രചന – അമീൻ ആസാദ്
ഭാര്യയുടെ കഴുകിയ അടിവസ്ത്രങ്ങൾ ഉണങ്ങാനായിട്ട് ഹരി അയയില്‍ വിരിച്ചു….
“” കണ്ടിട്ട്, മനുഷ്യന്റെ തൊലി ഉരിയുന്നു….ഇങ്ങനെയുമുണ്ടോ നാണവും, മാനവും ഇല്ലാത്ത ഭർത്താക്കന്മാര്‍….
മുറ്റം തൂത്തു വൃത്തിയാക്കിക്കൊണ്ടുനിന്ന അയല്‍വാസിയായ ശ്യാമള പുച്ഛത്തോടെ നീട്ടിയൊന്ന് തുപ്പി….
പൂമുഖത്തിരുന്ന് ന്യൂസ് പേപ്പര്‍ വായിക്കുന്ന അവരുടെ അഭിമാനിയായ ഭർത്താവ് കേള്‍ക്കാന്‍ വേണ്ടിയും…, അതു പോലെ,
അയല്‍ക്കാരന്റെ മുന്നില്‍ ‘തന്റെ ഭർത്താവ് ഇത്രയും തരം താഴ്ന്ന പണിയൊന്നും ചെയ്തിട്ടില്ലെന്ന് ‘ ബോധിപ്പിക്കാനുളള ഒരു ശ്രമം കൂടിയായിരുന്നു അത്….
തുണി കഴുകി വിരിക്കുന്നത് മാത്രമല്ലേ കണ്ടുള്ളൂ….
ഭാര്യയെ കുളിപ്പിക്കുന്നതു കൂടി കണ്ടിരുന്നെങ്കിൽ ഉറപ്പായിട്ടും അവർ ഹൃദയം പൊട്ടി മരിച്ചേനെ….!!
*********
കോയമ്പത്തൂരില്‍ എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം……
ബൈക്ക് ആക്സിഡന്റ് പറ്റി രക്തം വാര്‍ന്നൊലിച്ച് അഴുക്ക് ചാലില്‍ കിടന്ന അവനെയൊന്ന് തിരിഞ്ഞു നോക്കാന്‍ പോലും ആരും ഉണ്ടായിരുന്നില്ല….
അവിടെയുള്ള ഒരു ഹോട്ടലില്‍ എച്ചില്‍ പത്രങ്ങൾ കഴുകി കൊണ്ട് നിന്ന കറുത്ത്, ഉണക്ക കമ്പ് പോലുള്ള അവളെ അവസാനം ഉണ്ടായിരുന്നുള്ളു…….
ഒരു കൈ സഹായിക്കാന്‍…,
ഒന്നു തിരിഞ്ഞു നോക്കാന്‍….
തിരിച്ചു കിട്ടിയ ജീവന് പകരമായി
” എനിക്ക് തന്നെ ഒത്തിരി ഇഷ്ടമാണെന്ന്”
പറഞ്ഞപ്പോൾ മുഖവും വീര്‍പ്പിച്ചു കെട്ടി പിണങ്ങി പോയവൾ…..
രാവന്തിയോളം നീളുന്ന ഹോട്ടല്‍ പണിയും കഴിഞ്ഞ് വാടി തളര്‍ന്ന് തെരുവിലൂടെ ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്ന് പോകുന്ന അവളുടെ പുറകെ നടന്ന എത്രയോ രാവുകള്‍……
” തനിക്ക് വട്ടാണോ…വേറെ പണിയൊന്നും ഇല്ലെ എന്റെ പുറകെ ഇങ്ങനെ നടക്കാൻ…..
തിരിഞ്ഞു നിന്നു മുഖം ചുവപ്പിച്ചു കാട്ടിയ ആ സുന്ദരിയോട്..” തന്നോടുളള ഇഷ്ടം കൊണ്ടല്ലേ “….
“ഓ പിന്നെ….വലിയൊരു ഇഷ്ടക്കാരന്‍ വന്നിരിക്കുന്നു…..
“തനിക്കറിയോ? കുറച്ചുകാലം മുമ്പ് ഇതുപോലെ ഇഷ്ടവും പറഞ്ഞൊരുത്തന്‍ എന്റെ ചേച്ചിയുടെ പിന്നാലെ കൂടി…പാവം എന്റ ചേച്ചി അവനെ ഒത്തിരി വിശ്വസിച്ചു പോയി….അതിന് പകരം ആ ചതിയന്‍ തിരിച്ചു നല്‍കിയത് എന്താണെന്ന് നിനക്ക് കാണണൊ….വാ എന്റെ കൂടെ….കാണിച്ചു താരാം…..
അവനെയും കൂട്ടി കൊണ്ടവൾ തൊട്ടപ്പുറത്ത് കാണുന്ന വലിയൊരു പാലത്തിലേക്ക് നടന്നു….
പാലത്തിന് താഴെയുള്ള റെയില്‍വേ പാളത്തിലൂടെ ഒരു എക്സ്പ്രസ്സ് ട്രെയിന്‍ മിന്നല്‍ പോലെ കടന്നു പോയി….
“ഈ കാണുന്ന പാലത്തിന്ന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് എന്റെ ചേച്ചിയെ അവന്‍ കൊന്നു തള്ളിയത്…..മരിക്കുമ്പോള്‍ എന്റെ ചേച്ചി ഗര്‍ഭിണിയിരുന്നു…..അറിയാമോ തനിക്ക്…”
അവളുടെ കണ്ണുകളില്‍ അഗ്നി ജ്വലിച്ചു…
“”ഞങ്ങളൊക്കെ പാവങ്ങളാണ്….ദയവു ചെയ്തു ഉപദ്രവിക്കരുത്…..”
അവന്റെ മുന്നില്‍ കൈകൾ കൂപ്പി യാചിച്ചിട്ട് അവൾ മുന്നോട്ട് നടന്നു……
“” തനിക്ക് എന്നെ വിശ്വാസം ഇല്ലെങ്കിൽ പൊയ്ക്കൊ….ഇനി ഒരിക്കലും തന്റെ പുറകെ നടന്ന് ശല്യം ചെയ്യാന്‍ ഞാൻ ഉണ്ടാവില്ല….പക്ഷേ ഒന്നോര്‍ത്തോ….ഞാൻ സ്നേഹിച്ചതും, ഇഷ്ടപ്പെട്ടതും നിന്നെ മാത്രമാണ്….”
ഉച്ചത്തിലുള്ള അവന്റെ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കണ്ട കാഴ്‌ച അവളുടെ നെഞ്ചിടിപ്പ് ഉയർത്തി…….
പാലത്തിന്റെ കൈവരിയ്ക്ക് മുകളില്‍ കയറി താഴേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ നില്‍ക്കുന്നു അവന്‍….
അവൾ ഇല്ലാത്തൊരു ലോകത്തെ കുറിച്ച് അവനൊരിക്കലും ചിന്തിക്കാനാകുമായിരുന്നില്ല…..
അത്ര, തീവ്രമായിരുന്നു..,അത്ര സത്യമായിരുന്നു അവന്റെ പ്രണയം…..!
അങ്ങ് ദൂരെ നിന്ന് ഏതോ ട്രെയിന്‍ കുതിച്ചു പാഞ്ഞു വരുന്ന നേര്‍ത്ത ശബ്ദം അവളുടെ ചെവിയില്‍ വന്നു തൊട്ടു….
“താന്‍ എന്താ കാണിക്കുന്നത്……ഒന്ന് താഴെ ഇറങ്ങുന്നുണ്ടൊ….
അവൾ തിരിച്ചു നടന്നു…..,
അവന്റെ അരികിലേക്ക്…..
തീരുമാനത്തില്‍ നിന്നും ഒരിഞ്ചുപോലും മാറാതെ അവന്‍ കല്ല്പോലെ നിന്നു….
അവന്റെ മട്ടും,ഭാവവും കണ്ടിട്ട് അവൾ ഒന്നുറപ്പിച്ചു….
അവന്‍ രണ്ടും കല്പിച്ചാണ് നില്‍ക്കുന്നത്…..!
പാഞ്ഞു വരുന്ന ട്രെയിനിന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തില്‍ കേള്‍ക്കാമായിരുന്നു…..
എന്തു ചെയ്യണമെന്നറിയാതെ അവളുടെ ശരീരമാകെ വിറച്ചു തുടങ്ങി…..
“എനിക്ക് തന്നെ ഇഷ്ടമാണ്…..ഒത്തിരി ഇഷ്ടമാണ്…..താനൊന്ന് വേഗം താഴെ ഇറങ്ങുന്നുണ്ടൊ ”
താഴെയിറങ്ങിയ അവനെ കണ്ടപ്പോഴാണ് അവളുടെ ശ്വാസം നേരെയൊന്ന് വീണത്….
അവൾ അവന്റെ അരികിലേക്ക് ഓടിവന്നണഞ്ഞു……
അവളെ ചേര്‍ത്തു നിറുത്തി….നെറുകയിലും, കവിളും പ്രേമത്തോടെ ചുടു ചുംബനങ്ങൾ കൊണ്ട് അവന്‍ പൊതിഞ്ഞു….
*********
ഒത്തിരി നല്ല, നല്ല വിവാഹ ആലോചനകൾ ഹരിയെ തേടി എത്തിയെങ്കിലും അവന്‍ ഒന്നിനും കൈ കൊടുക്കാതെ ഒഴിഞ്ഞു മാറി നില്‍ക്കുന്നത് കണ്ടപ്പോൾ അമ്മയുടെ മനസ്സിലാണ് ആദ്യം സംശയം ഉടലെടുത്തത്….
അവന്റെ മനസ്സിനെ കീഴടക്കിയ ആ പെണ്ണ് ആരാണെന്ന് അറിഞ്ഞതോടെ, അവന്റെ കാര്യത്തിൽ ഏകദേശം ഒരു തീരുമാനമായി…..
കുടുംബമഹിമയൊ, പണത്തിന്റെ വലിയ തൂക്കമൊ, വെളുത്ത് ചുമന്നൊരു തോലിയുടെ നിറമോ ഇല്ലാത്തതുകൊണ്ട്…..എല്ലാവർക്കുമൊരു പുച്ഛം.
“എന്തു കണ്ടിട്ടാട….നീ ആ തെണ്ടി പെണ്ണിനെ പ്രേമിക്കാന്‍ ഇറങ്ങിയത്….അവന്റെയൊരു ഉടുക്കത്തെ ഒരു പ്രേമം….ത്ഫൂ”
കുടുംബക്കാര്‍ മൊത്തം അവനെതിരെ തിരിഞ്ഞു……..!
അവരുടെ ഭീഷണിപ്പെടുത്തിലില്‍ നിന്ന്, ചോദ്യം ചെയ്യലില്‍ നിന്ന് അവനൊരു കാര്യം മനസ്സിലായി……
എല്ലാവരുടേയും മനസ്സിലെ ‘വില്ലത്തി’ അവളായിരുന്നു….
കാര്യങ്ങളൊക്കെ ഒന്ന് കലങ്ങി തെളിയുന്നതു വരെ കുറച്ചു മാറി നില്‍ക്കുന്നതാണ് ബുദ്ധി…
***********
“ആദ്യം ജീവിക്കാനൊരു ജോലി…., പിന്നെ സ്വന്തമായിട്ടൊരു ചെറിയ വീട്…അതു കഴിഞ്ഞു മതി കുട്ടികള്‍…,കുഞ്ഞുങ്ങള്‍….
ഇങ്ങനെയൊക്കെയായിരുന്നു രണ്ടാളുടെയും കൊച്ചു-കൊച്ചു സ്വപ്നങ്ങള്‍……
പക്ഷെ, എന്തുചെയ്യാനാണ്….
ഒരു ദുര്‍ബല നിമിഷത്തില്‍ പണി പാളിപ്പോയില്ലെ…….!!
അവൾ ഒരമ്മയാവാൻ വിരലിലെണ്ണാവുന്ന ചുരുക്കം ദിവസങ്ങൾ മാത്രമേ ഇനി ബാക്കിയുള്ളൂ…..
കരുതലും, സ്നേഹവും ആവോളം നല്‍കി സ്നേഹിക്കേണ്ട…..,കൂടെ നിന്ന് ഭാര്യയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കേണ്ട, ആത്മധൈര്യം പകര്‍ന്നു നല്‍ക്കേണ്ട ഉത്തരവാദിത്വം സ്വന്തം ഭർത്താവിനല്ലാതെ വേറെ ആര്‍ക്കാണ്???
ഇതിൽ, കുറ്റവും – കുറവും കണ്ടുപിടിച്ച് കളിയാക്കി ചിരിക്കുന്നവര്‍ ചിരിക്കട്ടെ…..
*********
കുഞ്ഞ് പിറന്ന സന്തോഷം പങ്കു വെയ്ക്കാന്‍ ഇത്തിരി മധുരവുമായിട്ട് ശ്യാമളയുടെ വീട്ടിലേക്ക് അവന്‍ കടന്നു ചെന്നു……
” നിങ്ങൾ…ആ വാടക വീട്ടിലെ പയ്യനെ കണ്ട് പഠിക്ക്….അതാണ് ഭാര്യയോടുളള യാഥാര്‍ത്ഥ സ്നേഹം, എനിക്കും ഉണ്ട് ഒരു ഭർത്താവ്…..!! ഒരു ഗ്ലാസ്സ് വെള്ളം ചൂടാക്കി തരാന്‍ പോലും എനിക്ക് ഇവിടെ ആരും ഇല്ല…..എന്റെ തലവിധി…
അനുഭവിക്കുക…..അത്രതന്നെ….!! ”
അവന്‍ കോളിംഗ് ബെല്ലിലേക്ക് വിരൽ അമര്‍ത്താന്‍ ഒരുങ്ങുമ്പോഴേക്കും വീട്ടിനുള്ളില്‍ നിന്നും ശ്യാമളയുടെ നൊമ്പരം നിറഞ്ഞ പുലമ്പല്‍ പുറത്തേക്ക് കേള്‍ക്കാമായിരുന്നു…..
‘എന്തൊക്കെയായിരുന്നു…..ഇപ്പോൾ എവിടെപോയി ആ അഭിമാനിയായ ഭർത്താവും, നാണവും, മാനവുമൊക്കെ……
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ട് വീടിന്റെ വാതിൽ തുറന്ന് മുന്‍വശത്തേക്ക് വന്നു ശ്യാമളയുടെ ഭര്‍ത്താവ്.
” നീയാ….വാ…കയറിയിരിക്ക്….”
” ചേച്ചിയ?
അപ്പോൾ പൂമുഖത്തേക്ക് കടന്നു വന്ന ശ്യാമളയെ കണ്ട് അവന്‍ അമ്പരന്നുപോയി.
“അയ്യോ….ചേച്ചി ഇതെന്തു പറ്റിയത്”
അവരുടെ വലത് കൈ പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു…..!!
” കഷ്ടകാലം അല്ലാതെ എന്തു പറയാനാണ്…..മോനെ…ബാത്ത്റൂമില്‍ ചെറുതായിട്ടൊന്ന് തെന്നി വീണു….കൈയ്ക്ക് പൊട്ടലുണ്ട്….അതിരിക്കട്ടെ…..അവള്‍ക്ക് ഇപ്പോൾ ഇങ്ങനെയുണ്ട്…സുഖമാണോ.”
“ചേച്ചി…അവൾ പ്രസവിച്ചു , സുഖമായിട്ടിരിക്കുന്നു. അതു പറയാനാണ് ഞാൻ…..ഇങ്ങോട്ട് വന്നത്…
അവന്‍ കയ്യില്‍ കരുതിയിരുന്ന മധുരം അവര്‍ക്ക് നേരെ നീട്ടി….
“മോനെ….കുഞ്ഞ്…ആണോ, പെണ്ണോ?
“ഇരട്ട കുട്ടികളാണ് ചേച്ചി, മോനും….മോളും!!
“” ആണൊ…!നന്നായിരിക്കട്ടെ….
“”അവൾ…,എല്ലാം കൊണ്ടും ഭാഗ്യം ചെയ്തൊരു പെണ്ണാണ്…അവള്‍ക്ക് നല്ലൊരു മനസ്സുള്ള ഭർത്താവിനെ കിട്ടിയില്ലേ…പെണ്ണിന്റെ മനസ്സറിഞ്ഞ് അവള്‍ക്കൊപ്പം നില്‍ക്കുന്നൊരു ഭർത്താവ് കൂടെയുണ്ടെങ്കിൽ….ഏത് ഇരുട്ടിലും അവൾക്കതൊരു വല്ലാത്ത ധൈര്യമാണ്……!!!
മനസ്സിന്റെ ഉള്ളിലെവിടയൊ മുറിവേറ്റ, ആ വലിയ തിരിച്ചറിവിൽ നിന്നായിരുന്നു ആ വാക്കുകള്‍….
അവന്‍ പുഞ്ചിരിച്ചു….’അഭിമാനത്തോടെ’…..
“എന്നാൽ പിന്നെ ഞാൻ ഇറങ്ങട്ടെ……ആശുപത്രിയില്‍ അവൾ ഒറ്റക്കെയുള്ളൂ….”
അവന്‍ നടന്നകലുന്നത് കണ്ണെടുക്കാതെ നെടുവീര്‍പ്പോടെ ശ്യാമള നോക്കിയിരുന്നു……
***

by