The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – നിഷ ചന്ദന
എന്റെ കല്യാണം കഴിഞ്ഞ് മൂന്നു മാസം ആയിട്ടുണ്ടാകും.
കെട്യോന് ഭയങ്കര നിർബന്ധം എന്നെ ഇടുക്കീലുള്ള പുള്ളീടെ വീട്ടില് രണ്ടീസം നിക്കാൻ തനിച്ച് അയക്കണം ന്ന്.
എന്റെ വർത്താനത്തിന്റെ സ്ലാങ്, ഞാൻ വെക്കുന്ന ഭക്ഷണം തുടങ്ങി സകലതും പുച്ഛ
ഭാവത്തോടെ മാത്രം വീക്ഷിക്കാറുള്ള അമ്മായി അമ്മേടെ അടുത്ത് തനിച്ച് പോയി നിക്കാൻ പേടി ഉണ്ടെങ്കിലും
ഭാര്യ എന്നാൽ ഒരക്ഷരം തിരിച്ചു മിണ്ടാതെ പറയുന്നതെല്ലാം അനുസരിക്കാനുള്ള ഒരു ജീവി ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന കെട്യോനോട് മറുത്തു പറയാൻ ധൈര്യം ഇല്ലാത്ത കൊണ്ട് ഞാൻ പുറപ്പെട്ടു.
വൈറ്റില ഹബിൽ ചെന്നാൽ ബസ് കയറ്റി വിടാമെന്ന് പുള്ളി പറഞ്ഞു.
അവിടെ വച്ച് കാണുമ്പോ കയ്യിൽ കൊടുക്കാമെന്നു കരുതി വീടിന്റെ താക്കോൽ ഞാൻ കയ്യിൽ എടുത്തു.
അപ്പോഴത്തെ ടെൻഷനിൽ താക്കോൽ കൊടുക്കാൻ ഞാൻ മറന്ന് പോയി.
കക്ഷി വീട്ടിൽ ചെന്ന് തുറക്കാൻ നോക്കീപ്പോ താക്കോൽ ഇല്ല.
എന്നെ വിളിച്ചപ്പോ യക്ഷീടെ ചിലങ്ക പോലെ അതെന്റെ കയ്യിൽ ഇരുന്ന് കിലുങ്ങുന്നു.
കാര്യം പറഞ്ഞപ്പോ മുതൽ അങ്ങേര് തുടങ്ങി.
പുള്ളിക്കെന്തോ ജീവിതത്തിൽ അബദ്ധം പറ്റാത്ത പോലെ.
ഭാഗ്യത്തിന് അന്ന് ഞങ്ങൾ താമസിച്ചിരുന്നത് ഓട് വീട്ടിൽ ആയിരുന്നു.
കക്ഷി വീടിനു മുകളിൽ വലിഞ്ഞു കേറി ഓട് പൊളിച്ച് അകത്തു ചെന്ന് ബാക്ക് ഡോർ തുറന്നു.
പിന്നെ താഴ് മുറിച്ചു കളഞ്ഞു വേറെ വാങ്ങി ഇടുകയും ചെയ്തു.
അതോടെ അത് തീർന്നെന്ന് ഞാൻ കരുതി.
പക്ഷെ വീട്ടിൽ ചെന്ന് കേറിയത് മുതൽ തുരു തുരാ ഫോൺ വിളി.
വിളിക്കുമ്പോ എല്ലാം താക്കോൽ മറന്നത് കൊണ്ടുണ്ടായ ബുദ്ധിമുട്ടുകൾ മാത്രേ പറയാൻ ഉള്ളു.
അത് കൂടാതെ അമ്മായി അമ്മയെയും അമ്മായി അച്ഛനെയും ദിവസത്തിൽ മൂന്നു തവണ ഇത് പറയാൻ മാത്രം വിളിക്കും.
അവർ പുച്ഛ രസത്തോടെ എന്നെ ഓരോ തവണയും നോക്കും.
പരസ്പരം നോക്കി എന്തോ പറഞ്ഞു ചിരിക്കും.
എന്റെ വീട്ടിൽ ഓരോരുത്തരെ മാറി മാറി വിളിച്ച് കെട്ടിയോൻ ഇത് തന്നെ പറയും..
അവരും എന്നെ വിളിച്ച് ചീത്ത പറയും.
ഞാൻ അവിടെ നിന്ന മൂന്നു ദിവസവും ഇത് തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു.
താക്കോൽ മറന്നു വെച്ചത് കൊലക്കുറ്റത്തേക്കാൾ വല്യ എന്തോ ആണെന്ന മട്ടിലാണ് പുള്ളി പെരുമാറിയത്.
വർഷങ്ങൾ ഒരുപാട് കഴിഞ്ഞ് ഞങ്ങൾ പുതിയ വീട് വച്ചു മാറിയ കാലം.
ഒരു ദിവസം കെട്ട്യോന്റെ അച്ഛനും അമ്മയും നിക്കാൻ വന്നു.
അന്ന് രാത്രി അവരോടൊപ്പം സിനിമക്ക് പോയി.
വാതിൽ പൂട്ടി കെട്ടിയോൻ താക്കോൽ പോക്കറ്റിൽ ഇട്ടു.
ഏതാണ്ട് പന്ത്രണ്ട് മണിയോടെ തിരിച്ചു വീട്ടിലെത്തി വാതിൽ തുറക്കാൻ നോക്കുമ്പോ താക്കോൽ കാണാനില്ല.
പോക്കറ്റിലും വണ്ടീലും ഒക്കെ അരിച്ചു പെറുക്കി.
താക്കോലില്ല.
അബദ്ധം ആർക്കും പറ്റാന്നു മനസിലായില്ലേ എന്ന മട്ടിൽ നോക്കിയ എന്നോട് ആ മനുഷ്യൻ ഒറ്റ അലർച്ച…
നിന്നേം കൊണ്ടൊക്കെ ഒരു വഴിക്ക് പോയാൽ ഇതേ നടക്കൂ ന്ന് എനിക്കറിയാം…
ഇപ്പൊ സമാധാനം ആയില്ലേ… ന്ന്.
അവള് എന്ത് ചെയ്തു.. നിന്റെ പോക്കറ്റിൽ അല്ലേ താക്കോൽ കിടന്നത് എന്ന് അച്ഛനോ അമ്മയോ പറയും ന്ന് ചിന്തിച്ചത് എന്റെ തെറ്റ്..
നെടുമുടി വേണു ആ.. ന്ന് പറയണ സ്റ്റൈലിൽ അത് ശരി വെച്ച് അവർ നിൽക്കുന്നു.
പിന്നെ ഒരു വിധം സൺഷേഡ് വഴി വലിഞ്ഞു കേറി ടെറസിൽ ചെന്ന് കമ്പിപ്പാരയോ കരിങ്കല്ലോ വെച്ച് സ്റ്റെയർ റൂമിന്റെ വാതിൽ തല്ലിപ്പൊളിക്കാനുള്ള ശ്രമം ആയി.
അസമയത്തു വാതിൽ പൊളിക്കുന്ന ഒച്ച കേട്ട് അയല്പക്കത്തെ ഓരോ വീടുകളിലായി വെട്ടം തെളിഞ്ഞു.
ആളില്ലാത്ത സമയത്ത് വല്ല കള്ളന്മാരും കയറിയതാണോ എന്നറിയാൻ അവർ തുരു തുരാ വിളി ആയി..
അവരോടൊക്കെ കാര്യം പറഞ്ഞു ഞാൻ മടുത്തു.
ഒരു വിധം വാതിൽ തുറന്ന് അകത്തു കയറി.
ഞാൻ താക്കോൽ മറന്ന് വെച്ചപ്പോ ഇത്ര പ്രശ്നം ഒന്നും ഉണ്ടായില്ല.
ഇത് നാട്ടുകാരേം അറിയിച്ചു… അവരുടെ ഉറക്കോം കളഞ്ഞു.
എന്തായാലും ഒരു ചമ്മൽ ഉണ്ടാകാതിരിക്കില്ല…
ഈ സമയത്ത് പഴയ കാര്യം ഓർമിപ്പിച്ചു പറ്റിയാൽ ഒരു കുത്തും കൊടുക്കാം ന്ന് കരുതി ഞാൻ അടുത്തേക്ക് ചെന്നു.
അപ്പൊ ഒരു വിജയിയുടെ ഭാവത്തിൽ അങ്ങേര് പറയുന്നു..
നീയൊക്കെ ആണെങ്കി എന്ത് ചെയ്തേനെ ഇങ്ങനെ പറ്റിയാൽ..
ഞാൻ ഉണ്ടായോണ്ട് വാതിൽ പൊളിച്ചാണേലും അകത്തു കേറി..
ന്ന്
കുത്താൻ പോയ ഞാൻ കുത്തു കൊണ്ട പോലെ നിന്ന് പോയി.
അല്ലേലും വഴീ കെടക്കണ കല്ലീ തട്ടി അങ്ങേര് വീഴാൻ പോയാലും എന്റെ കുറ്റം കൊണ്ടാണത് സംഭവിച്ചേന്ന് വരുത്തി തീർക്കണ മനുഷ്യനെ കുത്താൻ ചെന്ന എന്നെ പറഞ്ഞാ മതിയല്ലോ…