24/04/2026

എന്തിനാ എന്നും ഇങ്ങനെ എന്റെ പുറകെ നടക്കുന്നത്…. എനിക്ക് മനസിലാവുന്നില്ലെന്ന് കരുതിയൊ….

രചന – മഞ്ചാടി

പെയ്തൊഴിയാൻ വെമ്പി

” എന്തിനാ എന്നും ഇങ്ങനെ എന്റെ പുറകെ നടക്കുന്നത്…. എനിക്ക് മനസിലാവുന്നില്ലെന്ന് കരുതിയൊ…. നിങ്ങളുദ്ദേശിക്കും പോലെ അല്ല ഞാൻ, ഒരുമിച്ചെന്നും ഒരേ ട്രയിനിൽ യാത്ര ചെയ്തെന്നു കരുതി ഇഷ്ടം തോന്നണോ, അങ്ങനുള്ളവരുണ്ടാവാം, പക്ഷേ ആ കൂട്ടത്തിൽ എന്നെ കൂട്ടണ്ട . മേലിൽ ഇതാവർത്തിക്കരുത്.

നിരഞ്ജൻ…എപ്പോൾ മുതലാണ് ഞാനയാളെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നെനിക്ക് ശരിക്കോർമ്മയില്ല…

പുതിയ ജോലി സ്ഥലം ഇത്തിരി ദൂരെ ആയതു കൊണ്ട് ട്രയിനിലായിരുന്നു യാത്ര. ആദ്യമൊക്കെ പേടിയായിരുന്നു ട്രയിനിലെ യാത്ര… പിന്നീടാ യാത്ര ഒരു സുഖമായി മാറി, ഓർമ്മകൾ കൂട്ടു വരുന്നൊരു യാത്ര

ട്രയിനിറങ്ങി പിന്നേം ബസ് കയറിയായിരുന്നു ജോലി ചെയ്യുന്ന ഹോസ്പിറ്റലിലേക്ക് പോകേണ്ടിയിരുന്നത്. ബസ്സ്റ്റോപ്പിലേക്കിത്തിരി നടക്കാനുണ്ട് ,രാവിലെയുള്ള ആ നടത്തവും തണുപ്പ് കൂട്ടിനു വരുന്നത് കൊണ്ട് സുഖമായിരുന്നു.

ഇടയ്ക്കെപ്പൊഴൊ ഞാനറിഞ്ഞു എന്റെ പുറകെ അവനുള്ളത്… ബസ്സ്റ്റോപ്പിൽ ഞാനെത്തി നിൽക്കുമ്പോൾ റോഡ് മുറിച്ച് കടന്നു പോകുന്ന അവൻ റോഡിന് അപ്പുറത്തെത്തിയും പിന്നീട് ഓഫിസിലേക്ക് കയറുമ്പോഴും എന്നെ തിരിഞ്ഞു നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു തുടങ്ങി…

രാവിലെ സ്റ്റേഷനിലെത്തി ട്രയിനിനു വേണ്ടി കാത്തിരിക്കുന്ന നിമിഷങ്ങളിൽ ഫോൺ കയിലുള്ള കാരണം ചുറ്റുമുള്ളതൊന്നും ഞാനറിയാറില്ലായിരുന്നു ..ഒരിക്കൽ ഫോൺ കേടായതു കാരണമാണ് ആ കണ്ണുകൾ എനിക്കു മേൽ ഉടക്കി നിൽക്കുന്നത് എനിക്കറിയാനായത്…

“നിച്ചൂ… വേഗം വാടാ ദാ ട്രയിൻ വന്നു, അവന്റെ സുഹൃത്തിന്റെ വിളിയാണ് ഉടക്കിയ രണ്ട് കണ്ണുകളെയും വേർപിരിച്ചത്…

ഞാൻ കയറിയ കംപാർട്ട്മെന്റിലല്ലായിരുന്നു നിച്ചു കയറിയത്,

നിച്ചു നിരഞ്ജൻ ആണെന്നറിഞ്ഞത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ്. സീസൺ ടിക്കറ്റിനു വേണ്ടി തിരിച്ചറിയൽ കാർഡ് കൊടുക്കാൻ ക്യൂവിൽ എനിക്ക് മുൻപിൽ അവനായിരുന്നു, നിരഞ്ജൻ അച്ഛനും അമ്മയ്ക്കും ഒറ്റമോൻ, മൂത്തവൾ കല്യാണം കഴിഞ്ഞു ഭർത്താവുമൊത്ത് ഗൾഫിലാണ്… പറഞ്ഞത് അവനല്ല കേട്ടോ, തൊട്ടു പുറകിൽ നിന്നിരുന്ന രണ്ട് ചേച്ചിമാരുടെ സംസാരത്തിൽ നിന്നും പിടിച്ചെടുത്തതാ, നുണ കേൾക്കാനൊന്നും നിന്നില്ലാട്ടൊ എനിക്ക് വേണ്ടത് കിട്ടിയപ്പൊ ഞാൻ സ് കൂട്ടായി…..

പിന്നീട് കണ്ണുകൾ തമ്മിൽ ഉടക്കാതിരിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിരുന്നു… കാരണം ഞാൻ കാരണം അവൻ കരയുന്നത് ഞാനാഗ്രഹിച്ചിരുന്നില്ല. ഞാനെന്താണെന്നറിഞ്ഞാൽ അവൻ തീർച്ചയായും വിഷമിക്കും… വേണ്ട എന്നെ സ്നേഹിച്ച് ആരും വേദനിക്കരുത്.

എങ്കിലും ഞാനും അവനറിയാതെ അവനെ നോക്കി കൊണ്ടിരുന്നു.

അന്ന് തിരക്ക് കുറവായിരുന്നു ട്രയിനിൽ. കണ്ണൂരെത്തി ട്രയിനിറങ്ങുമ്പൊ പതിവുപോലെ എന്നെ കാത്തു നിൽക്കുന്ന നിരഞ്ജനെ ഞാൻ കണ്ടു. എന്തോ ദേഷ്യമാണ് തോന്നിയത് അത് കണ്ടപ്പൊ. ഞാനിറങ്ങി നടക്കുമ്പോൾ അല്പം മാറി അവനും നടന്ന് തുടങ്ങി…

ഹോസ്പിറ്റലിലൊപ്പം ജോലി ചെയ്യുന്നവരുടെ ഒരു പരിഗണനയും തരാത്ത സ്നേഹ ശൂന്യമായ പെരുമാറ്റം മനസിനെ തളർത്തിയതുകൊണ്ടാവാം അവിടേക്കുള്ള പോക്കിൽ പെട്ടെന്നൊരു ദേഷ്യത്തിൽ അവനോട് ഈ ചോദ്യം ചോദിക്കാൻ ഉടലെടുത്തത്…

” ഇറങ്ങുന്നില്ലെ, കണ്ണൂരെത്തി.. ഒപ്പം യാത്ര ചെയ്തിരുന്ന ചേച്ചിയുടെ ചോദ്യമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്.

ട്രയിനിറങ്ങുമ്പോൾ ഞാൻ നോക്കിയത് ജീവിതത്തിൽ ആരും കാത്തിരിക്കാനില്ലാത്ത എന്നെ എന്നും കാത്തു നിൽക്കുന്ന നിരഞ്ജനെ ആയിരുന്നു… പക്ഷെ എത്ര തിരഞ്ഞിട്ടും എന്റെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്കുടക്കിയില്ല.

ഇന്നലത്തെ എന്റെ പെരുമാറ്റം നിരഞ്ജനെ വേദനിപ്പിച്ചു കാണും… ഇഷ്ടമില്ലാഞ്ഞല്ല, ഏതൊരു പെണ്ണിനെയും പോലെ തനിക്കു മുണ്ട് മോഹങ്ങൾ, പക്ഷെ സാഹചര്യങ്ങൾ… വേണ്ട ഒന്നുമോർക്കണ്ട, എന്റെ പെരുമാറ്റം കൊണ്ട് നിരഞ്ജൻ വഴി മാറിയെങ്കി അത് തന്നെയാണ് നല്ലത്, ജീവിതം മുഴുവൻ അവൻ വേദനിക്കാതിരിക്കാൻ…

അടുത്ത രണ്ടു ദിവസവും എന്നെ അനുസരിക്കാതെ എന്റെ കണ്ണുകൾ അവനെ തേടി കൊണ്ടിരുന്നു, നിരാശയായിരുന്നു ഫലം .

സന്തത സഹചാരിയായിരുന്ന എന്നും എന്റെ കണ്ണുകളെ സന്തോഷിപ്പിച്ചിരുന്ന ഫോണിനെ ഞാൻ മറന്നിരുന്നു, എന്റെ കണ്ണുകൾ ആ കണ്ണുകൾ തേടി അലഞ്ഞു നടന്നു. ഒടുവിൽ മൂന്നാം ദിവസം കണ്ണിൽ ഒരുപാട് നക്ഷത്രങ്ങൾ മിന്നിതിളങ്ങിയ പോലെ, ദാ നിരഞ്ജൻ അറിയാതെ മനസൊന്ന് കുതിച്ചു പോയി. അവന്റടുത്തെത്താൻ കാലുകൾ തിടുക്കം കാട്ടിയെങ്കിലും, ഒന്നു നോക്കുക പോലും ചെയ്യാതെ ആ കണ്ണുകൾ ട്രയിനിൽ കയറി…

മനസൊന്ന് നൊന്തെങ്കിലും അതിലും വലിയ വേദന അനുഭവിക്കുന്നത് കൊണ്ടാവാം കടിച്ചമർത്തി, എങ്കിലും അനുസരണ കാട്ടാതെ കണ്ണുകൾ അവരുടെ പ്രതിഷേധം തുള്ളികളായ് പെയ്ത് അറിയിച്ചു കൊണ്ടിരുന്നു.

ട്രെയിനിറങ്ങി, അറിയാതെ ഒന്ന് നോക്കിപ്പോയി, വെറുതെയെന്നറിഞ്ഞും കാത്തിരിപ്പുണ്ടോ എന്ന്, ഇല്ല. മനസ് വീണ്ടും നിരാശയുടെയും വർണങ്ങൾ നഷ്ടപ്പെട്ടവളുടെയും ലോകത്തേക്കായ് ഒതുങ്ങി നിന്നു.

“മീനു …. ഞാൻ നിരഞ്ജൻ കലക്ട്രേറ്റിലാണ് ജോലി, അത്യാവശ്യം ഒരു പെണ്ണിനെയും കുഞ്ഞിനെയും നോക്കേണ്ട വരുമാനം ഉണ്ട്, പട്ടിണിക്കിടില്ല, ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും കാര്യത്തിൽ മാത്രമല്ല, സ്നേഹത്തിന്റെ കാര്യത്തിലും….

നീ വിധവയാണെന്നും ഒരു കുഞ്ഞിന്റെ അമ്മയാണെന്നും ശരിക്കും അറിഞ്ഞ് തന്നെയാണ് നിന്നെ ഞാൻ ഇഷ്ടപ്പെട്ടത്, ഇപ്പൊൾ കൂടെ വിളിക്കുന്നത്… എതിർപ്പുകൾ ഞാൻ കാര്യമാക്കുന്നില്ല; കാരണം ജീവിക്കേണ്ടത് നമ്മളാണ്. ഒരു കുഞ്ഞുണ്ട് എന്നത് കുറവായല്ല ഒരു കുഞ്ഞിന്… ഭൂമിയിലെ ഒരു പുതു ജീവന് ജന്മം നൽകാൻ മാത്രം ദൈവത്തിന്റെ അനുഗ്രഹം കിട്ടിയ പുണ്യം ലഭിച്ചവളായിട്ടാണ് ഞാൻ കാണുന്നത്.

‘അമ്മു ‘ നിഷ്കളങ്കമായ ആ ബാല്യത്തെ ഞാനെന്റെ നെഞ്ചിൽ കിടത്തി ഉറക്കിക്കോളാം, അവൾക്ക് കൂടെ കളിക്കാൻ ഒരു കൂടപ്പിറപ്പിനെ നൽകാൻ ക്ഷണിക്കുകയാണ് ഞാനെന്റെ ജീവിതത്തിലേക്ക്… ഉത്തരം അനുകൂലമാണെങ്കി നാളെ പെയ്യുന്ന മഴയിൽ നിന്റെ കുടക്കീഴിൽ ഒരുമിച്ച് നടക്കണമെനിക്ക്….

എന്താണിപ്പൊ സംഭവിച്ചത് .. എവിടെ നിന്നാണ് പെട്ടെന്നവൻ വന്നത്, കണ്ടത് സ്വപ്നമായിരുന്നോ, അല്ല അവൻ അവന്റെ ഓഫിസിലേക്ക് കയറി പോകുന്നതാ… ഒന്നു തിരിഞ്ഞു നോക്കിയിട്ട്.

നിരഞ്ജൻ,ട്രയിൻ കണ്ണൂരെത്തിയാൽ , നീ ഇറങ്ങിയിട്ടും അവിടെ തന്നെ നിന്നത് എന്നെ കാത്താണ് എന്ന് എനിക്കറിയാം, അതറിഞ്ഞും ഞാൻ ഇറങ്ങാതെ നിന്നത് നിന്നെ കളിപ്പിക്കാനായിരുന്നില്ല… മഴ പെയ്യുന്ന തണുത്ത പ്രഭാതങ്ങളിൽ കുട നീ ഒളിച്ചുവെച്ചത് എന്റൊപ്പം എന്റെ കുടക്കീഴിൽ ഒരുമിച്ച് നടക്കാൻ മോഹിച്ചിട്ടാണെന്നും ഞാൻ മനസിലാക്കാതെയല്ല…. പക്ഷെ നിരഞ്ജൻ എന്റെ മനസിനെ ഭയമാണെനിക്ക്.

എന്ത് വേണം ഞാൻ, അമ്മുവിനൊരച്ഛനെയും കൂട്ടിനു ഒരു കൂടപ്പിറപ്പിനെയും നൽകാൻ പലരെയും വെറുപ്പിച്ച് വേദനയിലാഴ്ത്തി എന്റെ കുടക്കീഴിൽ നിരഞ്ജനെ കൂടെ കൂട്ടണൊ

വിധവയെന്ന വെളുപ്പിലലിയുമ്പൊഴും സിന്ദൂര ചുവപ്പ് മോഹിക്കാറുണ്ട് ഞാനെന്ന പെണ്ണ്..

വിധവയുടെ ദാഹമടക്കാൻ കൊതിപൂണ്ടു വരുന്ന ചെന്നായക്കൾക്കിടയിൽ താലിയുടെ സുരക്ഷിതത്വം കൊതിക്കാറുണ്ട് എന്റെ ഉള്ളിലെ പെണ്ണ്.

എന്തു വേണം ഞാൻ, മനസിലെ മോഹങ്ങളെ വികാരങ്ങളെ കുഴികുത്തി മണ്ണിട്ട് മൂടണൊ? മഴ ആർത്തലച്ച് ചെയ്യുന്നത് ഇപ്പൊഴെന്റെ മനസിലാണ്… ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി…

നാളെ…. നാളെയെ ഇന്നെന്റെ മനസ് വല്ലാതെ ഭയപ്പെടുന്നു…. നാളെ മഴ പെയ്യണമെന്ന് ഞാനുമിപ്പൊ വല്ലാതെ കൊതിക്കുന്നു…

ജിനി മീനു നന്ദ (മഞ്ചാടി)