08/04/2026

തുറക്കാത്ത വാതിൽ : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ

അവിടെ നിൽക്കടി ഞാനും ആ വഴിക്ക് തന്നെയാ.

അവൻ അവളുടെ കൈയിൽ പിടിച്ച് നിർത്തി.

കൈ വിട് അവൾ പേടിയോടെ,അയാളുടെ കൈയിൽ നിന്നും തന്റെ കൈ പിന്നിലേക്ക് വലിച്ചു.

ഹാ അനങ്ങാതെ നിൽക്കടി. എന്തായാലും സാന്റോ നിന്നെ ഉപേക്ഷിച്ചു. എന്നാൽ പിന്നെ നിനക്കൊരു കൂട്ടാവട്ടെ എന്ന് കരുതിയപ്പോൾ പെണ്ണിന് ഭയങ്കര ജാഡ.

നീയിങ്ങനെ വല്ലവന്റേം വീട്ടിൽ അടുക്കളപ്പണി ചെയ്യേണ്ട കാര്യം ഉണ്ടോ,
നിന്നെ ഞാൻ നോക്കിക്കോളാം.ഒന്ന് പെറ്റാലും നീ കൊള്ളാം.

അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

കൈ വിട് അവൾ ദയനീയമായി പറഞ്ഞു.

പെട്ടന്ന് തൊട്ട് പിറകിൽ ഒരു കാർ വരുന്നത് കണ്ടതുംപെട്ടന്ന് അയാൾ അവളുടെ കൈയിലെ പിടുത്തം വിട്ടു.

ആ നേരം കൊണ്ട് അവൾ വേഗത്തിൽ മുന്നിലേക്ക്‌ നടന്നു.

അവൾക്ക് സന്ധ്യയോട് വല്ലാത്ത വെറുപ്പ് തോന്നി. താൻ ഈ കുഞ്ഞിനേയും കൊണ്ട് ഒറ്റക്ക് ഇരുട്ടി തുടങ്ങുമ്പോൾ പോകുന്നത് അവർ കാണുന്നതല്ലേ

എല്ലാ ജോലിയും തീർത്തിട്ട് അല്ലേ പോകുന്നത് അൽപ്പം മനസാക്ഷി കാണിച്ചു കൂടെ, ഇത്തിരി നേരത്തെ വിട്ടു കൂടെ തന്നെ,ഒന്നുവല്ലെങ്കിലും അവരും ഒരു പെണ്ണല്ലേ

എന്തൊരു സ്ത്രീയാണവർ

സത്യത്തിൽ എന്തിനാണാവോ ഇങ്ങനെ ജീവിക്കുന്നത് ആരുമില്ല തനിക്ക്

പ്രാണനായി കരുതിയവൻ മറ്റൊരു ജീവിതം തേടി. ആരും ചോദിക്കാൻ ഇല്ലെന്നുള്ള ധൈര്യത്തിലാണ് ഷിബു ഉപദ്രവിക്കാൻ നോക്കുന്നത്.

പേടിച്ചു പേടിച്ച്‌ എത്ര നാൾ കഴിയും.
വയ്യ മടുത്തു. മരിക്കാൻ ഉള്ള ധൈര്യം ഉള്ളിൽ ഇപ്പോൾ എവിടെയോ തോന്നിതുടങ്ങിയിരിക്കുന്നു.

നാളെ തനിക്ക് ശമ്പളം കിട്ടും. ഒരു വീട്ടിലെ ജോലി മുഴുവൻ ചെയ്യുന്നുണ്ടെങ്കിലും തരുന്നത് മൂവായിരം രൂപയാണ്.
നാളെ കുഞ്ഞിന് പുതിയ ഉടുപ്പ്‌ മേടിക്കണം. അവന്റെ കുഞ്ഞ് കൈയിൽ നിറയെ കരിവള വാങ്ങി ഇട്ട് കൊടുക്കണം.

എന്റെ വയറ്റിൽ പിറന്നു പോയി എന്ന ഒരൊറ്റ കാരണത്താൽ എന്റെ കുഞ്ഞിന്
മതിയായ ശ്രെദ്ധ പോലും കിട്ടുന്നില്ല.

എന്റെ കുഞ്ഞേ… ഈ അമ്മ മരിക്കാതെ പിടിച്ചു നിൽക്കുന്നത്, നിന്റെ മുഖത്തെ പുഞ്ചിരി കാണാൻ വേണ്ടി മാത്രമാണ്.

അവൾ കുഞ്ഞിന്റെ മുഖത്ത് തുരുതുരെ ഉമ്മ വച്ചു.

*********
പിറ്റേന്ന് നേരത്തെ ഉണർന്ന് അവൾ ചോറുണ്ടാക്കി. വയർ നിറയെ എന്തെങ്കിലും കഴിച്ചില്ലെങ്കിൽ കുഞ്ഞിന് വേണ്ടുന്ന പാലൂട്ടാൻ കഴിയാതെ വരും.

രാവിലെ സാദാരണ രണ്ടു ഗോതമ്പ് ദോശ ഉണ്ടാക്കും. പിന്നെ വരുമ്പോൾ കഴിക്കാൻ ചിലപ്പോൾ വൈഗ മോൾ നിർബന്ധിച്ചു തരുന്ന ഭക്ഷണം ഉണ്ടാകും.

കുഞ്ഞിന് കാലത്ത് കുറുക്കുണ്ടാക്കി കൊടുക്കും.
മറ്റുള്ള കുഞ്ഞുങ്ങളെ പോലെയൊന്നും വാശിയോ കരച്ചിലോ ഇല്ല എന്നുള്ളതാണ് ഒരാശ്വാസം. എവിടെയെങ്കിലും കിടത്തിയാൽ അവിടെ കിടന്ന് കളിച്ചോളും. ഇപ്പോൾ രണ്ടാഴ്ചയായിട്ട് കമിഴ്ന്ന് പതിയെ വട്ടം കറങ്ങി തുടങ്ങി.
നീന്തി നടക്കാൻ പ്രായമാകുമ്പോൾ കുഞ്ഞിന് കൂടുതൽ ശ്രെദ്ധ വേണം.

അവൾക്ക് അമ്മയെ ഓർമ്മ വന്നു. താൻ സാന്റോയ്ക്കൊപ്പം പോന്നില്ലായിരുന്നുവെങ്കിൽ….

അച്ഛനെയും അമ്മയെയും കാണാൻ കൊതി തോന്നുന്നു.

താനൊരു കുഞ്ഞിന്റെ അമ്മ ആയപ്പോഴാണ്. അച്ഛനോടും അമ്മയോടും ഉളള സ്നേഹം ഇരട്ടിച്ചത്.

ഇപ്പോൾ അമ്മയോടൊപ്പം ആയിരുന്നെങ്കിൽ….

നല്ലൊരു ജീവിതം നശിപ്പിച്ചവളാണ് താൻ. മാതാപിതാക്കളെ നാണം കെടുത്തിയ മകൾ.

വേണ്ടാ ഒന്നും ആലോചിക്കണ്ട, അവൾ വേഗം എഴുന്നേറ്റു.

കുഞ്ഞിനേയും എടുത്ത്, വാതിൽ പൂട്ടി ഇറങ്ങി നടന്നു.

നയനേ… ഇന്ന് എനിക്ക് കുറച്ച് നേരത്തെ പോകണം അതുകൊണ്ട് രാവിലെ പനിയൊക്കെ തീർക്കണം .ചെന്നു കയറിയ പാടേ സന്ധ്യ പറഞ്ഞു.

ശരി ചേച്ചി.

അവൾ കുഞ്ഞിനെ അടുക്കളയിൽ തന്നെ കിടത്തി.അതാകുമ്പോൾ എപ്പോഴും നോട്ടം കിട്ടുമല്ലോ.

ദൃതിയിൽ ഓരോ ജോലികളും ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് വൈഗ മോൾ വന്നത്. വന്നതും അവൾ കുഞ്ഞിനെയെടുത്തു.

അവളെ കാണുമ്പോൾ അവനും നല്ല സന്തോഷമാണ് കുഞ്ഞിക്കാലുകളും,കൈകളും ഇട്ടടിച്ചതവൻ പ്രകടിപ്പിക്കാറുമുണ്ട്.

വൈഗ മോൾ അവന് ഇത്തിരി ചോറെടുത്ത് കൈവിരൽ കൊണ്ട് ഞെക്കി ഉടച്ച് അവന് കൊടുത്തു.

അടുക്കളയിലെ ചൂട് കാരണം കുഞ്ഞിനെ എടുത്തവൾ മുറിയിലേക്ക് പോയി.

അന്ന് എന്തുകൊണ്ടോ സന്ധ്യ അടുക്കള പണി അല്ലാതെ പുറം പണികൾ ഒന്നും ചെയ്യിച്ചില്ല.

അത് നയനക്ക് ആശ്വാസം തന്നെയായിരുന്നു. ഇടയ്ക്കിടെ വല്ലാത്ത നടുവേദനയാണ്. നല്ല പ്രസവ രക്ഷയോ, വിശ്രമമോ തനിക്ക് കിട്ടിയിട്ടില്ലല്ലോ. കുഞ്ഞിനെ ഒന്ന് മാറി എടുക്കാൻ പോലും ആരും ഉണ്ടായിരുന്നില്ലല്ലോ.
അതുകൊണ്ടാവും വല്ലാത്ത നടുവേദന വരുന്നത്.

വേദന വന്നാൽ കുറച്ച് വിക്സ് എടുത്തങ്ങു തേക്കും,അത്ര തന്നെ.

അവൾക്ക് നീണ്ടുനിവർന്നു കിടന്നൊന്ന് ഉറങ്ങാൻ വല്ലാത്ത കൊതി തോന്നി. സമാദാനമായിട്ടുകിടന്നുറങ്ങിയ കാലം മറന്നു.

ഇന്നിത്തിരി നേരത്തെ പൊയ്ക്കോട്ടേ എന്നൊന്ന് ചോദിച്ചു നോക്കാം. സന്ധ്യ ചേച്ചിക്ക് നല്ല സ്വഭാവം ആണെങ്കിൽ ചിലപ്പോൾ സമ്മതിക്കുമായിരിക്കും.

അവൾ അവരുടെ മുറിക്കരികിലേക്ക് ചെന്നു.

ചേച്ചി…

ഉം…എന്താടി

ഇന്നിത്തിരി നേരത്തെ പൊയ്ക്കോട്ടേ

അതെന്തിനാ…

എനിക്ക് വല്ലാത്ത നടുവേദന ഉണ്ട് ചേച്ചി.

ആ പൊയ്ക്കോ നടുവേദന മാറട്ടെ,ഇനിയിങ്ങോട്ട് വരണ്ടാ നീ. പകരം മറ്റൊരാളെ പണിക്ക് നിർത്തുന്നുണ്ട് ഞാൻ.

അയ്യോ വേണ്ടാ ഞാൻ നേരത്തെ പോകുന്നില്ല ചേച്ചി.

എന്നാൽ നിനക്ക് കൊള്ളാം.

തൊടിയിലെ വളർന്നു നിൽക്കുന്ന പുല്ലൊക്കെ അങ്ങ് പറിച്ചു കളയ്.

ശരി ചേച്ചി…

കുഞ്ഞ് ഉറക്കമായിരിക്കുന്നു. അതേതായാലും നന്നായി. അല്ലെങ്കിൽ അവനോടൊപ്പം ഇത്തിരി നേരമിരിക്കാനും കളിപ്പിക്കാനും തോന്നും.

കുനിയുമ്പോൾ നടു വെട്ടിപ്പൊളിക്കുന്ന വേദനയുണ്ട് അതൊന്നും കാര്യമാക്കാതെ അവൾ പുല്ല് പറിച്ചുകൊണ്ടിരുന്നു.

ചേച്ചീ…വൈഗമോളുടെ സ്വരം കേട്ട് അവൾ തലയുയർത്തി.

എന്താ മോളേ

ചേച്ചിക്ക് എന്റെ അമ്മയോട് വെറുപ്പുണ്ടോ, ഇങ്ങനെ ഒരുപാട് ജോലികൾ ചെയ്യിപ്പിക്കുന്നതിൽ.

ഇല്ല മോളേ. ഞാൻ ജോലിക്ക് വന്നാൽ പിന്നെ ജോലി ചെയ്യണ്ടേ. അതിലെനിക്ക് ഒരു വിഷമവും ഇല്ല.

ചേച്ചിയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടായിരുന്നു.ആ കണ്ണീരിന്റെ ശാപം എന്റെ അമ്മയിൽ വീഴരുത് ചേച്ചി.

മോളെന്താ ഈ പറയുന്നത്, ആരും എനിക്ക് ജോലിതരാത്തപ്പോൾ, മോളുടെ അമ്മ എനിക്ക് ഇവിടെ ജോലി തന്നു.
ഇവിടുന്നു കിട്ടുന്ന കാശിനാണ് ഞാനും കുഞ്ഞും കഴിയുന്നത്. അങ്ങനെയുള്ള ഞാൻ ശപിക്കുമോ, ഒരിക്കലും ഇല്ല മോളേ.

അമ്മ ചേച്ചിയോട് ഇങ്ങനൊക്കെ പെരുമാറുന്നു എന്നേ ഉളളൂ.. ചേച്ചിയെ വല്യ ഇഷ്ട്ടമാണ്.
അച്ഛനെയും അമ്മയേയും ഇട്ടിട്ട് ഒരുത്തനോടൊപ്പം ഇറങ്ങി പോന്നതല്ലേ, മാതാപിതാക്കളുടെ വില എന്തെന്ന് അറിയട്ടെ എന്നൊക്കെ അമ്മ പറയും.

പക്ഷെ, ചേച്ചിയുടെ മുന്നിൽ വച്ച് കുഞ്ഞിനെ അമ്മ ശ്രെദ്ദിക്കാറില്ല എന്നേ ഉളളൂ. ഞാൻ എടുത്തോണ്ട് പോയാലും അവനെ നോക്കുന്നത് അമ്മയാണ്.

അവന് വേണ്ടുന്ന പാലും, കുറുക്കുമൊക്കെ അമ്മ കൊടുത്താലേ അവൻ കഴിക്കൂ.
ചേച്ചി പുറത്തെ പണി ചെയ്യുന്ന സമയം മുഴുവൻ അമ്മ അവനെ എടുത്തോണ്ട് നടക്കും.

അവൾ അത്ഭുതത്തോടെ വൈഗയെ നോക്കി.

അമ്മയാണ് ചേച്ചിക്കുള്ള ഭക്ഷണം നിർബന്ധിച്ചു എന്റെ കൈയിൽ തന്നിട്ട് ചേച്ചിക്ക് കൊടുക്കാൻ പറയുന്നത്.

അമ്മക്ക് കൊടുത്താൽ എന്താന്ന് ചോദിച്ചാൽ അമ്മ പറയും, അവൾ എന്റെ കുറച്ച് ചീത്തയൊക്കെ കേട്ട് മനസ്സിൽ ഇച്ചിരി ഉറപ്പൊക്കെ വരട്ടെ. എന്നുമിങ്ങനെ കരയാൻ മാത്രം അറിഞ്ഞാൽ എങ്ങനാ പ്രതികരിക്കാൻ പഠിക്കട്ടെ എന്നൊക്കെ…

കണ്ണീരും ഒലിപ്പിച്ചു നടക്കുന്ന പെണ്ണുങ്ങളോട് അമ്മ പറയാറുണ്ട്. ആദ്യം പെണ്ണിന് വേണ്ടത് ധൈര്യമാണ് എന്ന്.

നയന വിടർന്ന മിഴികളോടെ വൈഗമോളെ നോക്കി.

ചേച്ചിയുടെ കണ്ണുനീർ കണ്ടപ്പോൾ ഇതൊക്കെ പറയാൻ എനിക്ക് തോന്നി.

നയനയുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിടർന്നു.

പിന്നെ ചേച്ചിക്ക് അറിയാത്ത വേറൊന്നു കൂടിയുണ്ട്.

ചേച്ചി പോകുമ്പോൾ എന്നും കാറും കൊണ്ട് അമ്മ പിന്നാലെ വരാറുണ്ട്. ഷിബുവിന്റെ ശല്യം കാരണം ചേച്ചിക്ക് പേടിയാണെന്ന് അമ്മക്കറിയാം.

ഇന്നലെ അയാൾ ചേച്ചിയുടെ കൈയിൽ പിടിച്ചപ്പോൾ, തൊട്ടടുത്ത് ഒരു കാർ വന്ന് നിന്നില്ലേ അതമ്മയാണ്. ചേച്ചി കോളനിയിലേക്ക് കയറി പോയതിനു ശേഷമേ അമ്മ തിരിച്ചുപോരാറുള്ളൂ.

നയന അത് കേട്ട് കണ്ണും മിഴിച്ചു നിൽക്കുകയായിരുന്നു.

ഞാൻ ഇതൊന്നും പറഞ്ഞെന്ന് അമ്മ അറിയരുത്.
എന്റമ്മയെ ആരും മനസ് കൊണ്ട് പോലും ശപിക്കരുത്.അതുകൊണ്ടാണ് ഞാനിത് പറഞ്ഞത്.

നയന യാന്ത്രികമായി തലയാട്ടി.

ആറര ആയപ്പോഴേക്കും നയന കുഞ്ഞിനേയും എടുത്ത് പോകാൻ റെഡിയായി.

നേരം പതിയെ ഇരുണ്ടിട്ടുണ്ട്.

അവൾ അല്പ്പം സ്പീഡിൽ നടന്നു.

കുറച്ച് ദൂരം നടന്നപ്പോൾ അവൾ പതിയെ തിരിഞ്ഞു നോക്കി. ശരിയാണ് കുറേ പിന്നിലായി ഒരു കാർ പതിയെ വരുന്നുണ്ട്.

അവൾ മുന്നോട്ട് നടന്നു.
വഴിയരികിൽ ഇന്നും ഷിബു കാത്തു നിൽപ്പുണ്ട്.

അവളെ കണ്ടതും അവൻ ഒരു വഷളൻ ചിരിയോടെ അടുത്തേക്ക് ചെന്നു.
ഇന്നലെ നീ എന്റെ കൈയിൽ നിന്നും രക്ഷപ്പെട്ടു. പക്ഷെ മോളേ… ഇന്ന് നീ എനിക്കൊപ്പം വരണം. ഇല്ലെങ്കിൽ നിന്നെ ഞാൻ ബലമായി കൊണ്ട് പോകും.
അറിയാലോ നിനക്ക് എന്ത് പറ്റിയാലും ചോദിക്കാൻ പോലും ആരുമില്ല.

എന്റെ കൂടെ പോരേ, അല്ലെങ്കിലും സാന്റോയുടെ കൂടെ നിന്നെ കണ്ടനാൾ മുതൽ ഞാൻ നിന്നെ കൊതിക്കുന്നതാ.

അവൾ അവനെ മറികടന്നു മുന്നിലേക്ക്‌ നടക്കാൻ തുനിഞ്ഞതും അവൻ ബലമായി അവളുടെ ഉടലിൽ പിടിച്ചു തന്നോട് ചേർക്കാൻ ശ്രെമിച്ചു.

പൊടുന്നനെ വലതു കൈ ഉയർത്തി അവന്റെ കരണം പുകച്ച്‌ ഒന്ന് കൊടുത്തു.

പെട്ടന്ന് കിട്ടിയ അടിയിൽ അവനൊന്നു പതറിയ നേരത്ത് അവൾ ഒന്ന് കൂടി കൈ വീശി കൊടുത്തു.

ഇനി മേലിൽ എന്റെ മുന്നിൽ വന്നാൽ, ഞാൻ ഒന്നും നോക്കില്ല. എന്നെ കാണുമ്പോൾ ഉളള നിന്റെയാ ചൊറിച്ചിൽ ഞാനങ്ങ് തീർക്കും.
ചെത്തി തെരുവ് പട്ടിക്കിട്ട് കൊടുക്കും നിന്റെയാ *&%&*

അവനെ പിന്നിലേക്ക് തള്ളിമാറ്റിയിട്ട് അവൾ ഇരുകൈകൊണ്ടും കുഞ്ഞിനെ മാറോടു ചേർത്ത് പിടിച്ച്‌ തലയുയർത്തി നടന്നു.
അൽപ്പം മുന്നിലേക്ക്‌ നടന്നിട്ട് അവൾ തിരിഞ്ഞു നോക്കി. കാർ അവിടെ തന്നെയുണ്ട്.
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തിക്കളിച്ചു.

ഇത്രയും ധൈര്യം തനിക്കുണ്ടായിരുന്നോ
ഇല്ല. സന്ധ്യ ചേച്ചി പിന്നിൽ ഉണ്ടെന്ന് അറിഞ്ഞപ്പോൾ കിട്ടിയ ധൈര്യമാണ്.

ഇനി ആരെയും പേടിക്കില്ല. സന്ധ്യ ചേച്ചിയെ പോലെ, തലയുയർത്തി ജീവിക്കും.
അവൾ കോളനിയിലേക്ക് നടന്നു.

**********
പിറ്റേന്ന് അവൾ ജോലിക്ക് ചെന്നത് ഇത്തിരി വൈകിയാണ്.

ചെന്നതും സന്ധ്യ ചാടിയിറങ്ങി വന്നു.

എടീ നിനക്ക് തോന്നുമ്പോൾ അല്ല ജോലിക്ക് വരേണ്ടത്

നാളെ മുതൽ നേരത്തെ വരാം ചേച്ചീ…

ഓ… എന്ത് പറഞ്ഞാലും നാളെ നാളെ…
ഇതുപോലൊരു മടിച്ചിയെ ജോലിക്കു നിർത്തിയ എന്നെ പറയണം.

അവർ അകത്തേക്ക് പോയി.

അവൾ അടുക്കളയിലേക്ക് നടന്നു. കുഞ്ഞിനെ കിടത്തിയിട്ട് അവൾ ഓരോരോ ജോലികളും തീർത്തു.

ഇതുവരെയും അവൾ ഉണ്ടാക്കുന്ന ഭക്ഷണം മോശമാണെന്നു സന്ധ്യ പറഞ്ഞിട്ടില്ല.

അത്രയും രുചികരമായി മത്രേ അവൾ ഭക്ഷണം പാകം ചെയ്യാറുള്ളൂ.

തന്റെ അമ്മ പഠിപ്പിച്ചതാണ് ഓരോ ജോലികളും. തനിക്ക് മാത്രമല്ല തന്റെ സഹോദരനും നന്നായി ഭക്ഷണം ഉണ്ടാക്കും.അമ്മ എപ്പോഴും പറയും ആണും പെണ്ണും എന്നുള്ള വിത്യാസം ഒന്നും വേണ്ടാ അത്യാവശ്യം വേണ്ടുന്ന അടുക്കളപ്പണി എല്ലാരും പഠിച്ചിരിക്കണം എന്ന്.

വേഗം ജോലികൾ തീർക്കണം സന്ധ്യ ചേച്ചി കോളേജിലേക്കും, വൈഗമോൾ സ്കൂളിലും പോയികഴിഞ്ഞാൽ പിന്നെ അധികം ജോലികൾ ഇല്ല.പിന്നെ തുണികൾ കഴുകണം, വീടിനകം തുടച്ച് വൃത്തിയാക്കണംഅത്രേയുള്ളൂ.

എന്നാൽ വൈകിട്ട് സന്ധ്യ ചേച്ചി വന്ന് കഴിഞ്ഞാൽ പണിയെടുപ്പിച്ചു തന്നെ കൊല്ലും.

ആ സമയത്ത് വൈഗ മോൾ കുഞ്ഞിനെ നോക്കും.

അവർ രണ്ടാളും ഒൻപതു മണിയാകുമ്പോൾ ഇറങ്ങും

പോകും മുൻപ് വൈഗ കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നത് കണ്ട് നയന ഒന്ന് നിന്നു

പതിയെ അവൾക്ക് പിന്നാലെ പോയി നോക്കി.

വൈഗ കുഞ്ഞിനെ സന്ധ്യയുടെ കൈയിൽ കൊടുക്കുന്നു,സന്ധ്യ കുഞ്ഞിനെ എടുത്ത് കൊഞ്ചിച്ചിട്ട് അവന്റെ കുഞ്ഞിക്കവിളിൽ ഉമ്മ വയ്ക്കുന്നു. ശേഷം അവനായി വാങ്ങിയ ബേബി ഫുഡ്‌ കുറേശെ ആയി കൊടുത്തുതീർത്തിട്ട്. അവന്റെ കുഞ്ഞ് മുഖം തുടച്ചു കൊടുക്കുന്നു.

സന്ധ്യ കൊടുക്കുമ്പോൾ അവൻ നന്നായി കഴിക്കുന്നുണ്ട്. അവന്റെ ഭാഷയിൽ എന്തൊക്കെയോ പറഞ്ഞു ചിരിക്കുമ്പോൾ,ആണോടാ കള്ളാ എന്നൊക്കെ ചോദിച്ചു ചേച്ചിയും എന്തൊക്കെയോ അവനോടു പറയുന്നുണ്ട്.

നോക്കി നോക്കി നിൽക്കെ സന്തോഷം കൊണ്ട് നയനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

അന്ന് വൈകിട്ട് സന്ധ്യ വന്നതും അടുക്കളയിലേക്ക് ചെന്നു.

എടീ… നയനേ….

എന്താ ചേച്ചി.
നിനക്ക്‌ ഇന്ന് ഇവിടെ നിൽക്കാൻ പറ്റുമോ?

നിൽക്കാം ചേച്ചി.

നാളെ പന്ത്രണ്ടു പേർക്കുള്ള ഉച്ചഭക്ഷണം ഉണ്ടാക്കി തരാൻ പറ്റുമോ നിനക്ക്.

ഉവ്വ്..
അവൾ സന്തോഷത്തോടെ പറഞ്ഞു.

എന്റെ കൂടെ ജോലി ചെയ്യുന്ന ടീച്ചേഴ്സിനു നാളെ ഒരു ട്രീറ്റ്‌ കൊടുക്കണം നാളെ മോളുടെ പിറന്നാൾ ആണ്. അതുകൊണ്ട് അവർ എല്ലാരും നാളെ ഇവിടെ വരും.

ശരി ചേച്ചി ഞാൻ ചെയ്യാം.

ഉം എല്ലാം ഞാൻ നിന്നെ ഏൽപ്പിക്കുകയാണ്.

അവൾ അന്ന് കിടക്കും മുൻപ് എന്തൊക്കെ ഉണ്ടാക്കണം എന്ന് തീരുമാനിക്കുകയും, അതിന് ആവശ്യമായ സാധനങ്ങൾ ഉണ്ടോ എന്ന് നോക്കുകയും ചെയ്തു.

ഉള്ളിത്തീയലും,ഇഞ്ചിക്കറിയും രാത്രിയിൽ കിടക്കുന്നതിനു മുൻപേ ഉണ്ടാക്കി വച്ചു.നാളെ ആകുമ്പോഴേക്കും ഉപ്പും പുളിയുമൊക്കെ നല്ലോണം പിടിച്ച് നന്നായി രുചി കൂടും.

പിറ്റേന്ന് നാല് മണിക്കവൾ ഉണർന്നു.

അന്ന് അവൾ ആകെ സന്തോഷത്തിലായിരുന്നു

ഉച്ചക്കത്തേനുള്ള സദ്യക്ക് പുറമേ,ഗോതമ്പ് നുറുക്കുകൊണ്ടുള്ള പായസവും,കൂടാതെ പാൽപായസവും ഉണ്ടാക്കി.

ഒരുമണിയോട് കൂടി എല്ലാവരും കഴിക്കാൻ ഇരുന്നു.

കഴിച്ചെഴുന്നേറ്റ എല്ലാവരുടെയും മുഖത്ത് ഒരു സംതൃപ്തി ഉണ്ടായിരുന്നു.

അതവർ അവളോട്‌ പറയുകയും കൂടി ചെയ്തപ്പോൾ കുറേ നാളുകൾക്കു ശേഷം അവൾ മനസ്സറിഞ്ഞു സന്തോഷിച്ചു.

അതവളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുമെന്ന് അവളപ്പോൾ ഓർത്തത്‌ പോലുമില്ലായിരുന്നു.

*************
തുടരും.