25/05/2026

കാലചക്രം : ഭാഗം 02

രചന – അഞ്ജു തങ്കച്ചൻ

മുന്നോട്ടുള്ള ജീവിതത്തേക്കുറിച്ച് ഓർത്ത് ജ്വാലക്ക് വല്ലാത്ത ഭയം തോന്നി.

ടെക്സ്റ്റയിൽ ഷോപ്പിലെ കാര്യങ്ങൾ എങ്കിലും ആദിക്ക് നോക്കിനടത്തിക്കൂടെ എന്ന് നിരന്തരമായി അവൾ ചോദിച്ചു തുടങ്ങിയതോടെ അവൻ അവളോട്‌ ദേഷ്യപ്പെട്ടു.

ചിലപ്പോഴൊക്കെ വീട്ടിൽ നിന്നിറങ്ങി പോയി, പാതിരാത്രിയിൽ തിരികെ വന്നു.

തങ്ങൾക്കിടയിൽ അകലം കൂടി വരുന്നതായി അവൾക്ക് തോന്നി.

ആറു മാസം കഴിഞ്ഞതും അവൾക്ക് ജോലിയില്ലാതെ ആയി.അതോടെ ഇനി എന്ത് ചെയ്യും എന്ന ചിന്ത അവളെ വല്ലാതെ വിഷമിപ്പിക്കുണ്ടായിരുന്നു.

അന്ന് അമ്മ രാവിലെ അടുക്കളയിൽ തിരക്കിട്ട പണിയിൽ ആയിരുന്നു. വേണ്ടെന്ന് പറഞ്ഞാലും ജ്വാല ഓരോന്നും കണ്ടറിഞ്ഞു ചെയ്ത് അമ്മയെ സഹായിക്കും.

അന്നും പതിവ് പോലെ മൂന്നാൾക്കും ഭക്ഷണം വിളമ്പിയിട്ട് അമ്മ അടുക്കളയിലേക്ക് നടന്നു.

ജ്വാല ഭക്ഷണം കഴിച്ചെന്നു വരുത്തി എഴുന്നേറ്റു. വിശപ്പൊക്കെ കെട്ട് പോയിരിക്കുന്നു. മൂക്ക് മുട്ടെ ഭക്ഷണം കഴിച്ച് അവനവനെക്കുറിച്ച് മാത്രം ചിന്തിക്കുന്ന രണ്ടാണുങ്ങൾ ഉള്ള ഈ വീട് തന്നെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു.

അടുക്കളപ്പടിയിൽ ഇരുന്ന് അമ്മ കഞ്ഞി കുടിക്കുകയാണ്.

അമ്മയെന്താ എന്നും കഞ്ഞി മാത്രം കുടിക്കുന്നത്? അവൾ അമ്മയുടെ അടുത്തിരുന്നു.

ഞാൻ കഴിച്ചില്ലെങ്കിൽ ഇത് കളയേണ്ടി വരില്ലേ? പഴങ്കഞ്ഞി ആയാലും കളയാൻ മനസ് വരില്ല.
ഇതിന് വേണ്ടി കൊതിച്ചിട്ടുണ്ട് അവരുടെ കണ്ണുകൾ നനഞ്ഞു.

ആദിത്യൻ കുഞ്ഞായിരുന്ന കാലത്തു പോലും,ജോലിക്കൊന്നും പോകാതെ, കൂട്ടുകാർക്കൊപ്പം രാവിലെ ഇറങ്ങി പോകും നന്ദേട്ടൻ.

കുഞ്ഞും, ഞാനും എന്തെങ്കിലും കഴിച്ചോ എന്ന് പോലും ചോദിക്കാറില്ല.

എന്റെ മകന്റെ വയർ നിറഞ്ഞു കാണാനായിരുന്നു എന്റെ അന്നത്തെ മോഹം. അതിന് വേണ്ടി അടുത്ത വീട്ടിൽ പോയി അരിക്ക് കെഞ്ചിയിട്ടുണ്ട്.
ആ കാലം മറക്കാത്തത് കൊണ്ട്. ഒരു വറ്റ് പോലും കളയാൻ തോന്നില്ല.

എന്താ അമ്മേ അച്ഛനും, ആദിയും ഇങ്ങനെ?

അറിയില്ല… മാറ്റാൻ കുറേ നോക്കി. കരഞ്ഞു, കാലുപിടിച്ചു, വഴക്കിട്ടു, ഒടുവിൽ ആത്മഹത്യാ ഭീഷണി വരെ നടത്തി നോക്കി.എന്നിട്ടും നന്ദേട്ടൻ മാറിയില്ല.

പതിനെട്ട് വയസിൽ വിവാഹിത ആയതാണ്, പത്തൊൻപമത്തെ വയസിൽ ഒരമ്മയായി.അന്നൊക്കെ അത്രേം പക്വത അല്ലേ ഉളളൂ….ഒന്നും അറിയില്ല. എന്ത് ചെയ്യണം, കുഞ്ഞിനെ എങ്ങനെ വളർത്തണം. കരയാൻ മത്രേ അന്ന് കഴിഞ്ഞുള്ളൂ.

എന്റെ അച്ഛൻ പറഞ്ഞാണ് ഞാൻ വീണ്ടും പഠിക്കാൻ പോയത്. അങ്ങനെ നേഴ്സ് ആയി.

അതുകൊണ്ട് പട്ടിണി ഇല്ലാതെ ജീവിക്കാൻ പറ്റി.

വളർന്നു വന്നപ്പോൾ മോനും അവന്റെ അച്ഛനെ പോലെ ഒരു ജോലിക്കും പോകാതെ സ്വന്തം കാര്യത്തിന് മാത്രം പ്രാധാന്യം നൽകുന്നവനായി.അതുകൊണ്ട് അവൻ വിവാഹക്കാര്യം പറഞ്ഞപ്പോൾ ഞാൻ എതിർത്തു.

ആദ്യം ഒരു ജോലി നേടൂ എന്നിട്ട് മതി കല്യാണം എന്ന് പറഞ്ഞതാണ്.

നീയൊരാൾ കാരണം എന്റെ മകന്റെ ഭാവി കളയരുത് എന്ന് നന്ദേട്ടൻ പറഞ്ഞപ്പോൾ…
മറുത്തൊന്നും പറയാൻ തോന്നിയില്ല.
പെറ്റ വയറല്ലേ, മകനെ തള്ളിക്കളയാൻ ഒക്കുവോ?

എന്നെ പോലെ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും എടുക്കാൻ നിനക്ക് ഒക്കില്ല കുട്ടീ.
നീ ഇവിടെ നിന്നും രക്ഷപെട്ടു പൊയ്ക്കോ…

വേണ്ടമ്മേ… ഞാൻ എങ്ങോട്ടും പോകുന്നില്ല.

എന്നെ പോലെ ഒരു സ്വപ്നങ്ങളും ഇല്ലാതെ, ഒരു പെൺ ജീവിതം കൂടി ഇല്ലാതെ ആകും. എനിക്ക് ശേഷം
എന്റെ കുഞ്ഞേ….. നീ എന്റെ സ്ഥാനത്തു വരും.അത് പാടില്ല.

നിനക്ക് രക്ഷപെട്ടുകൂടെ കുട്ടീ…

അമ്മയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…അവളുടെയും.

സ്വയം ജീവിക്കാൻ മറന്നുപോയ ഒരു സ്ത്രീജന്മം മുന്നിലിരുന്ന് കരയുകയാണ്. നിരാശ നിറഞ്ഞ മനസിന്റെ കടുത്ത ഭാരവും പേറി,ഒരു പാവം സ്ത്രീ…..

അവളുടെ മുന്നിൽ കണ്ണുനീർ മറയ്ക്കാൻ ആകണം അമ്മ പെട്ടന്ന് എഴുന്നേറ്റ് കൈകൾ കഴുകി.പാത്രവും കഴുകി വച്ച് അവർ അവൾക്ക് മുഖം കൊടുക്കാതെ അകത്തേക്ക് പോകാൻ തുനിഞ്ഞു.

ജ്വാല ആ കൈ പിടിച്ചു നിർത്തി.

ഇല്ലമ്മേ…. എനിക്കെങ്ങും പോകാൻ കഴിയില്ല.അമ്മയെ മാത്രം ഇങ്ങനുരുകാൻ വിട്ടിട്ട് എനിക്ക് എങ്ങോട്ടും പോകണ്ട.
ഞാനുണ്ട് അമ്മക്ക്.

അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അതിനിടയിലും അവർ ചിരിക്കാൻ ശ്രെമിച്ചു….

ഇരുകൈകൾ കൊണ്ടും അവളുടെ മുഖത്തു തഴുകി.

എനിക്ക് ഇപ്പോൾ ഒരു മോളുണ്ട്….. അവരുടെ ചുണ്ടുകൾ വിറച്ചു. ദാ… അവള് പറയുകയാ അമ്മയെ ഒറ്റയ്ക്ക് ആക്കില്ല എന്ന്…അവർ അവളുടെ നിറുകയിൽ ചുംബിച്ചു. അവരുടെ കണ്ണിൽ നിന്നുതിർന്ന കണ്ണുനീർ തുള്ളികൾ അവളുടെ മുഖത്ത് വീണ് പടർന്നു.

ഒരു പെൺകുഞ്ഞിനായി ഒരുപാട് കൊതിച്ചിട്ടും വേണ്ടെന്നു വച്ചതാണ് ഞാൻ. പക്ഷെ കാലം എനിക്കൊരു പെൺകുഞ്ഞിനെ തന്നിരിക്കുകയാണ്.

അവർ ജ്വാലയെ നെഞ്ചോടു ചേർത്തു നിർത്തി. അതിദ്രുതം മിടിക്കുന്ന അവരുടെ ഹൃദമിടിപ്പിൽ നിന്നും അവൾക്ക് മനസിലായി സ്നേഹത്തിന്റെ ഒരു തരിമ്പ് പോലും കിട്ടാത്ത ആ ഹൃദയം സ്നേഹത്തിന്റെ ഒരു ചെറുവാക്കിൽ പോലും അലിഞ്ഞിരിക്കുകയാണെന്ന്.

ഇനി അമ്മയെ ഇങ്ങനെ സ്വയം ഉരുകാൻ വിടില്ല. ഞാനുണ്ട് എന്റെ മരണം വരെ ഉണ്ടാകുകയും ചെയ്യും. അവൾ മനസ്സിൽ എന്തോ ഉറപ്പിച്ചു.

************

പിറ്റേന്ന് അഞ്ചര ആയപ്പോഴേക്കും ജ്വാല അടുക്കളയിലേക്ക് ചെന്നു.

അമ്മ പതിവില്ലാതെ വളരെ തിടുക്കത്തിലാണ് ജോലി ചെയ്യുന്നത്.

എന്ത് പറ്റി അമ്മേ? എന്തേ ഇത്രയും തിടുക്കം?

എന്റെ കുട്ടീ… ഞാൻ എന്നും നാല് മണിക്ക് എണീക്കുന്നതാ. ഇന്ന് അലാറം അടിച്ചില്ല, ഞാൻ ഓൺ ചെയ്തു വയ്ക്കാൻ മറന്നെന്നു തോന്നുന്നു.

അമ്മ മറന്നതല്ല. ഞാൻ ഇന്നലെ മുറിയിൽ വന്ന് അലാറം ഓഫ് ചെയ്തു വച്ചതാ.

ങ്ങേ… എന്തിന്? അതുകൊണ്ട് നോക്കിക്കേ എന്റെ പണികൾ ഒന്നും തീർന്നിട്ടില്ല.

എന്റെ അമ്മക്കുട്ടി…. അവൾ അവരെ പിടിച്ചു തന്റെ നേരെ നിർത്തി.
എന്നും ഇങ്ങനെ പണിത് പണിത് മടുത്തില്ലേ…. ഇന്ന് നമുക്ക് രണ്ടാൾക്കും രാവിലെ അമ്പലത്തിൽ പോണം. തിരിച്ചു വരുമ്പോൾ നമ്മൾക്ക് ഫുഡ്‌ പുറത്തൂന്ന് കഴിക്കാം.

അയ്യോ അന്നേരം ഇവിടുള്ളവർ എന്ത് ചെയ്യും?

അവർ കൊച്ചു കുട്ടികൾ ഒന്നും അല്ലല്ലോ.

അമ്മ വേഗം പോയി കുളിച്ചു വന്നേ….
അവൾ അമ്മയെ ഉന്തിത്തള്ളി ബാത്‌റൂമിൽ ആക്കി.

അവളും തിടുക്കത്തിൽ കുളിച്ചിറങ്ങി.

രണ്ടാളും സെറ്റ് സാരി ഉടുത്തു.

നമ്മൾക്ക് ഓട്ടോ വിളിച്ച് പോകാം മോളേ.

അതെന്തിനാ… വിവാഹത്തിന് അച്ഛൻ തന്ന കാർ അല്ലേ പോർച്ചിൽ കിടക്കുന്നത് അതെടുക്കാമല്ലോ.

മോൾക്ക്‌ വണ്ടി ഓടിക്കാൻ ഒക്കെ അറിയോ?

അത് ആർക്കാ അമ്മേ ഇപ്പോൾ അറിയാത്തത്.

മോളിതുവരെ വണ്ടിയോടിക്കുന്നതു ഞാൻ കണ്ടില്ല. സ്കൂളിൽ പോകുന്നത് നടന്നല്ലേ.

എനിക്ക് നടന്നു പോകുന്നതാ കൂടുതൽ ഇഷ്ട്ടം.നമ്മുടെ വഴിയും, വഴിയിലൂടെ പോകുന്ന മനുഷ്യരേയും ഒക്കെ കണ്ട്, ഇത്തിരി വാർത്തനമൊക്കെ പറഞ്ഞങ്ങ് നടക്കുന്ന സുഖം ഒന്ന് വേറെ തന്നെയല്ലേ.

ഉം.. മുഖം കണ്ടാൽ അറിയാം ഒരു വായാടിയാണെന്ന്.

ഓഹോ…അങ്ങനെയാണോ.

പിന്നല്ലാതെ.

എന്നാൽ വണ്ടിയിൽ കയറിക്കോ ,നമുക്ക് പോകാം.അവൾ ചിരിയോടെ പറഞ്ഞു.

ശിവന്റെ ശ്രീകോവിലിനു മുന്നിൽ തൊഴുതു നിൽക്കുമ്പോൾ, മനസ്സിൽ ഒത്തിരി സന്തോഷം തോന്നി അവർക്ക്.

തൊഴുതിറങ്ങിയിട്ട്, സിറ്റിയിൽ തന്നെയുള്ള ഹോട്ടലിൽ നിന്നും ജ്വാല,നെയ്റോസ്റ്റും, കടുപ്പത്തിൽ ചായയും ഓർഡർ ചെയ്തു.

കഴിച്ച് കഴിഞ്ഞ് തിരികെ പോകുമ്പോൾ ജ്വാല പതിയെയാണ് വണ്ടി ഓടിച്ചത്.

ഇത്തിരി സ്പീഡിൽ പോകൂ കുട്ടി.ചെന്നിട്ട് ജോലിക്ക് പോകണ്ടേ എനിക്ക്.

ജോലിക്ക് പോകാൻ സമയം ആയിട്ടില്ലല്ലോ.ഏഴര ആയതല്ലേ ഉളളൂ.

ചെന്നിട്ട് ചോറും കറിയും വയ്ക്കണ്ടേ, ഉച്ചക്ക് അവർക്ക് കഴിക്കണ്ടേ…

എന്റെ അമ്മേ… അമ്മ ഒരുകാര്യം ചെയ്യൂ മുലകുടി മാറാത്ത അമ്മയുടെ മകന് ഇച്ചിരി കുറുക്കും ഉണ്ടാക്കി. അച്ഛന് ഒരു സദ്യയും ഉണ്ടാക്കി വച്ചിട്ട് അമ്മ ജോലിക്ക് പോയാൽ മതി.

പോടീ അവിടുന്ന്… അവർ കളിയായി അവളുടെ ചെവിയിൽ പിടിച്ചു. അവനേ അടുത്ത മാസം വയസ് ഇരുപത്തി ആറാകും.

അത്രേം പ്രായമുള്ള മകന് വേണ്ടി അമ്മ ഇനിയും ഇങ്ങനെ കഷ്ടപ്പെടണ്ട.
അതുകൊണ്ട് പതിയെയെ ഈ വണ്ടി പോകൂ.

ചെന്നിട്ട് ഈ സാരിയും മാറ്റി അമ്മ ജോലിക്ക് പോയാൽ മതി. അടുക്കളയിൽ കയറണ്ട.അമ്മക്ക് ഉച്ചക്ക് കഴിക്കാൻ ഉള്ളത് ഞാൻ വാങ്ങിയിട്ടുണ്ട്.

അമ്പടീ… അപ്പോൾ രണ്ടും കല്പിച്ചാണ് എന്റെ മോൾ.

പിന്നല്ലാതെ…

അവർ അവളുടെ മുഖത്തേക്ക് ഉറ്റുനോക്കി.

ഉം… എന്തേ ഇങ്ങനെ നോക്കുന്നെ?

എനിക്ക് എന്ത് കൊതിയുണ്ടായിരുന്നെന്നോ ഒരു പെൺകുഞ്ഞിന്റെ അമ്മ ആകാൻ. എന്നോട് കൊഞ്ചാൻ, പിണങ്ങാൻ, കുറുമ്പുകാട്ടാൻ അങ്ങനെയങ്ങനെ എന്റെ കൂടെ എനിക്കൊരു കൂട്ടായി ഒരുപെൺകുഞ്ഞ് ഉണ്ടായിരുന്നെങ്കിൽ എന്ന് ഒത്തിരി മോഹിച്ചു.
പക്ഷെ, ഉത്തവാദിത്തം ഇല്ലാത്ത ഒരച്ഛന്റെ മകളായി ആ പെൺകുഞ്ഞ് വളരുമല്ലോ എന്ന് കരുതി ഞാൻ എന്റെയാ മോഹം വേണ്ടാന്ന് വച്ചു.രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് പേടിയായിരുന്നു.

ജ്വാല അലിവോടെ അവരെ നോക്കി.

പക്ഷെ, എനിക്കിപ്പോൾ ഒരു പെൺകുഞ്ഞിനെ കിട്ടി. നാല്പത്തി അഞ്ചാമത്തെ വയസിൽ ഞാൻ എന്റെ പെൺകുഞ്ഞിന്റെ അമ്മയായി. അവരുടെ കവിളുകൾ ചുവന്നു.മോളേ….. നീയീ അമ്മയെ വിട്ട് ഇനി എങ്ങോട്ടും പോയേക്കരുത്.

എന്തിനെന്നറിയാതെ ജ്വാലക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു.

ഇടംകൈകൊണ്ടവൾ അമ്മയുടെ വലംകൈയിൽ മുറുകെ പിടിച്ചു.

വീട്ടിൽ എത്തിയതും. അമ്മ അടുക്കളയിലേക്ക് പോകുന്നത് അവൾ ശ്രെദ്ദിച്ചു.

അല്പസമയം കഴിഞ്ഞതും എടീ മീരേ…. എന്നുള്ള അച്ഛന്റെ അലർച്ച കേട്ടതും ജ്വാല താഴെക്കിറങ്ങി വന്നു.

ഇതെന്താ മീരേ ഒന്നും ഉണ്ടാക്കിയില്ലേ ഈ വീട്ടിൽ ?

അമ്പലത്തിൽ പോയതായിരുന്നു നന്ദേട്ടാ…

അമ്മ പതിയെ പറഞ്ഞതും.

അച്ഛൻ അരിശത്തോടെ മേശയിൽ കൈ ചുരുട്ടി ഇടിച്ചു.

എന്തെങ്കിലും പെട്ടന്ന് ഉണ്ടാക്ക്. ആദ്യം കടുപ്പത്തിൽ ഒരു ചായ താ.പറഞ്ഞിട്ട് അയാൾ മുറിയിലേക്ക് പോയി.

അടുക്കയിലേക്ക് തിടുക്കത്തിൽ നടക്കാൻ തുനിഞ്ഞ അമ്മയുടെ കൈകളിൽ അവൾ പിടിച്ചു നിർത്തി.

അമ്മക്ക് ജോലിക്ക് പോകാൻ സമയം ആയി. പോകാൻ നോക്ക്.

അയ്യോ മോളേ അച്ഛൻ ദേഷ്യത്തിലാണ്.

അച്ഛന് ഞാൻ ചായ ഉണ്ടാക്കി കൊടുത്തോളാം. റവ ഇരുപ്പുണ്ടല്ലോ ഉപ്പുമാവും ഉണ്ടാക്കി കൊടുത്തോളം. അമ്മ പൊയ്ക്കോ. ഇല്ലേൽ താമസിക്കും.

എന്നാൽ ശരി മോളേ.. ചായക്ക്‌ നല്ല കടുപ്പം വേണം കേട്ടോ മോളേ,അല്ലേൽ അതുമതി അച്ഛൻ ദേഷ്യം പിടിക്കാൻ.

ശരി ഞാൻ നോക്കിക്കോളാം.

അമ്മ പോയി കഴിഞ്ഞതും.അവൾ ടീവി ഓൺ ചെയ്തു.

മീരേ ചായ ആയോ … അച്ഛൻ മുറിയിൽ നിന്നും വിളിച്ച് ചോദിച്ചു.

അച്ഛാ അമ്മ ജോലിക്കു പോയി.

ഓഹോ അയാൾ ദേഷ്യത്തോടെ പുറത്തേക്ക് വന്നു.

എന്താ അച്ഛാ ഇത്ര ദേഷ്യം.

ഒരു ചായ കടുപ്പത്തിൽ കുടിക്കുന്നത് എന്റെ ശീലമാ, അതവൾക്ക് അറിയാം എന്നിട്ട് അവൾ പോയേക്കുന്നു.

അതിന് ദേഷ്യം എന്തിനാ അച്ഛാ… അച്ഛന് രാവിലെ ഒരു ചായ ഉണ്ടാക്കാൻ പറ്റില്ലേ?
അച്ഛന് പ്രേത്യേകിച്ചു ജോലി ഒന്നും ഇല്ലല്ലോ.

അയാളുടെ മുഖം ചുവന്നു.

എന്താ നീ പറഞ്ഞത്?

അല്ല അച്ഛന് ഭക്ഷണം കഴിക്കുക, വിശ്രമിക്കുക, വീണ്ടും കഴിക്കുക വിശ്രമിക്കുക ഇതൊക്കെ തന്നെയല്ലേ പണി.അപ്പോൾ ഒരു ചായ ഒക്കെ സ്വയം ഉണ്ടാക്കി കഴിക്കാവുന്നതേ ഉള്ളൂ…
കൂസലില്ലാതെ പറഞ്ഞു കൊണ്ട് അവൾ മുറിയിലേക്ക് കയറി പോയി.

*************

തുടരും.