19/04/2026

എന്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസം ആയിട്ടുണ്ടാകും. ഞങ്ങൾ എറണാകുളത്ത് ആണ് താമസം. കെട്ട്യോന്റെ വീട് ഇടുക്കിയിൽ ആണ്. പാലക്കാട്‌ പുള്ളിക്ക് ഒരു കസിൻ ഉണ്ട്. അന്നൊക്കെ ഏത് സമയത്ത് വേണമെങ്കിലും ഓഫിസിൽ നിന്ന് വന്നിട്ട് പുള്ളി പറയും

രചന – നിഷാ ചന്ദന

എന്റെ കല്യാണം കഴിഞ്ഞിട്ട് ഏതാണ്ട് ആറു മാസം ആയിട്ടുണ്ടാകും. ഞങ്ങൾ എറണാകുളത്ത് ആണ് താമസം. കെട്ട്യോന്റെ വീട് ഇടുക്കിയിൽ ആണ്. പാലക്കാട്‌ പുള്ളിക്ക് ഒരു കസിൻ ഉണ്ട്. അന്നൊക്കെ ഏത് സമയത്ത് വേണമെങ്കിലും ഓഫിസിൽ നിന്ന് വന്നിട്ട് പുള്ളി പറയും വേഗം റെഡി ആക്. നമുക്ക് ഇടുക്കീൽ പോകാം. അല്ലെങ്കിൽ പറയും വാ പാലക്കാട്‌ പോകാം. കൂടിപ്പോയാ അര മണിക്കൂർ കിട്ടും. അതിനുള്ളിൽ റെഡി ആയി ഇറങ്ങണം. കഞ്ഞിക്കലവും കറിച്ചട്ടിയും വരെ അങ്ങനെ തന്നെ വണ്ടീലേക്ക് എടുത്ത് വച്ച് ഒരു പോക്കാണ്. അന്നൊരു ദിവസം ഉച്ചക്ക് മുൻപ് ഇതുപോലെ വന്നിട്ട് പാലക്കാട്‌ പോകാമെന്ന് പറഞ്ഞു. ആദ്യമായാണ് അന്ന് ഞങ്ങൾ രണ്ടു പേരും മാത്രമായി പോകുന്നത്.ഈ കസിൻ ഒറ്റക്കാണ് അവിടെ താമസം. പുള്ളിക്ക് അവിടെ ഒരു റബ്ബർ തോട്ടം ഉണ്ട്. അതിന്റെ ഒത്ത നടുക്കായി കക്ഷി പുതിയ വീട് പണിയുന്നുണ്ടായിരുന്നു. പഴയ ഉടമസ്ഥർ താമസിച്ചിരുന്ന ഇടിഞ്ഞു പൊളിഞ്ഞ ഒരു വീട് തൊട്ടടുത്ത് തന്നെ ഉണ്ട്. അതിന്റെ ഒരു റൂം ശരിയാക്കി എടുത്ത് അതിലാണ് പുള്ളി താമസം.വെപ്പും കുടിയും ഉറക്കവും എല്ലാം അതിലാണ്. അങ്ങോട്ടാണ് ഞങ്ങൾ പുറപ്പെടുന്നത്.

അങ്ങനെ ഞങ്ങൾ പാലക്കാട്‌ എത്തി. വീട്ടിൽ എത്തുന്നതിനു മുമ്പ് കെട്ട്യോൻ കുറച്ച് പൊടി മാന്തൾ മീൻ മേടിച്ചു. വീട്ടിലെത്തി ഡ്രസ്സ്‌ മാറിയ ഉടൻ എന്നോട് മീൻ വെട്ടി കറി വെക്കാൻ പറഞ്ഞിട്ട് കെട്ട്യോനും കസിനും പുറത്തേക്ക് പോയി. നല്ല മഴ ആയിരുന്നു അന്നേരം.പുറത്ത് അസ്ബാസ്റ്റ്… അസ്mബസ്‌റ്റോ.. അല്ലേ വേണ്ട, തകര ഷീറ്റില് മഴവെള്ളം വീഴുന്ന ഭയങ്കര ശബ്ദം മാത്രം കേക്കാം. ചെറിയ മീൻ ആയത് കൊണ്ടും പരിചയമില്ലാത്ത സ്ഥലം ആയത് കൊണ്ടും ഞാൻ മീൻ വെട്ടി കറി അടുപ്പത്തു വെക്കാൻ കുറെ സമയം എടുത്തു. മീൻ തിളക്കാൻ തുടങ്ങിയപ്പോ മീനിന് മീന്റെ മണം അല്ല. നല്ല പരിചയമുള്ള വേറൊരു മണം. അതെ, ചിക്കൻ മൊരിയുന്ന മണം. ഞാൻ കറിയുടെ അടുത്ത് ചെന്ന് മണത്തു നോക്കി. അതിനല്ല. അടുത്തെങ്ങും വേറെ വീട് ഇല്ല. പിന്നെ എവിടന്നാണ് ഈ മണം. ഞാൻ ചാരി ഇട്ടിരുന്ന വാതിലിന്റെ വിടവിലൂടെ പുറത്തേക്ക് നോക്കി.അവിടെ കെട്ട്യോനും കസിനും വേറെ ഏഴെട്ട് ആൾക്കാരും കൂടി രണ്ടു വലിയ ചിക്കൻ വരഞ്ഞു മസാല ഒക്കെ പുരട്ടി ഒരു കമ്പിയിൽ കോർത്ത് തീയിൽ കാണിച്ച് ചുട്ടെടുക്കുന്നു. ഈ മഴയത്ത് ചുട്ട ചിക്കൻ തിന്നാൻ നല്ല രസമായിരിക്കും. ഞാൻ അകത്തു പോയി ചിക്കനുമായി കെട്ടിയോൻ വരുന്നത് കാത്തിരുന്നു. കുറേ സമയം കഴിഞ്ഞിട്ടും കാണുന്നില്ല.ഞാൻ പിന്നെയും വാതിലിന്റെ വിടവിലൂടെ നോക്കി. ഇപ്പൊ ഒരു കയ്യിൽ തിന്ന് തീരാറായ ചിക്കൻ പീസും മറ്റേ കയ്യിൽ ഗ്ലാസും ആയി ആടിയാടി നിന്ന് എന്തോ വളിച്ചുപുളിച്ച തമാശ പറഞ്ഞ് ഒറ്റക്ക് ചിരിക്കുകയാണ് എന്റെ പുന്നാര കെട്ട്യോൻ.

കൂടെയുള്ളവരും നല്ല ഫിറ്റ്‌ ആണ്. ചിക്കൻ കിട്ടാഞ്ഞ വിഷമം മാറി,വല്ലാത്ത ഒരു ഭയം എന്നെ കീഴ്പ്പെടുത്താൻ തുടങ്ങിയത് അപ്പോഴാണ്. വലിയൊരു റബ്ബർ തോട്ടത്തിന്റെ ഒത്ത നടുക്ക് ഭാർഗവീ നിലയം പോലൊരു വീടാണിത്. പോരാത്തതിന് പെരുമഴ.സുന്ദരിയും സുശീലയും സർവോപരി സൽഗുണ സമ്പന്നയുമായ അല്ലെങ്കി വേണ്ട, ആത്മപ്രശംസ എനിക്ക് ഇഷ്ടമല്ല. ഒരു യുവതി വീട്ടിൽ തനിച്ച്. മദ്യപിച്ച് മദോൻമത്തരായ ഒരു സംഘം കാപാലികന്മാർ പുറത്ത്. സിനിമയിലൊക്കെ എന്തും നടക്കാവുന്ന സാഹചര്യം. ജീവിതത്തിലും അങ്ങനെ ഒരു സാഹചര്യത്തിൽ എന്ത് തന്നെ സംഭവിച്ചു കൂടാ.നല്ലവരിൽ നല്ലവനും സ്നേഹ സമ്പന്നനുമായ ആ ഭർത്താവിനെ വേറെ ആർക്കും കൊടുക്കാതെ എനിക്ക് തന്നെ തന്നതിന് ഞാൻ ദൈവത്തിന് അറിയാവുന്ന നല്ല വാക്കുകൾ എല്ലാം ഉപയോഗിച്ച് നന്ദി പറഞ്ഞു.എന്തൊരു കരുതലാണാ മനുഷ്യന് എന്നോർത്തു എന്റെ കണ്ണ് നിറഞ്ഞു.ഒരു കഷ്ണം ചിക്കൻ അവരെനിക്ക് തന്നിരുന്നെങ്കിൽ അവസാനമായി ചിക്കൻ തിന്നിട്ട് മരിക്കാമായിരുന്നു.ഞാൻ വേഗം പോയി കുറച്ച് ചോറും മീൻകറിയും എടുത്ത് കഴിച്ചു. സങ്കടമോ ദേഷ്യമോ ടെൻഷനോ ഒക്കെ വന്നാൽ എനിക്കെന്തെങ്കിലും തിന്നണം. എന്നിട്ട് ഞാൻ ഒന്നൂടെ പോയി നോക്കി. അർദ്ധ ബോധവസ്ഥയിലാണോ അബോധാവസ്ഥയിലാണോ ഇരിക്കേണോ കിടക്കേണോ എന്നൊന്നും തിരിച്ചറിയാത്ത പരുവത്തിൽ ഒരു അടക്കാമരത്തിൽ ചാരി വച്ച നിലയിൽ എന്റെ കെട്ട്യോൻ. മറ്റുള്ളവർ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അവർ ഇപ്പൊ അകത്തു വരും.

എന്നെ ആക്രമിക്കും. തലക്കടിച്ചു കൊന്ന് ഏതെങ്കിലും റബ്ബർ മരത്തിന്റെ ചോട്ടിൽ കുഴിച്ചിടും. അടക്കാമരത്തിൽ ചാരി വച്ചിരിക്കുന്ന മുതലിനെ അങ്ങനെ തന്നെ ഒരു കുഴിയിൽ ഇറക്കി വച്ചു മൂടാവുന്നതേ ഉള്ളൂ. എന്നിട്ട് വണ്ടി കൊണ്ടു പോയി ഏതെങ്കിലും കൊക്കയിൽ തള്ളിയാൽ ശുഭം.അങ്ങേര് വിളിച്ചപ്പോ എടുത്തോ പിടിച്ചോ എന്ന് പറഞ്ഞ് പുറപ്പെട്ടത് കൊണ്ട് വീട്ടിൽ പോലും അറിയില്ല ഞങ്ങൾ എവിടെ ആണെന്ന്. വിറച്ചു വിറങ്ങലിച്ച് ഞാൻ മരണത്തെ പ്രതീക്ഷിച്ച് കുത്തിയിരുന്നു. അങ്ങനെ ഇരുന്ന് ഉറങ്ങിപ്പോയി. പിന്നെ കണ്ണ് തുറക്കുമ്പോ നേരം പര പരാ വെളുത്തിരുന്നു. അടക്കാമരത്തിൽ ചാരി ഇരുന്ന മുതലിനെ ആരോ എടുത്ത് അകത്തു വച്ചിട്ടുണ്ട്. പുറത്ത് പോയി നോക്കുമ്പോ കസിൻ ഒരു ബെഞ്ചിൽ കിടന്നുറങ്ങുന്നു. ബാക്കി ആരും ഇല്ല. കെട്ടൊക്കെ വിട്ട് ബോധം തെളിഞ്ഞപ്പോ ഞാൻ ആ മനുഷ്യനോട് ഇന്നലെ വെളിവില്ലാതെ കിടക്കുമ്പോ ആരെങ്കിലും എന്നെ ഉപദ്രവിച്ചിരുന്നെങ്കിൽ എന്ത് ചെയ്യുമായിരുന്നു എന്ന് ചോദിച്ചു. അന്നേരം തവള വയറു വീർപ്പിക്കുന്ന പോലെ നെഞ്ച് തള്ളി പിടിച്ച് നെഞ്ചത്ത് നാല് അടിയും അടിച്ചിട്ട് അങ്ങേര് എന്നോട് പറഞ്ഞു.

ഞാനേ, ഞാൻ ഒരു ആണാണ്. എന്റെ പെണ്ണിനെ ഏത് അവസ്ഥയിലും രക്ഷിക്കാൻ എനിക്കറിയാം. തവള ചത്തു മലച്ചു കിടക്കുന്ന പോലെ അടക്കാമരത്തിൽ ചാരി കിടന്ന മനുഷ്യന്റെ വീരവാദം കേട്ട് ചിരിക്കണോ കരയണോ അല്ലെങ്കി കമ്പിപ്പാര എടുത്ത് തലക്കൊന്ന് കൊടുക്കണോ എന്നറിയാതെ മിഴിച്ചു നിന്ന് പോയി ഞാൻ.