23/04/2026

” ഫോണൊന്ന് എടുക്കാവോടീ” അരുൺ പിന്നേം ദിവ്യയ്ക് മെസേജ് അയച്ചു കൊണ്ടിരുന്നു..

രചന – രൂപക് വാസ്

” ഫോണൊന്ന് എടുക്കാവോടീ”
അരുൺ പിന്നേം ദിവ്യയ്ക് മെസേജ് അയച്ചു കൊണ്ടിരുന്നു..

“വാവേ.. താനൊന്ന് ഫോൺ എടുക്കൂ, എന്റെ ഭാഗത്തുനിന്നും എന്തെങ്കിലും തെറ്റു ഉണ്ടെങ്കിൽ ഞാൻ മാപ്പ് പറയാം.”
അരുണിന്റെ മെസേജ് വീണ്ടും വന്നു.

ദിവ്യ മെസേജിലേക്ക് നോക്കിയതല്ലാതെ റിപ്ളെ കൊടുക്കാനോ,
ഫോൺ എടുക്കാനോ തയ്യാറായില്ല.
ദിവ്യയുടെ കൂട്ടുകാരി മഞ്ജു ഇതെല്ലാം കാണുന്നുണ്ടായിരുന്നു.

” ദിവ്യേ… ഫോണെടുത്ത് അയാളോട് കാര്യം പറഞ്ഞു നിനക്ക് വെച്ചൂടെ?
നിങ്ങൾ തമ്മിൽ എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല നിസ്സാരമായ വല്ലതുമാണെങ്കിൽ നിനക്കും ക്ഷമിക്കാലോ!”
മഞ്ജു ചോദിച്ചു.

” എന്തിന്? എത്രവട്ടം ഞാൻ അങ്ങോട്ട് വിളിച്ചു. മെസേജ് ചെയ്തു! അയാളെടുത്തോ.
ഇല്ലല്ലോ.
എന്താ ബാക്കിയുള്ളവർക്ക് ഫീലിംഗ്സൊന്നുമില്ലേ? ഇനി അയാള് കുറച്ചു നേരം ഇങ്ങോട്ട് വിളിക്കട്ടെ.”

ദിവ്യ ഫോണെടുത്ത് അരുണിന്റെ ചാറ്റിംഗ് മഞ്ജുവിന് കാണിച്ചു കൊടുത്തു.

” കണ്ടോ.. എന്തൊരു ബോറിംഗ് ആണ് ഇയാളുടെ ഇപ്പോഴത്തെ മെസേജ്. ആകെ ദേഷ്യപ്പെട്ടു ഇരിക്കുമ്പോഴാണ് അയാളുടെ പുളിച്ച സാഹിത്യവും , ഫിലോസഫിയും ഒന്നിച്ചു തള്ളി വരുന്നത്!”
ദിവ്യ വെറുപ്പോടെ ഫോൺ മാറ്റി വെച്ചു.

മഞ്ജു ദിവ്യയുടെ തോളിൽ കൈ വെച്ചു.
” പ്രേമിക്കുന്ന ആദ്യ ടൈമിൽ ഇതല്ലായിരുന്നല്ലോ മോളെ .അരുണിന്റെ ഒരോ വാക്കും നിനക്ക് അമൃതായിരുന്നു. അയാളുടെ റിപ്ളെ വൈകിയാൽ നീ ഈ മുറിയിൽ കാണിച്ചു കൂട്ടുന്ന അക്രമം ഞാൻ മറക്കില്ല!”

” സത്യം പറ മോളെ, നിനക്കയാളേ മടുത്തോ?
എവിടെ പോയി നിന്റെ പ്രണയം?” ചെറിയ വല്ല പിണക്കമാണെങ്കിൽ പറഞ്ഞു തീർത്തൂടെ ? മണിക്കൂറുകളോളം
ചാറ്റ് ചെയ്തും സംസാരിച്ചും ഇരിക്കുന്ന താൻ എങ്ങനാടോ ഇത്ര പെട്ടന്ന് മാറിയത്?
ആയാളാണെങ്കിൽ ഇങ്ങനെ കിടന്നു വിളിച്ചു കൊണ്ടിരിക്കുന്നു.”
മഞ്ജുവിന്റെ ചോദ്യത്തിന്
ദിവ്യ മറുപടി കൊടുത്തില്ല.

പിറ്റേദിവസം ദിവ്യ എഴുന്നേറ്റു.
ഓഫീസിൽ പോവുന്ന ഒരുക്കത്തിലായി.
” ഇന്ന് രാവിലെ അയാളുടെ ഫോൺ വിളി ഒന്നും ഇല്ലേ.?.”
ദിവ്യയുടെ ഫോൺ അനക്കമില്ലാതെ കണ്ടപ്പോൾ
മഞ്ജു ചോദിച്ചു.

” എവിടെയെങ്കിലും വെള്ളമടിച്ച് കിടക്കണ് ണ്ടാവും . കെട്ട് വിടുമ്പോൾ വീണ്ടും വരും!”

ആഹാരം കഴിച്ചു അവർ ഓഫീസിൽ പോവാൻ തയ്യാറായി.
മഞ്ജുവും ദിവ്യയും ഒരു റൂമാണ് ഷെയർ ചെയ്യുന്നത്.
സരസ്വതി ടീച്ചറുടെ വീട്ടിലെ പേയിംഗ് ഗസ്ററുകളാണവർ.

വൈകിട്ട് ഓഫിസ് വിട്ട് വന്നപ്പോഴും രാവിലെ മുതൽ
അരുണിന്റെ മെസേജ് ഒന്നും കണ്ടില്ല.

” പുള്ളിക്കാരൻ നിന്നെ വിട്ട് പോയോടീ?” മഞ്ജു ചോദിച്ചു.

” പോട്ടന്നേ..ഹൊ.! എന്ത് ശല്യമാ. Break up ആവാനുള്ള തിരുമാനത്തിൽ എത്തുമ്പോഴാണ് പ്രണയം കോമഡി ആവുന്നത് !” ദിവ്യ ചിരിച്ചു കൊണ്ട് പറഞ്ഞു.

” അത് നിനക്കായിരിക്കും
പക്ഷേ സിൻസിയറായീ ലൗ ചെയ്യുന്നവർക്ക് നീ പറഞ്ഞ break up വലിയ പ്രശ്നമാവും”
മഞ്ജു പറഞ്ഞു.

രാത്രിയായിട്ടും അരുണിന്റെ മെസേജോ, വിളിയോ ദിവ്യയുടെ ഫോണിൽ വന്നില്ല.

ദിവ്യ കൂടെ കൂടെ ഫോൺ നോക്കുന്നത് കണ്ട് മഞ്ജു ചോദിച്ചു.
” നിനക്കന്നാ.. പിന്നെ അയാളെ അങ്ങോട്ട് വിളിച്ചൂടെ?”

ദിവ്യ അതിന് മറുപടി പറയാതെ കിടന്നു.

രണ്ടു മൂന്നു ദിവസം ഓഫീസിൽ നല്ല തിരക്കായിരുന്നു.

” അരുണിന്റെ വിളി ഒന്നും വന്നില്ലേ?” മഞ്ജു ദിവ്യയോട് ചോദിച്ചു.

” ഒരിക്കൽ ഞാൻ അങ്ങോട്ട് വിളിച്ചു നോക്കി.
Switch off ആണ്.
അയാള് വേറെ നമ്പർ എടുത്തു കാണുമടീ.
ചാറ്റ് ചെയ്യാൻ വേറേ ആരെങ്കിലും കിട്ടി കാണും!”

” അരുൺ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല.
ദിവ്യേ പറഞ്ഞു തീർക്കാവുന്ന പ്രോബ്ലം ആണെങ്കിൽ അത് പറഞ്ഞു തീർക്കണം.അതല്ല നിനക്ക് താൽപര്യം ഇല്ലങ്കിൽ അയാളോട് തുറന്നു പറഞ്ഞു ഒഴിയണം.ജീവിതം പോവുന്നത് രണ്ടു പേരുടേയുമാണ്!”
മഞ്ജു ദിവ്യയെ നോക്കി.

അപ്പോ ദിവ്യയുടെ ഫോൺ റിംഗ് ചെയ്തു…

” പറഞ്ഞു തീർന്നില്ല, ദേ അരുണായിരിക്കും..ഉറപ്പാ…!
മഞ്ജു ചിരിച്ചു കൊണ്ട് തുടർന്നു.

” എടീ അയാളോട് ഒന്ന് മിണ്ടീന്ന് വെച്ച് നിനക്ക് നഷ്ടമൊന്നും ഇല്ലല്ലോ!?”

” ഞാൻ അരുണിനോട് സംസാരിക്കാം. പോരെ..?!”ദിവ്യയും ചിരിച്ചു.

ദിവ്യ ഫോണിലേക്ക് നോക്കി.
പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് വിളി വരുന്നത്.

ദിവ്യ ഫോണെടുത്ത്
മഞ്ജുവിന് കാണിച്ചു കൊടുത്തു.
” കണ്ടോ .. ഞാൻ പറഞ്ഞത് സത്യമല്ലേ? അയാളുടെ പുതിയ നമ്പറാണ്!” ദിവ്യ ഉറപ്പിച്ചു.

” നീ കോൾ സ്പീക്കർ ഫോണിലിട്! അരുൺ എന്താണെന്ന് പറയുന്നത് ഞാനും കേൾക്കട്ടെ !!”

ദിവ്യ ഫോൺ സ്പീക്കറിലിട്ടു.

മറുതലയ്ക്കൽ അപരിചിതമായ ഒരു പുരുഷശബ്ദം ഉയർന്നു.

” ദിവ്യയല്ലേ..?”

ദിവ്യ മഞ്ജുവിനെ നോക്കി,
തനിക്ക് അറിഞ്ഞൂടാ എന്ന രീതിയിൽ ആംഗ്യം കാണിച്ചു.

” ആരാ സംസാരിക്കുന്നത്?”

” ഞാൻ അരുണിന്റെ ചേട്ടനാണ്

ദിവ്യയ്ക് ആളെ മനസ്സിലായി.
കൊച്ചിൻ ഷിപ്പിയാർഡിൽ ജോലിയുളള ചേട്ടനെ കുറിച്ച് അരുൺ പറഞ്ഞിരുന്നു.

” അരുണിന്റെ ഫോൺ ലോക്ക് അഴിച്ചു ഇന്നാണ് സർവീസ് സെന്ററിൽ നിന്നും കിട്ടിയത്.”
ദിവ്യയ്ക് ഒന്നും മനസ്സിലായില്ല.
” അരുൺ രണ്ടു ദിവസം മുമ്പ് ഒരു ബൈക്ക് ആക്സിഡന്റിൽ..”
പിന്നെ ഒന്നും ദിവ്യയുടെ കാതിൽ വീണില്ല..

അപ്പോ ഫോണിൽ അരുണിന്റെ അമ്മയുടെ ശബ്ദം മാറി വന്നു.

” മോൾക്ക് അവന്റെ ഫോണൊന്ന് എടുത്തൂടായിരുന്നോ. എന്തോരമാ ആ കുട്ടി മോളെ വിളിച്ചത്.എത്ര വിഷമിച്ചു കാണും. അല്ല ഇനി പറഞ്ഞിട്ട് കാര്യമില്ല.”
അമ്മയുടെ ശബ്ദം മുറിഞ്ഞു.