ഒന്നിൽപിഴച്ചാൽ മൂന്ന് : ഭാഗം 3

രചന : സജി തൈപ്പറമ്പ്.

ഒരു കാലത്ത് ഞാനറിയാതെ എന്നെ പ്രണയിക്കുകയും, ആരാധിക്കുകയും ചെയ്ത എൻ്റെ പൂർവ്വ കാമുകനായിരുന്നു ,നിൻ്റെ ഭർത്താവ് ഗിരീഷ് ,നിർഭാഗ്യവശാൽ എനിക്കവൻ്റെ ചേട്ടൻ്റെ ഭാര്യയാകേണ്ടി വന്നു,, ‘തെല്ല് ലജ്ജയോടെയും ,
ലാഘവത്തോടെയും, വിമലേടത്തി അത് പറഞ്ഞതെങ്കിലും, തലയ്ക്ക് പിറകിൽ പ്രഹരമേറ്റത് പോലെയാണ് വിദ്യയ്ക്ക് തോന്നിയത്.

എനിക്കൊന്നും മനസ്സിലാകുന്നില്ല ഏട്ടത്തീ.. ഒന്ന് തെളിച്ച് പറയ് ,,ജിജ്ഞാസയോടെ വിദ്യ ചോദിച്ചു.
ഞാനും ,ഗിരീഷും ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്,ഞാൻ ഡിഗ്രി സെക്കണ്ടിയറും ഗിരീഷ് ഫൈനലിയറും പഠിക്കുന്ന സമയത്താണ് ,എൻ്റെ മുന്നിലേക്ക് അയാൾ ആദ്യമായി വരുന്നത്,
അതിന് മുമ്പ് ഒരിക്കൽ പോലും ഗിരീഷിനെ ഞാൻ കണ്ടിട്ടില്ല ,പക്ഷേ എന്നെ അയാൾ രണ്ട് വർഷത്തോളമായി ഫോളോചെയ്യുന്നുണ്ടെന്നായിരുന്നു, അന്ന് എന്നോട് പറഞ്ഞത്.

എന്തിനായിരുന്നു അന്ന് കാണാൻ വന്നത്?
രണ്ട് വർഷമായി ഒരു പെൺകുട്ടിയെ ഒരു പുരുഷൻ ഫോളോ ചെയ്യുന്നുണ്ടെങ്കിൽ അതിൻ്റെയർത്ഥം, അയാളുടെയുള്ളിൽ അവളോട് പറയാനായി എന്തോ ഉണ്ടെന്നല്ലേ? അത് പറയാനായിരുന്നു ഗിരീഷ് വന്നത് ,ഐ ലവ് യു എന്നല്ല, ഞാൻ നിന്നെ കല്യാണം കഴിക്കട്ടെ എന്നാണ് എന്നോട് ചോദിച്ചത് ,സത്യത്തിൽ ഞാനത് കേട്ട് ഞെട്ടിപ്പോയി, പെട്ടെന്നൊരു അപരിചതൻ വന്ന് അങ്ങനെ ചോദിക്കുമ്പോൾ ആരായാലും പതറിപ്പോകില്ലേ? ആ സമയത്ത് വിളറി വെളുത്ത് നില്ക്കുന്ന എന്നെ കണ്ട, എൻ്റെ കൂട്ടുകാരി അനഘയാണ് ,ഗിരീഷിന് മറുപടി കൊടുത്തത്

അനഘയെന്താ പറഞ്ഞത്?വിദ്യയ്ക്ക് നെഞ്ചിടിപ്പ് കൂടി വന്നു.അതവളുടെ വീട്ടിൽ പോയി ചോദിക്ക് ,അല്ലാതെ അവൾക്ക് സ്വന്തമായി തീരുമാനമെടുക്കാനൊന്നും കഴിയില്ല അവളുടെ അച്ഛൻ, അറിഞ്ഞാൽ നിങ്ങൾ രണ്ടാളെയും കൊന്ന് കെട്ടിത്തൂക്കും ,ഇയാൾക്ക് അത്രയ്ക്ക് ഇഷ്ടമാണെങ്കിൽ ഇവളുടെ അച്ഛൻ ASi സുഗുണൻ സാറിനോട് പോയി ചോദിക്ക്സത്യത്തിൽ ,ആ ഒരു സിറ്റുവേഷനിൽ നിന്ന് രക്ഷപെടാൻ വേണ്ടിയായിരുന്നു അനഘ അങ്ങനൊരു പഞ്ച് ഡയലോഗിട്ടത്, അച്ഛൻ പോലിസുകാരനാണെന്നറിയുമ്പോൾ ഗിരീഷ് പേടിച്ച് പിൻമാറുമെന്നായിരുന്നു അവളുടെയും എൻ്റെയും പ്രതീക്ഷ , പക്ഷേ, ഗിരീഷ് വിടാൻ ഭാവമില്ലായിരുന്നു ,അവനെൻ്റെ അച്ഛനോട് വന്ന് എന്നെ വിവാഹം കഴിച്ച് കൊടുക്കുമോ എന്ന് ചോദിച്ചു.

അത് കേട്ട് എൻ്റെ അച്ഛൻ ആദ്യമൊന്ന് പൊട്ടിച്ചിരിച്ചു എന്നിട്ട് ചോദിച്ചു ,എൻ്റെ മകളെ സംരക്ഷിക്കാനായി നിനക്കെന്ത് വരുമാനമുണ്ട് ?എന്താ നിൻ്റെ ജോലിയെന്ന്? അപ്പോൾ അയാൾ ചോദിച്ചു, ,ഇപ്പോൾ ജോലിയൊന്നുമില്ല, പക്ഷേ ഞാൻ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ ഒരു ജോലിക്കാരനായി തിരിച്ച് വരും ,അന്ന് സാറിൻ്റെ മോളെ എനിക്ക് കല്യാണം കഴിച്ച് തരുമോയെന്ന് ,അതപ്പോൾ ആലോചിക്കാമെന്ന് അച്ഛനും പറഞ്ഞു ,അതോടെ ആ ചാപ്റ്റർ അവിടെ അവസാനിച്ചതായിരുന്നു
പിന്നീട് ഞാനും അച്ഛനുമൊക്കെ അതിനെക്കുറിച്ച് ഒരിക്കലും ഓർത്തിട്ടില്ല എന്നതാണ് സത്യം ,,

പിന്നീടെന്താ സംഭവിച്ചത് അത് പറയ്?
അങ്ങനെ ഞാൻ ഡിഗ്രി കംപ്ളീറ്റ് ചെയ്ത് പി ജിയുമെടുത്ത് ഒരു ജോലിക്കായി ശ്രമിക്കുമ്പോഴാണ്
ഇവിടുത്തെ ഗൗതമേട്ടൻ്റെ ആലോചനയെക്കുറിച്ച് അച്ഛൻ എന്നോട് പറയുന്നത് ,ചെറുക്കന് സ്വന്തമായി ചെറിയൊരു സൂപ്പർ മാർക്കറ്റുണ്ടെന്നും ആകെയൊരു അനുജനുള്ളത് വിദേശത്താണെന്നും പിന്നെയുള്ളത് അച്ഛനും അമ്മയും മാത്രമാണെന്നുമൊക്കെ പറഞ്ഞപ്പോൾ, എനിക്കും ഈ ബന്ധം ഇഷ്ടപ്പെട്ടു ,പിന്നെ ഒന്നുമാലോചിച്ചില്ല തൊട്ടടുത്ത ശുഭമുഹൂർത്തത്തിൽ ഞങ്ങടെ കല്യാണവും കഴിഞ്ഞു ,അന്ന് രാത്രിയിലാണ് ഞാൻ ഗൗതമേട്ടൻ്റെ
അനുജൻ്റെ ഫോട്ടോ കാണുന്നത് ,അത് കണ്ട് ഞാനാകെ പതറിപ്പോയി, എന്ത്ചെയ്യണമെന്നറിയാതെ ഞാനാകെ വിളറിയിരിക്കുന്നത് കണ്ടപ്പോൾ
ഗൗതമേട്ടൻ കാര്യമന്യേഷിച്ചു ഒടുവിൽ നടന്നതൊക്കെ ഞാനദ്ദേഹത്തോട് പറഞ്ഞു ,അത് കേട്ടപ്പോൾ ഗൗതമേട്ടൻ പൊട്ടിച്ചിരിക്കുകയായിരുന്നു

നിനക്കെന്താ വട്ടുണ്ടോ എൻ്റെ അനുജനായത് കൊണ്ട് പറയുവല്ല അവനീ നാട്ടിൽ ഇത് പോലെ പല പെമ്പിള്ളേരോടും ഐ ലവ് യു പറഞ്ഞിട്ടുള്ളതാണ് നീയത് കാര്യമാക്കണ്ട വിട്ടേര്ഗൗതമേട്ടൻ എന്നെ സമാധാനിപ്പിച്ചു.പക്ഷേ ,ആ സമാധാനം ഏതാനും ദിവസങ്ങളെ നീണ്ട് നിന്നുള്ളു ,ഏട്ടൻ ഗിരീഷിന് കല്യാണ ഫോട്ടോ അയച്ച് കൊടുത്തിരുന്നു ,അപ്പോഴാണ് ഏട്ടൻ്റെ പെണ്ണ് ഞാനായിരുന്നെന്ന് ഗിരീഷുമറിയുന്നത് ,പിന്നെ താമസിയാതെ ഗൾഫിലെ വിസ ക്യാൻസല് ചെയ്ത് ഗിരീഷ് നാട്ടിലെത്തി .

നിൻ്റെ അച്ഛനോട് ,വാക്ക് പറഞ്ഞ് വച്ചിട്ടല്ലേ, ഞാനന്ന് പോയത്? നാട്ടിൽ നല്ലൊരു ജോലി കിട്ടാതിരുന്നത് കൊണ്ട് ഗൾഫിൽ പോയി കുറെ പണം സമ്പാദിച്ചിട്ട് വന്ന്, നിൻ്റെ അച്ഛനോട്, പെണ്ണ് ചോദിക്കാൻ ഒരിക്കൽകൂടിവരാനിരിക്കുകയായിരുന്നു ഞാൻ ,എന്നിട്ട് അയാളും നീയും കൂടി എന്നെ ചതിക്കുകയായിരുന്നല്ലേ?എയർപോർട്ടിൽ നിന്നെത്തിയ ഗിരീഷ് ,ആദ്യം എന്നോടാണ് പൊട്ടിത്തെറിച്ചത്.
ഞങ്ങൾക്കൊന്നുമറിയില്ലായിരുന്നെന്നും ,അച്ഛൻ അതത്ര കാര്യമാക്കിയില്ലായിരുന്നെന്നും, ഗൗതമേട്ടൻ ഗിരീഷിൻ്റെ സഹോദരനായിരുന്നെന്ന് ഞാനിവിടെ വന്നപ്പോഴാണറിയുന്നതെന്നുമൊക്കെ ഒത്തിരി പറഞ്ഞെങ്കിലും അതൊന്നും ചെവിക്കൊള്ളാൻ ഗിരീഷ് തയാറല്ലായിരുന്നു ,അങ്ങനെ ഗൗതമേട്ടൻ ,എന്നെ കുറച്ചു നാൾ എൻ്റെ വീട്ടിൽ കൊണ്ട് നിർത്തി,

ഗിരീഷിൻ്റെ കലിയൊന്നടങ്ങുന്നത് വരെ നീയിവിടെ നില്ക്ക്, അത് കഴിയുമ്പോൾ ഞാൻ തന്നെ വന്ന് നിന്നെ കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളാംഅങ്ങനെ പറഞ്ഞ് പോയെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഗൗത മേട്ടൻ എന്നെ കാണാൻ വരുമായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം ,അപ്രതീക്ഷിതമായി ഗിരീഷും അമ്മയും കൂടി എൻ്റെ വീട്ടിലേക്ക് കയറി വന്നു.ഏട്ടത്തി എന്നോട് പൊറുക്കണം അന്നേരത്തെ ദേഷ്യത്തിന് ഞാനെന്തൊക്കെയോ പറഞ്ഞ് പോയതാണ് ഇനി എൻ്റെ ഭാഗത്ത് നിന്ന് അങ്ങനെയൊന്നുമുണ്ടാവില്ല
മാത്രമല്ല ഞാൻ തിരിച്ച് ഗൾഫിലേയ്ക്ക് തന്നെ പോകുവാണ് അത് കൊണ്ട് ഏട്ടത്തിയെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോകാനാണ് ഞാനും അമ്മയും കൂടി വന്നത്അത് കേട്ടപ്പോൾ എനിക്കൊരുപാട് സന്തോഷമായി ,അച്ഛനോട് അനുവാദം ചോദിച്ച് ഞാൻ അവരോടൊപ്പം യാത്ര തിരിച്ചു

അങ്ങനെ നാല് വർഷങ്ങൾ കഴിഞ്ഞു പോയി.,ഗൾഫിലായിരുന്ന ഗിരീഷ് തിരിച്ച് വരികയും സൂപ്പർ മാർക്കറ്റിലെ കച്ചവടം നഷ്ടത്തിലായപ്പോൾ ഗൗതമേട്ടൻ ഗൾഫിലേയ്ക്ക് പോകുകയും ചെയ്തു ,ഒരു ദിവസം അമ്മയും അച്ഛനും കൂടി ഗിരീഷിൻ്റെ വിവാഹകാര്യം എടുത്തിട്ടു, പക്ഷേ
ഇനിയൊരിക്കലും താൻ വിവാഹം കഴിക്കില്ലെന്നും മറ്റൊരു സ്ത്രീയെ തനിക്കിനി സ്നേഹിക്കാൻ കഴിയില്ലെന്നും ഗിരീഷ് തീർത്ത് പറഞ്ഞത് കേട്ട് ,അച്ഛനും അമ്മയ്ക്കും മാത്രമല്ല എനിക്കും വല്ലാതെ വിഷമം തോന്നി.പിന്നെ ,എങ്ങനെയാണ് ഗിരിയേട്ടനെ കൊണ്ട് സമ്മതിപ്പിച്ചത് ?

ഒരു ദിവസം അച്ഛൻ തല കറങ്ങി വീണു, തുടർന്നുള്ള പരിശോധനയിൽ അച്ഛൻ്റെ തലയ്ക്കകത്ത് ഒരു മുഴ വളരുന്നുണ്ടെന്നും കുറച്ച് കോംപ്ളിക്കേറ്റഡാണെന്നും ഡോക്ടർമാർ വിധിയെഴുതി,അതിന് ശേഷം ഒരു ദിവസം അച്ഛൻ വീണ്ടും ഗിരീഷിനോട് വിവാഹ കാര്യം അവതരിപ്പിച്ചുഅച്ഛൻ ഇനി അധികകാലമുണ്ടാവില്ല നിൻ്റെ കൂടി വിവാഹം നടന്ന് നീയൊരു കുടുംബമായി ജീവിക്കുന്നത് കണ്ടിട്ടായിരുന്നെങ്കിൽ അച്ഛന് സമാധാനത്തോടെ കണ്ണടയ്ക്കാമായിരുന്നു

ആ ഒരൊറ്റ ഡയലോഗിൽ, അച്ഛൻ ഗിരീഷിനെ കൊണ്ട് കല്യാണത്തിന് സമ്മതിപ്പിച്ചു ,അങ്ങനെയാണ് ഗിരി വിദ്യയെ കാണാൻ വന്നതും ,കല്യാണം കഴിച്ചതുംഎല്ലാം കേട്ട് വിദ്യ നിശ്ചലമായി നില്ക്കുകയായിരുന്നുനീ വിഷമിക്കേണ്ട വിദ്യേ ..ഗിരീഷിനെ നിൻ്റെ വരുതിയിലാക്കാൻ നിനക്ക് കഴിയും ,അതിന് നീ കുറച്ച് പ്രയത്നിക്കേണ്ടി വരും ,ആദ്യം നിൻ്റെയീ തണുത്ത സ്വഭാവം മാറ്റണം കുറച്ച് കൂടെ ഊർജ്ജസ്വലയാവണം അവൻ എന്ത് പറഞ്ഞാലും അത് കേട്ട് കരയാൻ നില്ക്കാതെ പ്രതികരിക്കാൻ പഠിക്കണം ,ഗിരീഷ് നിന്നെ ഇഷ്ടപ്പെടേണ്ടത് ഇപ്പോൾ എൻ്റെയും കൂടി ആവശ്യമാണ് ,ഇല്ലെങ്കിൽ ഗൗതമേട്ടൻ ഇതെങ്ങാനുമറിഞ്ഞാൽ എന്നെ വീണ്ടും വീട്ടിൽ കൊണ്ടാക്കും അവിടെയിപ്പോൾ നാത്തൂൻ ഉള്ളത് കൊണ്ട് തീരെ ശരിയാവില്ല

ഉം ഞാൻ ശ്രമിക്കാം ഏട്ടത്തി.,,വിമലയോട് മറുപടി പറഞ്ഞിട്ട് മുറിവേറ്റ ഹൃദയവും തളർന്ന ശരീരവുമായി, വിദ്യ മുറിയിൽ വന്ന് കിടന്നു.അങ്ങനെ ദിവസങ്ങൾ കടന്ന് പോയി.ഗിരീഷിൻ്റെയും വിദ്യയുടെയും ദാമ്പത്യ ജീവിതം വലിയ മാറ്റങ്ങളൊന്നുമില്ലാതെ മുന്നോട്ട് പോയിപെട്ടെന്നൊരു ദിവസം, ഗൗതമൻ നാട്ടിലെത്തി.
അതോടെ ആകെയൊരു ആശ്വാസമായിരുന്ന വിമലേട്ടത്തിയെയും വിദ്യയ്ക്ക് കിട്ടാതെയായി.ജീവിതം കൂടുതൽ ദു:സ്സഹമായപ്പോൾ കുറച്ച് ദിവസം വീട്ടിൽ പോയി നില്ക്കണമെന്ന് അവൾക്ക് തോന്നി ,അതവൾ ഗിരിയോട് പറയുകയും ചെയ്തു.

നിനക്ക് വേണമെങ്കിൽ പോകാം ഞാൻ കൊണ്ടാക്കില്ല
എടുത്തടിച്ചത് പോലെയുള്ള മറുപടിയായിരുന്നു ഗിരി പറഞ്ഞത്ഒടുവിൽ എല്ലാവരോടും യാത്ര ചോദിച്ച് വിദ്യ സ്വന്തം വീട്ടിലേയ്ക്ക് പോയി.രണ്ടാഴ്ച കഴിഞ്ഞപ്പോൾ വിദ്യയ്ക്ക് വിമലേട്ടത്തിയുടെ ഒരു ഫോൺ കോൾ വന്നു.ഒരു സന്തോഷവാർത്തയുണ്ട് മോളേ ..ഏട്ടത്തി ഗർഭിണിയാണ്അത് കേട്ട് വിദ്യയ്ക്കും അടക്കാനാവാത്ത സന്തോഷം തോന്നി ,അത് മറ്റൊന്നുമായിരുന്നില്ലഏട്ടത്തി ഏട്ടൻ്റെ കുഞ്ഞിനെ പ്രസവിക്കുന്നതോടെ ഗിരീഷ് പഴയതെല്ലാം മറക്കുമെന്ന് തന്നെ സ്നേഹിച്ച് തുടങ്ങുമെന്നും അവൾ പ്രത്യാശിച്ചു.അങ്ങനെ വിദ്യ ഗിരീഷിൻ്റെ വീട്ടിലേയ്ക്ക് തിരിച്ച് പോയി.

പക്ഷേ ,രണ്ട് മാസങ്ങൾ മാത്രമേ ആ സന്തോഷത്തിന് ആയുസ്സുണ്ടായിരുന്നുള്ളുഒരു ദിവസം മുറ്റത്തേയ്ക്കിറങ്ങുമ്പോൾ ചാറ്റൽ മഴ വീണ പടി കെട്ടിൽ കാല് വഴുതി വിമല കമിഴ്ന്നടിച്ച് വീണു.
കിടന്ന കിടപ്പിൽ നിന്നെഴുന്നേല്ക്കാൻ കഴിയാതിരുന്ന വിമലയെ പൊക്കിയെടുക്കുമ്പോഴേയ്ക്കും അവളുടെ ബോധം പോയിരുന്നുവർഷങ്ങൾ കാത്തിരുന്നുണ്ടായ കുഞ്ഞ് വളർച്ചയെത്താതെ വയറ്റിൽ വച്ച് തന്നെ ഇല്ലാതായപ്പോൾ, വിമല ആദ്യം ദൈവത്തോട് മാപ്പ് ചോദിച്ചു.

എല്ലാവരും വന്ന് കണ്ട് പോയതിന് ശേഷം, വാർഡിലേയ്ക്ക് അവസാനം കയറിവന്ന വിദ്യയുടെ മുന്നിൽ അവൾക്ക് പിടിച്ച് നില്ക്കാനായില്ല
ഈശ്വരൻ എന്നെ ശിക്ഷിച്ചതാണ് വിദ്യേ … നിന്നെയും ഗൗതമേട്ടനെയും വഞ്ചിച്ചതിനുള്ള ശിക്ഷ ,
നിനക്കറിയാമോ ? എൻ്റെ ഗർഭത്തിൻ്റെ ഉത്തരവാദി, ഗൗതമേട്ടനനായിരുന്നില്ല ,നിൻ്റെ ഗിരീഷേട്ടനായിരുന്നു,, എന്നോട് നീ ക്ഷമിക്കണേ വിദ്യേ…ഒരു കുഞ്ഞിക്കാല് കാണാനുള്ള മോഹം അടക്കാൻ കഴിയാതെ വന്നപ്പോഴാണ് ,ഗൗതമേട്ടൻ നാട്ടിലെത്തുന്നതിൻ്റെ തലേ ദിവസം, നീയും അമ്മയും അമ്പലത്തിൽ പോയ അതേ ദിവസം, ഗിരി എൻ്റെ മുറിയിൽ വന്നെന്നെ കടന്ന് പിടിച്ചപ്പോൾ ,രക്ഷപെടാൻ ഞാനാദ്യം ശ്രമിച്ചെങ്കിലും ,പിന്നീട് എൻ്റെ എതിർപ്പുകൾദുർബ്ബലമായിപ്പോവുകയായിരുന്നു ,ആ സമയത്ത് എൻ്റെ ഉള്ളിലെ അമ്മയാകാൻ കൊതിയോടെ കാത്തിരുന്ന വെറുമൊരു സ്ത്രീ മാത്രമായിരുന്നു ഞാൻ ,അതിനപ്പുറം ഞാനൊരു ഭാര്യ യാണെന്നും, എന്നിൽ ആധിപത്യം സ്ഥാപിക്കാൻ പോകുന്നത്, മറ്റൊരു സ്ത്രീയുടെ ഭർത്താവാണെന്നുമൊക്കെ ചിന്തിക്കാൻ എനിക്ക് കഴിഞ്ഞില്ല,, എന്നോട് ക്ഷമിക്കൂ വിദ്യേ…

അതും പറഞ്ഞ് പൊട്ടിക്കരയുന്ന വിമലയുടെ മുന്നിൽ നിന്നും ഒരക്ഷരം മിണ്ടാതെ തിരിഞ്ഞ് നടക്കുമ്പോൾ വിദ്യയുടെ മനസ്സ് ശൂന്യമായിരുന്നു.ആശുപത്രിയുടെ നീളൻ വരാന്തയിലൂടെ മുന്നോട്ട് നടക്കുമ്പോൾ ആരൊക്കെയോ അവളോട് കലഹിക്കുന്നുണ്ട്
ഒന്നിനും ചെവികൊടുക്കാതെ ലക്ഷ്യമില്ലാതെ അവൾ മുന്നോട്ട് നടന്നു.

കഥ തുടരും

Leave a Reply