23/04/2026

മിഴി : ഭാഗം 7

രചന : ഗായത്രി സുരേന്ദ്രൻ

അത്താഴത്തിനു നേരമായപ്പോൾ പത്മിനിയമ്മ മുകളിലേക്കു കയറി…… മിഴിയേയും മാധവിനേയും ആരാധ്യയേയും കഴിക്കാൻ വിളിക്കണമല്ലോ…..തന്നെയുമല്ല ആരാധ്യ ഇന്നത്തെ അഥിതിയുമല്ലേ…. അപ്പോൾ ചെന്നു വിളിക്കേണ്ടതാണ് മര്യാദ….മുറിയിൽ ചെന്നു നോക്കി ആരാധ്യയെ കാണാനില്ല….ഈ കുട്ടിയിതെങ്ങോട്ടു പോയോ ആവോ… ആ ചിലപ്പോ ഒറ്റയ്ക്കിരുന്നു മുഷിഞ്ഞിട്ട് മിഴീടടുത്തു പോയ്ക്കാണും….അവർ മിഴിയുടെ മുറി ലക്ഷ്യമാക്കി നടന്നു…. അപ്പോഴാണ് മുകളിലെ വിശാലമായ വരാന്തയ്ക്കു കോണിൽ ഒരു നിഴലനക്കം അവർ കണ്ടത്…..

അങ്ങോട്ടേക്കു ചെന്നപ്പോഴാണ് മനസിലായത്…. ആരാധ്യ……എന്തേ ഈ കുട്ടി ഇവിടെ ഇറങ്ങി നിക്കണത്?…. പട്ടണത്തീന്നു വന്നതല്ലേ ചിലപ്പോ ചുറ്റും കാണാനാവും…..കുട്ട്യേ…. ദേ അത്താഴം കാലായീട്ടോ…. വരൂ….. കൂടെ മിഴീം കണ്ണനും ഇരിക്കുംട്ടോ…. മോളിതു വരെ കഴിച്ചിട്ട്ണ്ടാവില്ലാ നാട്ടുമ്പുറത്തൂന്ന് ല്ലേ….ഞാനേയ് പ്രത്യേകായിട്ട് മാമ്പഴപ്പുളിശ്ശേരീണ്ടാക്കീട്ട്ണ്ട്……
താഴത്തേക്കു പോന്നോളൂ….”മിഴിയേയും മാധവിനേയും കൂടെ വിളിച്ചിട്ടു പത്മിനിയമ്മ താഴത്തേയ്ക്കു പോന്നു….

മൂന്നു പേരുമൊരുമിച്ച് ഭക്ഷണം കഴിച്ചു…. അമ്മയുടെ കൈകകൊണ്ടുണ്ടാക്കിയ ഭക്ഷണം മിഴിയും മാധവും ആസ്വദിച്ചു കഴിച്ചു…..അവർക്കേറെ പ്രിയപ്പെട്ട വിഭവങ്ങൾ…..ആരാധ്യയ്ക്കു ഭക്ഷണത്തിന്റെ വ്യത്യാസം അത്രയ്ക്കു രുചിച്ചില്ല…. കേരളീയ ഭക്ഷണത്തേക്കാളവൾ പ്രാമുഖ്യം കൊടുത്തിരുന്നത് പാശ്ചാത്യരുചികൾക്കായിരുന്നു…..എരിവും പുളിയും മസാലകളും കൂടുതലുള്ള ഭക്ഷണത്തോടായിരുന്നു അവൾക്ക് ആഭിമുഖ്യം….. പോരെങ്കിലിവിടെ മുഴുവനായും സസ്യഭക്ഷണമാണ്….മീനോ ഇറച്ചിയോ കഴിക്കാതെ ഭക്ഷണം കഴിക്കുവാൻ അവളേറെ പണിപ്പെടുന്നുണ്ടായിരുന്നു…. എങ്കിലും ഉള്ളിലെ ഇഷ്ടക്കേടൊന്നും അവൾ പുറമേ പ്രദർശിപ്പിച്ചില്ലാ……

തന്റെ ലക്ഷ്യം നിറവേറും വരെ ഏതു വിധേനയും ഇവിടെ പിടിച്ചു നിൽക്കുക എന്നത് അവളുടെ ആവശ്യമായിരുന്നു….അതുകൊണ്ട് എന്തുതന്നെ സംഭവിച്ചാലും അവൾക്കതൊക്കെ ഒരു പ്രശ്നമേയല്ലായിരുന്നു…..മിഴിയുടെ മനസ്സു ശാന്തമായിരുന്നു… മാധവിൽ അവളത്രമാത്രം വിശ്വാസമർപ്പിച്ചിരുന്നു….അമ്മായിയെ അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കാൻ സഹായിച്ചു കഴിഞ്ഞ് മിഴി അവളുടെ മുറിയിലേക്കു നടക്കുകയായിരുന്നു….
അപ്പോഴാണ് മാധവിന്റെ മുറി തുറന്നു കിടക്കുന്നത് അവൾ കണ്ടത്…. ആരേയും കാണുന്നുമില്ലാ….

പതിയെ ശബ്ദമുണ്ടാക്കാതെ അവൾ അകത്തേക്കു കയറി….എന്തെങ്കിലും ഒരു ചെറിയ പണിയൊപ്പിക്കാനുള്ള വക തേടിയതാണ്…. തനിക്കു കുറുമ്പു കൂടുതലാത്രേ…..എന്നാൽപ്പിന്നെ നമ്മടെ കുറുമ്പെന്തെന്നു കാട്ടീട്ടു തന്നെ കാര്യം….
അവൾ പതിയെ അവന്റെ എഴുത്തു മേശയ്ക്കരികിലേക്കു നടന്നു….. മൊബൈൽ ഫോണവിടെ ചാർജ് ചെയ്യാൻ വച്ചിട്ടുണ്ട്… പിന്നെ ആളിതെവിടെപ്പോയതാണാവോ…ഫോണെടുക്കാൻ നോക്കിയപ്പോ അതു ലോക്ക് ആണ്…കണ്ണേട്ടന്റെ പേരും അമ്മായീടെ പേരും ഒക്കേം അവൾ ടൈപ്പു ചെയ്തു നോക്കി…ഒരു രക്ഷയുമില്ല….

അവസാനം ആ ഉദ്യമം നിർത്താൻ തുനിഞ്ഞ സമയത്ത് വെറുതേയെന്നോണം അവൾ മിഴി എന്നും ടൈപ്പു ചെയ്തു നോക്കി…പതിയെ അതു ഓപ്പണായി വന്നതു കണ്ട് അവളുടെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര സന്തോഷം തിരയടിച്ചു…..ആദ്യം തന്നെ കാണുന്ന ചിത്രം രണ്ടു കുട്ടികളുടേതാണ്….. ഒരു കുട്ടിക്കുറുമ്പനും അവന്റെ കൈപിടിച്ച് പുഞ്ചിരിച്ചു നിൽക്കുന്ന കുഞ്ഞു പാവാടക്കാരിയും..രണ്ടു പേരുടെയും മുഖത്തു സന്തോഷത്തിന്റെ അതിലേറെ കൗതുകത്തിന്റെ തിരയിളക്കം….നിഷ്കളങ്കമായ നോട്ടം….പഴയ ഒരു ചിത്രം…. പാടത്തിനു നടുവിൽ നിന്നു കൊണ്ടുള്ളത്….അതു തെക്കിനിയിൽ വച്ചിരുന്ന പഴയ ആൽബത്തിൽ നിന്നുള്ള ഒന്നാണെന്നതു തിരിച്ചറിയാൻ അവൾക്കു പ്രയാസമുണ്ടായില്ല…..

പഴയകാലത്തിന്റെ മയിൽപ്പീലിത്തുണ്ടുകൾ അവളിൽ കുളിർമ്മ നിറച്ചു…..ഒത്തിരി സന്തോഷവും….
അവളതിൽ ചിത്രങ്ങൾ പരതി…. കാര്യമായൊന്നുമതിലുണ്ടായിരുന്നില്ലാ….കൂടെപ്പഠിച്ചവരായിരിക്കണം ആരൊക്കെയോ…. ചില ചിത്രങ്ങളിൽ ആരാധ്യയേയും അവൾ കണ്ടു….
പക്ഷേ അവർ തമ്മിൽ വലിയ അടുപ്പമൊന്നും അതിൽ സൂചിപ്പിക്കുന്നില്ല……വീണ്ടും വീണ്ടും ചിത്രങ്ങളിലൂടെ വിരലോടിക്കവേ ഒരു ചിത്രം അവളുടെ കണ്ണിൽ തടഞ്ഞു…..പുഞ്ചിരിയോടെ നിൽക്കുന്ന ആരാധ്യ…. കൂടെ അവളുടെ കരം ഗ്രഹിച്ച് ഒരു വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരനും….

അയാൾ മലയാളിയല്ലെന്ന് ഒറ്റനോട്ടത്തിൽ മനസിലാവുന്നുണ്ട്…..അടുത്തതു തന്നെ വേറെ ഒരു ചിത്രം അവർ രണ്ടു പേരും തന്നെ പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ഒന്ന്….അതുകണ്ടപ്പോൾ ആ ചെറുപ്പക്കാരൻ ആരാധ്യയുടെ വേണ്ടപ്പെട്ട ആരോ ആണെന്നവൾക്ക് മനസിലായി….ചിലപ്പോൾ അയാളെയായിരിക്കും ആരാധ്യ പ്രണയിക്കുന്നത്….എന്തായാലും കണ്ണേട്ടനും ആ ചേച്ചിയും തമ്മിൽ അങ്ങനെ ഒന്നുമില്ലെന്നു തീർച്ചയായല്ലോ….ആശ്വാസം……
അവളിൽ നിന്നുമൊരു നെടുവീർപ്പുതിർന്നു….

പെട്ടന്നാണ് പിറകിൽ കതകുകളടയുന്ന ശബ്ദം അവൾ കേട്ടത്….ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോൾ കണ്ണേട്ടൻ….അപ്പോഴായിരിക്കണം മുറിയിലേക്കു കയറിയത്…. തന്നെക്കണ്ടു തന്നെ കതകുകളടച്ചിരിക്കന്നു…അവളിൽ അൽപ്പം ഭയം ഉണർന്നു…. അനുവാദം ഇല്ലാതെ മുറീലേക്കാരും വരുന്നതേ ഏട്ടനിഷ്ടല്ലാ….ഇതിപ്പോ ഞാൻ കയറിയതും പോരാ ചോദിക്കാതെ ഫോണെടുത്തു പരതുകയും ചെയ്തിരിക്കുന്നു….എന്റെ ഗുരുവായൂരുപ്പാ….. എനിക്കിന്നു കണക്കിന് ആ കൈയ്യിൽന്നു കിട്ടുമല്ലോ…..ഇനീപ്പോ എന്താ ചെയ്യാ…. കരഞ്ഞാലോ…. വേണ്ടാ അതു കാണമ്പോ പിന്നേം ദേഷ്യം കൂടിയാലോ…..
എന്തുചെയ്യണമെന്ന് ഒരു നിശ്ചയവുമില്ലാ…..

അവൾ നിന്ന നിൽപ്പിൽ ആലില പോലെ വിറയ്ക്കാൻ തുടങ്ങി….അവനവളുടെ അടുത്തേക്കു വന്നു അവളുടെ കൈയിൽ നിന്നു ഫോൺ പിടിച്ചു വാങ്ങി….അടികിട്ടണതു പേടിച്ചവൾ കണ്ണുകളിറുക്കെയടച്ചു…. പേടിച്ചു പേടിച്ചു മിണ്ടാതെ നിന്നു…. കണ്ണിൽ നിന്നും അനുവാദം കൂടാതെ നീർത്തുള്ളികൾ കവിളിലേക്കു പതിച്ചു….ഒരു നിമിഷം….. രണ്ടു നിമിഷം…..ഒന്നും സംഭവിച്ചില്ലാ…..പതുക്കെ അവൾ കണ്ണുകൾ തുറന്നു….. ചുറ്റും നോക്കി ആരേയും കാണുന്നില്ല……ഒരു പകപ്പോടെ അവളങ്ങനെ നിന്നു….

പെട്ടന്നാണു പിന്നിൽ നിന്നാരോ ചുറ്റിപ്പിടിച്ചത്…. പ്രതീക്ഷിക്കാതെ ആയിരുന്നതുകൊണ്ടാവണം അവൾ ശബ്ദമുണ്ടാക്കാൻ തുനിഞ്ഞു…..പെട്ടന്നു മാധവ് ഒരു കൈകൊണ്ട് അവളുടെ വായപൊത്തി…..
പരിഭ്രമം കൊണ്ട് അവൾ കുതറി മാറാൻ ശ്രമിച്ചു….
ശ്ശോ….. മിണ്ടല്ലേ പെണ്ണേ…..എന്തിനാ കിടന്നിങ്ങനെ പിടയ്ക്കണേ…. വേറാരും അല്ല ഞാനാ നിന്റെ കണ്ണേട്ടൻ….നീയധികം കിടന്നു പിടച്ചാലേ നിന്നെ ഞാൻ വിടത്തില്ലാട്ടോ….നിന്നെ നിലക്കു നിർത്താനാവോന്ന് ഞാനൊന്നു നോക്കട്ടെടീ….”അവന്റെ സംസാരം കേട്ട് അവളടങ്ങി നിന്നു…. എങ്കിലും അവളുടെ ഹൃദയം ദ്രുതഗതിയിൽ മിടിച്ചുകൊണ്ടിരുന്നു….

മാധവ് അവളുടെ വെപ്രാളം ആസ്വദിക്കുകയായിരുന്നു…. ഇത്ര പേടിയായിരുന്നോ ഈ പെണ്ണിനെന്നെ??…..അവനവളെ കണ്ണിമയ്ക്കാതെ നോക്കി പതിയെ അവളുടെ കാതോരം ചുണ്ടുചേർത്തുമൊഴിഞ്ഞു……”അതേയ് നിനക്കു തോന്നുമ്പോ കേറീട്ടു പരിശോധിക്കാൻ എന്റെ മുറിയെന്തോന്നാ……അതും പോരാഞ്ഞ് ആരോടു ചോദിച്ചിട്ടാ എന്റെ ഫോണു നീയെടുത്തത്….എന്തായിരുന്നു താങ്കൾ തപ്പിക്കൊണ്ടിരുന്നത്..??….. ഓക്കേം പറഞ്ഞിട്ടിവിടുന്നു പോയാൽ മതി….”അതും പറഞ്ഞ് അവനവളെ ഒന്നു കൂടി വട്ടം കെട്ടിപ്പിടിച്ചു…..അവളോടു ചേർന്നു നിൽക്കുമ്പോൾ എല്ലാ ദേഷ്യവും മാഞ്ഞുപോവുകയാണ്….

പക്ഷേ അത്ര പെട്ടന്നു വെറുതേ അങ്ങടു പോവാൻ സമ്മതിക്കുന്നതെങ്ങനെ??….മിഴിയും അൽപസമയം പിന്നേയുമെടുത്തു പരിസരബോധം വീണ്ടെടുക്കാൻ…..”എട്ടാ…. അയ്യോ…. എന്താദ്….ഞാൻ…. തമാശക്കു വേണ്ടീട്ടാ ഇങ്ങടു കേറീത്…. അല്ലാതെ വേറൊന്നൂല്ല്യാ…
ഫോണെടുത്തു ചിത്രം നോക്കാർന്നു…. അല്ലാതെ യ്ക്കെന്തു കാര്യാ….ന്നെ വിടൂന്നേയ്…. നിക്ക് പേടിയാവണുണ്ട്ട്ടോ…. സങ്കടം വരണുണ്ട്….
ഈ കൈയ്യൊന്നു അയക്കൂ…. ഞാനിനി ചെയ്യില്ലാന്നേയ്….””നീയിനി ചെയ്യാതിരിക്കാനേയ് നിന്നെ വെറുതേ വിട്ടാൽ ശരിയാവൂല്ലാ…..

നല്ലൊരു ശിക്ഷ തന്നാലേ കാര്യംള്ളൂ…. പിന്നെ ഇമ്മാതിരി കുരുത്തക്കേടു കാട്ടാൻ തോന്നുമ്പോ നീയ്യതോർക്കൂല്ലോ….എന്താ… അപ്പോ നിനക്കുള്ള ശിക്ഷ തരട്ടേ…. എന്നിട്ടു ഞാൻ നിന്നെ വിടാം….”
അതു പറഞ്ഞവനവളെ വീണ്ടും അരികത്തേക്കു ചേർത്തുനിർത്തി…. അവളുടെ ഹൃദയതാളം അവൻ കേൾക്കയായി….മിഴി ഒന്നും മിണ്ടാതെ പറ്റിച്ചേർന്നു അനുസരണയോടെ നിന്നു…..പതിയെ അവനവളുടെ കവിളിലേക്കു മുഖമടുപ്പിച്ചു…. പതിയെ പതിയെ ആ നനുത്ത കവിൾത്തടത്തിൽ പല്ലുകളാലൊരു അടയാളം സൃഷ്ടിച്ചെടുത്തു മുഖം അകന്നു മാറി…..

മിഴി ശിലപോലെ നിശ്ചലയായി നിന്നു അവളിൽ നിന്നും നേർത്ത നിശ്വാസം മാത്രം ഉതിർന്നു…..
മാധവ് അവളെ നോക്കിയപ്പോഴുണ്ട് കവിളിലതൊരു ചുവന്ന പാടായി തെളിഞ്ഞു കിടക്കുന്നു….. അവനതുകണ്ടു ചിരി വന്നു…..ഇത്തിരി വേദനിച്ചു കാണും പെണ്ണിന്….. സാരമില്ലാ…. കുറുമ്പു കാട്ടീട്ടല്ലേ….”മിഴീ…….”എന്തോ……”
അവളുടെ ശബ്ദം വളരെ പതിഞ്ഞതായിരുന്നു…. കണ്ണുകളിപ്പോഴുമവൾ തുറന്നിട്ടില്ല….. പഴയപടി ചലിക്കാതെ ചേർന്നു നിൽക്കുന്നു….”ഇനി നീയ്യിതു കാണിക്കോ??….””ല്ല്യാ……””ഏയ് അതുവേണ്ട ഇമ്മാതിരി കുറുമ്പു നീയ്യിനീം കാട്ടണം…. ന്നാലല്ലേ നിക്കിതുപോലെ നിന്നെ ശിക്ഷിക്കാനാവൂള്ളൂ…..”

“ശ്ശേയ്….. കണ്ണേട്ടാ…..””എന്നാ ഇനി ഇങ്ങനെ ചെയ്യാതിരിക്കാൻ ഒന്നൂടെ തരട്ടേ….??…”അവൻ കുസൃതിയോടെ അവളുടെ മറുകവിളിലേക്കു മുഖമടുപ്പിക്കവേ അവളവനെ തള്ളി മാറ്റിയോടാൻ തുനിഞ്ഞു….ഓടാനുള്ള തിടുക്കത്തിൽ കുതറി മാറിത്തിരിഞ്ഞപ്പോഴാണ്…. മുറിയിലേക്കു വരുന്ന ആരാധ്യയുമായവൾ കൂട്ടിയിടിച്ചത്….പെട്ടന്നുണ്ടായ ഇടിയുടെ ശക്തിയിൽ ആരാധ്യ പിന്നിലേക്കൊന്നു വേച്ചു പോയി…..മിഴിക്കു നന്നായി വേദനിച്ചു…. അവൾ ക്ഷമാപണമെന്നപോലെ ആരാധ്യയെ നോക്കി….മാധവിന്റെ മുറിയിൽ നിന്നുള്ള മിഴിയുടെ വരവും അവളുടെ കവിളിലെ ചുവന്ന പാടും അവളുടെ കണ്ണുകളിൽ പകയുണർത്തി….

എങ്കിലും അവൾ പുറമേ യാതൊരു ഭാവവ്യത്യാസവും കാണിച്ചില്ല…..”ചേച്ചി ക്ഷമിക്കൂട്ടോ…. ഞാൻ പെട്ടന്ന്….. അറിയാതെ…..ഒത്തിരി നൊന്തുവോ…..??””ഒഹ്,… മിഴി,
It’s ok….. എനിക്കു കുഴപ്പമൊന്നുമില്ല….But ഇനിയെങ്കിലും നീ നേരെ ഒക്കെ നോക്കി നടക്കൂ…. എല്ലായ്പ്പോഴും എല്ലാം എല്ലാവർക്കും ഇഷ്ടമായീന്നു വരില്ല….നമ്മുടെ സ്ഥാനമനുസരിച്ചു നിൽക്കണം…ഇതു സാരമില്ല…. മിഴി പോയ്ക്കോളൂ…..”ആരാധ്യ പറഞ്ഞു തീർന്നതും മുൻപോട്ടേയ്ക്കു നടന്നു….മിഴിക്ക് അവൾ പറഞ്ഞതിന്റെ പൊരുളെന്തെന്നു മനസിലായില്ല….. ഒത്തിരി ആലോചിച്ചു തല പുകയ്ക്കാതെ അവൾ മുറിയിലേക്കു നടന്നു….മാധവ് മുറിയിൽ പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു ആരാധ്യ പെട്ടന്നു കടന്നു വന്നപ്പോൾ അവനൊന്നു പതറിയെങ്കിലും പതിയെ ഗൗരവഭാവം പൂണ്ടു…..

അവൾ അവനടുത്തേക്ക് ഒരു കസേര നീക്കിയിട്ട് അതിലിരുന്നു… മാധവ് കാര്യമെന്തെന്ന ഭാവത്തിൽ അവളെ നോക്കി….Look മാധവ്…. I have no time to waste… ഇനിയും കൂടുതൽ ദിവസം എന്റെ കയ്യിൽ ഇല്ല….ഓരോ ദിവസം കഴിയുന്തോറും കൂടുതൽ കൂടുതൽ അപകടമാകുകയാണ്….So, നാളെയെങ്കിൽ നാളെ നമുക്ക് നമ്മുടെ റെജിസ്റ്റർ മാര്യേജ് നടത്തണം….നീയതിനുള്ള ഒരുക്കങ്ങൾ ഒക്കെ നടത്തിക്കഴിഞ്ഞിരിക്കുമല്ലോ??…..””ഓക്കെ ആരാധ്യാ…. എതാണ്ട് ഏറെക്കുറെ കഴിഞ്ഞു…..”

…….തുടരും…..

(വൈകിപ്പോവുന്നുണ്ട്😅… വിചാരിച്ച സമയത്തു കഥ എഴുതിത്തീരുന്നില്ല😞…. ക്ഷമിക്കണം😢….. വായനക്കാർക്ക് ഒത്തിരി നന്ദി ക്ഷമയോടെ കാത്തിരുന്നതിന്❤❤😊
സ്നേഹപൂർവ്വം ഗായത്രി 😊😊)