19/04/2026

വേനൽമഴ : ഭാഗം 05

രചന – ഭദ്ര ശ്രീ

“അച്ഛേ…. മറുതലക്കൽ ആളെത്തിയതും അനു അറിയാതെ വിതുമ്പിപ്പോയി, ഉള്ളിലെ അലകൾ അവളുടെ സ്വരത്തിലും പതർച്ച പടർത്തിയിരുന്നു. അവളുടെ സങ്കടം മറുതലക്കലും പരിഭ്രമം സൃഷ്ടിച്ചു. “എന്താ മോളെ…. ന്താ ന്റെ അമ്മാളു കരയണേ….. ന്റെ കുട്ടിക്കെന്താ പറ്റിയെ…..” “അച്ഛേ…. അച്ഛേ കാണാൻ തോന്നാ അച്ഛേ…. ഞാൻ അങ്ങ് പോന്നോട്ടെ…. ഞാൻ അവിടെ നിന്നോളാം അച്ഛേ…..” അവൾ ഏങ്ങികരയാൻ തുടങ്ങിയിരുന്നു. “അച്ഛേ ഒറ്റക്കാക്കി മോൾക്ക് എങ്ങോട്ടും പോണ്ടച്ഛേ…. അച്ഛന്റെ കൂടെ തന്നെ നിന്നാ മതി നിക്ക്….” “മോളെന്താ ഇങ്ങനെ കൊച്ചു കുട്ടികളെ പോലെ… അച്ഛ ഇവിടെ ഒറ്റക്കല്ലല്ലോ, അമ്മായീം അമ്മാവനും കുട്ട്യോളും ഒക്കെയില്ലേ… അതിനാണോ നീ ഇങ്ങനെ കരഞ്ഞു ബഹളം വക്കണേ…..” മാധവൻ അനുവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു. “അച്ഛേ…. ചോറ് തിന്നോ…. ഗുളിക കഴിച്ചോ…. ഉച്ചക്ക് ചോന്ന ഡപ്പിയിലെ ഗുളികയാ ട്ടോ കഴിക്കേണ്ടേ….” “എനിക്കറിയാം മോളെ…. അച്ഛന് ഇവിടെ സുഖാ…. എന്തൊക്കെയാ മോൾടെ വിശേഷങ്ങൾ….”

“അച്ഛേ… ന്നേ ആള് അമ്മൂന്നാ വിളിക്കാ… അറിയോ, ന്നോട് അച്ചൂന്ന് വിളിക്കാനും പറഞ്ഞു, പക്ഷെ ഞാൻ അച്ചുവേട്ടാ ന്നാ വിളിക്കണേ…. പിന്നേ.. അച്ഛേ… ആ അമ്മായി പോയി ട്ടോ, എപ്പോഴും ദേഷ്യപ്പെടണ അമ്മായി… അച്ചുവേട്ടനാ കൊണ്ടാക്കിയെ…. പിന്നേ ഇവിടുത്തെ അമ്മ പാവാ… കിരണിനെ പോലെ തന്നെയാ ഇവിടുത്തെ നീരവും….. പിന്നേ നിക്ക് കൈലാസേട്ടനെ വല്ലാണ്ട് മിസ്സ്‌ ചെയ്യും അച്ഛേ…. ” അച്ഛൻ ചിരിച്ചു കൊണ്ട് അവളോട് പറഞ്ഞു. “രണ്ടീസം കഴിയുമ്പോൾ നിങ്ങൾ ഇങ്ങോട്ട് പോരില്ലേ മോളെ, പിന്നെ നിനക്ക് എപ്പോ വേണോങ്കിലും അച്ഛേ കാണാൻ വരാല്ലോ…. അച്ഛക്കും വന്നു കാണാം…. അതിനാണോ നീ ഇങ്ങനെ കരയണേ… കരയണ്ട ട്ടോ…..” “ഹ്മ്മ്മ്…..” ഒരുപാട് നേരം സംസാരിച്ചിട്ടാ അവൾ ഫോൺ വച്ചത്, താഴെ വന്നപ്പോഴും അമ്മ ടീവിടെ മുന്നിൽ തന്നെയാണ്, നിരഞ്ജൻ വന്നിട്ടുമില്ല. നിരുപമ ഉമ്മറത്തു പൂച്ചയുമായി ഇരിപ്പുണ്ട്, അവളുടെ കൂടെ ഫോണും പിടിച്ച് നീരവും. അമ്മയുടെ കൈയിൽ ഫോണും കൊടുത്തു അവൾ അമ്മക്ക് സമീപം വന്നിരുന്നു.

ടീവിയിൽ ഏതോ സീരിയൽ പ്ലേ ചെയ്യുന്നുണ്ടായിരുന്നു. “മോൾക്ക് ഫോണില്ലേ….” “ഉണ്ടായിരുന്നു, കേടായി പോയി. പിന്നെ ഫോൺ വാങ്ങിട്ടില്ല…..” “മോൾക്ക് വിശക്കുന്നുണ്ടോ…? ചോറ് വിളമ്പട്ടെ….” “ഇപ്പോഴോ…. അപ്പൊ അച്ചുവേട്ടൻ…..?” “അവനോ… അവന്റെ കാര്യം ഒക്കെ കണക്കാ നീ വാ ഞാൻ ചോറ് എടുത്തു വക്കാം…. ആ പിള്ളേരെ കൂടി വിളിച്ചോ…..” ഒന്നിച്ചിരുന്നു ആഹാരം കഴിക്കുന്നതിനിടയിൽ ആണ് നിരഞ്ജൻ കയറി വന്നതും. അവൾ കഴിക്കുന്നതിനിടയിലും അവൻ വന്നപ്പോൾ എഴുന്നേറ്റു, പക്ഷെ അവൻ അവളോട് കൈകൊണ്ടു ഇരുന്ന് കഴിച്ചോളാൻ ആംഗ്യം കാണിച്ചിട്ട് അവൻ മുറിയിലേക്ക് കയറി പോയി, അപ്പോൾ തന്നെ തിരികെ പോവുകയും ചെയ്തു. അനുവിന് അതൊക്കെ പുതിയ ശീലങ്ങളായിരുന്നു.

രാത്രി അത്താഴം കഴുകുന്ന നേരത്തും നിരഞ്ജൻ എത്തിയില്ല. അനാമിക കുറെ നേരം നോക്കിയിരുന്നെങ്കിലും അമ്മ അവളെ നിർബന്ധിച്ചു ആഹാരം കഴിപ്പിച്ചു. എല്ലാവരും ഉറങ്ങാൻ പോയപ്പോഴും നിരഞ്ജൻ എത്തിയില്ല. എല്ലാവരും ലൈറ്റ് അണച്ചു ഉറങ്ങാൻ കിടന്നപ്പോൾ അനു പൂച്ചയെയും കൊണ്ട് ഹാളിലെ സോഫയിൽ വന്നിരുന്നു. അന്ന് ഒരുപാട് നേരം വൈകിയാണ് നിരഞ്ജൻ വന്നത്. ഫസ്റ്റ് കാളിങ്ബെല്ലിൽ തന്നെ അനു കതക് തുറന്നു. “ആഹാ താൻ ഇതുവരെ ഉറങ്ങീലെ….അമ്മ എവിടെ… കിടന്നോ….?” “ഹ്മ്മ്മ്….” കതക് സാക്ഷയിട്ട് കൊണ്ട് അവൾ മൂളി. “നീ ഇതിനോട് സെറ്റ് ആയോ, നിനക്ക് അപ്പൊ പൂച്ച അലർജി ഇല്ലേ….” “ഇല്ല….” “ഹാ അത് ഏതായാലും നന്നായി… ഞാൻ ഒന്ന് ഫ്രഷ് ആയി വരാം…. നീ ഭക്ഷണം എടുത്തു വയ്ക്ക് നല്ല വിശപ്പ് ണ്ട്… ഉച്ചക്കെ ഒന്നും കഴിച്ചിട്ടില്ല…..” അതും പറഞ്ഞ് മുകളിലേക്ക് കയറിപ്പോകുന്ന നിരഞ്ജനെ തെല്ലൊന്ന് നോക്കി അനാമിക അടുക്കളയിലേക്ക് നീങ്ങി.

ചോറും കറികളും എടുത്തു മേശമേൽ വച്ച് അവൾ അവനെയും കാത്തിരുന്നു. 15 മിനിറ്റോളം കഴിഞ്ഞപ്പോൾ നിരഞ്ജൻ മുകളിൽ നിന്ന് ഇറങ്ങിവന്നു. അനു പ്ലേറ്റിൽ ചോറും കറികളും വിളമ്പി അനു നിരഞ്ജന്റെ അരികിൽ തന്നെയിരുന്നു. “നീ എന്താ ഉറങ്ങാത്തത്….?” “ഏയ്‌ ഉറക്കം വന്നില്ല….” “ഹാ മനസിലായി, അങ്ങനെ ഞാൻ കാരണം ഒരാളുടെ ഉറക്കം കൂടി പോയിക്കിട്ടി ല്ലേ…. സാധാരണ അമ്മയ്ക്കായിരുന്നു ഇങ്ങനെ ഉറക്കം ഒഴിയൽ ഡ്യൂട്ടി….” അവൻ പറയുന്നതൊക്കെ അനു ചിരിയോടെ കേട്ടിരുന്നു. “ടിങ്കുന് ചോറ് കൊടുത്തോ….?” “ടിങ്കുവോ…..?” “ആഹാ അപ്പൊ പേര് പോലും അറിയാതെ ആണല്ലേ കൈയിൽ എടുത്തു വച്ചിരുന്നത്…. ആ പൂച്ചേടെ പേരാ ടിങ്കു….” “ആഹ് അതിന് ഫുഡ്‌ കൊടുത്താരുന്നു….” “താനോ…. താൻ കഴിച്ചോ….” “മ്മ് ഞാനും കഴിച്ചു…..” നിരഞ്ജൻ കഴിച്ചെണീറ്റു. അവൻ കഴിച്ചു വച്ച പാത്രം കൂടി കഴുകി വച്ചിട്ട് ആണ് അനു അടുക്കളയിൽ നിന്ന് പോന്നത്, അവൾ വരുന്നത് വരെ അവൻ ഹാളിൽ അവൾക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. റൂമിലേക്ക് കയറിപോകാൻ ഒരുങ്ങിയ അവളെ വിളിച്ച് സോഫയിൽ പിടിച്ചിരുത്തി നിരഞ്ജൻ ഒരു ഗിഫ്റ്റ് ബോക്സ് അവളുടെ കൈയിൽ കൊടുത്തു.

“എന്താ ഇത്….” “അത് തുറന്നു നോക്കിയാൽ അറിയാലോ…..” “എന്നാലും പറഞ്ഞൂടെ…..” “നിനക്ക് എന്നാലും അതൊന്ന് തുറന്നൂടെ അമ്മുവേ…..” അവൾ ആ ബോക്സിൽ പൊതിഞ്ഞിരുന്ന പേപ്പർ കീറിമാറ്റാൻ തുടങ്ങി. അതൊരു സ്മാർട്ട്‌ ഫോൺ ആയിരുന്നു, അവൾ അതും കൈയിൽ പിടിച്ചു നിരഞ്ജന്റെ മുഖത്തെക്ക് നോക്കി. “അത് നീരവ് മെസ്സേജ് അയച്ചിരുന്നു താൻ അമ്മേടെ ഫോണിൽ നിന്നാ തന്റെ അച്ഛന് വിളിച്ചത് ന്ന്….. ഇനീപ്പോ തനിക്ക് തന്റെ ഫോണിന്ന് ഡയറക്ട് വിളിക്കാല്ലൊ…. അത്യാവശ്യം നമ്പർ ഒക്കെ അതിൽ സേവ് ചെയ്തു വച്ചിട്ടുണ്ട് ട്ടോ, തന്റെ അച്ഛന്റേം…. തനിക്ക് വേണ്ട നമ്പർ ഒക്കെ താൻ സേവ് ചെയ്തോളൂ…. അത്യാവശ്യം ആപ്ലിക്കേഷൻ ഒക്കെ ഞാൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, മൂന്ന് മാസത്തെ ഓഫറും ചെയ്തിട്ടുണ്ട്. എന്തേലും ആവശ്യം ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കണ്ട കേട്ടോ….” അവൾ തലയാട്ടി. ഉറങ്ങാൻ കിടക്കുന്നതിന് മുൻപേ അവൾ വാട്സ്ആപ്പിൽ നിന്ന് കിരണിനും കൈലാസിനും മെസ്സേജ് അയച്ചു. “New phone 😎” മെസ്സേജ് സീൻ ആവും മുന്നേ അവൾ നെറ്റ് ഓഫ് ആക്കി ഉറങ്ങാൻ കിടന്നു. അവളുടെ മനസ്സിൽ നിരഞ്ജനോട് വല്ലാത്തൊരു ബഹുമാനവും മതിപ്പും തോന്നി. കതക് അടച്ചു ലൈറ്റ് അണച്ചു കിടക്കാൻ അന്ന് അവൾക്ക് ഭയം തോന്നിയില്ല

പുലർച്ചെ നിരഞ്ജൻ അനാമികയെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റിയിട്ടാണ് എഴുന്നേറ്റത്, ശാന്തമായ് ഉറങ്ങുന്ന അവളുടെ നിഷ്കളങ്കമായ മുഖത്തേക്ക് നോക്കി തെല്ലുനേരം അവൻ അങ്ങനെ നിന്നുപോയി. ഉറക്കത്തിലും അവളുടെ ചുണ്ടുകളിൽ തങ്ങിനിന്ന പുഞ്ചിരിക്ക് വല്ലാത്തൊരു വശ്യതയുള്ള പോലെ അവന് തോന്നി. നിരഞ്ജൻ ബ്രെഷ് ചെയ്തു വരുമ്പോഴും അവൾ ഉറങ്ങുകയായിരുന്നു. അവളുടെ ആ കിടപ്പ് കണ്ടപ്പോൾ അവനൊരു കുസൃതി തോന്നി. ഉറങ്ങിക്കിടന്ന അവളെ വിളിച്ചുണർത്തി നിരഞ്ജൻ ചോദിച്ചു. “നിന്റടുത്തു ട്രാക്ക് സ്യൂട്ട് ഉണ്ടോ….” കണ്ണുകൾ പാട്പെട്ട് വലിച്ചു തുറന്നു അവൾ നിരഞ്ജനെ അന്തം വിട്ട് നോക്കി, “എടോ നിന്റടുത്ത് ട്രാക്ക് സ്യൂട്ട് ഉണ്ടോന്ന്….” “ഈ നേരത്തെന്തിനാ ട്രാക്ക് സ്യൂട്ട്….” കണ്ണുകൾ തിരുമി ഉറക്കചടവോടെ അവൾ അവനോട് ചോദിച്ചു. “ഉണ്ടോ….” “മ്മ്മ് ഉണ്ട്…..” “ടിഷർട്ടോ…..?” “മ്മ്മ്മ് അതും ഉണ്ട്….” “എങ്കി താൻ ഫ്രഷ് ആയി അതൊക്കെ എടുത്തിട്ട് താഴേക്ക് വാ, നമുക്ക് നടക്കാൻ പോവാം….” “ങേ…. എന്തോന്ന്…..” “ജോഗിങ് ന് പോവാം ന്ന്…..” “ഈ നേരത്തോ…..” “അല്ലാതെ പിന്നേ നട്ടുച്ചക്ക് പോവാൻ പറ്റില്ലല്ലോ, താൻ വാ… ഞാൻ താഴെ ഉണ്ടാവും….” അവളുടെ മറുപടിക്ക് കാത്തുനിൽക്കാതെ അവൻ താഴേക്ക് പോയി, ബെഡിൽ എഴുന്നേറ്റിരുന്ന് തല ചൊറിഞ്ഞു കൊണ്ട് അനു ആലോചിച്ചു,

“ഇങ്ങേർക്ക് ഇതെന്തിന്റെ കേടാ…..” തലയൊന്നു കുടഞ്ഞുകൊണ്ട് പേസ്റ്റും ബ്രെഷുമായ് അനു ബാത്‌റൂമിൽ കയറി, ഒരു മഞ്ഞ ടിഷർട്ടും ബ്ലാക്ക് ട്രാക്ക്സ്യൂട്ടും ധരിച്ചു ഉറക്കം തൂങ്ങുന്ന കണ്ണുകളോടെ അവൾ പടിയിറങ്ങി താഴേക്ക് വന്നു. “ഹോപ്‌ ഐ ആം നോട്ട് ഡിസ്റ്റർബിങ് യു….” അനുവിനെ കണ്ടതും നിരഞ്ജന്റെ ആദ്യഡയലോഗ് ഇതായിരുന്നു. അതും കൂടി കേട്ടതും അടിമുതൽ മുടിവരെ ദേഷ്യം ഇരച്ചുകേറി അനുവിന്….. കൊച്ചുവെളുപ്പാൻ കാലത്ത് വിളിച്ചുണർത്തിയതും പോരാ, ഈ തണുപ്പത്ത് നടക്കാനും കൂടി പോണം ന്ന്, എന്നിട്ടും ഈ കാലൻ ചോദിക്കുന്ന കേട്ടില്ലേ…. ഉള്ളിലെ ദേഷ്യം മൊത്തം സൗമ്യമായ ഒരു ചിരിയിൽ ഒതുക്കി അനു മറുപടി പറഞ്ഞു. “ഏയ്‌ ഇല്ല, ആം ഓക്കേ….” “ഓക്കേ… എന്നാ വാ നമുക്കിറങ്ങാം… ” “ഹ്മ്മ്മ്….” മനസില്ലാ മനസോടെ അനു നിരഞ്ജനോടൊപ്പം നടക്കാനിറങ്ങി. “നടക്കാൻ എന്ന് പറഞ്ഞിട്ട് ഇങ്ങോർ ഒടുക്കത്തെ ഓട്ടമാണല്ലോ ന്റെ ദേവീ….” അവനോടൊപ്പം ഓടിയെത്താൻ പാടുപെടുന്ന അനു കിതച്ചുകൊണ്ട് പിറുപിറുത്തു.

“അമ്മു എന്തേലും പറഞ്ഞോ….” “ഏയ്‌.. നോ നോ നോ…. ഞാനൊന്നും പറഞ്ഞില്ല…..” “ദെൻ കമോൺ… വയ്യെങ്കിൽ പറയണം ട്ടോ….” “നോ ആം ഓക്കേ….” പക്ഷെ ആസ്മ വന്ന നായയെപോലെ കിതച്ചു കൊണ്ടാണവൾ പറഞ്ഞതെന്ന് മാത്രം. വീട്ടിൽ വന്നു കേറിയപ്പോൾ അനു മാത്രം ഒരു കോലം ആയിരുന്നു, ആകെ വിയർത്തു കുളിച്ച് തളർന്ന് അവൾ സോഫയിൽ വന്നിരുന്നു, സത്യത്തിൽ സോഫയിൽ വന്നു വീണു എന്ന് പറയുന്നതാവും ശരി. വന്നപാടെ നേരെ അടുക്കളയിലേക്ക് പോയ നിരഞ്ജൻ വന്നത് ഒരു ഇളം മഞ്ഞ ഗ്ലാസ്സുമായി ആയിരുന്നു. കൺപീലിയിൽ തങ്ങിനിന്ന വിയർപ്പ്തുള്ളി വിരൽകൊണ്ട് വകഞ്ഞുമാറ്റി സൂക്ഷിച്ചു നോക്കിയപ്പോഴാണ് അനുവിന് മനസിലായത് അത് മഞ്ഞ ഗ്ലാസ്‌ അല്ല വെള്ള ഗ്ലാസിൽ മഞ്ഞ ജൂസ് ആണെന്ന്. വെളുക്കും മുന്നേ ജൂസൊ എന്ന ഭാവത്തിൽ അവൾ നിരഞ്ജന്റെ മുഖത്തേക്ക് നോക്കി, അവനാകട്ടെ ചിറകില്ലാത്ത മാലാഖയെപോലെ ചിരിച്ചു നിൽക്കുന്നു,

“ഓടി ക്ഷീണിച്ചതല്ലേ… ഇത് കുടിച്ചോ, ചായയൊക്കെ പിന്നെ കുടിച്ചാ മതി…..” ഓറഞ്ച് ജ്യൂസ് ആണെന്ന് കരുതി അനു ഒന്ന് മോന്തി, അപ്പോഴാണ് അവൾ ഒരു നഗ്നസത്യം തിരിച്ചറിഞ്ഞത്, അത് ഓറഞ്ച് ജ്യൂസ് ആയിരുന്നില്ല ക്യാരറ്റ് ജ്യൂസ് ആയിരുന്നു. അവൾ ദയനീയമായി അമ്മയുടെ മുഖത്തേക്ക് നോക്കുന്നത് കണ്ടു നിരഞ്ജൻ പറഞ്ഞു. “കുടിച്ചോ കുടിച്ചോ ക്ഷീണത്തിന് ഇത് ബെസ്റ്റാ….” “എന്തിനാടാ അച്ചൂ….. മോൾക്ക് വേണ്ടെങ്കിൽ കുടിക്കണ്ട , പോയി കുളിച്ചു വാ അപ്പോഴേക്കും അമ്മ ചായയെടുക്കാം….” വേണ്ടേങ്കിലും അവൾ ജ്യൂസ് മൊത്തം കുടിച്ചിട്ടാണ് മുറിയിലേക്ക് കയറിപോയത്, അവൾ മനസിലാക്കുകയായിരുന്നു… ഈ സ്വർഗത്തിലും ഒരു ചിറക് വച്ച ചെകുത്താൻ ഉണ്ടെന്ന സത്യം…..

അവൾ കുളിച്ചിറങ്ങി വന്നപ്പോൾ അമ്മ ദോശ ചുടുകയായിരുന്നു. നിരഞ്ജൻ വീതനയുടെ മേലെ ഇരുന്ന് ചായയും കുടിക്കുന്നു. “നിനക്കിന്നു പോണ്ടേ അച്ചൂ….” “ഇല്ലാ…. ഞാൻ ഇന്ന് ലീവ്….” ഈ സംഭാഷണവും കേട്ടുകൊണ്ടാണ് അനു അടുക്കളയിലേക്ക് വന്നത്. ചായ കുടിച്ചുകഴിഞ്ഞ് കപ്പ് അവളുടെ കൈയിൽ കൊടുത്ത് നിരഞ്ജൻ റൂമിലേക്ക് പോയി. അനു ഈ സമയം അമ്മയെ ദോശ ചുടാനും കറി ഉണ്ടാക്കാനും സഹായിച്ചു. അവൾ വന്നത് അമ്മയ്ക്കും അനുഗ്രഹമായിരുന്നു, കാരണം മിണ്ടാനും പറയാനും ആരാണ് ഒരാളെ ആഗ്രഹിക്കാത്തത്….. അനു നിരുപമയെയും നീരവിനെയും വിളിച്ചുണർത്തി, നീരവിന് രാവിലെ കുളിക്കാൻ ഒക്കെ വല്ലാത്ത മടിയാണ്. എല്ലാവരും ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ എത്തിയിട്ടും നിരഞ്ജൻ താഴേക്ക് ഇറങ്ങി വന്നിട്ടില്ല, അനു അവനെ വിളിക്കാൻ മുറിയിൽ എത്തിയപ്പോൾ എവിടേക്കോ പോകാനുള്ള ഒരുക്കത്തിൽ ആണ് നിരഞ്ജൻ. “ഇന്ന് ലീവ് ആണെന്ന് പറയുന്ന കേട്ടല്ലോ….” അനു പതിഞ്ഞ സ്വരത്തിൽ അവനോട് ചോദിച്ചു.

“ആഹ് അതോ, ഒന്നുരണ്ടിടത്തു പോവാനുണ്ട്….” “അമ്മ വിളിക്കുന്നുണ്ട്…..” “ആഹ് നീ ചെല്ല്, ഞാനിപ്പോ വരാം….” അനു താഴേക്ക് പോന്ന് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ അവനും ഇറങ്ങിവന്നു. നിരഞ്ജനെ കണ്ടതും നീരവ് കളിയാക്കാൻ തുടങ്ങി. “രാവിലെ എങ്ങോട്ടാ അച്ചുമോനെ ഉടുപ്പും നിക്കറും ഒക്കെ ഇട്ട്…….” “ഡാ ഡാ അത് നിനക്ക് എന്റെ കൈയീന്ന് നല്ലത് വാങ്ങൂട്ടോ…..” “അല്ലെടാ നീ ഇന്ന് പോണില്ലാന്നല്ലേ പറഞ്ഞെ… പിന്നെ നീ ഇതെങ്ങോട്ടാ….” ദോശയിൽ കറി വിളമ്പിക്കൊണ്ട് അമ്മ ചോദിച്ചു. “ദേ ഇവളെയും കൊണ്ട് ഇവളുടെ വീട്ടിൽ പോവാ….” “ങേ…..?” എല്ലാരും അനുവിന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ ഹോട്ടൽ ആണെന്ന് കരുതി ബാർബർ ഷോപ്പിൽ കേറിയപോലെ നിൽക്കുന്നുണ്ട്…. “നീ അവളോട് പറഞ്ഞില്ലല്ലേ…” “ഇല്ല, ചെറിയൊരു സർപ്രൈസ് ആയിക്കോട്ടെ ന്ന് കരുതി…..” “വല്ലാണ്ട് കൂടുന്നുണ്ട് ട്ടോ അച്ചൂ നിനക്ക്…..” സംഭാഷണങ്ങൾ നീണ്ടു പോകവേ അനുവിന്റെ മനസ്സിൽ ആഘോഷത്തിമിർപ്പായിരുന്നു.

മുറ്റത്ത് ഒരു കാർ വന്നു നിന്നപ്പോൾ മാധവൻ പറമ്പിൽ നിന്ന് മുറ്റത്തേക്ക് വന്നു, കാറിൽ നിന്ന് ഇറങ്ങിയ അനു അച്ഛനെകണ്ടു ഓടിവന്നു അദ്ദേഹത്തെ കെട്ടിപിടിച്ചു. “മോളെ….. ദേഹത്തപ്പടി വിയർപ്പാ, ഡ്രസ്സ്‌ ചീത്തയാക്കണ്ട അമ്മാളുവേ…..” പക്ഷെ അനു അതൊന്നും ചെവികൊള്ളുന്നുണ്ടായിരുന്നില്ല. “എന്താ മോനെ പെട്ടെന്ന്, ഒന്ന് വിളിച്ചു പറഞ്ഞില്ലല്ലോ….. മീനാക്ഷി….. ശേഖരാ…. ഇതാരാ വന്നേ ന്ന് നോക്കിയേ…..” “അല്ല അച്ഛ… അച്ഛേ കണ്ടോ പുതിയ ഫോൺ…..” അവൾ നിരഞ്ജൻ വാങ്ങിക്കൊടുത്ത ഫോൺ കാട്ടി പറഞ്ഞു. “ആഹാ കൊള്ളാല്ലോ…. മോള് വാ…. മോനെ കേറി വാ…..” സ്വന്തം വീട്ടിൽ അവൾ ഒരു പൂമ്പാറ്റയെ പോലെ പറന്നുനടന്നു, അവൾ വീണ്ടും പഴയ കൊച്ചുകുഞ്ഞായി മാറുകയായിരുന്നു. അമ്മായിമാരോടും കിരണിനോടും കൈലാസിനോടും വർത്തമാനം പറയുന്ന, കൊഞ്ചുന്ന അനുവിനെ കൗതുകത്തോടെ നിരഞ്ജൻ നോക്കിയിരുന്നു പോയി.

“വീട്ടിൽ അമ്മു ഇങ്ങനെയൊന്നും അല്ല ട്ടോ, അധികം സംസാരം ഒന്നും ഇല്ല. അമ്മക്ക് ഹെല്പ് ചെയ്യും, നല്ല മെച്ചുവേർഡ് ആണ് അവൾ….” “അമ്മയില്ലാതെ വളർന്ന കുട്ടിയാ…. അതുകൊണ്ട് വല്ലാതെ ചെല്ലം കൊടുത്താ അവളെ വളർത്തിയതും… എന്തേലും തെറ്റ് കാണിച്ചാലും ഞങ്ങടെ കുഞ്ഞിനോട് ക്ഷമിക്കണേ മോനെ…..” ചായ കൊടുക്കുന്നതിനിടയിൽ അമ്മായി നിരഞ്ജനോട് പറഞ്ഞു, അതിന് ഒരു പുഞ്ചിരി മാത്രം ആയിരുന്നു. “അമ്മു….?” “അവൾ അവളുടെ മുറിയിൽ ഉണ്ടാവും….” കൈലാസ് ആണ്, “ഏതാ റൂം….” “മുകളിൽ ഫസ്റ്റ് ലെഫ്റ്റ്….” “കെ, താങ്ക്സ്….” കൈലാസിന്റെ തോളിൽ ഒന്ന് തട്ടി മുകളിലേക്ക് പോകുന്ന നിരഞ്ജനെ നോക്കി കൈലാസ് തന്നെയാണ് പറഞ്ഞത് “മ്മടെ അമ്മാളു ലക്കിയാണ് മാധവമ്മാമെ….”

വീട്ടിലെത്തിയപ്പോൾ അവൾക്ക് പഴയ ഓർമ്മകളും കൂട്ടായെത്തിയിരുന്നു. അലമാരയിൽ നിന്ന് പഴയ ഫോട്ടോ ആൽബം വലിച്ചെടുത്തപ്പോഴാണ് കുറച്ചു കത്തുകളും ഫോട്ടോകളും നിലത്തുവീണത്. അവൾ അതുമെടുത്ത് കിടക്കയിൽ വന്നിരുന്നു, അമൃതക്ക് ഉണ്ണി എഴുതിയ കത്തുകളും അവർ ഒരുമിച്ചുള്ള ഫോട്ടോസും ആയിരുന്നു അത്. അതൊക്കെ കണ്ടപ്പോൾ അനുവിന് സങ്കടം സഹിക്കാനായില്ല, ഇതൊക്കെ മുൻപ് എപ്പോഴേലും കണ്ടിരുന്നെങ്കിൽ…… അനുവിന്റെ കണ്ണുകൾ കലങ്ങി, കൈകൾ കൊണ്ട് മുഖംപൊത്തി അവൾ തേങ്ങികരഞ്ഞു. നെറുകയിൽ ഒരു കൈ തലോടുംപോലെ തോന്നിയപ്പോൾ അവൾ കണ്ണുതുറന്നു നോക്കി, അച്ഛനെ പ്രതീക്ഷിച്ച അനു നിരഞ്ജനെ കണ്ടതോടെ പൊട്ടിക്കരഞ്ഞുപോയി……. 💟തുടരും💟