The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന : ഗായത്രി സുരേന്ദ്രൻ
“ആഹാ….അങ്ങനെയാണോ…..വേരറ്റ ചില ചെടികൾക്ക് വീണ്ടും വേരു കിളിർക്കും, മണ്ണിന്റെ സ്പന്ദനം പോലെ മഴ പെയ്താൽ….ആ കുളിരുള്ളിൽ നിറയവേ വേവുന്ന നോവിന്റെ അഗ്നി കെടുത്തവേ ചില നഷ്ടങ്ങൾ മണ്ണിലലിഞ്ഞു ചേർന്നു മായും…പുതിയ പുലരി വിടരുമ്പോൾ നറുവെയിൽ നുകർന്നു അത് വേരുറപ്പിക്കും…ഇളം മുകുളങ്ങൾ നാമ്പിടും മൊട്ടുകൾ പതിയെ വിടർന്നു പഴയതിലും സൗരഭ്യത്തോടെപുലരിയെവരവേൽക്കും……..”ഒരു ചെറു പുഞ്ചിരിയോടെ അവൾക്കു നേരെ പുഞ്ചിരി തൂകി അവനതു പറഞ്ഞു നിർത്തവേ അവന്റെ കണ്ണുകളിൽ അവൾക്കു ഇന്നേ വരെ പരിചിതമല്ലാത്ത സൗമ്യഭാവം നിറഞ്ഞിരുന്നു…….
അവന്റെ വാക്കുകളിൽ മനസ്സുടക്കി അവൾ നിശബ്ദയായി നിലകൊണ്ടു.ആ മിഴികളുടെ തീവ്രതയെ അഭിമുഖീകരിക്കുവാനുള്ള വൈമുഖ്യം കൊണ്ടു താനെ ശിരസ്സു കുനിഞ്ഞു…അവനും അവളുടെ ഓരോ ചെറിയ ചലനങ്ങളെയും കൗതുകപൂർവം വീക്ഷിക്കുകയായിരുന്നു.
അവളിൽ മിന്നിമറയുന്ന ഭാവഭേദങ്ങളിൽ അവൻ സംതൃപ്തനായിരുന്നു…ഡോ….പൂക്കളെക്കുറിച്ചു ഇനിയും പറയാമല്ലോ..താനെന്തായിരുന്നു പറയാൻ വന്നത്??””അത്……”
പറയുവാനായി സംഭരിച്ചിരിക്കുന്ന ധൈര്യമൊക്കെ ചോർന്നു പോയതു പോലെ തോന്നി അവൾക്ക്…
അവന്റെ മിഴികൾക്കു നേരെ നിൽക്കാനുള്ള ത്രാണിയില്ലാത്തതു പോലെ…”എന്താടോ…
അതും മറന്നുവോ…സാരല്യാ.. ഇനീം സമയംണ്ടല്ലോ… ല്ലേ….”അവന്റെ കണ്ണുകളിൽ നിറഞ്ഞ കുസൃതി അവളെ തെല്ലൊന്നു അമ്പരപ്പിച്ചു.
എങ്കിലും പറയാനുള്ളത് പറയാതെ വയ്യ.
എന്തും വരട്ടെ..”ഞാൻ….എവിടുന്നു പറഞ്ഞു തുടങ്ങണം എന്ന് അറിയില്ല. ജീവിതം പ്രതീക്ഷയറ്റു നിന്നവളാണ്..ഇനിയെനിക്കു പ്രതീക്ഷിക്കാനൊന്നുമില്ലാത്ത വിധം നിസ്സഹായത അനുഭവിക്കേണ്ടി വന്നു.
ജീവിതം അവസാനിപ്പിക്കുവാൻ ശ്രമിച്ചു.
അത്….അതെന്റെ തെറ്റാണ്. എനിക്കുള്ളിൽ വളരുന്ന ജീവനെ ഇല്ലാതാക്കാൻ എനിക്ക് അവകാശമേതും ഇല്ല പക്ഷേ അപ്പോ എന്റെ തലച്ചോറിനെ ഹൃദയം കീഴ്പ്പെടുത്തിയ അവസ്ഥയിൽ ആയിരുന്നു.ആഴത്തിലേറ്റ ചില മുറിവുകൾ ഉണങ്ങുകയില്ലായെങ്കിലും അതിൽ നിന്നു കിനിയുന്ന ചോര കട്ടപിടിച്ചു രക്തപ്രവാഹം നിലയ്ക്കും…
കുഞ്ഞിനെ തന്നിട്ടു മരണത്തിലേയ്ക്ക് തന്നെ പോകണം എന്നായിരുന്നു ആഗ്രഹം പക്ഷേ….
ഇപ്പോ …..ഈ വയറിൽ നിറയുന്ന തുടിപ്പ്… അതെന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നു.
എന്തോ അറിയില്ല ഒരുപക്ഷേ അത്യാഗ്രഹം ആയിരിക്കാം എങ്കിലും….എനിക്കും എന്തെങ്കിലും ഒക്കെ പ്രതീക്ഷയോടെ ജീവിക്കാൻ…..നിങ്ങളിൽ നിന്നും പടർന്ന രണ്ടു തുടിപ്പുകളിലൊന്നിനെ എന്റെ ജീവിതത്തിന്റെ വെളിച്ചമായ് എനിക്ക് പകർന്നു തരാമോ…..ആജ്ഞാപിക്കാനൊന്നും അവകാശമില്ലെനിക്ക്….പകരം അപേക്ഷിക്കുകയാണ്…..ഒരു കുഞ്ഞിനെ എങ്കിലും എനിക്ക് സ്വന്തമെന്നു പറയാൻ, എനിക്കുള്ളതായ് കണ്ടു പോറ്റാൻ…..ആ പ്രതീക്ഷയിൽ ഞാനൊന്നു ജീവിച്ചോട്ടെ….
ഈ ജന്മം കണ്ണിനു മുന്നിൽ വരാതെഎങ്ങൊട്ടെങ്കിലും പോയ്ക്കോളാം….എന്തു വേണമെങ്കിലും പകരം ചോദിച്ചോളൂ…എനിക്ക്…..എനിക്കൊരു കുഞ്ഞിനെ തന്നൂടേ…..വീണ്ടും ജീവിക്കാൻ കൊതിച്ചു പോയ് ഒരുവളുടെ അപേക്ഷ ആയിട്ട് കരുതണം….”അവസാനവാക്കുകളും പറഞ്ഞു തീർത്തപ്പോഴേയ്ക്ക് അവൾ അയാൾക്കു മുൻപിൽ കൈകൾ കൂപ്പിയിരുന്നു.അവന്റെ കണ്ണുകളിൽ നേരിയ പുഞ്ചിരിയുടെ വെളിച്ചം മറഞ്ഞു നിന്നു….
ഉറച്ചകാൽവയ്പ്പുകളോടെഅവൻഅവൾക്കരികിലേയ്ക്ക് നടന്നടുക്കുമ്പോഴും ഞെട്ടറ്റ പൂവിതൾ കണക്കു ദൈന്യത നിറഞ്ഞിരുന്നു അവളിൽ…”ശരി…..
താനിത്രയൊക്കെ പറഞ്ഞതല്ലേ, ഒരു കാര്യം ചോദിക്കട്ടെ,ആർക്കെങ്കിലും സ്വന്തം കുഞ്ഞിനെ മറ്റൊരാൾക്കു വിട്ടു കൊടുക്കാൻ കഴിയുമോ സ്പന്ദേ…വിവാഹം എന്നത് രണ്ടു മനസ്സുകളുടെ അപൂർണ്ണമായ ശകലങ്ങളെ കൂട്ടിയോജിപ്പിച്ചു പൂർണ്ണതയിലെത്തിക്കുന്ന ഒരു മായാജാലം കൂടിയാണ്….എന്റെ ഭൂതകാലത്തിൽ നിറഞ്ഞു നിന്ന ഒരു പ്രണയം അത് എന്നെ ഇപ്പോഴും പൂർണ്ണനാക്കി നിലനിർത്തുന്നു എന്നായിരുന്നു എന്റെ വിശ്വാസം….
അതുകൊണ്ട് തന്നെ ആണ്വിവാഹംഇനിയൊന്നില്ലെന്ന തീർപ്പ് കൽപ്പിച്ചതും…ഒരു കുഞ്ഞു ജീവനെയെങ്കിലും എന്നിലൂടെ അമ്മയ്ക്കു കാണണമായിരുന്നു.
അതും കൂടി നിഷേധിക്കാൻ എനിക്ക് അവകാശം ഉണ്ടായിരുന്നില്ല.എന്നെ ഞാനാക്കിയതല്ലേ അമ്മ…
അതിനാലാണ് താൻ ഇന്ന് ഇവിടെ…..
തന്റെ ഉള്ളിന്നുള്ളിൽ വളരുന്ന ജീവൻ ഒന്നായാലും രണ്ടായാലും അത് എന്റെ ചോരയാണ്…
ആ ഒരു ഒറ്റ ചിന്ത എന്നെ സ്വാർത്ഥനാക്കുന്നു സ്പന്ദേ…….എങ്കിലും ഞാൻ……..
ഒരിയ്ക്കലും കരുതിയിരുന്നില്ല ജീവിതം നിന്നെയും എന്നെയും വീണ്ടും ഒരു വിധിയിലേക്ക് ചേർക്കുമെന്ന്….സമാന്തര രേഖകകളായിരുന്നു നാം….എന്നിട്ടും……”വാക്കുകളെ പാതിവഴിയിൽ നിർത്തി അവനൊന്നു നിശ്വസിച്ചു….”നിന്റെ അവസ്ഥ എനിയ്ക്ക് മനസിലാകാഞ്ഞിട്ടല്ല, അതുകൊണ്ട്, അതുകൊണ്ട് മാത്രം ഞാനൊരു ഇളവു ചെയ്തേക്കാം…..അതെന്താണെന്നു പറയും മുൻപേ എനിക്കു പഴയതു ചിലതറിയാനുണ്ട്.
ചിതലരിച്ചതെങ്കിലും ഉള്ളിലിന്നും അണയാത്ത ഓർമ്മയുടെ കനലുകൾ…..
ഇന്നു ഇപ്പോൾ, നീയെന്നോടു സത്യം പറയൂ….
നിന്റെ പ്രണയം അത് എന്നിലേയ്ക്കായ് തീരാൻ കാരണമെന്താണ്???ഇനിയും ഒരു ആറാത്ത കനൽത്തരി ചാരം മൂടി തന്റെ മനസ്സിന്റെ നെരിപ്പോടിൽ നിലനിൽക്കുന്നുവോ????”ആ ചോദ്യത്തിനു മുന്നിൽ ഒരു നിമിഷം അവളൊന്നു പതറി…അനുവാദം കൂടാതെ മിഴികൾ നീർത്തുള്ളികളെ സ്വതന്ത്രമായ് താഴേയ്ക്ക് പതിക്കാനയച്ചു..മഞ്ഞുകണങ്ങളുതിരും പോലവ അവളിൽ നിന്നും വേർപെട്ടു.അവന്റെ സാമീപ്യവും മനസ്സു തുറന്ന സംസാരവും അവളെ വലച്ചു.
ആദ്യമായാണ്, മറ്റെല്ലാം സംസാരിക്കാറുണ്ടെങ്കിലും കഴിഞ്ഞതൊക്കെയും വീണ്ടും ചികഞ്ഞു പുറത്തിടുന്നത്.
എന്തു മറുപടി കൊടുക്കണം താൻ…….ഉള്ളിൽ മൂടിവച്ചതൊക്കെയും കേൾക്കാൻ ആ കാതുകൾ അമർഷമില്ലാതെ ക്ഷമ കാണിക്കുമോ….
അല്ലാ, മരണത്തിനും ജീവിതത്തിനും ഇടയിലുള്ള കടുത്ത നിരാശയുടെ, പ്രതീക്ഷയറ്റ മനസ്സിന് ഇനി സത്യം പറഞ്ഞാലെന്താണ്??!!!!ഒന്നുമില്ലെങ്കിലും എല്ലാം തുറന്നു പറഞ്ഞു കൊണ്ട് ഈ ലോകത്തു നിന്നും വിട്ടൊഴിയുന്നതിന്റെ ആശ്വാസമെങ്കിലും കൂടെ കാണും.നഷ്ടപ്പെട്ട ധൈര്യം അവൾ വീണ്ടും പകർന്നെടുത്തു.”നിങ്ങൾ പറഞ്ഞതത്രയും ശരിയാണ്… ആരും സ്വന്തം ചോരയെ വേണ്ടെന്നു വയ്ക്കില്ലെന്നറിയാം. എങ്കിലും ഒരുമാത്ര ഞാനെന്നിലേയ്ക്കു ചുരുങ്ങിപ്പൊയി…ഒരേയൊരു വട്ടം ജീവിതം പിന്നെയും മോഹിപ്പിച്ചപ്പോൾ ഞാൻ സ്വാർത്ഥയായി…
തെറ്റാണ്…….. എങ്കിലും…….വേണ്ട, അർഹിക്കാത്തതാണ് പലതും ഞാൻ ആഗ്രഹിച്ചത്. അതിനൊക്കെയും അതേപടി നിരാശ മാത്രമായിരുന്നു ഫലം. ഇന്നും അതിനു മാറ്റമുണ്ടാകില്ല. അത്രേയുള്ളൂ….പക്ഷേ നിങ്ങളോടെനിക്കു രണ്ടു നല്ല വർത്തമാനം പറയാൻ ഉള്ളു പിടയ്ക്കൂന്നുണ്ട് മാഷേ….എന്താ ഇപ്പോ ചോദിച്ചത്?!!! എനിക്കെങ്ങന്യാ പ്രണയം ണ്ടായേന്നല്ലേ….താനെന്തൊരു വിഡ്ഢിയാടോ, എങ്ങനെയാ ഞാൻ തന്നോട് എനിക്ക് തോന്നിയ പ്രണയം അത് വിവരിക്യാ….ടോ, പ്രണയംന്ന് പറയണത് പറഞ്ഞു അറിയേണ്ടതല്ല താനേ തൊട്ടറിയേണ്ട ഒന്നാ..ചില കാര്യങ്ങൾക്ക് തനിക്കു എള്ളോളം വിവരം തൊട്ടുതീണ്ടീട്ടില്ല.എന്നിൽ എപ്പോഴെങ്കിലും ഒന്നു ദൃഷ്ടി പതിപ്പിച്ചാൽ ഒരിക്കൽ പോലും തനിക്കാ പ്രണയത്തിന്റെ തീവ്രതയിൽ പൊള്ളീട്ടില്ലെങ്കിൽ ഞാനാ തോറ്റു പോയത്….
തനിക്കറിയോ ഒരു കാര്യവും കാരണവും ല്ലാണ്ട് പ്രണയിക്കണതു വേറെ ഒരു രസവാ….ഞാൻ തന്നിൽ ഒന്നും കണ്ടില്ല പക്ഷേ എന്നിട്ടും കൗതുകം തോന്നി ആ കൗതുകം പ്രണയം ആണെന്നു മനസിലായപ്പോ ഉള്ളു തണുത്തു.പിന്നീടെപ്പഴോ ഇയാൾടെ എപ്പോഴെങ്കിലും മാത്രം വിരിയുന്ന ആ പുഞ്ചിരിയെ ആഗ്രഹിച്ചു തുടങ്ങി..ഞാനത് ഏറ്റവും കൂടുതൽ കണ്ടത് എപ്പഴാന്ന് അറിയോ…ഒരിയ്ക്കൽ കോളേജിൽന്ന് സർ ഒരു പെൺകുട്ടിയെ കാണാൻ പോയി. കുറച്ചു പുസ്തകങ്ങൾ ആ കുട്ടി കയ്യിൽ വച്ചു തന്നില്യേ….അപ്പോ…..ഞാൻ കണ്ടതിലേയ്ക്കും ഭംഗിയുള്ള പുഞ്ചിരി ആയിരുന്നു അത്….
അതിനോടെന്തോ… അറിയില്ലെനിക്ക്, വല്ലാത്തൊരു ഇഷ്ടം തോന്നി. ആ പുഞ്ചിരി എനിക്കായിട്ടു വിടരുന്നത് സങ്കൽപ്പിച്ചപ്പോ നെഞ്ചിൽ നിന്നു ഒരു ചിറകടി ഉയർന്നതു പോലെ….എന്റെ ഹൃദയം പാറിപ്പറന്നു നടക്കാൻ വെമ്പും പോലെ…
ഇടയ്ക്കൊക്കെ ഒളിഞ്ഞും തെളിഞ്ഞും ഞാനാ പുഞ്ചിരി കാണാൻ ഈ മുഖത്ത് നിറയുന്ന ഓരോ ഭാവഭേദങ്ങളും കാണാൻ കൊതിച്ചു,
ഇയാൾ പറയുന്ന ഓരോ വാക്കുകളും ഒരു സംഗീതം പോലെ ആസ്വദിച്ചു…ഇയാൾക്കറിയാവോ ഇയാൾ പോയ വഴികളിലൂടെ നടന്നും, ലൈബ്രറിയിൽ നിന്നു മാറിയെടുത്ത പുസ്തകങ്ങളിലൂടെ വിരലോടിച്ചും,
കൈപ്പട പതിഞ്ഞ കടലാസുകൾ നിധി പോലെ സൂക്ഷിച്ചും, ഈ മുഖം നിറങ്ങളിൽ പകർത്തിയും ഞാനെന്റെ പ്രണയത്തെ ഏറ്റവും മനോഹരമാക്കി….
മാഷ്ക്കറിയോ പ്രണയം അത് സുന്ദരമാവണംങ്കിൽ രണ്ടു ഹൃദയങ്ങൾ പരസ്പരം കൊരുക്കണംന്നു കൂടി ഇല്ല്യാ….ഒരേയൊരു ഹൃദയം നിറച്ചു പ്രണയം ണ്ടായാ മതീ….ആ ഹൃദയം നിറഞ്ഞു പ്രണയം പരന്നൊഴുകുമ്പോ അത് ഏറ്റവും മനോഹരമാകും.
എന്റെ പ്രണയം അങ്ങനെ ഒന്നായിരുന്നു ഞാൻ ഒരു നോക്കോ വാക്കോ കൊണ്ടു പ്രതീക്ഷിക്കാതെ ഇയാളെ ശല്യപ്പെടുത്താതെ അങ്ങനെ….
ഞാനതിൽ ജീവിക്കുവായിരുന്നു മാഷേ…
ഒരിയ്ക്കലും പ്രണയം പറഞ്ഞു വരായിരുന്നില്ല്യാ…
പക്ഷേ…..അതിനേക്കാൾ മുന്നേ എന്റെ ഉള്ളം ഇയാളു കണ്ടു…ആ തളിരിട്ട വസന്തത്തെ തരിശാക്കി മാറ്റുംപോലെകുറേതാക്കീതുകൾ…പക്ഷേ മാഷെ ഞാൻ കുറ്റം പറയില്ലാട്ടോ ആ സ്ഥാനത്ത് ആരായാലും അങ്ങനേ പറയൂ….അവിടെ പിടഞ്ഞു മരിച്ചതാ ന്റെ പ്രണയം… പിന്നെ അതു പൂത്തില്ല്യാ….ഇനിയും അതു പൂക്കില്യാ..
ന്റെ പ്രണയം മരിച്ചു….അല്ലാ കൊന്നു….
ഞാൻ തന്നെ….എന്തോ അറീല്ലാ ന്റെ മനസ്സ് ഇങ്ങനെ ആയിപ്പോയി…..എന്നിട്ടും മുറിഞ്ഞിടത്തു കത്തിയിറക്കും പോലെ ഇനിയും ഇതാവർത്തിക്കുന്നത് എന്തിനാ…..
ഒരു വട്ടം ഒരേയൊരു വട്ടം….. ആഗ്രഹിച്ചു പോയി…ദാ.. ഇപ്പോ അതും കളഞ്ഞു….
ഞാൻ പോവ്വായീ….നിക്ക്… നിക്കിനി ഇവ്ടെ വയ്യാ മാഷെ…ഇനിയും ഞാൻ ഇവിടെ നിന്നാ ചങ്കു പൊട്ടിച്ചത്തു പോവും ഞാൻ പുലർച്ചയ്ക്ക് ന്റെ വീട്ടിൽക്ക് പൂവും….”കരയാൻ വെമ്പുന്ന ഉള്ളത്തെ ശാസിച്ചൊതുക്കി വേദനയോടെ തിരിഞ്ഞു നടക്കാനൊരുങ്ങിയപ്പോഴാണ് പോകാൻ തടസ്സമായി നേര്യതിന്റെ തുമ്പിൽ ആളുടെ കൈ മുറുക്കിയിയത് അറിഞ്ഞത്….കൂർത്ത നോട്ടമെറിഞ്ഞു കൈ അയപ്പിക്കാൻ ശ്രമിച്ചു എങ്കിലും നേരിയ ലാഞ്ചന പോലും ആ മുഖത്ത് ഇല്ല….”ന്റെ സാരിത്തുമ്പിൽന്നു വിടൂ നിയ്ക്ക് പോണം….
ഇനീം ന്താ വേണ്ടേ??!!….”
“തന്നെ……………..!!!!””ന്ത്???????!!!!!?””തന്നേന്ന്…. ന്തേയ്, ചെവിക്കു കേൾവിക്കുറവ് ണ്ടോ???”അവൾക്കുത്തരം പറയാൻ ഉണ്ടായിരുന്നില്ല. എന്താണ് കേൾക്കുന്നതെന്നും മനസിലായില്ല. തറഞ്ഞു നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ….
“ഇനിയും വയ്യ…രണ്ടു കോണിൽ പിടികൊടുക്കാതെ…എന്നെ നീയ്യ് തോൽപ്പിച്ചു കളഞ്ഞു സ്പന്ദേ…””സർ, എന്തൊക്കെയോ പറയുന്നു….ഞാൻ… ഞാനിപ്പോൾ പോട്ടെ…”
അവൾ തന്റെ പരിഭ്രമം ഒളിപ്പിച്ചു സംസാരിക്കുവാൻ ശ്രമിച്ചുകൊണ്ടിരുന്നു.അവന്റെ കണ്ണുകളിലെ തീക്ഷ്ണത അവൾക്കു നേരിടാവുന്നതിലും അധികമായ് തോന്നി….
“നിന്റെ പ്രണയം….അത് മരിച്ചെന്നു നീ പറയുമ്പോഴും ആ തീവ്രത എന്നെ വീർപ്പുമുട്ടിക്കയാണ്…ഒരു സാധാരണ വിദ്യാർത്ഥി എന്നതിലപ്പുറം ഞാൻ നിന്നെ കണ്ടിട്ടുണ്ടായിരുന്നില്ല….കരണം എന്റെ പ്രണയത്തിനപ്പുറം എനിക്ക് കാഴ്ചയുണ്ടായിരുന്നില്ല…
നീയെന്ന് എന്റെ കൺമുന്നിൽ വീണ്ടും വന്നുവോ അന്നു തൊട്ട് നീ സ്വയം അഭിനയിക്കുകയായിരുന്നു..
നിന്റെ ഉള്ളിൽ നിന്നും പുറത്തേക്കു പതിക്കാൻ വെമ്പുന്ന പ്രണയവും ആശകളും എന്നെ വേദനിപ്പിച്ചു….അത് സൗകര്യപൂർവ്വം വിസ്മരിക്കുവാൻ ഞാൻ കിണഞ്ഞു പരിശ്രമിച്ചു. പക്ഷേ എന്നിൽ എന്തോ ഒന്ന് അതിൽ വീർപ്പുമുട്ടുന്നുണ്ടായിരുന്നു….
സഹതാപം അന്നും ഇന്നും എന്നിൽ നിന്നോട് ഇല്ല അങ്ങനെ കാട്ടിയാൽ നിന്റെ വ്യക്തിത്വത്തെ ഞാൻ മാനിക്കാത്തതു പോലായ്പ്പോകും.പക്ഷേ ചില കൊഴിഞ്ഞ ചില്ലകളിൽ തളിരിടും പോലെ പഴയപലതിനും മേലേയ്ക്ക് നീ ഓർമ്മകളിൽ ഇടം പിടിച്ചു.സ്റ്റെല്ല എനിക്ക് നോവാണെങ്കിൽ നീയൊരു പ്രത്യാശയാണ്….നീ പോലുമറിയാതെ നിന്റെ നോക്കുകളോരോന്നും എന്നോടാ പ്രണയം വിളിച്ചു പറയുന്നത് എനിക്ക് കേൾക്കാം…എന്റെ ഭൂതകാലത്തിന്റെ ദുഖച്ഛവികൾ നിന്റെ തീവ്രമായ പ്രണയം മായ്ച്ചുകൊണ്ടിരിക്കുന്നു…എനിക്കും ഇന്ന് ജീവിക്കാൻ കൊതിയാകുന്നു സ്പന്ദേ…
പുതിയ വെളിച്ചം പുതിയ തണൽ എന്നെ ജീവിതം ആശിപ്പിക്കുന്നു….ഇന്നു നിന്നെ സ്നേഹിക്കുന്നതിൽ ഞാൻ പരിമിതികൾ കാണുന്നില്ല പ്രത്യേകം കാരണങ്ങളും….ഇനിയും നിന്റെയീ ഒഴിഞ്ഞുമാറ്റം എന്നിൽ വേദന നിറയ്ക്കുന്നു…നീ പറഞ്ഞതു പോലെ ഞാൻ നിനക്കു കുഞ്ഞിനെ നൽകാം….
പക്ഷേ ആ രണ്ടു ജീവനുകൾക്കൊപ്പം എന്നേയും കരുതാമോ….നിന്റെ സാന്ത്വനത്തിൽ എന്റെ ഹൃദയം ഞാൻ വിശ്വസിച്ചേൽപ്പിക്കട്ടെ……ഇനി നിന്റെയോരോ ഹൃദയസ്പന്ദനവും യാതൊരു തടസ്സവും ഇല്ലാതെ എന്നിലേയ്ക്കെന്നു തന്നെ ഞാൻ കരുതിക്കൊള്ളട്ടെ???”
കണ്ണുകളിൽ നിറയെ തെളിമയോടെ ചുണ്ടുകളിൽ പണ്ടുകണ്ടതിനേക്കാൾ പ്രകാശത്തോടെ അവൾക്കായ് മാത്രമൊരു പുഞ്ചിരി വിടർന്നത് അവൾ കൺനിറയെ കണ്ടു….അശ്രു ധാരയായ് കവിൾ തൊട്ടു തലോടിയപ്പോൾ മടിക്കാതെ അവനാ കണ്ണുനീരവളിൽ നിന്നും തുടച്ചു നീക്കി…നേർത്ത തേങ്ങലോടെ നിലത്തേയ്ക്കു ഇരിക്കുവാൻ ആഞ്ഞ അവളെ അധികാരത്തോടെ അവൻ ചേർത്തു നിർത്തിയപ്പോൾ അവളുടെ തേങ്ങലുകൾ പൊട്ടിക്കരച്ചിലിലേയ്ക്ക് വഴിമാറി….മതിയാവോളം അവനിൽ ചേർന്നു അവൾ കരഞ്ഞു തീർത്തു.
കണ്ണീരു വീണു നനഞ്ഞ നെഞ്ചിൽ നിന്നു ഏറെ നേരത്തിനൊടുവിൽ ജാള്യതയോടെ വിട്ടുമാറുമ്പോൾ മഴപെയ്തു തോർന്ന മാനത്തു വിരിഞ്ഞ മാരിവില്ലിനേക്കാൾ അഴകാൽ അവളുടെ കവിൾത്തടം തിളങ്ങി….”ഡോ, താനിനി ഒളിച്ചുകളിക്കുവോ പറയ്…”ചിരിയോടെ ചേർത്തു പിടിച്ചു അവനതു ചോദിക്കുമ്പോൾ അവളാ പുതുമയിൽ തങ്ങി നിൽക്കുകയായിരുന്നു…..”ന്റെ കുട്ട്യോളു വായോ….അച്ഛനൊപ്പം അമ്മേം കാത്തിരിക്കാ…..”അവനു മറുപടിയെന്നോണം അവൾ കുറേശ്ശെ മാറി വരുന്ന തന്റെ ഉദരത്തിൽ കൈകൾ കോർത്തു വച്ചു ആർദ്രമായി പതിയെ മന്ത്രിച്ചു.
പ്രണയം അതിന്റെ വശ്യതയോടെ അവിടെ നിറഞ്ഞു നിന്നു ഇരു ഹൃദയങ്ങളുടേയും സ്പന്ദനം ഒരേ താളത്തിൽ സംഗീതം പോലെ മാധുര്യമേറിയതായി….രാവിന്റെ മാറിൽ ദൂരെയൊരു കോണിൽ കൺചിമ്മിയ തിളക്കമേറിയ നക്ഷത്രം അവർക്കായ് മാത്രം വെളിച്ചം തൂകി…..ആ പ്രണയം ശാന്തമായിരുന്നു….പരസ്പരമേതും പ്രതീക്ഷിക്കാതെ പ്രണയം മാത്രം നിറഞ്ഞു നിന്ന ഒന്ന്….ഒരുപാട് നോവുകളിൽ പരസ്പരം തണലേകും പോലെ കുളിരുള്ള ഒന്ന്…..ഇനി കഥ അവരിലായ് തുടരട്ടെ….അവരിലേയ്ക്കു ചുരുങ്ങട്ടെ….
ഇരു ഹൃദയസ്പന്ദനങ്ങളും പുതിയ വരികൾ എഴുതട്ടെ……………ഇനിയൊരു കാത്തിരിപ്പില്ല അവസാനവും. എന്റെ ഈ രചനയെ സ്നേഹിച്ച പ്രോത്സാഹിപ്പിച്ച വിമർശിച്ച വൈകുമ്പോൾ ശാസിച്ച ഈ വരികൾ വായിച്ച ഓരോരുത്തരോടും ഞാൻ അത്യധികം കടപ്പെട്ടിരിക്കുന്നു ഇന്നു super, waiting, sticker, nice ഒക്കെ മാറ്റി വച്ച് രണ്ടു വരി എനിക്കായി എല്ലാരും കുറിക്കണേ…അതിനു മടി വേണ്ടാട്ടോഈ കഥ എത്രത്തോളം അവതരിപ്പിക്കാൻ ആയെന്ന് നിങ്ങളീടെ വാക്കുകളിലൂടെ ആണ് ഞാൻ അറിയുന്നത്.
ഒരുപാട് ഒരുപാട് സ്നേഹം
ഗായത്രി
(Shabana Azmi ഞാൻ ചുമ്മാ ഒന്ന് എഴുതിയാലോന്ന് ചോദിച്ചപ്പോ ആദ്യത്തെ പാർട്ട് വായിച്ചു ഈ കഥ എഴുതാൻ പ്രോത്സാഹിപ്പിച്ചതിന്.
(NB: ജീവിച്ചിരിക്കുന്നവരായോ മരിച്ചവരുമായോ ഈ കഥയ്ക്ക് യാതൊരു ബന്ധവുമില്ല. കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം മാത്രമാണ്.)