രചന – നന്ദ നന്ദിത
മോനെ… നാളെ തന്നെ അവളേം കൊണ്ട് ഹോസ്പിറ്റലിൽ പോണം… ചെക്കപ്പ് ഒക്കെ നടത്തണം…” “ഉം… പോണം… നാളെ തന്നേ പോകണം… അത് പക്ഷെ കുഞ്ഞിന്റെ ക്ഷേമം അന്വേഷിക്കാൻ അല്ല… അതിനെ എന്നന്നേക്കുമായി അവളുടെ വയറ്റിൽ നിന്ന് ഇല്ലാണ്ടാക്കാൻ….!!!” വാസുദേവന്റെ ശബ്‍ദം കേട്ട് ഉണ്ണിയും, ഊർമിളയും ഞെട്ടി തിരിഞ്ഞു നോക്കി. “അവളേം അവളുടെ കൊച്ചിനേം ഇവിടെ വാഴിക്കാം എന്ന് ആരും കരുതണ്ട…!!” “അച്ഛാ…!!” “അലറണ്ട… അച്ഛൻ തന്നെയാ…!! അവൾ പറഞ്ഞതൊന്നും ഈ നിമിഷം വരെ അച്ഛൻ വിശ്വസിച്ചിട്ടില്ലെടാ മോനെ… ന്റെ ഉണ്ണീടെ കയ്യിൽ നിന്ന് ഇങ്ങനൊരു കൈപിഴ ഉണ്ടാവുമെന്ന് ഞൻ വിശ്വസിക്കുന്നില്ല….!! ആരുടെയോ കൊച്ചിന്റെ തന്ത ആവാൻ നിന്നെ ഞാൻ സമ്മതിക്കില്ല മോനെ.. ” അവളെ നീ സ്നേഹിച്ചോ… പക്ഷെ… ആ കുഞ്ഞ്…!!” അത്രയും പറഞ്ഞു വാസുദേവൻ പോയി… ഊർമിള എന്ത് പറയണം എന്ന് അറിയാതെ ഉണ്ണിയെ നോക്കി പകച്ചു നിന്നു ഉണ്ണി വേഗം… പുറത്തേക്ക് ഇറങ്ങി… കാർ സ്റ്റാർട്ട് ചെയ്തു…
ഉണ്ണി നേരെ പോയത് പ്രിയയുടെ ഓഫീസിലേക്ക് ആയിരുന്നു. അവൻ പാർക്കിംഗ് ഏരിയയിൽ കാർ നിർത്തി പുറത്തേക്ക് ഇറങ്ങി. പ്രിയയുടെ ഫോണിലേക്ക് വിളിച്ചു. അപ്പോൾ തന്നേ പ്രിയ പുറത്തേക്ക് ഇറങ്ങി വന്നു അവൾ വേഗം വണ്ടിയിലേക്ക് കയറി. കൂടെ ഉണ്ണിയും യാത്രയിലുടനീളം ഉണ്ണി മൗനംമായി ഇരിക്കുന്നത് പ്രിയ ശ്രെദ്ധിച്ചു വണ്ടി ചെന്നു നിന്നത്…വലിയൊരു കായൽ വരമ്പിലെ, കോൺക്രീറ്റ് ബെഞ്ചിന്റെ അടുത്താണ്. രണ്ടുപേരും വണ്ടിയിൽ നിന്ന് ഇറങ്ങി… ബെഞ്ചിൽ ഇരുന്നു. ഉണ്ണി കായലിലേക്ക് നോക്കി വെറുതെ ഇരുന്നു അല്പ സമയത്തിന് ശേഷം പ്രിയ തന്നേ സംസാരത്തിനു തുടക്കം കുറിച്ച്, “ഉണ്ണി… എന്താടാ…?? എന്ത് പറ്റി…??” “പ്രിയ.. നീലു… നീലു പ്രെഗ്നന്റ് ആണ്…!!” അത് കേട്ടതും പ്രിയ ഞെട്ടി.. “ഉണ്ണി…സത്യാണോ…??” “അതെ… അതെ പ്രിയ “എന്ത് ചെയ്യും… ഉണ്ണി ഇനി..??” “എനിക്ക് അറിയില്ല… പ്രിയ…!!” “അവൾക്ക് ഞാൻ അല്ലാതെ ആരും ഇല്ല പ്രിയേ… അവളുടെ സ്നേഹം ഞാൻ ഇപ്പോഴാണ് ശെരിക്കും… മനസ്സിലാക്കുന്നത്…” “എന്താ ചെയ്യേണ്ടത് എനിക്ക് അറിയില്ല… ഞൻ ആകെ കൺഫ്യൂഷനിൽ ആണ്.. അൽപനേരം കൂടെ സംസാരിച്ചതിന് ശേഷം ഉണ്ണിയും പ്രിയയും തിരികെ പോയി. വൈകിട്ട് ഉണ്ണി വീട്ടിലേക് വരുമ്പോൾ, ഉമ്മറത്തു നീലു ഉണ്ടായിരുന്നു.
“എന്തേ നീലു ഇവിടെ വന്നിരിക്കണേ…??” “ഞാൻ ഉണ്ണിയേട്ടനെ നോക്കി ഇരിക്കുവായിരുന്നു…കാത്തിരുന്നു കാത്തിരുന്നു മടുത്തു…” “ആണോ…എന്തിനാ എന്റെ നീലു ഉണ്ണിയേട്ടനെ തിടുക്കപ്പെട്ട് നോക്കി ഇരുന്നേ…?? “എപ്പോഴാ ഉണ്ണിയേട്ടാ കുഞ്ഞാവ വരാ…?? എനിക്ക് കുഞ്ഞാവേ കാണാൻ കൊതിയാവണു…” നീലുവിന്റെ ചോദ്യം കേട്ട് ഉണ്ണിയുടെ മനസ്സിലൂടെ ഒരു കൊള്ളിയാൻ മിന്നി… “നീലു ഇതോർത്തു ഇരിക്കുവാണോ… കുഞ്ഞാവ വരാൻ ഇനിയും ഒരു പാട് ദിവസം വേണോട്ടോ…” ഉണ്ണി അത് പറഞ്ഞപ്പോൾ അവളുടെ മുഖം വാടി.. “അയ്യേ…എന്തിനാ ഈ മുഖം വാടിയെ…?? ഉണ്ണി നീലുവിന്റെ മുഖം പതിയെ കൈകൊണ്ട് ഉയർത്തി. “മോളെന്തേലും കഴിച്ചോ…??” “ഇല്ല… ഞാൻ ഉണ്ണിയേട്ടനെ നോക്കി ഇരിക്കുവാരുന്നു… അമ്മായി പറയുവാ… ഉണ്ണിയേട്ടൻ വരുമ്പോ… ഉണ്ണിയേട്ടന് കഴിക്കാൻ എടുത്ത് കൊടുക്കണം… എന്നിട്ട് ഉണ്ണിയേട്ടന്റെ കൂടെ വേണം കഴിക്കാൻ എന്ന്… ആണോ ഉണ്ണിയേട്ടാ…ഞാൻ ഉണ്ണിയേട്ടനെ കാത്തിരിക്കണോ…?” “ന്റെ മോളെ എന്നെ നോക്കി ഒന്നും ഇരിക്കണ്ടാട്ടോ… എപ്പോ വിശക്കുന്നോ… അപ്പൊ കഴിച്ചോട്ടോ…” ഉണ്ണി അവളെ ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു. വേണ്ട ന്റെ ഉണ്ണിയേട്ടൻ അല്ലേ… ഉണ്ണിയേട്ടൻ വരാതെ നീലുന് വിശക്കൂലാ… ” അവളുടെ മറുപടി കേട്ട് ഉണ്ണീടെ കണ്ണു നിറഞ്ഞു.
“വാ ഇന്ന് എന്റെ നീലുന് ഉണ്ണിയേട്ടൻ വിളമ്പി തരാം…” അവൻ അവളെയും കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. പ്ലേറ്റ് എടുത്ത് ചോറും കറികളും വിളമ്പി… “കഴിക്ക്…” ഉണ്ണി അവളുടെ അരികിലേക്ക് പ്ലേറ്റ് നീക്കി വെച്ചു… “ഉണ്ണിയേട്ടന് ഞാൻ വിളമ്പി തരട്ടെ…??” “വേണ്ട നീലു… ഉണ്ണിയേട്ടന് വേണ്ട… വിശക്കുന്നില്ല…” “എങ്കി എനിക്കും വേണ്ട… ഉണ്ണിയേട്ടന് വിശക്കുന്നില്ലേ… നീലുനും വിശക്കൂലാ…” അവൾ ചിണുങ്ങികൊണ്ട് പറഞ്ഞു “കഴിക്കടാ… ഞാൻ പിന്നെ കഴിച്ചോളാം…” “വേണ്ട… ഞാൻ പിണക്കവാ…” അതും പറഞ്ഞവൾ, എണീറ്റതും ഉണ്ണി നീലുവിന്റെ കയ്യിൽ പിടിച്ചു… “ഇവിടെ വന്നു ഇരുന്നു കഴിക്ക് നീലു… ഞാനും കഴിക്കാം… ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട…” അത് കേട്ടതും അവൾ വേഗം ചിരിച്ചോണ്ട് വന്നിരുന്നു… ഉണ്ണി തനിക്കുള്ളതും പ്ലേറ്റിൽ എടുത്തു, നീലുവിന് മുന്നിൽ എന്തോ കഴിച്ചെന്നു വരുത്തി എണീറ്റു. രാത്രി ഏറെ വൈകിയിട്ടും, ഉണ്ണിക്ക് ഉറങ്ങാൻ സാധിച്ചില്ല… അടുത്ത് കിടന്നു ഉറങ്ങുന്ന നീലുവിനെ ഉണ്ണി നോക്കി… പതിയെ കൈകൾ അവളുടെ വയറിലേക്ക് ചേർത്തു വെച്ചു…
അവന്റെ മനസ്സിൽ അച്ഛന്റെ വാക്കുകൾ അലയടിച്ചു…. “മറ്റൊരാളുടെ കുഞ്ഞ്…!!” തന്റെ നീലുവിന്റെ വയറ്റിൽ… മറ്റൊരാളുടെ കുഞ്ഞോ…?? ഇല്ല…!! അങ്ങിനെ സങ്കൽപ്പിക്കാൻ കൂടെ തനിക്ക് കഴിയുന്നില്ല… കുഞ്ഞിലേ തൊട്ടേ… എന്റെ വിരലിൽ തൂങ്ങി നടന്നവൾ…!! ബുദ്ധിവളർച്ച കുറവായിരുന്നതിനാൽ പലയിടത്തും ഒറ്റപ്പെട്ടവൾ…!! അച്ഛനും, അപ്പച്ചിയും ഒക്കെ വഴക്കു പറയുമ്പോൾ, എന്റെ നെഞ്ചിലേക്ക് അണഞ്ഞവൾ പരാതിയോടെ കരയുമ്പോൾ , സമാധാനിപ്പിക്കാൻ, കൈനിറയെ മിട്ടായികൾ കൊടുത്തു സന്തോഷിപ്പിച്ചിരുന്നു… ഞാൻ എന്റെ നീലുനെ., പക്ഷെ ഒരിക്കൽ പോലും ഒരു നോട്ടം കൊണ്ടുപോലും ഞാൻ അവളെ കളങ്കപെടുത്തിയിട്ടില്ലാ അവളുടെ കനവുകളിലെ രാജകുമാരൻ ഞാൻ ആണെന്ന് അറിഞ്ഞിരുന്നുമില്ല…!! തനിക്ക് എന്നുമവൾ ആ പഴയ അനിയത്തി കുട്ടിയായിരുന്നു…!! പക്ഷെ ഇന്ന് വിധി അവളെ ന്റെ പാതിയാക്കി… അവൾക്ക് എന്നോടുള്ള സ്നേഹത്തിന്റെ ആഴം ഓരോ ദിനവും അറിഞ്ഞു കൊണ്ടിരിക്കുന്നു… പ്രിയേ മനപ്പൂർവം മറന്നു… നീലുവിനെ മനസ്സുകൊണ്ട് സ്നേഹിച്ചു തുടങ്ങിയതേ ഒള്ളൂ.. താൻ…!! പ്രിയയും പിണക്കം മാറ്റി തിരികെ വന്നു…
നീലുവിനെ അംഗീകരിച്ചു… എനിക്ക് ഇനിയും ഒരു നല്ല ലൈഫ് കിട്ടുംഉണ്ണി… നീലുവിനെ നീ എനിക്ക് വേണ്ടി കയ്യ് വെടിയരുത്… അവളുടെ വാക്കുകൾ ആയിരുന്നു… എനിക്ക് ധൈര്യം പകർന്നത്… പക്ഷെ….!! “അവളെ നീ സ്നേഹിച്ചോ… പക്ഷെ ഈ കുഞ്ഞ്…” അച്ചന്റെ വാക്കുകൾ വീണ്ടും വീണ്ടും വേട്ടയാടി “ഈ കുഞ്ഞു…!!ഒന്നും അറിയാത്ത ഈ കുഞ്ഞിനെ… എങ്ങിനെ ഇല്ലാതാക്കും..?? ആ കുഞ്ഞിനെ ഓർത്തു ഇരിക്കുന്ന നീലു….!! ഉണ്ണിക്ക് എല്ലാം ഓർത്തിട്ട് ഒരു സമാദാനവും ഉണ്ടായിരുന്നില്ല എപ്പോഴോ നീലുവിനെ നെഞ്ചോട് ചേർത്ത് അവൻ മയങ്ങി * പിറ്റേന്ന്, കണ്ണ് തുറക്കുമ്പോൾ ഊർമിള ഉണ്ണിയുടെ അരികത്തു ഉണ്ടായിരുന്നു. അമ്മയെ കണ്ടതും പെട്ടന്ന് എഴുന്നേറ്റ് ചാരി ഇരുന്നു ഉണ്ണി. “ന്താ അമ്മേ രാവിലെ?? ” “മോനെ… അമ്മക്ക് ഒരു കാര്യം പറയാൻ ഉണ്ട്…” “എന്താ അമ്മേ..??” “മോനെ… അത്… അമ്മക്ക് ഒരു സമാധാനോം ഇല്ലടാ…” “എന്തിനാമ്മേ…?” “ഇന്നലെ അച്ഛൻ പറഞ്ഞത്…?? എന്തൊക്കെയാ മോനെ ഇവിടെ നടക്കണേ..?? ഹരി വിളിച്ചിരുന്നു… ഞാൻ ഒക്കെ അവനോടും പറഞ്ഞു അവനും പറയണത്… ഏട്ടൻ അങ്ങിനെ ചെയ്യുവോ…അവനും വിശ്വസിക്കുന്നില്ലന്ന് അത് കേട്ടപോൾ അമ്മക്ക്, ഒരു സമാധാനവും ഇല്ല.. “അമ്മ അതൊന്നും ഓർത്തു വിഷമിക്കണ്ടാ.
“അമ്മേ ഞങ്ങൾ പോയിട്ട് വരാം…” “മ്മ്..പോയിട്ട് വാ മോനെ… അവളെ നോക്കൂട്ടോ… വെളിയിൽ ഇറങ്ങിയാൽ അവളെ ഒറ്റക്ക് ആക്കരുത് കേട്ടോ…. ശ്രെദ്ധിച്ചേക്കണേ…” ഊർമിള അവനെ നോക്കി പറഞ്ഞു. “ശരിയമ്മേ…” കാറിന്റെ മുൻവശത്തെ ഡോർ തുറന്ന് അവളെ കയറ്റി ഡോർ അടച്ച് ഉണ്ണി ഡ്രൈവിംഗ് സീറ്റിലേക്ക് കയറി വണ്ടി സ്റ്റാർട്ട് ചെയ്തു. ” ഹായ്…..നിക്ക് ഭയങ്കര ഇഷ്ട കാറിലിങ്ങനെ ഒത്തിരി ദൂരം പോവാൻ… ന്നെ കൊണ്ടുപോകുവോ ഉണ്ണ്യേട്ട….?” ഒത്തിരി സന്തോഷത്താലേ അവള് ഉണ്ണിയെ നോക്കി പറഞ്ഞു. ” കൊണ്ടുപോകാലോ…. ന്റെ നീലുനെയല്ലാതെ ആരെയാ ഞാൻ കൊണ്ടുപോകുവാ…?” “അതാ എനിക്ക് ഉണ്ണ്യേട്ടനെ അത്രേം ഇഷ്ടം…” സന്തോഷം വന്നിട്ടാവും അവൾ ഉണ്ണിയുടെ കറുത്ത താടിയുള്ള കവിളിൽ മെല്ലെ നുള്ളി… “നമ്മളെവിടെയാ പോകുന്നെ…?” കാര്യമറിയാതെ അവളവനോട് ചോദിച്ചു… “അതേ മോൾടെ വയറ്റില് കുഞ്ഞാവ ഇല്ലേ… ആശുപത്രിയിൽ കൊണ്ടോയി കുഞ്ഞാവക്ക് സുഖാണോ ന്നൊക്കെ നോക്കണം…”
“ആണോ…അപ്പൊ നിക്ക് കുഞ്ഞാവേ എടുക്കാലോ…? ന്റെ കുഞ്ഞാവല്ലേ ഞാൻ ആർക്കും കൊടുക്ക്കൂലാ… “അന്ന് ചിഞ്ചുടേടത്തിടെ കുഞ്ഞാവേ ഇന്നാൾക്ക് എടുക്കാൻ നോക്യപ്പോ അവരെന്നെ വഴക്ക് പറഞ്ഞു… ന്റെ കയ്യിൽ തന്നില്ല…!!” അവള് ചിണുങ്ങിക്കൊണ്ട് അവനോട് പറഞ്ഞു. “നമുക്കിപ്പോ കുഞ്ഞാവേ കാണാനൊന്നും പറ്റില്ല…!! ഇനിയും ഒത്തിരി ദിവസം കഴിഞ്ഞാലേ കുഞ്ഞാവേ കാണാൻ പറ്റു…” “പറ്റില്ല നിക്ക് കാണണം….” “അതേ വഴക്കിടല്ലേ…. ഉണ്ണ്യേട്ടൻ പിണങ്ങുട്ടോ…” “വേണ്ട നിക്ക് കുഞ്ഞാവേ കാണണ്ട… ഉണ്ണ്യേട്ടൻ പിണങ്ങല്ലേ… ” “ഇല്ല ഉണ്ണിയേട്ടൻ പിണങ്ങില്ലാട്ടോ…. ഹോസ്പിറ്റലിൽ എത്തി നമുക്ക് ഇറങ്ങാം… മോളിറങ്ങല്ലേ ഏട്ടൻ വരട്ടെ…” അവൻ വണ്ടി പാർക്കിങ്ങിൽ നിർത്തി വേഗം ഇപ്പുറത്തേക്ക് നടന്നുവന്നു. ഡോർ തുറന്ന് അവളെയും കൊണ്ട് ആശുപത്രിയിലേക്ക് നടന്നു കയറി….
“എന്താടോ പതിവില്ലാത്തൊരു ടെൻഷൻ..? ഇന്നുവരെ എത്ര റിസ്ക് കേസ് വന്നാലും ഇങ്ങനെ ടെൻഷൻ ഞാനീ മുഖത്ത് കണ്ടിട്ടില്ലല്ലോ…??” അമ്പിളി ക്യാബിനിലേക്ക് വന്നുകൊണ്ട് പറഞ്ഞു. “ഏയ് ടെൻഷൻ…. ടെൻഷൻ ഒന്നുല്ല.. അവൾക്ക് എങ്ങനുണ്ട് അമ്പിളി…? “അവൾക് കുഴപ്പം ഒന്നുല്ല…താൻ ഇങ്ങനെ ടെൻഷൻ ആവേണ്ട കാര്യം ഒന്നുല്ലടോ… ഒന്ന് എയർ വിടു ന്റെ ഡോക്ടറെ..” അപ്പോഴേക്കും സിസ്റ്ററുടെ കൂടെ ചെക്കപ്പ് കഴിഞ്ഞ് അവൾ ഉണ്ണിയുടെ അടുത്തേക്ക് വന്നു. “ഉണ്ണി…നീലിമയിൽ എപ്പോഴും ഒരു ശ്രദ്ധ വേണം… ഇങ്ങനൊരു അവസ്ഥയുള്ളൊണ്ട് സാധാരണ സ്ത്രീകളെ പോലെ ആയിരിക്കില്ലല്ലോ.. അപ്പൊ എക്സ്ട്രാ കെയർ കൊടുക്കണം…!! അമ്പിളി അവനോട് പറഞ്ഞു… “വേറെ ഒന്നും പ്രേത്യേകിച്ചു തന്നോട് പറയണ്ടല്ലോ…?? “ഫ്രൂട്ട്സ്, വെജിറ്റബ്ൾസ് ഒക്കെ നന്നായി കഴിപ്പിക്ക്… മെഡിസിൻസ് ഞൻ എഴുതിട്ടുണ്ട്…” “നീലു…നേരത്തെ പറഞ്ഞു തന്നതൊക്കെ ഓർമയുണ്ടല്ലോ… നീലുന്റെ ഉണ്ണിയേട്ടൻ പറയുന്നതൊക്കെ അനുസരിക്കാണോട്ടോ…” ഡോക്ടർ നീലുവിനോടായി പറഞ്ഞു. “താങ്ക്സ് അമ്പിളി…” “രണ്ടുപേരും സന്തോഷത്തോടെ പോയി വാ..” “ഞങ്ങൾ പോയിട്ട് വരാവേ.. റ്റാറ്റാ… അവൾ അമ്പിളിയോട് പറഞ്ഞു… അവളെയും പിടിച്ചു ഉണ്ണി പാർക്കിങ്ങിലേക്ക് നടന്നു.
“അമ്മേ അവര് വന്നൂട്ടോ… അമ്മു അകത്തേക്ക് നോക്കി ഊർമിളയെ വിളിച്ചു. “ആഹ്…മോൻ വന്നോ…??” ഊർമിള പടിപ്പുരയിലേക്ക് വന്നു. ഉണ്ണിയും നീലുവും ഡോർ തുറന്ന് ഇറങ്ങി… അമ്മു ഓടിച്ചെന്ന് നീലുവിന്റെ കയ്യിൽ പിടിച്ചു. “ന്റെ ഏട്ടത്തികുട്ടിക്ക് സുഖല്ലേ… സന്തോഷത്തോടെ അവളോട് ചോദിച്ചു… “സുഖോക്കെയാ… പക്ഷെ നീലുനെ അവര് സൂചി കുത്തി… നിക്ക് വേദനിക്കുന്നു…” അവള് കയ്യിൽ നോക്കികൊണ്ട് പറഞ്ഞു… എവിടെ കാട്ട്യേ… അമ്മു ചോദിച്ചു… “ദേ…” നീലു കയ്യിലേക്ക് ചൂണ്ടി പറഞ്ഞു. എന്തിനാ ഏട്ടാ ഇൻജെക്ഷൻ എടുത്തേ.. അമ്മു ഉണ്ണിയോട് ചോദിച്ചു. “TT എടുത്തേ …” അവൻ ചിരിയോടെ പറഞ്ഞു. “പോട്ടെട്ടോ.. അമ്മുട്ടി മരുന്ന് വച്ച് തരാട്ടോ വേദനയൊക്കെ ഇപ്പൊ മാറും.. ” അമ്മു, നീലുവിനെയും കൊണ്ട് അകത്തേക്ക് പോയ്… “അമ്പിളി എന്ത് പറഞ്ഞു ഉണ്ണി…?? ” ഉണ്ണിയോട് ഊർമിള ചോദിച്ചു.. ” കുഴപ്പം ഒന്നും ഇല്ലമ്മേ… പിന്നെ അവളെ എപ്പോഴും ശ്രദ്ധിക്കണം… ” “മോൻ അതൊന്നുമോർത്ത് വിഷമിക്കണ്ട. അമ്മ നോക്കിക്കോളാം അവളെ…” ഊർമിള അവനെ നോക്കി പറഞ്ഞു…
“അവളും ഉണ്ണിയും വന്നിട്ടുണ്ട് മുതലാളി…” സുഗു ഓടിവന്ന് വാസുദേവനോടെ പറഞ്ഞു. “നാണം കെട്ടവൻ…!!അവളേം കൊണ്ട് നാട് ചുറ്റാൻ പോയേക്കുന്നു…!!അവനിപ്പോ അവള് മതി പോലും…!!അവളേം അവളുടെ വയറ്റിൽ കിടക്കുന്ന കൊച്ചിനേം തലയിൽ വെച്ചു നടക്കുവല്ലേ അവൻ…നടക്കട്ടെ… എത്ര നാളെ നടക്കുമെന്ന് നോക്കാം… അന്നെന്റെ കയ്യിൽ നിന്ന് അവൻ അവളുടെ ആയുസ്സ് നീട്ടികൊടുത്തു…ഇനി അതുണ്ടാവില്ലടാ… ഇന്ന്… ഇന്ന് ഒരു divasam കൂടി ഉള്ളു അവൾക്ക് ആയുസ്സ്…തീർക്കും ഞാൻ… തീർക്കും ഞാൻ അവളേം അവളുടെ തന്തയില്ലാത്ത കൊച്ചിനേം…!!” “മുതലാളീ പറഞ്ഞ സാധനം കിട്ടിട്ടുണ്ട്… ഇത് അവളുടെ ഭക്ഷണത്തിൽ കലക്കി കൊടുത്താൽ ആരും അറിയില്ല…!!” “ഹാഹാ… ഇത് മതിടാ… ഇത് മതി…!! വാസുദേവൻ അതുമായി അടുക്കളയിലേക്ക് നടന്നു അടുക്കളയിൽ,ഊർമിള നീലുവിനുള്ള പാൽ ചൂടാറ്റാൻ വെച്ചുരുന്നതിലേക്ക് കയ്യിൽ ഇരുന്ന വിഷം കലക്കി… ഇതറിയാതെ ഊർമിള അതുമായി നീലുവിന്റെ അരികിലേക്ക് നടന്നു. (തുടരും )

by