11/04/2026

അഗ്നിമിത്ര :ഭാഗം 11

രചന : റിസ്വാന.എൻ

അപ്പോഴേക്കും അയിശുമ്മയും കുഞ്ഞിപ്പാത്തുവും കുഞ്ഞുങ്ങളെയും കൊണ്ട് അവിടെ നിന്നും ഓടി മറഞ്ഞു.. വേഗം ഓടിപ്പോയി കോവിലകത്തിന് പുറത്ത് നിൽക്കുന്ന ഉമറിന്റെ കൂട്ടുകാരോട് അകത്ത് നടക്കുന്ന കാര്യങ്ങൾ പറഞ്ഞു..അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി നിർത്തി രണ്ടാളെയും അവരുടെ കൂടെ നിർത്തിയിട്ട്, ബാക്കിയുള്ളവർ കോവിലകത്തിനകത്തേക്ക് കയറി.. ആരൊക്കെയോ ചേർന്ന് ഉമറിന്റെ കാല് ബലമായി സർപ്പ പുറ്റിനകത്തേക്ക് ഇടുന്നതാണ് അവർ കണ്ടത്..അവർ ഓടി അടുത്തപ്പോയേക്കും ഉമറിന്റെ ദേഹം നീലിച്ച് തുടങ്ങി, വായിൽ നിന്നും പത നുരഞ്ഞ് പൊങ്ങി വന്നു.. നിലത്ത് വീണ ഉമറിനെ പിടിച്ച് എഴുന്നേൽപ്പിക്കുവാൻ നിന്നപ്പോയേക്കും, ഉമറിനെ ഉപദ്രവിച്ചവർ അവരെ തടഞ്ഞു.. അവരേം ഇതേ ഗതിയിലാക്കുമെന്ന് മിത്രയുടെ അമ്മാവന്റെ മകനും മുറച്ചെറുക്കനുമായ ശബരീഷ് വർമ താക്കീത് ചെയ്ത് ഭീഷണിപ്പെടുത്തി..

അതിനെ എതിർത്ത് കൊണ്ട് ഉമറിന്റെ കൂട്ടുകാരിൽ ഒരാൾ അവന് നേരെ ചാടി വീണു, അവനെ പിടിച്ച് കുളത്തിൽ കൊണ്ട് പോയി മുക്കി താഴ്ത്തി, ഇത് കണ്ട് നിന്ന് ഒന്നും ചെയ്യാൻ കഴിയാതെ ബാക്കിയുള്ളവർ നിസ്സഹായരായി നിന്നു..
ഉമറിന്റെ അവസാന ശ്വാസവും നിലച്ചത് കണ്ട സംതൃപ്തിയോടെ “അന്ത്യകർമ്മം ചെയ്യാൻ വേണമെങ്കിൽ എടുത്തോണ്ട് പൊയ്ക്കോ, മറ്റവനതാ കുളത്തിൽ പൊങ്ങി കിടക്കുന്നുണ്ട്, അവനേം കൂട്ടിക്കോ” എന്നും പറഞ്ഞ് കലിയടങ്ങാതെ മിത്രയെ അന്വേഷിച്ച് കോവിലകത്തിനകത്തേക്ക് നടന്നു..
ഗുണശേഖര വർമയുടെ അടിയുടെ ആഘാതത്തിൽ തളർന്നിരുന്ന മിത്രയുടെ നേരെ ചെന്ന് “അവനെ ഞാൻ കൊന്നെടീ കൊന്നു, അവനെ മാത്രമല്ല അവനെ സഹായിക്കാൻ വന്ന അവന്റെ കൂട്ടുകാരനേം ഞാൻ കൊന്നു, ഇനി അവനിൽ നിനക്കുണ്ടായ ആ കുഞ്ഞുങ്ങളേം ഞാൻ കൊല്ലും.. വേണ്ടാ.. അവന്റെ ഒരു ശേഷിപ്പും ഇനി ഈ ഭൂമിയിൽ വേണ്ട.. പക്ഷേ.. നിന്നെ ഞാൻ ഒന്നും ചെയ്യില്ല, കാരണം എനിക്ക് നിന്നെ വേണം.. ഞാൻ നിനക്ക് വേണ്ടി മാത്രമാണ് കാത്തിരുന്നത്” എന്ന് ഒരു ഭ്രാന്തനെ പോലെ അലറി കൊണ്ടിരുന്നു..

ഇതെല്ലാം കേട്ട് കൊണ്ടിരുന്ന അഗ്നിമിത്ര ഭദ്രകാളിയെ പോലെ ഉറഞ്ഞ് “എന്താ… എന്താടാ നീ പറഞ്ഞത്, ഉമറിനെന്ത് പറ്റി എന്നാ പറഞ്ഞത്”
“അവനൊന്നും പറ്റിയില്ല.. ഇനി ഒന്നും പറ്റാനും ഇല്ല.. അങ്ങോട്ട് പോയി നോക്ക് ചത്ത് നീലിച്ച് കിടക്കുന്നുണ്ട് അവിടെ”ഞെട്ടി തരിച്ച് നിന്ന അഗ്നിമിത്രയോട് അടുത്ത് പോയി “അവനെന്തായാലും പോയി, ഇനി എനിക്ക് നിന്നെ സ്വന്തമാക്കാൻ, നിനക്ക് അവനിൽ പിറന്ന ആ കുഞ്ഞുങ്ങളെ കൂടി നശിപ്പിച്ചാൽ മതി” എന്ന് പറഞ്ഞ് തിരിഞ്ഞ് നടക്കാൻ ഭാവിച്ച അവന്റെ മുന്നിൽ കയറി നിന്ന്, “നീ… നീ എന്റെ ഉമറിനെ കൊന്നു അല്ലെ.. ഇനി നിനക്ക് ഞങ്ങളുടെ കുഞ്ഞുങ്ങളെ കൂടി കൊല്ലണം അല്ലെ” എന്നും പറഞ്ഞ് അവന്റെ നേരെ ‘ഭദ്രകാളി’യെ പോലെ അടുത്തു.

“ഇല്ലെടാ.. എന്റെ കുഞ്ഞുങ്ങളെ തൊടാൻ ഞാൻ നിന്നെ സമ്മതിക്കില്ല, അതിന് മുന്നെ നിന്നെ ഞാൻ കൊല്ലും.. ഒന്നെങ്കിൽ നീ അല്ലെങ്കിൽ ഞാൻ ആരെങ്കിലും ഒരാൾ മതി ഇനി ഈ ഭൂലോകത്ത്.. എന്നെ വരിക്കണമെന്ന നിന്റെ മോഹം ഞാൻ നടത്തി തരില്ല” എന്നും പറഞ്ഞ് ചുമരിൽ പരിജക്ക് അടുത്തുണ്ടായിരുന്ന വാൾ എടുത്ത് അവന് നേരെ പാഞ്ഞടുത്തു..കളരിയുടെ മൂത്താശാൻ ആഞ്ജനേയ ഗുരുക്കളുടെ അടുത്ത് നിന്ന് പതിനെട്ടടവും പയറ്റി തെളിഞ്ഞ്, മറു അടവുകൾ വരെ സ്വായത്യമാക്കിയ പ്രമുഖ ശിഷ്യരിൽ ഒരാളായിരുന്നത് കൊണ്ട് തന്നെ, മിത്രയുടെ പെട്ടന്നുള്ള ആക്രമണത്തിൽ നിന്നും ഒഴിഞ്ഞ് മാറി, അവളുടെ പക്കൽ നിന്നും വാൾ കൈക്കലാക്കി, അവളെ തന്റെ കരവലയത്തിലാക്കി..

അവന്റെ കൈളിൽ നിന്നും കുതറി മാറാൻ ശ്രമിച്ച പരാജയപ്പെട്ട മിത്ര ശബരീഷിന്റെ കൈകളിൽ കടിച്ചു.. അവൻ കൈകൾ അയച്ച തക്കത്തിന് വാൾ പിടിച്ച് വാങ്ങി വീണ്ടും അവന് നേരെ വീശി..തനിക്ക് നേരെ വന്ന വാൾ അവൻ ഒരു കൈ കൊണ്ട് തടുത്ത് മറു കൈ കൊണ്ട് മിത്രയെ പുറകോട്ട് തള്ളി.. ശബരീഷിന്റെ തള്ളലിന്റെ ശക്തിയിൽ മിത്ര, അവിടെ ഉണ്ടായിരുന്ന വിളക്കുകൾക്കിടയിലേക്ക് ചെന്ന് വീണു.. ചെരിഞ്ഞ് വീണ് തുടങ്ങിയ വിളക്കുകളിൽ ഒരു നിലവിളക്ക് മിത്രയുടെ നെഞ്ചിൽ വന്ന് പതിച്ചു..

മാധുര്യം വറ്റാത്ത അമ്മിഞ്ഞ പാൽ കിനിഞ്ഞിറങ്ങുന്ന അവളുടെ മാറിടത്തെ തുളച്ച് ആ വിളക്ക് അവളുടെ ഹൃദയത്തേയും കുത്തി നോവിച്ച് ചുടുചോരയാൽ അർപ്പണം ചെയ്തു.. ചുറ്റും കൂടിയ ഗുണശേഖരന്റെയും മറ്റും മുഖത്തേക്ക് അവളുടെ ചുടുചോര ചിതറി തെറിച്ചു.. ഒരു നിലവിളിയോട് കൂടി അഗ്നിമിത്രയുടെ ജീവൻ പൊലിഞ്ഞു.
ഇതൊന്നുമറിയാതെ അയിശുമ്മയും കുഞ്ഞിപ്പാത്തുവും വിശന്ന് കരയുന്ന കുഞ്ഞുങ്ങളുമായി, ആധിയോടെ മിത്രയും ഉമറും കൂട്ടുകാരും തിരിച്ച് വരുന്നതും കാത്ത് നിൽക്കുകയായിരുന്നു..ആ നടുമുറ്റം ചോരക്കുളമായി മാറി.. അബദ്ധ വശാലാണെങ്കിൽ പോലും തന്റെ കൈകൾ കൊണ്ട് അഗ്നിമിത്ര മൃത്യു വരിച്ചത് ശബരീഷിനെ അബോധസ്ഥനാക്കി..

സഹോദരിയുടെ ദാരുണമായ അന്ത്യം നേരിൽ കണ്ട സഹോദരങ്ങൾ, അവളുടെ നിലവിളിയിൽ അവിടെയെത്തി ചേർന്ന അമ്മക്കും ഏട്ടത്തിയമ്മമാർക്കും ആ കാഴ്ച കണ്ട് നിൽക്കാനാവാതെ ഒരു അലർച്ചയോട് കൂടി അവർ ബോധരഹിതരായി നിലത്ത് വീണു..ഇതിനിടയിൽ അകത്തെ നിലവിളി കേട്ട് ഓടി കൂടിയ കൂട്ടത്തിൽ ഉമറിന്റെ കൂട്ടുകാരും ഉണ്ടായിരുന്നു.. എല്ലാം കണ്ടു നിന്ന അവർ, ഉമറിന്റെയും തങ്ങളുടെ കൂട്ടുകാരന്റെയും മൃതദേഹങ്ങൾ എടുത്ത് കോവിലകത്തിന് പുറത്ത് കടന്നു..

അയിശുമ്മയെയും കുഞ്ഞിപ്പാത്തുവിനെയും വിവരങ്ങളൊന്നും അറിയിക്കാതെ രണ്ടാൾ അവരേം കൊണ്ട് മലബാറിലേക്ക് തിരിച്ചു.. ബാക്കിയുള്ളവർ ഉമറിന്റെയും സുഹൃത്തിന്റെയും ശരീരവുമായും തിരിച്ച് പുറപ്പെട്ടു..വഴി നീളെ കാര്യം അന്വേഷിച്ചെങ്കിലും അവർ അയിശുമ്മയെ ഒന്നും അറിയിച്ചില്ല.. കുഞ്ഞുങ്ങളുടെ കരച്ചിൽ അസഹ്യമായപ്പോൾ ഒരു ഗ്രാമപ്രദേശത്ത് കാളവണ്ടി നിർത്തി കുറച്ച് ആട്ടിൻ പാൽ അവർക്ക് കൊടുക്കുകയും, യാത്രയുടെ ആവിശ്യാർത്ഥം കുറച്ച് കയ്യിൽ കരുതുകയും ചെയ്തു..അങ്ങനെ അവർ മലബാറിലെത്തി കുഞ്ഞുങ്ങളെ തങ്ങളുടെ വീട്ടിലെ പാൽകാച്ചി വിശപ്പടക്കി എല്ലാം ഒന്ന് ഒതുക്കിയ നേരത്താണ് ഉമറിന്റെ മൃതശരീരവുമായി കൂട്ടുകാർ വീട്ടിലെത്തുന്നത്..

അത് കണ്ട് അയിശുമ്മ കുഴഞ്ഞ് വീണു.. അവർ കണ്ണ് തുറന്നപ്പോയേക്കും ഉമറിന്റെ അടക്കവും എല്ലാം കഴിഞ്ഞിരുന്നു..ഈ നേരം ശ്രീപുരത്ത്, അഗ്നിമിത്രയുടെ ശേഷക്രിയയും മറ്റും അവസാനിപ്പിച്ച് എല്ലാവരും മൂഖതാവസ്ഥയിലായിരുന്നു..കുറച്ച് ദിവസങ്ങൾ ഇരു ഭവനങ്ങളിലും ദു:ഖം തളം കെട്ടി നിന്നു.. കുഞ്ഞുങ്ങളുടെ കളി ചിരിയാൽ ഉമറിന്റെ വീട്ടിൽ നിന്നും ദു:ഖത്തിന്റെ ആഴം കുറച്ച് വിട്ടകന്നു.
കുറച്ച് നാളുകൾക്കു ശേഷം, ഉമറിന്റെ വീട്ടിലെ അവസ്ഥ കണ്ടറിഞ്ഞ ഉറ്റ സുഹൃത്ത് പരീദ് കുഞ്ഞിപ്പാത്തുവിനെ നിക്കാഹ് ചെയ്തു.. അയിശുമ്മാക്കും കുഞ്ഞിപ്പാത്തുവിനും ഉമറിന്റെ മക്കൾക്കും താങ്ങും തണലുമായി.. ഉറ്റ സുഹൃത്തിന്റെ മക്കളായ ആദമിനെയും ഹവ്വയെയും സ്വന്തം മക്കളായി കണ്ട് സ്നേഹിച്ചു..

ഇതേ സമയം കോവിലകത്ത് പല അനിഷ്ട സംഭവങ്ങളും നടന്ന് കൊണ്ടിരുന്നു.. പലർക്കും അംഗക്ഷതങ്ങൾ പറ്റി, ഭയാനകമായ അനുഭവങ്ങൾ ഉണ്ടായി.. കോവിലകത്തിന് അകത്തും പുറത്തും, പലയിടങ്ങളിലായി തെളിഞ്ഞും മറഞ്ഞും അഗ്നിമിത്രയെ കാണുന്നതായി വാർത്തകൾ പരന്നു..
ഒരിക്കൽ മോഹനപ്രതാപ വർമയുടെ ചികിത്സാവിശ്യാർത്ഥം അയൽ ദേശത്ത് പോയി രാത്രിയോടടുത്ത് തിരിച്ച് വരുന്ന ശബരീഷിനെ മിത്ര പിന്തുടർന്ന് ആക്രമിച്ചു..

തുടരും