രചന – ജിഫ്ന നിസാർ
പ്രതീക്ഷിച്ചത് പോലൊരു എതിർപ്പ് ഗൗരിയിൽ ഇല്ലെന്ന് തോന്നിയതും റിഷിന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ നിന്നും കഴുത്തിലേക്കൂർന്നിറങ്ങി.
ആ നിമിഷം തന്നെയാണ് പിടഞ്ഞു കൊണ്ടവൾ അവനെ തള്ളി മാറ്റിയതും.
“എന്താ ഈ ചെയ്യുന്നേ…?”
കിതപ്പൊതുങ്ങാതെ അവളുടെ സ്വരം പലയിടത്തും മുറിഞ്ഞു പോയിരുന്നു.
വിയർപ്പു തുള്ളികൾ പറ്റി പിടിച്ചു നിൽക്കുന്ന അവളുടെ മുഖത്തേക്ക് റിഷിൻ വീണ്ടും കൊതിയോടെയാണ് നോക്കുന്നത് എന്നറിഞ്ഞതും അവൾ അവനിൽ നിന്നും നീങ്ങി നിന്നിരുന്നു.
“പ്ലീസ്.. ഗൗരി… വാ ”
അവൾക്ക് നേരെ കൈ നീട്ടി കൊണ്ടവൻ വീണ്ടും വിളിച്ചു.
“എനിക്കിതൊന്നും ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ റിഷിയേട്ട…”
കണ്ണുരുട്ടി കൊണ്ടവൾ ചോദിക്കുമ്പോൾ പുച്ഛത്താൽ കോടി പോയ ചുണ്ടുകൾ അവൾ കാണരുതെന്ന് കരുതിയിട്ടാണ് റിഷിൻ തിരിഞ്ഞു നിന്നത്.
‘കല്യാണത്തിന് മുന്നേ എന്റെ വിരൽ തുമ്പിൽ പോലും പിടിക്കുന്നത് എനിക്കിഷ്ടമല്ലെ’ന്ന് കടുപ്പത്തിൽ പറഞ്ഞവളാണ് ഒരു സ്വർണമോതിരത്തിന്റെ തിളക്കത്തിൽ മഞ്ഞളിച്ചു ശ്വാസമെടുക്കാനുള്ള പിടച്ചിലാവും വരെയും തന്റെ ചുംബനത്തിൽ ലയിച്ചു നിന്നതെന്നോർക്കുമ്പോൾ പുച്ഛമല്ലാതെ.. അത് അവനോടുള്ള വിശ്വാസമാണ് സ്നേഹമാണെന്നൊന്നും തോന്നാൻ മാത്രം ഹൃദയവിശാലത അവനുമില്ലായിരുന്നു.
അവളിലേക്കുള്ള ദൂരം ഇത്തിരി കൂടി കുറഞ്ഞതിന്റെ അഹന്തയായിരുന്നു ആ മുഖം മുഴുവനും.
“പിണങ്ങല്ലേ റിഷിയേട്ട.. എന്നായാലും ഞാൻ സ്വന്തമാവാനുള്ളതല്ലേ.?അത് വരെയും ഇതൊന്നും വേണ്ടന്ന് പറഞ്ഞത് നമ്മുടെ നന്മക്ക് വേണ്ടിയല്ലേ.. പ്ലീസ്..”
അവനുള്ളിൽ അവളിലെ പെണ്ണിനെ കൊത്തി പറിച്ചിട്ട് അവളുടെ കണ്ണെത്താത്തിടത്തിലേക്ക് പറന്നു പോകാനൊരുങ്ങുന്ന ആ കഴുകൻ മനസ്സിനെ ഇനിയും കണ്ടെത്താൻ കഴിഞ്ഞില്ലയെന്നത് കൊണ്ട് തന്നെ ഇച്ഛാഭംഗത്തോടെ പിണക്കം നടിച്ചു നിൽക്കുന്ന റിഷിന്റെ കൈകളിൽ തൂങ്ങി അവന്റെ പിണക്കം തീർക്കാനുള്ള തത്രപാടിലായിരുന്നു ഗൗരിയപ്പോഴും…
❣️❣️❣️
മൂന്നാമതും ബെല്ലടിച്ചു നിശബ്‍ദമാകുന്ന ഫോണിലേക്ക് നോക്കുമ്പോഴൊക്കെയും പാത്തുവിന്റെ ഹൃദയം കനമേറി തുടങ്ങി.
“ഇനിക്കിവിടെ മിണ്ടാനും പറയാനും ആരൂല്ലന്ന് ശെരിക്കും അറിയാവുന്നതല്ലേ..?”
ഉള്ളിലെ സങ്കടം പതിയെ പരിഭവമാവുന്നുണ്ട്.
കുറച്ചു നേരമായി ക്രിസ്റ്റിയെ വിളിക്കാൻ തുടങ്ങിയിട്ട്.
പക്ഷേ ബെല്ലടിച്ചു നിൽക്കുന്നുവെന്നതല്ലാതെ അതിനപ്പുറം കേൾക്കാൻ അവളേറെ കൊതിയോടെ കാത്തിരിക്കുന്ന അവന്റെ സ്വരം മാത്രം ഒഴുകിയെത്തുന്നില്ല.
അതിന്റെയാണ് സങ്കടം മുഴുവനും.
കേൾക്കാനല്ല. ഉള്ളം തുടി കൊട്ടുന്നത് മുഴുവനും ആ മുഖമൊന്ന് കാണാനാണ്.
ആ കണ്ണിലെ സ്നേഹത്തിൽ അലിഞ്ഞു ചേരാനാണ്.
നിറയെ നിറയെ അവനോട് എന്തൊക്കെയോ പറയാനാണ്.
ഉള്ളം നിറച്ചു കൊണ്ട് അവൻ പറയുന്നത് ആ തോളിൽ ചാരി കേട്ടിരിക്കാനാണ്..
ഇതൊന്നും തത്കാലം നടക്കില്ലെന്നുള്ളത് അവളിലെ തരളിതയായ കാമുകി സ്വയം മനസ്സിലാക്കിയത് കൊണ്ടാണ് ആ ആഗ്രഹങ്ങളെല്ലാം ഒരൊറ്റ വിളിയിലൊതുക്കിയത്.
അതവൻ എടുത്തതുമില്ല.
“പോവാൻ ഒരുങ്ങിയേച്ചും വാ. ഞാൻ കൊണ്ട് പോവാനുള്ളത് എടുത്തു വെച്ചിട്ടുണ്ട് ”
മറിയാമ്മച്ചി സ്നേഹം വലയത്തിൽ നിന്നും ക്രിസ്റ്റിയെ മോചിപ്പിച്ചു കൊണ്ട് ചിരിയോടെ പറഞ്ഞു.
ഒന്ന് കൂടി അവരെ നെഞ്ചിൽ ചേർത്ത് പിടിച്ചിട്ടാണ് ക്രിസ്റ്റി ആ പിടി വിട്ട് മുകളിലേക്ക് കയറി പോയതും.
ഉള്ളിലെ സന്തോഷത്തിന്റെ ആധിക്യം കൊണ്ടായിരിക്കും.. അവനപ്പോൾ വീർപ്പുമുട്ടുന്നുണ്ടായിരുന്നു.
ആർത്തലച്ചു പെയ്യാനൊരുങ്ങുന്ന ഒരു പെരുമഴ അവന്റെ ഇടനെഞ്ചിൽ ഇരമ്പുന്നുണ്ടായിരുന്നുവപ്പോൾ.
മുകളിലേക്കുള്ള പടികൾ കയറുമ്പോൾ ഒരിക്കൽ കൂടി അവനൊന്നു തിരിഞ്ഞു നോക്കി.
അവൻ പോകുന്നത് നോക്കി ഡെയ്സിയും ദിലുവും അവിടെ തന്നെ ഉണ്ടായിരുന്നു.
എന്ത് കൊണ്ടോ ക്രിസ്റ്റിക്ക് കണ്ണ് നിറഞ്ഞു.
മുറിയിലേക്കെത്തി കിടക്കയിലെക്കിരുന്നു കൊണ്ടവൻ കഴിഞ്ഞു പോയ കാലത്തിനെ വെറുതെ ഒന്നോർത്തു നോക്കി.
ഓരോ അവഗണനകളും നെഞ്ച് പൊള്ളിക്കുമ്പോഴും.. വെറുതെ മോഹിച്ചിരുന്നു… എന്നെങ്കിലും ഇവരെല്ലാം സ്നേഹത്തോടെ തന്നിലേക്കൊന്ന് നോക്കുന്ന ആ നല്ല ദിവസത്തിനെ…
ചേർത്ത് പിടിച്ചു കൊണ്ട് എന്റെ എന്ന അഹങ്കാരത്തോടെ നിൽക്കുന്ന ക്രിസ്റ്റിയെ അവനെത്ര കിനാവ് കണ്ടിട്ടുണ്ട്..
ഇതിങ്ങനെ ചേർത്ത് വിളക്കാനാവും കാലം കാത്തിരുന്നത്.
പലപ്പോഴും ആശ്വാസവാക്കുകൾക്കൊന്നും ആഗ്രഹങ്ങളെ തടഞ്ഞു നിർത്താനായിട്ടില്ലായിരുന്നു.
അതങ്ങനെ ഹൃദയം മുഴുവനും പതഞ്ഞു പൊങ്ങി.. കിട്ടില്ലന്നറിയുമ്പോ ഒരുപാടവനെ നോവിച്ചിട്ടുണ്ട്.
ലോകത്തുള്ളവരെല്ലാം… അവരാഗ്രഹിക്കുന്ന പോലെ സ്നേഹിക്കപ്പെട്ടാൽ.. പരിഗണിക്കപ്പെട്ടാൽ ജീവിതമെത്ര മനോഹരമായി പോവുമായിരുന്നു..
ലോകമെത്ര സുന്ദരമായി തീരുമായിരുന്നു..
ഒറ്റപെട്ടുവെന്ന് കരുതി സ്വയം നമ്മളിലേക്ക് ചുരുങ്ങി പോകുമ്പോഴും ചുറ്റിലുമുള്ള ആരെങ്കിലുമൊന്നു നമ്മളെ കണ്ടെത്തിയെങ്കിൽ.. മനസ്സിലാക്കിയെങ്കിൽ.. എന്നത് തന്നെയായിരിക്കും എല്ലാവരുടെയും ഏറ്റവും വലിയ മോഹം.
എന്റെ അമ്മ…
ആ ഓർമ തന്നെ അവനുള്ളം ആർദ്രമായി പോയിരുന്നു.
ഇന്നാ കണ്ണിൽ തന്നോടുള്ള സ്നേഹത്തിന്റെ ഒരായിരം കടൽ ഒന്നിച്ചലറി വിളിക്കുന്നത് നേരിട്ട് അനുഭവിച്ചതാണ്
മാറ്റി നിർത്തിയതല്ലല്ലോ…?
മാറി കൊടുക്കുകയായിരുന്നില്ലേ?
അമ്മയ്ക്ക് നഷ്ടപ്പെട്ട ജീവിതം താൻ കാരണം ഇല്ലാതെയാവരുതെന്ന് കരുതിയിട്ട്…
ചില ബന്ധങ്ങലല്ലെങ്കിലും അങ്ങനെയാണ്.. അവയ്ക്ക് പകരമാവാൻ ഭൂമിയിൽ ഒന്നിനും കഴിയാറില്ല.
ക്രിസ്റ്റിക്ക് അമ്മയെ പോലെ..
മേശയിൽ ചാർജിലിട്ട ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് ക്രിസ്റ്റി ഓർമകളിൽ നിന്നും ഞെട്ടിയത്.
ഹോസ്പിറ്റലിലെ കാര്യം ഓർത്തതും അവന്റെ നെഞ്ചോന്നാളി.
അറിയാതെ തന്നെ കണ്ണുകൾ ചുവരിലെ ക്ലോക്കിലേക്ക് ചെന്നു നിന്നു.
കർത്താവെ… കാത്തിരുന്നു മുഷിഞ്ഞത് കൊണ്ടിനി ഫൈസി ആയിരിക്കുമോ..?
അനേകം ചിന്തകൾ ഒരൊറ്റ നിമിഷം കൊണ്ടവനിൽ വന്നിറങ്ങി പോയി.
പക്ഷേ പാത്തുവിന്റെ പേര് കണ്ടത്തോടെ അത് വരെയും ചൂഴ്ന്ന് നിന്നിരുന്ന സംഘർഷമെല്ലാം ആവിയായി പോയത് പോലെ.
“ഹലോ….”
കുഞ്ഞൊരു ചിരിയോടെ ഈണത്തിൽ ഹലോ പറഞ്ഞിട്ടും മറുവശം കനത്ത നിശബ്‍ദത.
ഒറ്റ സെക്കന്റ് കൊണ്ട് അവന്റെ ചിരി മാഞ്ഞു.
പകരം ഹൃദയം അതിവേഗം മിടിച്ചു.ഇവൾക്കുമിനി എന്തെങ്കിലും പ്രശ്നമുണ്ടോ?
“പാത്തു… ഡീ ”
ആകുലതയോടെ വീണ്ടും വിളിക്കുമ്പോൾ.. നേർത്തൊരു മൂളൽ കേട്ടത്തോടെ അവന്റെ ശ്വാസം തിരിച്ചു കിട്ടിയത് പോലെയായി.
“പാത്തൂ…”
വീണ്ടും വിളിച്ചു നോക്കി.
“ഞാൻ.. ഞാനെത്ര വിളിച്ചു ഇച്ഛാ.. എവിടെ ആയിരുന്നു?”
അത് ശരി..
അതിന്റെ പരിഭവം കൊണ്ടാണ് പെണ്ണ് മിണ്ടാതെ നിന്ന് മനുഷ്യനെ തീ തീറ്റിച്ചത്..
“ഇച്ഛാ.. കേൾക്കുന്നില്ലേ..?”
മിണ്ടാതെ നിൽക്കുന്നത് കൊണ്ടാവാം.. പരിഭവം മാഞ്ഞ സ്വരമാണ്.
“ഞാൻ താഴെ ആയിരുന്നു പാത്തോ.. ”
“താഴെ പോകുമ്പോ ന്താ ഫോൺ കൊണ്ട് പോയാല്…?”
“ഫോൺ ചാർജിലിട്ടിരിക്കുകയായിരുന്നു ”
പരിഭവങ്ങളെല്ലാം ആർദ്രത നിറഞ്ഞ ഉത്തരങ്ങൾ കൊണ്ട് ക്രിസ്റ്റി കീഴടക്കി.
“ഒത്തിരി വിളിച്ചോ എന്നെ…?”
ചാർജ് ചെയ്യാനിട്ട ഫോൺ അതിൽ നിന്നും ഊരി മാറ്റി.. അതെടുത്തു കൊണ്ടവൻ മറ്റെല്ലാം മറന്ന് കിടക്കയിലേക്ക് വീണു.
“മ്മ്…”
പാത്തുവിന്റെ നേർത്ത മൂളൽ തൊട്ടരികിൽ നിന്നും കേൾക്കുന്നത് പോലെ.
“എന്തിനാ.. ഇപ്പൊ ഇത്രേം അത്യാവശ്യമായി എന്നെ വിളിച്ചത്?”
കണ്ണുകൾ അടച്ചിട്ട് ക്രിസ്റ്റി വീണ്ടും ചോദിച്ചു.
“എനിക്കെന്താ… ഇച്ഛയെ വിളിച്ചൂടെ?”
പെണ്ണിന്റെ ചുണ്ട് ദേഷ്യം കൊണ്ട് കൂർത്തു കാണും..
ചിരിയോടെ ക്രിസ്റ്റി ഓർത്തു.
“പിന്നല്ലാതെ.. എന്റെ പാത്തൂന് എപ്പോ വേണേലും ഇച്ഛയെ വിളിക്കാലോ.. നിന്റെ… നിന്റെ സ്വന്തമല്ലേ ഞാൻ…”
തൊട്ടരികിലെ തലയിണ തപ്പി എടുത്തു കൊണ്ട് ക്രിസ്റ്റി നെഞ്ചോടു ചേർത്ത് കൊണ്ടാണത് ചോദിച്ചത്.
“എനിക്ക്….”
പാത്തു എന്തോ പറയാൻ വന്നത് പാതിയിൽ നിർത്തി.
“അഹ്.. പറയ്.. നിനക്ക്..?”
“എനിക്ക്.. എനിക്കിച്ഛയെ കാണാൻ തോന്നുന്നു ”
ഒരു നിമിഷം ക്രിസ്റ്റി ഒന്നും മിണ്ടാതെയിരുന്നു.
എന്നിട്ടവൻ ആ കോൾ കട്ട് ചെയ്തിട്ട് വീഡിയോ കോളിലിട്ടു.
അവനെന്താണ് കട്ട് ചെയ്തു കളഞ്ഞതെന്നോർത്തു നിൽക്കുന്നതിനിടെ തന്നെയാണ് പാത്തുവിന്റെ ഫോണിലേക്ക് അവന്റെ വീഡിയോ കോൾ ചെന്നതും.
അവനെ കാണാൻ ആഗ്രഹം പറഞ്ഞവൾ.. ഒരു നിമിഷം അറച്ചു നിന്നിട്ടാണ് ആ കോൾ എടുത്തത്.
സ്ക്രീൻ നിറയെ ചിരിച്ചു കൊണ്ട് ക്രിസ്റ്റിയെ കണ്ടതും അവളുടെ മുഖം വിടർന്നു.
“പാത്തോ…”
അവൻ നീട്ടി വിളിച്ചപ്പോൾ അവളൊന്നു മൂളി.
“ഞാൻ നിന്നെ കാണാനല്ലേ പാത്തോ വിളിച്ചത്…?”
“മ്മ്മ്..”
“എങ്കിലാ ഫ്രണ്ട് ക്യാമറ ഓൻ ചെയ്യെടി..ഞാനും കാണട്ടെ..”
ചിരിച്ചു കൊണ്ടവൻ പറയുന്നത് കേട്ടിട്ടും ഒരു നിമിഷം കൂടി കഴിഞ്ഞിട്ടാണ് പാത്തു അവളുടെ മുഖത്തിന് നേരെ ക്യാമറ തിരിച്ചത്.
“നേരെ നോക്ക് പെണ്ണേ…”
അവനെ നോക്കാതെ മുഖം കുനിഞ്ഞിരിപ്പാണ്.
“ഇതിനാണോ നീ എന്നെ കാണാൻ കൊതിയെന്ന് പറഞ്ഞത്.. ഏഹ്..?”
അവളുടെ വെപ്രാളം കണ്ടിട്ടാണ് ക്രിസ്റ്റി അത് ചോദിച്ചത്.
“അതോ… കാണാൻ വേണ്ടി ഞാനിനി അറക്കൽ തറവാടിന്റെ മതില് ചാടി വരണോ.. അതാണോ.. അങ്ങനെയാണോ നീ ഉദ്ദേശിച്ചത്…?”
“യ്യോ.. അതൊന്നും വേണ്ട. ആ ചെയ്ത്താനുണ്ട് ഇവിടെ ”
ക്രിസ്റ്റി പറഞ്ഞത് കേട്ടതും പാത്തു അറിയാതെ തന്നെ അവന്റെ നേരെ നോക്കി പറഞ്ഞു.
കണ്ണുകൾ ഒരു നിമിഷം തമ്മിലിടഞ്ഞു.തമ്മിലേതോ അദൃശ്യനൂലിനറ്റം കൊണ്ട് കൂട്ടി കെട്ടിയത് പോലെ അവരാ നോട്ടത്തിൽ സ്വയം മറന്നിരുന്നു.
“വരണോ….?”
അവളിലെ നോട്ടം മാറ്റാതെ തന്നെ ക്രിസ്റ്റി ചോദിച്ചു.
പാത്തു വേണ്ടന്ന് തലയാട്ടി കാണിച്ചു.
“ഷാഹിദിനെ പേടിച്ചിട്ടാണോ?”
“മ്മ്..”
“അവനല്ല.. അവന്റെപ്പൻ അവിടുണ്ടേലും നീ കാണണം എന്ന് പറഞ്ഞു വിളിച്ചാൽ ഇച്ഛാ വന്നിരിക്കും.വന്നിട്ടെന്റെ പെണ്ണിനെ കാണുകയും ചെയ്യും. സംശയമുണ്ടോ നിനക്ക്?.”
പുരികം പൊക്കി വെല്ലുവിളി പോലെ അവന്റെ ചോദ്യം.
“മ്മ്ഹ്ഹ്..”
തട്ടം നേരെ പിടിച്ചിട്ട് കൊണ്ട് പാത്തു ഇല്ലെന്ന് തലയാട്ടി.
വീണ്ടും ഹൃദയത്തിനാഴങ്ങളിലെക്കെന്നത് പോലെ നോട്ടങ്ങളിടഞ്ഞു.
തമ്മിലകന്നു മാറാൻ കഴിയാത്ത ഏതോ ഇന്ദ്രജാലക്കാരനെ പോലെ… ഓരോ നോട്ടം കൊണ്ടും തമ്മിലുള്ള പ്രണയത്തിന്റെ ആഴമറിഞ്ഞു..
ചുറ്റുമുള്ളതിനെയെല്ലാം മറന്നിട്ട്… അവരൊറ്റ ലോകത്തിലേക്ക് ചുരുങ്ങി പോയിരുന്നു.
പ്രണയത്തിന്റെ മാത്രം ലോകം..
❣️❣️❣️
മുന്നിലുള്ളതൊന്നും മീരാ അറിയുന്നില്ല.
ലോകത്തിലെ സകല ദൈവങ്ങളോടും അവൾക്ക് പറയാനപ്പോൾ ഒരേ ഒരാവിശ്യം മാത്രം.
ചുവരിൽ ചാരി കണ്ണടച്ച് കൈ കൂപ്പി അവളേറെ നേരമായി ആ നിൽപ്പ് തുടങ്ങിയിട്ട്.
പോകുന്നവരും വരുന്നവരുമെല്ലാം അവളെയൊന്ന് നോക്കിയിട്ടാണ് ആ വഴി നടന്നു നീങ്ങുന്നത്.
പിന്നെയും ഏറെ നേരം കഴിഞ്ഞാണ് ആ വാതിലൊന്ന് തുറന്നിട്ട് ഒരു നേഴ്സ് പുറത്തേക്കിറങ്ങി വന്നത്.
ഇരുവശത്തേക്കും ഒന്ന് നോക്കുന്നതിനിടെയാണ് അവരുടെ കണ്ണുകൾ മീരയിൽ പതിഞ്ഞത്.
“കുട്ടിയല്ലേ.. ശാരിയുടെ കൂടെയുള്ളത്?”
അപ്പോഴും കണ്ണടച്ച് നിൽക്കുന്നവളുടെ അരികിൽ ചെന്നു നിന്നിട്ട് ചോദിച്ചു.
മീരാ ഞെട്ടി കൊണ്ട് കണ്ണുകൾ വലിച്ചു തുറന്നു.
“ആഹ്..”
അവളാർത്തിയോടെ icu വിന്റെ നേരെയൊന്ന് നോക്കി.
“എന്റെ.. എന്റെ അമ്മയാണ്..”
അതിന് നേരെ വിരൽ ചൂണ്ടി പറയുമ്പോൾ അവളുടെ നിറഞ്ഞ കണ്ണിലേക്കാണ് നേഴ്സ് നോക്കുന്നത്.
“കരയേണ്ട.തന്റെ അമ്മയ്ക്ക് ബോധം തെളിഞ്ഞു.തന്നെ കാണണമെന്ന് പറയുന്നുണ്ട്.ഇയാളല്ലേ മീരാ..?”
നേഴ്സ് പറഞ്ഞതും കരച്ചിലിനിടെ തന്നെ മീരാ ചിരിയോടെ തലയാട്ടി.
നെഞ്ചിൽ നിന്നൊരു ഭാരം ഒഴിഞ്ഞത് പോലെ അവൾ ശ്വാസമെടുത്തു.
“വാ..”
അത് പറഞ്ഞിട്ട് മീരക്കായ് ആ വാതിൽ തുറന്നു കൊടുത്തു കൊണ്ടവരും അകത്തേക്ക് കയറി..
തുടരും.
“ഹാ.. ഞാനിറങ്ങിയെടാ…”
ഫോണും ചെവിയിൽ വെച്ച് കൊണ്ടാണ് ക്രിസ്റ്റി സ്റ്റെപ്പുകൾ ഓടിയിറങ്ങിയത്.
ഫൈസിയാണ് വിളിക്കുന്നത്.
വരാമെന്നു പറഞ്ഞതിലേറെ സമയം കാത്ത് നിന്നിട്ടും കാണാഞ്ഞത് കൊണ്ടാണ് വിളിക്കുന്നത്.
പാത്തു വിളിക്കുന്നതിനിടയിലേക്ക് ഫൈസിയുടെ കോൾ കയറി വന്നപ്പോഴായിരുന്നു സ്വബോധത്തിലേക്കിറങ്ങി വന്നത്.
പിന്നെയൊരു ഓട്ടമായിരുന്നു.
എനിക്കൊരിടം വരെയും അത്യാവശ്യമായി പോകാനുണ്ടെന്ന് പാത്തുവിനോട് പറഞ്ഞു.
എവിടെ.. എന്തിന് എന്തൊക്കെ അവളുടെ വക ചോദ്യങ്ങളുണ്ടായിരുന്നു.
ഒറ്റവാക്കിൽ ഉത്തരമൊതുങ്ങില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ പോയി വന്നിട്ടെല്ലാം വിശദമായി പറഞ്ഞു തന്നോളാം എന്ന് വാക്ക് കൊടുത്തിട്ടാണ് ഫോൺ കട്ട് ചെയ്തു പോയത്.
ഫൈസി വിളിച്ചത് എടുത്തില്ല.
പക്ഷേ അവൻ വീണ്ടും വിളിക്കുമെന്ന് അറിയാമായിരുന്നു.
അടുത്ത വിളിക്ക് മുന്നേ ഒരുക്കങ്ങൾ പൂർത്തിയാക്കി ഇറങ്ങണമെന്നുള്ളത് കൊണ്ട് ഓടി പിടഞ്ഞൊരു കുളിയും പാസാക്കി അവനൊരുങ്ങിയിറങ്ങി.
“നീ റെഡിയായോ?”
ഷർട്ടിന്റെ കൈ മടക്കാൻ വേണ്ടി ഫോൺ തോളിനിടയിൽ വെച്ചിട്ട് ക്രിസ്റ്റി ചോദിച്ചു.
“ശരി.. ഞാനിതാ ഇറങ്ങി. നീ വെച്ചേക്ക്..”
അതും പറഞ്ഞു കൊണ്ടവൻ ഫോൺ പാന്റിന്റെ പോക്കറ്റിൽ തിരുകി ധൃതിയിൽ അടുക്കളയിലേക്ക് ചെന്നു.
കൊണ്ട് പോകാനുള്ളതെല്ലാം മറിയാമ്മച്ചി ഒരു കവറിലാക്കി മേശയിലേക്ക് എടുത്തു വെച്ചിട്ടുണ്ട്.
അവിടെ തന്നെ ഡെയ്സിയും ദിലുവും ഇരിപ്പുണ്ട്.
മറിയാമ്മച്ചി കൊടുത്ത കഞ്ഞി കുടിക്കുകയാണ് ഡെയ്സി.അവരുടെ തോളിൽ ചാരി ദിലുവും.
അവനെ കണ്ടതും നനുത്തൊരു മന്ദഹാസത്തോടെ ചിരിച്ചു.
ഒട്ടും പിശുക്കാതെ ഉള്ളിലുള്ള സ്നേഹമെല്ലാം ചിരിയിലേക്ക് പകർത്തി അവനും നിറഞ്ഞ ചിരിയോടെ അവരെ നോക്കി.
“ആരാ മോനെ.. ഹോസ്പിറ്റലിൽ?”
പതിഞ്ഞ ആ ചോദ്യത്തിനു മുന്നിൽ ക്രിസ്റ്റി ഒന്ന് പകച്ചുപോയി.
കർത്താവെ.. എന്നാ പറയും.?
എന്ത് പറഞ്ഞിട്ടാണ് ശാരിയാന്റിയെയും മകളെയും അമ്മയ്ക്ക് മുന്നിലേക്ക് പരിചയപ്പെടുത്തേണ്ടത്?
“അല്ല.. മറിയാമ്മച്ചി പറഞ്ഞു.. മോന് വേണ്ടപ്പെട്ട ആരോ.. അതാണ് ഞാൻ ”
അവനുത്തരം പറയാൻ വൈകുന്നത് ചോദ്യം ചോദിച്ചത്തിലുള്ള ഇഷ്ടക്കേട് കൊണ്ടായിരിക്കുമോ എന്നൊരു വേവലാതിയോടെ ഡെയ്സി ക്രിസ്റ്റിയെ നോക്കി.
“അത്. ഞാൻ വന്നിട്ട് പറയാം ”
ഉള്ളിലെ പതർച്ച അവന്റെ വാക്കിലും ഉണ്ടായിരുന്നു.
“ഞാൻ പോയിട്ട് പെട്ടന്ന് വരാം. ഹോസ്പിറ്റലിൽ പോകാൻ റെഡിയായി നിൽക്കണേ ”
അത് പറഞ്ഞു കൊണ്ടവൻ മറിയാമ്മച്ചി വെച്ച കവറെടുത്തു.
“എനിക്കിപ്പോ ഒന്നുല്ല ക്രിസ്റ്റി.. എല്ലാം.. എല്ലാം ശെരിയായി ”
തോളിലേക്ക് ചാഞ്ഞിരിക്കുന്ന ദിലുവിനെ ചേർത്ത് പിടിച്ചിട്ട് ക്രിസ്റ്റിയെ നോക്കി അത് പറയുമ്പോൾ അത് വരെയും അവരിൽ കാണാത്തൊരു ശാന്തതയുണ്ടായിരുന്നു ആ മുഖം നിറയെ.
“പനി ഉണ്ടായിരുന്നില്ലേ… അതിനാ ഡോക്ടറെ കാണാൻ പോവുന്നത്. ഡോക്ടർ പറയട്ടെ ഇപ്പൊ ഓക്കേ ആണെന്ന് ”
ചിരിയോടെ തന്നെയാണ് ക്രിസ്റ്റി അത് പറഞ്ഞത്.
വർഷങ്ങളോളം സംസാരികാതിരുന്നതിന്റെ ഒരു… ഒരു വിമ്മിഷ്ടം രണ്ടു പേരിലും ഒരുപോലെ ഉണ്ടായിരുന്നു.
“മറിയാമ്മച്ചി ഞാൻ പോകുവാണേ ”
ക്രിസ്റ്റി അൽപ്പം ഉറക്കെ തന്നെ വിളിച്ചു പറഞ്ഞു.
“ഞാനോർത്തു.. അമ്മയും മോനും ഒന്നായ സ്ഥിതിക്ക് എന്നെയിനി വേണ്ടായിരിക്കുമെന്ന് ”
ആ വിളിക്ക് കാതോർത്ത് നിൽക്കുകയായിരുന്നു എന്നത് പോലെയാണ് മറിയാമ്മച്ചി പറഞ്ഞത്.
“അല്ലേലും അത് ശെരിയാണല്ലോ..?ഇനി എനിക്കെന്നാത്തിനാ നിങ്ങളെ പോലൊരു വയസ്സിയെ കൂട്ട്. എനിക്കെന്റെ അമ്മയുണ്ടല്ലോ? അല്ലേ അമ്മേ…?”
അവനാ പറഞ്ഞത് മറിയാമ്മച്ചിക്ക് വേദനിക്കുമോ എന്നാശങ്കയോടെയിരിക്കുന്ന ഡെയ്സിയേ നോക്കി ഒന്ന് കണ്ണടച്ച് കാണിച്ചിട്ട് ക്രിസ്റ്റി പറഞ്ഞു.
ക്രിസ്റ്റിയെ അവരെത്ര നന്നായിട്ടാണ് പരിപാലിച്ചിരുന്നതെന്ന് ഡെയ്സി കണ്ടറിഞ്ഞതാണ്.
അവന് നോവുമ്പോൾ സ്വയം പിടഞ്ഞും അവൻ ചിരിക്കുമ്പോൾ ഹൃദയം നിറച്ചും അവനൊപ്പം നിന്നവരാണ്.
അവന് വേണ്ടി ഇവിടുള്ളവരോടെല്ലാം വഴക്കിട്ടതാണ്. എല്ലാവരെയും വെറുപ്പിച്ചും വിറപ്പിച്ചുമുള്ള അവരുടെ പ്രവർത്തികളെല്ലാം അവന് വേണ്ടിയായിരുന്നു.
പക്ഷേ അവനങ്ങനെ പറഞ്ഞിട്ടും മറിയാമ്മച്ചിക്ക് യാതൊരു മാറ്റവുമില്ല.
അല്ലെങ്കിലും… ഹൃദയം കൊണ്ടാണ് അവരുടെ ബന്ധമുണ്ടാക്കിയത്.
കേവലം കുറച്ചു വാക്കുകൾ കൊണ്ടത് എങ്ങനെയാണ് ഇല്ലാതെയാവുന്നത്.ഇല്ലാതെയാവില്ല..അതൊരിക്കലും..
“നിന്ന് കൊണിയാതെ പോവാൻ നോക്കെടാ. നേരം ഒരുപാടായി ”
അവൻ പറഞ്ഞതൊന്നും സ്പർശിച്ചിട്ട് കൂടിയില്ലെന്നത് പോലെ മറിയാമ്മച്ചി പറഞ്ഞതും ക്രിസ്റ്റി ചിരിയോടെ തിരിഞ്ഞു നടന്നു.
❣️❣️❣️
നഴ്സിനൊപ്പം നടന്നു ചെല്ലുന്ന മീരയെ കണ്ടതും ശാരിയുടെ തളർന്ന കണ്ണുകൾ നിറഞ്ഞു.
“അമ്മേ…”
കണ്ണ് തുറന്ന് കിടക്കുന്ന ശാരിയെ കണ്ടതും മീരാ ആർത്തിയോടെ വിളിച്ചു കൊണ്ട് അവരുടെ അരികിലേക്ക് ചെന്നു.
“കരയല്ലേ.. അമ്മക്കൊന്നൂല്ലാ..”
സ്വന്തം കണ്ണുകളും നിറഞ്ഞൊലിക്കുന്നത് മറന്നെന്നത് പോലെ.. ശാരിയപ്പോഴും മകളുടെ കവിളിൽ തൊട്ട് ആശ്വാസിപ്പിച്ചു.
മീരാ അവരുടെ കൈകൾ കൈകൾ ചുണ്ടോട് ചേർത്തു.
“നന്നായി പഠിക്കണം. ക്രിസ്റ്റിയെ ബുദ്ധിമുട്ടിക്കരുത്. സ്വന്തമായിട്ടൊരു കുഞ്ഞു ജോലിയെങ്കിലും നേടണം. കേട്ടോ ”
ശാരി വീണ്ടും അവളെ തലോടി.
അവരുടെ ഓരോ വാക്കുകളും മീരയുടെ ഉള്ളിൽ ഒരു പ്രകമ്പനം നടത്തുന്നുണ്ടായിരുന്നു.
“ഇങ്ങനൊന്നും പറയല്ലേ അമ്മേ… എനിക്ക്.. എനിക്ക് പേടിയാവുന്നു ”
മീരാ അവരുടെ അരികിലേക്കിരുന്നു കൊണ്ട് വിതുമ്പി.
“ഭയപ്പെടരുത്. പിന്നെ അതിനെ നേരമുണ്ടാവൂ. തല ഉയർത്തി പിടിച്ചു തന്നെ ജീവിക്കണം എന്റെ മോള്.. അതിന് വേണ്ടിയാണ്.. എന്നെ കൊല്ലാനായി പിറകെ കൂടിയ രോഗത്തേ പോലും ഇത്രേം കാലം അമ്മ തോൽപ്പിക്കാൻ ശ്രമിച്ചത്.നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചതും.”
വല്ലാത്ത അവശതയുണ്ട് ശാരിക്ക്.
വാക്കുകൾ പലതും പലയിടത്തും കിതപ്പിൽ മുങ്ങി പോകുന്നുണ്ട്.
മീരയുടെ കണ്ണുകൾ നിറഞ്ഞൊലിച്ചു.
ഉള്ളിലെ ഭയം കാരണം അവൾ വിറക്കുന്നുണ്ട്.
എന്നിട്ടും ഏക ആശ്രയം പോലെ… ശാരിയുടെ മെല്ലിച്ച കൈകളിൽ അവൾ പിടി മുറുക്കി.
“അമ്മയുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ മോൾക്ക് മുന്നിൽ തുറന്നു വെച്ചത്… എന്റെ ഗതി നിനക്കില്ലാതിരിക്കാൻ കൂടിയാണ്. ആരെങ്കിലും ഇച്ചിരി സ്നേഹം കാണിച്ചാൽ കണ്ണുമടച്ചു വിശ്വാസിക്കരുതെന്ന് ഓരോ ശ്വാസത്തിലും നിന്നെ ഓർമ്മിപ്പിച്ചത് ഈ ലോകത്തിന്റെ നെറികെട്ട ഒരു വശം കൂടി അമ്മയൊറ്റക്ക് നേരിട്ട ദുരനുഭവം ഓർത്തിട്ടാണ് ”
ശാരിക്ക് പറഞ്ഞിട്ടും മതിയാവുന്നില്ലായിരുന്നു.
സംസാരിക്കാൻ വല്ലാത്തൊരു ആർത്തിപോലെ.
ശ്വാസമെടുക്കാൻ പോലും നല്ലത് പോലെ ബുദ്ധിമുട്ടിയിട്ടും അവരുടെ വാക്കുകൾ ദൃഡമായിരുന്നു.
“അതികം സ്ട്രയിൻ ചെയ്യരുത്. നിങ്ങളിപ്പോഴും ശെരിക്കും ഓക്കേ ആയിട്ടില്ലേന്ന് നേഴ്സ് വന്നു പറഞ്ഞത് ശാരി കേട്ടില്ലെന്ന് നടിച്ചു.
“മിണ്ടല്ലേ അമ്മേ.. അമ്മക്കിനിയും വയ്യാതെയാവും. ഇവിടുന്ന് നമ്മടെ വീട്ടിലെത്തട്ടെ… എന്നിട്ട് ഇഷ്ടം പോലെ പറയാമല്ലോ ”
കഴിവിന്റെ പരമാവധി മീരയും അവരെ നിരുത്സാഹപ്പെടുത്തിയിട്ടും ശാരി ചിരിയോടെ അതെല്ലാം നേരിട്ടു.
“മോൾക്കൊപ്പം ആരാ ഉള്ളത്?”
ശാരി വീണ്ടും ചോദിച്ചു.
“ഷീല ചേച്ചി.. സുധാകരേട്ടനും ഉണ്ടായിരുന്നു.”
പുറം കൈ കൊണ്ട് കണ്ണ് തുടച്ചിട്ട് മീരാ പറഞ്ഞു.
“ക്രിസ്റ്റി…”
“ഇച്ഛാ ഉണ്ടായിരുന്നു. റൂം എടുത്തു തന്നതൊക്കെ ഇച്ഛാ തന്നെയാണ്. വീട്ടിലൊന്ന് പോയിട്ട് വരാമെന്നു പറഞ്ഞിട്ട് പോയതാ. ഇപ്പൊ വരുമായിരിക്കും ”
മീരാ ശാരിയുടെ നെറ്റിയിൽ കൈ വെച്ച് കൊണ്ട് പറഞ്ഞു.
“അവനൊരുപാട് പ്രാരാപ്‌തങ്ങളുള്ളവനാ. അമ്മടെ മോള് കൂടി അവനൊരു ഭാരമാവരുത്. അറിയാമല്ലോ.. അവന്റെ ഔദാര്യമാണ് നമ്മുടെ ഇത്രേം കാലത്തെ ജീവിതം. അമ്മ ഇല്ലാതായാലും അതൊന്നും നീ മറക്കരുത്. ഒന്നിനും വേണ്ടി അവനെ വേദനിപ്പിക്കരുത്…”
ശാരിയുടെ നെഞ്ച് ശക്തമായി ഉയർന്നു താണ് കൊണ്ടിരുന്നു.
ശ്വാസമെടുക്കാൻ നല്ലത് പോലെ ബുദ്ധിമുട്ടുന്നുണ്ടെന്ന് തോന്നിയതും മീരാ കരഞ്ഞു കൊണ്ട് അവരുടെ നെഞ്ച് തടവി കൊടുത്തു.
“ജീവിതത്തിലൊരിക്കലും വർക്കി ചെറിയാൻ എന്നാ നിന്റെ അച്ഛനോട് നീ ക്ഷമിക്കരുത്. അയാളുടെ ചിലവിൽ ജീവിക്കേണ്ടി വന്നാൽ… അതിനേക്കാൾ ഭേദം മരണമാണെന്ന് കരുതിയേക്കണം..അമ്മക്കതാണ് ഇഷ്ടം.”
നിറഞ്ഞ ശാരിയുടെ കണ്ണുകളിൽ അത് പറയുമ്പോൾ തീ ആളുന്നുണ്ടെന്ന് തോന്നി മീരക്ക്.
“പ്ലീസ് അമ്മേ.. ഒന്ന് മിണ്ടാതെ കിടക്ക്.. അമ്മയ്ക്ക്..ഒട്ടും വയ്യ ”
കരച്ചിലിനിടെ മീര പറഞ്ഞു കൊണ്ടിരുന്നു.
“അയാളെ പോലുള്ള ചെകുത്താന്മാർ ലോകത്ത് ഇനിയും ഉണ്ടാവും.. സൂക്ഷിക്കണം ”
ശാരിയുടെ കൈകൾ മീരയുടെ വിരലിൽ വല്ലാതെ മുറുകിയിട്ടുണ്ടായിരുന്നു അത് പറയുമ്പോൾ.
“അമ്മേ…”
ശാരിയുടെ കണ്ണുകൾ മുകളിലേക്ക് മറിയുന്നതും ശ്വാസമിടിപ്പ് വല്ലാതെ ഉയരുന്നതും ചുറ്റും പല യന്ത്രങ്ങളുടെ ശബ്ദവും കൂടി ആയതോടെ മീരാ വല്ലാതെ ഭയന്നു പോയിരുന്നു.
“അമ്മേ…”
അവളുടെ നിലവിളി അവിടെ ഉയർന്നു.
പക്ഷേ അത് കേൾക്കാനിനി അമ്മയില്ലെന്ന്.. നിശ്ചലമായ ആ കണ്ണുകളിൽ കൂടി മീരാ മനസ്സിലാക്കി.
ഒന്നുറക്കെ കരയാൻ കൂടി കഴിയാതെ… അവൾ ആ ഇളം ചൂടുള്ള കൈകൾ മുറുകെ പിടിച്ചിട്ട് ശാരിയുടെ മുഖത്തേക്ക് തുറിച്ചു നോക്കി നിന്ന് പോയി.
ആരൊക്കെയോ ഓടി അടുക്കുന്നതും.. അവളെ അവിടെ നിന്നും മാറ്റുന്നതുമൊന്നും അവളറിയുന്നുണ്ടായിരുന്നില്ല.
നിശ്ചലമായ അമ്മയുടെ ഹൃദയതാളത്തിനൊപ്പം അവളുടെ ലോകം കൂടി നിലച്ചു പോയിരുന്നു അവിടം മുതൽ.
❣️❣️❣️
കേട്ടത് വിശ്വാസമാവാത്ത പോലെ ക്രിസ്റ്റി ഡോക്ടറെ ഒന്ന് തുറിച്ചു നോക്കി.
“ശാരിയുടെ ഇപ്പോഴുള്ള കണ്ടീഷൻ ഞാൻ ക്രിസ്റ്റീയോട് ഓർമ്മിപ്പിച്ചു തന്നതല്ലേ. അവരുടെ കേസിൽ ഇത്രേം കാലം ഇത് പോലെ മരണത്തിന് പിടി കൊടുക്കാതെ പിടിച്ചു നിന്നു എന്ന് പറയുന്നത് തന്നെ അത്ഭുതമാണ്. അത്രേ വീക്കായിരുന്നു. ഞാൻ പറയാതെ തന്നെ തനിക്കറിയാമല്ലോ. ശാരിയുടെ മനസ്സിന്റെ ബലം… അതായിരുന്നു അവരുടെ ഏറ്റവും വലിയൊരു മെഡിസിൻ.സൊ….നമ്മൾ അംഗീകരിച്ചേ മതിയാവൂ… ”
ഇനിയൊന്നും പറയാനില്ലെന്നത് പോലെ ഡോക്ടർ ക്രിസ്റ്റിയുടെ ചുമലിൽ ഒന്ന് തട്ടിയിട്ട് നടന്നു പോയി.
തളർച്ചയോടെ അവൻ ചുവരിൽ ചാരി.
കയ്യിലുള്ള ഭക്ഷണമടങ്ങിയ കവർ താഴെ വീണിരുന്നു.
കൂടെയുള്ള ഫൈസിയുടെയും അവസ്ഥ ഏതാണ്ട് ഇത് പോലെ തന്നെയാണ്.
ഡോക്ടർ പറഞ്ഞത് പോലെ.. ദൈവത്തിന്റെ ബോണസ് തന്നെയായിരുന്നു, ശാരിയുടെ ഇത് വരെയുമുള്ള ആയുസ്സ്.
പക്ഷേ ആ സത്യം അംഗീകരിക്കാൻ മനസ്സോരുക്കമല്ലായിരുന്നു.
ഒരു നിമിഷത്തേ പകപ്പിന് ശേഷമാണ് ക്രിസ്റ്റിക്ക് മീരയെ ഓർമ വന്നത്.
കർത്താവെ.. എന്റെ കൊച്ചിതെങ്ങനെ സഹിക്കും..?
ആ അമ്മയ്ക്ക് മോളും മോൾക്കമ്മയുമായിരുന്നു ലോകമെന്ന് അവനോളം ആർക്കും അറിയില്ലായിരുന്നു.
തൊട്ടരികിൽ നിൽക്കുന്നവന്റെ ഹൃദയതുടിപ്പും അപ്പോൾ പ്രിയപ്പെട്ടവളെ ഓർത്തു വേദനികുന്നുണ്ടായിരുന്നു.
ചുറ്റും വിഹ്വലതയോടെ അവൻ തേടിയതും അവളെയാണ്..
തുടരും..

by