10/02/2026

പ്രിയേ പ്രാണനേ : ഭാഗം 29 & 30

രചന – ജിഫ്ന നിസാർ

“ഇനിയെന്ത് വയ്യാവേലിയാണാവോ ദൈവമേ..”

പിന്നിൽ നിന്നും ആദിയുടെ ശബ്ദം കേട്ടതും പ്രിയ ആദ്യമോർത്തത് അതായിരുന്നു.

പക്ഷേ, എങ്ങനെയെങ്കിലുമൊരു സോറി പറഞ്ഞിട്ട് ഈ മനസ്സിന്റെ ഭാരമിറക്കിവെക്കണമെന്ന വേവലാതിയായിരുന്നു ആദിയുടെ വിളിയിലുണ്ടായിരുന്നത്.

തലേന്ന് രാത്രി മുതൽ തന്നെ ചൂഴ്ന്ന് നിന്നിരുന്ന ആശങ്കകളും കുറ്റബോധവും ഈ ഒരു മാപ്പ് പറച്ചിലോട് കൂടി അവസാനിക്കുമെങ്കിൽ അതൊന്നിറക്കി വെക്കാൻ അവനും ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നുവപ്പോൾ.

” എന്താ സാർ? ”
ആദിയുടെ ഗൗരവത്തോടെയുള്ള മുഖം കാണുമ്പോൾതന്നെ മനസ്സിലൊരു അനിഷ്ടം തോന്നിയിരുന്നുവെങ്കിലും പ്രിയ ശാന്തമായിട്ടാണ് ആദിയുടെ നേരെ നോക്കിയത് ചോദിച്ചത്.

അവളുടെ കൂർത്ത നോട്ടം തനിക്ക് നേരെയാണ് എന്നറിഞ്ഞ ആദി ആ ഏസിയുടെ തണുപ്പിലും വിയർത്തു പോവുന്നുണ്ട്.

അവളുടെ മുഖത്തൊരു വെല്ലുവിളിയുടെ ഭാവമാണോ?
ആദിയുടെ മനസ്സിൽ വീണ്ടും അസ്വസ്ത്ഥതകൾ നിറഞ്ഞു തുടങ്ങി.
അത് വരെയും താനൊരു സോറി പറയുന്നതിലൂടെ പരിഹരിക്കാൻ കഴിയുന്നൊരു പ്രശ്നമായിരുന്നു താനും അവളും തമ്മിലുള്ളതെങ്കിൽ.. ഇപ്പോഴത് തന്റെയൊരു അഭിമാനപ്രശ്നമായി മാറുകയാണോ?

ആദിയുടെ നെറ്റി ചുളിഞ്ഞു.

“ഫസ്റ്റ് ബെല്ലടിച്ചു സർ..”
പ്രിയ ഓർമപ്പെടുത്തൽ കൂടി കേട്ടതോടെ അവന്റെയാ അസ്വസ്ത്ഥത ഒന്നുകൂടി വർദ്ധിക്കുകയാണ് ചെയ്തത്.

“വിളിച്ച കാര്യം പറയ്‌ എന്നൊരു ആക്ഞ്ഞയാണോ അവളുടെയാ ഓർമപ്പെടുത്തൽ ..?
അറിയാതെ തന്നെ ആദിയുടെ മുഷ്ടി ചുരുണ്ടു.

“എനിക്കിവിടെയിങ്ങനെ അധികസമയം നിൽക്കാൻ കഴിയില്ല സർ.. പെട്ടന്ന് വിളിച്ച കാര്യം പറഞ്ഞു തീർത്താൽ എനിക്കങ്ങോട് പോകാമായിരുന്നു ”
തീർത്തും ശാന്തമായിട്ടാണ് പ്രിയ ആദിയെ നോക്കിയത് പറഞ്ഞത്.

പക്ഷേ അവന്റെ കണ്ണുകൾ അവൾക്ക് നേരെ സംശയത്തോടെ കൂടുതൽ ചുരുങ്ങി.
താനിവളോടൊരു സോറി പറയുമെന്നുള്ള അവളുടെ മുൻവിധിയുടെ ധ്വനിയുണ്ടോ ഇപ്പഴീ പറഞ്ഞ വാക്കുകളിൽ.?

ആദി വീണ്ടും വീണ്ടും അവളാ പറഞ്ഞു പോയ വാക്കുകളെ ഇഴകീറി നോക്കി.

ആ നിൽപ്പും ഭാവവും അസഹ്യമാണെന്ന് തോന്നിയിട്ടാണ് പ്രിയ വീണ്ടും വാതിൽ തുറന്നിറങ്ങി പോകാൻ തുണിഞ്ഞത്.

“നിൽക്ക്.. ”
വീണ്ടും പിന്നിൽ നിന്നും ആക്ഞ്ഞാപിക്കുന്നവന്റെ സ്വരത്തിൽ നേരത്തെയുണ്ടായിരുന്ന മാർദ്ധവമില്ലെന്ന് പ്രിയക്ക് പെട്ടന്ന് തന്നെ മനസ്സിലായി.
പകരം, വല്ലാത്തൊരു മുറുക്കമാണ്. പരുക്കനാണ്..

“എന്താ സർ…?”
അവൾ വീണ്ടും അവന് നേരെ തിരിഞ്ഞു നിന്നിട്ട് ചോദിച്ചു.

“ഇന്നലെ.. ഇന്നലെയെന്റെ മൈന്റ് ഒട്ടും.. ഒട്ടും ഒക്കെയായിരുന്നില്ല.അതൊക്കെ കൊണ്ടങ്ങ് സംഭവിച്ചു പോയതാ.. താൻ.. താനൊന്നും മനസ്സിൽ വെച്ചേക്കരുത്.സോറി.എല്ലാത്തിനും ”
വല്ലാത്തൊരു ധൃതിയിലാണ് ആദിയത് പറഞ്ഞു തീർത്തത്.

അവന്റെ വിയർപ്പ് പൊടിഞ്ഞ മുഖത്തെ വെപ്രാളമറിഞ്ഞതും പ്രിയക്ക് ചിരിയാണ് വന്നത്.

കുറ്റം ഏറ്റു പറയുന്ന ഒരാളുടെ കുറ്റബോധമായിരുന്നില്ലത്.
പകരം… ആർക്കോ വേണ്ടി എന്തോ ചെയ്യന്നവന്റെ ദാർഷ്ഢ്യം.
അതാണാ മുഖത്ത് നിറയെ.
ശീലമില്ലാത്തതെന്തോ ചെയ്യുന്ന ഭാവം.

“കഴിഞ്ഞോ..?”
താൻ പറഞ്ഞു തീർന്നിട്ടും മുറിയിൽനിന്നിറങ്ങി പോവാതെ തനിക്ക് മുന്നിലേക്ക് വന്നിട്ട് കണ്ണിലേക്കു നോക്കി ചോദിക്കുന്നവൾ.

ഒരുവേള അവൾ തന്നെ പരിഹാസിക്കുകയാണെന്നുള്ള ചിന്തയിൽ ആദിയുടെ മുഖം വലിഞ്ഞു മുറുകി.

“വാട്ട്‌ യൂ മീൻ?”

അവളെ ചിറഞ്ഞു നോക്കി കൊണ്ട് വല്ലാത്തൊരു മുറുക്കത്തോടെ ആദി ചോദിച്ചത് കേട്ടതും പ്രിയ അവനെ നോക്കിയൊന്ന് ചിരിച്ചു.

“ഇന്നലെ ഇത് പോലൊരു മുറിയിൽ ഒറ്റക്കിട്ടായിരുന്നില്ല, സാർ എന്നെയത്രേം ചീത്ത വിളിച്ചത്.പക്ഷേ ആ പറഞ്ഞതിന് സോറി പറയുമ്പോൾ അതിന് നാല് ചുവരുകൾ മാത്രം സാക്ഷി..കൊള്ളാം ”

അവളെ നോക്കിയപ്പോൾ ആദിയുടെ മുഖം വീണ്ടും ദേഷ്യം കൊണ്ട് ചുവന്നു.

പല്ല് കടിച്ചും മുഷ്‌ടി ചുരുട്ടിയും പരമാവധി ദേഷ്യമൊതുക്കാൻ അവൻ ശ്രമിച്ചിട്ടും ആ കണ്ണുകൾ ചുവന്നു കിടന്നു.

“ചെയ്തു പോയതൊരു തെറ്റാണെന്ന് ബോധ്യമുള്ളത് കൊണ്ടാ ഞാൻ തന്നോട് സോറി പറഞ്ഞത്…”
ആദി അവളെ നോക്കി പതിയെ പറഞ്ഞു.

“അല്ലെന്ന് ഞാനും പറഞ്ഞില്ലല്ലോ സർ ”
പ്രിയയുടെ പതർച്ചയില്ലാത്ത മുഖവും ചുണ്ടിലെ ചിരിയുമാണ് ആദിയെ കൂടുതൽ ദേഷ്യം പിടിപ്പിക്കുന്നത്.

ഒരു സോറി പറയുന്നത്തോടെ, തനിക്ക് മുന്നിലൊരു തടസ്സമായല്ലോ എന്നതോർത്തു കൊണ്ട് കുറ്റബോധത്തോടെ മുഖം കുനിക്കുമെന്നും തന്നോടും സോറി പറയുമെന്നുമുള്ള അവന്റെ ധാരണകളെയാണ് അവൾ മടക്കിയൊടിച്ചു കയ്യിൽ കൊടുത്തത്.

അതാണവനെ കൂടുതൽ പ്രകോപിപ്പിക്കുന്നത് എന്നറിഞ്ഞു കൊണ്ട് തന്നെ.

“എനിക്ക് മുന്നിലേക്ക് വന്നലച്ചു വീണു കൊണ്ട് താനും ചെയ്തത് തെറ്റ് തന്നെയല്ലേ..?”
ഒരു പരിഹാസചിരിയോടെ ആദി പ്രിയയെ നോക്കി.

“തടഞ്ഞു വീഴുന്നതൊരു കുറ്റമല്ലെന്ന് ഞാനിന്നലെ തന്നെ സാറിനോട് പറഞ്ഞതല്ലേ?”
തെല്ലു പോലും മങ്ങാത്ത ചിരിയോടെ പ്രിയ വീണ്ടും ആദിയെ ഓർമ്മിപ്പിച്ചു.

“ഓഹോ.. അപ്പൊ മാന്യമായി ഒരു സോറി പറഞ്ഞിട്ട് തന്നോട് ഇടപെടാൻ വന്ന ഞാൻ വെറുമൊരു വിഡ്ഢി.”
ആദി കുറച്ചു കൂടി പ്രിയയുടെ അരികിലേക്ക് നിന്നിട്ട് പറഞ്ഞു.

“എന്നല്ല സർ ഞാൻ ഉദ്ദേശിച്ചത്?”
പ്രിയ ശാന്തമായി തന്നെ അവനെ നോക്കി.

“താനെന്തുദേശ്ശിച്ചാലും നോ പ്രോബ്ലം.. പക്ഷേ അത് കൊണ്ടെന്റെ മുന്നിൽ വന്നേക്കരുത്.. ഇതോടെ ഇതിവിടെ തീർന്നു.ഔട്ട്‌.. ഔട്ട്‌..”

പുറത്തേക്ക് വിരൽ ചൂണ്ടി അത്യാവശ്യം ഉറക്കെ തന്നെ ആദി അത് പറയുമ്പോൾ ഇനിയും നിലവിട്ട് അവളോടെന്തെങ്കിലും പറഞ്ഞു പോകുമോയെന്നതായിരുന്നു അവന്റെ ഏറ്റവും വലിയൊരു ഭയം.

കാരണം വീണ്ടും അതോർത്തു കൊണ്ട് നീറാൻ അവന് മനസ്സിലായിരുന്നു.

“നിങ്ങൾക്കൊക്കെ തോന്നുമ്പോ ചീത്ത വിളിക്കാം. അതിനൊരു ഒളിയും മറയുമൊന്നും വേണ്ട. യാതൊരു വെപ്രാളമോ മനസാക്ഷി കുത്തോയില്ല. പക്ഷേ അത് തെറ്റാണെന്ന് ബോധ്യമുണ്ടായാലും സോറി പറയുന്നത് ആരും കേൾക്കാൻ പാടില്ല. തിരിച്ചങ്ങോട്ട് ഒന്നും പറയാനും പാടില്ല..”
പുച്ഛത്തോടെ പ്രിയ പറയുന്നത് കേട്ടതും ആദിയുടെ അവസാനപിടിയും വിട്ട് പോയിരുന്നു.

“ഞാൻ പിന്നെ എന്ത് വേണമെടി.. മര്യാദക്കല്ലേ നിന്നോട് ഞാൻ സോറി പറഞ്ഞത്. അപ്പൊ അവൾക് അഹങ്കാരം.”

ആദി അവളെ കടിച്ചു കീറാനുള്ളത്രേം ദേഷ്യത്തോടെയാണ് ആ മുന്നിൽ നിൽക്കുന്നത്.

” ഇത് ഇത് അഹങ്കാരമൊന്നുമല്ല സർ. എന്റെ.. എന്റെ അവസ്ഥയാണ് ”
നനത്തൊരു ചിരിയോടെ പ്രിയ പറഞ്ഞു.

” മൈൻഡ് ശരിയെന്നുള്ള ഒറ്റ കാരണത്തിൽ പിടിച്ച് എത്ര ലാഘവത്തോടെയാണ് സാറാ സംഭവം പറഞ്ഞത്.ഒന്ന് തടഞ്ഞുവീണു എന്ന കുറ്റത്തിന് അത്രയും പേരുടെ മുന്നിൽവച്ച് ഞാൻ അനുഭവിച്ച അപമാനം.. സഹിച്ച വേദന അതെല്ലാം ഞാനാരോട് പറയും.? ”
പ്രിയയുടെ നോട്ടം ആദിയുടെ നേരെയാണ്.

“എനിക്കറിയാം, നിങ്ങളെന്റെ മേലുദ്യോഗസ്ഥനാണ്.നിങ്ങൾ തരുന്ന ശമ്പളത്തിന്റെ ബലത്തിലാണ് ഞാനും എന്റെ കുടുംബവും ജീവിക്കുന്നത്.പക്ഷേ അഭിമാനത്തിനും സങ്കടങ്ങൾക്കും വേദനകൾക്കുമൊന്നും പാവപ്പെട്ടവനെന്നോ പണക്കാരനെന്നോന്നൊന്നുമില്ല സർ.”
വല്ലാത്തൊരു വേദന നിഴലിക്കുന്നുണ്ട് അവളുടെ വാക്കുകളിൽ.
പക്ഷേ ആ മുഖം… അതാണവളുടെ മനസ്സിന്റെ ഉറപ്പെന്നു തോന്നി ആദിക്ക്.

“ഇനി ഇതിന്റെ പേരിൽ ഞാൻ നിന്റെ കാലു പിടിക്കണം.അതിനു വേണ്ടിയാണോ ഈ ഡയലോഗടിക്കുന്നത് നീ?”

അവളുടെ ചിരി കാണുമ്പോഴൊക്കെയും സഹിക്കാൻ കഴിയാത്ത ദേഷ്യത്തോടെ ആദി വീണ്ടും വീണ്ടും അസ്വസ്ഥനാകുന്നുണ്ടായിരുന്നു.

“അങ്ങനൊന്നും ഞാനെന്റെ സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല സാറേ. എനിക്കറിയാം ഞാനും നിങ്ങളും തമ്മിലുള്ള വ്യത്യാസം. മൈന്റ് ശെരിയല്ലെന്നുള്ള കാരണം പറഞ്ഞിട്ട് ഇന്നലെ ഞാനായിരുന്നു നിങ്ങളെയങ്ങനെയൊരു ആൾക്കൂട്ടത്തിനു നടുവിലിട്ട് അപമാനിച്ചതെങ്കിൽ.. ഇത് പോലൊരു സോറി പറഞ്ഞത് കൊണ്ട് മാത്രം നിങ്ങളെന്നോട് ക്ഷമിക്കുമായിരുന്നോ?”
ആദിയൊട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല അവളിൽ നിന്നും അങ്ങനൊരു ചോദ്യം.

അതിനാൽ തന്നെയും ആ പതർച്ച അവന്റെ മുഖത്ത് തെളിഞ്ഞു കണ്ടിരുന്നു.

“എനിക്കറിയാം.. എന്നോട് ക്ഷമിക്കാൻ കഴിയില്ലെന്ന് മാത്രമല്ല.. പിന്നെ ഈ ലോകത്തിലെ ഏറ്റവും വലിയ തെറ്റ്.. അതീ ഞാൻ ചെയ്തതതായിരിക്കും ”
പ്രിയ മന്ദഹാസത്തോടെ ആദിയെ നോക്കി.

“എതിരെ നിൽക്കുന്നവർക്കും മനസ്സും മൈന്റുമെല്ലാമുണ്ടെന്ന് കൂടി മനസ്സിലാക്കണം സർ. അപ്പഴേ മനുഷ്യനാവൂ. ചില അനുഭവങ്ങൾ നൽകുന്ന മുറിവ് ആ വ്യക്തിയുടെ മരണം വരെയും മറക്കാനാവില്ല. ഒരു മാപ്പ് പറച്ചില് കൊണ്ടാ ഹൃദയത്തിലെറ്റ മുറിവുണങ്ങുകയുമില്ല. അങ്ങനൊരു മുറിവിന് കാരണമാവാതിരിക്കാൻ ഇനിയെങ്കിലും ശ്രദ്ധിക്കണേ.. മാധവൻ മാഷിന്റെ കൊച്ചു മോന് ഏറ്റവും അത്യാവശ്യമായി ഉണ്ടാവേണ്ടുന്ന ഒരു ക്വാലിറ്റി അതാണ്.. അതായിരിക്കണം. അത് മറക്കരുത്.”

തന്നെ തുറിച്ചു നോക്കി നിൽക്കുന്ന ആദിയുടെ നേരെ നോക്കി യാതൊരു കൂസലും കൂടാതെ അത് പറഞ്ഞു കൊണ്ടായിരുന്നു പ്രിയ വാതിൽ തുറന്ന് കൊണ്ടിറങ്ങി പോയത്.

💞💞

“ഇപ്രാവശ്യം.. തന്റെ പ്ലാനെല്ലാം ഫ്ലോപ്പായി പോയി. അല്ലെടോ ദേവാ?”
തൊട്ട് മുന്നിലിരിക്കുന്നവന്റെ ചോദ്യം കേട്ടതും ദേവന്റെ കണ്ണുകളൊന്നു കുറുകി.
കയ്യിലുള്ള മദ്യഗ്ലാസ് ഒന്ന് കൂടി മുറുക്കി അയാൾ ചിരിയോടെ ചങ്ങാതിയെ നോക്കി.

“അങ്ങനെ ഫ്ലോപ്പായി പോവുന്ന പ്ലാനൊന്നും മഹാദേവൻ മനസിലിട്ട് വളർത്താറില്ലെന്ന് തനിക്കിനിയും മനസ്സിലായില്ലേ ജോൺ സ്കറിയ..”
കുടിലത നിറഞ്ഞ ചിരിയോടെ ദേവൻ ജോണിന് നേരെ നോക്കി പറഞ്ഞു.

“പക്ഷേ മറുവശം തന്റെ മകനാണ് ദേവൻ. തന്റെ തന്നെ രക്തമെല്ലടോ അവനും. തന്റെ മനസ്സിനെയും ബിസിനസ് തന്ത്രങ്ങളെയും തന്നോളം തന്നെ അറിയാവുന്ന മിടുക്കനാണ് ആദിത് മഹാദേവൻ. അത് താൻ പലപ്പോഴും മറന്നു പോകുന്നുണ്ടോ?”
ജോൺ ദേവനെ നോക്കി ചോദിച്ചു.

“എനിക്കറിയാം ജോൺ.. അവനെയെങ്ങനെ ഇവിടെ എത്തിക്കണമെന്ന് എനിക്ക് ശരിക്കറിയാം.കുറച്ചു കാത്തിരിക്കാനുള്ള ക്ഷമ വേണ്ടി വന്നേക്കാം. പക്ഷേ മഹാദേവൻ മനസ്സിൽ കണ്ട സ്വപ്നം പോലെ.. അവനിങ്ങോട്ട് തന്നെ വരും.. വരുത്തും ഞാൻ..”
വല്ലാത്തൊരു ഭാവമായിരുന്നു ദേവനത് പറയുമ്പോൾ അയാളുടെ മുഖം നിറയെ.

“അവൻ തന്റെ അച്ഛന്റെ പകരക്കാരനായി കയറിക്കൂടിയെന്നാണല്ലോ എനിക്ക് കിട്ടിയ ഇൻഫെർമേഷൻ. അത് ശരിയാണോ?”

ജോൺ ദേവനെ ചുഴിഞ്ഞു നോക്കി കൊണ്ടാണത് ചോദിച്ചത്.

“അതൊന്നുമിപ്പോൾ താനറിയേണ്ട കാര്യമില്ല ജോൺ. തന്നോട് ഞാനൊരു വാക്ക് പറഞ്ഞിട്ടില്ലേ.. ആ വാക്ക് ഞാൻ പാലിക്കും. എന്റെ മകൻ തന്റെ മകളെ വിവാഹം കഴിക്കുകയും ചെയ്യും. ഇതെന്റെ വാക്കാണ്…”

തുടരും…

ആദിയുടെ മുറിയിൽ നിന്നും പുറത്തേക്ക് വാതിൽ തുറന്നു കൊണ്ടിറങ്ങിയ പ്രിയ ദീർഘ നിശ്വാസത്തോടെ ചുവരിൽ ചാരി നിന്ന് കണ്ണടച്ചു.

ഹൃദയതാളമിപ്പോഴും പൂർവ്വസ്ഥിതിയിലായിട്ടില്ല.
തന്നോടുള്ള മുഴുവൻ ദേഷ്യവും കണ്ണിലെ കനലായ് എരിയിച്ചു കൊണ്ട് നിൽക്കുന്ന ഒരുവന്റെ മുന്നിൽ… അതിനി എത്ര ന്യായമായ കാര്യമാണെങ്കിൽ പോലും അത്ര മാത്രം ചങ്കൂറ്റത്തോടെ തനിക്കങ്ങെനെ അത്രയും പറയാനായി..?

അവന്റെ ഓരോ നോട്ടവും സൂചി പോലെ, വല്ലാത്തൊരു ശക്തിയിൽ ഹൃദയത്തിലെക്കാണ് ആഴ്ന്നിറങ്ങി പോകുന്നത്.

കാതോർത്താൽ അവനിരികിൽ നിൽക്കുമ്പോൾ മുറുകിയ ഹൃദയമിടിപ്പ് പുറത്ത് കേൾക്കാവുന്നത്രേം ഉച്ചത്തിലായിരുന്നു .

ആദ്യമായി ഒരാളോട് ക്ഷമാപണം പറയുന്നതിന്റെ എല്ലാ ബുദ്ധിമുട്ടും അവന്റെ മുഖത്തും പ്രവർത്തികളിലും പ്രകടമായി തന്നെ ഉണ്ടായിട്ടും അത്രേം രൂക്ഷമായി പറയേണ്ടി വന്നത്, അതിന്നലേ താനനുഭവിച്ച വേദനയുടെയും അപമാനത്തിന്റെയും ആഴമായിരുന്നു.

ആ നോവുകൾക്ക് പിന്നിലെ കാരണക്കാരൻ .. മാധവൻ മാഷിന്റെ കൊച്ചു മോനാണല്ലോ എന്നുള്ള വേവലാതിയായിരുന്നു.

അത്രത്തോളം പറയണമായിരുന്നോ?

നെഞ്ചിടിപ്പോടെ പ്രിയ വിരൽ കടിച്ചു കൊണ്ടോർത്തു.

വേണ്ടായിരുന്നു..

തനിക്കറിയാമായിരുന്നുവല്ലോ അവനും താനും തമ്മിലുള്ള അന്തരം.
“പറഞ്ഞതല്ലേയവൻ, അവന്റെ മൈന്റ് ശെരിയായിരുന്നില്ലെന്ന്?

എന്നിട്ടുമെന്തെ അവനോടത്രേം….?

“ചമ്മലോടെയാണേലും.. അവൻ തന്നോട് മാപ്പ് പറഞ്ഞു. പക്ഷേ ആ ദയ പോലും താനവനോട് കാണിച്ചില്ലേ?

പ്രിയയുടെ മനസ്സിൽ ആകുലതകൾ നിറയുകയായിരുന്നു അപ്പോൾ മുതൽ..

❣️❣️

നെറ്റിയിൽ വിരൽ കൊണ്ടമർത്തി കുനിഞ്ഞിരിക്കുന്നവന്റെ മനസ്സിൽ ആത്മസംഘർഷത്തിന്റെ ആഴിയാണ് അലറി വിളിച്ചിരുന്നത്.

കണ്ണുകൾ ഇറുകെ അടച്ചു പിടിച്ചവൻ വീണ്ടും വീണ്ടും നെറ്റിയിൽ വിരൽ കൂടുതൽ കൂടുതൽ അമർത്തി ദേഷ്യമൊതുക്കാൻ ശ്രമിച്ചിട്ടും, ഉല പോലെ ചുവന്നു വിങ്ങിയ മുഖവും ഉയർന്ന ശ്വാസഗതിയും അവനുള്ളിലെ ദേഷ്യത്തിന്റെ അപ്പോഴുമടങ്ങാത്ത തിരകളായിരുന്നു.

തൊട്ടരികിൽ വെച്ച ഫോൺ ബെല്ലടിക്കുന്നത് കേട്ട് ഒന്ന് ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നുവെങ്കിലും ഫോണിന്റെ നേരെയൊന്ന് നോക്കുക കൂടി ചെയ്യാതെ ആദി അതേ സ്പീഡിൽ വീണ്ടും കണ്ണടച്ച് പിടിച്ചു..

💞💞

“തല നരച്ച മാഷിനെ പോലും വെറുതെ വിടാത്തവർ ചോരയും നീരുമുള്ള ആണൊരുത്തനെ കണ്ടാൽ വെറുതെ വിടില്ലല്ലോ.. ഇനിയെന്തൊക്കെ കാണേണ്ടി വരുമാവോ?”

മുഖം കുനിച്ചു കൊണ്ടങ്ങോട്ട് കയറി വന്ന പ്രിയ കൂടി കേൾക്കെയാണ് രാജീവിന്റെ കൊള്ളിച്ച വർത്താനം.

എന്നിട്ടും മനസ്സിലെ വേവ് കാരണം തന്റെ ഇരിപ്പിത്തിൽ പോയി ബാഗിൽ നിന്നും വെള്ളമെടുത്തു കുടിച്ചുതല്ലാതെ പ്രിയ രാജീവിനെയോ അവൻ പറഞ്ഞത് കേട്ട് അർഥം വെച്ച് ചിരിക്കുന്ന അവന്റെ പ്രിയപ്പെട്ടവരെയോ നോക്കിയില്ല.
കലങ്ങി മറിഞ്ഞ അവളുടെ ചിന്തകളുടെ മുന്നിലപ്പോൾ അവരാരും തന്നെ ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.

തനിക്ക് മുന്നിൽ നിന്നും മധുരമെടുത്ത് തന്റെ മുഖത്തടിച്ചത് പോലെ ഇറങ്ങി പോയവളുടെ വാടിയ മുഖത്തേക്ക് രാജീവൊരു നിർവൃതിയോടെയാണ് നോക്കിയിരുന്നത്.

തന്റെ കല്യാണമുറപ്പിച്ചു എന്ന വാർത്ത കേട്ട മാത്രയിൽ ഞെട്ടി വിറച്ചു കൈവിട്ടു പോയ ഭാഗ്യത്തെയോർത്തവൾ വിങ്ങി കരഞ്ഞില്ല എന്നതായിരുന്നു അവനപ്പോൾ അവളിൽ കണ്ട ഏറ്റവും വലിയൊരു അപരാധം..

❣️❣️

മൂന്നാം പ്രാവശ്യവും അവഗണിച്ച പരിഭവത്തോടെയുള്ള ഫോണിന്റെ നിലവിളി.
ആദിയുടെ ചുവപ്പ് രാശി പടർന്ന കണ്ണുകൾക്ക് വീണ്ടും രൗദ്രതയേറി.
കഴിഞ്ഞു പോയ നിമിഷങ്ങളോർക്കേ അവന്റെ ചെന്നിയിലെ ഞരമ്പുകൾ പിടച്ചു.

സഞ്ജു കോളിങ്..

ഒരു നിമിഷം നോട്ടം ഫോണിലേക്ക് പാളിയതും സ്ക്രീനിൽ എഴുതി കാണിച്ച പേര് കണ്ടതും ആദി കൈ നീട്ടി ഫോണെടുത്തു.

പക്ഷേ അതപ്പോഴേക്കും നിലച്ചു പോയിരുന്നു.

പല്ല് കടിച്ചു പിടിച്ചു കൊണ്ടാണ് ആദി സഞ്ജുവിന്റെ നമ്പർ കോളിലിട്ടത്.

“ഒരുവട്ടം വിളിച്ചാൽ ഫോണെടുത്തില്ലേ പിന്നേം പിന്നേം വിളിച്ചു ശല്യപ്പെടുത്താതെ അവരെന്തെങ്കിലും ബിസിയാവുമെന്ന് മനസ്സിലാനുള്ള ബുദ്ധി പോകുമില്ലാത്ത നീ ഇങ്ങനെ സപ്ലിയടിച്ച് നടക്കുന്നതിൽ അത്ഭുതമൊന്നുമില്ല. ബാലൻ മാഷിന് തെറ്റ് പറ്റിയിട്ടൊന്നുമില്ല. നീ അർഹിക്കുന്നത് തന്നെയാ കേൾക്കുന്നത് ”
ആദിയുടെ പൊട്ടി തെറി കേട്ടതും ഇതിന് മാത്രം താനേതോ പാതകം ചെയ്ത് പോയോന്നൊരു സംശയത്തോടെ സഞ്ജു ഫോൺ ചെവിയിൽ നിന്ന് മാറ്റി നോക്കി.

നമ്പർ മാറിയിട്ടൊന്നുമില്ല.
ലവൻ തന്നെയാണല്ലോ?
പെട്ടന്നിതെന്തു പറ്റിയാവോ?
സഞ്ജുവിന്റെ നെറ്റി ചുളിഞ്ഞു.

“ഡാ… ഞാൻ.. നിന്റെ വിശേഷമറിയാൻ..”

“ഞാനിവിടെ പെഗ്നൻസി പത്തു മാസമായി നിൽപ്പല്ലേ.. നീയിങ്ങനെ മിനിറ്റിന് മിനിറ്റിന് വിളിച്ചു വിശേഷമറിയാൻ?

ആദിയുടെ ദേഷ്യം നിറഞ്ഞ സ്വരം..

“അതല്ലടാ.. ഞാൻ..”

“വിളിച്ച കാര്യം പറഞ്ഞിട്ട് പോടാ. എനിക്ക് വേറെ പണിയുണ്ട് ”

സഞ്ജു പറയുന്നതൊന്നും മുഴുവൻ കേൾക്കാനുള്ള ക്ഷമപോലുമില്ലായിരുന്നു ആദിക്ക്.
“മ്മ്… ഇത് അത് തന്നെ…”
സഞ്ജുവിന്റെ പറച്ചിലിനൊപ്പം അവന്റെ ചിരി കൂടി ഫോണിലൂടെ ഒഴുകിഎത്തിയിരുന്നു.

“ഏത് തന്നെ..?”
ആദിയുടെ മിഴികൾ കുറുകി…

അവൻ കസേരയിൽ നിന്നും എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.

“അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ന്ന് പറയുന്നത് നീ കേട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. നീയങ്ങ് ലണ്ടനിലായിരുന്നില്ലേ….? പക്ഷേ ഇവിടങ്ങനെയൊരു ചെല്ലുണ്ട്. ഇതിപ്പോ ഈ സീനിന് വളരെ ചേർച്ചയാണ് ”
സഞ്ജു ഈണത്തിൽ പറഞ്ഞു കേട്ടപ്പോൾ ആദി പല്ല് കടിച്ചു കൊണ്ട് കണ്ണുകളടച്ചു.. നെറ്റിയിൽ തടവി.

“മാപ്പ് പറയാൻ പോയിട്ട് നീ എട്ടു നിലയിൽ പൊട്ടിയല്ലേ?”
സഞ്ജുവിന്റെ അന്വേഷണം.

ആദിക്ക് പ്രിയയെയും അവളുടെ വെല്ലുവിളി നിറഞ്ഞ മുഖവും ഓർമ വന്നുവപ്പോൾ.

“സാരമില്ലഡാ മോനെ. അതൊക്കെയല്ലേലും ബുദ്ധിയും ബോധവുമുള്ളോർക്ക് പറഞ്ഞിട്ടുള്ള പണിയാ. നിന്നെ പോലെ ദേഷ്യം വന്നാ കണ്ണ് കാണാൻ വയ്യാത്തവർ മാപ്പ് പറയാൻ പോയാ ഒരു കോപ്പും നടക്കില്ലെന്നു ഞാനും ഓർക്കണമായിരുന്നു ”

സഞ്ജുവിന്റെ വാക്കുകൾ..

ആദിക്ക് അവനെ കണ്മുന്നിൽ കിട്ടിയാൽ മുഖം നോക്കി രണ്ടു പൊട്ടിക്കാനുള്ള ത്വരയുണ്ടായിരുന്നു.

അവന്റെ മുന്നിലല്ലെന്നുള്ള ധൈര്യം തന്നെയായിരുന്നു സഞ്ചുവിനും.

“ആ ടീച്ചർ വലിച്ചു കീറിയോടാ മോനെ?”
സഞ്ജു ചിരിയമർത്തി കൊണ്ടാണ് ചോദിക്കുന്നതെന്ന് ആദിക്ക് മനസ്സിലായി.

“ഞാനിവിടുത്തെ വെറുമൊരു ടീച്ചർക്ക് മുന്നിൽ പത്തി മടക്കി ഓടുമെന്ന് അവളെ പോലെ നീയും കരുതിയല്ലോ സഞ്ജു.. കഷ്ടം?”
ആദിയുടെ കണ്ണുകൾ കുറുകി.
മുഖം വലിഞ്ഞു മുറുകി.

“അവൾക്കറിയില്ലയെന്നെ. അവളെന്നെ റൂൾസ് പഠിപ്പിക്കാൻ വന്നേക്കുന്നു. പഠിപ്പിച്ചു കൊടുക്കുന്നുണ്ട് ഞാൻ..”

ആദി വല്ലാത്തൊരു ചിരിയോടെ മേശയിൽ ആഞ്ഞിടിച്ചു കൊണ്ടാണ് പറയുന്നത്.

“എടാ.. വെറുതെ ഇനിയും ആ ടീച്ചർ കൊച്ചിനോട് ഇടയാൻ നിന്നിട്ട് പ്രശ്നമുണ്ടാക്കി വെക്കരുത് നീ. ഉണ്ടാക്കിയ പ്രശ്നം സോൾവ് ചെയ്യാൻ പോയത് അതിനേക്കാൾ വലിയൊരു പ്രശ്നമാക്കി മാറ്റി. എന്നിട്ടും അവന് മതിയായില്ല ”
സഞ്ജു മുന്നറിയിപ്പ് പോലെ പറഞ്ഞു.

“നീ പോടാ &%₹##@. എന്ത് വേണമെന്ന് എനിക്കറിയാം. ആ അഹങ്കാരിയെ ഞാനൊരു പാഠം പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.അവളറിയാത്ത കുറെയേറെ റൂൾസ് ഞാനങ്ങോട്ട് പഠിപ്പിച്ചു കൊടുക്കുന്നുണ്ട്. കേട്ടോടാ…”

ആദി വീണ്ടും സഞ്ജുവിനെ വായിൽ തോന്നിയത് മുഴുവനും വിളിച്ചു പറഞ്ഞു.സഞ്ജു പ്രിയയെ സപ്പോർട്ട് ചെയ്യുകയാണോ എന്നൊരു തോന്നലിൽ അവന്റെ നിയന്ത്രണം പാടെ നഷ്ടപ്പെട്ടിരിക്കുന്നു.

“ഹൂ.. ഒന്ന് നിർത്തെടാ.. അലവലാതി ”
സഞ്ജു ഫോൺ ചെവിയിൽ നിന്നും മാറ്റി പിടിച്ചു കൊണ്ട് ദയനീയമായി പറഞ്ഞു.

ഫോണകറ്റി പിടിച്ചിട്ടും ആദിയുടെ ശബ്ദം കാതിലപ്പോഴും മുഴങ്ങുന്നുണ്ടെന്ന് തോന്നി സഞ്ജുവിന്.
“സത്യത്തിൽ നീ ലണ്ടനിൽ തന്നെ ആയിരുന്നോടാ.. കേരളത്തിൽ നിൽക്കുന്നവർക്ക് മാത്രം അറിയാവുന്ന ഈ പച്ച മലയാളതെറികൾ ഇത്രേം സ്പുടതയോടെ പറയാൻ കഴിഞ്ഞ നീ…. നീയാണ് ആദി ശെരിക്കും മലയാളി..”

സഞ്ജു വളരെ ആത്മാർത്ഥമായിട്ടായിരുന്നു അത് പറഞ്ഞത്.

“എന്റെ വിശേഷമറിഞ്ഞില്ലേ. ഇനി മോൻ വെച്ചിട്ട് പോ. ബാക്കി പറയാനുള്ളത് ഞാനിനി വീട്ടിൽ വന്നിട്ട് പറഞ്ഞു തരാം ”

സഞ്ജുവിന്റെ സംസാരം കേട്ടതോടെ ചുണ്ടിലേക്ക് പാഞ്ഞേത്തിയ കുഞ്ഞോരു ചിരിയോടെ ആദി പറഞ്ഞു.

“ഹോ.. ഇന്നിനി താങ്ങൂലെട മോനെ.. ഒരാഴ്ചത്തെകുള്ളത് ഒരുമിച്ച് തന്നപ്പോ നിനക്കും കേട്ടപ്പോ എനിക്കും ന്തൊരു ആശ്വാസം..എനിക്കെന്തിന്റെ കേടായിരുന്നു .”
ഒരു ദീർഘനിശ്വാസത്തോടെ സഞ്ജു പറഞ്ഞു.

അവനാ പറഞ്ഞത് സത്യമാണെന്ന് ആദിക്കും തോന്നി.

ഉള്ളിലെ രോഷം മുഴുവനും സഞ്ജുവിലേക്കിറക്കി വെച്ചപ്പോൾ വല്ലാത്തൊരാശ്വാസം തോന്നുന്നുണ്ടായിരുന്നു ആദിക്കും.

“പക്ഷേ നീ എത്രയൊക്കെ ഷൗട്ട് ചെയ്താലും എനിക്കൊന്നേ പറയാനൊള്ളൂ.”

സഞ്ജു പറയുന്നത് ആദി ഒന്നും മിണ്ടാതെ കാതോർത്തു.

“മാഷ് ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട് നിന്നിൽ നിന്നും. നിന്റെ ഒടുക്കത്തെ ദേഷ്യം കൊണ്ടത് നീ ഇല്ലാതാക്കി കളയരുത്. നിന്റച്ഛൻ കൊടുത്തു പോയ വേദന പോലും യാതൊരു പരാതിയും പരിഭവവുമില്ലാതെ സഹിക്കാനും ക്ഷമിക്കാനും തയ്യാറായ ആ മനുഷ്യനെ നീ കൂടി തോൽപ്പിക്കാൻ ശ്രമിക്കരുത് ആദി.. പാപമാണ്. കൊടിയ പാപം ”
അത് വരെയുമുള്ള കളി വിട്ട് സഞ്ജുവിന്റെ ഗൗരവം നിറഞ്ഞ സ്വരം.

ആദിയുടെ കൈകൾ ഫോണിൽ മുറുകി.

“ആ മനുഷ്യന്റെ ഒരായുസ്സുകാലത്തെ സമ്പാദ്യമാണ് നീയിപ്പോൾ നിൽക്കുന്ന ആ സ്കൂൾ. അദ്ദേഹത്തിന്റെ സന്മനസ്സ് കൊണ്ട് അക്ഷരം തേടി വന്ന ഒരുപാട് കുട്ടികൾക്കുള്ള ആശ്വാസം കൂടിയാണ്. നീ.. നിന്റെ ദേഷ്യം കാരണം അതിനെന്തെങ്കിലും സംഭവിച്ചാൽ….”

സഞ്ജു പറഞ്ഞു നിർത്തിയതും ആദിക്ക് ഉള്ളിലൊരു തരിപ്പ് തോന്നി.

“എടാ ഞാൻ.. ഞാൻ മര്യാദക്ക് മാപ്പ് പറയാൻ ചെന്നിട്ടും അവളെന്നെ… എന്റെ പിടി വിട്ട് പോയെടാ..”
ആദി സഞ്ജുവിനോട് പറഞ്ഞു.

“എനിക്ക് നിന്നെ മനസ്സിലാവും ആദി. പക്ഷേ പുറത്തുള്ള ഒരാൾക്ക് അത് നിന്റെ അഹങ്കാരമായേ തോന്നു. അതിലവരെയും കുറ്റം പറയാനൊക്കില്ല. മാധവൻ മാഷിന്റെ കൊച്ചു മോന് അഹങ്കാരമൊരു ചീത്ത പേരാണ്.. മാഷിനും.. നിനക്കും ”

സഞ്ജു പറഞ്ഞു കേട്ടപ്പോഴും ആദിയുടെ ഉള്ളിലേക്ക് പ്രിയയുടെ വാക്കുകൾ ഓടി വന്നു ആ നിമിഷം.
പിന്നെ സഞ്ജു പറയുന്നതൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല.

കാതിലൊരു മൂളൽ പോലെ.. പ്രിയയുടെ വാക്കുകൾ.

കണ്മുന്നിൽ അവളുടെ വെല്ലുവിളി നിറഞ്ഞ രൂപം.
അവന്റെ പല്ലുകൾ വീണ്ടും ഞെരിഞ്ഞമർന്നു.

“നിന്നെ ഞാൻ വെറുതെ വിടില്ല.. ആദിത് മഹാദേവന്റെ ജീവിതത്തിലേറ്റാ ആദ്യത്തെ അപമാനം. അത് ഞാനെന്റെ മരണം വരെയും മറക്കില്ല ”

മറുവശം ആദിയെ സഞ്ജു വീണ്ടും എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിക്കുന്നുണ്ട്.
പക്ഷേ അവന്റെ മനസ്സതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല..

തുടരും..