ഒരു കലിപ്പത്തി പെങ്ങൾ
****************************
“ഇത് എന്നാ മുടിഞ്ഞ ട്രാഫിക്കാ കർത്താവെ …”
അക്ഷമയാൽ ജോസിന് അരിശം മൂത്തു…..
“വണ്ടി ഒന്നു മുന്നോട്ടെടുക്ക് ചേട്ടാ ”
അരിശത്താൽ സൈഡിൽ കണ്ട ഓട്ടോകാരനോട് അവൻ ഒന്ന് തട്ടിക്കേറി
” *&##…. %**&*….. മോനെ ”
നിഘണ്ടുവിൽ ഇല്ലാത്ത പദ പ്രയോഗം മറുപടിയായി കേട്ടപ്പോൾ എന്തെന്നില്ലാത്ത മനഃസുഖം തോന്നി ജോസിന്.. സത്യത്തിൽ മലയാളം നിഘണ്ടുവിനും നിർവ്വചനാതീതമായ ഇത്തരം മനോഹരങ്ങളായ പദപ്രയോഗങ്ങൾ മതി ഒരു പരിധി വരെ മനുഷ്യരുടെ അഹങ്കാരം ശമിപ്പിക്കാൻ അവൻ ഓർത്തു .പക്ഷെ തനിക്ക് കാത്തു നിക്കാൻ സമയമില്ല. നെഞ്ചിടിപ്പ് കൂടി വരികയാണ്.
“ചേട്ടായി.എവിടെയാ എന്റെ കോളേജിലേക്ക് ഒന്ന് വേഗം വായോ ഇവിടെ എനിക്കൊരു പ്രശ്നം ”
ആ വാക്കുകൾ അവന്റെ കാതുകളിൽ പ്രതിധ്വനിച്ചു കൊണ്ടിരുന്നു.നെഞ്ചിടിപ്പും വെപ്രാളവും കൂടിയേ പറ്റുള്ളൂ…. കാരണം വിളിച്ചേക്കുന്നത് അവന്റെകുഞ്ഞു പെങ്ങളാണ്.. അവന്റെ ചങ്ക്…. ജിൻസി..
ജോസ് ഫോൺ എടുത്തു ജിൻസിയുടെ നമ്പർ ഡയൽ ചെയ്ത് കാതിൽ വച്ചു’…..സ്വിച്ച് ഓഫ്… ദേഷ്യത്താൽ ഫോൺ സീറ്റിലേക്ക് വലിച്ചെറിഞ്ഞു അവൻ..
” ഈ കൊച്ചിതെന്നാടുക്കുവാ… ഫോണും സ്വിച്ച് ഓഫ് ആക്കി വച്ചിട്ട് …. വിളിച്ചപ്പോ ആണേൽ കാര്യം പറയാണ് കട്ട് ആക്കി.”
അരിശം മൂത്ത് സ്റ്റിയറിങ്ങിൽ ആഞ്ഞ് അടിച്ചു അവൻ. അടി കൊണ്ടതോ. ഹോണിൽ… കാതടപ്പിക്കുന്ന വിധം ഹോൺ ഒന്നു മുഴങ്ങി.
” എന്നതാടാ പോവാൻ മുട്ടി നിക്കുവാണോ…. എന്നാൽ മുന്നേ കിടക്കുന്ന വണ്ടിയെല്ലാം കൂടി ഇടിച്ച് മറിച്ച് അങ്ങ് കേറി പോടാ….”
ഓട്ടോ ചേട്ടൻ വിട്ടില്ല.
“ഒന്നുമില്ലായേ എന്റെ പൊന്നു ചേട്ടായിയേ.”.
കൈ കുപ്പി തൊഴുതു ജോസ്
ജോസിന്റെ ഈ വെപ്രാളങ്ങൾ മറ്റൊന്നും കൊണ്ടല്ല… ജിൻസി എന്ന് വച്ചാൽ അവനു ജീവനാണ് ആകെയുള്ള കുഞ്ഞു പെങ്ങൾ.. അവനെ കുഞ്ഞുമോൾ ആണ് അവൾ.. ജിൻസിക്കും തിരിച്ച് അങ്ങിനെ തന്നെയാണ് … അറിവു വച്ച കാലം മുതൽ ജിൻസിക്ക് എല്ലാമാണ് ജോസ് ഒരു മിഠായി തൊട്ട് പുതിയ ഡ്രസ് വരെ വേണമെങ്കിൽ ജോസിനടുക്കൽ ആണ് അവൾ പോകാറ്.
“പെറ്റിട്ടേ പിന്നെ മുലപാല് കുടിക്കാൻ മാത്രാ കുഞ്ഞുമോള് എന്റടുകെവന്നിരുന്നെ അതു നിന്നതോടെ പിന്നെ കൊച്ചിനെ കാണാൻ കിട്ടാണ്ടായി അവൾക്ക് എന്നേം വേണ്ട അവൾടപ്പച്ചനേം വേണ്ട എന്തിനും ദേ ഈ ജോസ് മതി .”
നാലാളു കൂടുന്നിടത്തെല്ലാം അമ്മച്ചി ഇങ്ങനെ പറഞ്ഞു കേൾക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നാറുണ്ട് ജോസിന്.. എന്നാൽ അതിനൊപ്പം ചങ്കിൽ ഇട്ട് കുത്താനും അമ്മച്ചി മറക്കാറില്ല
” നീ ഇങ്ങനെ താഴെ വക്കാണ്ട് പെങ്കൊച്ചിനേം കൊഞ്ചിച്ച് നടന്നോ ഒടുക്കം അതിനെ കെട്ടിച്ച് വിടുമ്പോ പഠിക്കും”
ആ വാക്കുകൾ ജോസിന മനസിന് താങ്ങാവുന്നതിനും അപ്പുറമാണ്…
ഒരിക്കൽ അടുത്ത് വിളിച്ചിരുത്തി ജിൻസിയോട് ചോദിച്ചു
“കുഞ്ഞുമോളേ നിന്നെ കെട്ടിച്ച് വിടുമ്പോ ചേട്ടായി ഒറ്റയ്ക്കായി പോവോലോ ടീ”
“എന്റെ ചേട്ടായിടെ വിട്ടേച്ച് ഞാൻ എങ്ങടും പോവുകേല… ഇവിടെ നമ്മടൊപ്പം വന്നു നിക്കൻ തയ്യാറുള്ള ആരേലും കൊണ്ട് ചേട്ടായി എന്നെ കെട്ടിച്ചാ മതി അല്ലേൽ കുഞ്ഞുമോള് കെട്ടുന്നില്ല”
ചുമലിലേക്ക് അവൾ തല ചായ്ക്കുമ്പോൾ തോളിൽ ചെറിയ നനവു പടർന്നത് അവൻ അറിഞ്ഞിരുന്നു അവളുടെ കണ്ണുനീർ വീണിട്ട്
പത്ത് മിനിട്ടോളം കാത്തുകിടന്നപ്പോൾ തിരക്കിനിടയിലൂടെ വണ്ടികൾ ഓരോന്നായി പതിയെ നിരങ്ങി തുടങ്ങി. ഓട്ടോ ചേട്ടൻ കിട്ടിയ ഗാപ്പിൽ വാഹനങ്ങൾക്കിടയിലൂടെ നുഴഞ്ഞു കയറിയങ്ങു പോയി. അതു കണ്ടിട്ടാകണം ആവേശം മൂത്ത് ആക്സിലേറ്ററിൽ ആഞ്ഞൊന്നു ചവിട്ടി ജോസ് മുന്നോട്ട് പാഞ്ഞ വണ്ടി ഒന്നു കുലുങ്ങി അങ്ങ് നിന്നു തൊട്ടു മുന്നിൽ അതാ പുതുപുത്തൻ ഒരു ഇന്നോവ… ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തിറങ്ങിയ യുവതിയുടെ ചുവന്നു തുടുത്ത ജ്വലിക്കുന്ന മുഖവും ഉണ്ട കണ്ണുകളും മാത്രം ശ്രദ്ധിച്ചാൽ മതി. വണ്ടി ഇടിച്ചു എന്നതിന് മറ്റൊരു സംശയവും വേണ്ട. വളരെ വിനയവിനീതനായി ജോസ് പതുകെ കാറിൽ നിന്നും ഇറങ്ങി.. കാലു പിടിച്ചിട്ടേ കാര്യമുള്ളൂന്ന് അവനുറപ്പുണ്ട് കാരണം തെറ്റ് തന്റെ ഭാഗത്താണ്… യുവതിയുടെ മുന്നിൽ എത്തിയപ്പോൾ ഒന്ന് പാളി കാറിലേക്ക് നോക്കി ഇന്നോവ ക്ക് കാര്യമായ പരിക്കുകൾ ഒന്നുമില്ല.പക്ഷെ തന്റെ പാവം’ ഇയോൺ’… മൂക്ക് ഇടിച്ച് പരത്തിയ പോലായി…
“എവിടെ നോക്കിയാടൊ വണ്ടിയോടിക്കുന്നെ ഈ ട്രാഫിക്കിൽ ആണോ താൻ റേസ് നടത്തുന്നെ.. ”
യുവതി ഒന്ന് കത്തികയറി.
ഗതിയില്ലാതെ പതിനെട്ടാമത്തെ അടവു തന്നെ ജോസ് പുറത്തെടുത്തു.
“എന്റെ പൊന്നു ചേച്ചി തെറ്റ് എന്റേതു തന്നാ.. എന്റെ പെങ്ങൾക്ക് കോളേജിൽ എന്തോ പ്രശ്നമെന്ന് പറഞ്ഞു വിളിച്ചേക്കുവാ ആ ഒരു വെപ്രാളത്തിൽ വണ്ടിയോടിച്ചതാ എന്നതാ വേണ്ടേ എന്നു വച്ചാൽ ഞാൻ ചെയ്യാം…. ”
ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ടൊന്ന് നോക്യപ്പോൾ യുവതി യുടെ മുഖത്ത് അൽപം അയവു കണ്ടു എന്തായാലും സംഗതി ഏറ്റു. കൊച്ചാപ്പന്റെ ടൊയോട്ട ഷോറൂമിലേക്ക് ഇന്നോവയെ തള്ളിവിട്ടിട്ട അവൻ കാറിലേക്ക് കയറി പിന്നീടങ്ങോട്ട് വണ്ടി പറപ്പിച്ചു കോളേജ് ലക്ഷ്യമാക്കി.
കോളേജ് ഗേറ്റ് കടന്ന് അകത്തേക്കു കയറുമ്പോൾ ജോസ് ചുറ്റുമൊന്ന് പരതി. ഒറ്റനോട്ടത്തിൽ അവൻ കണ്ടു അതാ ഇരിക്കുന്നു ജിൻസി.കൂട്ടുകാരുമൊത്ത് ക്യാന്റീനിനരികിലെ മരച്ചുവട്ടിൽ.വണ്ടി നേരെ അവിടേക്ക് പറപ്പിച്ചു .കാറ് കണ്ടപ്പോഴെ ജിൻസിയുടെ മുഖമൊന്ന് തിളങ്ങി. വണ്ടി നിർത്തുമ്പോഴെ അടുത്തേക്ക് ഓടി വന്നു അവൾ..
“എന്നതാ.. എന്നാ പറ്റി കുഞ്ഞുമോളെ നിനക്ക്.”
ഡോർ തുറന്ന് വെപ്രാളത്തിൽ ഇറങ്ങുന്നതിനിടെ ജോസ് തിരക്കി
“ഒന്നുമില്ല ചേട്ടായിയേ….. ”
ഒരു കള്ള ചിരി ചിരിച്ചു ജിൻസി എന്നിട്ട് കൂട്ടുകാരികൾക്ക് നേരെ തിരിഞ്ഞു.
” കണ്ടോടി എന്റെ ചേട്ടായിയെ.. ഞാൻ വിളിച്ചേച്ച് ഇരുപത് മിനിട്ട് ആയതെ ഉള്ളു ഇപ്പൊ മനസിലായോ നിനക്കൊക്കെ…. ചേട്ടായിക്ക് ഞാനെന്നു വച്ചാ ജീവനാ…..”
ഒന്നും മനസിലാകാതെ നിന്നെങ്കിലും ഒരു കാര്യം ജോസ് ശ്രദ്ധിച്ചു. ജാൻസിയുടെ മുഖത്ത് ഒരു അഭിമാനവും സംതൃപ്തിയുമൊക്കെ തെളിഞ്ഞു നിൽക്കുന്നുണ്ട്.കൂട്ടുകാരികളുടെ മുഖത്ത് ആണെങ്കിൽ അസൂയയും…
” എന്നതാ കുഞ്ഞുമോളെ എന്നതാ നിനക്കു പറ്റിയെ എന്താ കാര്യം”
ജോസിനു ക്ഷമ നശിച്ചു തുടങ്ങി.
” ഒന്നുമില്ല ചേട്ടായി… എന്നെ ഒരു ഉറുമ്പ് കടിച്ചു എന്നറിഞ്ഞാൽ പോലും എന്റെ ജോസ് മോൻ പറന്നിങ്ങെത്തും എന്ന പറഞ്ഞപ്പോൾ ഇവളുമാർക്കൊരു പുച്ഛം… ബഡായി ആണെന്ന്.
ചേട്ടായിക്ക് എന്നോടുള്ള ഇഷ്ടത്തിനെ ഇവളുമാരു സംശയിച്ചാൽ എനിക്ക് സഹിക്കോ….. പൊളിച്ച് കയ്യേൽ കൊടുത്തില്ലെ പറന്നെത്തിയിലെ എന്റെ ചേട്ടായി….”
അഭിമാനത്തോടെ ജോസിന്റെ കയ്യേൽ കൈകോർത്ത് തോളോട് ചേർന്നു നിന്നു ജാൻസി…
ജോസിനാണേൽ ആ നിമിഷം കാലിന്റെ പെരുവിരലിൽ നിന്നും ദേഷ്യമിങ്ങനെ മുകളിലേക്ക് ഇരച്ചുകയറി. കൈ മുറുക്കി മുതുകത്ത് ഒരെണം പറ്റിച്ചു കൊടുക്കാൻ കൈ തരിച്ചു അവന് .പക്ഷെ അങ്ങിനെ ചെയ്താലും ദേഷ്യമങ്ങു കെട്ടടങ്ങുമ്പോൾ അവളേക്കാൾ താൻ വേദനിക്കുമെന്ന് ജോസിനറിയാം.കാരണം. ജാൻസിയുടെ വാക്കുകൾ ശരിയാണ്.. അവളുടെ ശരീരത്തിൽ ഒരു ഉറുമ്പ് കടിച്ച് നോവിച്ചാൽ തന്നെ തന്റെ ചങ്ക് പിടയും. ഇപ്പോൾ കൂട്ടുകാരികളുടെ മുന്നിൽ തലയുയർത്തി നിൽക്കയാണവൾ എന്തിനും ഏതിനും ചേട്ടായി കൂടെ ഉണ്ടന്നുള്ള അഭിമാനത്തോടെ അതങ്ങനെ തന്നെ നിൽക്കട്ടെ തന്റെ കുഞ്ഞുമോൾ എല്ലായിടത്തും വിജയിച്ച് തന്നെ നിൽക്കണം. ഇരച്ചു കയറിയ ദേഷ്യ മെല്ലാം നിമിഷ നേരം കൊണ്ട് കെട്ടടങ്ങി ഒന്നു പുഞ്ചിരിച്ചു ജോസ്. തിരിഞ്ഞ് കാറിലേക്ക് നോക്കിയപ്പോൾ മാത്രം അവന്റെ ചങ്ക് ഒന്നു പിടഞ്ഞു.
“കള്ള തെമ്മാടിയുടെ ഓരോ കുറുമ കണ്ടില്ലെ ”
കയ്യിലൊരു കുഞ്ഞു നുള്ളു കൊടുത്തു അവൻ. അതും ഒട്ടും നോവാതെ. അപ്പോഴാണ് ജിന്സിയും കാറിന്റെ മുൻവശം ശ്രദ്ധിച്ചത്.
“അയ്യോ! ഇതെന്നാ പറ്റി ചേട്ടായി ”
അമ്പരപ്പോടെ ജോസിനെ നോക്കിയപ്പോൾ മറുപടിയൊന്നും പറയാണ്ട് ഒന്നു പുഞ്ചിരിച്ചു അവൻ. ആ പുഞ്ചിരിയിൽ അവൾ വായിച്ചെടുത്തിരിക്കണം അവൻ അനുഭവിച്ച ടെൻഷനും ഉണ്ടായ ആക്സിഡൻറു മെല്ലാം
.”സോറി ടാ.. ചേട്ടായി ”
അവളുടെ മിഴികളിൽ നനവ് തട്ടിയിരുന്നു.പതിയെ ജോസിന്റെ നെഞ്ചിലേക്കു ചാഞ്ഞു ജിൻസി…
“സാരമില്ലെടോ.. എന്റെ കുഞ്ഞുമോള് ജയിച്ചില്ലേ എല്ലാർടേം മുന്നിൽ ചേട്ടായിക്ക് അത് മതി .”
വാത്സല്യത്തോടെ തന്റെ പൂച്ച കുഞ്ഞിനെ നെഞ്ചോട് ചേർത്ത് തലോടി ജോസ് ..

by