രചന – ജിഫ്ന നിസാർ
രാവിലെ മുതൽ തുടങ്ങിയതാണ് അറക്കൽ വീട്ടിലേക്ക് ആളുകളുടെ വരവ്.
അതൊന്നും ആദ്യമത്ര ശ്രദ്ധിച്ചില്ലെങ്കിൽ കൂടിയും ഷാഹിദിന്റെ ഉമ്മയും പെങ്ങന്മാരും കൂടി അങ്ങോട്ട് വന്നതോടെ പാത്തുവിന്റെ സമാധാനം നഷ്ടപെട്ടു തുടങ്ങിട്ടുണ്ടായിരുന്നു.
എവിടെയും ആളും ബഹളങ്ങളും.
എന്തോ വിശേഷം നടക്കുന്നുണ്ടെന്ന് അവരുടെ മുഖം പറയുന്നുണ്ടായിരുന്നു.
വന്നവരിൽ ചിലരെല്ലാം മുകളിലേക്ക് ചെന്നിട്ട് പാത്തുവിനെ കാണുകയും വിശേഷങ്ങൾ ചോദിക്കുകയും കൂടി ചെയ്തതോടെ അവളുടെ സമാധാനം പൂർണമായും നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.
അവരോടെല്ലാം മുഷിച്ചിൽ കാണിക്കാതെ ഇടപെട്ടുവെങ്കിലും.. കൂടുതലൊന്നും ചോദിക്കാനോ പറയാനോ കഴിയാത്ത വിധമൊരു മാനസികാവസ്ഥയിലാണ് അവൾ.
സഫിയാത്ത പോലും ഇപ്പൊ കാണുമ്പോൾ തീർത്തും മൗനമാണ്.
താൻ കാരണം അവരുടെ ജീവനോ ജീവിതത്തിനോ ഒരു തട്ട് കേട് വരരുതെന്ന് കരുതി അങ്ങോട്ട് പോയി മിണ്ടരുമില്ല.
ഇതിപ്പോ ആരോടാ ഒന്ന് ചോദിക്കുക?
അവൾക്കുള്ളം വേവലാതി നിറയുന്നുണ്ടായിരുന്നു പിന്നിടുന്ന ഓരോ നിമിഷവും.
ഷാഹിദിന്റെ ഉമ്മ സുലേഖ കയറി വന്നതും പാത്തു അവനോടുള്ള ദേഷ്യത്തിൽ മുഖം കയറ്റി പിടിച്ചു കൊണ്ടാണ് എഴുന്നേറ്റത്.
സുബൈദ മാത്രമല്ല. പിന്നെയും ആരൊക്കെയോ ഉണ്ട് പിറകിൽ.
“മോൾക്ക് ഇന്നേ അറിയോ..? ഷാദീടെ ഉമ്മയാണ് ഞാൻ. ഇതോന്റെ മൂത്ത പെങ്ങള് ഷഹാന.. ഇത് രണ്ടാമത്തോള്. ഷംല ”
തൊട്ട് മുന്നിൽ വന്നു നിന്നിട്ടവർ പരിചയപ്പെടുത്തി.ആദ്യമായിട്ടായിരുന്നു അവരങ്ങോട്ട് വരുന്നതെന്ന് പാത്തു ഓർത്തു.
പിന്നിൽ നിൽക്കുന്നവരെ കൂടി ആരൊക്കെയോ ആണെന്ന് പറഞ്ഞിട്ട് സുലേഖ ബന്ധുബലം കാണിച്ചെങ്കിലും പാത്തു അതിലേക്കൊന്നും ശ്രദ്ധിച്ചത് കൂടിയില്ല.
“സലാമിന്റെ മോള്.. ഇനി ഇന്റേം മോളല്ലേ? ഓനൊരു ആഗ്രഹം പറഞ്ഞിട്ട് ഞാൻ എങ്ങനാ അത് വേണ്ടന്ന് പറയുന്നത്. ഉമ്മ എതിരൊന്നും പറയാണ്ട് കൂടെ വന്നത് അത് കൊണ്ടല്ലേ. ന്തായാലും ഉമ്മാക്ക് മോളെ പെരുത്ത് ഇഷ്ടയിക്കണ്.”
സുബൈദ സ്നേഹത്തോടെയാണോ അതോ സ്നേഹാഭിനയത്തോടെയാണോ കവിളിൽ കൈ ചേർത്ത് പറഞ്ഞതെന്ന് ആ മുഖഭാവത്തിൽ നിന്ന് പാത്തുവിന് പോലും മനസ്സിലായില്ല.
നേർത്തൊരു ചിരിയോടെ നിന്നതല്ലാതെ അവളൊന്നും മിണ്ടിയില്ല.
“വെറുതെയാണോ അമ്മായി ഓനിത്ര ധൃതി കാണിക്കുന്നത്. പെണ്ണ് ഇത്രേം മൊഞ്ചത്തിയല്ലേ?ആരെങ്കിലും തട്ടിയെടുത്താലോന്ന് പേടി കാണും ഓന് ”
കൂട്ടത്തിൽ നിന്നുമാരോ പറഞ്ഞതും അവിടൊരു ചിരി ചിതറി.
പാത്തു അസ്വസ്ഥതയോടെയാണ് അവരുടെ അരികിൽ നിൽക്കുന്നത്.
ഏതൊക്കെയോ കുട്ടികൾ അവളുടെ കയ്യിൽ പിടിക്കുകയും ഷാളിൻ തുമ്പിൽ പിടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്.
“ആ പേടി കൊണ്ടെന്നെയാവും നാളെ രാവിലെ എൻഗേജ്‌മെന്റന്ന് എടിപിടീന്ന് ഒരു തീരുമാനം ഓനെടുത്തതും. നോക്കണേ.. ചെക്കന്റെയൊരു ബുദ്ധി ”
തലയിലൊരൂക്കൻ അടി കിട്ടിയത് പോലെയാണ് ആ വാക്കുകൾ പാത്തുവിന്റെ കാതിലെത്തിയത്.
“എന്താ പറഞ്ഞത് ഇങ്ങള്..? എൻഗേജ്‌മെന്റോ.. ആരുടെ..?”
അങ്ങനെ പറഞ്ഞവരോടത് ചോദിക്കുമ്പോൾ ഭയമായിരുന്നു അവൾക്കുള്ളിൽ നിറയെ.
“ഇതായിപ്പോ നന്നായേ.. അപ്പൊ മോളോന്നും അറിഞ്ഞില്ലേ? ”
സുബൈദ ആശ്ചര്യത്തോടെ പാത്തുവിനെ നോക്കി.
“ഇല്ല.. ഇന്നോടാരും ഒന്നും പറഞ്ഞിട്ടില്ല ”
പാത്തു വർദ്ധിക്കുന്ന ഹൃദയമിടിപ്പോടെ പറഞ്ഞു.
“ന്റള്ളോ.. ഓനിതു സർപ്രൈസ് ആക്കാനോ മറ്റോ തീരുമാനിച്ചിരുന്നോ ആവോ. ന്നാ മ്മള് പെട്ടു ”
ഷംല ആങ്ങളയോടുള്ള പേടി മുഴുവൻ കണ്ണിൽ നിറച്ചു കൊണ്ട് പറഞ്ഞു.
“എന്തൊക്കെയാ ഇങ്ങളീ പറയുന്നത്?
ഇനിക്കൊന്നും മനസ്സിലാവുന്നില്ല.. ഒന്ന് തെളിയിച്ചു പറഞ്ഞു തരോ.. പ്ലീസ് ”
പാത്തു ദയനീയമായി അവരോട് ചോദിച്ചു.
അവൾ വിറച്ചു തുടങ്ങിയിരുന്നു.
“നാളെ എൻഗേജ് മെന്റ് ആണെന്ന് പറഞ്ഞു കൊണ്ടാ ഫാത്തിമ ഇക്കാക്ക ഞങ്ങളെ വിളിച്ചത്.. അന്റേം ഓന്റേം ”
ഷഹാന അലിവോടെ പാത്തുവിന്റെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞതും പിടഞ്ഞു കൊണ്ടവൾ ചുവരിൽ ചാരി.
ഷാഹിദൊരുക്കിയ സർപ്രൈസ് പൊളിച്ചോ എന്നൊരു പേടിയോടെ അവരെല്ലാം പതിയെ അവിടെ നിന്നും പിൻവലിഞ്ഞിരുന്നു.
പടച്ചോനെ…
പാത്തു ഹൃദയം നൊന്തു കൊണ്ട് വിളിച്ചു.
തന്നെയവൻ തീർത്തും ലോക്ക് ചെയ്യാൻ കണ്ട് പിടിച്ച മാർഗമായിരിക്കും ഈ എൻഗേജ്‌മെന്റന്ന് നൂറു വട്ടം ഉറപ്പാണ്.
“ഒരുപാട് പ്രശ്നങ്ങൾക്ക് നടുവിലാണ് പാത്തോ ഇച്ഛാ. എനിക്കൊരിച്ചിരി സമയം വേണം ”
ആ നിമിഷം ക്രിസ്റ്റിയുടെ വാക്കുകളാണ് അവൾക്കുള്ളിൽ ഭീതി വിതച്ചത്.
ഇന്നൊരു രാത്രിയിൽ.. ഇത്രയും കുറഞ്ഞ സമയം കൊണ്ടിനി ഇച്ഛയെന്ത് ചെയ്യാനാണ്?
അവൾക്കുള്ളം ആ ചോദ്യം കൊണ്ട് നിലവിളിക്കുന്നുണ്ടായിരുന്നു….
❣️❣️
“അമ്മയെന്തിനാ കാണണമെന്ന് പറഞ്ഞത്?”
ക്രിസ്റ്റി ഡെയ്സിയുടെ മുറിയിലേക്ക് വന്നു കൊണ്ട് ചോദിച്ചു.
ശനിയാഴ്ചയായത് കൊണ്ട് അന്നവന് ക്ലാസ് ഇല്ലായിരുന്നു.
രാവിലെ വെട്ടിനു പോകും മുന്നേ ഡെയ്സി അവനോട് പറഞ്ഞേൽപ്പിച്ചതാണ് വന്നിട്ട് തന്നെയൊന്നു കാണണമെന്നത്.
അവർക്കെന്തോ പറയാനുണ്ടെന്ന് അവനുറപ്പുണ്ടായിരുന്നു.
“ഇങ്ങ് കയറി വാ. എന്നിട്ടാ വാതിലടച്ചേക്ക് ”
ഡെയ്സി അവനെ നോക്കി കൊണ്ട് ഗൗരവത്തോടെ പറഞ്ഞു.
സംശയത്തോടെ ഒന്ന് നെറ്റി ചുളിയിച്ചെങ്കിലും ക്രിസ്റ്റി അവർ പറഞ്ഞത് പോലെ തന്നെ ചെയ്തു.
“പൂർണമായും ഇങ്ങോട്ട് മാറിയോ?”
ആ മുറിയിലൂടെയൊന്നു കണ്ണോടിച്ച് കൊണ്ട് ക്രിസ്റ്റി ചോദിച്ചു.
“മ്മ്.. ഇനിയതാ നല്ലത്. ചിലതെല്ലാം മാറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ”
വല്ലാത്തൊരു ഗൗരവത്തോടെയാണ് ഡെയ്സി പറയുന്നത്.
ക്രിസ്റ്റി ഒന്ന് നോക്കിയതല്ലാതെ അതിനുത്തരമൊന്നും പറഞ്ഞില്ല.
“വാ.. ഇവിടെ വന്നിരിക്ക് ”
കിടക്കയിൽ തനിക്കരികിൽ വന്നിരിക്കാൻ ഡെയ്സി ക്രിസ്റ്റിയോടാവശ്യപ്പെട്ടു.
അവൻ അവരുടെ അരുകിൽ ചെന്നിരുന്നു.
കയ്യിലുള്ള ഒരു ഫയൽ ഡെയ്സി അവന് നേരെ നോക്കി.
“ഇതെന്താണ്?”
ചോദ്യത്തോടെയാണ് ക്രിസ്റ്റിയത് കൈ നീട്ടി വാങ്ങിയത്.
“പറയാം. അതിന് മുന്നേ നീ അതൊന്ന് തുറന്നു നോക്ക് ”
ഡെയ്സി ചിരിയോടെ പറഞ്ഞു.
ക്രിസ്റ്റി പതിയെ അത് തുറന്നു നോക്കി.
കുറേ വർഷങ്ങൾക്ക് മുന്നേയുള്ള എന്തോ രേഖകളാണെന്ന് മാത്രം അവന് മനസ്സിലായി.
ഏറ്റവും ഒടുവിലത്തെ പേജിൽ.. ഫിലിപ്പ് മാത്യു എന്ന് ഭംഗിയിൽ എഴുതി സൈൻ ചെയ്തിരുന്നു.
ഏറെ സ്നേഹത്തോടെ അവന്റെ വിരലുകൾ അവയിലൊന്ന് തലോടി.
ആ കണ്ണിൽ സ്വന്തം അപ്പനോടുള്ള സ്നേഹം നിറഞ്ഞു കവിയുന്നത് ഡെയ്സി തൊട്ടരികിൽ ഇരുന്നുകൊണ്ടറിഞ്ഞു. അവരുടെ ഹൃദയം പിടഞ്ഞു…
ഒരു കൈ കൊണ്ടവനെ ചുറ്റി പിടിച്ചു കൊണ്ട് കുറച്ചു കൂടി അവന്റെ അരികിലേക്ക് നീങ്ങിയിരുന്നു.
അമ്മ പറഞ്ഞു തുടങ്ങട്ടെയെന്ന് കരുതി ക്രിസ്റ്റി ആ ഫയൽ അടച്ചു കൊണ്ട് മിണ്ടാതെയിരുന്നു.
“നിനക്ക് വേണ്ടി നിന്റെ അപ്പന്റെ സമ്മാനമാണാ ഫയലിനുള്ളിൽ.”
വളരെ നേർത്ത ശബ്ദത്തിൽ ക്രിസ്റ്റിയുടെ തോളിൽ ചാരിയിരുന്നു കൊണ്ട് ഡെയ്സി പറഞ്ഞു.
ഒന്നും മനസ്സിലായില്ലയെങ്കിൽ കൂടിയും ക്രിസ്റ്റി മിണ്ടിയില്ല.
“അപ്പന്റെ ഒരു ചങ്ങാതിയുണ്ടായിരുന്നു. ബാല്യകാല സുഹൃത്തുക്കളായിരുന്നു അവർ. സലാം.. അറക്കൽ സലാം.ഒരു മനസ്സും രണ്ടു ശരീരവുമായി ജീവിച്ച രണ്ടു കൂട്ടുകാർ. അവരുടെ സ്നേഹം അറിഞ്ഞത് കൊണ്ടായിരിക്കും… ഒരാൾക്ക് മറ്റൊരാളെ പിരിയാനുള്ള ഹൃദയവേദന സഹിക്കാൻ വയ്യെന്ന് ദൈവത്തിനു പോലും അറിയാമായിരിക്കും… മരണം കൊണ്ട് പോലും അവരെ പിരിയിച്ചില്ല..ഒന്നിച്ചാണ് ഒരു അപകടത്തിൽ രണ്ടാളും ഈ ലോകത്ത് നിന്നും പോയത് ”
ഡെയ്സി വിങ്ങലോടെ പറയുമ്പോൾ ക്രിസ്റ്റിയുടെ ഹൃദയവും പിടയുന്നുണ്ടായിരുന്നു.
അവന്റെ കൈകൾ ആ ഫയലിൽ മുറുകി തുടങ്ങി.
“സലാമിനൊരു മകളുണ്ടായിരുന്നു. ഫാത്തിമ.. കുഞ്ഞി പാത്തു. നിനക്കോർമ്മയുണ്ടോ എന്നറിയില്ല. അപ്പന്മാർ ഉണ്ടായിരുന്ന കാലത്ത്,അപ്പന്മാരെ പോലെ നീയും അവളും നല്ല കൂട്ടായിരുന്നു. പക്ഷേ അവരുടെ സ്നേഹം പോലെ നിങ്ങളുടെ സ്നേഹം വളരാനുള്ള അവസരം കർത്താവ് നിങ്ങളുടെ കാര്യത്തിൽ തന്നില്ല. സലാം മരിച്ചതോടെ ഹാജിറ കുഞ്ഞി പാത്തുവിനെയും കൂട്ടി അവളുടെ നാട്ടിലേക്ക് പോയി. ”
ഡെയ്സി പറയുമ്പോൾ പ്രിയപ്പെട്ടവളെയോർത്തിട്ട് അവനുള്ളം പ്രണയം നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
അന്നുള്ളതിനേക്കാൾ ഒരായിരമിരട്ടി താനിന്നവളെയും അവൾ തന്നെയും സ്നേഹിക്കുന്നുണ്ടെന്ന് അവനുള്ളം വിളിച്ചു പറയുന്നുണ്ടായിരുന്നു.
“സലാം പറഞ്ഞിട്ടാണ് നിന്റെ അപ്പനും ഈ പ്ലാനിനെ കുറിച്ചറിഞ്ഞത്. മക്കളുടെ പേരിൽ ചെറിയൊരു തുക ഇൻവെസ്റ്റ് ചെയ്തു കൊണ്ട് രണ്ടാളും അവർക്ക് പ്രായപൂർത്തിയാവുമ്പോൾ ഉപകാരപ്പെടുന്ന രീതിയിൽ തുടക്കമിട്ടിരുന്നു . ഫിലിപ്പിച്ചായൻ എന്നോട് മാത്രം പറഞ്ഞിരുന്നു ഇതിന്റെ കാര്യം. ഇതിപ്പോ വളരെ വലിയൊരു തുകയായി മാറിയിട്ടുണ്ടാവും.”
ഡെയ്സി പറഞ്ഞു നിർത്തിയതും ക്രിസ്റ്റി ഞെട്ടി കൊണ്ടവരെ നോക്കി.
“അപ്പൊ… ഫാത്തിമയുടെയും പേരിൽ ഇങ്ങനൊരു തുക ഉണ്ടാകും. അങ്ങനല്ലേ?”
അവൻ ചോദിച്ചു.
“ഉണ്ട്. പക്ഷേ ആ കുട്ടിക്ക് ഇതറിയില്ലായിരിക്കും. അവളിപ്പോ എവിടെയാണാവോ ഉള്ളത്.? നിലവിൽ ഇത് അറിയുന്ന.. ജീവനോടെയുള്ള ഒരാൾ അതിപ്പോ ഞാനാണ്.”
ഡെയ്സി പറഞ്ഞു.
അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ.
അറക്കൽ ഉള്ളവർ എന്തിനാണ് അവളെ കൂടെ കൂട്ടിയതെന്നുള്ള ചോദ്യത്തിനുള്ള ഉത്തരമായി.
ഈ കാശിന്റെ കാര്യം എങ്ങനെയോ അവരുടെ കാതിൽ എത്തിയിട്ടുണ്ട്.
അത് നേടാൻ അവൾ തന്നെ വേണമെന്നിരിക്കെ കൂടെ കൂട്ടിയതാണ്.
അവന്റെ പല്ലുകൾ ഞെരിഞ്ഞു.
“നീ എന്നെങ്കിലും എല്ലാം മനസ്സിലാക്കും. അന്നത് നിന്നോട് പറയാം എന്ന് കരുതി കാത്തിരുന്നതാണ് ഞാൻ. ഇനി ഇത് സൂക്ഷിച്ചു വെക്കേണ്ടത് നിന്റെ ഉത്തരവാദിത്തമാണ്. നിന്റെ അപ്പന്റെ സമ്പാദ്യങ്ങളിൽ വർക്കിച്ചന്റെ കയ്യിൽ പെടാതെ നിനക്കായി ഞാനിത് ഇത്രയും നാൾ സൂക്ഷിച്ചു കൊണ്ട് നടന്നു.”
ഡെയ്സി അവനെ നോക്കി.
ക്രിസ്റ്റി അവരുടെ തോളിൽ കയ്യിട്ട് കൊണ്ട് ചേർത്ത് പിടിച്ചു.
“അറക്കൽ പോയി ഒന്ന് അന്വേഷിച്ചു നോക്കണം നീ. ഹാജറയെയും മകളെയും കുറിച്ച്. കാര്യമൊന്നുമുണ്ടാവില്ല. അവരും സലാം മരിച്ചതോടെ ഉപേക്ഷിച്ചു കളഞ്ഞത് പോലാണ് അവരെ. പക്ഷേ നീ ഒന്ന് പോയി നോക്കണം. നിന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു അവൾ. നിനക്കവളെ ഇത്തിരിയെങ്കിലും ഓർമയുണ്ടോ മോനെ?”
അമ്മയുടെ ചോദ്യം!
ഹൃദയം മുഴുവൻ നിറഞ്ഞു നിൽക്കുന്നതവളാണ്.
എന്നിട്ടും ഓർമയുണ്ടോയെന്ന്…?
എല്ലാവരും മറവിലേക്ക് എടുത്തെറിഞ്ഞപ്പോഴും കനൽ പോലെ കെടാതെ മനസിന്റെയൊരു കോണിൽ കാത്ത് വെച്ചവളെയാണ് ഇത്തിരിയെങ്കിലും ഓർമയുണ്ടോയെന്ന് ചോദിക്കുന്നത്.
“ഞാൻ അന്വേഷിച്ചു നോക്കാം അമ്മാ”
പാത്തുവിനെ കുറിച്ച് ഡെയ്സിയോട് പറയാനായിട്ടില്ലെന്ന് തോന്നിയത് കൊണ്ടാണ് അവനങ്ങനെ പറഞ്ഞതും…
❣️❣️
“ഇങ്ങള് ഉപ്പച്ചിയോട് ഞാൻ പറഞ്ഞത് പറഞ്ഞിരുന്നില്ലേ മ്മാ?”അടുക്കളയിലായിരുന്ന ആയിഷയുടെ അരികിൽ വന്നിരുന്നു കൊണ്ട് ഫൈസി വല്ലായ്മയോടെ ചോദിച്ചു.
ഉപ്പയോട് കടുപ്പിച്ചു പറഞ്ഞതിന്റെയൊരു മ്ലാനത അവന്റെ മുഖം നിറഞ്ഞു നിൽപ്പുണ്ടായിരുന്നു.
“ഞാൻ പറഞ്ഞുവല്ലോ ”
പാത്രം കഴുകി കൊണ്ട് നിന്നിരുന്ന ആയിഷ അവനെ നോക്കാതെയാണ് ഉത്തരം പറഞ്ഞത്.
വീണ്ടും ഫൈസിയുടെ ഉള്ളം നീറി.
പിന്നെന്താവും ഉപ്പ അങ്ങനൊരു വിവാഹത്തിനെ കുറിച്ച് പറഞ്ഞത്?
തന്റെ ഇഷ്ടം ഉപ്പച്ചി അംഗീകരിക്കുന്നില്ലെന്ന് അറിയിച്ചു തന്നതാണോയിനി?
അവനുള്ളം വിറക്കുന്നുണ്ടായിരുന്നു അത് ഓർക്കുമ്പോൾ തന്നെ.
“അന്റെ ഉപ്പച്ചിയോട് അവരങ്ങനെ ചോദിച്ചു എന്നുള്ളതാ ഫൈസ്യേ നീ അറിഞ്ഞത്. അതിന് ഉപ്പച്ചി ന്താണ് മറുപടി പറഞ്ഞതെന്ന് അനക്കറിയോ?”
ആയിഷ അവനെ നോക്കി ചോദിച്ചു.
ഫൈസിയുടെ നെറ്റി ചുളിഞ്ഞു.
ശെരിയാണല്ലോ..?
ഇങ്ങളെന്ത് ഉത്തരം പറഞ്ഞെന്ന് ചോദിക്കുന്നതിനു പകരം ഉപ്പച്ചിയോട് നടക്കില്ലെന്നു അറുത്തു മുറിച്ചു പറഞ്ഞത് ഉള്ളിലെ ഭയമായിരുന്നു.
ഒന്നിനും വേണ്ടി… ആർക്കും വേണ്ടി നഷ്ടപ്പെടുത്തി കളയാൻ വയ്യാത്ത വിധം ഉള്ളിലൊരുവൾ പറ്റി പിടിച്ചു നിൽപ്പുള്ളത് കൊണ്ടായിരിന്നു.
ഛെ…
അവന് കുറ്റബോധം തോന്നി.
“ഉപ്പച്ചി… ഉപ്പച്ചി ന്താ പറഞ്ഞത് മ്മച്യേ?”
ഫൈസി പതിയെ ചോദിച്ചു.
“അത് ഇയ്യ് ഉപ്പച്ചി വരുമ്പോൾ തന്നെ ചോദിച്ചു നോക്ക്.. അതാ അതിന്റെ ഭംഗി ”
ചിരിയോടെ ആയിഷ പറഞ്ഞു.
അത് കേട്ടതും ഒരു നിമിഷം കൂടി അവരെ നോക്കിയിരുന്നതിന് ശേഷം ഒരു നെടുവീർപ്പോടെ ഫൈസി എഴുന്നേറ്റു പുറത്തേക്ക് നടന്നു.
ഉള്ളിൽ എരിയുന്ന നോവിന്നപ്പോൾ അൽപ്പം ആശ്വാസം കിട്ടിയിരുന്നു… അവന്.
തുടരും.
“അപ്പൊ സ്വന്തം വീട്ടിൽ പുതുതായി ഒരാൾ വന്നിട്ട് ഒരു ദിവസം കഴിഞ്ഞു. എന്നിട്ടും താനത് അറിഞ്ഞില്ലെന്ന് പറഞ്ഞത് ഞാൻ വിശ്വസിക്കണം. അല്ലേ ടോ വർക്കി ചെറിയാനെ?”
ഷാഹിദിന്റെ ശബ്ദം പരിഹാസത്തോടെയാണെന്ന് അറിഞ്ഞതും വർക്കി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് ദേഷ്യം ഒതുക്കി.
“താനിത്ര പൊട്ടനായി പോയല്ലോ ടോ.?ചുമ്മാതല്ല.. എത്രയൊക്കെ ശ്രമിച്ചിട്ടും തനിക്കിപ്പോഴും ആ കുന്നേൽ ബാംഗ്ലാവിൽ നിന്നും ക്രിസ്റ്റി ഫിലിപ്പിനെ പടിയിറക്കി വിടാൻ കഴിയാത്തത്. അവനെതിരെ കളിക്കുന്ന കളികളെല്ലാം തനിക്കു നേരെ തന്നെ വരുന്നതും.. ഇതല്ലേ.. ഈ ബുദ്ധി വെച്ചല്ലേ..ഓരോന്നു പ്ലാൻ ചെയ്യുന്നത്? പിന്നെങ്ങനെ പൊട്ടാതിരിക്കും?”
ഷാഹിദ് പറയുന്ന ഓരോ വാക്കുകളും വർക്കിയുടെ അഭിമാനത്തിനെ പാതാളത്തിലെക്കെന്നത് പോലെ ചവിട്ടി താഴ്ത്തി കൊണ്ട് പോയിട്ടുണ്ട്.
പക്ഷേ അവനോട് ഒരക്ഷരം മിണ്ടാതെ നിൽക്കുകയാണ്.
അയാൾക്കങ്ങനെ ചെയ്യാനേ നിർവാഹമുള്ളു.
കാരണം തന്റെ ജീവിതമിപ്പോൾ അവന്റെ വാക്കിൻ തുമ്പിൽ തൂങ്ങിയാടുന്നുണ്ടെന്ന് വർക്കിക്ക് അറിയാം.
അന്വേഷിച്ചറിഞ്ഞ ഷാഹിദ് അറക്കൽ ഉഗ്രവിഷമുള്ളയിനം തന്നെയാണെന്ന് അയാൾക്കറിയാം
“അപ്പഴേ.. സമയം പോലെ താനൊന്ന് പോയി കാണ്, വീട്ടിൽ വന്ന പുതിയ അതിഥിയെ. തനിക്കത് ഉപകാരം ചെയ്യും. ഇറങ്ങി പോണമെന്നൊന്നും പറഞ്ഞേക്കരുത് കേട്ടോ.. അല്ല പറഞ്ഞിട്ടും വല്ല്യ കാര്യമൊന്നുമില്ല.ആ കാര്യത്തിൽ തനിക്കൊന്നും പ്രതേകിച്ചു ചെയ്യാനില്ല. അതിനുള്ള പ്ലാനെല്ലാം ഈ ഷാഹിദ് എന്നോ റെഡിയാക്കി വെച്ചതാണ്.”
ഫോണിൽ കൂടി അവന്റെ അഹങ്കാരം നിറഞ്ഞ ശബ്ദം..
വർക്കി ചുണ്ട് കോട്ടി.
“ശെരിയെന്ന… വർക്കി ചെറിയാൻ സമയം പോലെ പോയെന്നു നോക്ക് ”
അത് പറഞ്ഞിട്ടൊരു നിമിഷം പോലും കാത്ത് നിൽക്കാതെ അവനാ ഫോൺ കോൾ കട്ട് ചെയ്തു പോയിരുന്നു..
ഉള്ളിലെരിയുന്ന അരിശത്തോടെ വർക്കി ഫോൺ കിടക്കലേക്കിട്ട്.. അതിനൊപ്പം അയാളും ഇരുന്നു.
മനസ്സാകെ പിടി വിട്ടു പോകുന്നുണ്ടായിരുന്നുവപ്പോൾ അയാൾക്ക്.
ഇത്രയും പെട്ടന്നൊരു അറ്റാക്ക്… അതയാൾ ഒരിക്കലും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല.
ക്രിസ്റ്റി അതികം വൈകാതെ കുന്നേൽ ഗ്രൂപ്പിന്റെ തലപ്പത്തു കയറി പറ്റുമെന്നുറപ്പുണ്ടായിരുന്നു.
അതിനുള്ള സഹായങ്ങൾ ചെയ്യുന്ന സദാശിവനെ ഒന്നോതുക്കിയിരുത്താനുള്ള പണികൾ അണിയറയിൽ നടക്കുന്നുണ്ടായിരുന്നു.
അതിനിടയിൽ ഇവരിങ്ങനെ അമ്മയും മകനും കൂടി ഒരുമിച്ച് കൂടുന്ന സീൻ അയാളുടെ സ്വപ്നങ്ങളിൽ പോലും ഉണ്ടായിരുന്നില്ല.
അതാണ്.. അവിടെ മുതലാണ് തന്റെ അടിവേരിളകി തുടങ്ങിയത്.
ക്രിസ്റ്റിയുടെ തണൽ തനിക്ക് മേലുണ്ടെന്ന് ഉറപ്പായാതോടെ ഡെയ്സിയിലും കാര്യമായ മാറ്റങ്ങളുണ്ട്.
ഇറങ്ങി പോയത്… അതീ മുറിയിൽ നിന്ന് മാത്രമല്ലെന്ന് അയാൾക്കുള്ളിൽ നിന്നും നിരന്തരം ഓർമപ്പെടുത്തലുണ്ടാകുന്നുണ്ട്.
ഇതിനെല്ലാം പുറമെയാണ് തലക്ക് മുകളിൽ തൂങ്ങുന്ന വാളെന്നത് പോലെയിപ്പോൾ ഷാഹിദ് അറക്കലും.
അവനെന്താവോ ഈ ചെക്കനോട് ഇത്രേം ദേഷ്യവും പകയും?
എന്ത് തേങ്ങയാണേലും വേണ്ടില്ല.. ഇവനീ കുന്നേൽ ബംഗ്ലാവിൽ നിന്നും ഇറങ്ങി പോകേണ്ടത്.. ഇറക്കി വിടേണ്ടത് ഇപ്പൊ തന്റെ നിലനിൽപ്പിന്റെ ആവിശ്യമാണ്.അല്ലെങ്കിൽ ഇത്രേം കാലം സ്വന്തമെന്ന് കരുതി അഹങ്കരിച്ച് കൊണ്ട് നടന്നതെല്ലാം തിരിച്ചു കിട്ടാത്ത വിധം നഷ്ടപ്പെട്ടു പോകുമെന്നുറപ്പാണ്
അതില്ലാതിരിക്കാൻ വേണ്ടി എന്തും ചെയ്യാൻ താനൊരുക്കമാണ്..
വർക്കി പകയോടെ… പുതിയ കണക്ക് കൂട്ടലിലാണ്..
❣️❣️
“എന്താടോ.. അനക്കിപ്പോ പെട്ടന്നിങ്ങനെയൊരു തോന്നൽ?”
മുഹമ്മദ് ഷാനവാസിനെ ജിജ്ഞസയോടെ നോക്കി.
“പെട്ടന്ന്.. പെട്ടന്നൊന്നും അല്ല മുഹമ്മദേ. അനക്കറിയാലോ ഉമ്മാന്റെ കാര്യം? അതോർത്തു കൊണ്ടാണ് ഞാൻ ന്റെ ജീവിതം പോലും മൈന്റ് ചെയ്യാതെ വിട്ടത്. പക്ഷേ.. പക്ഷേ ഇനിക്കിപ്പോ തോന്നുന്നു.. എന്തൊക്കെ ഞാൻ ചെയ്തു കൊടുത്താലും ന്റെ ഉമ്മാന്റെ ഏറ്റവും വലിയൊരു ആഗ്രഹം. അതിന് നേരെ എപ്പോഴും ഞാനെന്റെ കണ്ണും മനസ്സും അടച്ചു പിടിച്ചു നടപ്പായിരുന്നു. മരിച്ചാൽ പോലും എന്നേ ഓർത്തിട്ട് ന്റെ ഉമ്മാക്കൊരു സമാധാനമുണ്ടാവില്ല. ഞാൻ ഒറ്റക്കാണല്ലോ എന്നോർത്ത് കൊണ്ട് ഉമ്മ അപ്പോഴും വേദനിക്കും..”
ഷാനവാസ് നെറ്റി തടവി.
മുഹമ്മദ് അയാൾ എന്താണ് പറഞ്ഞു വരുന്നതെന്നറിയാതെ അയാളെ തന്നെ നോക്കിയിരുന്നു.
“ഞാൻ.. ഞാനൊരു കല്യാണം.. കല്യാണം കഴിക്കുന്നതിനെ പറ്റി.. ന്താ അന്റെ അഭിപ്രായം?”
മടിച്ചു മടിച്ചു കൊണ്ടാണ് അയാളത് ചോദിക്കുന്നതെന്ന് ആ വാക്കുകൾ കേൾക്കുമ്പോൾ തന്നെ വ്യക്തമാണ്.
“അൽഹംദുലില്ലാഹ്… (ദൈവത്തിന് സ്തുതി )”
മുഹമ്മദ് മുകളിലേക്ക് നോക്കി ആശ്വാസത്തോടെ പറഞ്ഞു.
“ഇതെത്ര നാളായെടാ അന്നോട് ഞാനിത് പറയുന്നു. അന്നൊക്കെ ഓരോ മുട്ട് ന്യായം കൊണ്ട് എതിർത്തു നിന്നത് ഇയ്യെന്നെയല്ലേ? എന്തായാലും ഇപ്പഴേലും അനക്കങ്ങനെയൊരു ബുദ്ധി തോന്നിയല്ലോ? നന്നായി…”
ഉള്ളിലെ സന്തോഷം ഒട്ടും മറച്ചു വെക്കാതെ തന്നെ മുഹമ്മദ് കൂട്ടുകാരന്റെ തോളിൽ തട്ടി.
“ഇപ്പഴും ഇനിക് വേണമെന്ന് തോന്നിയിട്ടല്ല മുഹമ്മദേ.. ന്റെ ഉമ്മ ന്നെ വിട്ടു പോയാൽ ഓരോ നിമിഷവും ഇക്കാര്യം ഓർത്തിട്ട് ഞാൻ നീറി കഴിയേണ്ടി വരുമെന്ന് എനിക്ക് നന്നായിയറിയാം. ഇന്നിപ്പോൾ ആ ആഗ്രഹം നടത്തി കൊടുക്കാൻ കഴിയുന്നൊരു സാഹചര്യമുണ്ട്. പക്ഷേ.. ഉമ്മ ഇല്ലാതെയാവുമ്പോൾ കുറ്റബോധം കൊണ്ട് നീറി ജീവിക്കാം എന്നല്ലാതെ ഇനിക്ക് മുന്നിൽ പിന്നെ വേറൊരു വഴിയും ഉണ്ടാവില്ല ”
ഷാനവാസ് പതിയെ പറഞ്ഞു.
“അതൊക്കെ മ്മക്ക് ശരിയിക്കാടാ. ഏതായാലും ഒരു കൂട്ട് വേണമെന്ന് അനക്ക് തോന്നിയല്ലോ..?അത് തന്നെ വല്ല്യ കാര്യം. ബാക്കി ഇനി ഞാൻ നോക്കിക്കോളാം ”
മുഹമ്മദ് അത് പറയുമ്പോഴും തന്റെ മനസ്സിലുള്ളത് മുഴുവനും അയാളോട് പറയാൻ കഴിയാത്തൊരു നിസ്സഹായവസ്ഥ ഷാനവാസിന്റെ കണ്ണുകളിൽ കരിനിലിച്ചു കിടപ്പുണ്ടായിരുന്നു…
❣️❣️
ഇച്ഛാ ”
പതിവുപോലെ ആവേശത്തിൽ പ്രണയം നിറയുന്ന വിളി ആയിരുന്നില്ല അതെന്ന് ഒറ്റ നിമിഷം കൊണ്ട് തന്നെ ക്രിസ്റ്റിക്ക് മനസ്സിലായി.
“പാത്തോ.. ന്തേ.. ഒച്ചയൊക്കെ വല്ലാതെ..?”
മുറിയിലെ വാതിൽ അടച്ചു കുറ്റിയിട്ട് കൊണ്ട് ക്രിസ്റ്റി വേവലാതിയോടെ ചോദിച്ചു.
പഴയ പോലല്ലയിപ്പോൾ .
ഏതു നിമിഷവും മുറിയിലേക്കിടിച്ചു കയറി വരുന്ന രണ്ടു സാധനങ്ങൾ മുകളിൽ തന്നെയുണ്ട്.
അവർക്കെങ്ങാനും ഇതിന്റെയൊരു സൂചന കിട്ടിയാൽ മതി.. പിന്നെ സ്വസ്ഥത എപ്പോ പോയെന്ന് ചോദിച്ച മതിയാവും.
“ഡീ…”
അവളൊന്നും മിണ്ടുന്നില്ലന്ന് കണ്ടതും ക്രിസ്റ്റി വീണ്ടും വിളിച്ചു നോക്കി.
“നാളെ.. നാളെ ഷാഹിദ് എൻഗേജ് മെന്റ് ഫിക്സ് ചെയ്തു ”
ഇടറി കൊണ്ടവൾ അത് പറഞ്ഞതും നെഞ്ചിലൂടെ ഒരു മിന്നൽ പാഞ്ഞത് പോലെ ക്രിസ്റ്റി പുളഞ്ഞു പോയി.
“എൻഗേജ് മെന്റോ… ഇത്ര പെട്ടന്നോ..?”
അവന്റെ സ്വരം വിറച്ചു.
“മ്മ് ”
കരച്ചിലോടെയാണ് ആ മൂളൽ എന്ന് ക്രിസ്റ്റിക്ക് മനസ്സിലായി.
“പാത്തോ….”
ഉള്ളിലുള്ള സ്നേഹം മുഴുവനും ചേർത്തിട്ട് അവന്റെയ വിളിക്ക് ഹൃദയം പൊട്ടി കൊണ്ടുള്ള ഒരു കരച്ചിലാണ് ഉത്തരമായി കേട്ടത്.
പറയാൻ വന്നത് മറന്നു കൊണ്ടവൻ ആ കരച്ചിലിൽ ഉലഞ്ഞു പോയിരുന്നു.
“ഇനി നിന്നെ ഞാൻ ഷാഹിദല്ല.. ഈ ലോകത്തിലെ ഏതു കൊമ്പൻ വന്നാലും വിട്ടു കൊടുമെന്ന് നിനക്ക് തോന്നുന്നുണ്ടോടി?”
ഉറപ്പോടെയുള്ള അവന്റെ വാക്കുകൾ.
ഒരു നിമിഷം കരച്ചിലൊതുങ്ങി.
“ഉണ്ടോ…?”
ക്രിസ്റ്റി ഒന്ന് കൂടി ആവർത്തിച്ചു ചോദിച്ചു.
“ഇല്ല..”
“ആഹ്.. ഇല്ലല്ലോ.. എങ്കിൽ ആദ്യം ഈ കരച്ചിൽ നിർത്തിയിട്ടു എന്താ അവിടയുണ്ടായേ എന്നൊന്ന് പറഞ്ഞു താ…എനിക്ക്. എങ്കിലല്ലേ എന്താ ചെയ്യേണ്ടതെന്ന് അറിയാനാവൂ?”
ഉള്ളിൽ അവളെയോർക്കുമ്പോൾ നോവുന്നുണ്ടായിരുന്നു അവനും.. എങ്കിലും ക്രിസ്റ്റി സമാധാനപൂർവ്വം ചോദിച്ചു.
“എന്നേ കൊണ്ടാവുന്ന പോലൊക്കെ ഞാൻ പറഞ്ഞില്ലെടി പാത്തോ… നീ എന്റെ ജീവനാണെന്ന്.. ജീവിതമാണെന്ന്. എന്തൊക്കെ സഹിക്കേണ്ടി വന്നാലും മറ്റാർക്കും നിന്നെ ഞാൻ വിട്ടു കൊടുക്കില്ലെന്ന്.ഇനി.. ഇനി ഞാനെങ്ങനാ പാത്തോ എന്റെ പ്രണയം പറയേണ്ടത്?”
അവളുടെ മൗനം സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ക്രിസ്റ്റി പറഞ്ഞത്.
അവന്റെ ശബ്ദവും ഇടറി പോയിരുന്നു..
ഇച്ഛാ… വിറയലോടെ പാത്തു വിളിച്ചു.
ഒടുവിൽ വിങ്ങിയും വിറച്ചും അന്ന് രാവിലെ മുതൽ അവിടെ നടന്നു കൊണ്ടിരിക്കുന്ന ഓരോന്നും അവൾ അവന് പറഞ്ഞു കേൾപ്പിച്ചു കൊടുത്തു.
“പേടിക്കേണ്ട… ഞാൻ നിനക്കും നീ എനിക്കും സ്വന്തമാണെന്ന് നമ്മുക്ക് ഉറപ്പുള്ളടത്തോളം.. അവൻ അവന്റെ വീട്ടുകാരെ കാണിക്കാൻ നടത്തുന്ന ഈ പ്രഹസനത്തെ നമ്മൾ ഭയക്കേണ്ടതുണ്ടോ ന്റെ പെണ്ണെ?”
അവൾക്ക് ആശ്വാസമാകുവാൻ വേണ്ടിയാണ് ക്രിസ്റ്റി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
“എന്താ വേണ്ടതെന്ന് ഞാൻ പറഞ്ഞു തരാം ഇപ്പൊ നീ ഫോൺ വെക്ക് ”
ക്രിസ്റ്റി പറഞ്ഞു.
“ഇച്ഛാ..”
അവനത് കട്ട് ചെയ്യും മുന്നേയുള്ള ധൃതിയോടെ പാത്തു വിളിച്ചു.
“പറയെടി…”
“നിക്ക്… പറ്റൂല ട്ടോ. ഇച്ഛയില്ലാതെ ഇനി.. ഇനി ഞാനും ”
“എനിക്കും.. എനിക്കും വയ്യ നീ ഇല്ലാതെയിനി ..ഇച്ഛയില്ലാതെയല്ല. ഇച്ഛയോടൊപ്പം തന്നെ ഇനി നീയും ഉണ്ടാവും. ഇതെന്റെ വാക്കാണ് ”
വല്ല വിധേനയും അവളെ പറഞ്ഞാശ്വസിപ്പിച്ചു കൊണ്ടവൻ ഫോൺ കട്ട് ചെയ്തു.
ഫൈസിയെ വിളിക്കാൻ വേണ്ടി ധൃതിയിൽ അവനൊരുങ്ങും മുന്നേ.. ക്രിസ്റ്റിയുടെ ഫോണിലേക്ക് അവന്റെ വിളിയെത്തിയിരുന്നു.
“ഡാ.. ഇയ്യറിഞ്ഞോ?”
ഫോൺ എടുത്തയുടനെയുള്ള ഫൈസിയുടെചോദ്യം, അവനെല്ലാം അറിഞ്ഞെന്നു ക്രിസ്റ്റിക്ക് മനസ്സിലായി.
“മ്മ്.. പാത്തു ഇപ്പൊ വിളിച്ചിട്ട് വെച്ചതെയുള്ളൂ ”
ക്രിസ്റ്റി പറഞ്ഞു.
“ഞാനും ഇപ്പഴാടാ അറിഞ്ഞത്. ഉമ്മ പറഞ്ഞതാ.ഇനി.. ഇനിയെന്ത് ചെയ്യുമെടാ..?അവൻ.. ആ ഷാഹിദ് രണ്ടും കല്പ്പിച്ചുള്ള കളിയാണ്.. നാറി..”
“എന്തെങ്കിലുംചെയ്യേണ്ടത് ഇനിയാണ്. ഇപ്പഴാണ്. നീ ആദ്യം ഇങ്ങോട്ട് വാ..ബാക്കി വന്നിട്ട് പറയാം ”
ക്രിസ്റ്റി ഫൈസിയോട് ആവിശ്യപ്പെട്ടു.
“വരാം..”
എന്തിനാണെന്ന് പോലും ചോദിക്കാതെ ഫൈസി അത് പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു.
ഫോൺ തിരികെ മേശയിലേക്ക് തന്നെ വെച്ചിട്ട് ക്രിസ്റ്റി ഒരു നിമിഷം കണ്ണടച്ച് നിന്ന് പോയി.
ഹൃദയമൊരു നൂറായിരം കണക്ക് കൂട്ടലുകൾ നടത്തുന്നുണ്ട്.
അപ്പോഴൊക്കെയും ഹൃദയവേദനയോടെ തന്നെ ഓർത്തു കരയുന്നവൾ അവന്റെയുള്ളിലെ നോവായി മാറുന്നുണ്ടായിരുന്നു.
ചിന്തകൾക്കിടയിലേക്ക് തന്നെയാണ് വിചാരിച്ചത്തിലും വേഗത്തിൽ ഫൈസി ഓടി കയറി വന്നത്.
അവൻ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ ക്രിസ്റ്റി വാതിൽ കുറ്റിയെടുത്തു ചാരി വെച്ചിരുന്നു.
“ഇനി എന്ത് ചെയ്യുമെടാ?”
വന്നയുടൻ വാതിൽ ചേർത്തടച്ചു കൊണ്ട് ഫൈസിയാദ്യം ചോദിച്ചത് അതായിരുന്നു.
“പറയാം.. അതിന് മുന്നേ എനിക്കവളെ കാണണം ”
ക്രിസ്റ്റി പറഞ്ഞത് കേട്ടതും… കിടക്കയിൽ ഇരിക്കാൻ തുടങ്ങിയ ഫൈസി ചാടി എഴുന്നേറ്റു കൊണ്ടവനെ നോക്കി.
“ഇയ്യെന്തായിപ്പോ പറഞ്ഞത്?”
കേട്ടതിൽ പറ്റിയ പിശകാണോ എന്ന് കരുതിയാണ്..ഫൈസി വീണ്ടും ചോദിച്ചത്.
“എനിക്കെന്റെ പെണ്ണിനെ കാണണം ഫൈസി..എന്നെ കാണുമ്പോൾ മാത്രം ആശ്വാസം കിട്ടുന്നൊരു മനസ്സോടെ അവളവിടെ പിടയുന്നുണ്ട്. എനിക്ക് കാണണം..”
പടച്ചോനെ…
ക്രിസ്റ്റി പറഞ്ഞു നിർത്തിയതും ഫൈസി നിലവിളി പോലെ പറഞ്ഞു കൊണ്ട് കിടക്കയിലേക്ക് തന്നെ ഇരുന്നു.
“എടാ.. ഇന്ന്.. ഇന്നവിടെ ഒരുപാട് ആളുകൾ കാണും. അതിനിടയിൽ ഓളുടെ പിടച്ചിൽ മാറ്റാൻ പോയ ആ ഷാഹിദിന്റെ കയ്യിൽ കിടന്നു നമ്മള് പിടയും. അതറിയോ അനക്ക്?”
ഫൈസി ചോദിച്ചിട്ടും ക്രിസ്റ്റിക്ക് യാതൊരു ഭാവമാറ്റവുമില്ല.
“അതേ.. ഇന്നവിടെ നിറയെ ആളുണ്ടാവും. അറക്കൽ തറവാട്ടിൽ കയറി പറ്റാൻ ഇന്നാണ് ഏറ്റവും എളുപ്പം. ആരും ശ്രദ്ധിക്കില്ല ”
ഫൈസിയുടെ അരികിലേക്ക് ഇരുന്നു കൊണ്ട് ക്രിസ്റ്റി പറഞ്ഞു.
“എടാ… ഷാഹിദ്.. അവൻ നമ്മൾക്കൊരുക്കിയ കെണിയാണോ ഇതൊന്ന് പോലും ഇനിക് നല്ല സംശയമുണ്ട് ”
ഫൈസി ക്രിസ്റ്റിയെ നോക്കി.
“ഒരുകാര്യം ഉറപ്പാണ്.. ഞാനും പാത്തുവും തമ്മിലുള്ള ഇഷ്ടം… അതവനറിയാം. ഇത്രയും പെട്ടന്ന്.. അതും പാത്തുവിനോടൊന്ന് സൂചിപ്പിക്കുക കൂടി ചെയ്യാതെ അവൻ എൻഗേജ് മെന്റ് ഫിക്സ് ചെയ്തുവെങ്കിൽ… അതിന്റെ കാരണം മറ്റൊന്നുമല്ല ”
ക്രിസ്റ്റിയുടെ ചുണ്ടിലൊരു പുച്ഛചിരി ഉണ്ടായിരുന്നു.
“എടാ ഇതൊക്കെ അറിഞ്ഞു വെച്ചിട്ട് അങ്ങോട്ട് പോണോ.. നാളെ കല്യാണം ഒന്നുമല്ലല്ലോ. ജസ്റ്റ് ഒരു എൻഗേജ് മെന്റ്.. നീ ഓൾക്കും ഓള് അനക്കും ഉള്ളതാണെന്ന് നിങ്ങൾക്ക് രണ്ടാൾക്കും ഉറപ്പുള്ളടത്തോളം കാലം.. നാളത്തെ ഈ പ്രഹസനം നമ്മൾ ഭയക്കേണ്ടതുണ്ടോ.. എടുത്തു ചാടി വല്ലതും വന്നിട്ട്….”
“നീ എന്തൊക്കെ പറഞ്ഞാലും ഞാനിന്ന് ഓളെ കണ്ടിരിക്കും ഫൈസി. അത്രത്തോളം വേദന സഹിച്ചാണ് അവളവിടെ.. ഇരുട്ടിൽ ആകുമ്പോഴല്ലേ ഫൈസി ഒരാൾക്ക് മുന്നിൽ വെളിച്ചമാവേണ്ടത്?ന്റെ പെണ്ണ് എന്നെയോർത്തു കൊണ്ടാ അവിടെ വേദനിക്കുന്നത്. അതെങ്ങനെ ഞാൻ കണ്ടില്ലെന്ന് വെക്കുമെടാ..?”
വല്ലാത്തൊരു ഉറപ്പോടെ പറഞ്ഞിട്ട് ക്രിസ്റ്റി എഴുന്നേറ്റു.
ഫൈസി ഒരു ദീർഘനിശ്വാസത്തോടെ അവനെ നോക്കിയിട്ട് എഴുന്നേറ്റു.
“ബാ.. എണീക്ക്. പോയി നോക്കാം.”
ഫൈസി ക്രിസ്റ്റിയെ നോക്കി പറഞ്ഞു.
“ന്തേയ്… പോണ്ടേ… അനക്കോൾക്ക് വെളിച്ചം കൊടുക്കണ്ടേ.. ഷാഹിദ് അടിച്ചൊതുക്കി നമ്മടെ വെളിച്ചം പോയില്ലെങ്കിൽ ബാക്കി വന്നിട്ട് പ്ലാൻ ചെയ്യാം. എണീറ്റു വാ ഇങ്ങോട്ട് ”
ക്രിസ്റ്റി നോക്കുന്നത് കണ്ടതും ഫൈസി വീണ്ടും പറഞ്ഞു.
“നീ വരുന്നില്ലങ്കി വേണ്ട… ഞാൻ..”
ഫൈസിയുടെ തുറിച്ചു നോട്ടം കണ്ടതും ക്രിസ്റ്റി പറഞ്ഞത് പാതിയിൽ നിർത്തി.
“ഒറ്റക്ക്.. അങ്ങോട്ട് പോവാൻ പ്ലാൻ ഉണ്ടെങ്കിൽ.. പിന്നെ ഇയ്യ് എന്തിനാടാ തെ..ണ്ടി ഇന്നേ വിളിച്ചത്. അങ്ങോട്ട് പോയാൽ പോരായിരുന്നോ?”
ഫൈസി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
അവൻ കലിപ്പിലാണെന്ന് കണ്ടതും ക്രിസ്റ്റി പിന്നൊന്നും പറഞ്ഞില്ല.
രണ്ടു പേരും കൂടി ഒരുമിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്….❤
തുടരും

by