“പണ്ടെങ്ങോ എയിഡ്സ് വന്നു ചത്ത
തന്തേടേം തള്ളേടേം മോളാ ആ പെണ്ണ്”
എന്ന് പലോരും പറയുമ്പോ ഇന്നവള്
മെല്ലെ ഒന്ന് ചിരിക്കും…
മുൻപ് ബസില് കയറുമ്പോ പരിചയക്കാര്
അടുത്തിരിക്കാൻ മടിച്ചപ്പോ മുഖം വിളറിയിട്ടുണ്ട്…
അയൽക്കൂട്ടത്തില് ആഴ്ചപ്പടിക്ക് ചേരാൻ
വന്നപ്പോ ആള് തികഞ്ഞൂന്നും പറഞ്ഞ്
മടക്കിയപ്പോ നൊന്ത് കരഞ്ഞിട്ടുണ്ട് ആ പെണ്ണ്…
പണ്ട് ആ പെണ്ണിൻ്റെ കുഞ്ഞിലെ വയറു നിറയെ
ബ്രാണ്ടി കുടിച്ചിട്ട് വന്ന് അവളോട് കുശലം
ചോദിച്ചിരുന്ന കണ്ണപ്പൻ ചേട്ടൻ മാത്രം ഇപ്പളും
മടിയില്ലാതെ മിണ്ടിയിരുന്നു…
പണ്ടൊക്കെ ആ പെണ്ണ് ഓട്ടോറിക്ഷ പിടിക്കാൻ
കവലയിലേക്ക് വരുമ്പോ അവരുടെ നെഞ്ച്
ഇടിക്കുമായിരുന്നു…
അടുത്ത് വന്നാ പകരണ
സൂക്കേടാണത്രെ എയിഡ്സ് എന്ന് പരക്കെ
പറയണതും അന്നാട്ടുകാരെന്നെ…
ഒരിക്കല് ആ പെണ്ണിൻ്റെ കൂടെ ജോലി
ചെയ്യണ ചെക്കൻ അവളേം കെട്ടി പോയപ്പോ
നാട്ടാര് ചെലോര് പറഞ്ഞു,
” അറിഞ്ഞിട്ട് കെട്ടിയതാണാവോ, അതോ
പയ്യനും ഈ സൂക്കേട് ഉണ്ടാണാവോ…!”
പിന്നീട് വല്ലപ്പോഴും അന്നാട്ടിലേക്ക് വില
കൂടിയ കാറില് വരണ അവളേം ചെക്കനേം
കണ്ടിട്ട് നെറ്റി ചുളിച്ചു നോക്കിയിരുന്നു
നാട്ടാര്… അസൂയ നിറച്ചൊരു നോട്ടം മാത്രം…
കാലം സ്വല്പം കഴിഞ്ഞപ്പോ ഈ സൂക്കേട് വന്നാ
അധിക കാലം ജീവിക്കില്ല എന്ന് പറഞ്ഞിരുന്ന
അയൽക്കാരൊന്നും ജീവിച്ചിരിപ്പില്ലത്രെ…
ഒരൂസം ആ പെണ്ണ് പിന്നേം അന്നാട്ടിലേക്ക്
അവൾടെ ചെക്കനേം കൂട്ടി വന്നപ്പോ വയറു
നിറയെ ബ്രാണ്ടി കുടിച്ചിട്ട് കണ്ണപ്പൻ കവലയിൽ
തത്വം പറഞ്ഞിരിക്കുന്ന തോന്ന്വാസികളോട്
പറഞ്ഞു,
” കണ്ട്രാ, ആ പെണ്ണ് പിന്നേം പിന്നേം ജീവിക്കണ
കണ്ട്രാ…”
അവളും ചെക്കനും തിരിച്ചു പോവുമ്പോ കൂട്ടിന്
ആരൂല്ലാത്ത കണ്ണപ്പൻ ചേട്ടനോട് മദ്രാസിലേക്ക്
പോരുന്നുണ്ടോന്നു ചോദിച്ചപ്പോ,കൊഴിഞ്ഞ ഇടം
പല്ല് കാണിച്ച് അയാള് ഒന്നേ പറഞ്ഞുള്ളൂ,
” പട്ടണത്തില് ചെന്നാല് മോളെനിക്ക് സായിപ്പന്മാര്
കുടിക്കണ ബ്രാണ്ടി വല്ലപ്പോളും വാങ്ങി തരോന്നു…”
ആ പെണ്ണ് ഒന്ന് ചിരിക്കുക മാത്രം ചെയ്തു,
കണ്ണപ്പൻ ചേട്ടൻ കുശലം ചോദിക്കുമ്പോ
മാത്രം ചിരിക്കാറുള്ള ചേലുള്ള ചിരി…
Jishnu Ramesan

by