രചന – ഫാരിസ് ബിൻ ഫൈസി
“എപ്പൊ വിളിച്ചാലും നിന്റെ ഫോൺ ബിസി ആണല്ലോ…? നീ ആരോടാ ഈ കൊഞ്ചുന്നേ”
രാവിലെതന്നെ സുരേഷ് ഫോൺ വിളിച്ച് ഉറഞ്ഞ് തുള്ളി.
എന്റെ പൊന്നാര ചേട്ടാ, അമ്മ വിളിച്ചതായിരുന്നു. ഇതെന്താ ചേട്ടന്റെ സ്വഭാവം ഇങ്ങനെ…? മാസത്തിൽ ഒന്നോ രണ്ടോ പ്രാവശ്യമേ വിളിക്കൂ… എന്നാപ്പിന്നെ സ്നേഹത്തോടെ സംസാരിച്ചൂടെ… അത് ചെയ്യില്ല. എപ്പോ നോക്കിയാലും വഴക്ക് പറച്ചിലും സംശയ രോഗവും”
ശരണ്യയുടെ പറച്ചിൽ കേട്ടപ്പോൾ സുരേഷിന്റെ ദേഷ്യം ഇരട്ടിച്ചു
“എന്നൊക്കൊണ്ട് ഇങ്ങനൊക്കെ പറ്റൊള്ളൂ പുല്ലേ… നീ സൗകര്യം ഉണ്ടേൽ എന്റെ കൂടെ നിന്നാൽ മതി. നീ പറയുന്ന പോലെ ഇരുപത്തിനാല് മണിക്കൂറും നിന്നോട് ഫോണിൽ കൊഞ്ചിയിരിക്കാനൊന്നും എന്നെകൊണ്ട് പറ്റില്ല, ഞാനീ കഷ്ടപ്പെടുന്നത് എനിക്ക് സുഖിക്കാനല്ല, നിന്നേം മക്കളേം നോക്കാനാണ്”
സുരേഷ് ശരണ്യയോട് കയർത്തു.
“എന്റെ കഴുത്തിൽ താലി കെട്ടുമ്പോഴും നിങ്ങൾക്ക് ഗൾഫിൽ തന്നെ ആയിരുന്നല്ലോ ജോലി. അന്നൊക്കെ വിളിക്കാനും കൊഞ്ചാനും നിങ്ങൾക്ക് ഒരുപാട് ടൈം ഉണ്ടായിരുന്നല്ലോ. അന്ന് ഇല്ലാത്ത തിരക്ക് എനിക്ക് രണ്ട് മക്കളായപ്പോഴാണോ ഉണ്ടാവുന്നത്”
“ഈ ഫേസ്ബുക്കിലെ പൈങ്കിളി കഥകളൊക്കെ വായിച്ച് അതാണ് ജീവിതം എന്ന് കരുതി നടക്കുന്ന നിന്നോട് പറഞ്ഞിട്ട് കാര്യമില്ല”
സുരേഷിന്റെ ആ സംസാരം അവളെ ശരിക്കും ചൊടിപ്പിച്ചു
“അതെന്താ കല്യാണം കഴിഞ്ഞ് പത്ത് പന്ത്രണ്ട് വർഷം കഴിഞ്ഞ പെണ്ണുങ്ങൾക്ക് പൈങ്കിളി ആവാൻ പാടില്ലേ. പ്രസവത്തോട് കൂടി ഞങ്ങളുടെ മനസ്സിലെ പ്രണയവും, വികാരവുമെല്ലാം അവസാനിപ്പിക്കണം എന്നാണോ”
സുരേഷിന്റെ കാലിലെ പെരുവിരലീന്ന് ദേഷ്യം അരിച്ചുകയറി
“വീട്ടിലെ ചിലവ്, കുട്ടികളുടെ സ്കൂൾ ഫീസ് പിന്നെ ഹോസ്പ്പിറ്റൽ ചിലവ് വേറെ, ഇതൊക്കെ ഞാൻ തന്നെ വേണ്ടേ ഈ കഷ്ടപ്പെട്ട് ഉണ്ടാക്കാൻ. അതിനടിയിൽ ഇരുപത്തിനാല് മണിക്കൂറും ഫോൺ വിളിച്ച് നിന്നോട് കൊഞ്ചാൻ എനിക്ക് സൗകര്യം ഇല്ല”
ശരണ്യ കുറച്ചു സമയം ഒന്നും മിണ്ടിയില്ല, കുറച്ച് കഴിഞ്ഞ് അവൾ സംസാരിക്കാൻ തുടങ്ങി
“ഇരുപത്തിനാല് മണിക്കൂറും എന്നെ വിളിച്ച് കൊഞ്ചാൻ ഞാൻ പറഞ്ഞോ…? ആഴ്ച്ചയിൽ ഒരിക്കലെങ്കിലും സ്നേഹത്തോടെ ഒന്ന് സംസാരിച്ചൂടെ, ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നുണ്ട് എന്നറിയോ അത്. എന്നോട് മനസ്സ് തുറന്നൊന്ന് സംസാരിച്ചൂടെ, എന്റെ ഇഷ്ടങ്ങൾ, സ്വപ്‌നങ്ങൾ അങ്ങനെ പലതും നിങ്ങളുമായി എനിക്ക് പങ്കുവെക്കുക എങ്കിലും ചെയ്യാലോ”
സുരേഷ് ആദ്യം പറഞ്ഞത് തന്നെ വീണ്ടും ആവർത്തിച്ചു
“എനിക്കുമുണ്ട് ഒരുപാട് ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെ. അതൊക്കെ മറന്നിട്ടാ ഞാൻ നിന്നെയും മക്കളെയും ജോലി ചെയ്ത് നോക്കുന്നത്. കല്യാണം കഴിഞ്ഞതോട് കൂടി എന്റെ സ്വസ്ഥത മുഴുവൻ പോയി. എത്ര കഷ്ടപ്പെട്ട് നിങ്ങളെ നോക്കിയാലും പരാതിയും പരിഭവവുമേ ബാക്കിയുണ്ടാകൂ. നിന്നെയും മക്കളെയും നോക്കുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ”
ശരണ്യയുടെ മറുപടി വളരെ പെട്ടന്നായിരുന്നു
“കല്യാണം കഴിക്കുന്നതിന് മുന്നേ അറിയായിരുന്നല്ലോ ഭാര്യ എന്നെമാത്രം വിശ്വസിച്ചിട്ടാണ് കൂടെ വരുന്നത് എന്നും അവളുടെ ലോകം പിന്നെ അവൻ മാത്രമായിരിക്കും എന്നൊക്ക. സ്നേഹവും പ്രണയവും കരുതലും പിന്നെ നിങ്ങൾ കൂടെ കൂടെ പറയുന്ന ചിലവിന് തരുന്ന കാര്യവും ഒക്കെ വേണ്ടി വരും. അതിനൊന്നും പറ്റാത്തവർ ഒരിക്കലും കല്യാണം കഴിക്കാൻ നിക്കരുത്. പിന്നെ മക്കളെ നോക്കുന്ന കണക്ക് ഇങ്ങനെ പറയേണ്ട, അവരെ നോക്കാൻ പറ്റിയില്ലെങ്കിൽ ഉണ്ടാക്കാനും നിക്കരുത്”
ശരണ്യയുടെ സംസാരം കേട്ട് അന്താളിച്ചുനിന്ന സുരേഷ് ഒന്നും മിണ്ടിയില്ല, അവൾ തുടർന്നു
“എന്റെയും മക്കളുടേയും ചിലവിന് പൈസയും ഞങ്ങൾക്ക് ഡ്രെസ്സും എടുത്ത് തന്നാൽ താൻ നല്ലൊരു ഭർത്താവും അച്ഛനുമായി എന്ന തോന്നലാണ് നിങ്ങളെപ്പോലുള്ള ഭർത്താക്കന്മാർക്ക്. നിങ്ങക്ക് ആവശ്യമുള്ളപ്പോൾ നന്നായി കൊഞ്ചാറുണ്ടല്ലോ, എന്നിട്ട് കാര്യം കഴിഞ്ഞാൽ തിരിഞ്ഞ് ഒറ്റ കിടപ്പാണ്. എന്റെ സുരേഷേട്ടാ നിങ്ങള് സോഷ്യൽ മീഡിയയിൽ ഓരോ വാർത്തകൾ കാണാറില്ലേ, വിവാഹിതയും രണ്ട് കുട്ടികളുടെ അല്ലങ്കിൽ മൂന്ന് കുട്ടികളുടെ മാതാവ് കാമുകനോടൊപ്പം ഒളിച്ചോടിപ്പോയി എന്നൊക്കെ. സ്വന്തം ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്നത് ഒന്നും കിട്ടാതാവുമ്പോൾ അക്കരെ പച്ചപ്പ് കാണുമ്പോൾ സ്വാഭാവികമായും ഏതൊരു പെണ്ണിന്റെ മനസ്സും ആ പച്ചപ്പിലേക്കൊന്ന് നോക്കും”
ഒന്ന് നിറുത്തിയിട്ട് കള്ളച്ചിരിയുമായി അവൾ തുടർന്നു
“ഈ കാലത്താണോ പച്ചപ്പ് കിട്ടാൻ വല്യ പണി. ഫേസ്ബുക്ക് അങ്ങട് തുറന്നാൽ തന്നെ നന്മമരങ്ങളായ ആങ്ങളമാരുടെയും തന്നെ മനസ്സിലാക്കാത്ത ഭാര്യയുടെ കൂടെ വിങ്ങുന്ന ഹൃദയവുമായി നീറി നീറി ജീവിക്കുന്ന എല്ലാം തുറന്ന് പറയാൻ ഒരു സ്ത്രീയുടെ കൂട്ട് തേടി അലയുന്ന എത്രയെത്ര ജന്മങ്ങൾ ഉണ്ടെന്നറിയോ. വെറൈറ്റി വീഡിയോസും ശരീര അവയവങ്ങളുടെ ഫോട്ടോസും അയച്ചു തരുന്ന അമ്മാവൻമാരുണ്ട്, ഫ്രണ്ട് റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്ത ഉടൻ തന്നെ നിറുത്താതെ വീഡിയോ ചെയ്യാൻ ചേട്ടന്മാരുണ്ട്. ഇതൊക്കെ വിട്ടിട്ടാണ് ഞങ്ങളൊക്കെ ഭർത്താവേ ഒന്ന് സ്നേഹിക്ക് സ്നേഹിക്ക് എന്ന് പറഞ്ഞ് നിങ്ങളെ പിന്നാലെ ഇങ്ങനെ വരുന്നത്”
ഫോൺ കട്ട് ചെയ്യുന്നതിന് മുന്നേ ശരണ്യ സുരേഷിന് ഒരു താകീത് കൂടെ കൊടുത്തു
“കുറച്ചുകാലം കൂടി ഞാൻ വൈറ്റും, എന്നോട് സംസാരിക്കാൻ കുറച്ച് സമയം നിങ്ങക്ക് മാറ്റിവെക്കാൻ പറ്റുന്നില്ല എങ്കിൽ. ഏതെങ്കിലും പച്ചപ്പിന്റെ കൂടെ ഞാനങ്ങട് പോവും. പിന്നെ ഫേസ്ബുക്ക് ലൈവിൽ വന്നിട്ട് ഞാൻ കാമപിശാചാണ്, മനസാക്ഷി ഇല്ലാത്തവളാണ്, സമൂഹമേ ഇത് കാണുന്നില്ലേ എന്നൊക്കെ കരഞ്ഞിട്ട് ഒരുകാര്യോം ഉണ്ടാവില്ല. എന്നാ ശരി ഏട്ടൻ പോയി ഫുഡിയിട്ട് ഉറങ്ങിക്കോ ട്ടോ”
പിന്നീട് എല്ലാ ദിവസങ്ങളിലും സുരേഷ് അവളെ വിളിച്ച് സംസാരിക്കാറുണ്ട് എന്നാണ് അറിയാൻ സാധിച്ചത്…

by