25/04/2026

നീലിമ : ഭാഗം 07

രചന – നന്ദ നന്ദിത

“അച്ഛാ….!!”

അവന്റെ ശംബ്ദം ആ വീടിനെ പ്രകമ്പനം കൊള്ളിച്ചു…
നാലു ചുവരുകൾക്കുള്ളിൽ അത് പ്രതിധ്വനിച്ചു.

അവന്റെ വിളി കേട്ടതും… വാസുദേവൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു..

അയാളെ കണ്ടതും ഉണ്ണി കോപം കൊണ്ട് വിറച്ചു… കണ്ണുകൾ കുറുകി, ഞരമ്പുകൾ വലിഞ്ഞു മുറുകി…

“തൃപ്തി ആയോ നിങ്ങൾക്ക്…?? സന്തോഷായോ…?? ന്റെ നീലുനെ ഈ അവസ്ഥയിൽ ആകിയപ്പോൾ സന്തോഷയോന്ന്…??”

ഉണ്ണിയുടെ വാക്കുകൾ കേട്ട്
വാസുദേവൻ താഴേക്ക് ഇറങ്ങി വന്നു…

“നീ എന്തൊക്കെയാ ഉണ്ണി പറയുന്നേ.. ഞാൻ അവളെ എന്ത് ചെയ്‌തെന്ന…?”

“മതി നിങ്ങളുടെ നാടകം…!!ഇനിയും അഭിനയിക്കേണ്ട എന്റെ മുന്നിൽ….”

“നിങ്ങളുടെ ദുരഭിമാനം കൊണ്ടും, പൈസയോടുള്ള അടങ്ങാത്ത മോഹംകൊണ്ടും അല്ലെ… അവളെ നിങ്ങൾ…?? സന്തോഷിച്ചോളൂ… മനസ്സറിഞ്ഞു ചിരിക്ക് നിങ്ങൾ….അവളുടെ വയറ്റിൽ ഉണ്ടായിരുന്ന ജീവൻ നിലച്ചു…ജീവിതത്തിലേക്കോ, മരണത്തിലേക്കോ എന്ന് അറിയാതെ ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്നുണ്ടവൾ…!!

“മോനെ… ഉണ്ണി…!!”

“ഇനി വിളിക്കരുത് എന്നേ അങ്ങിനെ…അച്ഛൻ എന്ന വാക്കിന് പോലും നിങ്ങൾ അർഹനല്ല…!!

ഈ നിമിഷം എനിക്ക് പോലീസ് നെ വിളിച്ചു വരുത്തി നിങ്ങളെ അറസ്റ്റ് ചെയ്യിപ്പിക്കാം…പക്ഷെ… ചെയ്യണില്ല ഞാൻ… അത് നിങ്ങളോട് ഉള്ള അമിത സ്‌നേഹത്തിന്റെ അല്ല…!!അച്ഛൻ ആയി പോയല്ലോന്ന് ഓർത്തു മാത്രം…!!”

അത്രയും പറഞ്ഞു കൊണ്ട് ഉണ്ണി വീട്ടിൽ നിന്ന് ഇറങ്ങി…

കാറിലേക്ക് കയറി എന്ത് ചെയ്യണമെന്നറിയാതെ ഉണ്ണി ഇരുന്നു.

കുട്ടിക്കാലം മുതലേ അവളെന്റെ ചാരെ ഉണ്ടായിരുന്നു.
ഉണ്ണിയേട്ടാന്ന് വിളിച്ചു പിന്നാലെ നടക്കുന്നൊരു പാവം പെണ്ണ്,

വീട്ടിൽ വന്നാൽ എന്നോടൊപ്പമാണ് എപ്പോഴും..
അവൾ വഴക്കു ഉണ്ടാക്കാതൊരാൾ ഉണ്ടങ്കിൽ അത് ഞാൻ ആയിരിക്കും….
എന്ന് മുതൽ ആണ് അവൾക്കെന്നോട് പ്രണയം ആയത്…??
നഷ്ടപ്പെടുമെന്ന് എങ്ങനെയാ അവൾക്ക് മനസിലായത്…?

പ്രിയയുമായുള്ള റിലേഷൻ തുടങ്ങിയതിൽ പിന്നെ നീലിമയോട് അടുത്ത് അത്രയും ഇടപെടാൻ കഴിഞ്ഞിട്ടില്ല…

ആരാവും അവളെ ഈ അവസ്ഥയിൽ എത്തിച്ചത്…?? അച്ഛൻ തന്നെയാവും…

ബുദ്ധിവളർച്ച കുറവാണെന്നു അറിഞ്ഞ അന്ന് മുതൽ, കുടുംബത്തിന്റെ മാനം കളഞ്ഞവൾ എന്നും പറഞ്ഞു, നീലുവിനെ അച്ഛന് ഇഷ്ടം അല്ലായിരുന്നു… നേരിൽ കണ്ടാൽ അശ്രീകരം എന്ന് പറഞ്ഞു ഓടിക്കുന്ന അച്ഛന്, സ്വന്തം മകന്റെ ഭാര്യയായി… മരുമകൾ ആയി അംഗീകരിക്കാൻ സാധിച്ചിരുന്നില്ല… അതിനു അച്ഛൻ തിരഞ്ഞെടുത്ത വഴിയാകണം… നീലുവിനെ ഈ അവസ്ഥയിൽ എത്തിച്ചത്…

ഓരോന്ന് ഓർത്തു നിറഞ്ഞ മിഴികൾ തുടച്ചു, വണ്ടി എടുത്ത്, ആശുപത്രിയിലേക്ക് പോയി… ഉണ്ണി.
****************** *****************

Icu വിന് മുന്നിൽ അമ്മയും,അപ്പച്ചിയും നിൽക്കുന്ന കണ്ട് അവരുടെ അടുത്തേക്ക് ഉണ്ണി വേഗം നടന്നെത്തി.

“മോനെ…നമ്മുടെ നീലുന് ബോധം വന്നെടാ….”

ഊർമിള സന്തോഷത്തോടെ പറയുന്നത് കേട്ടതും….

“എന്റെ പ്രാർത്ഥന ദൈവം കേട്ടു…”
പറഞ്ഞുകൊണ്ട് ഉണ്ണി icu വിലേക്ക് കയറി.

ബെഡിൽ പിടിച്ചുകൊണ്ട് അവളെ നോക്കി നിന്നു.

ചെറിയ മയക്കത്തിലാണ് അവൾ.
ആ കണ്ണുകൾ തുറക്കാനായി ശ്രമിക്കുന്നത് വ്യക്തമായിരുന്നു…

ഉണ്ണി നീലുവിന്റെ കയ്യിലേക്ക് പതിയെ പിടിച്ചു

“നീലു….മോളെ…. കണ്ണ് തുറക്ക്…”

ഉണ്ണിയുടെ ശബ്ദം കേട്ട്… പതിയേ ആയാസപ്പെട്ടാ കണ്ണുകൾ തുറന്നു.

ഒന്നും പറയാതെ അവശതയായി കിടക്കുന്ന അവളെ കണ്ട് ഉണ്ണിയുടെ കണ്ണുകളും നിറഞ്ഞു.

എന്തോ പറയാൻ അവൾ ചുണ്ട് കോർപ്പിക്കുന്നുണ്ട്.
മൂക്കിന് മുകളിലിരുന്ന ഒക്സിജൻ മാസ്ക് എടുത്ത് മാറ്റി.

“ന്തിനാ ഉണ്ണ്യേട്ടൻ കരയണേ…..??”

“ഒന്നുല്ല നീലു…. ന്റെ നീലുനെ തിരികെ കിട്ടിയ സന്തോഷത്തിൽ നിറഞ്ഞുപോയെ…”

“ഇതെവിടാ… ഞാൻ എന്താ ഇവിടെ…??”
അമ്പരപ്പോടെ അവൾ ചുറ്റും നോക്കി…
എന്നെ ആരാ ഇവിടെ കൊണ്ട് വന്നെ…??

ഇത് ഉണ്ണ്യേട്ടന്റെ ആശുപത്രിയല്ലേ…?
ന്റെ കുഞ്ഞാവ വന്നോ ഉണ്ണ്യേട്ട…?”

അവളുടെ ചോദ്യം കേട്ട് ഉണ്ണി നടുങ്ങി

“ഇല്ല…”

“പിന്നെ ന്തിനാ ഉണ്ണിയേട്ടാ… ന്നെ ഇവിടെ കൊണ്ടുവന്നെ…??”

“മോൾക്ക് ഒന്നുല്ല… അധികം സംസാരിക്കണ്ടാട്ടോ… ഉറങ്ങിക്കോ…”

അവളുടെ തലയിൽ കൈ വച്ചു പതിയെ മുടിയിലൂടെ തലോടി…

“ന്തേ ഉണ്ണ്യേട്ട മുഖമൊക്കെ വല്ലാണ്ട് ഇരിക്കണേ…
ന്ത്‌ പറ്റി എന്റെ ഉണ്ണ്യേട്ടന്…??”

“ഏയ് ഒന്നുല്ല…നീലൂ.. മോള് ഉറങ്ങിക്കോ…”

ഇനിയും അവളുടെ അടുത്ത് നിന്നാൽ പൊട്ടികരഞ്ഞുപോകുമെന്നായപ്പോൾ ഉണ്ണി വെളിയിലേക്ക് നടന്നു.

**************************************

“ഇപ്പൊ ന്റെ നീലു സുന്ദരിയായല്ലോ… ഇന്ന് വീട്ടിലേക്ക് പോവാലോ…”

നീലുവിന്റെ അരികിൽ ഇരുന്ന് കൊണ്ട് ഉണ്ണി പറഞ്ഞു

“മോനെ, ഉണ്ണി…”

“എന്താ അപ്പച്ചി…?”

” നീലുനെ ഞാൻ വീട്ടിലേക്ക് കൊണ്ട് പൊയ്ക്കോട്ടേ…??
എനിക്ക് പേട്യ കുട്ട്യേ…?
അവൾക്കെന്തെങ്കിലും പറ്റ്യ നിക്ക് വേറാരുല്ല മോനെ …..”

ദേവകിയുടെ കണ്ണുകൾ നിറഞ്ഞു കവിളിലൂടെ ഒഴുകിയിറങ്ങി.

“അപ്പച്ചി വിഷമിക്കാതെ… നീലുനെ അങ്ങോട്ട് തന്നേ കൊണ്ടുപോകാം…”

“അമ്മേ… എനിക്ക് അമ്മയോട് ഒരു കാര്യം പറയാൻ ഉണ്ട്…”

ഊർമിള എന്തെന്ന് അർത്ഥത്തിൽ ഉണ്ണിയെ നോക്കി നിന്നു.

“നീലുവിനെയും കൊണ്ട് ഞാൻ ഇനി ആ വീട്ടിലേക്ക് ഇല്ലമ്മേ…??
ആ വീട്ടിൽ ഒരിക്കലും അവൾക്ക് സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല… അച്ഛന്റെ ദുരഭിമാനം അതിനു സമ്മതിക്കില്ല… അത് കൊണ്ട് അപ്പച്ചിടെ അടുത്തേക്ക്.. നീലുവിനെ ഞാൻ കൊണ്ടുപോകുവാണ്…”

ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ നീലുവിൽ ആ പഴയ പ്രെസരിപ്പ് ഒന്നും ഉണ്ടായിരുന്നില്ല…

അവളുടെ കളിചിരി ഇല്ലാതെ… ആ വീടുറങ്ങി കിടക്കുന്നതായി തോന്നി

മനസ്സ്‌ ആകെ ആസ്വസ്ഥമായിരുന്നു…

കാർ, അതിവേഗം പാഞ്ഞു… കായലിനരികിലെ, കോൺക്രീറ്റ് ബെഞ്ചിൽ സ്ഥാനമുറപ്പിക്കുമ്പോൾ.. ഒരാശ്വാസത്തിനെന്ന വണ്ണം പ്രിയ എന്നേ കാത്തിരിക്കുന്നുണ്ടായിരുന്നു.

“നീലുന്…??”

“കുഴപ്പം ഒന്നുല്ല… എങ്കിലും അതിൽ നിന്ന് പൂർണമായി… ന്റെ ആ പഴയ നീലു ആയിട്ടില്ല…”

“ആ കുഞ്ഞ് …?? കുഞ്ഞിനെ പറ്റി പിന്നീട് അവൾ ചോദിച്ചോ…??”

“ഇടക്ക് ഇടക്ക് ചോദിക്കും… പക്ഷെ അപ്പോഴൊക്കെ അത് മറക്കാൻ മറ്റെന്തെങ്കിലും പറയും…!!”

“അവൾ അറിയുമ്പോൾ…?? എങ്ങിനെ പ്രതികരിക്കും… എനിക്ക് നല്ല പേടിയുണ്ട് ഉണ്ണി…”

“എനിക്കും… പക്ഷെ പതിയെ പതിയെ അവളെ അറിയിക്കണം…ചിലപ്പോൾ ഓർക്കും അവളെത്ര ഭാഗ്യവതിയാണ്…??പലതും അവൾക്ക് തമാശയാണ്…ചില വേദനകൾ നിമിഷം നേരം കൊണ്ട് മറന്ന് ചിരിക്കും അവൾ…??

ഇതും മറന്ന് പോകുന്നൊരു തമാശയാക്കി എടുക്കണം എനിക്ക്…

ഒന്നോർത്താൽ… ആ കുഞ്ഞ്… ആ കുഞ്ഞ് പോയത് നല്ലതായിരുന്നു എന്നൊരു തോന്നൽ…

“ഉണ്ണി…!!”

“അതെ പ്രിയ…നിനക്കറിയാത്ത ഒന്ന് കൂടിയുണ്ട്… ഇതിനിടയിൽ…!!”

“അന്ന് കല്യാണ മണ്ഡപത്തിൽ വെച്ചു, എല്ലാവരുടെയും മുന്നിൽ വെച്ചു അവൾ അങ്ങിനെ പറഞ്ഞപ്പോൾ… സത്യത്തിൽ എല്ലാവരെയും പോലെ ഞാനും ഞെട്ടിപോയി…

ഒരിക്കൽ പോലും തെറ്റായി ഒന്ന് നോക്കിയിട്ട് പോലും ഇല്ലാതിരുന്ന അവളെ ഞാൻ…!!

നീ ഉൾപ്പടെ എല്ലാവരും എന്നേ തെറ്റുധരിച്ചു… മണ്ഡപത്തിൽ നിന്ന് നീ ഇറങ്ങിപോയപ്പോൾ… മനസ്സിന് മരവിപ്പായിരുന്നു.

ഒടുവിൽ അച്ഛന്റെ വാക്കിൽ അവളെ താലി കെട്ടിയപ്പോഴും… ആദ്യമായി അവളെ വെറുത്തത് അന്നായിരുന്നു.

അന്ന് വരെ ദേഷ്യം കാട്ടതിരുന്ന അവളുടെ ഉണ്ണിയേട്ടൻ ആദ്യമായി അവളോട് ദേഷ്യം കാട്ടി.

അവളെ മനപ്പൂർവം ഒഴുവാക്കി…

പക്ഷെ അവൾക്ക് തുണയായി അമ്മ നിന്നു.

വിവാഹം കഴിഞ്ഞന്ന് രാത്രി…അവൾക്ക് വേണ്ടി അമ്മ എന്നേ തല്ലി…

അന്ന്… മുറിയിൽ നിന്ന് ഇറങ്ങി ബാൽക്കണിൽ പോയി നിന്നെ ഫോണിൽ കുറെ ട്രൈ ചെയ്തു…

മാറി മാറി വിളിച്ചിട്ടും നിന്നെ കിട്ടാതെ വന്നപ്പോൾ നിരാശയോടെ ഞാൻ മുറിയിലേക്ക് നടന്നത്…

അപ്പോഴാണ്… ഹരിയുടെ മുറിയിൽ ന്റെ മറ്റൊരു ഫോൺ ഇരിക്കുന്നത് ഓർത്തത്… അവൻ ഇവിടെ ഉള്ളപ്പോൾ അത് ഉപയോഗിക്കുമായിരുന്നു…

മറ്റൊരു നമ്പറിൽ നിന്ന് വിളിച്ചാൽ നീ എടുത്താലോ എന്ന കരുതി… ഞാൻ ഫോൺ എടുത്തു…

അതിൽ നിന്ന് വിളിച്ചിട്ടും നിന്നെ കിട്ടാതെ വന്നപ്പോൾ ദേഷ്യത്തോടെ ഞാൻ കട്ടിലിലേക്ക് വലിച്ചെറിഞ്ഞു…

ഇറങ്ങാൻ നേരമാണ്… ഫോണിൽ അബദ്ധത്തിൽ പ്ലേ ആയ വീഡിയോ കാണുന്നത്…

ഒരു നിമിഷം ഭൂമി പിളർന്നു പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയ നിമിഷം…!!

എന്റെ ഇരട്ട സഹോദരൻ… ഒരു മിനിറ്റ് വ്യത്യാസത്തിൽ പിറന്നു വീണ ന്റെ ഹരി… രൂപത്തിൽ ഒരേപോലെയിരുന്ന ന്നെയും ഹരിയേയും പ്രിയക്കും അറിയാവുന്നതല്ലേ…??

നീലുവിനോട് എന്നോടുണ്ടായിരുന്ന സ്നേഹത്തെ അവൻ ഒരു തരത്തിൽ മിസ്യൂസ് ചെയ്യുകയായിരുന്നു…

“അവൾക്ക് മുന്നിൽ ഞാൻ എന്ന് പറഞ്ഞു… അവൻ അവളെ….!!!”

കണ്ടതൊന്നും സത്യമാവരുതെന്ന് പ്രാർത്ഥിച്ചു…

ഒടുവിൽ അവനെ വിളിച്ചപ്പോൾ അവൻ പറഞ്ഞ മറുപടി…

“ബുദ്ധി ഇല്ലാത്ത പൊട്ടി പെണ്ണ് അവനു ഒരു തമാശ ആയിരുന്നെന്ന് … അല്ലെങ്കിലേ അച്ചന് അവളെ ഇഷ്ടം അല്ല…ഇപ്പൊ നിന്റെ കല്യാണം കൂടെ മുടക്കിയപ്പോൾ ഒട്ടും ഇഷ്ടല്ല…നീ പേടിക്കണ്ട… അവളുടെ ശല്യം അച്ഛൻ തീർത്തോളും എന്നും…!!

പക്ഷെ…ന്നോടുള്ള സ്നേഹം അല്ലെ അവൻ മുതൽ എടുത്തതെന്ന് ഓർത്തപ്പോൾ… ഒരു പാവം പെണ്ണിന്റെ ജീവിതം കണ്മുന്നിൽ പിടയുന്നത് കണ്ടപ്പോൾ…

അവളെ സംരക്ഷിക്കണമെന്ന് തോന്നി..

പിന്നീട് അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം കണ്ടപ്പോൾ… അവൾ എപ്പോഴോ ന്റെ…!!”

“ഉണ്ണി… നീ ഇങ്ങനെ ഇമോഷണൽ ആവല്ലേ…”

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടിരുന്ന ഉണ്ണിയുടെ തോളിൽ തട്ടി പ്രിയ ആശ്വസിപ്പിച്ചു.

“എനിക്ക് ജീവിക്കണം പ്രിയ…നീലുവിനോപ്പം… അവളുടെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുത്ത്… അവളുടെ മാത്രം ഉണ്ണിയേട്ടൻ ആയി എനിക്ക് ജീവിക്കണം…ന്റെ അച്ഛനും, അനിയനും ചെയ്ത മഹാപാപങ്ങൾക്ക് പരിഹരമായി ഞാൻ അവളെ ചേർത്ത് പിടിക്കും…!!

മാപ്പ് ചോദിക്കാൻ ഉള്ളത് നിന്നോടെ മാത്രം ആണ്…മറ്റുള്ളവർ ചെയ്ത പാപങ്ങൾക്ക് ഇരയായത് നീ ആണ്…

മോഹിപ്പിച്ചതിനു, സ്നേഹിച്ചു വഞ്ചിച്ചതിനു മാപ്പ്… ഒരിക്കൽ കൂടി…

“ഉണ്ണി… ടാ… എന്താടാ ഇങ്ങനെ…??”

“എനിക്ക് മനസ്സിലാവും നിന്നെ… നിന്നെ ഞാൻ അല്ലാതെ ആരാ മനസ്സിലാക്കാൻ…?? ഞാൻ മുന്നേ പറഞ്ഞില്ലേ… എന്നേക്കാൾ നിന്റെ സ്നേഹവും തണലും വേണ്ടത് നീലുവിനാണ്… ഇനി നിങ്ങടെ ലോകത്തു നിങ്ങൾ മാത്രം മതി…

ഞാനോ.. അനിയനോ, അച്ഛനോ ആരും വേണ്ട… കഴിഞ്ഞതൊക്കെ ഒരു സ്വപ്നം പോലെ മറന്നു കളഞ്ഞേക്ക് നീ..”

“അതെ പ്രിയ… ഇനി എല്ലാം മറന്ന്… എനിക്ക് എന്റെ നീലുനെ സ്നേഹിക്കണം…!!”

പ്രിയയോട് യാത്ര പറഞ്ഞു ഉണ്ണി നേരെ പോയത്… അവന്റെ വീട്ടിലേക്ക് ആയിരുന്നു…

കാറിൽ നിന്ന് ഇറങ്ങുമ്പോഴേ… ഊർമിള വാതിക്കൽ നിൽക്കുന്നുണ്ടായിരുന്നു…

“മോനെ… വാ…”

“ഇല്ലമ്മേ… അകത്തേക്ക് കേറുന്നില്ല…!!അച്ഛൻ എന്തേ…??”

“അകത്തുണ്ട്… ഹരി മോൻ വന്നിട്ടുണ്ട്…!!”

“ആഹാ… അതെന്തായാലും നന്നായി… അമ്മ അവരെ വിളിച്ചേ…”

ഊർമിള അകത്തു പോയി വാസുദേവനെയും, ഹരിയെയും വിളിച്ചു

“നീ വന്നോ..?? ഇതെന്ത് കോലം ആട..??”

ഹരി മുകളിൽ നിന്ന് ഇറങ്ങി വന്നതും… ഉണ്ണിയോടായി ചോദിച്ചു.

“അവനിപ്പോ.. അച്ഛനേം അമ്മേനേം കൂടപ്പിറപ്പിനേം ഒന്നും വേണ്ടല്ലോ… ആ ബുദ്ധി ഇല്ലാത്ത പെണ്ണിനെ മതിയല്ലോ…??”

വാസുദേവൻ പുച്ഛത്തോടെ ഉണ്ണിയെ നോക്കി പറഞ്ഞു.

“നീ ഇത്ര സില്ലി ആയാലോ ഉണ്ണി..? ന്തിനാ നിന്റെ ലൈഫ് വെറുതെ ആ പെണ്ണിന് വേണ്ടി കളയുന്നെ… ആകെ ഒരു ബാധ്യത ആ കൊച്ചയിരുന്നു… ഭാഗ്യം ആ ശല്യോം ഒഴിഞ്ഞു കിട്ടി… നീ അവളെ അവളുടെ വീട്ടിലേക്ക് വിട്ട നന്നായി… ആ ശല്യോം ഒഴിഞ്ഞുലോ…”

” നിനക്ക് ഒരല്പം പോലും മനസ്സാക്ഷി ഇല്ലേ ഹരി…?? ”

ഉണ്ണി ദയനീമായി ഹരിയോടെ ചോദിച്ചു.

“എന്തിന്…??
അവൾക്ക് ബുദ്ധി ഇല്ലെന്ന് ആരാ പറഞ്ഞെ… ബുദ്ധി ഇല്ലാഞ്ഞിട്ടാണോ അവള് നിന്റെ കല്യാണം മുടക്കിത്…?? അമ്മയും അമ്മുവും നിൽക്കുന്നു അല്ലെങ്കിൽ…!!”

“അല്ലെങ്കിൽ…?? അല്ലെങ്കിൽ നീ എന്താടാ പറയാൻ വന്നേ…??”

ഉണ്ണിയുടെ ശബദം ഉയർന്നു..

“ആർക്കോ കിടന്ന് കൊടുത്തു കൊച്ചിനെ ഉണ്ടക്കിട്ട്… ഇനിയും അവള് അങ്ങിനെ ചെയ്യില്ലെന്ന് എന്താടാ ഉറപ്പ്…??”

ഹരി പറഞ്ഞു മുഴുവിപ്പിക്കും മുന്നേ ഉണ്ണിയുടെ കൈകൾ അവന്റെ കവിളിൽ പതിഞ്ഞിരുന്നു..

(തുടരും)