഞ്ജൻ അനുവിനോട് ചോദിച്ചു. “എവിടെ…. എവിടെ മറ്റേ ഡിങ്കോൾഫി കോഫി….” അനുവും നിരുപമയും മറുപടിയൊന്നും പറയാൻ ആകാതെ പരസ്പരം മുഖത്തേക്കും പിന്നെ അഭിരാമിയെയും നോക്കി. നിരഞ്ജൻ അനുവിന്റെ മൗനത്തിൽ നിന്നു തന്നെ കാര്യങ്ങൾ ഏറെക്കുറെ മനസിലാക്കിയിരുന്നു. “ഹേയ് സ്വീറ്റ്ഹാർട്ട്‌… വാട്ട്‌ എ സർപ്രൈസ്…. എത്ര നാളായി തന്നെ ഇങ്ങനെ കണ്ടിട്ട്….. ഇങ്ങനെയൊക്കെ പറയാൻ തോന്നുന്നുണ്ടല്ലേ….. മീ ടൂ.. …മിസ്സ്‌ യു സൊ മച്ച് ഏട്ടാ….” അതും പറഞ്ഞ് പൊടുന്നനെ അഭിരാമി നിരഞ്ജനെ കെട്ടിപിടിച്ചു.

എന്തോ അനുവിനത് ഉൾകൊള്ളാനോ താങ്ങാനോ കഴിയുമായിരുന്നില്ല. അവൾ നിസ്സാഹായയായി നിരഞ്ജന്റെ മുഖത്തേക്ക് നോക്കി, കണ്ണുനിറയുമോ എന്ന പേടിയാൽ പെട്ടെന്നു തന്നെ അവൾ മിഴികൾ പിൻവലിച്ചു നിലത്തേക്ക് പായിച്ചു. അവനത് മനസിലായിട്ടാവണം നിസാരമായി അവളെ തന്നിൽ നിന്ന് അഭിരാമിയെ അടർത്തിമാറ്റി. അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ…. “നീയെപ്പോ വന്നു……?” “ദേ ഇപ്പൊ, ലാൻഡ് ചെയ്തിട്ട് ജസ്റ്റ്‌ 30 മിനിറ്റ്സ്…..” “എന്താ ഇങ്ങോട്ട്……” “പിന്നെ ഞാൻ വേറെ എങ്ങോട്ടാ…..” “എന്നാ മടങ്ങിപോക്ക്…..” “ഏട്ടൻ എന്താ ആരോടോ എന്ന പോലെ സംസാരിക്കുന്നെ…. എനിക്കിവിടെ വന്നു നിൽക്കാൻ ഇത്ര ദിവസം എന്നൊക്ക വേണോ…..” നിരഞ്ജൻ അനുവിനെ നോക്കി, അവളുടെ കുനിഞ്ഞ തല ഇതുവരെ നിവർന്നിട്ടില്ല. അവൻ നോക്കുന്നത് കൊണ്ടാവാം അഭിരാമി ഇടയ്ക്കുകയറി ചോദിച്ചു. “ഞാൻ വന്നപ്പോ തന്നെ ചോദിക്കണം ന്ന് കരുതിയതാ…. ഏതാ ഈ കുട്ടി….? ത്രയംബക ആണോ…. വല്ലാണ്ട് മാറിപ്പോയി, പ്രിറ്റി…… മുൻപ് എനിക്ക് ഒട്ടും ഇഷ്ടല്ലായിരുന്നു,

ഇപ്പൊ അങ്ങനൊന്നും ഇല്ല ട്ടോ, അന്നത്തേ പ്രായം അതല്ലായിരുന്നോ….” “അത് ത്രയംബക അല്ല അഭിരാമി, അമ്മുവാണ്… അനാമിക…..” “ഏട്ടന്റെ ഫ്രണ്ട് ആണോ….” “നോ ഷീ ഈസ്‌ മൈ വൈഫ്…..” വെട്ടിതുറന്ന് നിരഞ്ജൻ അങ്ങനെ പറയുമ്പോൾ അഭിരാമി സ്തംബ്ദയായി അവനെയും അനുവിനെയും മാറിമാറി നോക്കി, അവളുടെ മുഖം വലിഞ്ഞുമുറുകി, ദേഷ്യത്തോടെ അവൾ അനുവിനെ നോക്കി. “വാട്ട്‌….. വൈഫോ….. നോ…. ഞാനിതിന് സമ്മതിക്കില്ല, സമ്മതിക്കാൻ പാടില്ല……” അഭിരാമി പെട്ടെന്ന് വൈലന്റ് ആയി ഒച്ചയെടുത്തു. അത് കേട്ടതും അല്പം ഭയത്തോടെ നിരഞ്ജനഅരികിലേക്ക് നീങ്ങിനിന്നു. “നിന്റെ സമ്മതം എന്തിനാ എനിക്ക്…..?” “എന്താ അച്ചുവേട്ടാ ഇങ്ങനൊക്കെ പറയുന്നേ…. എന്റെ സമ്മതം ഇല്ലാതെങ്ങനാ…. അമ്മായി എവിടെ….എനിക്ക് അമ്മായിയോട് സംസാരിക്കണം….. അമ്മായി എങ്ങനാ സമ്മതം പറഞ്ഞെ……” അഭിരാമി ഉച്ചത്തിൽ ഒച്ചയെടുത്തു സംസാരിക്കാൻ തുടങ്ങി. അത് എല്ലാവരിലും അരോചകം ഉണ്ടാക്കി. നീരവും നിരുപമയും മുറിയിലേക്ക് ഉൾവലിഞ്ഞു, അവരോടൊപ്പം അകത്തേക്ക് പോകാൻ തുടങ്ങവേ അവളുടെ കൈയിൽ പിന്നിൽ നിന്ന് പിടിച്ചു തന്നോട് ചേർത്തുനിർത്തി നിരഞ്ജൻ, അവളുടെ തോളിൽ കൂടി കൈയിട്ട് അവൻ തന്റെ നെഞ്ചോട് ചേർത്തു നിർത്തി അഭിരാമിയോടായി പറഞ്ഞു,

“ഇത് അമ്മു, എന്റെ ഭാര്യയാണ്. ഇനി ആര് എതിർത്താലും നിഷേധിച്ചാലും അതാണ് സത്യം…. നിനക്ക് വേണമെങ്കിൽ അംഗീകരിക്കാം, അംഗീകരിക്കാതിരിക്കാം… അതൊക്കെ നിന്റെ ഇഷ്ടം….. എനിക്കൊന്നും പറയാനുമില്ല കേൾക്കാനുമില്ല….” അതും പറഞ്ഞ് നിരഞ്ജൻ അനുവിനെയും കൊണ്ട് റൂമിൽ കയറി വാതിൽ സാക്ഷയിട്ടു. ദീർഘ നേരത്തെ മൗനം, ആർക്കും ഒന്നും മിണ്ടാനില്ലാത്ത അവസ്ഥ…. ഒടുവിൽ തമ്മിൽ ഉറഞ്ഞുകൂടിയ മൗനത്തേ തച്ചുടച്ച് നിരഞ്ജൻ തന്നെ ഒരു സംഭാഷണത്തിനു തുടക്കമിട്ടു. “അനൂ… അഭി……” “ആരാ അത്……” “അത്…….,” നിരഞ്ജൻ എന്തോ പറയാൻ തുടങ്ങിയതും വാതിലിൽ മുട്ടു കേട്ടതും ഒരുമിച്ചായിരുന്നു, മടിച്ചു മടിച്ചാണെങ്കിലും അനു വാതിൽ തുറന്നു, നിരുപമയായിരുന്നു. “ഞാൻ അകത്തോട്ടു വന്നോട്ടെ ഏട്ടത്തി…..” അനു മൗനാനുവാദമേകി, നിരുപമ ഉള്ളിലേക്ക് വന്നതും അവരെ തനിച്ചു വിട്ട് നിരഞ്ജൻ മുറിക്ക് പുറത്തിറങ്ങി നീരവിന്റെ റൂമിലേക്ക് നടന്നു.

“ഏട്ടത്തിക്ക് വിഷമായി ല്ലേ…..” അനു ഒന്നും മിണ്ടിയില്ല, “ഞാൻ കണ്ടിരുന്നു ഏട്ടത്തി കരയുന്നത്…..” “അത്…. അതാരാ…..” “അഭിരാമിയേച്ചി….. ഞങ്ങടെ അമ്മാവന്റെ മകളാണ്,…… ഏട്ടനുമായി……” നിരുപമ ഒന്ന് ശങ്കിച്ചു, “ഏട്ടനുമായി…….?” “അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നു, കല്യാണം ഒക്കെ ഉറപ്പിച്ചതും ആയിരുന്നു…. പക്ഷെ….. കല്യാണം ഒക്കെ ഏകദേശം അടുത്തപ്പോൾ ഏട്ടന് ജോലിയില്ല, വീട്ടിൽ സൗകര്യം ഇല്ല എന്നൊക്കെ പറഞ്ഞൊരു കത്തും എഴുതി വച്ച് പോയി അഭിരാമിയേച്ചി….. അന്ന് ഏട്ടന് ഈ ജോലി കിട്ടീട്ടുണ്ടായിരുന്നില്ല….. അന്ന് അറ്റാക്ക് വന്നു വീണതാ അമ്മാമൻ, പിന്നെ എണീറ്റിട്ടില്ല, പിന്നെ കുറെ നാൾ കഴിഞ്ഞ് അറിഞ്ഞു ഏതോ ഒരു ബാംഗ്ലൂർ ഉള്ള പയ്യനുമായി ചേച്ചി അടുപ്പത്തിൽ ആയി ന്ന്….. അന്നൊക്കെ ഏട്ടൻ എന്തോരം കരഞ്ഞിട്ടുണ്ട് ന്ന് ഞങ്ങൾക്കെ അറിയൂ…. അത്രക്കും ദ്രോഹിച്ചിട്ടുണ്ട് ഏട്ടനെ അവർ…. അവരോടുള്ള വാശിക്ക് ഏട്ടൻ പഠിച്ചു ടെക്സ്റ്റ്‌ എഴുതി ജോലി വാങ്ങി, ചേച്ചി തകർത്തു പോയ ജീവിതം ഒന്ന് നേരെയാകാൻ എത്രയോ നാളുകൾ എടുത്തു… ആ സമയത്താണ് അമൃതെച്ചിടെ കല്യാണാലോചന വന്നതും ഇങ്ങനൊക്കെ സംഭവിച്ചതും…. അമ്മ ഒരുപാട് കരഞ്ഞിട്ടാ ഏട്ടൻ ഒന്നു സമ്മതിച്ചത്… ഏട്ടന്റെയും ഞങ്ങളുടെയും ഒക്കെ ഭാഗ്യവാ ഏട്ടത്തിയെ ഞങ്ങൾക്ക് കിട്ടിയത്….

ഏട്ടത്തി ഒന്നുകൊണ്ടും വിഷമിക്കണ്ട ട്ടോ, ഞങ്ങളൊക്കെ കൂടെയുണ്ട്, അമ്മയൊന്ന് ഇങ്ങു വന്നോട്ടെ……” നിരുപമയുടെ ഓരോ വാക്കുകളും അനുവിനെ സമാധാനപ്പെടുത്തുന്നുണ്ടായിരുന്നു, അവൾക്ക് ഒരു മനധൈര്യം ലഭിച്ച പോലെ…… ഹാളിൽ അഭിരാമി ഒച്ചയുണ്ടാക്കുന്നത് മുറിയിൽ കേൾക്കുന്നുണ്ടായിരുന്നു, എങ്കിലും അനു പുറത്തേക്ക് ഇറങ്ങാനോ അവളെ കാണാനോ തുനിഞ്ഞില്ല. വൈകുന്നേരം ആയപ്പോൾ അമ്മയും വന്നു, അതിന് ശേഷം അഭിരാമിയുടെ ശബ്ദം ഉയർന്നില്ല. ദേവകിയമ്മ മുറിയിലേക്ക് വരുമ്പോ അനു കിടക്കുകയായിരുന്നു, അവളുടെ നെറുകയിൽ അവർ മെല്ലെ തലോടിയപ്പോഴാണ് അനു കണ്ണുതുറന്നത്… “മോൾക്ക് സങ്കടായോ…..” “ഏയ്‌ ഇല്ലമ്മേ….” അവളുടെ നിറംമങ്ങിയ കണ്ണുകൾ ദേവകിയമ്മയോട് കള്ളം പറഞ്ഞില്ല. “എന്റെ മൂത്താങ്ങളേടെ മോളാ അഭി, ന്റെ അച്ചൂന് പറഞ്ഞു വച്ചിരുന്നതാ… അവരും ഇഷ്ടത്തിലായിരുന്നു. പക്ഷെ ന്താ ചെയ്യാ, ന്റെ കുട്ടീടെ വിധി….. മോളും കൂടി ന്റെ മോനെ കൈവിടരുത് ട്ടോ മോളെ….” അനുവിന്റെ ഇരുകൈകളും കൂട്ടിപിടിച്ചു ദേവകിയമ്മ കേഴുന്ന പോലെ പറഞ്ഞു, അതുകൂടിയായപ്പോൾ അനുവും പൊട്ടിപോയി, അമ്മയെ കെട്ടിപിടിച്ചു കരഞ്ഞു പോയി അവൾ.

കുളി കഴിഞ്ഞ് അനു ഒരു പിങ്ക് ചുരിദാർ എടുത്തണിഞ്ഞു, താലി ഡ്രെസ്സിന്റെ പുറമെയിട്ട് സിന്ദൂരവുമണിഞ്ഞു, ഡോർ തുറന്നു പുറത്തിറങ്ങി കോണിപ്പടി ഇറങ്ങി വന്നപ്പോ തന്നെ അവൾ കണ്ടു സോഫയിൽ ഒരു കാലിന്റെമേലെ മറു കാൽ കയറ്റി വച്ചിരിക്കുന്ന അഭിരാമിയെ. അനു ഇറങ്ങി നേരെ അടുക്കളയിലേക്ക് നടന്നു. മൈൻഡ് ചെയ്യാതെ നടന്നെങ്കിലും അനുവിനെ അഭിരാമി പുറകീന്ന് വിരൽ ഞൊടിച്ചു വിളിച്ചു. അനു ഒന്ന് നിന്നു, എങ്കിലും തിരിഞ്ഞു നോക്കിയില്ല. അഭിരാമി സോഫമേൽ നിന്ന് അനുവിന് അടുത്തേക്ക് നടന്നുവന്നു. “ഞാൻ ഇവിടെ ഇരിക്കുന്നത് നിന്റെ കണ്ണിനു പിടിക്കുന്നില്ലേ ടീ….. അത്രക്ക് അഹങ്കാരം ആണോ നിനക്ക്….” അനു ഒന്നും മിണ്ടിയില്ല. “ഇവിടെ നിന്റെ നെഗളിപ്പ് കാണാൻ ആളുണ്ടാവും, എന്നാ ഇനിയത് വേണ്ട, ഞാൻ വലിച്ചെറിഞ്ഞ എച്ചിലിൽ ജീവിക്കുന്ന പുഴുവാ നീ…. എന്റെ കാൽക്കൽ കിടന്നാ മതി…..” “ഓ ആയിക്കോട്ടെ…. തമ്പുരാട്ടി അവിടെ കേറി ഇരിക്ക്, എനിക്ക് വേറെ പണിയുണ്ട്….. ” അപ്പോൾ അനുവിന് അങ്ങനെ പറയാനാണ് തോന്നിയത്, അവളുടെ എടുത്തടിച്ചുള്ള മറുപടി കേട്ടതും അഭിരാമിയുടെ മുഖം ഷോക്കടിയെറ്റ പോലെ വിളറി വെളുത്തു. അടുക്കളയിൽ അമ്മ ചപ്പാത്തിയും ചിക്കൻ കറിയും ഉണ്ടാക്കുന്ന തിരക്കിലായിരുന്നു.

അനുവും അമ്മയോടൊപ്പം കൂടി. അനു വന്നപ്പോൾ പതിയെ നിരുപമയും നീരവും കൂടെ വന്നു, അപ്പോഴും നിരഞ്ജൻ മുകളിൽ നിന്ന് ഇറങ്ങി വന്നിരുന്നില്ല. അത്താഴം ആയപ്പോൾ അമ്മയും കുട്ടികളും ഭക്ഷണം ടേബിളിൽ എടുത്തു വച്ചു, അനു നിരഞ്ജനെ വിളിക്കാനായി മുകളിലേക്ക് പോയി. ബെഡിൽ മലർന്ന് കണ്ണടച്ച് കിടക്കുകയായിരുന്നു അവൻ, ഒരു കൈ നെറ്റിക്ക് കുറുകെ കയറ്റി വച്ചിട്ടുണ്ട്. അനു സാവധാനം അവനരികിൽ പോയിരുന്നു, മെല്ലെ തട്ടി വിളിച്ചു. കണ്ണുതുറന്നു അവളുടെ മുഖത്തേക്ക് നോക്കി അല്പനേരം അവൻ അങ്ങനെ കിടന്നു, എണീറ്റിരുന്ന് അനുവിനോട് നിരഞ്ജൻ ചോദിച്ചു. “ദേഷ്യം ണ്ടോ നിനക്ക് എന്നോട്…..” “എന്തിനാ ദേഷ്യം…..” “ആം സോറി അമ്മൂ…. നിനക്ക് വിഷമായി ന്ന് അറിയാം….” “വേണ്ട, അത് വിട്ടേക്ക്…. തെറ്റേത് ശരിയേത് എന്നെനിക്ക് അറിയാം… പിന്നെ എന്നോട് ഒരു ക്ഷമ ചോദിക്കലിന്റെ ആവശ്യം ഉണ്ടോ… കഴിക്കാനായി…. ഞാൻ വിളിക്കാൻ വേണ്ടി വന്നതാ…..” “അവളില്ലേ അവിടെ…..?” “ഉണ്ടായിക്കോട്ടെ…. ഏട്ടൻ എന്തിനാ ഇങ്ങനെ പേടിക്കണേ…. അവളായി, നമ്മളായി…. ഏട്ടൻ വായോ താഴെ എല്ലാരും കാത്തിരിക്കുന്നുണ്ട്…..” അനു താഴേക്ക് പോന്നു, പിന്നാലെ നിരഞ്ജനും. ഡൈനിങ് ടേബിളിൽ നിരഞ്ജൻ എന്നും ഇരിക്കാറുള്ള ചെയറിന്റെ തൊട്ടടുത്ത് അഭിരാമി ഇരിപ്പുണ്ട്, അവനെയും കാത്ത് ഇരിപ്പാണ് എന്ന് കണ്ടാൽ തന്നെ അറിയാം.

നിരഞ്ജൻ അവൾ ചിന്തിക്കുന്നതിനും നേർവിപരീതമായി അവൾ ഇരുന്നതിന് നേരെ എതിരിൽ ഒരു കസേര വലിച്ചിട്ടിരുന്നു. വിളമ്പാൻ നിന്ന അനുവിനെയും തന്റെ അരികിൽ പിടിച്ചിരുത്തി, അഭിരാമി ഇതൊക്കെ കണ്ട് അനുവിന് നേരെ പല്ലിറുമ്മുന്നുണ്ടായിരുന്നു. അമ്മയാണ് എല്ലാർക്കും വിളമ്പികൊടുത്തത്. ചപ്പാത്തി ഒന്ന് പിച്ചി വായിൽ വച്ചതും അഭിരാമി അനുവിന്റെ നേരെ തിരിഞ്ഞ് അലറി. “ച്ചേ….. എന്ത് എരിവാണ് കറിക്ക്….. ഒരു കറി ഉണ്ടാക്കാൻ പോലും അറിയില്ലേ സ്റ്റുപ്പിഡ്….. ആഹ് വെള്ളം എവിടെ…..” “വെള്ളം ദേ ഇരിക്കണു… വേണേൽ എടുത്തു കുടിച്ചോ…. പിന്നെ കറി വച്ചത് അമ്മുവല്ല ഞാനാ…. പിന്നെ നിനക്ക് വേണേൽ കഴിച്ചാ പോരെ എന്തിനാ ആ കുട്ടീടെ മേലേക്ക് ചാടണേ……” അഭിരാമിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് ദേവകിയമ്മയാണ്, പിന്നേ അനുവിനെ ആക്രമിക്കാൻ ഉള്ള അവസരം ഒന്നും അഭിരാമിക്ക് ഉണ്ടായില്ല. കഴിച്ചെന്നു വരുത്തി നിരഞ്ജൻ ടീവിക്ക് മുന്നിൽ ഇരിപ്പുറപ്പിച്ചു, കൂടെ നീരവും. അമ്മയും അനുവും നിരുപമയും കൂടി പാത്രം കഴുകലും അടുക്കള വൃത്തിയാക്കലുമായി കൂടി. ഈ തക്കത്തിന് അഭിരാമി നിരഞ്ജനോടൊപ്പം ഹാളിൽ കേറികൂടി, അവൾ വന്നപ്പോൾ നീരവ് തന്റെ ഫോണുമെടുത്ത് റൂമിലേക്ക് പോയി.

“ഏട്ടൻ എന്നെ പറഞ്ഞു പറ്റിക്കായിരുന്നു ല്ലേ…. എങ്ങനെ തോന്നി ഏട്ടന് എന്നോട് ഇങ്ങനെ കാട്ടാൻ….” “നിന്നോട് ഞാൻ എന്ത് കാട്ടി ന്ന്….?” “എനിക്കറിയാം ഏട്ടന് എന്നെ അത്ര പെട്ടെന്നൊന്നും മറക്കാൻ കഴിയില്ല ന്ന്…. അമ്മായി നിർബന്ധം പിടിച്ചിട്ടുണ്ടാവും ല്ലേ……” നിരഞ്ജൻ ഒന്നും മിണ്ടിയില്ല. “ഇനിപ്പോ ഞാൻ വന്നില്ലേ, ഏട്ടൻ ഇനി വിഷമിക്കണ്ട ട്ടോ…..” അഭിരാമി നിരഞ്ജന്റെ തോളിൽ ചായാൻ തുടങ്ങിയപ്പോഴേക്കും അവൻ സോഫയിൽ നിന്ന് എണീറ്റിരുന്നു. “നീ എന്താ പറഞ്ഞു വരുന്നേ…. മനസിലായില്ല….” “ഏട്ടൻ ന്താ കുട്ടികളെ പോലെ…. ചെറിയ തെറ്റൊക്കെ എന്റെ ഭാഗത്തും ഉണ്ടായിട്ടുണ്ട്…. എന്ന് കരുതി, എന്റെ സ്ഥാനത്ത് മറ്റൊരാളെ സങ്കല്പിക്കാൻ പറ്റോ ഏട്ടന്…..എനിക്ക് കഴിയില്ല…..” “ഇപ്പൊഴാണോ ബോധോദയം ഉണ്ടായത്, രണ്ടര കൊല്ലം മുൻപ് ഒരു തുണ്ട് കടലാസും എഴുതി വച്ച് നീ പോയപ്പോൾ എവിടെ പോയിരുന്നു ഈ സ്നേഹം ഒക്കെ….. അന്ന് ജോലിയും സ്റ്റാറ്റസും നോക്കി വേറെ ഒരുത്തന്റെ കൂടെ പോയപ്പോ എവിടെ പോയി നിന്റെ സ്നേഹം…. ചത്തോ ഉണ്ടോ ന്ന് തിരിഞ്ഞു നോക്കിയോ നീ….എല്ലാം കഴിഞ്ഞ്, വർഷങ്ങൾ കഴിഞ്ഞ് ഇപ്പൊ വന്നിട്ട് നീ എന്ത് സ്നേഹം പൊഴിക്കാനാ പോണേ…..” നിരഞ്ജന്റെ സ്വരം കടുത്തു.

“അതല്ലേ പറഞ്ഞെ ചെറിയ തെറ്റൊക്കെ ഞാനും ചെയ്തിട്ടുണ്ട്…. എന്നും കരുതി…., ഏട്ടന് പറ്റോ എന്റെ സ്ഥാനത്ത് വേറെ ഒരുത്തിയെ കാണാൻ…..” “അത് കൊണ്ടാണല്ലോ ഞാൻ അവളെ താലി കെട്ടി കൊണ്ടുവന്നത്…..” “ഞാൻ എന്തിനാ പോയെ എങ്ങോട്ടാ പോയെന്ന് ഒന്നു തിരക്കിയത് പോലുമില്ലല്ലോ ഏട്ടൻ, അപ്പൊ അത്രക്കെ ഉണ്ടായിരുന്നുള്ളൂ അല്ലേ ഞാൻ ഏട്ടന്റെ മനസ്സില്…..” “നീ ഇറങ്ങി പോയ അന്ന് വീണുപോയൊരു മനുഷ്യൻ ഉണ്ട് നിന്റെ വീട്ടില്….. നിനക്ക് ജന്മം തന്നുപോയി എന്നൊരു തെറ്റെ ആ പാവം ചെയ്തിട്ടുള്ളൂ… ആ പാവത്തെ പറ്റി തിരക്കിയിട്ടുണ്ടോ നീ ഈ രണ്ടര കൊല്ലത്തിൽ എപ്പോഴെങ്കിലും……. ആ നീയാണോ എന്നെ സ്നേഹിക്കാൻ വരുന്നേ….. എടീ സ്വത്തും പണവും ഉണ്ടാവുമ്പോ വരുന്നതല്ല സ്നേഹം, അങ്ങനെ വരുന്നതിന്റെ പേര് വേറെയാ…. നിനക്ക് ഇവിടെ വരാം നിക്കാം, എന്റെ അമ്മാവന്റെ മകൾ എന്ന അധികാരത്തിൽ മാത്രം….. അല്ലാതെ എന്റെ മേൽ അവകാശം സ്ഥാപിക്കാമെന്ന് ഒരു ചിന്തയുണ്ടേൽ അതിനി വേണ്ട….. എനിക്ക് അവകാശം പറയാൻ ഇപ്പൊ ന്റെ ഭാര്യ ഉണ്ട്….. പറഞ്ഞത് മനസിലായല്ലോ….” നിരഞ്ജൻ മുറിയിലേക്ക് പോയി, ദേഷ്യം സഹിക്കവയ്യാതെ അഭിരാമി ഒരു മുറിയിൽ കയറി വാതിൽ വലിച്ചടച്ചു,ആ ശബ്ദം അടുക്കളയിൽ വരെ പ്രതിധ്വനിച്ചു. 💞💞

അനു മുറിയിലേക്ക് ചെല്ലുമ്പോൾ നിരഞ്ജനവിടെയില്ല, മഴ ചെറുതായി തൂളി പെയ്യുന്നുണ്ടായിരുന്നു. ബലിക്കെണിയിൽ നിഴലാട്ടം കണ്ടതുകൊണ്ടാവണം അനു അങ്ങോട്ടേക്ക് നീങ്ങി. അവൾ വാതിൽ തുറക്കുമ്പോഴേ ഒരു മൂളിപ്പാട്ട് കേൾക്കുന്നുണ്ടായിരുന്നു. “രാത്രിമഴ പെയ്തു തോർന്ന നേരം…. കുളിർ കാറ്റിൽ ഇലച്ചാർത്തുലഞ്ഞ നേരം…… ഇറ്റിറ്റു വീഴും നീർത്തുള്ളിതൻ സംഗീതം ഹൃദ്തന്ത്രികളിൽ പടർന്ന നേരം…. കാതരയായൊരു പക്ഷിയെൻ ജാലക വാതിലിൻ ചാരെ ചിലച്ച നേരം… വാതിലിൻ ചാരെ ചിലച്ച നേരം…… ” “ഒരു മാത്ര വെറുതെ നിനച്ചു പോയി…. ” അവസാനവരികൾ നിരഞ്ജനോടൊത്ത് അനുവും മൂളിപ്പോയി. അവളുടെ സാനിധ്യം തിരിച്ചറിഞ്ഞ അവൻ പെട്ടെന്നു ഞെട്ടിത്തിരിഞ്ഞു. അവളെ കണ്ടതും നിറഞ്ഞ കണ്ണുകൾ ഒളിപ്പിക്കാനൊരു വിഫലശ്രമം അവൻ നടത്തി. തോൽവി സമ്മതിക്കേണ്ടി വന്നതുകൊണോ സങ്കടം സഹിക്കവയ്യാത്തതു കൊണ്ടോ നിരഞ്ജനവളെ വാരിപ്പുണർന്നു. അനു അവന്റെ ഭാഗത്തുനിന്നിങ്ങനൊയൊരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ല. നിരഞ്ജൻ അവളെ കൂടുതൽ കൂടുതൽ തന്നിലേക്ക് ചേർത്തു പിടിക്കുമ്പോൾ ശരീരത്തിലൂടെ ഒരു വൈദ്യുതിപ്രവാഹം ഇഴഞ്ഞുപോകും പോലവൾക്ക് തോന്നി.

അവന്റെ ഉള്ളിലെ തേങ്ങലുകൾക്ക് അവളുടെ ചുമലിനെ നനയ്ക്കാൻ പോന്നത്രയും ശക്തിയുണ്ടായിരുന്നു. “ഞാൻ…. ഞാനാരോടും ഒരു തെറ്റും ചെയ്തിട്ടില്ല അമ്മൂ…. നീയും എന്നെ തെറ്റിദ്ധരിക്കരുത്, എന്നെ ഒറ്റക്കാക്കി പോവരുത്…..” അവന്റെ സ്വരത്തിന്റെ പതർച്ച എന്തിനോ അവളിൽ ഭയം സൃഷ്ടിച്ചു. അനു തന്റെ നേർത്ത വിരലുകളാൽ അവന്റെ കണ്ണുനീർ തുടച്ചു, നെറ്റിത്തടം തലോടി…. “എനിക്ക് ഏട്ടനെ വിശ്വാസമാണ്… അത് പെട്ടെന്നൊരാൾ കേറി വന്നു പറഞ്ഞാലൊന്നും മങ്ങലേൽക്കില്ല….. നീരു എന്നോടെല്ലാം പറഞ്ഞു, അമ്മയും…. ഏട്ടന് സങ്കടാവും ന്ന് വച്ചാ ഞാനൊന്നും ചോദിക്കാതിരുന്നത്, അല്ലെങ്കിൽ തന്നെ എനിക്കൊന്നും അറിയണ്ട… ഇന്നലെ കഴിഞ്ഞുപോയതൊക്കെ ചിക്കിചികഞ്ഞിട്ട് എനിക്കെന്ത് കിട്ടാനാ…..ഏട്ടൻ വെറുതെ വിഷമിക്…..” അനു പറഞ്ഞു മുഴുമിക്കുന്നതിനു മുൻപേ നിരഞ്ജന്റെ ചുണ്ടുകൾ അവളുടെ നെറുകയിൽ അമർന്നിരുന്നു. പാതിമുറിഞ്ഞ വാക്കുകളോടെ, പിടക്കുന്ന മിഴികളോടെ അനു തലയുയർത്തി അവനെ നോക്കി…. നിമിഷങ്ങളോളം ആ അരണ്ട വെളിച്ചത്തിലും കണ്ണുകളാൽ കഥ പറഞ്ഞു, തെന്നി വന്ന കാറ്റിൽ പിടഞ്ഞ് മഴത്തുള്ളികൾ അവരുടെ മേലെ തൂവിക്കൊണ്ടിരുന്നു.

അനുവിന് തണുക്കുന്നെന്ന് തോന്നി, അവളുടെ ഉള്ളിലെ വിറയൽ തിരിച്ചറിഞ്ഞ നിരഞ്ജൻ ഇരുകൈയാൽ അവളെ നെഞ്ചിലേക്കണച്ചു പിടിച്ചു. ഈ ലോകത്തിലേറ്റവും സുരക്ഷിതം അവന്റെ ഇടനെഞ്ചാണെന്ന് അവൾക്ക് തോന്നി, അച്ഛനോളം പ്രിയത്തോടെ അനു വീണ്ടും അവനിലേക്ക് പറ്റിച്ചേർന്നു. നിരഞ്ജൻ അനുവിനെ വാരിയെടുത്ത് ഉള്ളിലേക്ക് നടന്നു, ബെഡിൽ അവളെ കിടത്തി അരികിൽ അവളോട് ഒരിഞ്ച് പോലും അകലമില്ലാതെ ചേർന്നു കിടന്നു. അനുവിന്റെ ചൂടുനിശ്വാസം അവന്റെ കഴുത്തിൽ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. പുറത്തു മഴ തകർത്തു പെയ്യവേ അവളിൽ അവൻ വേനലിലെ കുളിർമഴ പോലെ പെയ്തിറങ്ങി. കൊടുംവെയിലിൽ വറണ്ടുപോയ ഇരുഹൃദയങ്ങളും ആ പെയ്തൊഴിഞ്ഞ മഴയിൽ പൂങ്കാവനമായ് മാറി. 💞💞

പിറ്റേന്ന് രണ്ടാളും ഏറെ വൈകിയാണ് ഉണരുന്നതും മുറിക്ക് പുറത്തിറങ്ങിയതും. അനുവിന് അവനെ അഭിമുഖീകരിക്കാൻ ഒരു ജാള്യതയുണ്ടായിരുന്നു. നിരഞ്ജന് പിന്നാലെ ഇറങ്ങിയ അനു കണ്ടത് കോണിപ്പടിയിൽ നിന്നുകൊണ്ട് സംസാരിക്കുന്ന അവനെയും അഭിരാമിയെയുമാണ്. വാക്കുതർക്കമാണെന്ന് മനസിലായി അനു അങ്ങോട്ട് ചെന്നു. “ദേ ഇവൾക്ക് വേണ്ടിയല്ലേ നിങ്ങളെന്നെ ഒഴിവാക്കുന്നത്… അങ്ങനെ എനിക്ക് കിട്ടാത്തതൊന്നും വേറെ ആർക്കും കിട്ടണ്ട, കിട്ടാൻ ഈ അഭി അനുവദിക്കില്ല…..” അതും പറഞ്ഞ് അഭിരാമി സ്റ്റെപ്പിൽ നിന്ന അനുവിനെ താഴേക്ക് പിടിച്ചു തള്ളി, അപ്രതീക്ഷിതമായ തള്ളലിന്റെ ആഘാതത്തിൽ അനു സ്റ്റെപ്പിൽ നിന്ന് ഉരുണ്ട് താഴേക്ക് വീണുപോയി. നെറ്റി പൊട്ടി ചോരയൊലിപ്പിച്ചു താഴെ വീണുകിടക്കുന്ന അനുവിനെ കണ്ടതും സമനില തെറ്റി നിരഞ്ജൻ അലറിവിളിച്ചു. അഭിരാമിയെ പിടിച്ചു മാറ്റി, അവളുടെ കരണം പുകച്ചുകൊണ്ട് അവന്റെ കൈ ഉയർന്നുപൊങ്ങി. കാറ്റ് വേഗത്തിൽ പടിക്കെട്ടുകൾ ഓടിയിറങ്ങിയ അവൻ ചോരയൊലിപ്പിച്ചു നിലത്ത് അർദ്ധബോധാവസ്ഥയിൽ കിടക്കുന്ന അനുവിനെ വാരിയെടുത്തുകൊണ്ട് അഭിരാമിക്ക് നേരെ തിരിഞ്ഞു പറഞ്ഞു.

“ഇനിയൊരു നിമിഷം പോലും നിന്നെയിവിടെ കാണരുത്, ഇപ്പൊ ഇറങ്ങിക്കോണം ഇവിടുന്ന്….. ഇനി നിന്റെ നിഴൽവെട്ടം പോലും ഈ വീട്ടിൽ ഉണ്ടാവരുത്…..” നിരഞ്ജൻ അനുവിനെയും താങ്ങിയെടുത്ത് കാറിന്റെ നേരെ ഓടി, ബോധം മറയും മുൻപ് അനു കണ്ടു, താനനുഭവിക്കുന്നതിനേക്കാൾ ഇരട്ടി വേദനയിൽ പിടയുന്ന അവനെ…. കാറിൽ മിന്നൽവേഗത്തിൽ ഹോസ്പിറ്റലിലേക്ക് കുതിക്കുമ്പോൾ കണ്ണുനീർ അവന്റെ കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു. “ആരാ അച്ചു……” വാർഡിനു മുന്നിൽ അക്ഷമയോടെ കാത്തുനിൽക്കുകയായിരുന്നു നിരഞ്ജനും നീരവും, നേഴ്സ് വന്നു ചോദിച്ചപ്പോൾ നിരഞ്ജൻ മുന്നോട്ട് നീങ്ങി. “ഞാനാണ് സിസ്റ്റർ…..” “ആ കുട്ടി നിങ്ങളെ അന്വേഷിക്കുന്നു, കേറി കണ്ടോളൂ…. അധികം സ്‌ട്രെയിൻ ചെയ്യിക്കണ്ട. തലയിൽ നല്ല മുറിവുണ്ട് ചിലപ്പോൾ സ്റ്റിച്ച് പൊട്ടാൻ ചാൻസ് ഉണ്ട്…..” നിരഞ്ജൻ ഉള്ളിലേക്ക് കയറുമ്പോൾ ബെഡിൽ പാതിതുറന്ന കണ്ണുകളോടെ കിടക്കുകയായിരുന്നു അനു. അവനെ കണ്ടതും അവളൊരു വിളറിയ പുഞ്ചിരി സമ്മാനിച്ചു, അവൻ അവളുടെ അരികിൽ ബെഡിലേക്കിരുന്നു കൈകൾ ചേർത്തു പിടിച്ചു.

“വേദനയുണ്ടോ…..” “ഏയ്‌ ഇല്ല….. അച്ഛനോട് പറയണ്ട ട്ടോ….” “പറയുന്നില്ല ട്ടോ….” അവൾ അവനെ നോക്കി പുഞ്ചിരിച്ചു, കണ്ണീരിൽ കുതിർന്ന പുഞ്ചിരി. അവളുടെ മിഴിനീർ തുടച്ചു നെറ്റിയിൽ ചുംബിച്ചു കൊണ്ട് നിരഞ്ജൻ അവളുടെ കാതിൽ മന്ത്രിച്ചു. “വിട്ടുകൊടുക്കില്ല നിന്നെയാർക്കും…. നീയെന്റെയാ, എന്റെ മാത്രം……” ഇരു ഹൃദയങ്ങളിൽ പെയ്തൊഴിഞ്ഞ വേനൽമഴയിൽ അവരുടെ പ്രണയകാവ്യത്തിൻ പൂക്കൾ മൊട്ടിട്ടുണർന്നു. ഇനിയൊരു ശക്തിയും വേർപെടുത്താനാവാത്ത വിധം വള്ളിപ്പടർപ്പുകൾ പോലെ കെട്ടുപിണഞ്ഞും പൂവണിഞ്ഞും സൗരഭ്യമേറിയ ജീവിതത്തിലേക്ക് അവർ കൈപിടിച്ച് നടന്നകന്നു….. 💞💞💞 ❣️ ശുഭം ❣️ വിവാഹം എന്നത് ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം ഒരു പറിച്ചു നടലാണ്. തങ്ങളുടെ ആഗ്രഹങ്ങളെ എത്തിപ്പിടിക്കാനാകുന്നൊരു തുണയെ അവൾക്ക് കിട്ടുന്നത് ഭാഗ്യവും സ്വന്തം വീട്ടുകാരേക്കാൾ അവളെ സ്നേഹിക്കുന്ന കുടുംബം കിട്ടുന്നത് പുണ്യവുമാണ്. തന്റെ അച്ഛനെയും അമ്മയെയും പോലെ ഭർത്താവിന്റെ അച്ഛനെയും അമ്മയെയും വീട്ടുകാരെയും സ്നേഹിക്കുന്ന ഒരു മരുമകൾ തന്നെയാണ് ഏതൊരു വീടിന്റെയും നിലവിളക്ക്….. അവൾ ഒരു ധനമല്ലേ, പിന്നെന്തിനേ അവൾക്കൊരു സ്ത്രീധനം….. 💓💓💓💓