രചന – രേഷ്ജ അഖിലേഷ്
“ജയേട്ടാ നിങ്ങളിവിടെ ഇണ്ടാർന്നോ ”
ഉറക്കച്ചടവിൽ ഉമ്മറത്തു വന്നിരുന്നു അലസനായി ഇരിക്കുന്ന ജയനോട് അയൽവാസിയായ പ്രദീപ് മതിലിനപ്പുറം നിന്നു കൊണ്ടു ചോദിച്ചു.
“ഞാൻ എന്റെ വീട്ടിൽ അല്ലാണ്ട് പിന്നെ എവടെ ഉണ്ടാകാനാടാ…”
പരുഷമായിട്ടാണ് ജയന്റെ മറുപടി.
“എന്റെ പൊന്നു ജയേട്ടാ ചൂടാവല്ലേ… ഞാൻ ഒരു കാര്യം പറയാൻ വേണ്ടീട്ടാ…”
“എന്ത് കാര്യാ… നിനക്കെന്നോട് പറയാൻ ”
“അത് നമ്മുടെ വിനീതമോൾടെ കല്യാണക്കാര്യാ…”
“ഹഹഹ നമ്മുടെ വിനീതമോളോ
അവളെപ്പോഴാടാ നിന്റെം കൂടെ ആയെ.
അവൾ നിന്റെയോ എന്റെയോ ആരുടെയോ ആവട്ടെ എനിക്ക് ആ കുരുത്തംകെട്ടവളുടെ കാര്യം ഒന്നും കേൾക്കണ്ട ”
“അയ്യോ. സമ്മതിച്ചു നിങ്ങളെ. ആ കൊച്ചിന്റെ കാര്യം എങ്ങനെയെങ്കിലും നടന്നോട്ടെ എന്ന് വെച്ചപ്പോ… നിങ്ങളോട് പറയാൻ നിന്ന എന്നെപ്പറഞ്ഞാൽ മതിയല്ലോ ”
പ്രദീപ് ദേഷ്യത്തോടെ അയാളുടെ വീട്ടിലേക്ക് കയറിപ്പോയി.
“രാവിലെതന്നെ ഒരു കാര്യോം പറഞ്ഞോണ്ട് വെന്നേക്കുന്നു… തൂഫ്ഫ് ”
പറ്റ വെട്ടിയ തലമുടിയിൽ പരതിക്കൊണ്ട് ചോര നിറത്തിലുള്ള കണ്ണുകൾ അലക്ഷ്യമായി റോഡിലേക്ക് പായ്ച്ചു എന്തെല്ലാമോ ചിന്തിച്ചു കൊണ്ടു കുറേ നേരം അങ്ങനെ ഇരുന്നു അയാൾ.
🔺🔹🔻🔹🔺🔹🔻🔹🔺🔹🔻🔹🔺
“അമ്മേ ഞാനിറങ്ങുവാ… വിച്ചു മോളോട് (വിസ്മയ )ഒറ്റയ്ക്കു പോകാൻ പറഞ്ഞോളൂട്ടാ… അവള് കുളിച്ചു വരുമ്പോഴേക്കും എനിക്ക് ബസ് കിട്ടില്ല ഇനി നിന്നാൽ. ഞാൻ പോവാണേ…”
“ആ അവള് പൊക്കോളും. നീ ഇനി വൈകണ്ട. ചോറെടുത്തു വെച്ചില്ലേ ബാഗിൽ?” അടുപ്പൂതുന്നതിനിടയിൽ ലത വിളിച്ചു ചോദിച്ചു.
“ആ അമ്മേ… ന്നാ ഞാൻ ഇറങ്ങുവാ… ”
ധൃതിയിൽ ഷാളെടുത്തു പിൻ ചെയ്ത ശേഷം ബാഗ് എടുത്തു ഉമ്മറത്തേക്കിറങ്ങി.
ഇറങ്ങിയതും രൂക്ഷമായി നോക്കുന്ന അച്ഛനെയാണ് കണ്ടത്.
വെറുപ്പോടെ വിനീത അയാളിൽ നിന്നും കണ്ണെടുത്തു. വേഗത്തിൽ ഇറങ്ങി നടന്നു.
“അവള്ടെ പോക്കു കണ്ടില്ലേ. അശ്രീകരം.” അയാളുടെ ബീഡിക്കറ പുരണ്ട ചുണ്ടുകൾ മുരണ്ടു.
വിനീത അത് കേട്ടുവെങ്കിലും നിർവികാരതയോടെ നടന്നകന്നു.
അച്ഛൻ എന്ന സ്ഥാനം പേരിനു മാത്രം. ഓർമ്മ വെച്ച നാൾമുതൽ അച്ഛന്റെ വാത്സല്യം അല്ല അറിഞ്ഞത്. മദ്യപിച്ചു ലക്കു കെട്ടൊരു മൃഗത്തിന്റെ പരാക്രമങ്ങൾ ആയിരുന്നു.
മുഴുകുടിയന്മാർ കുടുംബനാഥന്മാരായുള്ള വീടുകളിൽ ഇരുട്ട് വീഴുമ്പോൾ അരങ്ങേരുന്ന സ്ഥിരം പ്രഹസനങ്ങൾ തന്നെയായിരുന്നു അവളും കണ്ടു വളർന്നത്. നാട്ടുകാർക്കും വെറുപ്പായിരുന്നു ജയനോട്. തലയ്ക്കു വെളിവുള്ളപ്പോഴും ആളുകളോട് മര്യാദയ്ക്കു പെരുമാറാൻ അയാൾക് താല്പര്യമില്ല.
കരയാൻ കണ്ണീരു ബാക്കിയില്ലാതെ മക്കളെ ചേർത്ത് പിടിച്ചു ചെറിയ അടുക്കളയിൽ ഇരുന്നു നേരം വെളുപ്പിക്കുന്ന അമ്മയും ആക്രോശിച്ചുകൊണ്ട് ഏതു നിമിഷവും വാതിൽപ്പടിയിൽ വന്നു നിൽക്കാവുന്ന അച്ഛനെ ഭയപ്പാടോടെ ഒളിഞ്ഞു നോക്കുന്ന അനിയത്തി…അതായിരുന്നു ആ വീട്ടിലെ രാത്രികൾ.
അടുത്തുള്ള വീടുകളിൽ പുറംപണിക്ക് പോയും തൊഴിലുറപ്പ് പണിക്കു പോയും മക്കളെ സംരക്ഷിച്ചു വരികയായിരുന്നു അമ്മ, ലത.
🔺🔹🔻🔺🔹🔻🔺🔹🔻🔺🔹🔻
“പ്രദീപേട്ടാ… രജനി ചേച്ചി…”
“ആരിത് ലതയോ? പ്രദീപേട്ടൻ അകത്തുണ്ട് ഇപ്പോൾ വരും കയറിയിരിക്കു”
“പ്രണവ് എന്തു പറയുന്നു?…കുറേ ആയി അവനെ കണ്ടിട്ട് തന്നെ. മുൻപൊക്കെ വിച്ചൂന്റേം വിനീടേം കൂടെ തല്ലുണ്ടാക്കാനും ബഹളം വെയ്ക്കാനും എല്ലാം ഉണ്ടാർന്നു.
ഇപ്പോൾ ജോലി ആയതല്ലേ അതാവും വീട്ടിലേക്കു കാണാത്തതെന്ന വിച്ചൂന്റെ പരിഭവം.”
“ആ… ആ ചെക്കൻ ഇപ്പോൾ പണ്ടത്തെ പോലെ അല്ലന്നേ…ആകെ മാറി. ജോലി ആയപ്പോ ഗൗരവം കൂടി. ഞങ്ങളോട് പോലും അധികം സംസാരിക്കാറില്ല.”
“ചേച്ചി ഞാൻ വന്നത്… പ്രദീപേട്ടൻ രാവിലെ ജയേട്ടനോട് വിനീതയുടെ കാര്യം പറയുന്നത് കേട്ടു.”
“ആ മനസ്സിലായി. ഞാൻ അപ്പോഴേ പ്രദീപേട്ടനോട് പറഞ്ഞതാ ജയേട്ടനോട് പോയി ഈ കാര്യമൊന്നും പറയണ്ടാന്ന്
. കേട്ടില്ല. ജയേട്ടന്റെ വായിലുള്ളത് കേട്ടപ്പോ ആൾക് സമാധാനം ആയി.”
“ഞാൻ അകത്തു കേൾക്കുന്നുണ്ടായിരുന്നു. അപ്പൊ മുറ്റത്തേക് ഇറങ്ങിയാൽ അങ്ങേരുടെ സ്വഭാവം വീണ്ടും വഷളാവും എന്നറിയാം അതോണ്ടാ… ഒന്നും തോന്നല്ലേ…നിങ്ങടെ നല്ല മനസ്സ് ഒന്നും കള്ളുകുടിച്ചു മരവിച്ച അങ്ങേരുടെ തലയിൽ കേറില്ല.”
“ഏയ് അതൊന്നും സാരല്ല്യ ലതെ ”
“എന്നോട് പറഞ്ഞു പ്രദീപേട്ടൻ. ഇത്തിരി അകലെ ആണ് പയ്യന്റെ വീട്. പയ്യന്റെ അമ്മ പ്രദീപേട്ടന്റെ ഏതോ അകന്ന ബന്ധത്തിലുള്ളതാ…കുടുംബക്ഷേത്രത്തിൽ പരിപാടിയ്ക് പോയപ്പോ കണ്ടതാ. അവരടെ അച്ഛന്റെ തറവാട് ഇവിടെ അടുത്താണ്.നല്ല പെൺകുട്ട്യോൾ വല്ലതും ഉണ്ടെങ്കിൽ അന്വേഷിക്ക്ട്ടാ പ്രദീപേന്ന് അവർ പറഞ്ഞത്രേ. പ്രദീപേട്ടന് ആണെങ്കിൽ നമ്മുടെ വിനീതമോൾടെ കാര്യാ ഓർമ്മ വന്നത്.നടക്കാച്ചാ നല്ല കാര്യാ…
പൊന്നും പണോം ഒന്നും ചോദിക്കുന്നില്ല. ചെക്കൻ എഞ്ചിനീയറ… കാണാനുംതരക്കേടില്ല.
നല്ല കുടുംബം. അവര് ആയിട്ട് ഒരു ബന്ധത്തിന് വരുമ്പോ അച്ഛന്റെ സ്ഥാനത് ജയേട്ടൻ വേണ്ടേ നിൽക്കാൻ… ഉപകാരം ഒന്നും ഇല്ലെങ്കിലും അങ്ങനെ ഒരാൾ വേണല്ലോ. ആലോചന മുതൽ ജയേട്ടനെ അറിയിച്ചാൽ കല്യാണം വരെ കൂടെ ആളായിട്ട് ആൾകാരുടെ മുൻപിൽ നിർത്താലോ എന്നാ പ്രദീപേട്ടന്റെ മനസ്സിൽ ഉണ്ടായിരുന്നെ… അത് വെറുതെ ആയി.”
“ജയേട്ടൻ ഒന്നിനും ഉണ്ടാവുംന്ന് തോന്നുന്നില്ല. അറിയാലോ ഞങ്ങൾക്ക് വേറെ ആരൂല്ല്യ. നിങ്ങൾ ഒക്കെ തന്നെ ഉള്ളൂ.” മടിച്ചു മടിച്ചാണ് ലത അത് പറഞ്ഞത്.
“ഏയ്യ് വിഷമിക്കാതിരിക്ക്. ഞങ്ങളുണ്ടെന്നേ…”
“അവർക്ക് വിനീതമോളെ കാണണ്ടേ… ഇഷ്ട്ടായിട്ടല്ലേ ബാക്കി…”
“കണ്ടാൽ ആർക്കാ അവളെ ഇഷ്ട്ടാവാണ്ടിരിക്കാ… വിച്ചുവിനെക്കാൾ വിനിമോളല്ലേ കണ്ടാൽ ഓമനത്തം കൂടുതൽ.
അവർക്ക് ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട്. എന്നാലും പെണ്ണ് കാണാൻ വരും അടുത്ത ഞായറാഴ്ച.”
അവരുടെ ഇടയിലേക്ക് പ്രദീപ് വന്നു.
“ആ ലത വന്നോ. ഞാൻ ഇവളേം കൂട്ടി അങ്ങോട്ട് വരാൻ ഇരിക്കായിരുന്നു.രജനി പറഞ്ഞില്ലേ വിവരങ്ങൾ… എന്താ ലതേടെ തീരുമാനം?”
“അവൾക് നല്ലൊരു പയ്യനെ കിട്ടുന്നതിൽ എനിക്ക് സന്തോഷല്ലേ… അവള്ടെ അച്ഛനെപ്പോലെ കള്ളുകുടിക്കുന്ന ആളാവരുത് അത്രേള്ളൂ ”
“ഇല്ലല്ല… ആ പയ്യൻ പ്രണവിനെപ്പോലെ തന്നെയാ… ഞാൻ ഒരിക്കലേ കണ്ടിട്ടുള്ളു. നല്ല സ്മാർട്ട് ആ… വിനിമോൾക് (വിനീത )ചേരും. അപ്പൊ ആവാടോട് അടുത്ത ഞായറാഴ്ച ഇറങ്ങാൻ പറയാം ല്ലേ “.
“മോളോട് ചോദിച്ചിട്ടില്ല. അവൾക് ഇഷ്ട്ടവോ എന്തോ ”
“അവളെ നമുക്കറിയില്ലേ… അവൾക് ഇഷ്ട്ടാവും. കല്യാണം കഴിഞ്ഞാൽ പിന്നെ അവൾ അവിടുത്തെ രാജകുമാരി അല്ലേ. അവൾടെ ഡിഗ്രി കഴിയാൻ ആയല്ലോ. അവള്ടെ എതിർപ്പൊന്നും കാര്യാക്കണ്ടന്നെ… ലത നല്ലമ്പോലെ പറഞ്ഞാൽ അവൾ കേൾക്കും ”
“ഹ്മ്… ശരിയെന്നാൽ ഞാൻ ഇറങ്ങട്ടെ… അവളോട് സംസാരിക്കണം ”
🔺🔹🔻🔺🔹🔻🔺🔹🔻🔺🔹🔻🔺
കോളേജിൽ നിന്നും തിരികെയെത്തി കുളിച്ചു ചായ കുടിക്കാൻ ഇരുന്ന വിനീതയോട് അമ്മ വിവാഹക്കാര്യം അവതരിപ്പിക്കാൻ ഒരുങ്ങി.
“വിനീ…”
“എന്താമ്മാ..? ”
“പ്രദീപേട്ടൻ ഒരു ആലോചന കൊണ്ടു വന്നിട്ടുണ്ട്. നല്ല സാമ്പത്തികം ഉള്ളോരാ… എന്തുകൊണ്ടും ചേരുന്ന ബന്ധാണെന്ന രജനിയും പറഞ്ഞത്. നിന്റെ അഭിപ്രായം എന്താ മോളെ.”
“അമ്മേ ഇപ്പൊ തന്യോ…” വിനീത വിഷാദം കലർന്ന സ്വരത്തിൽ ചോദിച്ചു.
“ആ ചായ കുടിച്ചു കഴിഞ്ഞാൽ അപ്പൊ തന്നെ ചേച്ചീടെ കല്ല്യാണ… ” വിസ്മയ വിനീതയെ കളിയാക്കി.
“ദേ വിച്ചൂ ഞാൻ സീരിയസ് ആയിട്ട് സംസാരിക്കുമ്പോൾ നീ ഇമ്മാതിരി കോമഡി ആയിട്ട് വരരുത്ട്ടാ…” വിനീത ദേഷ്യപ്പെട്ടു. ”
“പോടീ ചേച്ചി… ചേച്ചീടെ കല്യാണം ആയിട്ട് വേണം എനിക്കൊരു കലക്ക് കലക്കാൻ… ബാക്കിള്ളോർ ഇവിടെ കണ്ണിൽ എണ്ണയൊഴിച്ചു കാത്തിരിക്കാ… അപ്പോഴാ… ഇപ്പൊ വേണ്ട പോലും ”
പറഞ്ഞവസാനിപ്പിച്ചതും വിനീതയുടെ കയ്യിൽ നിന്നും തല്ലു കിട്ടാതിരിക്കാൻ വിസ്മയ പതിയെ മുങ്ങി.
“വിച്ചു മോള് പറയുന്നതിലും കാര്യണ്ട് മോളെ… നിന്റെ കല്യാണം വേഗം നടക്കണം എന്നാ എന്റേം അവള്ടേം മനസ്സില്… ”
“എല്ലാം അമ്മയുടെ ഇഷ്ട്ടം. പക്ഷെ ഒരു ജോലി അയിട്ട് മതീന്ന എന്റെ ആഗ്രഹം. മാത്രമല്ല നമ്മുടെ അച്ഛനെപ്പോലെ ഒരാൾ ആവുമോ എന്ന പേടിയും ഉണ്ട് ”
“ഏയ്യ് അങ്ങനെ ഒന്നും ഇല്ലാ എന്റെ മോള് പേടിക്കണ്ട. ജോലി ഒക്കെ ആവും. കല്യാണം ഒന്നിനും തടസ്സം അല്ലല്ലോ. ഈ നരകത്തീന്ന് മോള് രക്ഷപ്പെടാൻ വേണ്ടീട്ടാ എന്ന് ആലോചിച്ചാൽ മതി.”
“എനിക്ക് മാത്രായിട്ട് ഒരു രക്ഷപ്പെടൽ ഉണ്ടോ അമ്മേ…” ശബ്ദമിടറി അവളുടെ.
“അതല്ല മോളെ… നിനക്ക് ഇഷ്ടക്കുറവൊന്നും ഇല്ലല്ലോ… അത്
മാത്രം കേട്ടാൽ മതി അമ്മയ്ക്ക് ”
“ഇല്ലമ്മേ… അമ്മേടെ ഇഷ്ട്ടം.”
അവളുടെ സമ്മതം അമ്മയിൽ ആശ്വാസമേകി.
🔺🔹🔻🔹🔺🔹🔻🔹🔺🔹🔻🔹🔺🔹
അങ്ങനെ ഞായറാഴ്ച വന്നെത്തി.
“അയ്യേ… ദേ നോക്കമ്മേ ഈ ചേച്ചി ഇട്ടേക്കുന്ന ഡ്രസ്സ് കണ്ടോ…”
ലത വിനീത ഒരുങ്ങിക്കൊണ്ടിരിക്കുന്ന മുറിയിലേക്ക് ചെന്നു.
“മോളെ… ഈ പഴയ ചുരിദാർ ആണോ ഇട്ടത്… ”
“ഇതൊക്കെ മതിയമ്മേ… കല്യാണം ഒന്നുമല്ലല്ലോ പെണ്ണ് കാണൽ അല്ലേ.”
“ഇപ്പൊ ഒരുങ്ങി സുന്ദരി ആയി നിന്നാലേ ചേച്ചിയെ അവർ ഇഷ്ട്ടപ്പെട്ടു കല്യാണം കഴിച്ചു കൊണ്ടുപോകുള്ളൂ ”
“ദേ പെണ്ണേ നീ എന്റേന്ന് വാങ്ങിക്കും. മിണ്ടാണ്ട് പൊക്കോ അവിടന്ന് ”
വിനീത അവളെ മുറിയിൽ നിന്നും ഓടിച്ചു വിട്ടു.
“അവളോട് ദേഷ്യപ്പെടണ്ട…നമ്മളെപ്പോലെ പാവങ്ങളല്ല വരുന്നത്… ഇത്തിരി അണിഞ്ഞൊരുങ്ങി നിന്നാലേ അവർക്ക് ചേരുന്ന കുട്ടിയാന്ന് തോന്നുള്ളു.”
“അമ്മേ… അമ്മേം അവളെപ്പോലെ തുടങ്ങിയാലോ ”
“നീയിങ്ങോട്ട് വന്നേ… കുറേ ആലോചനകൾ മുടങ്ങിപ്പോയില്ലേ… മുടങ്ങിയതും മുടക്കിയതും എല്ലാം നിന്റെ അച്ഛന്റെ കയ്യിലിരുപ്പ് ആയിരുന്നു.ഇനിയും അതുണ്ടായിക്കൂടാ… അച്ഛൻ അറിഞ്ഞിട്ടേയില്ല ഇതൊന്നും.
അമ്മ മോൾക്ക് അമ്മേടെ ഒരു നല്ല സാരി ഉടുത്തു തരാം.”
ലത അലമാര തുറന്നു സാരി തിരഞ്ഞെടുത്തു.
പുറത്തു നിന്നും പ്രദീപിന്റെയും രജനിയുടെയും ശബ്ദം കേട്ടു ലത ഉമ്മറത്തേക്ക് പോയി.
സാരി കയ്യിൽ വെച്ചു എന്തു ചെയ്യണം എന്നാലോചിച്ചു നിൽക്കുന്ന വിനീതയ്‌ക്കരികിലേയ്ക്ക് രജനി ചിരിച്ചു കൊണ്ടു കടന്നു വന്നു.
“ആഹാ… മോളിതുവരെ ഒരുങ്ങിയില്ലേ ”
“ഇല്ലാ ആന്റി… അമ്മ ഈ സാരി കയ്യിൽ തന്നിട്ട് പോയി.”
“അമ്മ അവർക്ക് കുടിക്കാനുള്ളത് ഒരുക്ക… ഊം സാരി ഉടുക്കാൻ അറിയില്ലലെ.. ആന്റി ഉടുപ്പിക്കാം… ഒരുക്കി തരാം… ആന്റിയ്ക്കു പെൺകുട്ട്യോളെ ആയിരുന്നു ഇഷ്ട്ടം അവരെ ഒരുക്കി പുറത്തു കൊണ്ടു പോവാനൊക്കെ… ആന്റിയ്ക്കു ആ ഭാഗ്യം ഉണ്ടായില്ല. നിന്റമയ്ക്ക് രണ്ടു പെണ്മക്കൾ ആയപോലെ ആന്റിയ്ക്കും അങ്കിൾ നും രണ്ട് ആൺകുട്ട്യോൾ…”
ഒരുക്കുന്നതിനിടയിൽ രജനി വാചാലയായി.
“ആന്റി… അത് പറഞ്ഞപ്പോഴാ ഓർത്തത് പ്രണവേട്ടൻ എന്ത്യേ… ആളെ കാണുന്നെയില്ല…”
“ആ മോളെ ആ ചെക്കന്റെ കാര്യൊന്നും പറയാതിരിക്ക നല്ലത്… നേരത്തിനു വീട്ടിൽ കയറാൻ പോലും അവന് പറ്റണില്ല…”
“ആന്റി… ചേച്ചിയെ സുന്ദരി ആക്കിണ്ടല്ലോ… നേരത്തെ ഇണ്ടാർന്ന കോലത്തിൽ ആയിരുന്നേൽ അവര് വന്ന വഴി ഓടിയേനെ അല്ലേ ആന്റി ”
അനിയത്തി വിസ്മയ ഒരു വായാടിയാണ്. അവളുടെ വർത്തമാനം ഇഷ്ട്ടപ്പെടാതെ വിനീത മുഖം വീർപ്പിച്ചു.
“വിസ്മയെ… വിനീതമോളെ അങ്ങനെ കൊച്ചാക്കേണ്ട… ഏതു വേഷം ആയാലും വിനീത സുന്ദരിയാ… ”
“ഓ ഇപ്പോൾ നിങ്ങൾ രണ്ടാളും ഒറ്റക്കെട്ടായിലെ… ”
അതും പറഞ്ഞ് വിസ്മയ മുഖം ചെരിച്ചു, കൈ രണ്ടും കെട്ടി പ്രധിഷേധിച്ചു.
ആ നിൽപ്പുകണ്ടു വിനീതയും രജനിയും പൊട്ടിച്ചിരിച്ചുപോയി.
അപ്പോഴേക്കും മുറ്റത്തേയ്ക്ക് ഒരു വാഹനം വരുന്നതിന്റെ ശബ്ദം കേട്ട് അവൾ പുറത്തേക്ക് കടന്നു.
“ഉം ഇപ്പൊ എല്ലാം ശരിയായി. ഇനി ഞങ്ങൾ വിളിക്കുമ്പോൾ അങ്ങോട്ടേക് വന്നേക്കണം. ചെക്കൻ സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞാൽ സംസാരിക്കണം. ജയേട്ടന്റെ സ്വഭാവം എല്ലാം പറഞ്ഞിട്ടുണ്ട്. ഇനി അത് വലിയ പ്രശനം ആയിട്ട് അവതരിപ്പിക്കാനൊന്നും നിക്കണ്ട കേട്ടോ… പേടിക്കണ്ടന്നെ… പുഞ്ചിരിച്ചു കൊണ്ടു വേണം അവരടെ മുൻപിൽ വന്നു നിൽക്കാൻ. ഞാൻ അങ്ങോട്ടേക്കു പോവട്ടെ ”
രജനി മുറിയിൽ നിന്നും പോയപ്പോൾ വിനീതയ്ക്ക് ചെറിയ ശൂന്യത തോന്നി. അമ്മ അടുത്തുള്ള പോലെ തന്നെയാണ് അവൾക് രജനിയുടെ സാമിപ്യം. ചെറുപ്രായത്തിൽ അമ്മ രജനി ആന്റിയുടെ വീട്ടിൽ ആക്കിയിട്ട് ആയിരുന്നു പണിക്കു പോയിരുന്നതെന്ന് ആ വേളയിൽ അവളോർത്തു.
ലതയും വിസ്മയയും രജനിയും പ്രദീപും പയ്യന്റെ വീട്ടുകാർ കാറിൽ നിന്നും ഇറങ്ങുന്നത് നോക്കി നിൽക്കുക ആയിരുന്നു.
കാറിൽ നിന്നും ആദ്യമിറങ്ങിയ ആളെ കണ്ട് നാലു പേരുടെയും മുഖം വിളറി.
തുടരും.

by