24/04/2026

സ്പന്ദനം: ഭാഗം 6

രചന : ഗായത്രി സുരേന്ദ്രൻ

സാർ ഒരുനോക്ക് തന്നെയൊന്നു കടാക്ഷിച്ചിരുന്നെങ്കിൽ എന്ന് അത്യധികം പ്രതീക്ഷിച്ചുകൊണ്ട്…..വേദനയിൽ നീർത്തുള്ളികളടർന്നു കൈയ്യിൽ വീണപ്പോൾ ഒന്നും കൂടി നീറി. എങ്കിലും കണ്ണുകളുടെ ദൃഷ്ടിയിൽ സ്ഥാനഭ്രംശം വന്നില്ല…ആ മനുഷ്യനിൽ എന്തു പ്രത്യേകതയാണ് പോകെപ്പോകെ കണ്ടതെന്നറിയില്ല. ഒരു കാരണവും ഇല്ലാതെ വെറുതെ ഒരാളോട് അടുപ്പം തോന്നുമോ???? അതിനെ എന്തു പേരിട്ടു വിളിക്കണം???ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലും അവൾ സംതൃപ്തയായിരുന്നു……..പെട്ടെന്നുതന്നെ കോളേജിനടുത്തുള്ള ക്ലിനിക്കിലേക്ക് തിരിച്ചു. സാർ മുന്നിൽ ഡ്രൈവറുടെ സീറ്റിന് അടുത്ത് ഇരുന്നു മിസ്സും താനും പുറകിലും. പെട്ടത് തന്നെ സ്ഥലം എത്തി.

പൊള്ളൽ പരിശോധിച്ച ഡോക്ടർ എന്തൊക്കെയോ കുറിച്ചു. കയ്യിൽ പൊള്ളിയ ഭാഗങ്ങളിൽ പുരട്ടാനും നിർദേശിച്ചു. ഒക്കെ കഴിഞ്ഞു. പക്ഷേ പൊള്ളലേറ്റ നീറ്റൽ വിട്ടുമാറുന്നില്ല. അതിപ്പോഴും ഉണ്ട്. വലത്തേ കൈ അനക്കാൻ പ്രയാസം, വേദന….തിരികെ വരുമ്പോൾ മിസ് പറയുന്നത് ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്. തെറ്റ് തന്റെ ഭാഗത്തായിരുന്നു. ബോയിലിങ് ട്യൂബിൽ ചൂടാക്കാൻ എടുത്ത ആസിഡ് മിക്സ്ചർ ഇളക്കി കൊടുക്കാതെ ബർണറിന്റെ മുകളിലേക്ക് അങ്ങനെ പിടിച്ചിരുന്നു പോലും……

അവസാനം ഉള്ളിൽനിന്ന് ചൂടായി പുറത്തേക്ക് എല്ലാംകൂടി തെറിച്ചുവന്നു ബോയിലിങ് ട്യൂബ് പൊട്ടി തിളച്ച ആസിഡ് കയ്യിലും വീണു. ഭാഗ്യം ആ ചില്ലുകഷ്ണങ്ങൾ കൊണ്ട് ഒന്നും പറ്റിയില്ല ജാള്യതയോടെ മനസ്സിലോർത്തു…”ഇനിയുള്ള രണ്ടു പിരിയഡും ലാബ് ആണല്ലോ സ്പന്ദന പൊള്ളിയ കൈയ്യും വെച്ച് വരണംന്നില്ല കുട്ടിയെ വീട്ടിൽ കൊണ്ടാക്കാം…….”മിസ്സ് പറഞ്ഞതു കേട്ടതും അതു മതി എന്ന് തലയാട്ടി. അല്ലെങ്കിലേ നല്ല വേദനയുണ്ട് ഇനി ബസ്സിൽ തൂങ്ങി പിടിച്ചു കയറാൻ ആവതില്ല. മിസ്സ് കോളേജിലേക്ക് പോകാം എന്ന് പറഞ്ഞു. മിസ്സിനെ ഇറക്കിക്കൊടുത്തു വണ്ടി തിരിച്ചു.
“സ്പന്ദനയുടെ വീട് എവിടെയാണ്??”

ആളുടെ ചോദ്യം വന്നു. വഴി പറഞ്ഞു കൊടുക്കണം അതിനാണല്ലോ….എന്നാലും ഈ മനുഷ്യൻ അല്ലേ ഇന്നലെ വീടിനിട വഴി വരെയ്ക്കും വഴിതെറ്റിയെത്തിയത്!!!! ഇന്നലെയല്ലേ താൻ തന്റെ വീടാണിതെന്നു സ്വയം ചൂണ്ടിക്കാണിച്ചു കൊടുത്തിട്ടും പരിചയമേതും കാണിക്കാതെ മടങ്ങിപ്പോയത് ??!!!
ഇത്ര പെട്ടെന്ന് ഇന്നലെ കഴിഞ്ഞ കാര്യങ്ങൾ പോലും മറക്കുമോ? തീരെ ശ്രദ്ധയിൽ എടുത്തില്ലെങ്കിലും ഒരു ഓർമ്മയും ഉണ്ടാകില്ലേ??അവൾക്കുള്ളിൽ അവളോട് തന്നെ വല്ലാത്ത ഒരു നീരസം തോന്നി. സങ്കടം നിറഞ്ഞു മനസ്സ് കനത്തു.. അത് ചെറുനനവായ് മിഴിയോരങ്ങളിൽ ഘനീഭവിച്ചു തുടങ്ങി….

മറുത്തൊന്നും ചോദിയ്ക്കാതെ വഴി പറഞ്ഞു കൊടുത്തു. കേട്ടിട്ടും സാധാരണയെന്നോണം ഒന്നും ആ മുഖത്ത് കണ്ടില്ല. സ്വൽപം ദേഷ്യം തോന്നാതിരുന്നില്ല . റോഡ് ഉള്ളിടം വരെ വണ്ടി വന്നു നിർത്തി.ഒന്നും പറയാതെ ഇറങ്ങി നടന്നു….വീടെത്തും വരേയ്ക്കും മുഖം കനത്തുതന്നെയിരുന്നു. അപ്പോഴേക്കും മഴ പെയ്തു തുടങ്ങിയിരുന്നു. മിഴികളിൽ നിന്നും പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങളും മഴത്തുള്ളികൾക്കൊപ്പം താഴേക്ക് ഉതിർന്നു.എന്തിനാണ് കരയുന്നത് ഒരു നോട്ടമോ ഒരുവാക്കോ പതിവിൽ കവിഞ്ഞ് തന്നിലേക്ക് ആളിൽനിന്ന് വന്നിട്ടുണ്ടോ?
ദേഷ്യപ്പെടാനും കർശന സ്വഭാവത്തോടെ സംസാരിക്കുവാനും മാത്രം അല്ലാതെ എന്തെങ്കിലും ഭാവം തനിക്കായി വച്ച് നീട്ടിയിട്ടുണ്ടോ?

എല്ലാവരിൽ നിന്നും വ്യത്യസ്തമായ അയാളിൽ നിന്ന് മറ്റാർക്കും നൽകാത്ത പരിഗണന കിട്ടിയിരുന്നെങ്കിൽ ആഗ്രഹിച്ചിരുന്നുവോ?ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഈയിടയ്ക്ക് വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നു.
ഉമ്മറക്കോലായിൽ അച്ഛൻ ഇരിപ്പുണ്ട് മഴ കാരണം വയലിൽ നേരത്തെ വന്നതാകാം. നനഞ്ഞു കുതിർന്ന് മുറ്റത്തേക്ക് നടക്കുന്നത് കണ്ടമാത്രയിൽ തന്നെ അയലിൽ വിരിച്ചിരുന്ന തോർത്തെടുത്ത് പടിയിലേക്ക് ഇറങ്ങിയിരുന്നു.ബാഗ് തിണ്ണയിൽ വച്ചപ്പോഴേക്കും തല തുവർത്തിത്തന്നു. അച്ഛന്റെ സാമീപ്യം ഒരു തണൽ പോലെ തോന്നി. പൊള്ളുന്ന വെയിലിലും തളരാതെ മുന്നോട്ട് പോകാനുള്ള തണൽ…
“അല്ലാ നീ ഇതെന്താ നേരത്തെ? സ്കൂൾ ഇന്ന് നേരത്തെ വിട്ടോ? അല്ലാത്തപ്പോൾ പാറൂനോടൊപ്പം ആയിരുന്നല്ലോ വരവ്…”

“ഓ….. അച്ഛനോട് എത്രാന്ന് വച്ചാ പറയാ.. സ്കൂൾ ഒക്കെ മാറി മാഷേ, കോളേജാ കോളേജ്. ഞാനേ വലുതായീട്ടോ……”അവൾ കണ്ണുകളിൽ കുസൃതി നിറച്ച് അച്ഛന്റെ മാത്രം കുഞ്ഞോൾ ആയി മാറി.”ഓ… അതിനു നീയിനി മൂന്നാല് പിള്ളേരൊക്കെ ആയി വല്യ പെണ്ണായാലും അച്ഛനേ എന്റെ കുഞ്ഞോളൊരു അടയ്ക്കാകുരുവിടത്രേ ഉണ്ടാവൂ…. സ്കൂൾ അല്ല കോളേജ് ആയിരിക്കട്ടെ എന്താപ്പോ നേരത്തെ വന്നേ? ഇത്തിരി നേരം സമാധാനമായിട്ട് ഇരിക്കണംന്നു വിചാരിച്ചാർന്നു അതും പോയേ…..”കണ്ണുകളിൽ കുസൃതി അച്ഛനത് പറയുമ്പോഴേക്കും പരിഭവം കാട്ടിക്കൊണ്ട് മുഖം വീർപ്പിച്ച് ചുണ്ട് കോട്ടി അവൾ അകത്തേക്കു നടക്കാൻ ഒരുങ്ങി.

“എടീ കുഞ്ഞിപ്പെണ്ണേ…. പിണങ്ങീട്ടു പോവല്ലേ…
പാറൂനെ കൂട്ടാണ്ട് നീ എന്താ ഇങ്ങോട്ട് പോന്നേന്നു ചോദിച്ചതാണ്. നേരത്തെ ക്ലാസ് കഴിഞ്ഞുവോ?”
“അത് ശരി ഞാൻ ഇവിടെ ഇത്രയും നേരം നിന്നിട്ടും, ന്റെ കയ്യില് ഇത്രയും വലിയ പൊള്ളിയ പാട് അച്ഛൻ ഇതുവരെ കണ്ടില്ല!നല്ലആളുതന്നെ…..ഇന്നുച്ചയ്ക്ക് ശേഷം ലാബ് ആയിരുന്നേ…എന്തൊക്കെയോ ആലോചിച്ചു കയ്യിലു പീടിച്ച ആസിഡ് തിളച്ചു വീണു. കൈപൊള്ളീതോണ്ട് സ്കൂളുകാര് പൊള്ളലിനു മരുന്നു മേടിച്ചു തന്ന് വീട്ടീ കൊണ്ടുവിട്ടു….എന്തായാലും നല്ല യാത്രയായിരുന്നുസീറ്റിലിരുന്ന്സുഖസുന്ദരമായിട്ടങ്ങനെ…. ക്ലാസ്സിൽ ഇരിക്കാനും പറഞ്ഞില്ല. വീട്ടീ കൊണ്ടുവിട്ടു തന്നു.

ഇങ്ങനെയാണേൽ ദിവസവും ന്റെ കൈ അങ്ങ് പൊളിച്ചാലോ വെയ്ക്കാ…”ചെറുതൊരു കുറുമ്പോടെ അവളത് പറഞ്ഞു നിർത്തി. കോളേജിൽ തിരക്കിട്ട് ക്ലിനിക്കിൽ പോയതും പരിശോധിച്ചതും കൈപൊള്ളിയതുമല്ലാം നേരോടെ പറഞ്ഞാൽ ആധിയോടെ മാത്രമേ അച്ഛൻ കേൾക്കുകയുള്ളൂ എന്നറിയാം.വെറുതെ ആ പാവം മനുഷ്യനെ വിഷമിപ്പിക്കുന്നത് എന്തിനാ…..”ഹോ ന്റെ കുട്ടി നോക്കീം കണ്ടും വല്ലതും ചെയ്തുകൂടെ നിനക്ക്…
ചെയ്യാൻ കഴിയില്ലാച്ചാ എന്തിനാ എടുക്കാൻ പോയെ? കൈപൊള്ളി പൊള്ളിക്കണതും കാലും പൊള്ളിക്കണതും ആയിട്ടുള്ള വസ്തുക്കളൊക്കെ തൊടുവാൻ പോകുമ്പോ ശ്രദ്ധിക്കുക തന്നെ വേണം….ഈയിടെയായിട്ട് നിനക്ക് ഒന്നിനും ഒരു ശ്രദ്ധയില്ല.”

അച്ഛൻറെ പരാതി പറച്ചിൽ അവൾ ഒരു ചെറുപുഞ്ചിരിയോടെ കേട്ടു നിന്നു. ഒക്കെയും ശരിയാണല്ലോ.. അതുകൊണ്ടു കുറ്റം പറയാൻ ഒക്കുകയില്ല.”ആ എന്തായാലും പോട്ടെ പൊള്ളലിനുള്ള എണ്ണ പടിഞ്ഞാറ്റയിൽ കാണും. അതെടുത്തു പുരട്ടുന്നോ?””വേണ്ടച്ഛാ…
മരുന്ന് തന്നു വിട്ടിട്ടുണ്ട്….””എന്നാ പോയി കുളിച്ചു വേഷം ഇരുന്നോളൂ. ഞാൻ പാർവ്വതിയെ ഞാൻ വിളിച്ചു പറഞ്ഞോളാം നിന്നെ കാത്തു നിൽക്കണ്ടാന്ന്….”അകത്തേക്കു നടക്കുമ്പോഴും മഴ പുറത്ത് തകർത്തു പെയ്യുന്നുണ്ടായിരുന്നു. കുളിച്ചു മാറി വന്നപ്പോഴും മഴ തോർന്നിട്ടില്ല. മഴയായതിനാൽ അച്ഛൻ നന്ദിനിയെയും നന്ദയേയും വയലിൽ നിന്നും അഴിച്ചു കൊണ്ടു വന്നിരുന്നു.

അതുകൊണ്ട് വയലിൽ പോകേണ്ടി വന്നില്ല. ഓടിട്ട മേൽക്കൂരയിലൂടെ മഴത്തുള്ളികൾ ചിതറി വീഴുന്നതിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു.ഇറയത്തൂടെ മഴച്ചാറ്റൽ കൊള്ളാതെ നടന്നു ആലയിലേക്ക് ഓടിക്കയറി പുല്ലുവട്ടിയിലേക്ക് പുല്ലിട്ടു കൊടുത്തു. നേരത്തെ കൊണ്ടു വന്നു വച്ച കാടിവെള്ളമൊഴിച്ച ബക്കറ്റ് എടുത്തു അതിലേക്കു വെള്ളമൊഴിച്ചു വച്ചു.
കാലും മുഖവും കഴുകി വരാന്തയിലേക്കു കയറിയപ്പോഴേക്കും പാറു ദൂരെ വഴിയരികിലൂടെ നടന്നു വരുന്നതു കണ്ടു..

അവളാകെ നനഞ്ഞു കുളിച്ചിട്ടുണ്ടായിരുന്നു വന്ന പാടേ ബാഗും കുടയുമെല്ലാം ഒരു ഭാഗത്തു വച്ച് കുളിക്കാൻ കയറി. സ്പന്ദ ചായ തിളപ്പിക്കാൻ അടുക്കളയിലേക്കു നടന്നു. കൈ ഇളക്കുമ്പോൾ പൊള്ളിയ ഭാഗത്തു സ്വൽപം നീറ്റലുണ്ട്. എന്നാലും കുഴപ്പമില്ല മരുന്നു വച്ചതു കൊണ്ട് പൊള്ളിയ ഇടം അൽപം ഭേദമാണ്…..അടുക്കളവശത്തു പാറു നട്ടുപിടിപ്പിച്ച കാന്താരി മുളകും കറിവേപ്പിലയും പയറും വെണ്ടയും ചീരയുമെല്ലാം ആസ്വദിച്ചു മഴ നനയുകയാണെന്നു തോന്നി.
എല്ലാ വൈകുന്നേരങ്ങളിലും അവയ്ക്ക് വെള്ളമൊഴിക്കേണ്ടതാണ് ഇന്നു മഴ കാരണം ആ പണിയും തീർന്നു.

ഇലകളിൽ വീണു ചിതറുന്ന തെളിനീരിനു വല്ലാത്ത ഭംഗിയാണ്. ചെടികൾ അതിന്റെ കുളിരിൽ തുടുത്തു നിൽക്കും. അൽപനേരം അവൾക്കുമാ മഴയിൽ നനയാൻ കൊതി തോന്നി…..അപ്പോഴവൾക്കെന്തിനോ അവളുടെ ആളെ ഓർമ്മ വന്നു. വിശ്വനാഥ്…….ആ കടുപ്പമേറിയ മുഖം, കാർക്കശ്യം, അതിലുപരി നീലക്കുറിഞ്ഞി പൂക്കും പോലെ അപൂർവ്വമായ് മാത്രം ആ മുഖത്തു തെളിയുന്ന ചിരി, ക്ലിപ്പിട്ട കുട്ടിത്തം തോന്നുന്ന പല്ലുകൾ, ദേഷ്യത്താൽ രക്തവർണ്ണമിരച്ചു കയറുന്ന നാസികത്തുമ്പ്…..

ആ ചിന്തകളിൽ പൂർണ്ണമായ് അവൾ സ്വയം നഷ്ടപ്പെട്ടു മുഴുകി നിന്നു. ചായയ്ക്കു വച്ച് വെള്ളം തിളച്ചു തിളച്ചു വറ്റാൻ തുടങ്ങി. ഏതോ ഒരു നിമിഷം പാത്രത്തിലേക്കു നോക്കിയപ്പോഴാണ് പറ്റിയ അമളി തിരിച്ചറിഞ്ഞത്. തലയ്ക്കൊരു കൊട്ടും കൊടുത്തു ചായപ്പൊടി തൂവി പാലും ചേർത്ത് ചായ കൂട്ടിവച്ചു.
പാറു കുളികഴിഞ്ഞു വന്നു എത്തയ്ക്കാ നെയ്യിൽ പഞ്ചസാരയും വിതറി ചൂടാക്കിയെടുത്തു കൊണ്ടു വന്നു… ചൂടു ചായയും നെയ്യിൽ വാട്ടിയ ഏത്തക്കായും മഴയും പാറുവും അവളും തമ്മിലുള്ള പരിഭവം പറച്ചിലും അച്ഛന്റെ നിർദേശങ്ങളും ഒക്കെയായി ആ കൊച്ചു വീട്ടിലൊരു കുഞ്ഞു സ്വർഗ്ഗം അവരറിയാതനെയ്തെടുക്കപ്പെടുന്നുണ്ടായിരുന്നു…..ചായകുടി കഴിഞ്ഞപ്പോഴേക്കും പൊള്ളലിന്റെ കഥ പാറുവിനും പറഞ്ഞു കൊടുത്തു.

ഒക്കെയും കഴിഞ്ഞു പതിവില്ലാത്ത വിധം നേരത്തെ തന്നെ നോട്ട് എഴുതാനിരുന്നു. എന്തോ ഒരു ആവേശം പോലെ.അശ്രദ്ധയ്ക്കും തെറ്റുകുറ്റങ്ങൾക്കുമായ് തനിക്കു നേർക്കുണ്ടായ കൂർത്ത നോട്ടത്തിനു പകരം ആനന്ദം നിറയ്ക്കുന്ന ആ നറുപുഞ്ചിരി ആളിൽ നിന്ന് തനിക്കായ് ഉതിർക്കുവാൻ മുന്നിട്ടിറങ്ങണമെന്നു തോന്നി….പ്രണയമാണോ എന്ന് ചോദ്യത്തിനെ സ്വയം ശാസിച്ചു കൊണ്ട് അധ്യാപനാണതെന്ന് സ്വയം താക്കീതു ചെയ്തു കൊണ്ട് അവളിരുന്നു…
പക്ഷേ ഇടയ്ക്കെപ്പൊഴോ അയാളുടെ ചുണ്ടിൽ വിരിഞ്ഞ മനംമയക്കുന്ന പുഞ്ചിരിയ്ക്ക് അത്രയധികം മോഹിപ്പിച്ചിരുന്നു. ആർക്കു വേണ്ടിയും ചിരിക്കാത്ത ആ മുഖം തനിക്കായാ പുഞ്ചിരി സമ്മാനിക്കുക എന്നു പറഞ്ഞാൽഅതെത്ര വലിയ അംഗീകാരമാണ്…

ഉത്സാഹപൂർവ്വം എഴുത്തു തുടർന്നു. ചിതറി നീങ്ങുന്ന മനസ്സിനെ ഏകാഗ്രമാക്കി വയ്ക്കാൻ അശ്രാന്തം പരിശ്രമിച്ചു. ഏറെക്കുറെ അവളതിൽ വിജയിച്ചു. എല്ലാംതന്നെ എഴുതി പഠിച്ചു ഹൃദിസ്ഥമാക്കിയിട്ടേ അവളന്നു കിടക്കാൻ പോയുള്ളൂ….പാറുവിനു തലവേദനയാണെന്നു പറഞ്ഞു നേരത്തെ അവളുറങ്ങിയിരുന്നു. സ്പന്ദ അവൾക്കരികിലേക്കു കടന്നു പാറുവിനൊരു മുത്തുവും നൽകി പതിവു പോലെ നിറമുള്ള സ്വപ്നങ്ങളെ കാത്ത് നിദ്രയെ തേടി….

*********** ********** ********** **********

വരാന്തയിലിരുന്ന് അൽപനേരം മയങ്ങിപ്പോയി നേരം സന്ധ്യയായിട്ടുണ്ട്…. തെങ്ങോലകളിലെ കൂടുകളിലേക്ക് പക്ഷികൾ ചേക്കേറുന്നു. കലപിലാരവം മുഴങ്ങുന്നു. ഒരുപക്ഷേ രാവിലെ മുതൽ ആരംഭിച്ച യാത്രയിലെ വിശേഷങ്ങൾ അവരവരുടെ കൂടുകളിലിരുന്ന് പരസ്പരം പങ്കു വയ്ക്കുകയാവാം. ഒരുകാലത്ത് താനും പാറുവും വഴി നീളെ യുള്ള കഥകളും കാര്യങ്ങളും ഒന്നൊഴിയാതെ അച്ഛനോട് പറഞ്ഞുകൊണ്ടിരുന്നതു പോലെ………. പക്ഷേ ഇന്ന്……..
ഒരു വാക്കുരിയാടാൻ ഒന്നു തോളൊടു തോൾ തലചായ്ക്കാൻ പൊരിവെയിലിൽ തളർന്നു തണൽ ചാഞ്ഞുറങ്ങാൻ കൂട്ടായിവിടെ ആരുമില്ല….. ആരും…….

ഈ വലിയ ലോകത്തിന്റെ കോണിൽ മനുഷ്യരാൽ തിങ്ങി നിറഞ്ഞ ഇവിടെ തനിക്കു മാത്രം ആരുമില്ലായെന്ന തിരിച്ചറിവ്. വല്ലാത്തൊരു നിസ്സഹായവസ്ഥയാണത്.
ഒന്നു കരഞ്ഞു തീർക്കുവാൻ പോലും പറ്റാതെ കണ്ണീരൊപ്പുവാൻ പോലും തുണയില്ലാതെ……
വരാന്തയിൽ ഇരിക്കുന്നു ഒറ്റപ്പെടൽ അതിന്റെ പൂർവ്വാധികം ശക്തിയിൽ തിരിച്ചുവരുന്നതായി അവൾക്കു തോന്നി. പിന്നെ അവിടെ നിന്നില്ല അകത്തേക്ക് നടന്നു ചെയ്യുന്ന വാതിൽ അടച്ചു ഭദ്രമായി കുറ്റി ഇട്ടു. ഒരു നിമിഷം ആലോചിച്ചപ്പോൾ താനിപ്പോൾ ചിന്തിച്ചതും ശരിയല്ല എന്നവൾക്ക് തോന്നി ആരുമില്ലെന്ന് എങ്ങനെ പറയാനാകും.
ഒരു കണികയാണെങ്കിൽ പോലും ഒരു നക്ഷത്രപ്പൊട്ടുപോലെ തന്റെ ഉദരത്തിൽ ഒരു കുഞ്ഞു തുടിപ്പ് വളരുകയാണല്ലോ……

അവൾ എന്തെന്നില്ലാത്ത വാത്സല്യത്തോടെ വയറിലേക്കു നോക്കി. ആരോരുമില്ലാത്ത അവസ്ഥയിലും പ്രതീക്ഷ കൈവിടാതെ ഇരിക്കാൻ ദൈവം എന്തെങ്കിലുമൊക്കെ കച്ചിത്തുരുമ്പുകൾ നമുക്ക്തന്നിരിക്കും……”കുഞ്ഞേ……………….”പതിയെ വയറിലേക്ക് കൈകൾ ചേർത്ത് ആർദ്രമായ് അത്രത്തോളം മൃദുലമായ് അവൾ ആ തുടിപ്പിനെ വിളിച്ചു. അവളറിയാതെ തന്നെ അവളിൽ മാതൃസ്നേഹം ഉടലെടുത്തു കഴിഞ്ഞിരുന്നു……
അത്താഴം കഴിക്കാനായി വെച്ചിരുന്ന ചപ്പാത്തിയും സ്റ്റൂവും ടേബിളിൽ ഇരിപ്പുണ്ട് അവൾക്കത് മുന്നിലേക്ക് എടുത്തു വെച്ചപ്പോഴേ മനംപിരട്ടലുണ്ടായി.

അല്പം പൊടിയരി കഞ്ഞിയും ചുട്ട പപ്പടവും അവളുടെ പാറു ഉണ്ടാക്കുന്ന വിധം മുളകുചമ്മന്തിയും കഴിക്കണം എന്ന് തോന്നി…..അവൾക്ക് കൊച്ചുവീടിന്റെ സുരക്ഷിതത്വത്തിൽ ആ നാലു ചുവരുകൾക്കുള്ളിൽ ഒരുവട്ടം കൂടി ഒന്നുമറിയാതെ മയങ്ങുവാൻ തോന്നി….പക്ഷേ……..
കഴിഞ്ഞതൊന്നും ഒരു സ്വപ്നം ആയിരുന്നില്ലെന്ന് ആ നിമിഷം അവളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു….
ഓർമ്മകൾ….. ചില സമയത്ത് അത് ഭാഗ്യമാണ്, ചില സമയത്ത് ഒരു ശാപവും…..

അവളുടെ ഓർമ്മകളെ അതിൽ എങ്ങനെ വേർതിരിക്കണം എന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നില്ല.മറക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും മണ്ണിൽ നിന്നു കണ്ണീർ നനവിൽ മുളപൊട്ടുന്ന തളിർ നാമ്പുകൾ ആയിരുന്നു അവളുടെ ഓർമ്മകൾ….ആ സമയത്ത് അതല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല ചിന്തിക്കാൻ….

……തുടരും…………
കുറച്ചു ദിവസങ്ങൾ വീട്ടിൽ നിന്നും മാറി നിൽക്കേണ്ടാതായിട്ടുണ്ട്. നെറ്റ്‌വർക്ക്പരിധിയിൽ അല്ലാത്തത് കൊണ്ടും വൈഫൈ കണക്ഷൻ കട്ടായി കിടക്കുന്നത് കൊണ്ടും രണ്ടു ദിവസത്തേക്ക് അടുത്തഭാഗങ്ങൾ പോസ്റ്റ് ചെയ്യാനോ കമന്റ്സിന് റിപ്ലൈ തരാനോ മറ്റു വഴിയില്ല. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽതിരിച്ചെത്തിയാലുടനേ പോസ്റ്റ് ചെയ്യും.കാത്തിരിക്കുമല്ലോ……..
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)