12/03/2026

നിന്നോരം : ഭാഗം 11

രചന – ആതിര

അടുത്താഴ്ച എനിക്കൊരു ഇന്റർവ്യൂ ഉണ്ട്..ഇവിടുന്ന് കുറച്ച് ദൂരം ഉണ്ട്..അതിരാവിലെ ഇറങ്ങണം..” വരുണിനും യദുവിനും രാവിലെ തന്നെ ചായ നൽകുകയായിരുന്നു ചാരു .. “അത്ര ദൂരം ഒക്കെ പോകണോ ചാരൂ.. ഇപ്പൊ പ്രോജക്ട് നടക്കുന്ന കൊണ്ട് ഞങ്ങൾക്ക് രണ്ടുപേർക്കും നിന്റെപ്പം വരാൻ പറ്റില്ല..നീ തന്നെ എങ്ങനാ അത്ര ദൂരം..” “ന്റെ കൂടെ പഠിച്ച മിലിയും വരുന്നുണ്ട് കൂടെ..അവൾ റെയിൽവേ സ്റ്റേഷനിൽ വന്നോളും..പേടിക്കണ്ട..” “എന്നാലും..??” “ഒരെന്നാലും ഇല്ല.പെൺകുട്ടികൾക്ക് വിവാഹത്തെക്കാൾ ഉപരി ഒരു ജോലിയും സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നതുമാണെന്ന് വരുണേട്ടൻ തന്നല്ലേ എപ്പഴും പറയുന്നത്..” “ടാ..അവൾ പറയുന്നത് ശരിയാ..നീ പോയി ജോലിയും ശരിയാക്കി വാ ചാരുവേ..” യദു ചാരുവിനെ സപ്പോർട്ട് ചെയ്ത് പറഞ്ഞു…

ഭാഗിയുടെ എക്സാം ഒക്കെ കഴിഞ്ഞു..ഇപ്പോൾ രണ്ടു വീട്ടിലും പാചക പരീക്ഷണത്തിലാണ്.. നിനക്ക് നേരെ ചൊവ്വേ ചായ വെയ്ക്കാൻ അറിയുമോ എന്ന മാലിനിയുടെ ചോദ്യത്തിന്റെ ബാക്കി പത്രമാണ് ഭാഗിയുടെ ഈ പാചകപരീക്ഷണങ്ങൾ.. രാധികയുടെയും മാലിനിയുടെയും ശിക്ഷണം വെറുതെ ആയില്ലെന്ന് വേണം പറയാൻ.. “ശ്രീ എഴുനേറ്റില്ലേ…ഞാൻ ഇന്നലെ പറഞ്ഞല്ലേ..ഇന്നാ കുട്ടിയെ കാണാൻ പോകണമെന്ന്.. അത് കഴിഞ്ഞ് നീ ടൂറിനോ എവിടെയാന്നോ വെച്ചാ പൊയ്ക്കോ..” കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയതാണ് ശ്രീരാഗ്.. അവനേയും കൊണ്ട് പെണ്ണ്കാണാൻ പോകാനാണ് രാധികയുടെ ഈ തത്രപ്പാട്… “അമ്മേ പ്ലീസ്‌..എനിക്കെന്തോ മടി പോലെ..വേണോമ്മേ..നിങ്ങള് പോയി കണ്ടിട്ട് വാ…”

“പിന്നെ ഞങ്ങളാണോ കാണണ്ടത്..നീ എന്ത് പറഞ്ഞാലും സമ്മതിക്കില്ല..നിങ്ങളാണ് ഒന്നിച്ച് ജീവിക്കേണ്ടത്..ഭാഗിയും വരുന്നുണ്ട് നമ്മുക്കൊപ്പം..കൂടുതൽ കിന്നാരം പറയാതെ എഴുനേറ്റ് ഒരുങ്ങ് ചെക്കാ…” ഭാഗിയും ശ്രീരാഗും രാധികയും മുരളിയും കൂടിയാണ് പെണ്ണ് കാണാൻ ചെന്നത്..പെൺകുട്ടി അടുത്തുള്ള ഒരു സ്കൂളിൽ ടീച്ചറാണ്..ഒരനിയനും അച്ഛനും അമ്മയും അടങ്ങുന്ന കുടുംബം.. അമ്മയ്ക്കൊപ്പം ചായയും കൊണ്ട് വരുന്ന പെണ്ണിനെ ഭാഗി കാര്യമായി തന്നെ നോക്കി..ഒറ്റനോട്ടത്തിൽ ശ്രീരാഗ് ചേരുമെന്ന് ഭാഗിയ്ക്ക് തോന്നി.. “എനിക്ക് ഇഷ്ടായി ശ്രീയേട്ടാ..നല്ല കുട്ടി..” ആരും കേൾക്കാത്ത ശ്രീരാഗിന്റെ ചെവിയിൽ ഭാഗി പറഞ്ഞു.. “പെണ്ണിനും ചെക്കനും സംസാരിക്കണമെങ്കില് ആവാം..” ആരോ പറഞ്ഞതനുസരിച്ച് ശ്രീരാഗും ആ പെൺകുട്ടിയും മുറ്റത്തേക്ക് നടന്നു..

കുറച്ച് നേരം രണ്ടുപേരും മൗനം തുടർന്നു.. “ഞാൻ ശ്രീരാഗ്.. പറഞ്ഞുകാണുമല്ലോ ഞാൻ കോളേജിൽ ലക്ചറർ ആണ്.. സ്കൂളിൽ പടിപ്പിക്കുവാല്ലേ…?” “ഹ് മ്മ്..” പേര്.. പേരെന്താ..” അല്പം ചമ്മലോടെയാണ് അവൻ ചോദിച്ചത്.. “അഹല്യ..” “Ok.. അഹല്യക്ക് എന്നോട് എന്തേലും ചോദിക്കാനുണ്ടോ..?” “കൂടെ വന്നത് പെങ്ങളാണോ..അമ്മ പറഞ്ഞു നിങ്ങൾ രണ്ട് പേരെയുള്ളെന്ന്..” “ഹമ്മ്..സ്വന്തം പെങ്ങള് അല്ലെങ്കിലും പെങ്ങള് തന്നാ..അനിയന്റെ ഭാവി വധു..അങ്ങെനെയൊരു ബന്ധവും കൂടിയുണ്ട്..” “വേറെ എന്തേലും..??” “ഇല്ല..” “എങ്കിൽ നമുക്ക് പോയാലോ..” “ഹമ്മ്..” തിരിച്ചു വീട്ടിലേയ്ക്ക് പോകുന്നതിനിടയിൽ ശ്രീരാഗിനും എതിർപ്പൊന്നും ഇല്ലന്നറിഞ്ഞത് രാധികയെ സന്തോഷിപ്പിച്ചു.. പെൺവീട്ടുകാർക്കും ബോധിച്ചന്നാണ് പറഞ്ഞത്…പിന്നെ അവിടെ നടന്നതോക്കെയും കല്യാണ ചർച്ചകൾ ആയിരുന്നു.

പിറ്റേന്ന് തന്നെ ശ്രീരാഗ് തിരിച്ചുപോകുകയും ചെയ്യും.. വൈകിട്ട് ഭാഗി യദുവിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു.. ഫോൺ വെച്ച് കഴിഞ്ഞ് അവൻ നേരെ ചാരുവിന്റെയും വരുണിന്റെയും ഫ്‌ളാറ്റിലേയ്ക്ക് ചെന്നു.. ” ടാ.. ഒരു സന്തോഷവാർത്തയുണ്ട്.. ശ്രീയേട്ടന്റെ കല്യാണം ഉറച്ചമട്ടാണ്..” കഴിച്ചുകൊണ്ടിരിക്കുയായിരുന്ന ചാരുവിനെന്തോ ഒരു നൊമ്പരം തോന്നി.. “ആണോ..” “ഇന്ന് അവര് പെണ്ണ്കാണാൻ പോയിരിക്കുവായിരുന്നു..ഭാഗീം കൂടെപോയിരുന്നു..അവൾക്കും ഇഷ്ടപെട്ടെന്ന്..” “അപ്പൊ അടുത്തത് നീ..” അവർ രണ്ടുപേരും പരസ്പരം സംസാരിക്കുകയാണ്..ചാരുവിന് ഭക്ഷണം ഇറങ്ങാത്തത് പോലെ..അവൾ കഴിപ്പ് മതിയാക്കി എഴുനേറ്റു.. “അല്ല നീയെന്താ മുഴുവൻ കഴിക്കാത്തെ??” അവൾ എഴുന്നേൽക്കുന്ന കണ്ട വരുൺ ചോദിച്ചു..

“നിറഞ്ഞു..മതിയായി..” അത്രമാത്രം പറഞ്ഞുകൊണ്ട് അവൾ അടുക്കളയിൽ ചെന്ന് ബാക്കിയുള്ള ഭക്ഷണം വേസ്റ്റ് ബിന്നിലിട്ടു.. തമാശയ്ക്ക് ശ്രീരാഗിന്റെ പേരുപറഞ്ഞവർ കളിയാക്കിയപ്പോഴൊന്നും അവർ അറിഞ്ഞിരുന്നില്ല അവളുടെ ഉള്ളിലൊരു മോഹത്തിന്റെ പ്രണയത്തിന്റെ വിത്ത് പാകുകയാണെന്ന്.. തൊണ്ടക്കുഴിയിൽ തികട്ടി വന്ന സങ്കടത്തെ അടക്കിപ്പിടിച്ചുക്കൊണ്ടവൾ മുറിയിലേയ്ക്ക് കയറി..വാതിൽ കുട്ടിയിട്ട് തടഞ്ഞ സങ്കടത്തെ ഇനിയും തടഞ്ഞ് നിർത്തതാനാവാതെ കരഞ്ഞുകൊണ്ട് താഴേയ്ക്കൂർന്നു.. മുട്ടുകാലിൽ മുഖമോളിപ്പിച്ച് കാരഞ്ഞുതീർത്തു.. ഏറെ നേരം കരഞ്ഞതും അവൾ എഴുനേറ്റു ബാത്റൂമിലേയ്ക്ക് നടന്നു..മുഖത്തേയ്ക്ക് വെള്ളം ഒഴിച്ചുകൊണ്ടേയിരുന്നു.. കണ്ണാടിയിലെ പ്രതിബിംബത്തിലേക്കവൾ ഉറ്റുനോക്കി..

“എന്തുകൊണ്ടാണിത്ര വേദന..അയാളെ മോഹിച്ചത് ഞാൻ മാത്രമല്ലേ..എന്നെ അറിയുകപോലും ഇല്ല..അല്ലേലും അർഹിക്കാത്തത് ആഗ്രഹിച്ചത് ഞാനല്ലേ.. താമാശയ്ക്ക് യദുവേട്ടനെന്തോ പറഞ്ഞതിന് സ്വപ്നം കണ്ട മരമണ്ടി.. എന്നെപോലെയൊരു അനാഥയ്ക്ക് എന്ത് യോഗ്യതയാണ് അങ്ങനെയൊരാളെ മോഹിക്കാൻ.. ശ്ശേ..നില മറന്ന് എന്തൊക്കൊയോ മനസ്സ് ചിന്തിച്ചു കൂട്ടി..വേണ്ട ഒന്നും വേണ്ട..പഴയ ചാരു ആകണം..” മുഖം ഒന്നൂടി കഴുകികൊണ്ടവൾ പുറത്തേയ്ക്കിറങ്ങി..ഡയറിയിലെ വരച്ചിട്ട ശ്രീരാഗിന്റെ ചിത്രമുള്ള ആ പേജ് കീറിയവൾ ജനലിലൂടെ വെളിയിലേയ്ക്കെറിഞ്ഞു.. പതിവിന് വിപരീതമായി അന്ന് രാവിലെ ശ്രീരാഗ് വീട്ടിലെത്തി.. ആരോടും മിണ്ടാതെ നേരെ മുറിക്കുള്ളിലേക്ക് പോയി..പരിപ്പറന്ന തലമുടിയും അലസമായി ധരിച്ച വസ്ത്രവും..ഭക്ഷണം കഴിക്കാൻ വിളിച്ചിട്ട് പോലും അവൻ താഴേക്ക് വന്നില്ല.. രാധികയുടെ ആദിയും വെപ്രാളവും കണ്ട് മുരളി ശ്രീരാഗിന്റെ കൂടെ ജോലി നോക്കുന്ന ഒന്ന് രണ്ട് പേരെ വിളിച്ചു..

അവനത്രയും അടുപ്പമുള്ള രണ്ടുപേരെ.. ശ്രീരാഗ് ജോലി ഉപേക്ഷിച്ചെന്നും അവനിപ്പോൾ വല്ലാതത്തൊരവസ്ഥ യിൽ ആണെന്നും അവനോട് കൂടുതൽ ഒന്നും ചോദിക്കാൻ നിൽക്കണ്ടന്നുമാണ് അവന്റെ കൂട്ടുകാർ പരഞ്ഞത്.. അവർ പറഞ്ഞത് കൊണ്ട് തന്നെ ആരും ശ്രീരാഗിനോട് ഒന്നും തന്നെ ചോദിച്ചില്ല..രാധിക ഭക്ഷണം മുറിയിൽ എത്തിക്കും..പേരിന് എന്തെങ്കിലും കഴിക്കും അത്രതന്നെ.. ജനലുകൾ ഒന്നും തുറക്കാതെ ആ മുറിയിൽ തന്നെ കുത്തിയിരിപ്പാണ്.. അവൻ രാവിലെ എഴുന്നേറ്റാൽ ആദ്യം ചെയ്യുന്നതേ ജനലുകൾ തുറക്കുന്നതായിരുന്നു..മുറിയിൽ ഇപ്പോഴും നല്ല വെളിച്ചവും കാറ്റും കിട്ടണമെന്നത് അവന്റെ നിർബദ്ധം ആയിരുന്നു..

വൃത്തിയിൽ ഒരു വിട്ടുവീഴ്ചയും വരുത്താത്തവനാണ്.. ആ മകനാണ് ഇന്ന് ഇരുട്ട് മുറിയിൽ കൂനി കൂടിയിരിക്കുന്നത്… അവന്റെ അവസ്ഥ ആ അമ്മയ്ക്ക് സഹിക്കുന്നതിലും അപ്പുറമായിരുന്നു… കുറെ ദിവസങ്ങൾക്ക് ശേഷം രാധിക യദുവിനെ വിളിച്ചു.. “യദു..ശ്രീ വന്നിട്ടുണ്ട്.. അവനെന്തോ..ആരോടും ഒന്നും മിണ്ടുന്നില്ല..വന്ന നേരം തൊട്ട് മുറിയിലാ..ആഹാരം പോലും കഴിക്കുന്നില്ല..അവൻ ആ പെൺകുട്ടിയുടെ വീട്ടിൽ വിളിച്ച് കല്യാണം വേണ്ടന്ന് വിളിച്ചു പറഞ്ഞു..എന്തോ പറ്റിയെടാ അവന്.. നീയൊന്ന് വിളിക്കുവോ..ഭാഗി പോലും ചോദിച്ചിട്ട് അവനൊന്നും പറയുന്നില്ല…” അവനതിന് ഒന്നും മിണ്ടാതെ ഫോൺ വെച്ചു.. തനിക്ക് ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഉഴലുകയായിരുന്നു യദുവപ്പോൾ… (തുടരും..)