19/04/2026

പാർവ്വതി പരിണയം : ഭാഗം 40

രചന – മഴ

“ഇതിന്റെ മറുപടി നീ പറയുന്നോ അതോ ഇനിയും കരഞ്ഞു കൊണ്ടിരിക്കുന്നോ…?” ജോഷി മീരയെ നോക്കി ചോദിച്ചു. മീര ജോഷിയെ നോക്കി ഒരു ദീർഘനിശ്വാസം എടുത്ത ശേഷം കണ്ണുകൾ അമർത്തി തുടച്ചുകൊണ്ട് ദേവിക്ക് മുന്നിലായി വന്നു നിന്നു. ഇതുവരെയില്ലാത്ത ഒരു തീക്ഷ്ണത അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു. ” ഇനിയും ഞാൻ മിണ്ടാതിരുന്നു കരഞ്ഞാൽ നീ പറഞ്ഞതൊക്കെ അംഗീകരിച്ചതായി നിനക്കു തോന്നാം.. നിനക്കുള്ള എന്റെ മറുപടി ഇതാണ്…. എന്ന് പറഞ്ഞ് ദേവിയുടെ കവിളിലേക്ക് ആഞ്ഞടിച്ചു. പിന്നെ ആരെയും നോക്കാതെ അവിടെ നിന്നും ഇറങ്ങിപ്പോയി.

കവിളും പൊത്തിപ്പിടിച്ച് കരഞ്ഞു നിൽക്കുന്ന ദേവിയെ രൂക്ഷമായി നോക്കിക്കൊണ്ട് ജോഷിയും അക്കുവും കുട്ടനും പ്രിയയും ഇറങ്ങിപ്പോയി. മുഖമുയർത്തി നോക്കിയ ദേവി കണ്ടത് തന്റെ മുന്നിൽ കൈകൾ മാറിൽ പിണച്ചു വച്ച് നിൽക്കുന്ന മഹിയെയാണ്. അവൾ വീണ്ടും മുഖം താഴ്ത്തി നിന്നു. മഹി അവളുടെ അരികിലേക്ക് വന്നു. ” നിന്റെ നാവിൽ നിന്നും വീഴുന്ന ഓരോ വാക്കുകൾക്കും ഒരിക്കൽ നീ കണക്കു പറയേണ്ടിവരും… അത് ആർക്കുവേണ്ടി ആയാലും.. എന്തിനുവേണ്ടി ആയാലും… എന്റെ സ്നേഹം പിടിച്ചു വാങ്ങിയതാ നീ.. പലവട്ടം ഞാൻ ഒഴിഞ്ഞു മാറിയിട്ടും… ആ എന്റെ ഹൃദയത്തെ കീറി മുറിക്കുമ്പോൾ കിട്ടുന്ന സുഖം നീ ആവോളം അനുഭവിച്ചോ ഞാൻ നിന്നെ ഒന്നും ചെയ്യില്ല… പക്ഷേ…… ഇനി നീ മീരയെ വേദനിപ്പിച്ചാൽ………. ” അവസാന വാചകം വിരൽചൂണ്ടി കനത്തിൽ മഹി പറഞ്ഞപ്പോൾ മാത്രമാണ് ദേവി അവനെ മുഖമുയർത്തി നോക്കിയത്.

” മഹീ….. ” വാതിലിൽ നിന്നും കുട്ടൻ വിളിച്ചതും അവൻ ഒന്നുകൂടി രൂക്ഷമായി അവളെ നോക്കി. കുട്ടന്റെയൊപ്പം കാന്റീനിൽ ചെന്നപ്പോൾ കരഞ്ഞു കൊണ്ടിരിക്കുന്ന മീരയെയും അവൾക്കു അരികിൽ ദേഷ്യത്തോടെ ഇരിക്കുന്ന ജോഷിയെയും ആണ് കണ്ടത്. ” ആഹ്… ദേ വന്നല്ലോ.. നീ തന്നെ പറയ് അവനോട്…. ” മഹി വരുന്നത് കണ്ട് ജോഷി അവൾക്കരികിൽ നിന്നും എഴുന്നേറ്റ് അവരുടെ അരികിലേക്ക് ചെന്നു. ” എന്താടാ…? ” മഹി ചോദിച്ചു. ” നീ തന്നെ ചോദിച്ചു നോക്ക്… ഓരോരോ സ്വഭാവങ്ങൾ…. ” ജോഷി പറഞ്ഞതും മഹി മീരയ്ക്ക് അരികിലേക്ക് ഇരുന്നുകൊണ്ട് ചുമലിൽ കൈവച്ച് ചേർത്തുപിടിച്ച് ചോദിച്ചു ” എന്താ മോളെ…? ”

മഹി ചോദിച്ചതിന് മറുപടി പറയാതെ അവൾ വീണ്ടും കരഞ്ഞു കൊണ്ടിരുന്നു. ” മാഷേട്ടന്റെയും ദേവിയുടെയും ജീവിതത്തിൽ ഒരു തടസ്സം ആകാതെ മുന്നിൽ പോലും വരാതെ ഒഴിഞ്ഞു പോവുകയാണെന്ന്…..” പരിഹാസത്തോടെ ജോഷി പറഞ്ഞു. മഹി ഞെട്ടി ജോഷിയെ നോക്കി. അവൻ മീരയിൽ നിന്നും കൈ എടുത്തു. ” വിശ്വാസമില്ലാത്തവർ ഒക്കെ പോകട്ടെഡാ…… ” ഇടർച്ചയോടെ പറയാതിരിക്കാൻ ശ്രമിച്ചെങ്കിലും അവൻ പരാജയപ്പെട്ടു. അവൻ അവിടെ നിന്നും പോകാൻ എഴുന്നേറ്റപ്പോഴേക്കും മീര അവന്റെ കയ്യിൽ പിടിച്ചു കരഞ്ഞു.

” മാ…ഷേട്ടാ പോ…വല്ലേ ഞാൻ…അവൾ അങ്ങനെ….. പറഞ്ഞപ്പോൾ….. പോവല്ലേ… സോറി….. ” അവൻ അവളുടെ നെറുകയിൽ തലോടി. “എന്റെ ലെച്ചുന്റെ സ്ഥാനം അല്ലേടി നിനക്കും… അവൾ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച്….. നിനക്ക് എന്നെയും എനിക്ക് നിന്നെയും അറിയാല്ലോ….. പിന്നെ ഇങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിക്കേണ്ട ആവശ്യം എന്താ…….?”….” സോറി…. ” മീര വിതുമ്പിക്കൊണ്ട് പറഞ്ഞു. മഹി അവൾക്കരികിലേക്ക് ഇരുന്നുകൊണ്ട് ചേർത്തുപിടിച്ചു. ” പോട്ടെ… സാരമില്ല…. ”

അവൾ അവന്റെ ചുമലിലേക്ക് ചാഞ്ഞു. ” നാളെ ഇവൻ എന്തെങ്കിലും പറഞ്ഞാലും നീ എന്നെ വിട്ടു പോകുമോ…? ” മഹി ജോഷിയെ ചൂണ്ടി കളിയായി മീരയോട് ചോദിച്ചു. ” ആഹ്… ഇനി എന്റെ നെഞ്ചത്ത് കയറ്…” ജോഷി കെറുവിച്ചു. “ഇല്ല…. ഞാൻ എന്റെ മാഷേട്ടന്റെ കൂടെനിൽക്കുള്ളൂ….” മീര തലയുയർത്തി കണ്ണുകൾ അമർത്തി തുടച്ചു മഹിയുടെ കൈയിൽ ചുറ്റി പിടിച്ചുകൊണ്ട് പറഞ്ഞു. മഹി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അവൾ വീണ്ടും അവന്റെ ചുമലിലേക്ക് ചാഞ്ഞു കൊണ്ട് ഓർമ്മകളിലേക്ക് മുഴുകി.. ദേവി പറഞ്ഞ ആ ദിവസത്തെ ഓർമ്മകളിലേക്ക്…

അന്ന് രാവിലെ ദേവി മീരയെ സ്റ്റേഷനിൽ ആക്കി അവൾക്കെന്തോ അത്യാവശ്യം പറഞ്ഞ് വേഗം തിരികെ പോയിരുന്നു. ട്രെയിൻ ഒരു മണിക്കൂർ ലേറ്റ് ആണെന്നുള്ള അറിയിപ്പ് കേട്ടതും മുഷിച്ചിലോടെ മീര നിരത്തിയിട്ടിരിക്കുന്ന കസേരകളിലൊന്നിൽ ഇരുന്നിരുന്നു. അല്പസമയം കഴിഞ്ഞതും ചെറുതായി വയറു വേദനിക്കാൻ തുടങ്ങി. അപ്പോഴാണ് ദിവസം അടുക്കാറായി എന്നും ഇത്തവണ നേരത്തെ ആണെന്നും അവൾ ചിന്തിച്ചത്. അവൾ വേഗം അടുത്തുള്ള ഷോപ്പിൽ പോയി നാപ്കിൻ വാങ്ങി ബാത്റൂമിൽ പോയി ഫ്രഷ് ആയി വന്നിരുന്നു. കുറച്ചു കഴിഞ്ഞതും അവൾക്ക് വേദന കലശലായി. വേദന കൊണ്ട് പുളഞ്ഞ അവൾക്ക് ഒരടി പോലും നടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഫോണെടുത്ത് ദേവിയെ വിളിച്ചു റിങ് പോകുന്നുണ്ടായിരുന്നു എങ്കിലും കോൾ എടുത്തില്ല. ജോഷിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ മഹിയാണ് ഫോണെടുത്തത്.

” മാഷേട്ടാ… ജോഷിച്ചായൻ എവിടെ…? “….” അവന് കമ്പനി വരെ പോകേണ്ടിവന്നു.. ഫോൺ എടുക്കാതെ ആണ് പോയത്.. ഞാൻ അങ്ങോട്ടേക്ക് പോവാ.. എന്താ മോളേ….? “…….” ഒന്നുമില്ല മാഷേ..ട്ടാ… “……” എന്താ…? എന്തുപറ്റി…? എന്താ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നത്..? “…..” അത് ഒന്നുമില്ല…. ” വേദന കടിച്ചമർത്തി അവൾ പറഞ്ഞു….” പറയെടീ…. എന്തുപറ്റി…?…മഹി ദേഷ്യപ്പെട്ടതും അവൾക്ക് സങ്കടവും വന്നു. ” എനിക്ക് ഒട്ടും വയ്യ… വയറു വേദനിക്കുന്നു… എനിക്ക് വയ്യ… മാഷേട്ടാ… ” കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു. “മോള് അവിടെ ഇരിക്ക്.. ഞാൻ ഇപ്പോൾ വരാം.. ഒരു പത്തു മിനിറ്റ്…” എന്ന് പറഞ്ഞ് മഹി ഫോൺ കട്ട് ചെയ്തു.

അല്പസമയത്തിനുള്ളിൽ മഹി സ്റ്റേഷനിലെത്തി മീരയെ വിളിച്ചു. അവൾ ഇരിക്കുന്ന സ്ഥലം പറഞ്ഞു കൊടുത്തു. അവൻ ചെല്ലുമ്പോൾ ബാഗ് മടിയിൽ വെച്ച് അതിലേക്ക് തലവെച്ച് കിടക്കുകയാണ്. ” മോളെ…. ” അവൻ വിളിച്ചതും അവൾ മുഖമുയർത്തി നോക്കി. കരഞ്ഞു വീർത്ത കണ്ണുകളും അവശതയാർന്ന മുഖവും കണ്ടു അവന് വിഷമം തോന്നി. ” വാ…വീട്ടിലേക്ക് പോകാം… ” അവൻ അവളുടെ ബാഗ് എടുത്തു കയ്യിൽ പിടിച്ചു. മറു കൈയ്യാൽ അവളെയും ചേർത്തു പിടിച്ചു. അവനെ കണ്ടപ്പോൾ അൽപം സമാധാനം തോന്നി അവൾക്ക്. അവൾ അവനൊപ്പം പതിയെ നടന്നു സ്റ്റേഷന് പുറത്ത് എത്തിയതും അവൾ പിന്നെയും കരഞ്ഞു.

“മാഷേട്ടാ… എനിക്ക് ഒട്ടും വയ്യ…എനിക്ക് വയ്യ വീട്ടിലേക്ക്…. കുറെ ദൂരം ഇല്ലേ…. അത്രയും നേരം ഇരിക്കാൻ കഴിയില്ല…. എനിക്ക് ഒന്ന് കിടന്നാൽ മതി…” അവളുടെ അവസ്ഥയിൽ അവന് സങ്കടം തോന്നി. ഒന്ന് ആലോചിച്ചശേഷം സ്റ്റേഷന് അടുത്തുള്ള ഹോട്ടലിലേക്ക് അവളെയും കൂട്ടി അവൻ പോയി. അപ്പോഴെല്ലാം ഒരു കുഞ്ഞിനെപ്പോലെ അവൻ അവളെ ചേർത്തു പിടിച്ചിരുന്നു. റൂമെടുത്തു അവളെ പതിയെ ബെഡിലേക്ക് കിടത്തി പുതപ്പിച്ചു കൊടുത്തു. അവൻ അവിടെയുള്ള സെറ്റിയിലും ഇരുന്നു. ചെറിയ മയക്കം വിട്ട് ഉണർന്ന മീര കാണുന്നത് സെറ്റിയിൽ കണ്ണടച്ചു കിടക്കുന്ന മഹിയെയാണ്. സമയം നോക്കിയപ്പോൾ ഒരു മണി ആകുന്നു. അവൾക്ക് അപ്പോഴും അവൾക്ക് ചെറിയ വേദന ഉണ്ടായിരുന്നു. എഴുന്നേറ്റ് ഫ്രഷ് ആയി വന്നപ്പോഴേക്കും മഹി ഉണർന്നു.

“എങ്ങനെയുണ്ട് മോളേ…?”അവൻ ആവലാതിയോടെ ചോദിച്ചു….”കുറവുണ്ട്.. ” ചെറിയ പുഞ്ചിരി നൽകി അവൾ മറുപടി പറഞ്ഞു…..” എങ്കിൽ ഊണ് കഴിച്ചിട്ട് കുറച്ചുനേരം കൂടി കിടന്നോ.. വീട്ടിലും ഒന്ന് വിളിച്ചു പറഞ്ഞേക്ക്… “….”എനിക്കൊന്നും വേണ്ട മാഷേട്ടാ… മാഷേട്ടൻ കഴിച്ചോളൂ…ഞാൻ അമ്മയെ ഒന്ന് വിളിച്ചു പറയട്ടെ…?”….” ശരി…. “…..”പിന്നെ.. ദേവിയെ വിളിച്ചിരുന്നോ….?”….” കുറച്ചു മുൻപ് വിളിച്ചിരുന്നു.. ഫോൺ എടുക്കുന്നില്ല…. ”

ഒന്ന് മൂളിക്കൊണ്ട് അവൾ അമ്മയെ വിളിച്ചു കൊണ്ട് ബെഡിലേക്ക് ഇരുന്നു. അമ്മയോട് സംസാരിച്ച് വീണ്ടും കിടന്ന അവൾ പിന്നെ എഴുന്നേറ്റപ്പോൾ അഞ്ചു മണി ആയിരുന്നു. അപ്പോഴേക്കും ആളൊന്നു ഉഷാറായി വന്നു തുടങ്ങിയിരുന്നു. മഹി നിർബന്ധിച്ച് ഭക്ഷണം കഴിപ്പിച്ച ശേഷം റൂം വെക്കേറ്റ് ചെയ്തു അവളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി. വേദനയൊക്കെ മാറിയെങ്കിലും അവളെ തനിച്ച് വിടാൻ അവനു തോന്നിയില്ല. വീട്ടിൽ വിളിച്ച് കാര്യം അറിയിച്ച് അവൾക്കൊപ്പം പോയി. ഒരു ഏട്ടന്റെ സ്നേഹവും വാത്സല്യവും കരുതലും അവൻ നൽകിയപ്പോൾ ഒരു കുഞ്ഞിന്റെ ഭാവമായിരുന്നു അവൾക്ക്. പതിയെ അവൾ അവന്റെ മടിയിലേക്ക് കിടന്നു. നാട്ടിലെത്തി മീരയെ കാത്തുനിന്ന അച്ഛനെ കാര്യങ്ങൾ പറഞ്ഞ് ഏൽപ്പിക്കുമ്പോൾ ആ അച്ഛന്റെ മനസ്സിലും ഒരു മൂത്ത മകന്റെ സ്ഥാനം നേടിക്കഴിഞ്ഞിരുന്നു മഹി…