The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – Shyama chandrasekharan
“ഒരു പെണ്ണിന്റെ ജീവിതത്തിലെ അവസാന കാലം എങ്ങനെ ആവും എന്ന് ചിന്തിച്ചിട്ടുണ്ടോ നിങ്ങൾ എപ്പോഴെങ്കിലും…….. പുരുഷനെ പോലെയാവില്ല ഒരിയ്ക്കലും അത്…ഓരോ മണ്ണുമാറ്റങ്ങളിലും പറിച്ചു നടപ്പെടുന്നൊരു പൂച്ചെടി പോലെ.. ഓരോ കാലങ്ങളിൽ ഓരോ ഇടങ്ങളിൽ.. ഭാവങ്ങളിൽ..ആണ് അവളുടെ സ്ഥാനം… പതിനെട്ടോ.. ഇരുപതോ വയസ്സുവരെ ജനിച്ചു വളർന്ന ഇടമായിരുന്നു അവളുടെ സ്വർഗം…
ഇടയ്ക്കെപ്പോഴോ സീമന്ത രേഖയിൽ ചുവപ്പ് രാശി പടർന്ന നിമിഷത്തിൽ… അവളുടെ സ്വർഗ്ഗരാജ്യം…മറ്റൊരു വീട്ടിലെ.. അകത്തളത്തിലേയ്ക്ക്മാറ്റിയെഴുതപ്പെട്ടു.. ഇടയ്ക്കു പിണങ്ങിയും ഇണങ്ങിയും… കൂട്ടിനു ഒന്നോ രണ്ടോ കിളി കൊഞ്ചലുകളും..അത്രയും മതിയായിരുന്നു അവൾക്കാ സ്വർഗ്ഗത്തിലെ റാണിയാവാൻ..സ്വന്തം വീട്ടിലെ വിരുന്നുകാരിയാവാൻ…കാലം ആരെയും കാത്തു നിൽക്കില്ലെന്നു പറഞ്ഞ പോലെ.. അവളെയും കാത്തു നിന്നില്ല.. അമ്മയായും.. ചേട്ടത്തിയായും.. ചിറ്റയായും..ഇടയ്ക്കൊരു നാളിൽ… അമ്മായിയമ്മയും മുത്തശ്ശിയും ആയവൾ..വാർദ്ധക്യത്തിന്റെ വെള്ളി രേഖകൾ അവളിൽ പടർത്തിയ ആലസ്യത്തിൽ..പലവഴി പിരിഞ്ഞ മക്കളിടങ്ങളിൽ..അവളും നേർപാതിയും തങ്ങൾക്കു തങ്ങൾ മാത്രമായി.. മുഖത്തോട് മുഖം നോക്കിയിരിയ്ക്കും കുറച്ചു കാലം..
ഒടുവിൽ ഒരു യാത്ര പോലും പറയാതെ പടിയിറങ്ങി പോകുന്നവന്റെ മൂർദ്ധവിൽ അമർത്തി ചുംബിയ്ക്കുന്ന നിമിഷം മുതൽ അവളൊറ്റയാണ്…പിന്നീടങ്ങോട്ട് അവളുടെ ജീവിതം ഓരോ മക്കളിടങ്ങളിലാണ്..ഇന്ന് നിന്റെ കൂരയില്ലെങ്കിൽ നാളെ അവന്റെ മണി മാളികയിലാണ്…ഉറക്കമില്ലാത്ത രാവുകൾ എണ്ണിത്തീർത്തു കൊണ്ട്…അവളിന്നും അലയുന്നുണ്ട്…അവസാന നാളിന്റെ ഊഴവും കാത്ത്..