22/04/2026

ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയെക്കാട്ടിലും വലുതാണ് ഇന്നലെ കണ്ട അവനെങ്കിൽ നീ ചാകുന്നത് തന്നെയാ നല്ലത്.”

രചന – ശാരി പി പണിക്കർ

“ചാവണോ നിനക്ക്? പോയി ചാവ്. ഇത്രയും കാലം വളർത്തി വലുതാക്കിയ അച്ഛനേയും അമ്മയെക്കാട്ടിലും വലുതാണ് ഇന്നലെ കണ്ട അവനെങ്കിൽ നീ ചാകുന്നത് തന്നെയാ നല്ലത്.” ഇങ്ങനെയൊക്കെ അച്ഛൻ പറയുമെന്ന് പ്രതീക്ഷിച്ചാണ് മുറിയുടെ വാതിൽ തുറന്നത്. പക്ഷേ… കരഞ്ഞു കലങ്ങിയ അച്ഛന്റെ കണ്ണുകളാണ് എതിരേറ്റത്. “മോളേ ദേവൂ… അച്ഛനൊരു കാര്യം പറഞ്ഞോട്ടെ? മോള് കേട്ടാൽ മതി. അനുസരിക്കണമെന്ന് പറയില്ല.” “എന്താച്ഛാ?” “മോളുടെ കാലു പിടിക്കാം ഈ അച്ഛൻ. ഈ ബന്ധം വേണോ മോൾക്ക്.” “അച്ഛാ പ്ലീസ്. ” “അച്ഛന്റെ സ്വാർത്ഥയാ. അറിയാം. മോളു പറയുന്നതോക്കെ ശരിയാണ്. നല്ല ചെറുക്കനാണ് സജിത്ത്. നല്ല സ്വഭാവവുമാണ്. പക്ഷേ അവന്റെ കുടുംബം, വിദ്യാഭ്യാസം,സാമ്പത്തികം ഇതൊക്കെ നോക്കുമ്പോൾ… വീടിന്റെ ആധാരം വച്ചിട്ടാ മോളെ പഠിപ്പിക്കുന്നത്. പഠിച്ചിറങ്ങിയാൽ നല്ല ശമ്പളത്തോടെ ജോലിയും ഉറപ്പാ. അപ്പോൾ മോൾക്ക് അവൻ ചേർച്ചയില്ലാത്തവനായി മാറും. മോളുടെ പ്രായത്തിന്റെ കുഴപ്പം കൊണ്ടാ ഇങ്ങനെയൊക്കെ സംഭവിച്ചത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ… പണ്ടേ മോളെ പറഞ്ഞു മനസിലാക്കിയേനെ.”

“സജിത്തിനെ ഒരിക്കലും ചേർച്ചയില്ലാത്തവനായി എനിക്ക് തോന്നില്ല. ഞങ്ങളൊന്നിച്ചു ജീവിച്ചു തുടങ്ങുമ്പോൾ നല്ല കഷ്ടപ്പാടായിരിക്കും, ചിലപ്പോൾ പട്ടിണി കിടക്കേണ്ടി വരുമായിരിക്കും. പിന്നെ എല്ലാം ശരിയാകും.” “നീ കഷ്ടപ്പെടുന്നത് കാണാനാണോ ഇത്ര കഷ്ടപ്പെട്ടു നിന്നെ ഞങ്ങൾ വളർത്തിയെ. ഞങ്ങൾക്കിനി കുറച്ചു കാലം കൂടിയെ ഉള്ളൂ. അത്രയും കാലം നീ സന്തോഷമായി ജീവിക്കണം. ആ അഴുക്കുചാലിലോട്ട് നിന്നെ വിട്ടാൽ പിന്നെ അധിക കാലം ഉണ്ടാവില്ല ഞങ്ങൾ. അത് കണ്ട് നീറി നീറി മരിക്കും. അതാണോ മോൾക്ക് കാണേണ്ടത്?” “അതല്ല അച്ഛാ. ആ ജീവിതത്തിൽ ഞാൻ സന്തോഷവതിയായിരിക്കും.” “അതൊക്കെ ഇപ്പോൾ പറയും. കുറച്ച് കഴിയുമ്പോൾ കാണാം. മോളെ…അച്ഛനെന്ന നിലയിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, മോളെ ഒരു കുറവും വരാതെ നോക്കിയതാ. വീട്ടിലെ അവസ്ഥ മനസ്സിലാക്കി ജീവിച്ചാലേ അച്ഛനമ്മമാരുടെ കഷ്ടപ്പാടിന്റെ വിലയറിയൂ. ഞാനിനി ഒന്നും പറയുന്നില്ല. അമ്മയോട് പറഞ്ഞിട്ട് മോള് ഇറങ്ങിക്കോളൂ. അമ്മയുടെ അസുഖത്തെ പറ്റി ഞാനൊന്നും മോൾക്ക് പറഞ്ഞു തരേണ്ടല്ലോ? അത് കേട്ടിട്ട് അമ്മയങ്ങ് പോകുവാണെങ്കിൽ… അച്ഛനേയും കൂടി അങ്ങോട്ട് പോകാൻ ഒരു വഴി പറഞ്ഞു തരണം.”

“അച്ഛാ… ഇങ്ങനെയൊന്നും പറയാതെ. ഞാനെന്താ വേണ്ട? അച്ഛൻ പറയുന്നതു പോലെ കേൾക്കാം.” “മോളവനെ മറക്കണം.” “മറക്കാം.” “പിന്നെ ശരത്തിനെ വിവാഹം കഴിക്കാൻ സമ്മതിക്കണം.” “നമ്മുടെ ശരത്തേട്ടനോ?” “ഹും. കഴിഞ്ഞ ദിവസം ശരത് വന്നു പെണ്ണ് ചോദിച്ചിരുന്നു. നമ്മുക്ക് നന്നായി അറിയാവുന്ന പയ്യനല്ലേ? മോള് പേടിക്കേണ്ട. ഇപ്പോ വാക്ക് കൊടുത്തു വെക്കാം. ശരത്താണെങ്കിൽ വെളിയിൽ പോകുന്നുണ്ട്. തിരിച്ചു വന്നിട്ട് കല്ല്യാണം നടത്താം. അപ്പോഴത്തേക്ക് മോളുടെ പഠിത്തവും കഴിയും. ” “ശരിയച്ഛാ” പിന്നെ ഒരു വാക്കുക്കൊണ്ട് പോലും അവളെതിർക്കാൻ നിന്നില്ല. അങ്ങനെ വീട്ടുക്കാർക്ക് വേണ്ടി എല്ലാം വേണ്ടെന്നു വച്ചു. ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി സജിത്തിനെ ജീവിതത്തിൽ നിന്ന് ഒഴിവാക്കി. പിന്നെ ശരത്തിന്റെ സാന്നിധ്യം സജിത്തിനെ മറക്കാൻ സഹായിച്ചു. എല്ലാം ശരത്തിനോട് പറഞ്ഞു. അയാൾക്കുമുണ്ടായിരുന്നു ഇതുപോലെ ഒരു പ്രണയം. പഴയതൊന്നും ഒരു പേരിൽ കൂടെ പോലും അവളോർക്കരുതെന്ന് ശരത്തിന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ദേവു എന്നു ചെല്ലപ്പേരുളള ദേവനന്ദ ശരത്തിന്റെ ദേവയായി.

2 വർഷം കടന്നു പോയി. അങ്ങനെ പുതിയൊരു ജീവിതത്തിലോട്ട് കാലെടുത്തു വയ്ക്കാനുളള തയ്യാറെടുപ്പായി. അപ്പോഴാണ് ഫോണിലൊരു കോൾ. “ദേവൂ… എനിക്ക് നിന്നെ ഇപ്പോഴും ഒരുപാട് ഇഷ്ടമാണ്. നിനക്ക് വേണ്ടി ഞാനെല്ലാം ഉണ്ടാക്കി. നീ മടങ്ങി വരില്ലേ? ഇനി ആരും തടസ്സമായി നിൽക്കില്ല നമ്മുടെ ബന്ധത്തിന്” ഒന്നും പറയാതെ അവൾ ആ ഫോൺ കട്ട് ചെയ്തു. കാരണം സജിത്തും അവന്റെ പ്രണയവും അവൾക്ക് അപരിചിതമായി പോയി. ശരത്തിനോടൊത്തുളള ജീവിതം അവൾ സ്വപ്നം കണ്ടു തുടങ്ങി.