19/04/2026

വേനൽമഴ : ഭാഗം 11

രചന – ഭദ്ര ശ്രീ

നിരഞ്ജന്റെ അടിയുടെ ആഘാതത്തിൽ തലകറങ്ങുന്നപോലെയൊക്കെ തോന്നി വിഷ്ണുവിന്. എന്താ ഏതാ എന്നറിയാതെ കണ്ണുംമിഴിച്ചു അവൻ എല്ലാവരെയും നോക്കി. അമ്പരപ്പ് മാറും മുന്നേ നിരഞ്ജന്റെ അടുത്ത ചോദ്യമെത്തിയിരുന്നു.

“നിനക്കൊന്നും അറിയില്ല അല്ലേ…. കള്ളിപ്പറമ്പിൽ രാജന്റെ മകൻ വിഷ്ണുവർധൻ നീ തന്നെയല്ലേ…..”

വിഷ്ണു അതേയെന്ന് തലയാട്ടി, അപ്പോഴും അടികൊണ്ട കവിളിൽ അവൻ കൈതലം അമർത്തിപിടിച്ചിരുന്നു.

“ലാസ്റ്റ് 8857 അവസാനിക്കുന്ന ഫോൺ നമ്പർ നിന്റെയല്ലേ….?”

വിഷ്ണു യാന്ത്രികമായി തലയാട്ടിയതല്ലാതെ ഒന്നും പറഞ്ഞില്ല…

“കഴിഞ്ഞ ദിവസം 11:32 AM ന് എന്റെ ഫോൺ നമ്പറിലേക്ക് വിളിച്ച് ധന്യ കേസിൽ നിന്ന് പിന്മാറിയില്ലേങ്കിൽ കുടുംബത്തോടെ തീർത്തു കളയും ന്ന് പറഞ്ഞത് എന്തിനാണെന്ന് മാത്രം പറഞ്ഞാ മതി നീ……”

“ഞാൻ…. ഞാനല്ല സാർ…. ഞാൻ ആരെയും വിളിച്ചിട്ടില്ല…..”

നിരഞ്ജന്റെ കൈ ഒരു വട്ടംകൂടി ഉയർന്നുതാണു. വേദന കൊണ്ട് വിഷ്ണുവിന്റെ ഇരുകണ്ണുകളും നിറഞ്ഞു ചുമന്നു.

“ഞാൻ പറഞ്ഞത് സത്യാ സാർ… ഞാനല്ല, ഞാനല്ല വിളിച്ചത്….”

“ഈ നമ്പർ നിന്റെയല്ലേ…..”

നിരഞ്ജൻ ഫോൺ സ്ക്രീൻ അവന് നേരെ കാട്ടി ചോദിച്ചു.

“എന്റെ നമ്പരാ സാർ… പക്ഷെ ഞാൻ വിളിച്ചിട്ടില്ല…. ഉറപ്പായും ഞാൻ വിളിച്ചിട്ടില്ല, ഞാൻ ആ സമയത്ത് ക്ലാസ്സിൽ ആയിരുന്നു….”

“കള്ളം പറഞ്ഞു രക്ഷപ്പെടാൻ ഇത് നിന്റെ ക്ലാസ്സ്‌ റൂം അല്ല….”

“എന്നെ വിശ്വസിക്ക് സാർ, ഞാൻ പറഞ്ഞത് സത്യാണ്….”

“ഓക്കേ ഞാൻ നിന്നെ വിശ്വസിക്കാം…. പക്ഷെ എല്ലാ തെളിവുകളും നിനക്ക് എതിരാണല്ലോ…..”

“ഞാനല്ല സാർ….. പ്ലീസ് എന്നെ വിശ്വസിക്കണം …. ഞാനല്ല…..”

പൊട്ടിക്കരഞ്ഞു കൊണ്ട് വിഷ്ണു നിലത്തു മുട്ടുകുത്തിയിരുന്നു. അവന്റെ കണ്ണീരിൽ കള്ളമില്ലെന്നു തോന്നിയത്കൊണ്ടാവാം നിരഞ്ജൻ അനുവിന്റെ നമ്പർ ഡയൽ ചെയ്തു.

“ഹലോ അമ്മൂ… നീ എവിടെ….”

“ക്ലാസിൽ കേറാൻ പോവാ… എന്തെ….”

“ഏയ്‌ ഒന്നൂല്ല, എനിക്കൊരു ഫേവർ വേണമല്ലോ…..”

“എന്തെ…..”

നിരഞ്ജൻ അവളോട് കാര്യമവതരിപ്പിച്ചു.

“അയ്യോ അതൊന്നും പറ്റില്ല, അറ്റൻഡൻസ് ബുക്ക് ഒക്കെ ചെക്ക് ചെയ്യാൻ ചെന്നാൽ പ്രിൻസി എന്നെ തൂക്കി പുറത്തേക്കെറിയും…..”

“പ്രിൻസിപ്പലിനോട്‌ ഞാൻ സംസാരിക്കാം… അപ്പോഴോ…..”

“എന്നാൽ ഓക്കേ….”

അനു പ്രിൻസിപ്പലിന്റെ മുറിയിലേക്ക് നടന്നു, ഡോറിൽ മുട്ടി ഉള്ളിലേക്ക് പോയി അവൾ നിരഞ്ജന്റെ കാൾ പ്രിൻസിക്ക് കൈമാറി. പെർമിഷനും കിട്ടി അനു അറ്റൻഡൻസ് ബുക്കുമായി പ്രീത മിസ്സിന്റെ ടേബിളിലേക്ക് പോയി. പരിശോധിച്ചപ്പോൾ അന്നേ ദിവസം ആ സമയത്ത് വിഷ്ണു ക്ലാസ്റൂമിൽ ഉണ്ടായിരുന്നു. അനു വീണ്ടും ഫോൺ പ്രീതമിസ്സിന്റെ കൈയിൽ കൊടുത്തു.

“വിഷ്ണു കഴിഞ്ഞ ദിവസം ക്ലാസ്സിൽ ഉണ്ടായിരുന്നോ….?”

“യെസ്, ഉണ്ടായിരുന്നു. എന്താ സാർ കാര്യം….”

“നതിങ്, നാല്പതോളം കുട്ടികളുള്ള ക്ലാസ്സിൽ, വിഷ്ണു ഉണ്ടായിരുന്നുവെന്ന് മാമിനു എങ്ങനെ ഉറപ്പിച്ചു പറയാനാവും….?”

“യെസ് ഐ ആം ഷുവർ സാർ, അന്ന് ക്ലാസ്സിൽ വിഷ്ണു ബാക്ക്ബെഞ്ചിൽ ഒരു പെൺകുട്ടിയുമായി ഇരുന്നു സംസാരിക്കുന്നുണ്ടായിരുന്നു, ക്ലാസ്സ്‌ ഡിസ്റ്റർബ് ചെയ്യുന്നത് കൊണ്ട് മൂന്നുനാല് വട്ടം ഞാൻ വാണിംഗ് കൊടുക്കുകയും ചെയ്തിരുന്നു…”

“താങ്ക് യു മിസ്സ്‌…..”

അനു ക്യാബിന് പുറത്തിറങ്ങി ഫോൺ ചെവിയോട് ചേർത്തു.

“ഹലോ…. എന്താ പ്രശ്നം….?”

“ഏയ്‌ പ്രശ്നം ഒന്നൂല്ല, പ്രശ്നദൂരീകരണമാണ്. നിനക്ക് വൈകുന്നേരം ന്താ കൊണ്ട്വരേണ്ടേ….”

“നിക്ക്…. കടലമിട്ടായി, മഞ്ഞയും ചുവപ്പും കളറിൽ ഉണ്ടച്ചിട്ട് ഇരിക്കുന്ന…..”

“ആഹ് മനസിലായി, അപ്പൊ ഓക്കേ ഞാൻ ലേശം തിരക്കിലാ ബെയ്…..”

നിരഞ്ജൻ കാൾ കട്ട്‌ ചെയ്തു വിഷ്ണുവിന്റെ നേരെ തിരിഞ്ഞു.

“നീ ക്ലാസിലായിരുന്നു, പക്ഷെ നിന്റെ ഫോണിൽ നിന്ന് എങ്ങനെയാ എന്റെ ഫോണിലേക്ക് കാൾ വരുന്നേ….., നീ അറിയാതെ, നീ ക്ലാസിൽ ആയിരിക്കുമ്പോൾ താനേ ഫോൺ അങ്ങ് കേറി വിളിക്കുവോ….?

“എനിക്ക് അറിയില്ല സാർ, ഞാൻ ജ്യോതിയോട് സംസാരിക്കാൻ വേണ്ടിയാ അന്ന് ക്ലാസ്സിൽ പോയത്, ഫോൺ രാഹുലിന്റെ അടുത്ത് കൊടുത്തിട്ടാ ഞാൻ പോയതും…..”

“ആരാ ജ്യോതി… ഓഹ് കാമുകിയാവും ല്ലേ, നീയൊക്കെ പഠിക്കാനാണോ കോളേജിലേക്ക് കെട്ടിയെഴുന്നള്ളൂന്നേ, ഇതുപോലെ എന്തേലും കന്നംതിരിവ് കാണിക്കാനും ഞങ്ങളെ പോലുള്ളവരുടെ കൈക്ക് പണിയുണ്ടാക്കി തരാനും…. ആ അതൊക്കെ പോട്ടെ ആരാ രാഹുൽ….?”

രാഹുൽ പരിഭ്രമത്തോടെ ഒരു സ്റ്റെപ് മുന്നിലേക്ക് നീങ്ങിനിന്നു.

“ഞാൻ വിളിച്ചിട്ടില്ല സാർ….”

“അതിന് ഞാൻ ഒന്നും ചോദിച്ചില്ലല്ലോ രാഹുലാ…. നീ എന്തിനാ തോക്കിൽ കേറി വെടി വക്കണേ…..”

“ഞാൻ…. ഞാനല്ല സാറേ…. ശരത് വന്നു വിളിച്ചപ്പോ ഞാൻ കാന്റീനിൽ പോയി അവന്റെ കൂടെ…. ഫോൺ അർജുന്റെ കൈയിൽ കൊടുത്താ ഞാൻ പോയെ…..”

“വിശ്വസിക്കാവോ…..?”

“മരിച്ചു പോയ എന്റെ അമ്മ സത്യമായിട്ടും ഞാൻ പറഞ്ഞത് സത്യാ….”

“ആയാ നിനക്ക് കൊള്ളാം….”

നിരഞ്ജൻ അർജുന്റെ മുഖത്തേക്ക് ഒന്ന് നോക്കി, അർജുൻ തല താഴ്ത്തിക്കളഞ്ഞു. നിരഞ്ജൻ ക്രിസ്റ്റിയുടെ നേർക്ക് തിരിഞ്ഞു, അവന് നേരെ കൈനീട്ടി. വിറക്കുന്ന അവന്റെ കൈകളിൽ പിടിച്ചു കുലുക്കുമ്പോൾ എസിയുടെ തണുപ്പിൽ പോലും ക്രിസ്റ്റി വിയർത്തു കുളിച്ചു.

“എന്താ മോനെ നിന്റെ പേര്….?”

“ക്രി… ക്രിസ്റ്റി, ക്രിസ്റ്റി സെബാസ്റ്റ്യൻ….”

“സെബാസ്റ്റ്യൻ ആരാ, അച്ഛൻ ആവും ല്ലേ….”

ക്രിസ്റ്റി ഒന്നും മിണ്ടിയില്ല.

“ഹ്മ്മ് അതൊക്കെ പോട്ടെ ഈ മരിച്ചു പോയ ധന്യ ആരാന്ന് അറിയാമോ… കണ്ടിട്ടുണ്ടോ….”

“കണ്ടിട്ടുണ്ട്….”

“എവിടെ വച്ച്….”

“കോളേജിൽ…. ജൂനിയർ ആയിരുന്നു….”

“അത് മാത്രമാണോ ക്രിസ്റ്റി മോനെ…. അങ്ങനെ നിനക്ക് ആ പെൺകൊച്ചിനെ അറിയുള്ളോ…..?”

“അത്…. സാർ… അതുപിന്നെ…..”

ക്രിസ്റ്റി അർജുന്റെ മുഖത്തേക്ക് പാളി നോക്കി, പക്ഷെ അവൻ നിലത്തു നിന്ന് കണ്ണ് എടുക്കുന്നുണ്ടായിരുന്നില്ല.

“നിന്നോട് ഞാനല്ലേ ചോദിച്ചത്… പിന്നെ നീയിത് ആരെയാ നോക്കണേ….”

“അത് സാർ…..”

“നീ പറയുന്നോ അതോ ഞാൻ പറയിപ്പിക്കണോ….?”

“വേണ്ട സാർ.. ഞാൻ പറയാം…. ധന്യ…. ധന്യ അർജുനുമായി അടുപ്പത്തിൽ ആയിരുന്നു…..”

“അടുപ്പമെന്ന് പറഞ്ഞാൽ…. പ്രേമം….?”

“അവൾക്ക് അവനെ ഇഷ്ടമായിരുന്നു, പക്ഷെ അവന് സമയംപോക്കും….”

“ഓഹോ അങ്ങനെയാണോ…. ക്രിസ്റ്റി പറ, എന്താ ധന്യ ആത്മഹത്യ ചെയ്യാൻ കരണം…..”

“അതെനിക്ക് അറിയില്ല സാർ…..”

“നീ പറഞ്ഞോടാ…. സത്യം പറഞ്ഞാ നിന്നെ ഈ കേസിൽ നിന്ന് ഞാൻ ഊരിക്കൊണ്ട് വരും ഉറപ്പ്…..”

“അത്….അത് സാർ…. ധന്യ പ്രെഗ്നന്റ് ആയിരുന്നു, അതും പറഞ്ഞ് അവർ തമ്മിൽ വാക്ക്തർക്കമായ്. അങ്ങനെയാ അവൾ ആത്മഹത്യ ചെയ്തത്….”

അർജുൻ നെടുവീർപ്പിട്ടു, പിടിക്കപ്പെട്ടു എന്ന മുഖഭാവം അവന്റെ മുഖത്തും. മറ്റുള്ളവരുടെയും അവസ്ഥ വ്യത്യസ്ഥമായിരുന്നില്ല. നിരഞ്ജൻ അർജുന്റെ നേരെ കൈയോങ്ങി, അർജുൻ രണ്ടുകണ്ണുകളും ഇറുക്കിയടച്ച് നിന്നുപോയി. പക്ഷെ എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ട് നിരഞ്ജന്റെ കൈ ഉയർന്നുതാണു, അടികൊണ്ടു നിലത്തുവീണത് ക്രിസ്റ്റി ആണെന്ന് മാത്രം.

“മുഖത്തു നോക്കി കള്ളം പറയുന്നോടാ നായിന്റെ മോനെ……”

നിരഞ്ജന്റെ ഒച്ചയും അടികൊണ്ടു നിലത്ത് വീണുകിടക്കുന്ന ക്രിസ്റ്റിയും എല്ലാരിലും ഭയവും അമ്പരപ്പും ഉണ്ടാക്കി…..

“പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പോലുമില്ലാത്ത ഗർഭം ഇപ്പൊ നിനക്കെവിടെ നിന്ന് കിട്ടിയെടാ……”

“അർജു…. അർജുൻ പറഞ്ഞതാ….”

ക്രിസ്റ്റിയുടെ സ്വരം വിറച്ചു.

“പിന്നേം പിന്നേം കള്ളം പറയുന്നോടാ….”

നിരഞ്ജന്റെ കാല് ക്രിസ്റ്റിക്ക് നേരെ ഉയർന്നതും അവന്റെ ഫോൺ ബെല്ലടിച്ചതും ഒരുമിച്ചായിരുന്നു.

അനുവായിരുന്നു.

“ഹലോ….”

“എന്താ അമ്മൂ….”

“ക്ലാസ്സ്‌ കഴിഞ്ഞു, ഞാൻ വെയിറ്റ് ചെയ്യണോ അതോ വീട്ടിൽ പോണോ….?”

“ഇത്ര പെട്ടെന്ന് കഴിഞ്ഞോ….?”

“സ്ട്രൈക്ക് ആണ്, അതോണ്ടാ ക്ലാസ്സ് ഇല്ലാത്തത്….”

“ഹ്മ്മ്… നീ ഒരു കാര്യം ചെയ്യ്‌, ഒരു ഓട്ടോ പിടിച്ച് ഇങ്ങു പോരെ.. ഞാൻ ഓഫിസിൽ ഉണ്ടാവും… അപ്പോഴേക്കും ഞാൻ ഇതൊന്ന് തീർക്കട്ടെ ട്ടോ….”

“ആഹ് ഓക്കേ…”

കാൾ കട്ട്‌ ചെയ്ത് നിരഞ്ജൻ ക്രിസ്റ്റിക്ക് നേരെ തിരിഞ്ഞപ്പോൾ അർജുൻ ഇടക്ക് കയറി പറഞ്ഞു.

“ക്രിസ്റ്റി പറഞ്ഞത് നേരാണ് സാർ…. ഞാനാ… ഞാനാ എല്ലാത്തിനും കരണം. അവളുടെ വയറ്റിൽ ന്റെ കുഞ്ഞ് ഉണ്ടായിരുന്നു, അവൾ ആത്മഹത്യ ചെയ്തതും ഞാൻ കാരണാ…. ഞാനാ അവളെ കൊന്നത്…..”

കരഞ്ഞു കൊണ്ട് അർജുൻ സകലകുറ്റവും നിരഞ്ജനോട് ഏറ്റുപറഞ്ഞു.

“അവളുടെ വയറ്റിലെ കൊച്ച് നിന്റെയാണെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്…..”

നിരഞ്ജന്റെ ആ ചോദ്യം വെള്ളിടി പോലെ എല്ലാവരുടെയും കാതിൽ അലയടിച്ചു.

ആർക്കും ഒന്നും മിണ്ടാനോ പറയാനോ കഴിയാത്ത അവസ്ഥ.

“ക്രിസ്റ്റി പറ, ആരാ അവളുടെ ഗർഭത്തിന്റെ ഉത്തരവാദി…. സത്യം മാത്രേ പറയാവൂ, എന്റെ കൈയിന്റെ ചൂട് അറിയാൻ നിക്കണ്ട.

കള്ളം പറയാം എന്നൊരു ധാരണ ഉണ്ടേൽ അതും വേണ്ട, ക്രിസ്റ്റി പറ…. ആരാ ആ കുഞ്ഞിന്റെ അച്ഛൻ…..?”

“അത്…. അത്….”

“നിനക്ക് മടിയാണെങ്കിൽ ഞാൻ തന്നെ പറയാം….

ധന്യ മരണപ്പെടുമ്പോൾ മൂന്നര മാസം ഗർഭിണിയായിരുന്നു. ശരിയല്ലേ ക്രിസ്റ്റി സെബാസ്റ്റ്യൻ…..?”

നിരഞ്ജൻ ഒന്ന് നിർത്തി തുടർന്നു.

“മരണകാരണം കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണപ്പോൾ തലക്കേറ്റ അടിയാണെങ്കിലും മരണപ്പെടും മുൻപ് ധന്യയുടെ വയറ്റിൽ കനത്ത ആഘാതമെറ്റിരുന്നു.

മൽപിടിത്തം ഉണ്ടായതായും സംശയമുണ്ട്, അതായത് ആത്മഹത്യയല്ല, കൊലപാതകം ആണെന്ന് സാരം….”

നിരഞ്ജന്റെ വെളിപ്പെടുത്തലുകൾ ഓരോന്നും നാലാളുടെ മുഖത്തും അമ്പരപ്പുണ്ടാക്കി, ഒരാളുടെ മുഖത്തു മാത്രം പരിഭ്രമവും…

“പറയ് ക്രിസ്റ്റിമോനെ… ഞാൻ ആയിട്ട് പറയുന്നതിലും നല്ലതല്ലേ നീ തന്നെ പറയുന്നത്….”

“അതേ…. ഞാൻ തന്നെയാ അത് ചെയ്തത്…. എനിക്ക് അത് ചെയ്തേ പറ്റുള്ളായിരുന്നു, എനിക്ക് നിലനിൽക്കാൻ അവൾ ഇല്ലാതാവണം…. അതുകൊണ്ടാ… ഞാനാ…. ഞാനാ ചെയ്തത്…..”

ഇരുകൈകളും ചെവിയുടെ രണ്ട് ഭാഗങ്ങളിൽ അമർത്തി അലറിക്കൊണ്ട് ക്രിസ്റ്റി വെറുംനിലത്തിരുന്നു. അർജുൻ അടക്കം എല്ലാവരും ആ ഷോക്കിൽ തരിച്ചു നിന്നപ്പോൾ നിരഞ്ജന്റെ മുഖത്ത് മാത്രം പുഞ്ചിരി പടർന്നു

💞തുടരും