24/06/2026

ഭാര്യ_ഫെമിനിസ്റ്_ആണ്

#ഭാര്യ_ഫെമിനിസ്റ്_ആണ്

#അരുൺ

കല്യാണ പ്രായം കഴിഞ്ഞിട്ടും വരുന്ന ആലോചനകൾക്കു ഒന്നും സ്ത്രീധനം പോരാ എന്നും പറഞ്ഞു കല്യാണത്തിന് വീട്ടുകാർ സമ്മതിക്കുന്നില്ല.

കൂടെ പഠിച്ച തരുണീമണിമാരുടെ ഒക്കെ മക്കൾക്ക്‌ ഇപ്പോൾ ഹൈസ്കൂളിൽ പഠിക്കുന്ന പ്രായം ആയി
അവരെ ഒക്കെ പിള്ളേരുടെ കൂടെ കാണുമ്പോൾ ആണ് എനിക്ക് ഇത്രയും പ്രായം ആയെന്നു തോന്നുന്നത് തന്നെ….. കാണാൻ ഇപ്പോളും ഒരു ചുള്ളൻ ചെറുക്കൻ ആണേ…..

അതൊക്കെ പോട്ടെ കൂടെ സ്കൂളിൽ പഠിച്ച കൂട്ടുകാർ ഉണ്ട്, പത്താം ക്ലാസ് കഴിഞ്ഞു പഠിത്തം നിർത്തിയവന്മാർ അവരുടെ പിള്ളേരു പോലും സ്കൂളിൽ പോയി തുടങ്ങി, വഴിയിൽ വച്ചു അവന്മാരെ കണ്ടാൽ വണ്ടി നിർത്താതെ ഞാൻ വിട്ടു പോരും,
വയ്യ ഇനിയും

“ക്രോണിക് ബാച്‌ലർ” വിളി കേൾക്കാൻ

അപ്പോൾ ആണ് അമ്മാവന്റെ ഒരു കൂട്ടുകാരന്റെ മകൾ ഉണ്ട്, ഇത്തിരി തന്റേടം ഉണ്ടന്ന് ഉള്ളു ഇട്ടു മൂടാൻ പൈസ ആണെന്ന് അച്ഛനോടും അമ്മയോടും അമ്മാവൻ വന്നപ്പോൾ പറഞ്ഞത്

അത് കേൾക്കണ്ട താമസം അച്ഛന്റേം അമ്മയുടേം മനസ്സിൽ ഒരു കോടി ലഡ്ഡു ഒരുമിച്ചു പൊട്ടി…..

എന്നോട് അമ്മയും അച്ഛനും നല്ലൊരു പെണ്ണ് ഉണ്ട്, നമുക്കു ചേരും എന്നും പറഞ്ഞു പെണ്ണ് കാണാൻ കൊണ്ട് പോയി……

ഞങ്ങളും വലിയ ജാഡ കാണിച്ചു പുതിയ ഓഡി ഒക്കെ എടുത്തോണ്ട് ആണ് പോയത് അവരുടെ മുൻപിൽ ഒട്ടും കുറയരുതല്ലോ….

പെണ്ണ് കാണാൻ കയറി ഇരുന്നു ഞങ്ങൾ, കണ്ടാലും അറിയാം നല്ല പൂത്ത പൈസ ഉണ്ട് ഇവരുടെ കയ്യിൽ, പെണ്ണിന് ഒരു ആങ്ങള മാത്രമേ ഉള്ളു, അയാൾ ഇപ്പോൾ അമേരിക്കയിൽ ആണ്, പിന്നെ അച്ഛനും അമ്മയും

ഞാൻ അവരുടെ പതുപതുത്ത മെത്ത പോലെ ഇരിക്കുന്ന സോഫയിൽ ചാരി ഇരുന്നു, എന്റെ മനസ്സിൽ പെണ്ണിന്റെ രൂപം മാത്രമേ ഉണ്ടായിരുന്നുള്ളു

“തൊട്ട് അടുത്തു ഇരുന്നു അമ്മയും അച്ഛനും അമ്മാവനും ഒക്കെ വെടി പൊട്ടിക്കുന്നുണ്ട് ”
ഞാൻ ഓർത്തു എന്തൊരു തള്ള് ആണ് എല്ലാം കൂടി ഇരുന്നു തള്ളുന്നത്

എന്റെ മനസ്സിൽ എനിക്ക് ചായ കൊണ്ടുവരുന്ന സുന്ദരി പെണ്ണിന്റെ മുഖം മാത്രമേ ഉണ്ടായിരുന്നുള്ളു, അന്ന് കണ്ട ഫോട്ടോയിൽ ചുരിദാർ ആയിരുന്നു ഇട്ടിരുന്നത്, ഇന്ന് സാരി ആയിരിക്കും ഉറപ്പ്….

മനസ്സിൽ ഇങ്ങനെ ഓരോന്നും ചിന്തിച്ചു ഞാൻ ഇരിക്കുമ്പോൾ ഒരാൾ” ജീൻസും ടോപ്പും “ഇട്ടു എന്റെ മുൻപിൽ ചായ വച്ചിട്ട് അടുത്ത കസേരയിൽ കയറി “കാലിന്റെ മുകളിൽ കാലും” വച്ചു ഇരുന്നു

ഞാൻ ഒന്ന് നോക്കി, അവൾ എന്നെയും നോക്കി
കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ ആണ് ഇത് ഞാൻ പെണ്ണ് കാണാൻ വന്ന പെണ്ണ് ആണെന്ന് മനസിലായത്

എന്നോട് വല്ലതും ചോദിക്കാൻ ഉണ്ടോന്നു വീട്ടുകാർ ചോദിച്ചപ്പോൾ
ഇല്ലന്നും പറഞ്ഞു തടി തപ്പി, കണ്ടു പേടിച്ചു ഇരിക്കുവാ ഇനി സംസാരിച്ചു ഭ്രാന്ത് ആകണോ

കാണാൻ പോയ പെണ്ണ് ഞങ്ങളോട് ആയി പറഞ്ഞു
ഞാൻ ബോൾഡ് ആണ് എന്നെ ആരും കൂടുതൽ ഭരിക്കുന്നത് ഒന്നും ഇഷ്ട്ടം അല്ല

അത്കൊണ്ട് ആണ് പെണ്ണേ നീ ഇങ്ങനെ കെട്ടാതെ നിന്നു പോയത് ഞാൻ മനസ്സിൽ പറഞ്ഞു,

‘അപ്പോൾ അമ്മ പറയുന്നത് കേട്ടു ഇപ്പോളത്തെ പെണ്പിള്ളേര്ക്ക് ധൈര്യം ഉണ്ടെന്നു പറയുന്നതാണ് ചന്തം…..
‘അമ്മ അവരുടെ പൈസ കണ്ടു ഫ്ലാറ്റ് ആയി ഇരിക്കുക ആണെന്നു എനിക്ക് മനസിലായി

എന്നോട് പെണ്ണ് കൂടുതൽ വല്ലോം അറിയണോ ചോദിച്ചു

“ഒന്നും ഇല്ല “എന്ന് പറഞ്ഞു ഞാൻ ഒരു ജിലേബി കൂടി എടുത്തു കഴിച്ചു

വീട്ടുകാർ പൈസ കണ്ടു വീണു, എനിക്ക് ആണങ്കിൽ കെട്ടിയാൽ മതി, അവളെ മാറ്റി എടുക്കാം എന്ന പ്രത്യാശയിൽ ഞാനും സമ്മതിച്ചു

അങ്ങനെ കല്യാണം ഉറപ്പിച്ചു

കല്യാണം ആർഭാടം ആയി നടന്നു, ഒരുപക്ഷെ ഞങ്ങളുടെ നാട് കണ്ട ഏറ്റവും വലിയ വിവാഹം

അവളെ താലി അണിയുമ്പോൾ ഞാൻ ഓർത്തത് “അവൾക്കു എന്നെ താലി കെട്ടണം” എന്ന് പറഞ്ഞില്ലല്ലോ അത് തന്നെ ഭാഗ്യം

അവളുടെ നെറ്റിയിൽ സിന്ദൂരം ചാർത്തി ഞാൻ അവളെ എന്റെ പ്രിയതമ ആയി കൂടെ കൂട്ടി, ജീവിതം തെളിയിക്കും ഞാൻ ആണോ അവൾ ആണോ പ്രിയതമ എന്ന്

ആദ്യ രാത്രിയിൽ അവൾ സെറ്റു സാരിയും ഉടുത്തു വരുന്നതും സ്വപ്നം കണ്ടു ഇരുന്നു, എനിക്ക് തന്നെ അറിയാമായിരുന്നു അത് നടക്കില്ല എന്ന് എന്നാലും സ്വപ്നം കാണാമല്ലോ
എന്റെ സ്വപ്നം എപ്പോളും പാളിപോകാറാണ് പതിവ് ഇത്തവണ പാളിയില്ല അവൾ സെറ്റു സാരിയും ഉടുത്ത് കയ്യിൽ ഒരു ഗ്ലാസു പാലും ആയി എന്റെ മുറിയിലേക്ക് കയറി വന്നു

എന്റെ പൊന്നോ അവളെ സെറ്റു സാരിയിൽ കണ്ടാൽ ഒരു “അപ്സരസിനെ “പോലെ ഉണ്ട്,

അവളെ ഇങ്ങനെ കണ്ടാൽ ആരും കൊതിച്ചു പോകും, ഞാനും ഓർത്തു ഇത്ര സുന്ദരി ആയിരുന്നോ എന്റെ ഭാര്യ

കുറെ കാത്തിരുന്നു കിട്ടിയത് ആണെങ്കിൽ എന്താ നല്ല അടിപൊളി പെണ്ണിനെ തന്നെ കിട്ടിയില്ലേ

വന്നു കയറി കട്ടിലിൽ ഇരുന്നു, എന്നിട്ടു പാലിന്റെ ഗ്ലാസ്‌ എന്റെ നേർക്ക് നീട്ടി
ഞാൻ സന്തോഷത്തിൽ അത് മേടിച്ചു കുടിച്ചു

പകുതി കുടിച്ചിട്ട് അവളുടെ നേരെ നീട്ടിയപ്പോൾ അവൾ എന്നോട് ചോദിക്കുവാ ഞാൻ എന്താ തന്റെ പട്ടി ആണോന്നു താൻ കഴിച്ചതിന്റെ ബാക്കി കഴിക്കാൻ

എന്നിട്ടു അവൾ സെറ്റ് സാരിയുടെ ഇടയിൽ നിന്നും ഒരു ചെറിയ കൊക്കോകോള എടുത്തു, എന്നിട്ട് ആസ്വദിച്ചു കുടിച്ചു

“ഇതിൽ മറ്റവൻ കുറച്ചു ചേർത്തിട്ട് ഉണ്ട്
പരിചയം ഇല്ലാത്ത സ്ഥലം അല്ലെ ഇവനെ അകത്താക്കിട്ടു കിടന്നാൽ നല്ല ഉറക്കം കിട്ടും, എന്നും പറഞ്ഞു

പിന്നെ ഒരു കാര്യം എന്റെ ദേഹത്ത് വല്ലതും തൊട്ടാൽ അടിച്ചു കരണം പുകക്കും ഞാൻ, കരോട്ട ബ്ലാക്ക് ബെൽറ്റ്‌ ആണ് ” വെറുതെ എന്റെ കൈക്കു പണി ഉണ്ടാക്കരുത്

അത്രയും കൂടി കേട്ടതോടെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ പ്രണയവും ആവി ആയി പോയി…,..
ഉള്ളിൽ “സ്നേഹവും പ്രണയവും” ഇല്ലങ്കിൽ പിന്നെ ആർക്കു വേണം നിന്നെ
ഞാൻ കട്ടിലിൽ കയറി കിടന്നു സുഖം ആയി ഉറങ്ങി,…..

അവൾ എപ്പോൾ ആണ് ഉറങ്ങിയത് എന്ന് എനിക്ക് അറിയില്ല

പതിവ് പോലെ രാവിലെ ഉണർന്നപ്പോൾ അമ്മയുടെ വക ചായ പ്രതീക്ഷിച്ചു,
അത് കിട്ടിയില്ല
ഭാര്യ ഉള്ളത്കൊണ്ട് അമ്മയും ഉപേക്ഷിച്ചു

“അമ്മെ അമ്മെ എനിക്ക് ഒരു ഗ്ലാസ്‌ ചായ താ”

“തരാമെടാ, കിടന്നു വിളിച്ചു കൂവണ്ട “……

‘”അമ്മ അവളെ ഇവിടെ വല്ലോം കണ്ടോ…..?”

“അവൾ രാവിലെ എഴുന്നേറ്റു, കയറ്റിയാൽ കയറാത്ത പാന്റും ബനിയനും ഇട്ടു ഓടാൻ പോയിട്ട് ഉണ്ട് ”

ഞാൻ മനസ്സിൽ പറഞ്ഞു ഓടാൻ പോകുന്ന വല്ലവനും മണത്തു ചെന്നാൽ അവന്റെ കാര്യം ഗോവിന്ദ…. പിന്നെ കുറച്ചു ചെറുപ്പക്കാരുടെ ആരോഗ്യം മെച്ചപ്പെടും

ഞാൻ പത്രം ഒക്കെ വായിച്ചു ചായയും കുടിച്ചു കൊണ്ട് ഇരുന്നപ്പോൾ അവൾ ഓട്ടം കഴിഞ്ഞു എത്തി

എന്റെ കയ്യിൽ നിന്നും പത്രത്തിന്റെ ഒരു ഭാഗം മേടിച്ചു കൊണ്ട് അടുക്കളയിലേക്കു പോയി ചായയും എടുത്തു എന്നിട്ട് അച്ഛൻ ഇരിക്കാറുള്ള കസേരയിൽ കയറി കാലിന്റെ മുകളിൽ കാലും വച്ചിരുന്നു വായന തുടങ്ങി
ഞാൻ ഒന്നും മിണ്ടാൻ പോയില്ല

മുറിയിലേക്ക് വന്നപ്പോൾ ഞാൻ ചോദിച്ചു

“നിനക്കു ഒന്ന് പറഞ്ഞിട്ട് പോയി കൂടെ ഒന്നും ഇല്ലങ്കിലും ഞാൻ നിന്റെ ഭർത്താവ് അല്ലെ”

“പറഞ്ഞിട്ട് പോകാൻ ഞാൻ സ്കൂളിൽ പോയതല്ല, കൊച്ചു കുട്ടി ഒന്നും അല്ല, കൂടുതൽ ഭരണം ഒന്നും വേണ്ട. എനിക്ക് ഇഷ്ട്ടം ഉള്ളടത്തു ഞാൻ പോകും അത് എന്റെ സ്വാതന്ത്ര്യം ആണ് ”

എന്റെ രക്തത്തിന്റെ ഓട്ടത്തിന്റെ ശക്തി കൂടി, അവളെ വലിച്ചു വാരി ഇട്ടു രണ്ടെണ്ണം കൊടുത്താലോ തോന്നി പിന്നെ കരോട്ടയുടെ കാര്യം ഓർത്തപ്പോൾ പാവം അല്ലെ എന്നും തോന്നി
അല്ലേലും അവൾ തെറ്റൊന്നും ചെയ്തില്ലല്ലോ ഓടാൻ പോയതല്ലേ

ഞാൻ കുളിച്ചു ജോലിക്ക് പോയി അല്ലാതെ ലീവും എടുത്തു വീട്ടിൽ ഇവളുടെ മോന്ത കണ്ടു കൊണ്ട് ഇരിക്കണോ
ഉച്ചക്ക് വന്നപ്പോൾ പിന്നെയും അവളെ കാണാൻ ഇല്ല

”അമ്മ പറഞ്ഞു അവളു കൂട്ടുകാരുടെ കൂടെ കറങ്ങാൻ പോയെന്നു, ചിലപ്പോൾ വരാൻ താമസിക്കും, താമസിക്കുക ആണെങ്കിൽ നമ്മൾ കഴിച്ചു കിടന്നോളാൻ”

കൂടെ അമ്മയുടെ ഒരു ഡയലോഗ്

“നല്ല ആണത്തം ഉള്ള പെൺകൊച്ചു അല്ലെ മോനെ……. ”

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി, ദൈവമേ എന്തൊക്കെ പ്രതീക്ഷകൾ ആയിരുന്നു, കെട്ടിയ പെണ്ണിനേം കൊണ്ട് ടൂർ പോകണം അടിച്ചു പൊളിക്കണം
ഞങ്ങൾക്ക് ഒരു കുഞ്ഞു ആകുമ്പോൾ കുടുംബത്തോടെ സന്തോഷത്തോടെ ജീവിക്കണം എല്ലാം തകർന്നു
എന്തായാലും വരുമ്പോൾ ദേഷ്യപ്പെടണ്ട, സ്നേഹം ഭാവിക്കാം

അവളു രാത്രിയിൽ ഒരു 10 മണി ആയപ്പോൾ കറക്കം ഒക്കെ കഴിഞ്ഞു തീറ്റയും കുടിയും കഴിഞ്ഞു വന്നു

“നിനക്കു ഞാൻ ഒരാൾ ഇവിടെ ഉള്ള കാര്യം ഓർക്കമായിരുന്നു “ഞാൻ പരിഭവം പറഞ്ഞു

“നിങ്ങൾ ഉണ്ടെന്നു വച്ചു ഞാൻ വീട്ടിൽ തന്നെ നിങ്ങളെയും ഓർത്തു ഇരിക്കണോ അതിനൊക്കെ വേറെ ആളെ നോക്ക് ”

“അതല്ല, കല്യാണം കഴിക്കുമ്പോൾ എല്ലാവര്ക്കും ഓരോ സ്വപ്‌നങ്ങൾ ഉണ്ടാകും, എനിക്കും ഒരു അച്ഛൻ ആകണം എന്ന് അതിയായ ആഗ്രഹം ഉണ്ട് കൂട്ടുകാരുടെ ഒക്കെ മക്കളെ കാണുമ്പോൾ ”

“അതിനു വേറെ ആളെ നോക്കിക്കോ, എനിക്ക് വയ്യ അതിനൊന്നും.
പ്രസവിക്കാനും പാലൂട്ടി നിങ്ങളുടെ കുഞ്ഞിനെ വളർത്താനും ആണ് നിങ്ങൾ കെട്ടിയതെങ്കിൽ വേണ്ടായിരുന്നു ”

എനിക്ക് സഹിച്ചില്ല, ഞാൻ ഒറ്റ അടി വച്ചു കൊടുത്തു
മനസ്സിൽ വേണ്ടായിരുന്നു എന്നാ ചിന്ത ഉദിക്കും മുൻപ് അവൾ എന്റെ കുത്തബ്മിനാർ തകർത്തിരുന്നു
എന്നിട്ടു ഒരു ഡയലോഗ്

“ദേഹത്തു തൊടരുതെന്നു പറഞ്ഞിട്ട് ഉണ്ട്, പിന്നെ എനിക്ക് പ്രസവിക്കാൻ ഒന്നും പറ്റില്ല ഞാൻ ഗർഭപാത്രം ഒക്കെ കളഞ്ഞത് ആണ്, നിങ്ങളെ പോലെ ഉള്ളവരുടെ അടിമ ആകാതെ ഇരിക്കാൻ ”

എനിക്ക് ഭൂമി കറങ്ങുന്നത് പോലെ തോന്നി, അവളുടെ ചവിട്ടിനെക്കാൾ എന്നെ വേദനിപ്പിച്ചത് അതിനു ശേഷം ഉള്ള വാക്കുകൾ ആണ്

എനിക്ക് ഒരു കാര്യം പിടികിട്ടി, ഈ ജീവിതം കൊണ്ട് മുൻപോട്ടു പോയിട്ട് യാതൊരു കാര്യവും ഇല്ല, ഒരു കുഞ്ഞു പോലും ഇല്ലാതെ ഇവളെ പോലെ ഒരുത്തിയെ എങ്ങനെ സഹിക്കാൻ ആണ് ജീവിതകാലം മുഴുവൻ

ഞാൻ രാവിലെ അമ്മയോടും അച്ഛനും കാര്യങ്ങൾ തുറന്നു പറഞ്ഞു,

” എങ്ങനെ എങ്കിലും ഒഴിവാക്കി തരണം
പെണ്ണ് കെട്ടി ഇല്ലങ്കിൽ അതെ ഉള്ളു പ്രശ്നം ഇതിപ്പോൾ ഇങ്ങനെ പോയാൽ ഞാൻ വല്ല ആത്മഹത്യാ ചെയേണ്ടി വരും ”

അമ്മയ്ക്കും അച്ഛനും അവളുടെ വീട്ടുകാരുടെ കയ്യിൽ നിന്നും മേടിച്ച സ്ത്രീധന തുക ഓർത്തപ്പോൾ

“ഇപ്പോൾ ഒന്നും വേണ്ട മോനെ നമുക്കു വേണമെങ്കിൽ പിന്നെ ആലോചിക്കാം”

എന്ന് പറഞ്ഞു എന്നെ സമാധാനിപ്പിച്ചു വിട്ടു

ഞാൻ അവളോട് മിണ്ടാതെ ആയി……
അവൾ എന്നോടും……

ഒരു ദിവസം രാത്രിയിൽ അവളുടെ കയ്യിൽ ഉണ്ടായിരുന്ന പയിന്റ് കുപ്പിയിൽ നിന്നും രണ്ടു പെഗ് ഞാനും മേടിച്ചു കുടിച്ചു
അത് അവൾക്കു നല്ല ഇഷ്ടം ആയി

പതുക്കെ പതുക്കെ അവൾ മേടിക്കുമ്പോൾ എനിക്കും കൂടി ഒരു പങ്കു അവൾ മേടിക്കാൻ തുടങ്ങി

രാവിലെ എഴുന്നേറ്റു ഓടാൻ ഒരു ദിവസം ഞാനും പോയി, നല്ല രസം, ചെറിയ തണുപ്പാണ് എങ്കിലും നല്ല ഉന്മേഷം തോന്നുന്നുണ്ട്
അങ്ങനെ ഓരോ ദിവസം കഴിയും തോറും ഞങ്ങൾ തമ്മിൽ നല്ല കമ്പനി ആയി ഭാര്യ ഭർത്താവ് ബന്ധം ഇല്ലങ്കിൽ കൂടി

ഒരു ദിവസം ഞാൻ അവളോട് ചോദിച്ചു

“നമുക്കു എന്റെ ബൈക്കും എടുത്തു ഒന്ന് കറങ്ങാൻ പോയാലോ…..?

സ്ഥലം ഒന്നും ഇപ്പോൾ തീരുമാനിക്കേണ്ട, അങ്ങ് പോകാം. അടിച്ചു പൊളിച്ചു ഒരു ട്രിപ്പ്‌. പിന്നെ ഒരു കാര്യം നീ കൂടെ ഉള്ളത് കൊണ്ടാണ് ഞാൻ ബൈക്ക് എടുക്കാം പറഞ്ഞത് അല്ലങ്കിൽ കാർ മതി പറഞ്ഞേനെ, നീയും ഓടിക്കണം പകുതി ”

അവൾ സന്തോഷം കൊണ്ട് തുള്ളി ചാടി

“റെഡി നമുക്കു ഇപ്പോൾ തന്നെ പോയേക്കാം”

ഞങ്ങൾ ട്രിപ്പ്‌ പോകാൻ ഉള്ള സാധങ്ങൾ എല്ലാം റെഡി ആക്കി ബൈക്കും സ്റ്റാർട്ട്‌ ചെയ്തു മൂന്നാറിലോട്ടു ആണ് ആദ്യം പോയത്

ഓരോ കാഴ്ചകൾ ഞങ്ങളെ ഹരം പിടിച്ചു, വേറെ ഒന്നും മനസ്സിൽ ഇല്ലത്തെ നിഷ്കളങ്കർ ആയ ഒരു കൊച്ചു ആൺകുട്ടിയെയും പെൺകുട്ടിയെയും പോലെ ഞങ്ങൾ പറന്നു നടന്നു

വൈകുന്നേരം ആയപ്പോൾ ഒരു പാർക്കിൽ എത്തി ചായയും കുടിച്ചു വിശ്രമിക്കുക
ആയിരുന്നു അന്നേരം ഞാൻ ചോദിച്ചു

“നിനക്കു തുല്യ പ്രാധാന്യം തരുന്നവരെ നിനക്ക് ഭയങ്കര ഇഷ്ട്ടം ആണല്ലേ ”

എന്റെ ചോദ്യത്തിന് നിസാരമട്ടിൽ

“അതെ ”
എന്ന് അവൾ മറുപടി പറഞ്ഞു

ഞാൻ പറഞ്ഞു

” എന്തായാലും എന്റെ ജീവിത മോഹങ്ങൾ ഒക്കെ പൊലിഞ്ഞു
ഇനി ഇപ്പോൾ നിന്റെ സന്തോഷത്തിനു വേണ്ടി ജീവിക്കാം
ഇത്രയും നാൾ വീട്ടുകാരുടെ സന്തോഷത്തിനു വേണ്ടി ജീവിച്ചു ”

“നിനക്കു ഒരു പെണ്ണ് ആയി ജനിച്ചതിൽ ദുഃഖം ഉണ്ടല്ലേ? ”

“ഇല്ല ഞാൻ ഒരു ഫ്രീ ബേർഡ് ആണ് ”

“അതൊക്കെ ശരിയാണ് പക്ഷെ പെണ്ണായി ജനിച്ചത് ഇഷ്ട്ടം അല്ലാത്തത് കൊണ്ടല്ലേ ഗർഭപാത്രം കളഞ്ഞത്, അത് ഏതെങ്കിലും പെണ്ണ് ചെയ്യുമോ ”

“ഞാൻ വെറും ഒരു പെണ്ണ് ആണെന്ന് പറഞ്ഞു മാറ്റി നിർത്തുന്ന സമൂഹത്തിനെ എനിക്ക് ഇഷ്ടം അല്ല
അത് ഉള്ളപ്പോൾ ആണുങ്ങൾ അവരുടെ ഇഷ്ടത്തിനായി മാത്രം സ്ത്രീകളെ കല്യാണം കഴിക്കും

“കുഞ്ഞു ആയിരുന്നപ്പോൾ വീട്ടിൽ തുടങ്ങിയത് ആണ് ഈ ആണും പെണ്ണും വേർതിരിവ്, സഹിച്ചു മടുത്തു. ”
എന്തെങ്കിലും നല്ലത് വച്ചാൽ അത് ആദ്യം മകന് കൊടുക്കണം
ഒരു പുതിയ വണ്ടി എടുത്താൽ അതും മകന്
നല്ലത് എന്തായാലും അത് മകന്
മകൾ എപ്പോളും രണ്ടാം കുടി
അങ്ങനെ ഉള്ള ഒരു സമൂഹത്തിൽ ഒരു പെണ്ണ് എന്തിനാണ് ഗര്ഭപാത്രവും ചുവന്നു നടക്കുന്നത് ”

അവളു പറയുന്നത് കേട്ടപ്പോൾ എനിക്കും തോന്നി ശരിയാണല്ലോ,
സമൂഹം പെണ്ണ് കുഞ്ഞുങ്ങൾക്ക്, സ്ത്രീകൾക്ക്, ആൺപിള്ളേരുടെയും ആണുങ്ങളുടെയും നിലയും വിലയും കൊടുക്കുന്നുണ്ടോ……..????
സത്യസന്ധമായി ചിന്തിച്ചാൽ ഇല്ല എന്നാണു ഉത്തരം
പിന്നെ പെണ്ണുങ്ങൾ എന്തിനാണ് ഒരു കുഞ്ഞിന് ജന്മം നൽകി ഇതുപോലത്തെ സമൂഹത്തിലേക്ക് അയക്കുന്നത്
അവരുടെ ഭാഗത്തു നിന്നും ചിന്തിച്ചാൽ ശരിയാണ് അവൾ ചെയ്തത്
ഞാൻ ഇതൊക്കെ ചിന്തിച്ചു ഇരിക്കുമ്പോൾ അവൾ പറഞ്ഞു

“ഇയാളുടെ ആഗ്രഹം ഞാൻ കാരണം നശിച്ചു അല്ലെ ”

“കല്യാണത്തിന് മുൻപേ ഞാൻ ചോദിച്ചത് അല്ലെ കൂടുതൽ ആയി എന്തെങ്കിലും അറിയണമോ എന്ന്, അപ്പോൾ വേണ്ട പറഞ്ഞത് കൊണ്ടല്ലേ, കല്യാണം കഴിഞ്ഞു അറിയണ്ടി വന്നത് ”

ഉള്ളു നിറയെ ദുഃഖം ആയിരുന്നു എങ്കിലും ഞാൻ പറഞ്ഞു

“അതിനിപ്പോൾ എന്താ……… നമുക്കു ഈ ലോകത്തു ചുമ്മാ കറങ്ങി നടക്കാം ”

“സന്ധ്യ ആയി എവിടെ എങ്കിലും റൂം എടുക്കു, നല്ല തണുപ്പും ഉണ്ട്, ഈ വിഷമം തോന്നുന്നത് ഓർത്തു ഇരിക്കുന്നത് എന്തിനാണ്? “എന്നോട് അവൾ ചോദിച്ചു
എനിക്ക് തോന്നി എനിക്ക് ദുഃഖം വന്നതിൽ അവൾക്കും വിഷമം ഉണ്ടെന്നു

അവളാണ് വണ്ടി എടുത്തത്, നല്ലൊരു ഹോട്ടലിന്റെ മുൻപിൽ നിർത്തിയിട്ടു ഞാൻ ഒരു ഫുള്ളും മേടിച്ചു കൊണ്ട് വരാം പറഞ്ഞു ഇറങ്ങി, പോയിട്ട് വന്നപ്പോൾ

” ഭയങ്കര ക്യൂ ആണെന്ന് ”
പറഞ്ഞു

ഡിന്നറും കഴിഞ്ഞു കിടക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഞെട്ടി പോയി എന്റെ ഭാര്യ നല്ല അടിപൊളി സെറ്റു സാരിയും ഉടുത്തു മണവാട്ടി ആയി എന്റെ മുൻപിൽ വന്നിരുന്നു

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, അവൾ അന്നേരം ആ സാരിയിൽ അത്രക്കും മനോഹരി ആയിരുന്നു

അവൾ എന്റെ അടുത്തു വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചു

“ഇന്ന് കുടിക്കുന്നില്ലേ ഭയങ്കര തണുപ്പ് ഉണ്ടല്ലോ ”

“ഇനി മുതൽ എന്റെ ഹോട്ട് നീയാടാ ചെക്കാ,”

“അപ്പോൾ നീ പറഞ്ഞ ഗര്ഭപാത്രം മാറ്റിയ കഥയോ? ”

“അതൊക്കെ എന്റെ മോൻ അനുഭവത്തിലൂടെ അറിഞ്ഞോ എന്നും പറഞ്ഞു എന്റെ നെഞ്ചത്ത് അവൾ പടർന്നു കയറി ”

ഞങ്ങളുടെ യാത്ര പിന്നെയും പല സ്ഥലങ്ങളും കറങ്ങി, ഇപ്പോൾ എനിക്ക് തോനുന്നു എന്റെ ഭാര്യ എനിക്ക് തന്ന ഈ സർപ്രൈസ് ട്രിപ്പ്‌ തന്നെ അടിപൊളി പ്ലാൻ ചെയ്തു പോകുന്ന ഹണിമൂൺ ട്രിപ്പിന്നെകാൾ

ഒരു പെണ്ണിന് വേണ്ടത് ‘അവളെ മനസിലാക്കുന്ന ”
അവളുടെ വാക്കുകൾ “വിലവെക്കുന്ന ”
അവൾക്കു “സ്വാതന്ത്ര്യം” അനുവദിക്കുന്ന
അവൾക്കും ‘തുല്യ പ്രാധാന്യം” കൊടുക്കുന്ന
ഭർത്താവിനെ ആണ്,

അപ്പോൾ ഏത് ഫെമിനിച്ചിയും നല്ല അടക്കവും ഒതുക്കവും ഉള്ള നമ്മുടെ സൂപ്പർ ഭാര്യ ആയിക്കോളും

ഇന്ന് അവൾ എന്നോട് പണ്ട് പറഞ്ഞ എന്നെ ഏറ്റവും വേദനിപ്പിച്ച ഒരു കാര്യം കള്ളത്തരം ആണെന്ന് ഞാൻ അറിഞ്ഞു.

ഞാൻ ഒരു അച്ഛൻ ആകാൻ പോകുവാണെന്നു അവൾ എന്നോട് ചെവിയിൽ രഹസ്യം പറഞ്ഞപ്പോൾ