”എന്താടീ ഈ ഉണ്ടാക്കി വെച്ചിരിക്കുന്നത്? എന്തെങ്കിലും ചെയ്യുമ്പോൾ അതൊരു മനുഷ്യന് തിന്നാൻ പറ്റുന്നതാണെന്ന ബോധം വേണം! അതെങ്ങനെയാ, വഴിപാട് കഴിക്കുന്നത് പോലെയല്ലേ ഓരോന്ന് ചെയ്യുന്നത്?”
അത്രയും പറഞ്ഞുകൊണ്ട് ഭക്ഷണത്തളിക മുന്നിലേക്ക് തട്ടിത്തെറിപ്പിച്ച് എഴുന്നേറ്റ് പോകുന്ന വിക്രമിനെ നിർവികാരതയോടെ അവൾ നോക്കി.
”എന്താ സുമി നിന്റെ പ്രശ്നം? നിനക്കല്ലേ ദോശയും ചട്ണിയും ഇഷ്ടമുള്ളത്? കറിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അമ്മ തൈര് തരാം!”
നിർമ്മല വാത്സല്യം കലർത്തി അത് പറയുമ്പോൾ വിക്രം അത് കേൾക്കാൻ പോലും നിൽക്കാതെ മുകളിലേക്ക് പോയിരുന്നു.
നിർമ്മല തിരിച്ചു നോക്കുമ്പോൾ കാണുന്നത് കണ്ണിൽ വെള്ളം നിറച്ചു നിൽക്കുന്ന സുമിതയെ ആണ്.
”അവന് അവന്റെ അച്ഛന്റെ അതേ സ്വഭാവമാണ്. പ്രഭാകരൻ സാറിന് എന്തെങ്കിലും ഇഷ്ടമായില്ലെങ്കിൽ ഇതുപോലെ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകും!”
വലിയ അഭിമാനത്തോടെ നിർമ്മല പറയുന്നത് കേട്ടപ്പോൾ കൂടുതലൊന്നും പറയാനില്ലാതെ സുമിത അടുക്കളയിലേക്ക് നടന്നു.
അല്ലെങ്കിലും അമ്മായിയമ്മയുടെ സ്വഭാവം കല്യാണം കഴിഞ്ഞ് വന്ന നാൾ മുതൽ വിചിത്രമായി അവൾക്ക് തോന്നിയിട്ടുണ്ട്. ഭർത്താവിന്റെ കാൽക്കീഴിലാണ് ഭാര്യയുടെ സ്ഥാനം എന്ന് വിശ്വസിക്കുന്ന, കാലഹരണപ്പെട്ട ചിന്താഗതിക്കാരിയായിരുന്നു അവർ.
അക്ഷരാർത്ഥത്തിൽ അതായിരുന്നു നിർമ്മല. റിട്ടയർഡ് ഉദ്യോഗസ്ഥനായ പ്രഭാകരന്റെ ആജ്ഞകൾക്കനുസരിച്ച് ജീവിക്കുന്ന ഒരു വീട്ടമ്മ. അവർക്ക് വെച്ചുണ്ടാക്കി വിളമ്പി കൊടുക്കണം എന്നല്ലാതെ മറ്റൊരു മോഹവും ആ മനസ്സിലില്ല.
”സുമി…!!”
വീണ്ടും മുകളിൽ നിന്ന് വിക്രമിന്റെ ശബ്ദം ഉയർന്നു കേട്ടു. സുമിതയ്ക്ക് വല്ലാത്ത ഭയം തോന്നി.
”ആരു വിളിക്കുന്നത് കേട്ടില്ലേ, വേഗം ചെല്ല്!”
നിർമ്മല അത് പറയുമ്പോൾ അവൾ അവരെ ഒന്ന് നോക്കി. വേഗം പോയി കിട്ടാനുള്ളത് മേടിച്ചിട്ട് വാ എന്നാണ് ആ പറഞ്ഞതിന് അർത്ഥം. ഭർത്താവിന്റെ കയ്യിൽ നിന്ന് അടിയും തെറിയും വാങ്ങുന്നതും ഭാര്യമാർക്ക് അന്തസാണത്രേ!
സുമിത പമ്മിപ്പതുങ്ങിയാണ് മുറിയിലേക്ക് ചെന്നത്.
”എന്താടീ ഇത്? നിന്റെ അച്ഛനെപ്പോലെ കൂലിപ്പണിക്കു പോവുകയല്ല ഞാൻ. എനിക്ക് അന്തസ്സായി ബാങ്കിൽ ജോലിയുണ്ട്! നിനക്കും നിന്റെ വീട്ടുകാർക്കും ഒക്കെ ഇത്തരം വൃത്തിഹീനമായ ചുറ്റുപാടിൽ ജീവിച്ചു ശീലമായിരിക്കും, പക്ഷേ എനിക്ക് അങ്ങനെയല്ല!”
എന്തൊക്കെയോ അയാൾ പറയുന്നുണ്ട്. ഇസ്തിരി ഇട്ടുവെച്ച വസ്ത്രത്തിൽ ചെറിയ ചുളിവ് കണ്ടുപോലും! ഇവിടെ രാവിലെ മുതൽ തുടങ്ങുന്ന ജോലിയാണ്. നിർമ്മല അമ്മ ജോലി ചെയ്യാൻ സഹായിക്കും, പക്ഷേ ഒരു ആയുസ്സ് മുഴുവൻ ഈ കുടുംബത്തിനുവേണ്ടി ജോലിചെയ്ത് അവരുടെ ആരോഗ്യം ഇപ്പോൾ ക്ഷയിച്ചിരിക്കുന്നു. അത്രയും വയ്യാത്ത അവരോട് എന്തെങ്കിലും ചെയ്യാൻ പറയാനും സുമിതയ്ക്ക് മനസ്സ് വന്നില്ല. അതുകൊണ്ട് വീട്ടിലെ എല്ലാ ജോലികളും അവൾ തന്നെയാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു ജോലിക്കാരിയെ വെക്കാൻ പറഞ്ഞാൽ വരുന്നവർക്കൊന്നും വൃത്തി കാണില്ല എന്ന് പറഞ്ഞ് അതുപോലും വിക്രം നിഷേധിക്കും.
പ്രതിഷ്ഠിത കുടുംബത്തിൽ നിന്നുള്ള വിക്രമിന്റെ വിവാഹാലോചന വരുമ്പോൾ ഒരുപാട് പറഞ്ഞു നോക്കിയതാണ് അവൾ ഇത് വേണ്ട എന്ന്. അന്നേരം അച്ഛന്റെ സങ്കടം കണ്ടിട്ടാണ് പിന്നെ സമ്മതം മൂളിയത്. കുറഞ്ഞ സ്ത്രീധനം കിട്ടിയ വീട്ടിൽ നിന്ന് പെണ്ണ് കൊണ്ടുവന്നത് എല്ലാ ജോലിയും ചെയ്യാൻ വേണ്ടിയാണത്രേ!
പലപ്പോഴായി ഇക്കാര്യം പറയുന്നുണ്ട്. വിക്രമിന്റെ കാട്ടിക്കൂട്ടലുകൾ കണ്ടിട്ട്, അച്ഛൻ അയാളുടെ കയ്യിൽ നിന്ന് പണം കടം വാങ്ങിയതിന് പകരം എന്നെ വിറ്റതുപോലെ തോന്നി.
എല്ലാം സഹിക്കാം, കിടപ്പറയിൽ ഉള്ള അയാളുടെ ചെയ്തികളാണ് സഹിക്കാൻ പറ്റാത്തത്. ശരീരത്തിലെ മൃദുല ഭാഗങ്ങളിൽ മുഴുവൻ അയാൾ കടിച്ചു പറിക്കും. അന്നേരം കരയുമ്പോൾ അത് അയാളുടെ വികാരത്തെ വർദ്ധിപ്പിക്കും.
കിടപ്പറയിൽ ശരിക്കും ഒരു സൈക്കോ തന്നെയായിരുന്നു അയാൾ.
ബിരുദാനന്തര ബിരുദം കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. തുടർപഠനത്തിന് അഡ്മിഷനും കിട്ടിയതായിരുന്നു. പഠിപ്പിക്കാം എന്നൊരു വാക്കിന്റെ പുറത്താണ് ഞാനും കല്യാണത്തിന് സമ്മതിച്ചത്. എന്നാൽ ഇവിടെ വന്നപ്പോഴാണ് മനസ്സിലായത് അത് വെറും വാക്കായിരുന്നു എന്ന്.
അല്ലെങ്കിലും ഈ വീട്ടിലെ ജോലി കഴിഞ്ഞാൽ പിന്നെ പഠിക്കാൻ പോകാൻ ഒന്നും സമയം ഉണ്ടായിരുന്നില്ല.
ഇതിനിടയിൽ ഗർഭിണിയായി. പക്ഷേ അയാൾക്ക് ഇപ്പോൾ ഒരു കുഞ്ഞു വേണ്ട എന്നും പറഞ്ഞ് എന്റെ സമ്മതമോ അനുവാദമോ കൂടാതെ അയാൾ അതിനെ അബോർട്ട് ചെയ്യിച്ചു കളഞ്ഞു.
അതുകൂടി ആയപ്പോൾ അവിടെ പിടിച്ചുനിൽക്കാൻ പറ്റാത്ത അവസ്ഥയായി. സ്വന്തം കുഞ്ഞ് ഭാര്യയുടെ വയറ്റിൽ കുരുത്തിരിഞ്ഞിട്ടുണ്ട് എന്നറിഞ്ഞിട്ടും അതിനോട് ഒരു തുള്ളി സ്നേഹം പോലും ഇല്ലാതെ കൊണ്ടുപോയി നശിപ്പിച്ചവന് ആരോട് എന്ത് സ്നേഹം ഉണ്ടാകാനാണ്?
ഇനിയും അയാളുടെ ഉപദ്രവം സഹിച്ച് ഒരു അടിമയെപ്പോലെ ഇവിടെ നിൽക്കുന്നതിൽ അർത്ഥമില്ല എന്ന് മനസ്സിലായി. എന്തോ ഒരു കുറ്റവും പറഞ്ഞ് അടിക്കാൻ തോന്നിയ അയാളുടെ കൈ പിടിച്ചുവെച്ച് ആദ്യത്തെ പ്രതിഷേധം അറിയിച്ചു.
അതോടെ അയാൾ കൂടുതൽ ഉപദ്രവിക്കാൻ വന്നു. കറി കരിയുന്ന കത്തി അവിടെ ഇരിക്കുന്നുണ്ടായിരുന്നു, അതെടുത്ത് വീശി. അയാളുടെ നെഞ്ചിൽ അതൊരു ചെറിയ പോറൽ സൃഷ്ടിച്ചു. ഒട്ടും ആഴം ഇല്ലാതെ, എന്നാൽ അയാൾക്ക് എന്നെ ഭയം തോന്നുന്ന വിധത്തിൽ ഒരു പോറൽ.
അതോടെ അയാൾ ഭയന്ന് അകന്നുമാറി. എനിക്ക് ഭ്രാന്താണ് എന്നായിരുന്നു പിന്നീട് വരുത്തിത്തീർത്തത്. അങ്ങനെയെങ്കിൽ അങ്ങനെ. അയാൾ എന്നെ സ്വന്തം വീട്ടിൽ കൊണ്ടുപോയി ആക്കി. എനിക്ക് ഭ്രാന്തുണ്ട് എന്നതിന് തെളിവുകൾ നിരത്തി ഡിവോഴ്സ് വാങ്ങി എടുത്തു.
എന്റെ വീട്ടിലെത്തി കാര്യങ്ങൾ തുറന്നു പറഞ്ഞപ്പോൾ ഭാഗ്യത്തിന് അച്ഛൻ എന്റെ കൂടെ നിന്നു.
അച്ഛന് ഒരു തെറ്റ് പറ്റിയതാണ്, ഇനി അതിനെക്കുറിച്ചൊന്നും ചിന്തിക്കേണ്ട, ബാക്കി പഠിത്തം തുടർന്നോളാൻ പറഞ്ഞപ്പോൾ വല്ലാത്ത സന്തോഷം തോന്നി. അയാൾക്ക് കൈ പിടിച്ചു കൊടുക്കുമ്പോൾ എനിക്ക് തന്ന സ്വർണ്ണം മുഴുവൻ അയാൾ തിരിച്ചുതന്നു. അതിൽ നിന്ന് കുറച്ചെടുത്ത് വിറ്റ് പഠനം ആരംഭിച്ചു. ഏറെ വൈകാതെ അയാളുടെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞു, പക്ഷേ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. പുതിയതായി വന്ന പെൺകുട്ടി കൃത്യമായി അയാളുടെ കൊള്ളരുതായ്മകൾക്കെതിരെ പ്രതികരിച്ചു. ഇന്ന് ജോലിയും നഷ്ടപ്പെട്ട് സ്ത്രീപീഡനത്തിന് ജയിലിലാണ് അയാൾ.
അത് വേണം, ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടായിരിക്കും.
പഠിച്ച കോളേജിൽ തന്നെ ടീച്ചറായി ജോലിക്ക് ചേരുകയാണ് ഇന്ന്. ഇനി മനസ്സിനിണങ്ങിയ, എന്റെ സ്വാതന്ത്ര്യങ്ങൾ അംഗീകരിച്ചുതരുന്ന ഒരാളെ പങ്കാളിയായി കണ്ടുപിടിക്കണം. അച്ഛനും ഇപ്പോൾ ഹാപ്പിയാണ്. ഞാൻ ഒരു ജോലിക്കും വിടുന്നില്ല. എന്റെ ശമ്പളം മതി ഞങ്ങൾക്ക് സുഖമായി ജീവിക്കാൻ.
ശുഭം

by