18/04/2026

ഏഴിലം പാല : ഭാഗം 03

രചന – ജ്വാലാമുഖി

തിരിഞ്ഞു നടക്കുമ്പോൾ ആ കരിനീല കണ്ണുകൾ മാത്രമായിരുന്നു എന്റെ മനസ്സിൽ… “ഹരിയേട്ടാ… ഓമനമ്മായി വിളിച്ചിരുന്നു… അമ്മായീം അമ്മാമനും നാളെ ഇങ്ങോട്ട് വരനുണ്ട് എന്ന്… ” “അമ്മയോ… എന്തിനാ ഇപ്പൊ ഇങ്ങോട്ട് വരുന്നേ… നീ ഒന്നും ചോദിച്ചില്ലേ … ” “എനിക്കെങ്ങും അറിയില്ല… ” “പാറു നേരം ഇരുട്ടിലോ… നിലവിളക്ക് എടുത്തു വാക്കാറായില്ലേ നിനക്ക്… ” “ധാ വരണൂ അമ്മേ… ” ഞാൻ അകതെക്ക് കയറി കുളിച്ചു ഒരു കാവി മുണ്ടെടുത്തു ഉടുത്തു… ഇല്ലത്തെ ഇലഞ്ഞി പൂവിന്റെ മണം ഉമ്മറത്തേക്ക് ഒഴുകി വരുന്നുണ്ട്… കണ്ണടച്ച് തിണ്ണമേൽ ഇരുന്നു… “ഹരി.. പൊക്കത്തെ വീട്ടിൽ ആ നാണി തള്ള ഇരിപ്പുണ്ട്… അതിന്റെ മോൾ സിറ്റി ലെ ഹോസ്പിറ്റൽ ആ കൈകുഞ്ഞിനേം കൊണ്ടു പോയേക്ക… മോൻ ഈ അത്താഴം ആ തള്ളക്കൊന്ന് കൊണ്ടു കൊടുക്ക്‌… ”

“നാണി തള്ള ഇപ്പോളും ഉണ്ടോ… ” “പിന്നെ… കണ്ണൊന്നും കണ്ടുടാ.. എങ്കിലും നല്ല ഓർമ്മയാ… ” ഞാൻ അമ്മായിടെ കയ്യിലെ തൂക്കുപാത്രം വാങ്ങി കുന്നിലേക്ക് നടന്നു… ഓല മേഞ്ഞ… ആ ഒറ്റമുറി വീടിന്റെ കോലിറയത്ത് കാലിൽ കാൽ കേറ്റി നീട്ടി വച്ചു മുറുക്കാൻ ചതക്കുവായിരുന്നു നാണിത്തള്ള…. “ഹോ… ഈ മുറുക്കാൻ ചവക്കുന്നതിനു ഒരു കുറവും ഇല്ലാല്ലേ… ” “ആരാ..” “അമ്പാട്ടെ ഒമനെടെ മോനാ… ” “ആര്… ഹരിക്കുട്ടനോ… ” “അതേലോ… നാണി കുട്ടിക്ക് നല്ല ഓർമ്മ ആണല്ലോ . ” “പിന്നെ നിന്നെ മറക്കോടാ തെമ്മാടി… ന്റെ കെട്ടു ജാക്കറ്റിന്റെ വള്ളി പൊട്ടിച്ചു ഓടിയ കുറുമ്പൻ അല്ലെ നീ… ” പല്ലില്ലാത്ത മോണ കാട്ടി അവർ കൊച്ചു കുഞ്ഞിനെ പോലെ ചിരിച്ചു… “നാണി കുട്ടി… ഈ മയൂരി എങ്ങനാ മരിച്ചേ… ” “ഇല്ലത്തെ യക്ഷിയോ… ” അത് പറയുമ്പോൾ ആ കണ്ണുകൾ വിടർന്നു വന്നു… “കഴുത്തു അറുത്ത് ചത്തതാ… ” “എന്തിന്… ” “പാടത്തു ഞാറു പറിക്കാൻ വന്ന പുലയ പെണ്ണിന്റെ ചെക്കനെ മയൂരിക്കുഞ്ഞു സ്നേഹിച്ചു…

പാവം ആ ചെക്കൻ ഒഴിഞ്ഞു മാറിയിട്ടും തമ്പുരാട്ടിക്ക് അവൻ മതിയാരുന്നു.. ഒടുവിൽ രണ്ടു പേരും തമ്മിൽ സ്നേഹം ആയി… ഇല്ലാതുള്ളോർ അറിഞ്ഞതും രാത്രി നീലി പെണ്ണിന്റേം രാഘവന്റേം ചെറ്റപ്പുരക്ക് തമ്പ്രാന്റെ ആൾക്കാർ തീയിട്ടു… രാവിലെ ആയപോളെക്കും നീലീടേം രാഘവന്റേം അവരുടെ ഒരേഒരു ചെക്കൻ ഉണ്ണിയും കത്തി കരിഞ്ഞു ബാക്കി ആയി… ” എന്റെ തൊണ്ട വറ്റി… എന്തു പറയണം എന്നറിയാതെ ഞാൻ തലയിൽ കൈ വച്ചു ഇരുന്നു… “ഒടുവിൽ തമ്പുരാട്ടിയുടെ ചെവിയിലും കഥകൾ എല്ലാം എത്തി… വേളി കഴിക്കില്ല എന്ന വാശിയിൽ പിടിച്ചു നിന്ന തമ്പുരാട്ടിയെ ഏതോ ഇല്ലത്തെ ഒരു വയസ്സൻ നമ്പൂതിരിയെ കൊണ്ടു കല്യാണം കഴിപ്പിക്കാൻ ഇല്ലത്തു ഉള്ളവർ ചട്ടം കെട്ടി… ഒടുവിൽ മനയ്ക്കലെ കാവിൽ കഴുത്തറുത്തു ദേവിക്ക് മുന്നിൽ തമ്പുരാട്ടി സ്വയം ഗുരുതി കൊടുത്തു… ”

“ആ യക്ഷിയെ ഞാൻ കണ്ടു… ” “കണ്ടാലും പേടിക്കണ്ട… അവൾ ആരെയും ഉപദ്രവിക്കില്ല മോനെ… അവൾ ഉണ്ണീടെ പുനർജ്ജന്മം കാത്തു ആ കാവിൽ ഇരിക്കുവാ… ആ സാധു ആരെയും ഒന്നും ചെയ്യില്ല… അന്നും സ്നേഹിക്കാനെ അതിനു അറിയുള്ളു.. ” നെഞ്ചിൽ തറഞ്ഞു വീണ കൂരമ്പുകൾ ആയിരുന്നു ആ വാക്കുകൾ.. നാണിത്തള്ള അകത്തു പോയി ഒരു കവിടി പിഞ്ഞാണവും കൊണ്ടു വന്നു.. ചോറും കറികളും അതിലേക്കു ഇട്ടു കൊടുത്തു ഞാൻ തിരിച്ചു പോന്നു…. വീട്ടിലേക്കു നടക്കുമ്പോളും എന്റെ മനസ്സ് വല്ലാതെ കലങ്ങി മറിഞ്ഞിരുന്നു… **** രാത്രി അത്താഴം കഴിഞ്ഞു എല്ലാവരും കൂടെ ഉമ്മറത്തു കുറെ നേരം നാട്ടുവിശേഷം പറഞ്ഞു ഇരുന്നു എങ്കിലും എന്റെ മനസ്സ് അവിടെ എങ്ങും ഇല്ലായിരുന്നു.. ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നില്ല…

ഒടുവിൽ എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായതും ഞാൻ എഴുന്നേറ്റു പയ്യെ വാതിൽ തുറന്നു മുറ്റത്തേക്കു ഇറങ്ങി… ഇല്ലത്തെ പറമ്പിലേക്ക് നടക്കുമ്പോൾ എനിക്ക് ഭയം ലേശം പോലും തോന്നിയില്ല… നിലവിൽ കുളിച്ചു നിൽക്കുന്ന ഏഴിലം പാല… അവിടേക്ക് നടക്കും തോറും അടക്കി പിടിച്ച ഒരു തേങ്ങൽ ഞാൻ കെട്ടു… “മയൂരി… ” എന്റെ വിളി കേട്ടതും ആ തേങ്ങൽ നിലച്ചു.. പക്ഷെ അവൾ എനിക്ക് മുന്നിൽ വന്നില്ല… എന്റെ കണ്ണുകൾ എന്റെ സമ്മതം ഇല്ലാതെ തന്നെ നിറയാൻ തുടങ്ങി.. പറങ്കിമാവിന്റെ തറയിൽ തലയിൽ കൈ വച്ചു ഞാൻ ഏന്തി കരഞ്ഞു പോയി… എന്തിനു… !!! എന്നെനിക്കു അറിയില്ല… “ഹരി… ” എന്റെ തോളിൽ ഒരു കുഞ്ഞു തൂവൽ പോലെ ആ കൈകൾ പതിഞ്ഞു… “എത്ര നേരം ആയി ഞാൻ ഇവിടെ കാത്തിരിക്കുന്നു… എന്തിനാ നീ എന്നെ ഇങ്ങനെ വിഷമിപ്പിക്കണേ… ” അത് പറഞ്ഞു പൊട്ടിക്കരഞ്ഞതും.. ഞാൻ അവളെ ഇറുകെ പുണർന്നു കരഞ്ഞു… “ഹരി… ഞാൻ ജീവനില്ലാത്ത ഒരു ആത്മാവ് മാത്രം ആണ്..

എനിക്ക് എപ്പോളും നിനക്ക് മുന്നിൽ വരാൻ കഴിയില്ല…. എന്റെ രൂപവും ഭാവവും ഞാൻ പോലും അറിയാതെ മാറാം.. ഞാൻ കാരണം എന്റെ ഉണ്ണിക്ക് ഇനി ഒന്നും വരരുത്… ” “നീ എന്താ എന്നെ വിളിച്ചത്… ” “എന്റെ ഉണ്ണി.. ഉണ്ണി തന്നാ നീ… ” “എനിക്ക് ഒന്നും ഓർമ്മ ഇല്ല മയൂരി… ” “നിനക്ക് മനുഷ്യ ജന്മം ആണ് ഉണ്ണി… കഴിഞ്ഞ കാലങ്ങൾ ഓർത്തെടുക്കാൻ നിനക്ക് കഴിയില്ല.. പക്ഷെ എനിക്ക് കഴിയും… ” “നീ… മനുഷ്യ സ്ത്രീ ആയാലും യക്ഷി ആയാലും… ഹരിക്കിപ്പോ നീ ഇല്ലാതെ പറ്റില്ല മയൂരി… ” “ഒരു സ്ത്രീ രൂപം ആയി നിന്നിലെ പുരുഷനെ ഉൾക്കൊണ്ട്‌ ജീവിക്കാൻ എനിക്ക് കഴിയില്ല… എനിക്ക് അതിനായി ഒരു ദേഹം ഇല്ല… ” “മതി… ഇനിയും പറഞ്ഞു എന്നെ തളര്ത്തരുത്… ” “ഈ ഇല്ലത്തെ രേഖ വിട്ടു എനിക്ക് പുറത്തേക്കു പോകാൻ കഴിയില്ല… അങ്ങനെ കഴിയുന്ന ഒരേ ഒരു രാവാണ്…

മകരമാസത്തിലെ പഞ്ചമി… എല്ലാ വർഷവും ആ രാവിൽ ഇല്ലത്തിന് പുറത്തു നിനക്കായ് ഞാൻ കാത്തു നിൽക്കും ഒടുവിൽ സൂര്യൻ ഉദിക്കുന്ന നേരം ആകുംപോളെക്കും തിരിച്ചു കാവിലേക്ക് പോരും… അങ്ങനെ ഒരു രാവിൽ ആണ് ഉണ്ണി ഇതുവഴി വന്നതും… നമ്മൾ കണ്ടു മുട്ടിയതും… ” പാല പൂക്കളുടെയും കാട്ടു മുല്ലകളുടെയും മണത്തൽ അവിടം നിറഞ്ഞു… കസവുടുത്ത ആ തമ്പുരാട്ടിയുടെ മടിയിൽ ഞാൻ ആകാശം നോക്കി കിടന്നു… പൂർണ ചന്ദ്രൻ മറയും വരെ ഞാൻ ആ മടിയിൽ കിടന്നു… “ഉണ്ണി… നേരം പുലരാറായി… വീട്ടിലേക്കു പൊയ്ക്കോളൂ… ” “എനിക്ക് പോണ്ട… ” “അങ്ങനെ പറയരുത് ഉണ്ണി… നീ പോകു… ” മനസ്സില്ല മനസോടെ ഞാൻ അവിടെ നിന്നും പോന്നു… തിരിച്ചു എന്റെ മുറിയിൽ വന്നു കിടന്നു…

“ഹരി.. അച്ഛനും അമ്മയും ഒക്കെ എത്തി.. എഴുന്നേൽക്കു..” ഞാൻ കണ്ണു തുറന്നു വാച്ചിൽ നോക്കി സമയം പത്തുമണി കഴിഞ്ഞു… വെളുപ്പിന് അല്ലെ വന്നു കിടന്നത് അതുകൊണ്ട് ഉറക്കം മതിയായില്ല… എഴുന്നേറ്റു പല്ലുതേച്ചു കുളിച്ചു… അമ്മേടേം അച്ഛന്റേം അടുത്തായി ഇരുന്നു ഞാൻ.. “ഹരി… ” “എന്താ അമ്മേ… ” “നിനക്ക് ഒരു നല്ല ആലോചന… ഇവിടെ അടുത്ത് ആണ് കുട്ടീടെ വീട്… നിന്റെ അമ്മായീം പാറും കൂടെ കണ്ടു വച്ചതാ… ജാതകോം ചേരും… നമുക്ക് ഇന്ന് ഉച്ചതിരിഞ്ഞു ഒന്ന് പോയി കണ്ടാലോ… ” പറയാൻ ഒരു മറുപടി ഇല്ലാതെ ഞാൻ നിന്നു പരുങ്ങി… ഞാൻ ഇപ്പൊ വരാം എന്ന് പറഞ്ഞു കാവിലേക്ക് നടന്നു… പാലച്ചുവട്ടിൽ അവൾക്കായി കാത്തിരുന്നു… എന്റെ ഉള്ളിലെ വേദന പങ്കിടാൻ എനിക്കിപ്പോ അവളല്ലേ ഉള്ളു. പക്ഷെ അവൾ വന്നില്ല… വീണ്ടും ആ തേങ്ങൽ മാത്രം കെട്ടു …. തുടരും….