രചന – അഞ്ജു തങ്കച്ചൻ
ദേ പെണ്ണേ,വിറക് കീറി കഴിഞ്ഞെങ്കിൽ ഈ തുണികൾ അങ്ങ് കഴുകി ഇട്ടേരെ…
അവളുടെ മുന്നിലേക്ക് കുറച്ചധികം തുണികൾ വാരിയിട്ടു കൊണ്ട് സന്ധ്യ പറഞ്ഞു
കൂട്ടിയിട്ടിരിക്കുന്ന തുണികളിലേക്ക് നോക്കിയപ്പോൾ നയനയ്ക്ക് വല്ലാത്ത സങ്കടം തോന്നി.
കാര്യം താനിവിടുത്തെ ജോലിക്കാരി ആണെങ്കിലും ഇത്തിരി സൗമ്യതയോടെ പെരുമാറിക്കൂടെ ഇവർക്ക്
രാവിലെ ആറുമണിക്ക് ജോലിക്ക് വന്നതാണ് ഇപ്പോൾ പത്ത് മണിയായി ഇതുവരെ ഒന്നും കഴിച്ചിട്ടില്ല. വിശന്നിട്ടു വയർ എരിയുന്നത് പോലെ.
അവൾ ടാപ്പ് തുറന്ന് വെള്ളം കുടിച്ചു.
അകത്തു നിന്നും കുഞ്ഞിന്റെ കരച്ചിൽ കേട്ടതും അവൾ അകത്തേക്ക് ഓടി.
വിയർത്തു കുതിർന്ന മാറിടങ്ങൾ കഴുകിയിട്ട് കുഞ്ഞിനെ വാരിയെടുത്ത് മാറോടു ചേർത്തു.അവന്റെ കുഞ്ഞിവയർ നിറയാനുള്ള അമ്മിഞ്ഞപ്പാൽ കിട്ടാഞ്ഞിട്ടാവും കുഞ്ഞ് ഉറക്കെ ഉറക്കെ കരഞ്ഞു.
അതുകണ്ടതും അവളുടെ ഇടനെഞ്ചിൽ ഒരു കരച്ചിൽ പിടഞ്ഞുണർന്നു. ഈശ്വരാ…… ഞാൻ എന്ത് ചെയ്യും എന്റെ കുഞ്ഞിന്റെ വയർ നിറയ്ക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ.
ചേച്ചീ കുഞ്ഞിന് വിശന്നിട്ടാവും കരയുന്നത് ,ഫ്രിഡ്ജിൽ പാൽ ഇരിപ്പുണ്ട് ഞാൻ തിളപ്പിച്ച് തരാം. വൈഗ മോൾ പറഞ്ഞു.
അയ്യോ വേണ്ട മോളേ, സന്ധ്യ ചേച്ചിയെങ്ങാൻ കണ്ടാൽ വഴക്ക് പറയും.
സന്ധ്യചേച്ചിയുടെ മോളാണ് എട്ടിൽ പഠിക്കുന്ന വൈഗ മോൾ.
സന്ധ്യ ചേച്ചി മറുത ആണെങ്കിലും,വൈഗ മോൾ പാവമാണ്. ചേച്ചി കാണാതെ കുഞ്ഞിന് ബിസ്കറ്റും,പാലും ഒക്കെ കൊടുക്കും.
താൻ പണിയെടുക്കുമ്പോൾ ചേച്ചി കാണാതെ കുഞ്ഞിനെ അവൾ നോക്കും. ചിലപ്പോൾ ഒക്കെ എത്ര വേണ്ടെന്ന് പറഞ്ഞാലും രാത്രി കഴിക്കാനുള്ള ഭക്ഷണം നിർബന്ധിച്ചു തന്നു വിടും.
ഏഴു മാസം പ്രായമുള്ള കുഞ്ഞിനേയുംകൊണ്ട് പല വീടുകളിലും അടുക്കളപ്പണി ചോദിച്ചു ചെന്നെങ്കിലും,ചെറിയ കുഞ്ഞിനേയും കൊണ്ട് എന്ത് ചെയ്യാനാണ് എന്ന് പറഞ്ഞ് പലരും ഒഴിവാക്കി.
ഇവിടെ ജോലി ചോദിച്ചു വന്നപ്പോൾ തന്നെ,സന്ധ്യ ചേച്ചി പറഞ്ഞു ഇവിടെ ജോലിക്ക് നിന്നോളാൻ.
വൈഗ മോൾ കുഞ്ഞിനേയും എടുത്ത് കൊഞ്ചിച്ചു നടക്കുമ്പോൾ താൻ വേഗം ജോലികൾ തീർക്കും. പക്ഷെ മൂവായിരം രൂപ മാത്രേ തനിക്ക് കൂലിയായി തരൂ,
അതുകൊണ്ട് എന്താകാനാണ്,വീട്ടിലേക്കുള്ള ഇച്ചിരി സാധനങ്ങളും കരണ്ട് ബില്ലും, വെള്ളത്തിന്റെ കാശും ഒക്കെ അതിൽ നിന്നും എടുത്ത് കഴിഞ്ഞാൽ ഒരു രൂപ പോലും മിച്ചം ഉണ്ടാകാറില്ല.
ഏഴു മാസം പ്രായമുള്ള കുഞ്ഞിന് ആകെ ഉള്ളത് രണ്ട് ഉടുപ്പാണ്. അതാവട്ടെ അവൻ ഒന്ന് മുള്ളിക്കഴിയുമ്പോൾ തന്നെ ആകെ നനയും.കള്ളച്ചെറുക്കൻ മൂത്രമൊഴിച്ചിട്ട് അതിൽ കാലിട്ടടിക്കും.
അവന് കുറച്ച് കുഞ്ഞുടുപ്പുകൾ പോലും വാങ്ങാൻ കഴിയാത്ത ഒരമ്മയായി പോയി താൻ.
കുഞ്ഞിനെ ഏൽപ്പിച്ചിട്ട് പോകാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ മറ്റെവിടെ എങ്കിലും ജോലിക്ക് പോയി. തന്റെ കുഞ്ഞിന്റെ കാര്യങ്ങൾ എങ്കിലും നന്നായി നോക്കാമായിരുന്നു.
നീ എന്ത് ആലോചിച്ചു നിൽക്കുവാ… ഇവിടെ പിടിപ്പത് പണി ഉണ്ട് അന്നേരം സ്വപ്നലോകത്തു നിൽക്കുവാ അവള്.
നിനക്ക് വിശപ്പ് ഉണ്ടേൽ ചോറ് എടുത്ത് കഴിച്ചോ. കറിയൊക്കെ തീർന്നു. അച്ചാർ അവിടെ കാണും.
അലസതയോടെ പറഞ്ഞിട്ട് സന്ധ്യ പോയി.
നയന അടുക്കളയിലേക്ക് നടന്നു. സിങ്കിൽ കുന്നുകൂടി പത്രങ്ങൾ കിടക്കുന്നു.
ഈശ്വരാ ഈ ചേച്ചി മനഃപൂർവം എന്നെ ദ്രോഹിക്കുന്നത് ആണോ?
കുറച്ച് മുൻപ് അടുക്കളയിലെ എല്ലാ പണിയും താൻ തീർത്തതാണ്.
വേഗം ഇത്തിരി ചോറ് കഴിച്ചെന്നു വരുത്തി.
അപ്പുറത്ത് വൈഗയുടെ കൂടെ മോൻ ചിരിച്ചു കളിക്കുന്ന ഒച്ച കേൾക്കാം. അവളുടെ മനസ് നിറഞ്ഞു.
ആ കുഞ്ഞിച്ചിരി കേട്ടാൽ മതി സങ്കടം എല്ലാം മാറും.
അവൾ പാത്രങ്ങൾ ഓരോന്നായി കഴുകി തുടങ്ങിയപ്പോൾ ആണ് വൈഗ ഒരു ഗ്ലാസ്സ് പാലും ആയി അങ്ങോട്ട് വന്നത്.
ചേച്ചി വേഗം ഇത് കുടിച്ചോ.
അയ്യോ എന്തായിത് മോളെ… എനിക്ക് വേണ്ടാ.
അത് പറഞ്ഞാൽ പറ്റില്ല ചേച്ചി ഇത് കുടിക്കു. മോന് പാലൂട്ടാൻ ഉള്ളതല്ലേ. ചേച്ചി നന്നായി ഭക്ഷണം കഴിച്ചാലെ കുഞ്ഞിന് കുടിക്കാൻ ഉള്ള പാൽ ഉണ്ടാകൂ. ഇത് കുടിക്കു.
വേണ്ടാ മോളെ,സന്ധ്യ ചേച്ചി കണ്ടാൽ വഴക്ക് പറയും.
ഇല്ല കാണില്ല. അവൾ ഗ്ലാസ്സ് നായനയുടെ ചുണ്ടോട് ചേർത്തു.
വെറും എട്ടാം ക്ലാസ് കരിയാണെങ്കിലും,
എന്തൊരു കരുതലാണവൾക്ക് ഒരമ്മയെ പോലെ. അല്ലെങ്കിലും ഏതൊരു കൊച്ച് പെൺകുട്ടിയിലും ഉണ്ടാകും ഒരമ്മ മനസ്.
അവൾ വൈഗയെ കുറേ നേരം നോക്കി നിന്നു.
എന്താ ചേച്ചി ഇങ്ങനെ നോക്കുന്നത് ഞാൻ പോകുവാ.
അവളുടെ മുഖത്തു നാണം വന്നത് കണ്ടപ്പോൾ നയനയുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു.
ഈ കൊച്ചിനെ എന്താ ഇവിടെ ഇങ്ങനെ അടുക്കളയിൽ കിടത്തിയിരിക്കുന്നത്. ഇതിനെ ഒന്നു എടുത്തു പിടിക്കുന്നുണ്ടോ സന്ധ്യയുടെ ഉറക്കെയുള്ള പറച്ചിൽ കേട്ട് നയന ഓടി വന്ന് കൊച്ചിനെ എടുത്തു.
ഇങ്ങ് താ ചേച്ചി ഞാൻ നോക്കിക്കോളാം വൈഗ കുഞ്ഞിനായി കൈ നീട്ടി.
നിനക്ക് പഠിക്കാൻ ഒന്നുമില്ലേ വൈഗേ,അവൾ കൊച്ചിനെ നോക്കാൻ നടക്കുന്നു പോയിരുന്നു പഠിക്കെടി. സന്ധ്യയുടെ അലർച്ച കേട്ട് വൈഗ മുറിയിലേക്ക് ഓടി.
നയന കുഞ്ഞിനേയും ഒക്കത്ത് വച്ച് അടുക്കള അടിച്ചു വൃത്തിയാക്കി. കുഞ്ഞ് ഉറക്കം വന്ന് അവളുടെ തോളിൽ ചാഞ്ഞപ്പോൾ അടുക്കളയിൽ തന്നെ ടർക്കി വിരിച്ചു കുഞ്ഞിനെ അതിൽ കിടത്തി. ശേഷം വൈകിട്ട് ഉണ്ടാക്കാനുള്ള കറികൾക്ക് അരിഞ്ഞു ഫ്രിഡ്ജിൽ വച്ചു.
ഇന്ന് നേരത്തെ പണികൾ ഒതുക്കി ആറു മണി ആകുമ്പോൾ വീട്ടിൽ പോണം. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ ആയി ആറര ആകുമ്പോൾ ആണ് വീട്ടിൽ പോകുന്നത്. പോകും വഴി ഒരുത്തൻ എന്നും ശല്യം ഉണ്ടാക്കുന്നുണ്ട്. അവനെ സത്യത്തിൽ പേടിയാണ്. സാന്റോയുടെ കൂട്ടുകാരൻ ആണ് ഷിബു.അവനാണ് ഇപ്പോൾ വല്ലാത്ത ശല്യമായി പിറകെ കൂടിയിരിക്കുന്നത്.
സാന്റോ നിന്നെ ഇട്ടിട്ടു പോയില്ലേ. എന്റെ കൂടെ പോര് കുറച്ചുനാൾ ഞാൻ നോക്കിക്കോളാം എന്നാണ് അവൻ പറയുന്നത്. അവനെ കാണുന്നത് തന്നെ പേടിയാണ്. തന്നെ കാണുമ്പോൾ ഉള്ള ഒരു വഷളൻ ചിരി ഉണ്ട്.
കൃത്യo ആറര ആകുമ്പോൾ അവൻ വഴിയിൽ കാത്തു നിൽക്കാറാണ് പതിവ്.
അതുകൊണ്ട് അതിനും മുൻപേ വീട്ടിൽ എത്തണം.
അടുത്തടുത്തു ഒത്തിരി വീടുകൾ ഉള്ളത് കൊണ്ട് പുറത്ത് നിന്ന് ഒരാളും കോളനിക്കുള്ളിൽ വന്ന് ഉപദ്രവിക്കില്ല
ആ ഒരു ധൈര്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ എത്ര നാൾ പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല.
കോളനിക്കുള്ളിലും ചില വഷളൻ നോട്ടവുമായി ചിലരുണ്ട്. ആരുടേയും മുഖത്തു നോക്കാതെ മൗനമായ് കടന്ന് പോകും. ഭയമാണ് എല്ലാവരെയും. ഏഴു മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെയും കൊണ്ട് ആരും തുണക്കില്ലാതെ ഇങ്ങനെ പേടിച്ച് പേടിച്ച് എത്ര നാൾ ജീവിക്കും അറിയില്ല.
എല്ലാത്തിനും കാരണം താൻ തന്നെയാണ്.തന്റെ എടുത്തുചാട്ടം.
ഡിഗ്രിക്ക് പഠിക്കുമ്പോഴാണ്,സാന്റോയെ കാണുന്നത്. തന്നെ കാണാനായി മാത്രം കാത്തു നിൽക്കുന്ന അവനെ കുറേ നാൾ കണ്ടില്ലെന്നു നടിച്ചു. പക്ഷെ തനിക്കവനെ ജീവനായിരുന്നു .
അന്യ ജാതിക്കാരൻ ആയത്
കൊണ്ട് തന്നെ ,ഒരിക്കലും സ്വന്തമാക്കാൻ ആവില്ല എന്നറിയാം എന്തിനാണ് വെറുതെ പ്രതീക്ഷ കൊടുക്കുന്നത് എന്ന് കരുതി ഒഴിഞ്ഞു മാറിയതാണ്
പക്ഷെ ഒരിക്കൽ അവൻ മുന്നിൽ കയറി നിന്ന്. അനാഥൻ ആയ അവന് മറ്റാരും ഇല്ല ഞാൻ ജീവിക്കുന്നത് നിന്നെ
ഒരു നോക്ക് കാണാൻ വേണ്ടി മാത്രമാണ് എന്ന് പറഞ്ഞു. നിറഞ്ഞ ആ മിഴികളെ കണ്ടില്ലെന്നു നടിക്കാൻ തോന്നിയില്ല. അവനെ അത്രനാൾ അടക്കിപിടിച്ച സ്നേഹം കൊണ്ട് പൊതിഞ്ഞു
ഒടുവിൽ അവൻ പറഞ്ഞു ഒരുമിച്ച് ജീവിക്കണം എന്ന്.
ഒരിക്കൽ ആരും കാണാതെ അവനോടൊപ്പം ഇറങ്ങി പോന്നു. ചേരിയിലെ ഈ കോളനിയിൽ തകര ഷീറ്റ് മേഞ്ഞ ഒറ്റ മുറി വീട്ടിൽ വാടകക്ക് ജീവിതം തുടങ്ങി.
പിന്നീട് താൻ കൊണ്ട് വന്ന സ്വർണം വിറ്റ് ആ വീട് സ്വന്തമായി വാങ്ങി ആദ്യമാസങ്ങളിൽ സ്വർഗതുല്യമായിരുന്നു ജീവിതം. പക്ഷെ പതിയെ പതിയെ അവൻ തനി സ്വഭാവം പുറത്തെടുത്തു. ഒരു ജോലിക്കും പോവില്ല. അവിടെ വച്ചാണ് താൻ സത്യം അറിഞ്ഞത് അവൻ അനാഥൻ അല്ല. പെണ്ണ് കേസിൽ അകത്തു പോയതോടെ അവനെ വീട്ടിൽ നിന്ന് ഇറക്കി വിട്ടതാണ്.
അവൻ ഓരോ പെണ്ണിനേയും ഡ്രസ്സ് മാറുന്ന ലാഘവത്തോടെയാണ് മാറുന്നത് എന്ന്.
അവന്റെ മുഖത്തെ നിഷ്കളങ്കതയും, സൗന്ദര്യവും കണ്ട് പെണ്ണുങ്ങൾ മയങ്ങും.
തന്റെ സ്നേഹം കൊണ്ട് അവനെ തിരുത്താൻ കുറേ ശ്രെമിച്ചു.
പക്ഷെ,പതിയെ പതിയെ അവൻ വീട്ടിൽ വരാതെ ആയി. അപ്പോഴേക്കും എന്റെ കുഞ്ഞ് ഈ വയറ്റിൽ സ്ഥാനം പിടിച്ചിരുന്നു. അടുത്തുള്ള സർക്കാർ ആശുപത്രിയിൽ അവന് ജന്മം നൽകുമ്പോൾ കോളനിയിൽ തന്നെയുള്ള ഒരു ചേച്ചി സഹായത്തിനു നിന്നു.
അവരാവട്ടെ സദാസമയവും തന്നെ കുറ്റപ്പെടുത്തും.ദേ…കൊച്ചേ,നിന്നെ നോക്കിയിരിക്കാൻ എനിക്ക് നേരമില്ല ആരെങ്കിലും ഉണ്ടെങ്കിൽ അവരെ വിളിക്ക് . നീ വേദന കൊണ്ട് നിലവിളിച്ചപ്പോൾ കൂടെ പോന്നത് ഞാനും ഒരു പെണ്ണായതുകൊണ്ടാണ്. എന്ന് വച്ച് എനിക്ക് നിന്നെ നോക്കിയിരിക്കാൻ പറ്റില്ല. മുറുമുറുപ്പോടെ ആണെങ്കിലും ഡിസ്ചാർജ് ആയി വീട്ടിൽ വരുന്നത് വരെ അവർ കൂടെ ഉണ്ടായിരിന്നു.
വീട്ടുകാരെ മുഴുവൻ വേദനിപ്പിച്ചു ഇറങ്ങി പോന്നതല്ലേ അനുഭവിക്കാതെ പറ്റില്ലല്ലോ.
പെറ്റ പെണ്ണല്ലേ എന്ന് പറഞ്ഞ്,തൊട്ടടുത്ത വീട്ടിലെ ചേച്ചി ഭക്ഷണം കഴിക്കാൻ കൊണ്ട് വന്ന് തന്നു,കുറേ ദിവസം.പൊടിക്കുഞ്ഞിനേയും കൊണ്ട് എന്ത് ചെയ്യുമെന്നറിയാതെ അങ്ങനെ ഇരിക്കുമ്പോൾ മനസ് ശൂന്യമായിരുന്നു.
നിസ്സഹായതയോടെ ചങ്ക് പൊട്ടികരഞ്ഞ ദിവസങ്ങൾ ആയിരുന്നു അത് .
ഒരു രൂപ പോലും കൈയിൽ ഇല്ല. വീട്ടിൽ ഒന്നും അവശേഷിക്കുന്നില്ല. വിൽക്കാനായി കയറു വരിഞ്ഞ പഴയ കട്ടിൽ മാത്രം ഉണ്ട് അതാണെങ്കിൽ ആർക്കും വേണ്ടാ താനും.
കുഞ്ഞ് ജനിച്ച്,രണ്ടാമത്തെ ആഴ്ച്ചമുതൽ അവൾ അടുത്ത വീട്ടിലെ ചേച്ചിയുടെ അടുത്ത് ചെന്നു.
ആ ചേച്ചി അച്ചാറും, പലഹാരങ്ങളും ഉണ്ടാക്കി വിൽക്കുന്നുണ്ട്
കുഞ്ഞുറക്കംആകുമ്പോൾ ആ ചേച്ചിക്ക് ഇഞ്ചിയും മാങ്ങായും ഒക്കെ അരിഞ്ഞു കൊടുക്കും.പറ്റുന്നത് പോലെ സഹായിക്കും ,സത്യത്തിൽ ആ ചേച്ചിക്ക് ഒറ്റയ്ക്ക് ചെയ്യാവുന്ന ജോലിയെ ഉള്ളൂ എങ്കിലും എന്റെ അവസ്ഥ കണ്ടിട്ടാകണം ചേച്ചി എന്നോട് വരരുത് എന്ന് പറഞ്ഞില്ല. ജനിച്ച് അധികം ആകാത്ത ഈ കുഞ്ഞിനേയും കൊണ്ട് ഞാൻ എന്ത് ചെയ്യും എന്ന് കരുതി ആകണം.ചേച്ചി എനിക്ക് ദിവസവും മുപ്പത് രൂപ വീതം തന്നു. കൂടാതെ ഒരമ്മയെ പോലെ എനിക്ക് മൂന്ന് നേരവും ആ വീട്ടിലെ മറ്റാരും കാണാതെ ചോറും തന്നു. അവരുണ്ടാക്കിയ നെയ്യിൽ കടുക് താളിച്ച് ചൂട്ചോറിട്ട് ഇളക്കികൊണ്ട് തരും.
എന്നിട്ട് ചേച്ചി ഉടൻ തന്നെ തിരിച്ചു പോകും.
ചേച്ചിയുടെ ഭർത്താവ് എല്ലാത്തിലും കൃത്യം കണക്കു സൂക്ഷിക്കുന്ന ആൾ ആണ്. ഒരു രൂപ പോലും പാഴാക്കി കളയാൻ സമ്മതിക്കില്ല.
അതുകൊണ്ട് ആ ചേട്ടൻ പോയി കഴിയുമ്പോൾ ചേച്ചി വരും. കുഞ്ഞിനെ എടുക്കും. ആദ്യമായി അവന് കുഞ്ഞുടുപ്പും കരിവളയും വാങ്ങി തന്നത് ചേച്ചി ആയിരുന്നു.
പിന്നീട് അവർ സ്ഥലം മാറി പോയപ്പോൾ പ്രിയപ്പെട്ട ആരെയോ നഷ്ട്ടപ്പെട്ട വേദനയായിരുന്നു.
അങ്ങനെ മനസാക്ഷിയുള്ള കുറച്ച് പെണ്ണുങ്ങളുടെ സഹായം കിട്ടിയതുകൊണ്ട് മാത്രം, മരിക്കാതെ പിടിച്ചു നിന്നതാണ് താൻ.
ആ ചേച്ചിയുടെ സഹായം നിലച്ചതോടെ,
കോളനിക്കപ്പുറത്തുള്ള പല വീടുകളിലും അടുക്കള പണി എങ്കിലും കിട്ടുമോ എന്നറിയാൻ കുറേ ശ്രെമിച്ചു.
ഒരു മാസം പ്രായം ഉള്ള കുഞ്ഞിനേയും കൊണ്ട് എന്ത് ചെയ്യാൻ ആണെന്ന് ചോദിച്ച് ആരും ജോലി തന്നില്ല. ഒടുവിൽ ആണ് ഇവിടെ വന്നത്. ഇവിടുത്തെ ചേച്ചി മനുഷ്യപ്പറ്റ് ഇല്ലാത്ത ആൾ ആണെങ്കിലും ചേച്ചിയുടെ മോൾ പാവമാണ്.
സന്ധ്യ ചേച്ചിയുടെ ഭർത്താവ് വിദേശത്താണ്. ചേച്ചി കോളേജിൽ പഠിപ്പിക്കുന്നു . അഹങ്കാരത്തിന് കൈയും കാലും വച്ച ആളാണ് ചേച്ചി.
ചേച്ചിക്ക് ആരെയും പേടിയില്ല. കഴിഞ്ഞമാസമാണ് ഏതോ ഒരുത്തൻ കൂട്ടിന് ആൾ വേണോ, ചേട്ടൻ വരാൻ കുറേ മാസം കഴിയില്ലേ വിളിച്ചാൽ വരാം എന്ന് പറഞ്ഞതും….ചേച്ചി കാല് മടക്കി ഒറ്റ തൊഴി കൊടുത്തു അയാൾക്ക്. ഇനി അയാൾ ഈ ജന്മത്ത് ഇനി ഒരു പെണ്ണിനോടും മോശം പറയില്ല..
തനിക്കും സന്ധ്യ ചേച്ചിയെ പേടിയാണ്, കാണാൻ നല്ല സുന്ദരി ആണെങ്കിലും എപ്പോഴും ദേഷ്യമാണ് മുഖത്ത്.
ചിലപ്പോൾ ഓർക്കാറുണ്ട് കോളേജിൽ കുട്ടികൾ എങ്ങനെ ഇതിന്റെ ക്ലാസ്സിൽ ഇരിക്കുന്നുവെന്ന്.
വൈകുന്നേരം അവൾ ജോലി തീർത്തു നേരത്തെ ഇറങ്ങാൻ തുടങ്ങി.
ഉം..എങ്ങോട്ടാ ഇന്ന് നേരത്തെ?
ചേച്ചി..ഇച്ചിരി നേരത്തെ പോകണം. വീട്ടിൽ എത്തുമ്പോൾ ഇരുട്ട് ആകും.
നേരത്തെ പോകണം എങ്കിൽ പൊക്കോളൂ. നാളെ ഇങ്ങോട്ട് വന്നേക്കരുത്
ഞാൻ പണിയെല്ലാം തീർത്തു ചേച്ചി.
പച്ചക്കറി കൃഷിക്ക് ഇത്തിരി ചാണകപ്പൊടി ഇട്ട് കൊടുക്കാൻ ഉണ്ട്. അതുകൂടി കഴിഞ്ഞിട്ട് പൊയ്ക്കോ.
ഉം ശരി ചേച്ചി.
അവൾ വേഗം ജോലി തീർത്തു ഇറങ്ങി
എങ്കിലും അൽപ്പം ഇരുട്ട് പടർന്നിട്ടുണ്ട്. രണ്ട് കിലോമീറ്റർ ദൂരം ഉണ്ട് വീട്ടിലേക്ക്.
അവൾക്കു വല്ലാത്ത ഭയം തോന്നി.
വഴിയിൽ ഷിബു കാത്തു നിൽപ്പുണ്ട്.
അവൾ കുഞ്ഞിനെ ചേർത്ത് പിടിച്ച് തിടുക്കത്തിൽ നടന്നു. ഭയം കാരണം ശരീരം കിടുകിടാ വിറയ്ക്കുന്നുണ്ട്
അവിടെ നിൽക്കടി ഞാനും ആ വഴിക്ക് തന്നെയാ.
അവൻ അവളുടെ കൈയിൽ പിടിച്ച് നിർത്തി.
**********
തുടരും.

by