താലിച്ചരട്
_________
പത്തു വർഷത്തെ ദാമ്പത്യത്തിൽ അവൾ ഏറ്റവും കൂടുതൽ ആഗ്രഹിച്ചതും ആവശ്യപ്പെട്ടതും ഒന്നു മാത്രമാണ് ഒരു
” താലിച്ചരട്! ” തലയിണയിൽ മുഖം ചേർത്തു് വിതുമ്പിയും സ്നേഹിച്ചും അപേക്ഷിച്ചും ഒക്കെ ചോദിച്ചു “എന്താ ഹരീ… എന്നെ താലികെട്ടാത്തത്?” അപ്പോഴൊക്കെഅയാൾ അവളെ ചേർത്ത് പിടിച്ച് മൂർദ്ധാവിൽ ചുംബിച്ച് പറയും “അതിലൊക്കെ എന്താടോ ഉള്ളത്, താലിനൂലിൻ്റെ ബന്ധനത്തെക്കാൾ ഉറപ്പാണ് സ്നേഹ നൂലിൻ്റെ ബന്ധനം” ആ മറുപടിയിൽ അവൾ തണുത്തുറഞ്ഞ് പോകുമായിരുന്നു. ഒരുപക്ഷെ അതെത്ര ശരിയാണ് എന്നവൾ ചിന്തിച്ചു.ഒരു താലി പൊട്ടിച്ചെറിയാൻ അധിക സമയം വേണ്ട. പക്ഷെ മനസിൽ നിന്ന് തൻ്റെ ജീവൻ്റെ ജീവനായ ഹരിയെ ആർക്കും പിഴുതെറിയാനാവില്ല.താനത്ര മാത്രം ഹരിയെ സ്നേഹിക്കുന്നു. ചിന്ത അവിടെ വരെ എത്തുമ്പോൾ സീമന്തരേഖയിൽ സിന്ദൂരത്തിനു പകരം ഹരിചാർത്തിയ ചുംബനത്തിൻ്റെ ചൂടിൽ അവളുടെ മുഖം ചുവക്കുമായിരുന്നു.
പക്ഷെ ………
ഹരിയുടെ ഫോണിലെ പ്രണയനിർഭരമായ ചാറ്റ് കണ്ട് അതാരുടെയാണ് എന്ന് ചോദിച്ചപ്പോഴാണ് അവളാദ്യമായി താലിയുടെ വിലയറിഞ്ഞത്!
അവൻ അലറി ” നീയാരാടി അത് ചോദിക്കാൻ! നിന്നെ ഞാനെന്താ താലികെട്ടീട്ടുണ്ടൊ?” ചുറ്റും ഇരുളാണന്ന് അവളാദ്യമായറിഞ്ഞു! കൂരിരുൾ പാതയിലൂടെ ഏകയായ് നടക്കുകയാണവൾ…. യാത്രയുടെ അവസാനമായ മരണമെന്ന ലക്ഷ്യത്തിലേക്കുള്ള യാത്ര!പക്ഷെ ആ വഴിയിലും എന്തോ ഒന്ന് കാലിൽ തടഞ്ഞു. മറ്റാരുടെയോപൊട്ടിയ താലിച്ചരടായിരുന്നു അത്. അപ്പോൾ അവൾ മറ്റൊരു സത്യം കൂടിയറിഞ്ഞു ഒരു ചോദ്യത്തിൻ്റെ വില താലിച്ചരടിനും ഇല്ലന്ന്! കൂട്ടിക്കിഴിച്ചാൽ താലി ഉണ്ടെങ്കിലും ഇല്ലങ്കിലും പെണ്ണിനെന്ത് വില!!!

by