രചന – നന്ദ നന്ദിത
“നീലു.. മോളെ…എന്തെടുക്കുവാ..” ഊർമിള മുറിയിലേക്ക് പാലുമായി വരുമ്പോൾ കട്ടിലിൽ പാവയുമായി കളിക്കുകയായിരുന്നു നീലു. “നീലു… പാല് കുടിച്ചില്ലല്ലോ… ഇന്ന്..ദാ കുടിക്ക് മോളെ ..” ഊർമിള നീലുവിനരികെ ഇരുന്നു, പാൽ ഗ്ലാസ് അവൾക്ക് നേരെ നീട്ടി. “എനിക്ക് വേണ്ട…” “അങ്ങിനെ പറയല്ലേ മോളെ… എന്നും കിടക്കുന്നേനും മുന്നേ പാലുകുടിക്കണം… അപ്പോഴല്ലേ നീലു സുന്ദരി ആവുള്ളു… ദാ കുറച്ചു കുടിക്ക്…” “എനിക്ക് വേണ്ട… വേണ്ട… വേണ്ട…!!!” നീലു ചിണുങ്ങി കരഞ്ഞു. “അപ്പച്ചി പറഞ്ഞില്ലേ മോളുടെ വയറ്റിൽ കുഞ്ഞാവ ഉണ്ടെന്ന്…മോളെ പാല് കുടിച്ചില്ലെങ്കിൽ കുഞ്ഞാവക്ക് വിശക്കും..” “ആണോ…?? കുഞ്ഞാവക്ക് വിശക്കുവോ…??” “പിന്നല്ലാതെ… നീലു മോള് കഴിച്ചാലേ… വാവക്ക് വിശപ്പ് മാറു…അതോണ്ട് നല്ല മോളായിട്ട് ഈ പാല് കുടിച്ചേ…” ഊർമിള നീലുവിന്റെ കയ്യിലേക്ക് പാല് ഗ്ലാസ് നീട്ടി.. അവൾ ചിരിച്ചുകൊണ്ട് വേഗം പാല് മുഴുവൻ കുടിച്ചു. “ഇനി ന്റെ മോള് ഉറങ്ങിക്കോട്ടോ…” ഊർമിള ഗ്ലാസ് വാങ്ങി കട്ടിലിൽ നിന്ന് എഴുന്നേറ്റപ്പോഴേക്കും, ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്ന ഉണ്ണിയും വന്നു. “ആഹാ പാല് കുടിച്ചോ…?? ഇപ്പോ ന്റെ നീലു നല്ല കുട്ടിയായി… ഇനി കിടന്നോട്ടോ…” ഉണ്ണി പറഞ്ഞത് കേട്ട് ഊർമിള ചിരിച്ചു കൊണ്ട് പുറത്തേക്ക് പോയി.. അമ്മ പോയതും… ഉണ്ണി കതക് അടച്ചു… വന്നു കിടന്നു…
ഉറക്കത്തിൽ എപ്പോഴോ, നീലുവിന്റെ ഞെരുക്കം കേട്ടാണ് ഉണ്ണി കണ്ണു തുറന്നത്… കട്ടിലിൽ നിന്ന് എഴുന്നേറ്റ് ലൈറ്റ് ഇട്ടതും… മരണവെപ്രാളത്തിൽ പിടയുന്ന നീലുവിനെ ആണ് കണ്ടത്…വായിൽ നിന്ന് രക്തം കലർന്ന നുരയും പതയും വന്നോണ്ടിരുന്നു… കിടക്ക നിറയെ രക്തം പടർന്നിട്ടുണ്ട്… ഒരിറ്റു ശ്വാസത്തിനു വേണ്ടി കൈകാലിട്ടടിച്ചു അവൾ… “നീലു… മോളെ….!!” ഉണ്ണി പെട്ടന്ന് ഓടിച്ചെന്നവളെ കൈകളിൽ കോരി എടുത്തു. പുറത്തേക്ക് ഓടി മുകളിലെ ബഹളം കേട്ട്, ഊർമിളയും അമ്മുവും എഴുന്നേറ്റ് വന്നപ്പോഴേക്കും… നീലുവിനെ എടുത്ത് കൊണ്ട് വരുന്ന ഉണ്ണിയെ ആണ് കണ്ടത്… “അയ്യോ…മോനെ… എന്ത് പറ്റിടാ….” ഊർമിള ഓടി വന്നു നീലുവിനെ തൊട്ടു. “തൊട്ടുപോകരുത് അവളെ…!! ചത്തിട്ടില്ല…!! ഒരല്പം ജീവൻ ബാക്കി ഉണ്ട്…!!” ഉണ്ണിയുടെ കണ്ണുകൾ കോപം കൊണ്ട് ജ്വാലിക്കുന്നത് ഊർമിളക്ക് കാണാമായിരുന്നു.
“മോനെ…ഞാൻ… ഞാൻ കൂടെ…” “വേണ്ട…!!ആരും വരണ്ട… ഞാൻ കൊണ്ടുപൊക്കോളാം…” ഉണ്ണി വേഗം കാറിന്റെ ബാക്ക് സീറ്റിലേക്ക് അവളെ കിടത്തി… ഫോൺ എടുത്ത് ഹോസ്പിറ്റലിലേക്ക് വിളിച്ചു കൊണ്ട് കാർ സ്റ്റാർട്ട് ചെയ്തു… ഇരുട്ടിനെ കീറി മുറിച്ചു… കാർ വേഗത്തിൽ പാഞ്ഞു…ഇടക്ക് ഇടെ ഉണ്ണി നീലുവിനെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു… കാർ ആശുപത്രി ഗേറ്റ് കടന്ന്, causality ക്ക് മുന്നിലേക്ക് നിർത്തി… അപ്പോഴേക്കും… നേരത്തെ വിളിച്ചു പറഞ്ഞത് അനുസരിച്ചു…എല്ലാം ഒരുക്കി dr. മാത്യു കാത്തു നിൽക്കുണ്ടായിരുന്നു. ഉണ്ണി വേഗം അവളെ, എടുത്ത് സ്ട്രക്ചറിലേക്ക് കിടത്തി. പെട്ടന്ന്.. തന്നേ icu വിലേക്ക് കയറ്റി… മാത്യു ഉണ്ണിയെ സമാധാനിപ്പിക്കാൻ തോളിൽ തട്ടി… അകത്തേക്ക് കയറി… ഉണ്ണി എന്ത് ചെയ്യണം എന്നറിയാതെ ഒരു നിമിഷം പകച്ചു നിന്നു. അല്പ സമയത്തിന് ശേഷം, dr. മാത്യു.. Icu വിൽ നിന്ന് പുറത്തേക്ക് വന്നു. ഉണ്ണി വേഗം എഴുന്നേറ്റ് മാത്യു വിനരികിലേക്ക് ചെന്നു.
“ഉണ്ണി… അല്പം ക്രിട്ടിക്കൽ ആണ്…most dangerous poison ആണ് ഉള്ളിൽ ചെന്നിട്ടുള്ളത്…അതേതാണെന്നോ…?? എത്ര അളവിൽ ശരീരത്തിനുള്ളിൽ കലർന്നിട്ടുണ്ടെന്നോ ടെസ്റ്റ് റിസൾട്ട് വരുമ്പോഴേ അറിയാൻ സാധിക്കൂ… തനിക്ക് അറിയാലോ…?? പിന്നെ…. ഉണ്ണി…നീലിമ പ്രെഗ്നന്റ് ആയിരുന്നുവല്ലേ…??” “അതെ…” “I am sorry ഉണ്ണി… കുഞ്ഞിനെ രക്ഷിക്കാൻ കഴിയില്ല… അബോർഷൻ ആയി…” ഉണ്ണിയുടെ ചെവികൾ കൊട്ടി അടക്കപെട്ടത് പോലെ തോന്നി അവനു… അടുത്ത് കിടന്ന കസേരയിലേക്ക് അവൻ ഇരുന്നു…കണ്ണുകളിൽ പെയ്യാൻ തിടുക്കപ്പെട്ട നീർ കണങ്ങൾ ധാരയായി ഒഴുകി നിലം പതിച്ചു…. “ഹേയ്… ഉണ്ണി…എന്താടോ ഇത്… താൻ അകത്തേക്ക് ചെല്ല്…” മാത്യു ഉണ്ണിയെ സമാധാനിപ്പിക്കാൻ ശ്രെമിച്ചു. അല്പ നേരത്തിനു ശേഷം, അവൻ വാതിൽ തുറന്നു icu വിലേക്ക് കയറി. എൻഡോട്രോഷ്യൽ ട്യൂബിന്റെ സഹായത്തോടെ ശ്വാസം കഴിക്കുന്ന അവളെ നിറകണ്ണുകളോടെ അൽപനേരം അവൻ നോക്കി നിന്നു.
പതിയെ അവളുടെ തലയിൽ തടവി…അവളുടെ കൈയിൽ ഉണ്ണി കൈ ചേർത്തു വെച്ചു… “മോളെ… നീലു… നീലു… ഒന്നുല്ലടാ…അത്ര പെട്ടന്ന് ന്നേ വിട്ട് പോകാൻ നിനക്ക് കഴിയില്ലെന്ന് എനിക്ക് അറിയാം…ദേ നോക്ക്… ഒന്ന് കണ്ണ് തുറന്നു നോക്കെടാ… നിന്റെ ഉണ്ണിയേട്ടന് ഈ കിടപ്പ് സഹിക്കാൻ പറ്റണില്ല നീലു…” അവളുടെ നെറ്റിയിൽ അധരങ്ങൾ ചേർക്കുമ്പോൾ, കണ്ണുനീർ അവളുടെ നെറ്റിയിൽ പതിച്ചു. ഡ്യൂട്ടി നഴ്സിനെ പറഞ്ഞു വിട്ട്… ഉണ്ണി തന്നേ നീലിമയ്‌ക്കരികിൽ ഇരുന്നു. “സർ… മാത്യു സർ ക്യാബിൻ ലേക്ക് ചെല്ലാൻ പറഞ്ഞു…” കസേരയിൽ ഇരുന്ന് മയങ്ങുന്ന ഉണ്ണിയെ, ഡ്യൂട്ടി നേഴ്സ് വിളിച്ചു. ഉണ്ണി എഴുന്നേറ്റ്… നീലുവിന്റെ അരികിൽ നിന്നു… അവളുടെ കൈതണ്ടയിൽ പതിയെ തടവി, മാത്യു ഡോക്ടറ്‍ന്റെ റൂമിലേക്ക് നടന്നു. ഡോർ തുറന്നു അകത്തേക്ക് ചെന്നതും,റിപ്പോർട്ട് നോക്കിക്കൊണ്ടിരിക്കുന്ന മാത്യു വിനെ ഉണ്ണി കണ്ടു. “വാടോ.. ഇരിക്ക്..” ഉണ്ണി മുന്നിൽ കാണുന്ന സീറ്റ്ലേക്ക് ഇരുന്നു..
“നീലിമയുടെ ബ്ലഡ് ടെസ്റ്റ് റിസൾട്ട് വന്നിട്ടുണ്ട്… ബ്ലഡിൽ ടെട്രോഡോടോക്സിൻ എന്ന പോയ്സൺ വളരെ കൂടുതൽ അളവിൽ കലർന്നിട്ടുണ്ട്… പാലിലൂടെ ആകണം അകത്തേക്ക് ചെന്നിട്ടുള്ളത്…” മാത്യു റിപ്പോർട്ട് ഉണ്ണിയുടെ കയ്യിലേക്ക് നീട്ടി… അവൻ അത് വാങ്ങി.. വായിച്ചു നോക്കിഉണ്ണിയുടെ കണ്ണുകളിൽ കനൽ എരിഞ്ഞു… അവൻ ഒന്നും മിണ്ടാതെ റൂമിനു പുറത്തേക്ക് ഇറങ്ങി… എന്തോ ചതി നടന്നിട്ടുണ്ട്.. ആരാണ് ഇതിന് പിന്നിൽ…?? അച്ഛൻ തന്നെയാകും…!! ഇങ്ങനൊക്കെ ചെയ്യാൻ ആ വീട്ടിൽ അയാൾക്ക് മാത്രേ കഴിയു…!! സ്നേഹിച്ചു തുടങ്ങിയതേ ഒള്ളൂ ഞാൻ അവളെ…ജീവിച്ചു തുടങ്ങിയതേ ഒള്ളൂ…. ഞങ്ങൾ… അപ്പോഴേക്കും എന്നിൽ നിന്നും അവളെ അടർത്തി മാറ്റല്ലേ… ദൈവമെ…!!നിറഞ്ഞ കണ്ണുകളിൽ നിന്നും ഇറ്റിറ്റ് കണ്ണുനീർ നിലത്തേക്ക് വീണു. മതിലിലേക്ക് ചാരി നിന്ന കൈകളുടെ ബലം നഷ്ടപ്പെടുന്ന പോലെ തോന്നി ഉണ്ണിക്ക്… ദേഹമാസകലം തളരുന്നത് പോലെ… അവളെ നഷ്ടപ്പെടാൻ പോകുന്നു എന്ന തോന്നൽ ഉണ്ണിയെ കീഴ്പ്പെടുത്തി….
എത്ര എത്ര ജീവനുകൾ തന്റെ കൈകളിലൂടെ രക്ഷിച്ചെടുത്തിട്ടുണ്ട്… എത്ര എത്ര ഭീകരമായ കാഴ്ചകൾ കാണേണ്ടി വന്നിട്ടുണ്ട്… ഇത്രയും വർഷത്തെ തന്റെ മെഡിക്കൽ ജീവിതത്തിനിടയിൽ… പക്ഷെ. അന്നൊന്നും തോന്നിട്ടില്ലാത്ത ഭയം…. തന്റെ പ്രിയപെട്ടവളെ ഓർത്തു അനുഭവ പെടുന്നത് ഉണ്ണി ഓർത്തു.. “എന്ത് തെറ്റാണു അവൾ ചെയ്തത്…??തന്നെ സ്നേഹിച്ചു എന്നൊരു കുറ്റം കൊണ്ട്… എന്തൊക്കെ അനുഭവിച്ചു ആ പാവം…!!എത്ര വേദനകൾ…?? ഒടുവിൽ ഇപ്പോൾ… അവളുടെ ജീവൻ പോലും…!!ഇല്ല…എങ്ങിനെ ഞാൻ അവളെ മരണത്തിനു വിട്ടു കൊടുക്കും…?? ന്നേ ജീവൻ കൊടുത്തും സ്നേഹിക്കാൻ… എന്താ ഞാൻ അവൾക്ക് നൽകിയത്…?? ഇല്ല… സമ്മതിക്കില്ല…!!സമ്മതിക്കില്ല ഞാൻ…!!ന്നേ വിട്ട് പോകാൻ സമ്മതിക്കില്ല…!! ഉണ്ണിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി… അവൾക്ക് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു അവൻ… “മോനെ…” പിന്നിൽ നിന്നും ഊർമിളയുടെ വിളി കേട്ട് ഉണ്ണി തിരിഞ്ഞ് നോക്കി. ദേവകിയും ഊർമിളയും അവന്റെ തൊട്ട് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു. ഉണ്ണിയെ കണ്ടതും ദേവകിയമ്മ ഓടി വന്നു അവന്റെ കോളറിൽ പിടിച്ചു.
“ന്റെ മോളെവിടെ…?? പറയടാ… ന്റെ മോളെവിടെ…?? കൊന്നോ നീ അവളെ…?? “അപ്പച്ചി…!!” “ന്റെ മോൾ എന്ത് തെറ്റ് ചെയ്തിട്ട ഉണ്ണീ അവളെ നീ…?? അവൾക്ക് നിന്നെ എന്ത് ഇഷ്ടമായിരുന്നെടാ…? എന്റെ കുഞ്ഞ് നിങ്ങളെ എന്ത് ചെയ്തെടാ…?? അവളെ കൊല്ലാൻ മാത്രം എന്ത് തെറ്റാ എന്റെ കുഞ്ഞ് നിങ്ങളോട് ചെയ്തത്…??” ദേവകി കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. “അപ്പച്ചി… ഞാനവളെ ഉപദ്രവിക്കുമോ…?? അവളെ… അവളെ ഞാൻ… ഞാൻ കൊല്ലാൻ…?? എനിക്ക് അതിനു കഴിയുമെന്ന് തോന്നുന്നുണ്ടോ…?? അവൾ… അവളെനിക്ക് ന്റെ ജീവനാ അപ്പച്ചി…” ദേവകിയെ ചേർത്ത് പിടിച്ചോണ്ട് ഉണ്ണി വിതുമ്പി…. “എന്റെ വിഷമം ഞാൻ ആരോടാ പറയുക…? എന്നെ ആരാ ഒന്ന് മനസിലാക്കുക…? അവളുടെ ജീവൻ ആപത്താണെന്ന് എല്ലാർക്കും അറിയാവുന്നതല്ലേ…?? അവളുടെ കാര്യത്തിൽ ഒരു ശ്രദ്ധ വേണമെന്ന് ഞാൻ പറഞ്ഞിരുന്നതല്ലേ…??” സങ്കടം സഹിക്ക വയ്യാതെ ഉണ്ണി പറഞ്ഞുകൊണ്ടേയിരുന്നു. “മോനെ… എന്നോട് ക്ഷമിക്കെടാ… എന്റെ ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് പറ്റിപ്പോയതാ…” ഊർമിള പൊട്ടികരഞ്ഞുകൊണ്ട് അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
“ഒരു നിമിഷത്തെ അശ്രദ്ധ…!!! എത്ര ലാഘവത്തോടെയാ അമ്മ പറയുന്നേ…?? അവളുടെ ഉള്ളിലൊരു ജീവനുണ്ടായിരുന്നു അത് അണഞ്ഞു…!! എല്ലാർക്കും സന്തോഷം ആയല്ലോ…??” ഇനി എല്ലാരും ഒരുമിച്ചിരുന്നു പ്രാർത്ഥിക്ക് അവളുടെ ജീവൻ തിരിച്ചു കിട്ടാൻ…!! ഇനി എന്ത് വേണമെന്ന് എനിക്കറിയാം…!! ഇരുവരെയും തള്ളി മാറ്റി ഉണ്ണി വെളിയിലേക്കിറങ്ങി. അവൻ ഹോസ്പിറ്റലിൽ നിന്ന് പുറത്തേക്ക് ഇറങ്ങി കാർ എടുത്തു… ഉണ്ണിയുടെ കണ്ണുകൾ സങ്കടവും ദേഷ്യവും കൊണ്ട് ചുവന്നു… കാറിന്റെ സ്റ്റിയറിങ്ങിൽ കൈ മുറുകി… അതിവേഗം പാഞ്ഞേത്തിയ കാർ വീടിന്റെ മുന്നിൽ നിന്നു… ഉണ്ണി വണ്ടിയിൽ നിന്ന് ഓടി ഇറങ്ങി… വീട്ടിലേക്ക് കയറി… ഹാളിൽ വന്നു നിന്നു… “അച്ഛാ….!!” അവന്റെ ശംബ്ദം ആ വീടിനെ പ്രകമ്പനം കൊള്ളിച്ചു… നാലു ചുവരുകൾക്കുള്ളിൽ അത് പ്രതിധ്വനിച്ചു. അവന്റെ വിളി കേട്ടതും… വാസുദേവൻ മുറിയിൽ നിന്ന് ഇറങ്ങി വന്നു.. അയാളെ കണ്ടതും ഉണ്ണി കോപം കൊണ്ട് വിറച്ചു… കണ്ണുകൾ കുറുകി, ഞരമ്പുകൾ വലിഞ്ഞു മുറുകി… (തുടരും )

by