രചന : ഗായത്രി സുരേന്ദ്രൻ
ഒരു നോട്ടം കൊണ്ടോ വാക്കു കൊണ്ടോ അവൾ അയാളുടെ മുന്നിൽ തന്റെ പ്രണയം തുറന്നില്ല…….. ഒരിക്കൽ അയാളതു പറയാതെ തന്നെ മനസിലാക്കുകയാണ് ഉചിതമെന്നു കരുതി……അവളൊരു മഴനീർ മുത്തുപോൽ, പരിശുദ്ധമായ്,ആ സ്നേഹത്തെ ഹൃദയമെന്ന ചെപ്പിൽ മാനം കാണിക്കാത്ത മയിൽപ്പീലിത്തുണ്ടുപോൽ സൂക്ഷിച്ചു…..വർഷാവസാനത്തിലേയ്ക്കു കടന്നതോടെ പഠനഭാരം കൂടി തിരക്കേറി.
തലങ്ങും വിലങ്ങും പരീക്ഷകൾ, പ്രൊജക്ടുകളുടെ തിരക്ക്… ഒക്കെക്കൂടി മുഴുവൻ സമയവും തീർന്നു കിട്ടും…
പ്രൊജെക്ട് തുടങ്ങിയിട്ടുണ്ട്. ഇന്നു മുതൽ ആ വിഷയത്തിലെക്കായി പ്രാക്ടിക്കൽ ടെസ്റ്റുകൾ ചെയ്യേണ്ടി വരും.അതിൽ ഏറ്റവും സന്തോഷം ദിവസം മുഴുവനും സാർ കൂടെയുണ്ടാവുമെന്നതാണ്.
ഒരു തരത്തിലും അശ്രദ്ധ കാണിക്കരുതെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു.അഡ്സോർപഷൻ അഥവാ ഒരു പ്രതലത്തിലേക്കുള്ള വസ്തുക്കളുടെ ഭൗതികമോ രാസപ്രക്രിയാ പരമോ ആയ ആകർഷണം.കേൾക്കാൻ എളുപ്പമാണ്. കുറേയേറെ സാധനങ്ങൾ ചെയ്യാൻ വേണം ….
ഗ്രൂപ്പിലെ അംഗങ്ങൾ എല്ലാം കൂടെ ഉത്സാഹിച്ച് ഏറെക്കുറെ അതൊക്കെ ശരിയാക്കി….പഴയതു പോലെ അത്ര വിരോധമൊന്നുമില്ല ആൾക്ക് തന്നോട്. പക്ഷേ പതിവിൽ കവിഞ്ഞൊരു വാക്ക് പ്രതീക്ഷിക്കേണ്ട… കിട്ടുകയില്ല….
അതാണ് സങ്കടം…… എല്ലാം ചെയ്തു തീർത്തു എന്തെങ്കിലും ഒക്കെ ഒരു നല്ല വാക്ക് പ്രതീക്ഷിക്കുമെങ്കിലും എല്ലാം ഒരു മൂളലിൽ ഒതുക്കും. എന്നാലും സാരമില്ല, ദേഷ്യപ്പെടുന്നില്ലല്ലോ……..
അതുമതി തനിക്ക്…..ഒന്നും പ്രതീക്ഷിക്കാതെ പ്രണയിക്കാനും ഒരു വല്ലാത്ത സുഖമാണ്. അത് ഒരു തരം ഉന്മാദമാണ്….തന്നിൽ നിന്നാരംഭിച്ച് തന്നിലേയ്ക്കു തന്നെ പതിക്കുന്ന സുന്ദരസ്വപ്നങ്ങളുടെ ഉന്മാദം……..
ഒരു വാക്കു കൊണ്ടു പോലും ആളെ തനിക്ക് പിടിച്ചുവയ്ക്കേണ്ട… അല്ലെങ്കിൽ തന്നെ അതു സാധ്യവുമല്ല. എന്നെങ്കിലും തന്റെ പ്രണയം അതിന്റെ പരിശുദ്ധിയോടെ തന്നിലേക്ക് എത്തിച്ചേരട്ടെ അപ്പോൾ മാത്രം മതിയാകും…..അന്നു രാവിലെ തൊട്ട് ലാബിലിരുന്ന് പ്രാക്ടിക്കൽ ചെയ്യുകയായിരുന്നു. സാർ ചട്ടം ചെയറിൽ ഇരിപ്പുണ്ട്.ഓരോരുത്തരോടും പ്രത്യേകമായി വിളിച്ചു പ്രൊജക്ട് പ്രെസന്റ് ചെയ്യേണ്ട വിധം പറഞ്ഞു മനസിലാക്കുന്നുണ്ട്….പ്രത്യേകമായ് ഒരോ കുട്ടികൾക്കും ഒരു ഭാഗം അവതരിപ്പിക്കേണ്ടി വരും അതാണ് കാര്യമായിട്ടും പറഞ്ഞുകൊടുത്തത്…
ഉച്ചയാകുമ്പോഴേയ്ക്കും തന്റെ ഊഴമെത്തി. ഉത്സാഹപൂർവ്വം ആളു പറയുന്നതു കേൾക്കാൻ വേണ്ടി അങ്ങോട്ടേയ്ക്കു നടന്നു.
“സ്പന്ദന ഏതാണ് പ്രെസന്റ് ചെയ്യുന്നത്?
അഡ്സോർപ്ഷൻ ഐസോതേമ്സ് ആണോ?”
അതെ…”പ്രൊജക്ട് റിപ്പോർട്ടിലെ കാര്യങ്ങൾ ഒക്കെ മനസിലാക്കിയതല്ലേ??”അതെ…..”പ്രസന്റ് ചെയ്യുമ്പോൾ നേരെയുള്ള ചോദ്യങ്ങൾ മാത്രമല്ല. പ്രായോഗിക തലത്തിലും ചോദ്യങ്ങൾ വന്നേക്കും….
അതും ചോദ്യവും ഉത്തരവും പോലെ അല്ല തന്റെ ആശയങ്ങൾ ആണ് പറയേണ്ടി വരിക…””ഉം…. ”
എല്ലാം ചോദ്യങ്ങൾക്കും തലയാട്ടിക്കൊണ്ടിരുന്നു. കാര്യങ്ങൾ ഗൗരവത്തോടെ പറഞ്ഞു തരുമ്പോൾ ആ കാപ്പിക്കണ്ണുകൾ കൂടുതൽ നിശിതമായ് തീരുന്നൂ…
നിറയെ കറുത്ത കൺപീലികൾ തിങ്ങിയ പളുങ്കുഗോളങ്ങൾ പോലെയുള്ള ആ കണ്ണുകളിൽ കാന്തികതയുള്ളതായ് തോന്നി. മൂക്കിന് തുമ്പത്തെ മറുകു പോലും അലങ്കാരമാകുന്നു….
ആ വലിയ കൈത്തലങ്ങളിൽ തന്റെ കൈ ചേർത്തു വയ്ക്കാൻ……ആ കണ്ണുകളുടെ കാന്തിക ശക്തിയിൽ അലിഞ്ഞുചേരാൻ….., തളരുന്ന വേളകളിൽ തണലെന്ന പോലെ കരുത്തുറ്റ ആ ചുമരുകളിൽ ചാഞ്ഞു തൃപ്തയായിരിക്കാൻ….
പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടും മനസ്സിൽ തീർത്ത വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു ഉപബോധമനസ്സ് മുന്നോട്ടു പോകുകയാണ്…..ഏറെ നേരം സ്വപ്നച്ചുഴിയിലകപ്പെട്ട പോലെ എന്തൊക്കെയോ കാതുകൾക്കരികിൽ കേട്ടതിനെല്ലാം തലയാട്ടുന്നുണ്ടായിരുന്നു.യഥാർത്ഥത്തിൽ കർണ്ണപടത്തിലേയ്ക്ക് യാതൊന്നും തന്നെ എത്തിയിരുന്നില്ല…..”സ്പന്ദനാ….”ശബ്ദത്തോടെ സാർ മേശമേൽ അടിച്ചു പേരും വിളിച്ചപ്പോഴാണ് ഞെട്ടിയത്. ഒരു നിമിഷം അവൾ പകച്ചുവെങ്കിലും കാര്യം മനസിലായതിനാൽ അവളുടെ തല കുനിഞ്ഞു….
പറഞ്ഞിട്ടു കാര്യമില്ല തന്റെ തെറ്റാണ്. ഏതോ ഒരു നിമിഷം ആ മിഴികളിൽ മനസ്സ് കൊരുത്തിട്ടുപോയി.
മറച്ചുവച്ചതെല്ലാം മനസ്സിൽ നിന്നും മറ നീക്കിയൊഴുകിയ ആ നിമിഷത്തെ അവൾ മനസ്സാ ശപിച്ചു….ഇനിയിപ്പോൾ ചോദിച്ചാൽ പോലും തനിക്ക് ഒരക്ഷരം പറയാനാകും എന്നു തോന്നുന്നില്ല. നാവു വറ്റി വരണ്ടു. ആളുടെ മുഖത്തു നോക്കാനുള്ള ധൈര്യമില്ല.തന്റെ കണ്ണിമയ്ക്കാതെയുള്ള നോട്ടം എന്തിനെ സൂചിപ്പിക്കുന്നുവെന്ന് ആർക്കും മനസിലാകാവുന്നതേയുള്ളൂ..സാർ ദേഷ്യപ്പെട്ടാൽ….പരിഹസിച്ചാൽ….പറയും മുൻപേ തിരസ്കരിച്ചാൽ….എന്തു പറയണമെന്നോ എന്തു ചെയ്യണമെന്നോ അറിയില്ല. കണ്ണുകളടച്ചു പിടിച്ചു ശകാരം കേൾക്കാൻ ശക്തിയുണ്ടാവണേയെന്നു പ്രാർത്ഥിച്ചു ഉരുകിയൊലിച്ചു ഇരിപ്പിടത്തിലിരുന്നു.
അൽപനേരം കഴിഞ്ഞിട്ടും മറുഭാഗത്തു നിന്നുള്ള പ്രതികരണം ഉണ്ടായിരുന്നില്ല. സംശയിച്ചു സംശയിച്ചു കൊണ്ടാണ് കണ്ണുകൾ തുറന്നത്.ധൈര്യമെല്ലാം ചോർന്നു പോയിരുന്നു അപ്പോഴേയ്ക്കും.കണ്ണുകളിൽ കുറേശ്ശെ നനവു പൊടിഞ്ഞു തുടങ്ങിയിരുന്നു.
മൂക്കിന് തുമ്പു ചുവന്നു. ചെറുതായ് വിറവൽ വരുന്നുവോഎന്നുംസംശയംതോന്നി….കണ്ണീരിനിടയിൽക്കൂടി സാർ ഇരുന്നിരുന്ന ഇരിപ്പിടത്തിലേയ്ക്കു നോക്കി അവിടം ശൂന്യമായിരുന്നു. ആ കാഴ്ചയോടെ മനസ്സും ശൂന്യമായതായവൾക്കു തോന്നി………
ഒന്നു വഴക്കു പറഞ്ഞില്ല, ദേഷ്യപ്പെട്ടില്ല, എന്തിന് പതിവു പോലുള്ള കുറ്റം ചെയ്താൽ ലഭിക്കുന്ന ആ കൂർത്ത നോട്ടം പോലും ഉണ്ടായിരുന്നില്ല….
പക്ഷേ………അത്………..അതാണ് പ്രശ്നം. ഒന്നു വഴക്കു പറഞ്ഞിരുന്നെങ്കിൽ, അല്ലെങ്കിൽ ദേഷ്യപ്പെട്ടു പതിവു പല്ലവികൾ ആവർത്തിച്ചിരുന്നുവെങ്കിൽ,ഇത്രമനസ്സുരുക്കമുണ്ടായിരിക്കില്ല. പക്ഷേ ഇപ്പോൾ……..ആ മനസ്സിലെന്തെന്നറിയില്ല. എന്റെ കണ്ണുകൾ അദ്ദേഹത്തിന് കണ്ണാടിയെന്നോണം മനസ്സിലെ രഹസ്യങ്ങൾ ചോർത്തിക്കൊടുത്തുവോ????!!!
പേടി തോന്നാതിരുന്നില്ല. എങ്കിലും അതിനെ കുറിച്ച് കൂടുതൽ ഗഹനമായ് ചിന്തിച്ചാൽ തല പെരുക്കുമെന്നു തോന്നി. എന്താണോ വരുന്നത് അപ്പോ നേരിടുക തന്നെ…..ലാബിലേയ്ക്കു തിരിഞ്ഞു നോക്കി.
പ്രൊജക്ട് ചെയ്തു കൊണ്ടിരുന്ന എല്ലാവരും എഴുന്നേറ്റു പോയക്കഴിഞ്ഞിരുന്നു എന്നു മനസിലായി.
വാച്ചിലേക്കു നോക്ക് സമയം ഒന്നേകാൽ.അപ്പോ ഉച്ചയൂണിനു വിട്ടിട്ടു പതിനഞ്ചു മിനിറ്റായി.
അത്രനേരമിവിടെകണ്ണുംചിമ്മിഉരുകിയിരിക്കുവായിരുന്നോ താൻ?!!!സാറും പണ്ടേ എഴുന്നേറ്റു പോയിരിക്കണം.
ഇനിയിവിടെ ഇരുന്നിട്ടു കാര്യമില്ല. തോറ്റുപോയവളെപ്പോലെ അവളുടെ ചുമലുകൾ കുനിഞ്ഞിരുന്നു. ഉതിർന്ന നീർത്തുള്ളികൾ തുടച്ചുമാറ്റി ക്ലാസിലേക്കു നടന്നു…അവിടെ അധികം പേരും ഭക്ഷണം കഴിച്ചു കഴിയാറായിരുന്നു.
പണ്ടു ചെയ്തിരുന്ന പോലെ ടിഫിൻ എടുത്തു പുറകിലേയ്ക്കൂ നടന്നു. പതിവില്ലാത്ത വണ്ണം ഒറ്റയ്ക്കു കഴിക്കാൻ ഒരുങ്ങുന്നതു കണ്ട് കൂട്ടുകാരികൾ അങ്ങോട്ടേയ്ക്കു വിളിച്ചു……സ്നേഹപൂർവ്വം നിരസിച്ചു.ഇന്നു പച്ചക്കറികൾ വഴറ്റി ഇട്ട് നെയ്ചോറും. ഉള്ളിയും തക്കാളിയും ചേർത്ത മസാലയുമായിരുന്നു.
ഇടയ്ക്കു പാറു ഉണ്ടാക്കിത്തരാറുള്ള പ്രത്യേക ഭക്ഷണം….ഒരു വറ്റിറക്കാൻ തോന്നിയില്ല.
ഉള്ളിൽ എന്തെല്ലാമോ കിടന്നു വേവുന്നു.മനസ്സാണ് വിശപ്പും ദാഹവും നിശ്ചയിക്കുന്നതെന്ന് തോന്നി..
ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പോലും അപ്പോൾ ഇഷ്ടക്കേടിനു പാത്രമാവും.എങ്കിലും രാവിലെ ഇത്ര കഷ്ടപ്പെട്ടു പാകം ചെയ്തു കൊണ്ടുവന്നത് അതേപടി അടച്ചു വച്ച് തിരികെ കൊണ്ടുപോയ് വീട്ടിലെ തെങ്ങിൻ തടത്തിൽ ഇടുവാൻ തോന്നിയില്ല…….
അതുകൊണ്ട് തന്നെ വെറുതെ കളയാൻ വയ്യ. ടിഫിൻ എടുത്തു പുറത്തേയ്ക്കു നടന്നു. കോണിപ്പടികൾ ഇറങ്ങി കോളേജിന്റെ ഇടതുവശത്തേയ്ക്ക് ഇറങ്ങാനുള്ള വാതിൽ കടന്നു മുറ്റത്തെത്തി ടാറിട്ട മുറ്റം കടന്നു താഴേക്ക് കൽപ്പടികൾ ഇറങ്ങി ക്യാന്റീനിനപ്പുറം പക്ഷികൾക്കു ഭക്ഷണം നിറയ്ക്കുന്ന പാത്രം തൂക്കിയിട്ടിട്ടുണ്ട്…
ബാക്കി വരുന്ന ഭക്ഷണം വെറുതെ കളയാതെ അവറ്റകൾക്കു വേണ്ടി പ്രത്യേകം മാറ്റിവയ്ക്കാൻ വച്ചിരിക്കുന്ന പാത്രമാണ്.അതിലേയ്ക്കു ഭക്ഷണം പകർന്നു. കൈകഴുകി വന്നു.അതിനപ്പുറം മാറിയിരുന്നു മഞ്ഞപ്പൂക്കൾ പൊഴിക്കുന്ന മരത്തിനു കീഴെ ഇരുന്നു. അവിടെ തണലാണ് . കുന്നിൻ പുറം ആയതിനാൽ ഇടയ്ക്കിടെ തണുപ്പിക്കാനെന്നോണം കാറ്റു വീശുന്നുണ്ട്.കുളിരു നിറഞ്ഞിട്ടു ചുരിദാറിന്റെ ഷാൾ കൊണ്ടു കൈകൾ പുതച്ചിരുന്നു. ശരീരത്തിനു മാത്രമാണ് കുളിരു. മനസ്സിനു വേവലാതികളുടെ ചൂടാണ്…..
ബെല്ലടിക്കും വരയ്ക്കും ഒരേയിരിപ്പിരുന്നു. ആരൊക്കെയോ വന്നു സംസാരിച്ചു. സൗഹൃദം പറച്ചിൽ ഒന്നോ രണ്ടോ വാക്കിൽ ഒതുക്കി.
ഇനിയും പ്രൊജക്ട് തന്നെയാണ്. ലാബിലേയ്ക്കു തന്നെ പോകണം. ആളെ അഭിമുഖീകരിക്കുന്നത് എങ്ങനെ എന്ന് അറിയില്ല. പക്ഷേ പോയേ പറ്റൂ…..
വിഷയം ഗൗരവമുള്ളതാണ് .പിന്നീടങ്ങോട്ട് വിറയൽ ഉണ്ടായില്ല. ഏതോ ഒരു ധൈര്യം അവളെ പൊതിഞ്ഞു. തന്നോടെന്തെങ്കിലും ചോദിച്ചാൽ….
മുഖം താഴ്ത്തി ഇനി ഇരിയ്ക്കാൻ വയ്യ. തുറന്നു പറയാം എന്താണോ ചോദ്യം അതിനു പിന്നിലെ സത്യങ്ങൾ. മനസ്സിന്റെ ചിന്തകളല്ലേ…..
അതു പറഞ്ഞുവെന്നാകയാൽ എന്താണ്?!
ആ ഭാരം ഒഴിയില്ലേ…..എവിടുന്നൊക്കെയോ എന്തെല്ലാമോ കാരണങ്ങൾ കണ്ടെത്തി മനസ്സിനെ തൃപ്തിപ്പെടുത്തി അവൾ നടന്നു.
ബാക്കി വച്ചിട്ടു പോയ എക്സിപിരിമെന്റ്സ് ചെയ്യാൻ തുടങ്ങി.ഇത്തവണ ശ്രദ്ധ പതറിയില്ല. എന്തും നേരിടാനുള്ള കരുത്തുണ്ടാവണം.
സാർ എത്തിയിട്ടും ഇല്ല….ഓരോരുത്തരും കൂടെ നിറച്ച സൊല്യൂഷൻസ് അവസാനം ടൈട്രേറ്റ് ചെയ്യാൻ തുടങ്ങി. ചില്ലുപാത്രത്തിലേയ്ക്ക് ഒരോ തുള്ളി പിങ്ക് ലായനി വീഴുമ്പോഴും അത് നിറം നഷ്ടപ്പെട്ടു അലിയുന്നു….ഓരോരുത്തരുടെ ജീവിതവും അതുപോലെ ആണെന്ന് തോന്നി. നിറം നഷ്ടപ്പെട്ടു പോകുന്നവർ……ശബ്ദം കേട്ടപ്പോൾ ആൾ എത്തിയെന്നു മനസിലായി.
പക്ഷേ തിരിഞ്ഞു നോക്കിയില്ല. അതിന്റെ ആവശ്യമില്ലെന്നു തോന്നി.ആളാണെങ്കിൽ തന്നെ വിളിക്കുന്നും ഇല്ലല്ലോ…..സംമയം അതിന്റെ പാതയിൽ യാത്ര തുടർന്നു. മിനിറ്റുകൾ കൊഴിഞ്ഞു കൊഴിഞ്ഞു വന്നു.
ഏകദേശം എല്ലാം തീർന്നു. സമാധാനം സന്തോഷം….അവളിൽ നിന്നും ഒരു നെടുവീർപ്പുണർന്നു.കണക്കുകൾ എല്ലാം കൃത്യതയോടെ ഒരു നോട്ടുബുക്കിൽ കുറിച്ചിട്ടു. ഇനിയതൊക്കെ കണക്കുകൂട്ടിക്കിഴിച്ച് മാറ്റിയെഴുതണം……സാർ പ്രൊജക്ട് റിപ്പോർട്ടിന്റെ ഒരു ഏകദേശ കോപ്പി കാണിച്ചു തരാമെന്നു പറഞ്ഞിരുന്നല്ലോ??അതു വച്ച് വേണ്ടേ ഇതൊക്കെ ടൈപ്പ് ചെയ്തെടുക്കാൻ?????”ആരോ ചോദിക്കുന്നതു കേട്ടു. അതിൽ വലിയ ആകാംഷ നൽകിയില്ല. എല്ലാം എടുത്തു ബാഗിൽ നിറച്ചു വീട്ടിലേയ്ക്കു പോകാൻ തയ്യാറായി അവൾ.”ഓ…. ഞാനതു വിട്ടു പോകുമായിരുന്നു. ഓർമ്മിപ്പിച്ചതു നന്നായി.
ഇന്ന് തരാം നാളെ മാത്രമേ അത് വിശദീകരിച്ചു പറയാൻ പറ്റൂ….കോളേജ് ടൈം ഇപ്പോ കഴിഞ്ഞില്ലേ….ആരാണ് വാല്യൂസ് ഒക്കെ എഴുതി എടുത്തിരിക്കുന്നത്??”സ്പന്ദനയാണ് സാർ”
“എങ്കിൽ ശരി പോവാൻ നേരം സ്പന്ദന ഡിപ്പാർട്ട്മെന്റിൽ നിന്ന് കോപ്പി മേടിച്ചിട്ടു പൊയ്ക്കോളൂ….അതിൽ കാൽകുലേഷൻസ് ചെയ്ത മാതിരി ചെയ്യാൻ ശ്രമിച്ചാൽ മതി….”
അതും പറഞ്ഞ് ആൾ ബുക്കും എടുത്തു നടന്നു കഴിഞ്ഞിരുന്നു. എല്ലാവരും ബാഗൊക്കെ എടുത്തു ലാബിൽ നിന്നും പുറത്തു ചാടാനുള്ള തത്രപ്പാടിലും….അവസാനമാണ് അവൾ ഇറങ്ങിയത്. മനസ്സ് ശൂന്യമായിരുന്നു. ആളെ അഭിമുഖീകരിക്കുന്നത് ആലോചിക്കാൻ പോകാതെ ചിന്തകളെ അകറ്റി നടന്നു.ഡിപ്പാർട്ട്മെന്റിന്റെ വാതിൽക്കൽ എത്തിയപ്പോൾ സ്വബോധം വന്നു.”മെ ഐ കം ഇൻ സാർ……””യെസ്….”
നോക്കിയപ്പോൾ ആളു മാത്രേ ഉള്ളൂ…
എല്ലാരും പോയിക്കഴിഞ്ഞിരുന്നു. നിസ്സംഗതയോടെ അകത്തേക്കു കയറി.”പ്രൊജക്ട് കോപ്പി ഇതാ….
ഇതു നോക്കിയാൽ ഏകദേശം മനസിലാവും.
ഇതു മുഴുവൻ കൃത്യമായി വായിക്കണം.ഇന്നിനി വീട്ടിൽ പോയാൽ ഇത് നോക്കണം…. അതുപോലെ കാൽക്കുലേഷനും….”
ഷെൽഫ് വലിച്ചു തുറന്നു ഏതൊക്കെയോ പേപ്പറുകൾ പരതിയെടുത്ത് ഒരു ബൈൻഡ് ചെയ്ത ബുക്കും കുറച്ചു പേപ്പറുകളും തന്നെ ഏൽപ്പിച്ചു കൊണ്ടാണ് ആളത് പറഞ്ഞത്…മനസ്സിൽ പേടിച്ചതു പോലെ മറ്റൊന്നും ആൾ ചോദിക്കാത്തതിൽ സമാധാനം തോന്നി. പറയുകയും അറിയുകയും ചെയ്യാതെ ഇരിക്കുന്നതാണ് നല്ലത്. ആശ്വാസത്തോടെ നടക്കാനൊരുങ്ങി….”സ്പന്ദനാ…. ഒരു മിനിട്ട്….”എന്താണോ ഭയന്നത് എന്തിനാണോ ഒളിച്ചുകളി ക്കാണ് ശ്രമിച്ചത് അതുതന്നെ വന്നിരിയ്ക്കുന്നു. ചോദ്യാവലിയാണോ എന്നൊന്നും നിശ്ചയമില്ല. രണ്ടും കൽപ്പിച്ചു തിരിഞ്ഞു.
“സാർ….”നോക്കിയപ്പോഴാണ് ശരിക്കും കണ്ണുതള്ളിപ്പോയത്. എങ്ങാണ്ടോ കിടന്ന പ്രോഗ്രസ്സ് കാർഡ് ആ ഷെൽഫുകൾക്ക് ഇടയിൽ നിന്നും തപ്പിയെടുത്തുകയ്യിൽപിടിച്ചിരിക്കുന്നു.അതെന്തിനാവോ ഇപ്പോൾ എടുത്തു പിടിച്ചത്??ഒന്നും മനസിലാവാതെ ആളുടെ മുഖത്തേയ്ക്കു മിഴിച്ചു നോക്കി നിന്നു.”ഇതെന്താന്നു മനസിലായല്ലോ….ഗ്രേഡ് കാർഡ് ആണ്…ഇപ്പോളത്തേതു മാത്രമല്ല…തന്റെ പത്താം ക്ലാസ് മുതലുള്ള ഗ്രേഡുകൾ ഉണ്ട്…”ഇതൊക്കെ അറിയാമാം പക്ഷേ പറഞ്ഞു വരുന്നതെന്തെന്ന് മനസിലാകുന്നില്ല. എങ്കിലും തലയാട്ടി.”തനിക്കു പത്താം ക്ലാസ്സിലും പ്ലസ്ടുവിലും മാർക്ക് ഉണ്ടല്ലോ പക്ഷേ ഇവിടെ ചേർന്നതിൽ പിന്നെ കുറയാൻ തുടങ്ങി.അവസാനം നടത്തിയ പരീക്ഷകളിൽ ഭേദപ്പെട്ട മാർക്ക് ഉണ്ടെങ്കിലും ഇങ്ങനെ അല്ല വേണ്ടത്.പഠിക്കുവാൻ കഴിവുണ്ടായിട്ടുംഉപയോഗിക്കുന്നില്ലഎന്നല്ലേഅതിനർത്ഥം???”എന്തൊക്കെയോ പറയുന്നു. ഒന്നും മനസിലാകാതെ അതേപടി നിന്നു.”തന്റെ ഈ ശ്രദ്ധയില്ലായ്മയ്ക്കു പിന്നിൽ മറ്റെന്തെങ്കിലും കാരണം ഉണ്ടോ???”
…..തുടരും……….
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)

by