രചന – മനോജ് കുമാർ കാപ്പാട്
പതിവിലും നേരെത്തെയാണ് അന്ന് ഗ്രാമം ഉണർന്നത് . റെയിൽവേ ട്രാക്കിൽ ഒരജ്ഞാത മൃദദേഹം കിടപ്പുണ്ട് . കുറച്ചുനാൾ മുൻപ് വരെ ഇത്തരം ആത്മഹത്യകൾ പതിവായിരുന്നു. എന്നാൽ രണ്ടാം ട്രാക്കിനായി ഇരുവശത്തെയും കൈതച്ചെടികൾ വെട്ടി മാറ്റിയതോടെ മരണം തേടി വരുന്നവരുടെ എണ്ണം കുറഞ്ഞു വരുകയായിരുന്നു .
ചലനമറ്റ പാതയുടെ ഇരുപുറവും കണ്ണെത്താ ദൂരം കൃഷി പടിയിറങ്ങിയ പാടങ്ങളാണ് . പ്രായാധിക്യം പേറുന്ന മൺകുതിയൊന്ന് (വയലിന് നടുക്ക് മണ്ണ് കൂട്ടി നിർമിക്കുന്ന ചെറിയ പുരയിടം ) റെയിലിന് ഇടതുവശത്തായുണ്ട്. കൃഷി ഋതുമതിയായിരുന്ന കാലത്ത് കുടിയാനു താമസിക്കാനുള്ള ഇടവും , ജന്മിക്ക് വയൽകാക്കുന്ന കാവൽക്കാരനുമായിരുന്നു ഇത്തരം കുതികൾ! .
കാലം കാലു നീട്ടിച്ചു വെച്ച് നടന്നകന്നപ്പോൾ കുടിയാന്മാർക്ക് പകരം കുടിയന്മാരുടെ ആവാസ സ്ഥലമായി അവിടം . അതോടെ പൊൻകതിർ കാത്തവനെ, കള്ളും, കഞ്ചാവും വെട്ടിപ്പിടിച്ചു കീഴടക്കി .
നാട്ടുകാർ തണുപ്പിനെ ശപിച്ചു കൊണ്ട് ട്രേക്കിലേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു ! . പാളത്തിലെ കരിങ്കൽ ചീളുകളെ ഈറനണിയിച്ച മൂടൽ മഞ്ഞ് ശവത്തിനു പിറകിൽ വെള്ളത്തിരശീലയുമായി ഒരുങ്ങി നിൽപ്പുണ്ട് . ചിതറി തെറിച്ച മാംസകഷ്ണങ്ങൾ തിന്നു തീർക്കാൻ മത്സരിക്കുകയാണ് ഒന്ന് രണ്ട് കാക്കകൾ !!. കുറച്ചു കാലത്തിന് ശേഷമുള്ള കാഴ്ച്ചയായത് കൊണ്ടാവണം കാഴ്‌ചക്കാർ കുറച്ചുണ്ട് പാളത്തിൽ.
ഓലക്കാരൻ നാരായണൻ നായരും , കുന്നുമ്മലെ സതീശനും അടങ്ങുന്ന സംഘം ആത്മഹത്യ ചെയ്തവന്റെ തല കണ്ടെത്താനുള്ള തിരച്ചിൽ തുടങ്ങിയിട്ട് കുറച്ചു നേരമായി. ഒന്ന് രണ്ടു വർഷം മുൻപും ഇത് പോലെ സംഭവിച്ചിരുന്നു . അവസാനം തട്ടിയ വണ്ടിക്കടിയിൽ നിന്നും മരിച്ചവന്റെ തല കിട്ടിയത് ആഴ്ചകൾക്ക് ശേഷമാണ് .
അറ്റുപോയ തല വണ്ടിക്കടിയിൽ കുടുങ്ങിപ്പോയിട്ടുണ്ടാവും ചിലർ സംശയം പറഞ്ഞെങ്കിലും, മൃദദേഹത്തിന്റെ കിടപ്പ് വശം വെച്ച് സതീശന് ആ വാദം തള്ളിക്കളയാനാണ് തോന്നിയത് . സതീശൻ മിലിട്ടറിയൽ നിന്നും റിട്ടേഡ് ചെയ്ത് നാട്ടിൽ സെറ്റിൽ ആയിട്ട് കുറച്ചു നാളുകളെ ആയിട്ടുള്ളു . അത് കൊണ്ട് തന്നെ മേൽപ്പറഞ്ഞ മൺകുതിയിലെ വെള്ളമടി സംഘത്തിലെ നവാഗതനാണ് പുള്ളിക്കാരൻ.
മൃതദേഹം കിടക്കുന്നതിന് അൽപ്പം മാറി ഒരു പഴയ കലുങ്കുണ്ട് . വേനൽക്കാലത്ത് അതിനുള്ളിലാണ് സംഘത്തിന്റെ വെള്ളമടിയും , ചീട്ടുകളിയും അരങ്ങേറിയിരുന്നത് .
അജ്ഞാതന്റെ തലക്ക് വേണ്ടിയുള്ള തിരച്ചിൽ ദീർഘ നേരം തുടർന്നെങ്കിലും പ്രത്യേകിച്ച് ഫലമൊന്നും കണ്ടില്ല. അതോടെ തിരിച്ചിലുകാരുടെ എണ്ണം ക്രമേണ കുറഞ്ഞു വന്നു.
സതീശനും തിരച്ചിൽ മടുത്തമട്ടായി. അവൻ മുണ്ടുമടക്കി കുത്തി കലുങ്കിന് മുകളിലേക്ക് കയറി, അവിടെ നിന്നാൽ അവരുടെ വെള്ളമടി കേന്ദ്രമായ മൺകുതി വ്യക്തമായി കാണാം . അവൻ കുതിയിലേക്ക് നോക്കി കുറച്ചു നേരം അങ്ങിനെ നിന്നു . കുതിയിൽ ആളനക്കം ഇല്ലായെന്ന് ഉറപ്പായതോടെ വള്ളിപ്പടർപ്പുകൾ വകഞ്ഞു മാറ്റി കലുങ്കിനടിയിലേക്ക് പതുക്കെ ഇറങ്ങി .
” നീ ഇതെങ്ങോട്ടാ സതീശാ .. ? മരിച്ചോന്റെ തല മഞ്ഞുകൊള്ളാതിരിക്കാൻ അതിനടിയിൽ കയറി ഇരിക്കുമോ ?” ഇറക്കം അള്ളിപ്പിടിച്ചിറങ്ങുന്ന സതീശനെ നോക്കി നാരയണൻ നായർ തമാശ കലർന്ന ചോദ്യമുയർത്തി .
” തല പോവില്ല .. പക്ഷെ ആ തലയില്ലാത്തവൻ ചിലപ്പോൾ അതിൽ കാണും ”
” ഏത് ..കൂമനോ ..?” . നാരായണൻ നായർ നോട്ടം കുതിയിലേക്ക് മാറ്റി കൊണ്ട് ചോദിച്ചു .
തച്ചാറം പാടത്തെ രാഘവന് നാട്ടുകാർ നൽകിയ ഇരട്ടപ്പേരാണ് “കൂമൻ” . പകലുറക്കം രാത്രി സഞ്ചാരം . അതാണ് രാഘവന്റെയൊരു ശീലം !.
പാതിരാത്രി കഴിഞ്ഞും, വെളിച്ചമണയാത്ത കിടപ്പറകളിൽ അവന്റെ കണ്ണെത്തും , ഒപ്പം, നനച്ചു വിരിച്ചിടുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളിൽ കൈയ്യും . മദ്യം പോലെ അയാൾ അടിമപ്പെട്ടുപോയ ലഹരികളായിരുന്നു അവ രണ്ടും.
ഒരിക്കൽ കുളിമുറിയുടെ പഴകിയ വാതിലിന്റെ വിടവിൽ അച്ഛന്റെ കണ്ണുകൾ കണ്ടതോടെ പടിയിറങ്ങിയതാണ് മകളും,ഭാര്യയും . കെട്ടിയവന്റെ വലിയ വീട് വിട്ട്, ബന്ധു വീടുകളിൽ അഭയാർഥികളായി ജീവിതം തള്ളി നീക്കുകയാണ് ആ രണ്ട് സ്ത്രീകൾ !. വീട്ടിൽ ആളൊഴിഞ്ഞതോടെ രാഘവൻ പൂർണ സ്വതന്ത്രനായി. പിന്നീടങ്ങോട്ട് റെയിൽ പാളത്തിനരുകിലെ കല്ലുങ്കിലും , കുതിയിലുമായി അവന്റെ വാസം! .
കുതിയിൽ, രാഘവനെ കാണാഞ്ഞത് കൊണ്ട് കല്ലുങ്കിനുള്ളിൽ കണ്ടേക്കുമെന്നുറപ്പിച്ചാണ് സതീശൻ താഴേക്ക് ഇറങ്ങിയത് . ഒരു വിധം താഴെ എത്തിച്ചേർന്ന അവൻ പ്രവേശന കവാടത്തിലെ കുറുക്കൻ പുല്ലുകൾ വകഞ്ഞു മാറ്റി കലുങ്കിനകത്ത് ഒന്ന് കണ്ണോടിച്ചു . പക്ഷെ നിരാശയായിരുന്നു ഫലം!.
” ആള് ഇതിനകത്തും ഇല്ല നാരായാണേട്ടാ ” അവൻ മുകളിൽ നിൽക്കുന്ന നാരായണനെ നോക്കി വിളിച്ചു പറഞ്ഞു. നിരാശയോടെ തിരിച്ചു കയറാൻ തെയ്യാറെടുത്ത നിമിഷമാണ് അവന്റെ കണ്ണിൽ അത് ഉടക്കിയത് തൊട്ടടുത്ത നിമിഷം , വഴി മുടക്കി നിന്ന കുറുക്കൻ പുല്ലുകൾ വകഞ്ഞു മാറ്റി അവൻ അതിനുള്ളിലേക്ക് വലിഞ്ഞു കയറി .
അവന്റെ പെട്ടന്നുള്ള ആ പോക്കിൽ പന്തികേട് മണത്തെങ്കിലും, തണുത്തുറഞ്ഞ കൈകൾ കൂട്ടി തിരുമ്മി നിന്നതല്ലാതെ നാരായണൻ താഴോട്ടിറങ്ങാൻ മിനക്കെട്ടില്ല . അധിക സമയം കഴിയും മുൻപേ സതീശൻ കലുങ്കിന് പുറത്തേക്ക് വന്നു. അവന്റെ മുഖത്ത് തെല്ലൊരു പരിഭ്രമം തല നീട്ടിനിന്നിരുന്നു
” നാരയണേട്ടാ …നമ്മൾ തിരഞ്ഞത് അകത്തുണ്ട് ..”
” കൂമനാണോടാ ? ”
“അല്ല .. പാളത്തിൽ കിടക്കുന്നവന്റെ തല ” സതീശൻ അടുത്ത് കണ്ട വലിയൊരു ചേമ്പില പറിച്ചെടുത്ത് കൊണ്ട് പറഞ്ഞു . അത് കേട്ടതോടെ , പാളത്തിൽ നിന്നിരുന്നവരിൽ കുറച്ചു പേർ താഴോട്ട് ഇറങ്ങാൻ തുടങ്ങി .
” , എല്ലാം കൂടെ ഇടിച്ചിറങ്ങിയാൽ , പോലീസ്കാര് വന്നാൽ എട്ടിന്റെ പണികിട്ടും. മറക്കണ്ട ” സതീശൻ അവരെ തടയാനായി ഒരു ശ്രമം നടത്തി നോക്കി . അപ്പോഴേക്കും ഒന്ന് രണ്ടു പേർ താഴെ എത്തിക്കഴിഞ്ഞിരുന്നു. വന്നു ചേർന്നവരിൽ ആരും തന്നെ കലുങ്കിന് ഉള്ളിലേക്ക് കയറിയില്ല. അല്ലെങ്കിൽ അതിനുമാത്രമുള്ള ധൈര്യം അവർക്ക് ഉണ്ടായിരുന്നില്ല എന്ന് പറയുന്നതാവും ശരി .
” സതീശാ ആളെ തിരിച്ചറിഞ്ഞോടാ ? ” ഇറക്കം നൽകിയ കിതപ്പാറും മുൻപേ മുള്ളനൊടി കുമാരന്റെ ചോദ്യം വന്നു .
അവൻ ആളൊരു “കുപ്പി കണ്ടമാണ്” . പോരാത്തതിന് ഒരു കാലിന് നീളക്കുറവ് നൽകുന്ന അപകർഷതാ ബോധം പേറുന്നവനും . ഒരിക്കൽ ഇരുട്ടത്ത് കള്ള് കട്ട് കുടിക്കാൻ തെങ്ങിൽ വലിഞ്ഞു കയറിയതാണ് കക്ഷി. പക്ഷെ കയറിയത്, മണ്ട പോയ തെങ്ങിലായിപ്പോയി !. അതോടെ മുകളിലോട്ട് പോയതിലും വേഗത്തിൽ താഴെയെത്തി. ആ വീഴ്‌ചയോടെ മൂപ്പരുടെ കാലുകൾ തമ്മിൽ വലുപ്പ ചെറുപ്പ തർക്കവും തുടങ്ങി!! .
” ആള് . എന്തായാലും ഇവിടത്തുകാരനല്ല . ചൂടും പുറം കയറി തലവെച്ചതാ. അകത്ത് മദ്യം കുടിച്ച ഗ്ലാസും, കുറച്ചു ടെച്ചിങ്‌സും കിടപ്പുണ്ട് .. ” സതീശൻ കലുങ്കിലെ ഇരുട്ടിലേക്ക് നോക്കി കൊണ്ട് പറഞ്ഞു .
” നിന്റെ തലക്ക് ഓളമാണോടാ . . ചത്ത് കഴിഞ്ഞപ്പോ ബാക്കിയുള്ളത് കുടിക്കാനാണോ , ഓന്റെ തല വീണ്ടും ഇതിനുളളിൽ കയറിയത് ? ” കുമാരൻ സ്വന്തം ഭാരം ഇടത് കാലിലേക്ക് മാറ്റി കൊണ്ട് ചോദ്യമെയിതു.
സതീശൻ അവന്റെ ചോദ്യത്തിന് മറുപടി പറയാൻ തുടങ്ങും മുൻപ്, മുകളിൽ കുറച്ചു കാക്കി തൊപ്പികൾ പ്രത്യക്ഷപ്പെട്ടു. കാക്കി കണ്ടതോടെ കാക്കകൾ പാളം വിട്ട് ദൂരേക്ക് പറന്നു പോയി. ഒപ്പം ചില മനുഷ്യരും ! .
പോലീസ് കാര് താഴോട്ട് ഇറങ്ങിയപ്പോൾ സതീശനും , ഒന്ന് രണ്ടു പേരും മുകളിലേക്ക് കയറി തടികാത്തു . എന്നാൽ കുമാരന് ഇറക്കംപോലെ കയറ്റം അത്ര എളുപ്പമായിരുന്നില്ല . അതോടെ കക്ഷി അവിടെ കുടുങ്ങി , പോലീസ് കാരുടെ എഴുത്ത് കുത്തുകളിൽ ഒന്നാം സാക്ഷിയായി .
ഒരുവിധം , റെയിൽവേ ട്രേക്കിന് മുകളിലെത്തിയ സതീശൻ നാരായണൻ നായരെ തോണ്ടി വിളിച്ചു കൊണ്ട് പറഞ്ഞു .
” വാ വന്നേ . ഒരു കാര്യമുണ്ട് ” .
മറുത്ത് എന്തെങ്കിലും ചോദിക്കാൻ കഴിയും മുൻപേ സതീശൻ ആൾക്കൂട്ടം താണ്ടി കുതി ലക്ഷ്യമാക്കി നടന്നു കഴിഞ്ഞിരുന്നു . റെയിൽ പാതയിൽ നിന്നും താഴോട്ടിറങ്ങി ഒരു പത്ത്പതിനഞ്ച് വാര നടന്നാലേ മൺതിട്ടക്ക് മീതെ എത്തിച്ചേരാൻ ആവുമായിരുന്നുള്ളു. കുതിയുടെ മൺപടവുകൾ കയറുന്നതിനടിയ്ക്ക് സതീശൻ കീശയിൽ നിന്നും രണ്ട് ബില്ലുകൾ എടുത്ത് നാരായണൻ നായർക്ക് മുൻപിലേക്ക് നീട്ടി .
” ഇത് രണ്ടും കലുങ്കിന് അടിയിൽ നിന്നും കിട്ടിയതാണ് . സാധനം ഏതാണെന്ന് മനസിലായോ? ” സതീശൻ തെല്ലൊരു സന്തോഷത്തോടെ ചോദിച്ചു
നാരായണൻ നരച്ച താടി രോമങ്ങൾ തടവിക്കൊണ്ട് ഇല്ലായെന്ന് തലയാട്ടി .
” സംഭവം വോഡ്ക്കയാ .. ചുരുങ്ങിയതൊരു രണ്ടായിരത്തിന് മുകളിൽ വരും. ” സതീശൻ രണ്ടാമത്തെ ബില്ലിൽ എഴുതിയ പേര് വായിക്കാനൊരു ശ്രമം നടത്തയെങ്കിലും അത് അത്രമാത്രം വിജയിച്ചില്ല. പോരാത്തതിന് അതിൽ എഴുതിയപോലുള്ള ഒരു മദ്യത്തിന്റെ പേര് അവന്റെ കേട്ടറിവിൽ ഉണ്ടായിരുന്നില്ല താനും . അത് കൊണ്ട് തന്നെ അവൻ അത് ചുരുട്ടികൂട്ടി വയലിലേക്കെറിഞ്ഞു.
” റെയിലിന്മേൽ തലയില്ലാതെ കിടക്കുന്നോൻ ഇതും അടിച്ചേച്ചാണോ വണ്ടിക്ക് തലവെച്ചത് ” നാരായണൻ നായർ ബില്ലില്ലേക്ക് നോക്കി വള്ളമൂറിക്കൊണ്ട് ചോദിച്ചു .
” അവനാണ് സാധ്യത . ഒരു പക്ഷെ മരിക്കാനുള്ള ഒരു ധൈര്യത്തിന് വേണ്ടി അടിച്ചതാവാം . അല്ലാതെ ഈകാട്ടുമുക്കിൽ ഇതുപോലൊരു സാധനം വരാൻ ഒരു ചാൻസ് കാണുന്നില്ല ”
” സതീശാ നീ. അതിനുള്ളിൽ തപ്പാതെ ബില്ലും എടുത്ത് എങ്ങോട്ട് വന്നിട്ട് എന്ത് കാര്യം . സാധനം ഇപ്പൊ കലുങ്കിനടിയിൽ നിന്നും പോലീസ് കാര് അടിച്ചുമാറ്റിക്കാണും ” നാരായണൻ നായർ കലിപ്പിലായി .
” ഒന്നടങ് നായരെ …അതിനുള്ളിൽ പരതാതെ ഞാൻ വരോ ? അയാളുടെ തല അവിടെ കൊണ്ട് വെച്ചത് കൂമൻ അവനാണ് സാധ്യത ”
” അതെന്തിന് …. ?” നാരായണൻ നായർ കുതിയുടെ അവസാന പടവുകൾ കയറി .
” ഭ്രാന്ത് … അല്ലാതെന്ത്.. അത് ചെയ്തത് അവനാണെങ്കിൽ.. ഉറപ്പാ. കുപ്പി അതിനകത്ത് കാണും. ”
കുതിക്കു മുകളിൽ ശീട്ട് കളിക്കാൻ വലിച്ചു കെട്ടിയ നരച്ച ടാർപ്പോളിനുള്ളിലേക്ക് വിരൽ ചൂണ്ടിക്കൊണ്ട് സതീശൻ പറഞ്ഞു നിർത്തി .
അതോടെ നാരായണൻ നായർ തുടൽപൊട്ടിയ നായയെപ്പോലെ രാഘവനെ തേടി ടെന്റിലേക്ക് ഓടിക്കയറി. സതീശൻ തിരിഞ്ഞു നിന്ന് തങ്ങൾക്ക് പിറകിൽ ആരും വരുന്നില്ലെന്ന് ഉറപ്പ് വരുത്തി. ഇനി വന്നാലും ആ വിദേശ മദ്യത്തിന്റെ പങ്ക് കൊടുക്കില്ല എന്ന് മനസിൽ ഉറപ്പിക്കുകയും ചെയ്തു . പക്ഷെ അവന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ട് , നാരയണൻ നായർ പെട്ടന്ന്തന്നെ പുറത്തേക്ക് ചാടിയിറങ്ങി..
” ടാ …. നമ്മളെ രാഘവൻ പോയെടാ ….!!!” അയാളത് പറഞ്ഞ ശേഷം ശരീരം തളർന്നവനെപ്പോലെ നിലത്ത് മുട്ട് കുത്തിയിരുന്നുകൊണ്ട് എന്തൊക്കൊയോ പുലമ്പാൻ തുടങ്ങി. സതീശന് അയാളെന്താണ് പറഞ്ഞതെന്ന് പെട്ടന്ന് പിടുത്തം കിട്ടിയില്ല . എന്നാൽ ട്ടെന്റിനുള്ളിൽ കടന്ന നിമിഷം ചിത്രം പകൽ പോലെ വ്യക്തമാവുകയും ചെയ്തു! .
ടെന്റിനുളിലെ നിലത്ത് രാഘവൻ പൂർണ നഗ്നനായി കിടപ്പുണ്ട്!!! . വെട്ടി ഒതുക്കാത്ത താടിയിലും, നീണ്ട മുടിയിഴകളിലും ചെളിയും, മണ്ണും കട്ടപിടിച്ചു കിടപ്പുണ്ട് . ഒരു വശം ചെരിഞ്ഞു കിടന്നിരുന്ന അവന്റെ വായിൽ നിന്നും ഒലിച്ചിറങ്ങിയ കുഴുത്ത ദ്രാവകം കട്ടപിടിച്ച നിലയിൽ നിലത്ത് കാണാം . ഒരു പാട് നേരത്തെ പിടച്ചിലിന് ശേഷമാണു ജീവൻ പോയിരിക്കുന്നത് , നനഞ്ഞ മണ്ണിലെ പാടുകൾ അത് വിളിച്ചു പറയുന്നുണ്ട് . മറ്റുള്ളവരുടെ നഗ്‌നതയിൽ ലഹരി കണ്ടെത്തിയ രാഘവൻ അന്ത്യയാത്രയിൽ പൂർണ നഗ്‌നനായി മണ്ണോട് ചേർന്ന് വിറങ്ങലിച്ചു കിടന്ന കാഴ്‌ച . അത് പലതും പറയാതെ പറയുന്നുണ്ടായിരുന്നു !!.
സതീശൻ പെട്ടന്ന് തന്നെ തൊട്ടടുത്ത് കിടന്നിരുന്ന ഉടുമുണ്ട് എടുത്ത് മൃദദേഹത്തിന്റെ നഗ്നത മൂടി. അതിന് ശേഷം തിരിഞ്ഞു നാരായണനെ നോക്കി. എന്നാൽ അയാൾ അവിടെ ഉണ്ടായിരുന്നില്ല!. രണ്ടു മരണങ്ങളാണ് ഒരുമിച്ചു നടന്നിരിക്കുന്നത് . രണ്ടും ആദ്യം കണ്ടിരിക്കുന്നത് അവർ ഇരുവരുമായിരുന്നു താനും . അപ്പോൾ പിന്നെ നാരായണൻ സ്വന്തം തടി കാത്തതിൽ തെറ്റില്ല .
ആദ്യം , അയാളെപ്പോലെ സ്വന്തം തടികാക്കനാണ് അവനും ചിന്തിച്ചത് . പക്ഷെ വോഡ്കയുടെ ലഹരി അവനെ കുപ്പിക്ക് വേണ്ടി ഒരു വട്ടം തിരയാൻ അവിടെ പിടിച്ചു നിർത്തി . നടുവൊടിഞ്ഞ കട്ടിലിൽ രാഘവന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾക്കടുത്തതായി ആ വിലകൂടിയ മദ്യകുപ്പി കാലിയായി കിടപ്പുണ്ട് . അവൻ അതെടുത്ത് ഒന്നു കുലുക്കി നോക്കി. ഒരു തുള്ളി പോലും അവശേഷിപ്പില്ല. മൂടി തുറന്നു ലഹരിയുടെ മണം ആവോളം ഉള്ളിലേക്കൊന്നെടുത്തു . പക്ഷെ അതിനുള്ളിലെ ഗന്ധം അത്ര സുഖകരമായി അവന് അനുഭവപ്പെട്ടില്ല . അതോടെ ചില സംശയങ്ങൾ അവനുള്ളിൽ തിരി നീട്ടാൻ തുടങ്ങി .
അവൻ കുപ്പി പതുക്കെ കട്ടിലിൽ വെച്ച് ഒരിക്കൽ കൂടെ രാഘവന്റെ മൃദദേഹം പരിശോധിച്ചു . കടവായിൽ നിന്നും ഒലിച്ചിറങ്ങി, തളംകെട്ടിയ ദ്രാവകം അവന്റെ സംശയത്തിന് ആക്കം കൂട്ടി . അപ്പോഴേക്കും പിറകിൽ ആളനക്കം കേട്ട് തുടങ്ങി . നാരായണൻ, പോലീസ് കാരേയും കൂട്ടി വരുകയാണ്. അയാൾക്കൊപ്പം കടന്നു വന്ന പോലീസുകാർ സതീശനെ തുറിച്ചു നോക്കി കൊണ്ട് മൃദദേഹത്തിനടുത്തേക്ക് നടന്നു പോയി.
നാരായൺ നായർ പോലീസ്കാർക്ക് താൻ കണ്ട കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുകയാണ് . പോലീസ് കാരുടെ ശ്രദ്ധ അയാളിലേക്ക് തിരിഞ്ഞ നിമിഷം സതീശൻ പതുക്കെ കുതിയുടെ പടവുകൾ ഇറങ്ങി . പെട്ടന്ന് തന്നെ വയലിലിറങ്ങി തൊട്ടുമുൻപ്, വലിച്ചെറിഞ്ഞ രണ്ടാമത്തെ ബില്ലിന് പരതാൻ തുടങ്ങി . അധികം തിരയേണ്ടി വന്നില്ല , ചുരുട്ടി കൂട്ടിയ ആ കടലാസ് അവൻ ചെറിയൊരു വിറയലോടെ നിവർത്തി . ഇപ്രാവശ്യം അതൊരു വിഷത്തിന്റെ പേരാണെന്ന് വായിച്ചെടുക്കാൻ പ്രയാസമുണ്ടായില്ല . അതോടെ അവന്റെ മുഖത്ത് വല്ലാത്തൊരു അസ്വസ്ഥത മിന്നി മറയാൻ തുടങ്ങി.
അവൻ ബില്ല് മടക്കി കീശയിൽ തിരുകവേ നാരായണൻ നായർ പടിയിറങ്ങി സതീശനരുകിൽ എത്തിച്ചേർന്നു . കുറച്ചു നേരത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല.
” മറ്റെയാളെ തിരിച്ചറിഞ്ഞെടാ ” റെയിലിലേക്ക് തിരിച്ചു കയറുമ്പോൾ നാരായൺ നായരാണ് മൗനം ഉടച്ചത് .
” ഏത്!!!.. വണ്ടിക്ക് തട്ടിയവനെയോ ?”
” ഉം. തട്ടിയതല്ല ചാടിയതാണ് . കീശയിൽ ആത്മഹത്യ കുറിപ്പുണ്ട് . ആയ കാലം ഗൾഫിൽ കിടന്നു സംമ്പാദിച്ച വീടും സ്ഥലവും കെട്ട്യോളുടെ പേരിലായിരുന്നു . തിരിച്ചു വന്നപ്പോൾ അയാൾക്ക് മാത്രം അവിടെ കിടക്കാൻ ഇടമില്ലാതെ പോയി.. എന്താ, ഓരോ മനുഷ്യമാരുടെ അവസ്ഥ അല്ലെ!!? ” നാരയണൻ നായർ ഒരു നിമിഷം സ്വന്തം ജീവിതത്തിലേക്ക് തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു നിർത്തി .
സതീശൻ അയാൾക്ക് മറുപടി പറയാതെ , ഫോൺ എടുത്ത് രാഘവന്റെ മരണ വിവരം അയാളുടെ ഭാര്യയെയും മകളെയും അറിയിച്ചു . അവൻ പ്രതീക്ഷിച്ച പോലെ അവരിൽ വലിയ സങ്കടമൊന്നും ഉയർന്നില്ലയെന്ന് മാത്രമല്ല , ഇനിയെങ്കിലും സ്വന്തം വീട്ടിലേക്ക് മടങ്ങാൻ കഴിയുമല്ലോ എന്ന ആശ്വാസം അവരുടെ വാക്കുകളിൽ നിറഞ്ഞു നിന്നിരുന്നു താനും.
അവൻ ഫോൺ ഓഫാക്കി , അപ്പോഴേക്കും അവർ റെയിലിന് മുകളിൽ എത്തിക്കഴിഞ്ഞിരുന്നു , ഇരുവരും പഴകിയ പായയിൽ കെട്ടിപൊതിഞ്ഞു വെച്ച അജ്ഞാതന്റെ മൃദദേഹത്തിലേക്ക് നോക്കി കുറച്ചു നേരം നിന്നു .
” ഈ മനുഷ്യന് കിടക്കാൻ ഇടമില്ലാതെ പോയെങ്കിലും , മറ്റു ചിലർക്ക് ഇടം ഒരുക്കിയാണ് പോയത് നാരാണേട്ടാ .. ”
” ആർക്ക് കിടക്കാൻ സ്ഥലം കിട്ടിയെന്നാ നീ ഈ പറയുന്നത് …എനിക്കൊന്നും മനസിലായില്ല .. ” നാരായൺ നായർക്ക് ഒന്നും മനസിലായ മട്ടില്ല .
“നിങ്ങള് വന്നേ ചേട്ടാ .. .ആ കലുങ്കിനടിയിൽ എവിടെയോ ഇയാൾ കൊണ്ട് വന്ന ഒരു വിഷക്കുപ്പി കിടപ്പുണ്ട് . അത് പറയും നിങ്ങൾക്കറിയാനുള്ളത് മുഴുവൻ “.
സതീശൻ, നാരയണൻ നായരെയും കൂട്ടി കലുങ്കിലേക്കുള്ള പടവുകൾ സൂക്ഷിച്ചിറങ്ങവേ , രാഘവന്റെ ഭാര്യയും, മകളും സ്വന്തം വീടിന്റെ പടവുകൾ കയറാനുള്ള തെയ്യാറെടുപ്പിലായിരുന്നു . അവർ രാഘവന്റെ മരണത്തോടെ തലചായ്ക്കാൻ ഒരു ഇടം കിട്ടിയ സന്തോഷത്തിലായിരുന്നു ..
മൺകുതി : വയലിന് നടുക്ക് മണ്ണ് കൂട്ടി നിർമിക്കുന്ന ചെറിയ പുരയിടം..

by