രാത്രിയുടെ നിശ്ശബ്ദതയിൽ ആ മുറിയിൽ മുഴങ്ങിക്കേട്ടത് ശ്വാസംമുട്ടിക്കുന്ന കിതപ്പും, ഒടുവിൽ ഒതുക്കിപ്പിടിച്ച കരച്ചിലിന്റെ നേർത്ത ശബ്ദവുമായിരുന്നു. വികാരങ്ങളുടെ കൊടുങ്കാറ്റടങ്ങി, തളർന്ന ശരീരത്തോടെ വിക്രം തന്റെ ഭാര്യ പാർവ്വതിയുടെ മേലേക്ക് മറിഞ്ഞുവീണു.
”നിന്റെ വേദന എനിക്കൊരു ത്രില്ലാണ് പാർവ്വതി. എന്റെ തൃപ്തിയാണ് നിന്റെ ജീവിതം. നിന്റെ മാത്രമല്ല, നിന്റെ അമ്മയുടെയും അനിയത്തിയുടെയും എല്ലാം ജീവിതം. അത് നീ മറക്കരുത്.”
തന്റെ മുഴുവൻ ഭാരവും പാർവ്വതിയുടെ ശരീരത്തിലേക്ക് അമർത്തിക്കൊണ്ട്, ഭീഷണിയുടെ സ്വരത്തിൽ വിക്രം അത് പറഞ്ഞപ്പോൾ, വേദനകൊണ്ട് അവൾ ഒന്ന് ഞരങ്ങി.
”നേരം വെളുത്തു. എഴുന്നേറ്റ് പോയി എനിക്കൊരു കാപ്പിയുണ്ടാക്കി കൊണ്ടുവാ. വല്ലാത്ത ക്ഷീണം.”
കട്ടിലിൽ മലർന്നു കിടന്ന് വിക്രം ആജ്ഞാപിച്ചു. ശരീരമാകെ നീറുന്ന വേദനയുമായി എഴുന്നേൽക്കാൻ ശ്രമിച്ച പാർവ്വതിക്ക് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു. അവൾ വീണ്ടും കട്ടിലിലേക്ക് തന്നെ ഇരുന്നുപോയി.
”ഇത്രയും കാലമായിട്ടും ഈ വേദനയും തലകറക്കവും നിനക്ക് മാറിയില്ലേ? കഷ്ടം തന്നെ! ആരുമറിയണ്ട നാണക്കേട്.”
പാർവ്വതിയുടെ ശരീരത്തിലെ നീലിച്ച പാടുകളിലേക്ക് നോക്കി വിക്രം പരിഹസിച്ചു. കൂടുതൽ സമയം അവിടെ നിന്നാൽ അവന്റെ ക്രൂരത വീണ്ടും അനുഭവിക്കേണ്ടി വരുമെന്ന് ഉറപ്പായതുകൊണ്ട്, പാർവ്വതി വേദന കടിച്ചമർത്തി ബാത്ത്റൂമിലേക്ക് നടന്നു.
”ഇപ്പോഴാണോടി എഴുന്നേൽക്കുന്നത്? സമയം എത്രയായി? വിക്രം മോന് വിശക്കുന്നുണ്ടാകും. നിന്നെ പോറ്റുന്നത് കൊണ്ട് എനിക്ക് നാട്ടുകാരുടെ കുത്തുവാക്കുകൾ കേൾക്കേണ്ടി വരുന്നു.”
ക്ഷീണിതയായ മകളെ കണ്ട് പാർവ്വതിയുടെ അമ്മ ഗൗരവത്തിൽ പറഞ്ഞു. അതിനിടയിൽ അവളുടെ ചുമലിൽ വേദനിക്കത്തക്കവിധം ഒരു അടിയും കൊടുത്തു. വേദനകൊണ്ട് പാർവ്വതിയുടെ കണ്ണുകൾ നിറഞ്ഞു.
”നീ എന്താ വെണ്ണകൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്? ഒരു കൈ തട്ടുമ്പോഴേക്കും കരയാൻ,” അമ്മ ദേഷ്യപ്പെട്ടു.
പാർവ്വതി ഒന്നും മിണ്ടാതെ, തോളിൽ നിന്ന് ഇറങ്ങിപ്പോയ ചുരിദാർ മുകളിലേക്ക് കയറ്റിയിട്ടു. അവിടെ വിക്രമിന്റെ പല്ലിന്റെ പാട് നീലിച്ചു കിടപ്പുണ്ടായിരുന്നു. അത് കണ്ടിട്ടും അമ്മയ്ക്ക് ഭാവഭേദമുണ്ടായില്ല.
”കല്യാണം കഴിഞ്ഞിട്ടും നിനക്ക് ബോധം വന്നില്ലേ? ഭാര്യയും ഭർത്താവും തമ്മിലുള്ള ഇതൊക്കെ സാധാരണമാണ്. ഇതൊന്നും എല്ലാവരെയും കാണിച്ചു നടക്കരുത്. ഈ കുടുംബം ഇന്ന് ഇങ്ങനെ കഴിയുന്നത് വിക്രം കാരണം മാത്രമാണ്. അതെങ്കിലും നീ ഓർക്കുന്നുണ്ടോ?”
അമ്മയുടെ ചോദ്യത്തിന് പാർവ്വതി പുച്ഛത്തോടെ ഒന്ന് നോക്കി. അതവൾക്ക് ശീലമായിരുന്നു. അമ്മയ്ക്ക് മരുമകൻ വിക്രം മാത്രമായിരുന്നു എല്ലാം.
കാപ്പിയുമായി പാർവ്വതി ഉമ്മറത്തേക്ക് ചെന്നപ്പോൾ, അവളുടെ അനിയത്തി സുമിയോട് തമാശ പറഞ്ഞ് ചിരിക്കുന്ന വിക്രമിനെയാണ് കണ്ടത്. സുമിയുടെ മാറിടത്തിലേക്ക് നോട്ടമെറിഞ്ഞ് ചിരിക്കുന്ന വിക്രമിനെ കണ്ട പാർവ്വതിക്ക് ദേഷ്യം തോന്നി. തന്നെ വെല്ലുവിളിക്കുന്നതുപോലെ സുമി വിക്രമിനോട് ചേർന്നിരുന്നു.
”വിക്രം നിന്റെ ഭർത്താവാണെങ്കിൽ സുമിക്ക് അവൻ ചേട്ടനാണ്. ആ അടുപ്പം നിങ്ങൾ ദുഷിച്ച മനസ്സോടെ കാണരുത്. സ്വന്തം ഭർത്താവിനെ വിശ്വാസമില്ലാത്ത നീ തെരുവിൽ ജീവിക്കുന്നതാണ് നല്ലത്.”
വിക്രമും സുമിയുമായുള്ള അടുപ്പത്തെക്കുറിച്ച് അമ്മയോട് സൂചിപ്പിച്ചപ്പോൾ പാർവ്വതിക്ക് കിട്ടിയ മറുപടി ഇതായിരുന്നു.
ഇതിനിടയിൽ, വിക്രമിന്റെ പീഡനശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക് എന്ന വാർത്ത ടിവിയിൽ വന്നു. വിക്രമിന്റെ ക്രൂരതയിൽ കാലിനും നടുവിനും പരിക്കേറ്റ് അമ്മ ആശുപത്രിയിലായിരുന്നു. ആ വാർത്തയിൽ വിക്രമിന്റെ പേര് വന്നതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.
ആശുപത്രിയിൽ നിന്നും അമ്മയും സുമിയും വീട്ടിലേക്ക് തിരിച്ചുവന്നപ്പോൾ, പാർവ്വതി തന്റെ സാധനങ്ങളെല്ലാം ബാഗിലാക്കി ആ വീടിന്റെ പടിയിറങ്ങാൻ തയ്യാറായി നിന്നു.
തലകുനിച്ചു നിൽക്കുന്ന അമ്മയെയും സുമിയെയും നോക്കി പാർവ്വതി പറഞ്ഞു:
”നോമ്പുനോറ്റ് നിങ്ങൾ എനിക്ക് നേടിത്തന്ന ഈ മുൾക്കിരീടം ഞാൻ ഇവിടെ ഉപേക്ഷിക്കുന്നു. എന്നെക്കാളധികം ഈ കിരീടം ചേരുക അമ്മയുടെ ഈ മോൾക്കാണ്. അയാളുടെ കുഞ്ഞിനെ വയറ്റിൽ ചുമക്കുന്നത് ഇവളല്ലേ? ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ കൂടെ കൂട്ടിക്കോ.”
പാർവ്വതിയുടെ വാക്കുകൾ അമ്പുപോലെ അവരുടെ ഹൃദയത്തിൽ തറച്ചു. അനിയത്തിയായി കാണേണ്ടവളെ വിക്രം ഭാര്യയാക്കിയെന്ന് അമ്മ തിരിച്ചറിഞ്ഞത്, സുമി ഗർഭിണിയായപ്പോഴായിരുന്നു.
”നീ അങ്ങനെ ഇറങ്ങിപ്പോകേണ്ട. അവനെ നമുക്ക് ഒരുമിച്ച് നേരിടാം,” അമ്മ പതറിയ ശബ്ദത്തിൽ പറഞ്ഞു.
പാർവ്വതി ചിരിച്ചു. “ഞാൻ പോകുക തന്നെ ചെയ്യും. ഇത്രയും നാൾ വേദനകൾ സഹിച്ചത് മരിക്കാൻ ഭയന്നതുകൊണ്ടും, എന്റെ സർട്ടിഫിക്കറ്റുകൾ അയാൾ പിടിച്ചുവെച്ചതുകൊണ്ടും മാത്രമാണ്. ആ ഭയം എനിക്കിപ്പോഴില്ല. ഇനി ഞാൻ അന്തസ്സോടെ ജീവിക്കും.”
പാർവ്വതി സാധനങ്ങളുമായി വീടിന് പുറത്തേക്ക് നടന്നു. അവൾ മറഞ്ഞതും സുമിയും അവളുടെ ഗർഭിണിയായ വയറും വലിയൊരു ചോദ്യചിഹ്നമായി അമ്മയ്ക്ക് മുന്നിൽ അവശേഷിച്ചു.
ശുഭം

by