രചന : ഗായത്രി സുരേന്ദ്രൻ
“സാറിന്റേത് പ്രണയം ആയിരുന്നു അല്ലേ???”
“അതേല്ലൊ തനിക്കെങ്ങനെ അറിയാം..?!”
ഒട്ടരത്ഭുതം അവന്റെ ചോദ്യത്തിൽ കലർന്നിരുന്നു…
“അറിയാം….പക്ഷേ………മനസിലാക്കിയില്ല……..”ഒരു നിമിഷം വൈകാതെ, ഒരു യാത്രാനുവാദം പറയാൻ നിൽക്കാതെ, അവളാ വഴിയോരം ചേർന്ന് ഇരുണ്ടപാതയിലേക്ക് നീങ്ങിത്തുടങ്ങിയത് അമ്പരപ്പോടെ അവൻ ഉറ്റുനോക്കി……..
ഇരുട്ടും മുൻപേ വീട്ടിലെത്തിയതിൽ അവൾ ആശ്വസിച്ചു. തലവേദന ഉള്ളതു കൊണ്ടു മേൽകഴുകിയപാടേ കിടക്കമേൽ കയറി കിടന്നു.
വൈകുന്നേരം കേട്ടതിനെപ്പറ്റി ഇനിയൊരാവർത്തി ചിന്തിക്കരുതെന്ന് അവൾ സ്വയം പലവുരു പറഞ്ഞു പഠിപ്പിച്ചു.പലരുടെ ജീവിതത്തിൽ പലതും നടക്കുന്നുണ്ടാവാം…അതിലൊക്കെ ചെന്നു തലയിടാനും അഭിപ്രായം പറയാനും താനാരാ…
അവനവന്റെ കാര്യം നോക്കിയാൽ നിനക്കു നല്ലതാണ് സ്പന്ദേ….ഒരു കാര്യത്തിൽ അവൾക്ക് അൽപം ആശ്വാസം തോന്നി.കോളേജ് അവസാനിച്ചിരിക്കുന്നു. ഇനിയിപ്പോൾ മാർക്ക് ലിസ്റ്റ് മേടിക്കാൻ മാത്രം പോയാൽ മതിയാകും.
അതു തന്നെ ഒറ്റയ്ക്കു പോയി വാങ്ങി വരണം ആരേയും കാണണ്ട ഇനിയൊരു വട്ടം കൂടി.
തനിക്കെങ്ങനെ ഇത്ര സരളമായ് ചിന്തിക്കാൻ കഴിയുന്നു എന്നവൾ അത്ഭുതപ്പെട്ടു.
ഒരുപാടു നാളുകൾ പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ തന്നിൽ ആവേശിച്ചിരുന്നതല്ലേ….
അത്രമേൽ താനതിൽ മുഴുകിയിരുന്നതല്ലേ….
അത് സാറിനു അൽപം സംശയത്തോടെ മനസിലായ അന്ന് എവിടേയും തൊടാതെ ഓരോന്നു പറഞ്ഞു തന്നോട് തന്റെ പ്രണയത്തെ വിലക്കിയത് മറന്നുപോകുമോ….നെഞ്ചു നീറി നിശബ്ദമായ് തേങ്ങിയതല്ലാതെ തന്നിലേക്കു മാത്രം നോവ് അടക്കിപ്പിടിച്ചതല്ലാതെ പൊട്ടിത്തെറിച്ചില്ല താൻ….
അലറി വിളിച്ചില്ല, വെട്ടിപ്പിടിക്കാൻ എന്നാഗ്രഹിച്ചില്ല, ജീവനൊടുക്കിയില്ല, പ്രതികാരം ചെയ്തില്ല, പകയോ അസൂയയോ കാട്ടിയില്ല….അങ്ങനെയൊക്കെ തന്റെ പ്രണയത്തെ വഴി തിരിച്ച് വിട്ടാൽ അതിന് അതിന്റെ പരിശുദ്ധി നഷ്ടമാകുമെന്ന്തോന്നി….പ്രണയമെന്നത് നിർമലമായ ഒരു അവസ്ഥയാണ് അതിനെ മറ്റൊരു കാരണം കൊണ്ടും മലിനമാക്കാൻ തനിക്കു കഴിയില്ല.സ്വന്തമാക്കാൻ സാധിച്ചില്ലെങ്കിലും ഉപദ്രവിക്കാത്തവണ്ണം ഒരു വട്ടമെങ്കിൽ ഒരു വട്ടം ഞാനാ മനുഷ്യനെ പ്രണയിച്ചു എന്നു പറയാൻ ഒരു അഭിമാനമുണ്ട്.അതു മതി.ഇനി ഒരു ചിന്ത വേണ്ട.
എവിടെയാണെങ്കിലും ആരോടൊപ്പമാണെങ്കിലും സന്തോഷത്തോടെ ആൾ ജീവിക്കട്ടെ…
സ്വന്തം പ്രണയം സഫലീകരിക്കുക എന്നതു വലിയ ഭാഗ്യാണ്. ആൾക്കതു കഴിഞ്ഞുവല്ലോ….
നന്നായി….ആ പുഞ്ചിരി എവിടെയോ ഉണ്ട് ഇപ്പൊഴും ഒരു പകൽക്കിനാവ് പോലെ. പക്ഷേ അതും ഉപേക്ഷിക്കണം. അയാളിന്ന് മറ്റൊരുവളുടെ സ്വന്തമാക്കാൻ പോകയാണ്…ആ മനുഷ്യനെ ഒരിയ്ക്കലും വെറുക്കില്ല. ആ പെൺകുട്ടിയോട് അദ്ദേഹം നൂറു ശതമാനം ആത്മാർത്ഥത പുലർത്തി.
അദ്ദേഹത്തെ ബഹുമാനിക്കാനേ സാധിക്കൂ…
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. പക്ഷെ ആ ചിരിയുടെ ഭാവം ദൈന്യതയിലേക്കു വഴിമാറി.
തലവേദനിക്കുന്നതിനാൽ അവൾ അധികം വൈകാതെ ഉറങ്ങിപ്പോയിരുന്നു.സ്വപ്നങ്ങളിൽ അവൾ ചിരിച്ചു……അവളുടെ മാത്രം സ്വപ്നങ്ങളിൽ……
പിറ്റേന്നു മുതൽ അടുക്കളയിലെ കാര്യം കൂടുതലായി അവൾ ഏറ്റെടുത്തു. ഇനിയങ്ങോട്ട് ഓടിപ്പിടഞ്ഞ് കോളേജിലേക്ക് പോകേണ്ടല്ലോ…അച്ഛനൊപ്പം പാടത്തേയ്ക്ക് ഇറങ്ങിയും പറമ്പിൽ നടന്നും അടുക്കളപ്പുറത്തെ കൊച്ചു പച്ചക്കറിത്തോട്ടത്തിൽ വിളകളെ നോക്കിയും ദിവസം കഴിയും…
പാടത്തു വൈകുന്നേരം കാറ്റു കൊണ്ടിരിക്കുമ്പോൾ തെളിനീർ ഒഴുകുന്ന തോട്ടിലേക്ക് കാലുനീട്ടി ഇരിക്കുമ്പോൾ പരൽമീനുകൾ വിരലുകൾക്കിടയിലൂടെ വഴുതി പോകുമ്പോൾ അവൾ പഴയ സ്പന്ദയായി…
ചിറയിൽ വിരിഞ്ഞ ആമ്പലുകൾ പൊട്ടിക്കുമ്പോൾ അവൾ നിറഞ്ഞു ചിരിക്കും. ഒഴിവു നേരം കോറത്തുണിയിൽ ചുവപ്പുനൂൽ കൊണ്ട് പൂക്കൾ തുന്നി പിടിപ്പിക്കുമ്പോൾ അവൾ സംതൃപ്തിയോടെ ഇരുന്നു…
ഒരുതരത്തിൽ തിരക്കു പിടിച്ചു അങ്ങുമിങ്ങും ഓടി നടന്നു കണ്ണിൽക്കണ്ട പണിയെല്ലാം ചെയ്യുമ്പോൾ മറ്റു കാര്യങ്ങൾ ചിന്തിക്കാൻ മനസ്സിന് ഇടം കൊടുത്തിരുന്നില്ല…മനപ്പൂർവ്വം അവൾ മനസ്സിനെ ചിന്തിക്കാൻ വിട്ടിരുന്നില്ല…..വീട്ടിൽ തന്നെ ഒതുങ്ങിയപ്പോൾ കുറേക്കൂടി സ്വസ്ഥത വന്നതു പോലെ.ദിവസങ്ങൾ ഓരോന്നും ഒരു പുസ്തകത്തിലെ ഏടുകൾ പോലെ മറിഞ്ഞു പോയ്ക്കൊണ്ടിരുന്നു….
അവധി ഏകദേശം അവസാനിക്കാറായി ഉപരിപഠനത്തിന് എന്താണ് എന്ന് ചിന്തിച്ചു തുടങ്ങി.
അച്ഛൻ താൻ ബിഎഡോ പിജിക്കോ പോകണമെന്നു നിർബന്ധം പിടിച്ചു. ബിഎഡ് മതിയെന്നു താനും….
പാറുവും അതു തന്നെ പറഞ്ഞു.അടുത്തെങ്ങും കോളേജ് ഇല്ലാത്തതു കൊണ്ടും വീട്ടിനടുത്തു തന്നെ നിന്ന് യാദൃശ്ചികമായി പോലും ആരെയും കാണരുതെന്നു തോന്നിയതും കൊണ്ട് ഹോസ്റ്റലിൽ നിൽക്കാം എന്നു പറഞ്ഞു…..
അൽപം സങ്കടം ഉണ്ടായിരുന്നു എങ്കിലും പാറുവും അച്ഛനോടൊപ്പം അത് സമ്മതിച്ചു.പഠിക്കുവാൻ കുറച്ചുകൂടി കാര്യങ്ങൾ ഉള്ള മേഖലയാണ്.
ഒരുപാട് തിരക്കുകളും ഉണ്ടാവും ഒറ്റയ്ക്കു നിന്നു പഠിച്ചാൽ കുറച്ചുകൂടെ കാര്യപ്രാപ്തി വരുമെന്നായിരുന്നു അച്ഛന് പറഞ്ഞത്.ഏറെ വൈകാതെ പരീക്ഷാ ഫലവും മാർക്ക് ലിസ്റ്റും പുറത്തുവന്നു.നല്ലതെന്നല്ല മികച്ച മാർക്ക് തന്നെയുണ്ടായിരുന്നു.ക്ലാസ്സിൽ വെച്ച് ഏറ്റവും നല്ല മാർക്ക്.അവൾ അവൾ വിജയത്തിൻറെ മാധുര്യത്തിൽ നിറഞ്ഞു ചിരിക്കുമ്പോഴും അതിനു കാരണക്കാരനായ ആ മനുഷ്യനെ ഓർക്കുമ്പോൾ നെഞ്ചിൽ അടിഞ്ഞു കൂടുന്ന വിങ്ങൽ ഒതുക്കി നിർത്താൻ പാടുപെട്ടു….
ആളുടെ വിവാഹ ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാവില്ലേ… മാസങ്ങൾ കഴിഞ്ഞുവല്ലോ…അന്നു ദ്രുപത് അവസാനമായി കാണുമ്പോൾ പറഞ്ഞതല്ലേ ക്ഷണിക്കാൻ ഒരുമിച്ചു വരാമെന്ന്…..പക്ഷേ…..
വിളിച്ചു പറയാൻ ആയിട്ട് തന്നെ തന്റെ പക്കൽ മൊബൈൽ ഫോൺഇല്ലല്ലോ…അതുകൊണ്ടാവാം… മറന്നു പോയതായിരിക്കാം , അല്ലെങ്കിലും കാര്യമായി വിളിച്ചു പറയാൻ മാത്രം തക്ക ബന്ധം ഒന്നും ഇല്ലല്ലോ….ഒരുപക്ഷേ ക്ഷണിക്കുവാൻ ദ്രുപത് പറഞ്ഞിട്ടും സമ്മതിക്കാത്തത് ആയിരിക്കുമോ….
ആളങ്ങനെ ചെയ്യുമോ..പുതിയ ജീവിതത്തിലെ കരടുകൾ കല്ലുകൾ ഒഴിവാക്കണമെന്ന് ആർക്കാണ് തോന്നാത്തത്?!
മാർക്ക് ലിസ്റ്റ് വാങ്ങാൻ എല്ലാവരെയും കൂടി വിളിച്ച ദിവസത്തിന് ശേഷം പിറ്റേന്ന് ആയിരുന്നു അവൾ കോളേജിൽ പോയത്. ആരെയും കാണാൻ ഒന്നും താല്പര്യം ഇല്ല…ഒരു കൂടിക്കാഴ്ച ഒഴിവാക്കാൻ ഒറ്റക്കു പോകുന്നതാണ് നല്ലത്. എല്ലാവരിൽ നിന്നും ഒരു ഒളിച്ചോട്ടമാണ് ഭീരുത്വം ആണ്.പക്ഷേ ഇതാണ് ഇപ്പോൾ നല്ലത്.കോളേജിൽ എത്തുമ്പോൾ ഓഫീസ് സ്റ്റാഫ് ഒഴികെ ചുരുക്കം ചില ലെക്ചർമാരേ ഉണ്ടായിരുന്നുള്ളൂ മാർക്ക് ലിസ്റ്റ് നോക്കി പലരും അഭിനന്ദിച്ചു….ചിരിയോടെ അവിടുന്നു ലിസ്റ്റും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി മടങ്ങുമ്പോൾ ഒരിക്കൽകൂടി ആ ക്യാമ്പസിൽ ഒറ്റയ്ക്ക് ഒന്ന് നടന്നു കൽ ബെഞ്ചുകളിൽ ചെന്നിരുന്നു. മരങ്ങൾക്ക് അരികിലായി അല്പസമയം കാറ്റേറ്റു കൊണ്ടു നിന്നു….
ക്ലാസ് റൂമുകൾ പൂട്ടിക്കിടക്കുകയാണ്. ലാബുകളും.
കണ്ണു ഒരുവട്ടം കൂടി അവിടേക്ക് അനുസരണയില്ലാതെ ഓടിച്ചെന്നു…കാലുകൾക്ക് തിരികെ വരണമെന്ന് ആഗ്രഹം ഇല്ലാത്തതുപോലെ പോലെ.ഹൃദയവും അവിടെ വച്ചു പോയി പോകുമോ….ഒരിക്കലും മറക്കില്ലിവിടം മറക്കാൻ കൊതിക്കുന്ന പല ഓർമ്മകൾ ഉണ്ടെങ്കിലും……..സൂര്യൻറെ തീക്ഷ്ണത ഉച്ചവെയിൽ വെയിൽ ചൂടിനു മാറ്റുകൂട്ടി..
വേറെ വൈകുന്നതിന് സൂചന അവളറിഞ്ഞു ഉച്ചയ്ക്ക് മുന്നേ വീട്ടിൽ എത്തണം അതു പറഞ്ഞിട്ട് പോന്നതാണ്…പല സംഭാഷണങ്ങളും ഒഴിവാക്കാൻ പറ്റിയത് ഭാഗ്യം..വ്യക്തമായ ഒരു മടക്കം….
സമാധാനമായി…. മൗനമായി…. ആരും അറിയാതെ…അവളാ കുന്നിൻ ചെരിവു ഇറങ്ങി തുടങ്ങി ഇനിയൊരു വട്ടം കൂടി കയറേണ്ടതില്ലെന്ന ഹൃദയഭാരത്തോടെ…
വീട് എത്തുമ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. അച്ഛൻ ഊണുകഴിക്കാൻ തന്നേയുംകാത്തിരിക്കുകയായിരുന്നു.
മാർക്ക് ലിസ്റ്റ് ആദ്യം അച്ഛൻറെ കൈകളിൽ തന്നെ ഏൽപ്പിച്ചു.വീണ്ടും വീടിന്റെ ഇത്തിരി വട്ടത്തിൽ നിറഞ്ഞ സന്തോഷങ്ങൾക്കും സംതൃപ്തിക്കും ഇടയിൽ.നഷ്ടപ്രണയത്തിന്റെ പൊക്കിൾക്കൊടി ബന്ധം മുറിച്ചു മാറ്റിയതു പോലെ കോളേജും പൂർണ്ണവിരാമത്തിലായി..നാളുകൾ കൊഴിയവേ ബിഎഡ് അഡ്മിഷൻ എടുത്തു. കോളേജ് വീട്ടിൽ നിന്നും സ്വൽപം അകലെയാണ്. രണ്ടു മൂന്നു ബസ്സ് മാറിക്കയറണം. ട്രെയിൻ ആണെങ്കിൽ കുറച്ചു കൂടെ എളുപ്പം എത്താം….ഹോസ്റ്റലിൽ താമസം തയ്യാറാക്കി. കോളേജ് ക്യാമ്പസിൽ തന്നെയാണ് ഹോസ്റ്റൽ. ആദ്യത്തെ ദിവസം ട്രെയിനിൽ പോയിട്ടു നേരത്തെ ഹോസ്റ്റലിൽ എത്തി സാധനസാമഗ്രികൾ ഒക്കെ റൂമിൽ ആക്കിയിട്ടു ക്ലാസിനു ചേരാം എന്നു തീർച്ചപ്പെടുത്തി.
ക്ലാസ്സിനു ചേരേണ്ട ദിനങ്ങൾ അടുത്തു വരുമ്പോൾ അവളുടെ ഉള്ളിലും നേർത്ത പരിഭ്രമം ഇല്ലാതിരുന്നില്ല.
ആദ്യ ദിവസം കോളേജും പരിസരവും ഒക്കെ കാണാൻ അച്ഛനും പാറുവും വരാം എന്നു പറഞ്ഞു…അച്ഛനു ദൂരയാത്ര അത്ര നല്ലതല്ല ചെറിയ ശ്വാസംമുട്ടലിന്റെ പ്രയാസം ഉള്ളതാണ് എങ്കിലും ഈ കാര്യത്തിന് അച്ഛൻ കൂടിയേ തീരൂ….പോകെപ്പോകെ പിന്നീടങ്ങോട്ട് യാത്രയുടെ ഒരുക്കങ്ങൾ ആയിരുന്നു.
പുസ്തകങ്ങളും പഠനോപകരണങ്ങളും വസ്ത്രങ്ങളും ഒക്കെ ഏറെയൊന്നും ഇല്ലെങ്കിലും അടുക്കിപ്പെറുക്കി എടുത്തു വച്ചു .പോകുന്നതിന്റെ തലേ ദിവസം പാറു അവൾ ഉണ്ടാക്കിയ ചമ്മന്തിപ്പൊടിയുടേയും കടുമാങ്ങാ അച്ചാറിന്റേയും അരിമുറുക്കിന്റേയും പൊതികൾ എടുത്തു തന്റെ ബാഗിൽ വച്ചു തന്നു.
അതുകണ്ടപ്പോൾ താൻ എവിടെയോ ദൂരെ യാത്ര ചെയ്തു ജോലിസ്ഥലത്തേക്ക് പോകുന്നത് പോലെയാണ് തോന്നിയത്..പക്ഷേ അറിയാം അവളുടെ കൈകൾ കൊണ്ടു ഉണ്ടാക്കി അവളുടെ സ്നേഹം പുരട്ടിയതു ആയിരിക്കും അവയെല്ലാം….
ഏതു സ്വർഗ്ഗത്തിൽ ചെന്നു പെട്ടാലും അവയൊന്നും ഒരിക്കലും വിലകൊടുത്തു വാങ്ങാൻ പറ്റാത്ത വിധം അമൂല്യമാണ്.അന്നു രാത്രി ഏറെ നേരം കഥ പറഞ്ഞു. ഒരുപാട് നേരം പാറു ഓരോ കഥകൾ പറഞ്ഞുകൊണ്ടേയിരുന്നു.അവളെയും കെട്ടിപ്പിടിച്ചു ആണ് ഉറങ്ങിയത്. അമ്മയില്ലാത്തതിന്റെ കുറവ് അവൾ കാരണം തനിക്കു തോന്നീട്ടില്ല.
ചേച്ചിയല്ല അമ്മ തന്നെ ആയിരുന്നു അവളെനിക്ക്.
പുലർച്ചെ തന്നെ എഴുന്നേറ്റു എല്ലാവരും ക്ഷേത്രത്തിലും കാവിലും പോയി വഴിപാടു കഴിപ്പിച്ചു തൊഴുതു മടങ്ങി. വഴിനീളെ ക്ഷേത്രത്തിൽ നിന്നും കിട്ടിയ ത്രിമധുരം നുണഞ്ഞു പഴയ പാവാടക്കാരിയെപ്പോലെ നടന്നു.
റെയിൽവേ സ്റ്റേഷനിലേയ്ക്ക് കവലയിൽ നിന്ന് ഒരു ഓട്ടോ പിടിക്കേണ്ട ദൂരമേയുള്ളൂ. ബാഗും കെട്ടും പെട്ടിയും ഒക്കെ ഉള്ളതു കൊണ്ട് ബസ്സിൽ പോകാൻ വയ്യ.കൃത്യസമയത്തു ട്രയിൻ കിട്ടി. യാത്രയിലുടനീളം പുതിയ കാഴ്ചകൾ കണ്ണിനു വിരുന്നൊരുക്കി.ചെറിയ കുട്ടിയുടെ കൗതുകത്തോടെ ഓരോന്നും അവൾ ജാലകത്തിനുള്ളിലൂടെ അത്ഭുതം കൂറുന്ന മിഴികളോടെ നോക്കിക്കണ്ടു…..ദിനങ്ങളും ട്രെയിന്റെ വേഗതയിൽ കാഴ്ചകൾ മാറിമറിയും പോലെ അവളെയും മറികടന്നു പോയ്ക്കൊണ്ടിരുന്നു….അല്ലെങ്കിലും കാലചക്രം ആർക്കു വേണ്ടിയും കാത്തുനിൽക്കില്ലല്ലോ……പുതിയ സ്ഥലം പുതിയ ജീവിതം പുതിയ അനുഭവങ്ങൾ കാഴ്ചകൾ…..
എവിടെയോ ഇടനേരങ്ങളിൽ തികട്ടി വരുന്ന പഴയ കോളേജിന്റെ വരാന്തകളും മരത്തണലുകളും അസ്വസ്ഥതകൾ തരാതെ ഇരുന്നില്ല.ആ അനിഷ്ടത്തിൽ ഒളിഞ്ഞിരിക്കുന്ന അവളുടെ വേദനെയെ മറവിയിലേക്ക് കൊണ്ടുപോകാൻ അവൾ എന്നും ശ്രമിച്ചു…ബിഎഡിനു താരതമ്യേന കൂടുതൽ പഠിക്കുവാനും കൂടുതൽ എഴുതുവാനും ചെയ്യുവാനും ഉണ്ടായിരുന്നു. ഇതുവരെ പഠിച്ചതിൽ നിന്നു വ്യത്യസ്തമായ മേഖല.കോളേജിൽ അധികം സൗഹൃദവലയങ്ങളൊന്നും അവൾക്കുണ്ടായിരുന്നില്ല.
പക്ഷേ എല്ലാവരോടും സംസാരിക്കും.
പറയത്തക്ക ആത്മബൺന്ധങ്ങൾ ഇല്ലായെന്നു മാത്രം.ഇടയ്ക്കിടെ ലീവു കിട്ടുമ്പോൾ സ്കൂൾ വിട്ടു വൈകുന്നേരം വീട്ടിലേയ്ക്കു ഓടി പോകുന്ന കൊച്ചു കുട്ടിയെപ്പോലെ ധൃതി പിടിച്ചു അവൾ വീട്ടിലേയ്ക്കു തിരിക്കും….
അവളുടെ സ്വർഗം ആ കൊച്ചു വീടും അതിനുചുറ്റുമാണെന്ന് അവൾക്കും അറിയാനായിരുന്നു.പഠനത്തിൽ വിട്ടു വീഴ്ചകളൊന്നും കാണിച്ചില്ല കഴിവിനാവും പോലെ പഠിച്ചു.
ഒരു അധ്യാപികയ്ക്ക് പ്രധാനം വിദ്യാർത്ഥികൾ എല്ലാവരും താൽപര്യപൂർവ്വം താൻ പകർന്നു നൽകുന്ന വിദ്യയെ അതിന്റേതായ കൃത്യതയിൽ ഗ്രഹിക്കുക എന്നതാണെന്ന് അവൾക്ക് മനസിലായിത്തുടങ്ങി….അന്നു സാറും കടുംപിടുത്തം പിടിച്ചത് അതിനു വേണ്ടി ആയിരുന്നില്ലേ…..എന്നിട്ടു താനോ….മനസ്സിൽ അതു ഓർമ്മകളായ് നിറഞ്ഞു മായാത്ത മുറിവുകൾ സൃഷ്ടിക്കുന്നതിൽ അവൾ അസ്വസ്ഥയായി…..ഋതുക്കൾ മാറിമറയവേ താൻ പുതിയ വാതായനങ്ങൾക്കു നേരെ തുഴഞ്ഞടുക്കുകയാണെന്ന് അവൾ അറിഞ്ഞിരുന്നില്ല….അവൾ ആ നൗകയിലെ വൈഭവമൊന്നും അവകാശപ്പെടാനില്ലാത്ത ഉടമസ്ഥയായിരുന്നു. അവൾ സ്വസ്ഥമായിരുന്നു.
ചുഴികളും തിരമാലകളും കാറ്റും കോളും നിറഞ്ഞ സമുദ്രത്തിലേയ്ക്ക് ജീവിതനൗക പതിക്കുന്നതറിയാതെ….
……….തുടരും…………….
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by